Connect with us

india

ബാബരി തകര്‍ത്ത കേസില്‍ വിധി നാളെ; വിധി വരുന്നത് 28 വര്‍ഷത്തിനു ശേഷം- നെഞ്ചിടിപ്പില്‍ ബിജെപി

1992 ഡിസംബര്‍ ആറിനാണ് ബാബരി തകര്‍ക്കപ്പെട്ടത്. അദ്വാനി അടക്കം 32 പേരാണ് പ്രതി സ്ഥാനത്തുള്ളത്. യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.

Published

on

ലഖ്‌നൗ: മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ പ്രതികളായ ബാബരി മസ്ജിദ് ധ്വംസന കേസില്‍ നാളെ വിധി. പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങുന്ന കേസില്‍ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. സെപ്തംബര്‍ 30ന് അകം വിധി പ്രസ്താവിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് നടപടി ക്രമങ്ങള്‍ വേഗത്തിലായത്. സ്‌പെഷ്യല്‍ സിബിഐ ജഡ്ജ് എസ് കെ യാദവാണ് സുപ്രധാന കേസില്‍ വിധി പ്രസ്താവം നടത്തുക.

1992 ഡിസംബര്‍ ആറിനാണ് ബാബരി തകര്‍ക്കപ്പെട്ടത്. അദ്വാനി അടക്കം 32 പേരാണ് പ്രതി സ്ഥാനത്തുള്ളത്. യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. 28 വര്‍ഷമായി ഒച്ചിന്റെ വേഗത്തില്‍ ഇഴയുന്ന കേസാണ് അവസാനത്തിലേക്ക് അടുക്കുന്നത്. ലഖ്‌നൗ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ 18-ാം നമ്പര്‍ കോടതി മുറിയിലായിരുന്നു വിചാരണനടപടികള്‍. 2017 ഏപ്രില്‍ 19നാണ് കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കണമെന്നും ജഡ്ജിയെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും സുപ്രിംകോടതി ഉത്തവിട്ടത്.

എല്‍കെ അദ്വാനി

അതിനിടെ, 2019 നവംബറില്‍ ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ സുപ്രിംകോടതി തീര്‍പ്പു കല്‍പ്പിച്ചു. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രത്തിന് വിട്ടു കൊടുക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്. മസ്ജിദ് തകര്‍ത്തത് നിയമലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. ഇതിലെ പൊരുത്തക്കേടുകള്‍ നിയമവിദഗ്ദ്ധര്‍ പിന്നീട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ ശില പാകുകയും ചെയ്തു.

ഇഴഞ്ഞു നീങ്ങിയ കേസ്

1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ത്ത കേസില്‍ രണ്ട് എഫ്‌ഐആറാണ് ഉള്ളത്. പള്ളിയുടെ മിനാരത്തിലേക്ക് പിക്കാസും മഴുവും ആയി കയറിയ അജ്ഞാത കര്‍സേവര്‍ക്കെതിരെ നമ്പര്‍ 197/92 ആയാണ് ആദ്യ കേസ്. രണ്ടാമത്തേത് – 18/92 നമ്പര്‍ – ബിജെപിയുടെ അദ്വാനി, ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, വിഎച്ച്പിയുടെ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി റിതംബര എന്നിവര്‍ക്കെതിരെയും. ഇതില്‍ ഡാല്‍മിയ, കിഷോര്‍, സിംഗാള്‍ എന്നിവര്‍ വിചാരണക്കാലയളവിനിടെ മരിച്ചു.

എല്‍കെ അദ്വാനിയും ഉമാഭാരതിയും

തകര്‍ത്ത ദിനം മാധ്യമപ്രവര്‍ത്തരെ കൈയേറ്റം ചെയ്തതിന് 47 എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1993 ഓഗസ്റ്റ് 27നാണ് കേസുകള്‍ യുപി പൊലീസ് സിബിഐക്ക് കൈമാറിയത്. 1993 ഒക്ടോബര്‍ അഞ്ചിന് സിബിഐ എട്ടു നേതാക്കള്‍ക്കും 40 പ്രവര്‍ത്തകര്‍ക്കുമെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.

