സോഷ്യല്‍ ഓഡിറ്റ് ഡോ. രാംപുനിയാനി
ഭ്രാന്തമായ വര്‍ഗീയ കലാപത്തിന്റെ പേരില്‍ പശ്ചിമബംഗാളിലെ ബാസിര്‍ഘട്ടില്‍ രണ്ട് ജീവനുകളാണ് ഇയ്യിടെ പൊലിഞ്ഞത്. പശ്ചിമ ബംഗാള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് വഴിമാറുകയാണെന്നും അവിടെ ഹിന്ദുക്കള്‍ കടുത്ത ഭീഷണി നേരിടുന്നതായും അവരുടെ അവസ്ഥ കശ്മീരിലെ പണ്ഡിറ്റുകള്‍ക്കു സമാനമാണെന്നുമൊക്കെയുള്ള പോസ്റ്റുകളാല്‍ കഴിഞ്ഞ കുറച്ചു കാലമായി സോഷ്യല്‍ മീഡിയ മലീമസമായിരുന്നു. പശ്ചിമബംഗാള്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിത കേന്ദ്രമല്ലെന്നും എന്നാല്‍ മുസ്‌ലിംകള്‍ക്ക് അത് സ്വര്‍ഗമാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകളുമായി ഒരു വിഭാഗം ടെലിവിഷന്‍ മാധ്യമങ്ങളും രംഗത്തെത്തി. മുഖ്യമന്ത്രി മമത മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും മമത സര്‍ക്കാറിന്റെ പിന്തുണയോടെ ഇസ്‌ലാമിക മതമൗലികവാദികള്‍ വളരുകയാണെന്നുമൊക്കെയുള്ള വിദ്വേഷം പരത്തുന്ന പോസ്റ്റുകളും പ്രചരിക്കുകയുണ്ടായി.
ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ബംഗാളില്‍ കലാപത്തിന് വഴിവെച്ചത്. ഇത് പോസ്റ്റ് ചെയ്തത് ആരാണെന്ന് പ്രദേശത്തുള്ളവര്‍ക്ക് അറിയാമായിരുന്നു. പതിനേഴുകാരനായ അവന്റെ വീട് ജനക്കൂട്ടം വളഞ്ഞു. മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നു പോസ്റ്റ്. അന്തരീക്ഷം മോശമാകുന്നതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൗനത്തിലായിരുന്നു. വളരെ വൈകിയാണ് പൊലീസ് ഇടപെടലുണ്ടായത്. പ്രകോപനപരമായ പോസ്റ്റിട്ട കുട്ടിയെ വിട്ടുകിട്ടണമെന്ന രോഷാകുലരായ ജനക്കൂട്ടത്തിന്റെ ആവശ്യത്തിനിടയില്‍ അവന്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവം ബി.ജെ.പി നേതാക്കള്‍ ചര്‍ച്ചാവിഷയമാക്കുകയും അവരുടെ പ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. അതിനിടയില്‍ മരിച്ച കാര്‍ത്തിക് ചന്ദ്ര ഘോഷിന്റെ മൃതദേഹം ആസ്പത്രിയില്‍ സന്ദര്‍ശിക്കാനുള്ള ശ്രമവും ബി.ജെ.പി നടത്തി. സാഹചര്യം മുതലെടുത്ത് രാഷ്ട്രീയ മൈലേജുണ്ടാക്കാനുള്ള ശ്രമമായിരുന്നു ബി.ജെ.പി നേതാക്കളുടേത്. ബി.ജെ.പി യൂനിറ്റ് പ്രസിഡണ്ടാണ് ചന്ദ്രഘോഷെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ഇക്കാര്യം നിഷേധിച്ചു.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി മമതാ ബാനര്‍ജിയെ ശാസിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിലപാട് മമതയെ അസ്വസ്ഥമാക്കുകയും ഗവര്‍ണര്‍ ബി.ജെ.പി ബ്ലോക്ക്തല നേതാക്കളെപ്പോലെ സംസാരിക്കരുതെന്ന് വ്യക്തമാക്കുകയും ചെയ്തു. ‘മോദിയുടെ ആയുധ സേനയിലെ സമര്‍പ്പിത പട്ടാളക്കാരനെന്ന്’ ഇതേ ഗവര്‍ണറെക്കുറിച്ചു തന്നെയാണ് ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ വിശേഷിപ്പിച്ചിരുന്നത്. വര്‍ഗീയ കലാപത്തിന് രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പി വര്‍ഗീയ വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. രണ്ടു പേരുടെ ജീവനെടുത്ത ഈ കലാപത്തില്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ ക്രമസമാധാനനില പുനസ്ഥാപിക്കാനായ അവസരത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബി.ജെ.പിയുടെ ആവശ്യമാണ് അത്ഭുതപ്പെടുത്തുന്നത്.
