കെ.പി ജലീല്‍
ഒരു ഹെക്ടര്‍ സ്ഥലത്തെ മുള 17 ടണ്‍ പ്രാണവായു ഉല്‍പാദിപ്പിക്കുന്നു എന്നത് മാത്രം മതി മുളയുടെ പ്രാധാന്യം തിരിച്ചറിയാന്‍. അത്രതന്നെ കാര്‍ബണ്‍ഡയോക്‌സൈഡ് മാലിന്യം അകത്തേക്കെടുത്തുകൂടിയാണ് മുള മനുഷ്യനും ഭൂമിക്കും ആവാസവ്യവസ്ഥക്കും പ്രയോജനം ചെയ്യുന്നത്. ഭൂമിയിലെ പ്രാണവായു ക്രമീകരിക്കുന്നതിനും മനുഷ്യര്‍ക്കും ഇതര ജന്തുജാലങ്ങള്‍ക്കും പ്രയോജനപ്പെടുന്നതിനുമുള്ള പ്രകൃതിയുടെ സംവിധാനങ്ങളിലൊന്നാണ് മുള അഥവാ ഈറ്റ. പ്രകൃതിക്കനുയോജ്യമായ സസ്യമെന്നതിലുപരി ഭവനങ്ങളും കെട്ടിടങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്നതിന് മുളകൊണ്ട് കഴിയും. അന്തരീക്ഷത്തിലെ ചൂട് കുറക്കുന്നതിനും മിതമായ താപനില ക്രമീകരിച്ചുനിര്‍ത്തുന്നതിനും മുള വീടുകളാണ് ചൈനയിലും താരതമ്യേന ഇന്ത്യയിലും ഇപ്പോള്‍ നിര്‍മിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ അതിപ്രസരം ഭൂമിക്കും മനുഷ്യനുമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മുള പരിഹാരമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
പുല്ല് വിഭാഗത്തില്‍പെട്ട ഈ സസ്യത്തിന് 1500 ഓളം ഇനം ജാതികളുണ്ട്. ഇന്ത്യയില്‍ 127ഉം കേരളത്തില്‍ 28ഉം ഇനം മുളകളുണ്ട്. ഓരോ കാലാവസ്ഥക്കും അനുസൃതമായാണ് ഓരോ ഇനം മുളകള്‍ വളരുന്നത്.വായുമലിനീകരണവും ആഗോളതാപനവും മരുവല്‍കരണവും തടയുന്നതിന് മുള വഹിക്കുന്ന പങ്ക് വലുതാണ്. കേരളത്തില്‍ പ്രളയമുണ്ടായ സ്ഥലങ്ങളില്‍ കാര്യമായ മണ്ണൊലിപ്പുണ്ടാകാതിരുന്നത് മുള വളരുന്ന സ്ഥലങ്ങളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുഴകളുടെയും തടാകങ്ങളുടെയും കടലിന്റെയും തീരങ്ങളില്‍ മുളക്ക് അതുകൊണ്ടുതന്നെ വലിയ പ്രാധാന്യമുണ്ട്. ഭൂകമ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ ആള്‍നാശവും സ്വത്തുനാശവും ചെറുക്കുന്നതിനും മുളകൊണ്ടുള്ള കെട്ടിടങ്ങള്‍ ഏറെ പ്രയോജനപ്രദമാണ്. മണ്ണൊലിപ്പ് തടയാന്‍ മാത്രമല്ല, വെള്ളം ഒലിച്ചിറങ്ങുന്നതിനും ഭൂമിക്കടിയിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനും മുള പ്രയോജനകരമാണ്. വേരുകള്‍ ഭൂമിക്കടിയിലേക്ക് ഊര്‍ന്നിറങ്ങാനുള്ള കഴിവുകൊണ്ടാണിത്. മനുഷ്യശരീരത്തിന്റേതുപോലുള്ള പ്രകൃതമാണ് മുളക്ക് ആകാരവശാലുള്ളത്. കൈകാലുകളുമായി മുളയുടെ തടിയെ താരതമ്യപ്പെടുത്താനാകും.