രണ്ടു വര്‍ഷത്തിന് ശേഷം കേസിലെ ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. പള്ളി പൊളിച്ചതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട് എന്നും ആസൂത്രണം ചെയ്ത ആക്രമണമാണ് അരങ്ങേറിയത് എന്നുമാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ക്രിമിനല്‍ ഗൂഢാലോചനാ കുറ്റത്തില്‍ ശിവസേനാ നേതാവ് ബാല്‍താക്കറെയെയും മൊറേശ്വര്‍ സേവിനെയും പ്രതി ചേര്‍ത്തു. 1997ല്‍ 48 പ്രതികള്‍ക്കെതിരെ ലഖ്‌നൗ മജിസ്‌ട്രേറ്റ് ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് കുറ്റം ചുമത്തി. ഇതില്‍ 34 പേര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച് ഉത്തരവിന് സ്റ്റേ വാങ്ങി.

ക്രിമിനല്‍ ഗൂഢാലോചന എടുത്തു കളയുന്നു

നാലു വര്‍ഷം ഒന്നുമുണ്ടായില്ല. 2001 ഫെബ്രുവരി 12ന് അദ്വാനി, ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ക്കെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചന കുറ്റം അലഹബാദ് ഹൈക്കോടതി എടുത്തു കളഞ്ഞു. കേസ് ഇതോടെ ദുര്‍ബലമായി. മൂന്നു മാസത്തിനുള്ളില്‍ മെയ് നാലിന് ലഖ്‌നൗ പ്രത്യേക കോടതി 197, 198 എഫ്‌ഐആറുകള്‍ വിഭജിച്ചു. 21 പേര്‍ റായ്ബറേലി കോടതിയിലും 27 പേര്‍ ലഖ്‌നൗ കോടതിയിലും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു.

ക്രിമിനല്‍ ഗൂഢാലോചന കുറ്റം എടുത്തു കളഞ്ഞ വിധിക്കെതിരെ സിബിഐ 2003 ജൂലൈയില്‍ റിവ്യൂ ഫയല്‍ ചെയ്‌തെങ്കിലും അതു തള്ളി. എന്നാല്‍ 2005 ജൂലൈയില്‍ അദ്വാനിക്കും മറ്റുള്ളവര്‍ക്കുമെതിരെ ഹൈക്കോടതി വിദ്വേഷം വമിപ്പിച്ചു എന്ന കുറ്റം ചുമത്തി കേസെടുത്തു. 2010 വരെ രണ്ട് കോടതികളിലായിട്ടായിരുന്നു കേസിന്റെ വിചാരണ നടപടികള്‍.

നരേന്ദ്രമോദി, അമിത് ഷാ, എല്‍കെ അദ്വാനി എന്നിവര്‍

2011ല്‍ സിബിഐ കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. ഇതിനിടെ നിരവധി റിവ്യൂ ഹര്‍ജികള്‍ വിവിധ കോടതികളില്‍ സമര്‍പ്പിക്കപ്പെട്ടു. കേസ് നീണ്ടു പോയി. ഒടുവില്‍ 2017 ഏപ്രില്‍ 19ന് കേസില്‍ പ്രതിദിന വിചാരണ വേണമെന്ന് പരമോന്നത കോടതി ഉത്തരവിട്ടു.

നാല്‍പ്പതിനായിരത്തോളം സാക്ഷികളെയാണ് സിബിഐ വിസ്തരിച്ചത്. വാക്കാലുള്ള തെളിവാണ് കേസിലെ വിചാരണയില്‍ സുപ്രധാനമായത്. ഇതില്‍ പൊലീസുകാരും മാധ്യമപ്രവര്‍ത്തകരുമുണ്ട്. ആയിരക്കണക്കിന് സാക്ഷികളില്‍ 351 പേരാണ് കോടതിയിലെത്തി മൊഴി നല്‍കിയത്.

