ബാർ കോഴക്കുള്ള നീക്കം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അബ്കാരികളെ സഹായിക്കാനാണ് നിയമത്തിൽ മാറ്റം വരുത്തിയത്. നോട്ടെണ്ണൽ യന്ത്രം ഇപ്പോൾ എവിടെയെന്നും മുഖ്യമന്ത്രിയുടെ വീട്ടിലോ എക്സൈസ് മന്ത്രിയുടെ വീട്ടിലോ അതോ എ.കെ.ജി സെന്‍ററിലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മന്ത്രിസ്ഥാനത്ത് നിന്ന് മാറി എം.ബി. രാജേഷ് അന്വേഷണം നേരിടണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാര്‍ ഉടമകളില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാര്‍ ഉടമകളിലൂടെ തന്നെ പുറത്തു വന്നിരിക്കുകയാണ്. സംസ്ഥാനത്തെ 801 ബാറുകളില്‍ നിന്നും 2.5 ലക്ഷം രൂപ വീതം പിരിച്ചെടുത്ത് 20 കോടി രൂപയുടെ കോഴ ഇടപാടാണ് ഇതിന് പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നീങ്ങിയാലുടന്‍ അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി തരാമെന്ന ഉറപ്പിലാണ് ബാര്‍ ഉടമകളില്‍ നിന്നും പണം പിരിക്കുന്നത്.
കോഴ ഇടപാട് നടന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. പണം കൊടുക്കാതെ ആരും സഹായിക്കില്ലെന്നും 2.5 ലക്ഷം രൂപ വീതം നല്‍കാന്‍ സാധിക്കുന്നവര്‍ നല്‍കണമെന്നുമാണ് ബാര്‍ ഉടമയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യ നയം വരുമെന്നും ഡ്രൈ ഡേ എടുത്ത് കളയുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അതിന് വേണ്ടി കൊടുക്കേണ്ടത് കൊടുക്കണമെന്നുമാണ് ബാര്‍ ഉടമകളുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് പറയുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനം അറിയിക്കുന്നതെന്നും ശബ്ദസന്ദേശത്തിലുണ്ട്. പണപ്പിരിവ് നേരത്തെ തുടങ്ങിയെന്നും എന്നാല്‍ എല്ലാവരും തരുന്നില്ലെന്നുമുള്ള പരാതിയാണ് ജില്ല പ്രസിഡന്റ് പങ്കുവച്ചിരിക്കുന്നത്.
ഡ്രൈഡേ ഉള്‍പ്പെടെയുള്ളവ നീക്കുന്നത് സംബന്ധിച്ച് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള സബ്ജക്ട് കമ്മിറ്റിയില്‍ നിര്‍ദേശം വന്നപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ അതിനെ ശക്തിയായി എതിര്‍ത്തിരുന്നു. അബ്കാരി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ബാര്‍ ഉടമകളെ സഹായിക്കുന്നതിന് വേണ്ടിയാണ്. സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ ഇരിക്കുന്ന ആളുകള്‍ പറയാതെ ബാര്‍ ഉടമകള്‍ പണപ്പിരിവ് നടത്തില്ല.
കെ.എം. മാണിക്കെതിരെ ഒരു കോടിയുടെ ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ 801 ബാറുകളില്‍ നിന്നും 20 കോടി രൂപയാണ് പിരിച്ചെടുക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ലൈസന്‍സ് നല്‍കാന്‍ തീരുമാനം എടുത്തപ്പോള്‍ അതിനെ വിമര്‍ശിച്ച ആളാണ് അന്നത്തെ സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍.
കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നാണ് പിണറായി വിജയന്‍ 2016 ഏപ്രില്‍ 18ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. മദ്യവര്‍ജന സമിതികളെയും മദ്യ വിരുദ്ധ പ്രവര്‍ത്തകരെയും അടക്കം അണിനിരത്തി മദ്യവിപത്ത് ചെറുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണെന്നും എൽ.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന ഉറപ്പും പിണറായി നല്‍കിയിരുന്നു. എന്നിട്ട് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നയുടന്‍ 669 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം 130 ബാറുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയത്. എല്ലാത്തിനും പിന്നില്‍ അഴിമതിയാണ്. വ്യാപകമായി മദ്യം ഒഴുക്കിക്കൊണ്ടിരിക്കുകയാണ്.
ബാറുകളുടെ എണ്ണവും മദ്യവില്‍പനയും കൂടിയിട്ടും ടേണ്‍ ഓവര്‍ ടാക്‌സ് മാത്രം കൂടിയില്ല. ബാറുകളില്‍ നിലവില്‍ ഒരു പരിശോധനകളുമില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നീങ്ങുമ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്ന് ബാര്‍ ഉടമകള്‍ക്ക് വാക്ക് കൊടുത്തിരുന്നു. ഇത് നഗ്നമായ അഴിമതിയാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്? എക്‌സൈസ് മന്ത്രിയുടെ അടുത്താണോ, മുഖ്യമന്ത്രിയുടെ അടുത്താണോ, അതോ എ.കെ.ജി സെന്ററിലാണോ എന്ന് മാത്രം വ്യക്തമാക്കിയാല്‍ മതി.
പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ചും എല്ലാ ചെയ്തു കൊടുക്കാമെന്ന ഉറപ്പാണ് ബാര്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യാന്‍ പോകുന്നത്. ഇതിന് പകരമായാണ് പണപ്പിരിവ് നടത്തുന്നത്. എക്‌സൈസ് മന്ത്രി രാജിവച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം. പണപ്പിരിവ് നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. അത് നിഷേധിക്കാനാകില്ല. പണം നല്‍കിയാലേ കാര്യം നടക്കൂവെന്ന് ബാര്‍ ഉടമകളുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റാണ് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പനെ തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ പണപ്പിരിവ് തുടങ്ങിയത്. വെള്ളപൂശാനുള്ള നടപടിയുടെ ഭാഗമായാണ് ശബ്ദസന്ദേശം ഇട്ട ജില്ലാ പ്രസിഡന്റിനെ ബാര്‍ ഉടമകളുടെ സംഘടയില്‍ നിന്നും പുറത്താക്കിയത്.
കെ.എം. മാണിക്കെതിരെ ആരോപണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സര്‍ക്കാര്‍ മുഴുവന്‍ ബാറുകളും അടച്ചു പൂട്ടുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. എക്‌സൈസ് മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിയാതെ ഇങ്ങനെയൊരു സംഭവം നടക്കില്ല. പണം നല്‍കാന്‍ വൈകുന്നത് കൊണ്ടായിരിക്കും തീരുമാനം വൈകുന്നത്. കാലം കണക്കു ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കോടിയുടെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇപ്പോള്‍ 20 കോടിയുടെ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശം മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്.
വ്യാഴാഴ്ച എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. ”ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്” ശബ്ദ സന്ദേശത്തിൽ പറയുന്നത്.
ഒരു ബാർ ഹോട്ടലുകാരിൽ നിന്ന് രണ്ടര ലക്ഷം രൂപവീതം പിരിക്കാൻ അസോസിയേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, പല ബാർ ഉടമകളും പിരിവ് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങൾ പിരിവ് നൽകണമെന്ന സംഘടനയുടെ കർശനനിർദേശം സംസ്ഥാന ഭാരവാഹി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം ഇതിനകം തന്നെ സംസ്ഥാന സർക്കാറിന് മുമ്പാകെ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നൽകിയ ശിപാർശകളിൽ ഒന്നാണിത്.