ബംഗാളിലെ സ്ഥിതി വളരെ സങ്കീര്‍ണമാണ്. ഒരു വിഭാഗം ഇപ്പോഴും കലാപം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരിയെന്നയാളിട്ട പോസ്റ്റ് മുസ്‌ലിംകളില്‍ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത് കലൈചകില്‍ കലാപത്തിന് ഇടയാക്കി. മതപരമായ രീതിയില്‍ സമൂഹത്തെ ധ്രുവീകരിക്കുന്നതിനുള്ള അവസരമായാണ് ഇത് പരിണമിച്ചത്. ഇവിടെ ‘വിശുദ്ധ പശു’ പ്രശ്‌നമോ ‘രാമക്ഷേത്ര’ വിഷയമോ അവര്‍ക്ക് അവതരിപ്പിക്കേണ്ടിവന്നില്ല.
ഇസ്‌ലാമികവത്കരണമെന്ന് പറഞ്ഞാണ് കലൈചകില്‍ കലാപത്തിനു കോപ്പുകൂട്ടിയതെങ്കില്‍ സംസ്ഥാനത്ത് ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് പ്രചരിപ്പിച്ചാണ് ഇപ്പോള്‍ കലാപം ആസൂത്രണം ചെയ്തതെന്നാണ് ബംഗാളിലെ ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. കലൈചക് കലാപത്തില്‍ ആളപായമുണ്ടായിട്ടില്ലെങ്കിലും വന്‍തോതില്‍ സമ്പത്ത് നശിച്ചിട്ടുണ്ട്. ഹിന്ദുക്കളെ ഇരയാക്കിയാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രചാരണ വിഷയത്തിന്റെ കാതല്‍ സൃഷ്ടിക്കുന്നത്.
കലാപം തടയുന്നതില്‍ സര്‍ക്കാറിന്റെ പങ്ക് തൃപ്തികരമല്ലെന്നു വേണം പറയാന്‍. സാഹചര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ആവശ്യമായ സമയം കിട്ടിയിട്ടും അവരതിന് മുതിര്‍ന്നില്ല. ഇത്തരം സംഭവങ്ങള്‍ പൊങ്ങിവരുന്നത് തടയിടുന്നതിന് ക്രമസമാധാനപാലന വിഭാഗം ഉറപ്പുവരുത്തേണ്ടതുണ്ട്. ആരാണ് കുറ്റവാളിയെന്ന് മുന്‍കൂട്ടി കണക്കിലെടുക്കാതെ നടപടിയെടുക്കുന്ന ഫലപ്രദമായ സംവിധാനങ്ങള്‍ക്ക് മിക്ക കലാപങ്ങളും തടയാനാകുമെന്നത് യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാര്‍ തക്ക സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
തീര്‍ച്ചയായും മമതക്കെതിരെയുള്ള മുസ്‌ലിം പ്രീണനം സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ടല്ല. ബംഗാളിലെ മുസ്‌ലിംകളുടെ സാമ്പത്തികസ്ഥിതി രാജ്യത്തെ ഏറ്റവും മോശമായ അവസ്ഥയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ബംഗാളില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതേസമയം, ബി.ജെ.പിയുടെ സാമുദായിക ധ്രുവീകരണം ഭീഷണിപ്പെടുത്തുന്ന വേഗതയിലാണ്. കൃഷ്ണന്റെ ജന്മദിനമായ നവമി ആഘോഷം പ്രവൃത്തിയിലൂടെ ആഘോഷിക്കപ്പെടാത്തതായിരുന്നു, എന്നാല്‍ വാളുകള്‍ വീശി ഭയപ്പെടുത്തുന്ന തരത്തിലായിരുന്നു ഈ വര്‍ഷത്തെ നവമി ആഘോഷ പരിപാടികള്‍. ഗണേശോത്സവവും സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കപ്പെട്ടു.