നെഞ്ചിടിപ്പില്‍ ബിജെപി

ഒരുകാലത്ത് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള കേസിലാണ് നാളെ വിധി വരുന്നത്. വിധി എതിരായാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന് തീര്‍ച്ചയാണ്. എതിര്‍ വിധിയാണ് എങ്കില്‍ എങ്ങനെ പ്രതിരോധിക്കണം എന്ന് പാര്‍ട്ടി ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യുന്നുണ്ട്. നേരത്തെ, കേസില്‍ കോടതി നേരിട്ട് ഹാജാരാകാന്‍ അദ്വാനിയെ വിളിച്ച വേളയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഒപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ മുന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

india

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശിക്കരുത്; തെലങ്കാനയിലെ ബി.ജെ.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍.

Published

on

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ ഇയാളുടെ പരാമര്‍ശത്തിനെതിരെ നിരവധി ഭക്തര്‍ രംഗത്തെത്തി.

ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന ഭക്തര്‍ വാവര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തുന്ന പാരമ്പര്യം ‘നക്‌സലൈറ്റുകള്‍’ ഗൂഢാലോചന വഴി സൃഷ്ടിച്ചെടുത്തതാണെന്നുമാണ് രാജാ സിങിന്റെ വിവാദ വിശദീകരണം. വാവര്‍ പള്ളി സന്ദര്‍ശിച്ചാല്‍ മാത്രമേ ശബരിമല സന്ദര്‍ശനവും അയ്യപ്പ ദീക്ഷയും പൂര്‍ത്തിയാവുകയുള്ളൂ എന്ന് ഇവര്‍ ഗൂഢാലോചനയിലൂടെ ആസൂത്രണം ചെയ്യുകയും ആ ഊഹാപോഹം പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ഇയാള്‍ പറയുന്നത്.

 

 

Continue Reading

india

ഡല്‍ഹി വായു മലിനീകരണം: ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീംകോടതി

ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ ഡല്‍ഹിയിലെ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനം നടപ്പാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചെക്ക് പോയന്റുകളില്‍ നിരോധനം നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ 13 അഭിഭാഷകരെ കമ്മീഷണര്‍മാരായി നിയമിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനവും നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനവും ഉള്‍പ്പെടെയുള്ള കര്‍ശന മലിനീകരണ നിയന്ത്രണങ്ങള്‍ തുടരും.

 

Continue Reading

india

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും

ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Published

on

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും. ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചക്കകം വിവരങ്ങള്‍ ധരിപ്പിക്കണമെന്നും സെബി പറഞ്ഞു. ശേഷം ഔദ്യോഗിക അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം അദാനി ഓഹരികളില്‍ ഇറക്കവും മുന്നേറ്റവുമെല്ലാം മാറി മാറി വരുന്നുണ്ട്. ഒറ്റയടിക്ക് ഇടിഞ്ഞ അദാനി ഓഹരികള്‍ കരകയറി വരുന്നതാണ് ഇന്നത്തെ വ്യാപാര സൂചനകള്‍ നല്‍കുന്നത്. അദാനി എന്റര്‍പൈസസ്, അദാനി പോര്‍ട്സ് ആന്‍ഡ് സെസ്, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് നേട്ടം ഉണ്ടായി.

കൈക്കൂലി ആരോപണം കാണിച്ച് അമേരിക്കന്‍ കോടതിയാണ് ഗൗതം അദാനിക്കെതിരെ കേസെടുത്തത്. എന്നാല്‍ രാഷ്ട്രീയകോളിളക്കം മുഴുവന്‍ ഇന്ത്യയിലാണ്. ഇപ്പോഴത്തെ വിവാദംകൂടി വന്നതോടെ പ്രതിപക്ഷം മോദി- അദാനി ബന്ധത്തിനു മേല്‍ ചോദ്യശരങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

തിങ്കളാഴ്ച ശീതകാല സമ്മേളനം ആരംഭിക്കുന്നതോടെ അദാനി വിഷയത്തില്‍ വലിയ വാക്കേറ്റങ്ങള്‍ക്കാകാം പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുക. പ്രധാനമന്ത്രിയോട് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം സമ്മര്‍ദ്ദമുയര്‍ത്തിയേക്കും.

അതേസമയം അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണ്.

 

 

Continue Reading

Trending