കേന്ദ്ര ബാംബൂമിഷന് കീഴിലുള്ള സ്റ്റേറ്റ് ബാംബൂമിഷന്‍ മുളകൊണ്ടുള്ള ഒട്ടേറെ ഉപകരണങ്ങളുടെ നിര്‍മാണത്തിനും മുളയുടെ ഉല്‍പാദനത്തിനും പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയും ഇക്കാര്യത്തില്‍ പഠനഗവേഷണങ്ങളിലൂടെ ഏറെതാല്‍പര്യം കാണിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ബാംബൂഇന്‍ഫര്‍മേഷന്‍ കേന്ദ്രം കേരളത്തിലാണ്. പരമ്പരാഗതമായി ഗോത്ര സമൂഹങ്ങള്‍ ഉപയോഗിച്ചുവരുന്ന മുള ഉപകരണങ്ങളില്‍നിന്ന് വ്യത്യസ്തമായി പുതിയ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനാണ് ദേശീയ ബാംബൂമിഷന്‍ ശ്രദ്ധപതിപ്പിക്കുന്നത്. വേള്‍ഡ് ബാംബൂ ഒര്‍ഗനൈസേഷന്‍ ലോക നിലവാരത്തിലുള്ള സംഘടനയാണ്.
വയനാട്ടിലെ ‘ഉറവ്’ എന്ന സംഘടനയും ഇക്കാര്യത്തില്‍ വലിയ സേവനമനുഷ്ഠിക്കുന്നുണ്ട്. മുള വളര്‍ത്തുക, അത് യാന്ത്രികമായി സംസ്‌കരിച്ചെടുക്കുക, കഷണങ്ങളാക്കി കരകൗശനിര്‍മാണത്തിന് പാകപ്പെടുത്തുക തുടങ്ങിയവയാണ് ഇവര്‍ ചെയ്യുന്നത്. ആദിവാസികളടക്കമുള്ള നിരവധി പേര്‍ക്ക് തൊഴിലും പരിശീലനവും നല്‍കുന്നതിനും ഉറവ് തയ്യാറാകുന്നു. വിവിധ കേന്ദ്ര സ്ഥാപനങ്ങളില്‍നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥികള്‍ ഇതിനായി വയനാട് മുട്ടിലിലുള്ള ഉറവ് കേന്ദ്രത്തിലെത്താറുണ്ട്. ഏക്കര്‍കണക്കിന് സ്ഥലത്ത് മുള വെച്ചുപിടിപ്പിച്ചത് ഇവിടെ ആകര്‍ഷകകാഴ്ചയാണ്. കേന്ദ്രസര്‍ക്കാര്‍ ഇതിനായി വ്യവസായ ക്ലസ്റ്റര്‍ രൂപീകരിച്ചുകഴിഞ്ഞു.
കേരളത്തെയും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. വ്യാവസായികമായ ഉല്‍പാദനവും വിപണനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മനുഷ്യര്‍ക്ക് വരുമാനമാര്‍ഗമെന്നതിലുപരി മണ്ണിന്റെ ദൃഢത ഉറപ്പുവരുത്തുന്നതിനും മൃഗങ്ങള്‍ക്ക് തീറ്റയായും മുളയെ പ്രയോജനപ്പെടുത്താനാകും. കേരളം പോലുള്ള അതീവ ലോലപ്രദേശങ്ങളുള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ മുള നിര്‍വഹിക്കുന്ന സേവനം ചെറുതല്ല. 30 മുതല്‍ 50 വര്‍ഷംവരെ പുനരുത്പാനക്ഷമതയുമുള്ള മുള വീട്ടിലൊന്ന് എന്ന തോതില്‍ വളര്‍ത്തുന്നതിന് തയ്യാറായാല്‍ അതുമതി മിക്കപാരിസ്ഥിതിക-ആരോഗ്യപ്രശ്‌നങ്ങളുടെയും പരിഹാരത്തിന്. ഈ മുളദിനം അതിനുള്ള ഗൗരവചിന്തക്ക് ഒരിക്കല്‍കൂടി വഴിതുറക്കട്ടെ.