കലാപംകൊണ്ട് നേട്ടം കൊയ്തത് ആരാണ്? ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് വിവിധ പഠനം നടത്തിയ പ്രമുഖ പണ്ഡിതന്മാരില്‍പെട്ട പോള്‍ ബ്രാസ് അഭിപ്രായപ്പെടുന്നത് ഇവിടെയൊരു സുസ്ഥാപിതമായ കലാപ പ്രവര്‍ത്തനരീതി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. യാലെ സര്‍വകലാശാല നടത്തിയ മറ്റൊരു ശ്രദ്ധേയമായ പഠനം വ്യക്തമാക്കുന്നത് വര്‍ഗീയ കലാപങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരിക്കുമെന്നും ഇതില്‍ ബി.ജെ.പിയാണ് നേട്ടം കൊയ്യുന്നതെന്നുമാണ്.
ബാസിര്‍ഘട്ട് കലാപത്തെ സംഗ്രഹിക്കുകയാണെങ്കില്‍ പ്രകോപനപരവും കുറ്റകരവുമായ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഒന്നാമതായെത്തുക. ഇതിന്റെ വരും വരായ്കകള്‍ മനസ്സിലാക്കാതെ വികാരത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെടുന്ന ഒരു വിഭാഗം മുസ്‌ലിംകളുടെ നിലപാടാണ് രണ്ടാമത്തേത്. കലാപം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ പരാജയമാണ് മൂന്നാമത്തേത്. മുസ്‌ലിംകള്‍ ഹിന്ദുക്കളെ അക്രമിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകളും മറ്റും പ്രചരിപ്പിച്ച് വിഷയം കൂടുതല്‍ വഷളാക്കുന്ന ബി.ജെ.പി നിലപാടാണ് നാലാമത്തേത്. എന്നാല്‍ ബാസിര്‍ഘട്ടില്‍ നിന്നുള്ളതല്ല വീഡിയോകളെന്നത് ബി.ജെ.പിയെ തിരിഞ്ഞു കൊത്തി. അവയെല്ലാം 2002ലെ ഗുജറാത്ത് കലാപ വേളയിലുള്ളതായിരുന്നുവെന്നാണ് കണ്ടെത്തല്‍.
ബാസിര്‍ഘട്ടില്‍ സംഭവിക്കുന്നതെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ഹിന്ദു യുവതിയെ പീഡിപ്പിക്കുന്ന ചിത്രം ബോജ്പൂരി സിനിമയില്‍ നിന്നുള്ള രംഗങ്ങളായിരുന്നു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ജിയ വിശദമാക്കിയതും ഇക്കാര്യങ്ങള്‍ തന്നെയാണ്. കലാപ ബാധിത പ്രദേശത്ത് ഹിന്ദു സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് വാര്‍ത്തയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വര്‍ഗീയ കലാപം യുക്തിസഹമായി പരിശോധിച്ചതിനാല്‍ സാമുദായിക ധ്രുവീകരണത്തിലേക്ക് ഒരു സംസ്ഥാനത്തെ നയിച്ചില്ല എന്നതാണ് ആകെയുള്ള പ്രതീക്ഷ.