കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തെ തഴഞ്ഞ് വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ബുധനാഴ്ച പുലര്‍ച്ചെ പരമോന്നത കോടതിയിലുണ്ടായ സംഭവ വികാസങ്ങള്‍ വിശദീകരിച്ച് മലയാളി മാധ്യമപ്രവര്‍ത്തകന്‍ ബാലഗോപാല്‍ ബി. നായര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു. ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച രാവിലെ വരെയുണ്ടായ സംഭവ ബഹുലമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ടി.വി ന്യൂസ് എഡിറ്ററായ ബാലഗോപാല്‍ വിശദമാക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
കർണാടകത്തിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ഇടെ സുപ്രീം കോടതിയിൽ അർദ്ധരാത്രി നടന്ന വാദത്തെ കുറിച്ച് വിശദമായി എഴുതണം എന്ന് പല സുഹൃത്തുക്കളും ആവശ്യപ്പെട്ടിരുന്നു. രാവിലെ എഴുതണം എന്ന് കരുതിയതും ആണ്. പക്ഷേ ക്ഷീണം കാരണം എഴുത്ത് നടന്നില്ല. ഉച്ചക്ക് ശേഷം എഴുതാൻ ഇരുന്നതാണ്. അപ്പോൾ ചിന്ത എന്ത് എഴുതണം എന്നായി ? സീരിയസ് ആയി എഴുതണമോ, ലൈറ്റ് ആയി എഴുതണമോ എന്നായി ആലോചന.
മൂന്ന് മണിക്കൂർ പതിനഞ്ച് മിനുട്ട് കോടതിയിൽ നടന്ന വാദത്തിന്റെ ഒരു 40 ശതമാനം വരെ എന്റെ മൊബൈലിലും, നോട്ട് ബുക്കിലും ആയി ഉണ്ട്. ഇന്നലെ രാത്രി മുതൽ വിവിധ മാധ്യമങ്ങളിലും മറ്റും ആ വാദത്തിന്റെ വിശദാശംങ്ങൾ വന്നതിനാൽ അതിൽ ഇനി പുതുമ ഒന്നും ഇല്ല. വാദത്തിന്റെ ഇംഗ്ലീഷ് ട്രാൻസ്‌ക്രിപ്‌റ്റെഷൻ ആണ് എന്റെ കയ്യിൽ ഉള്ളത്. നാളത്തെ വാദം കൂടി കഴിഞ്ഞ ശേഷം അത് പോസ്റ്റ് ചെയ്യാം. ഏതായാലും ചരിത്രത്തിന്റെ ഭാഗം ആയ ഇന്നലത്തെ വാദത്തിന് ഇടയിൽ ഉണ്ടായ വ്യക്തിപരം ആയ ചില അനുഭവങ്ങൾ ഇവിടെ കുറിയ്ക്കാം.
പത്ത് മണിക്ക് കിടക്കുക. പുലർച്ചെ 4 മണിക്ക് എണീക്കുക. കിടക്കുന്നതിന് മുമ്പ് കുറച്ച് സമയം മക്കളുമായി കളിക്കും. തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ ഇതാണ് എന്റെ പതിവ്. ഈ പതിവ് കഴിവതും ഞാൻ തെറ്റിക്കാർ ഇല്ല. ഇന്നലെ രാത്രി 9.45 വരെ എല്ലാം പതിവ് പോലെ കടന്ന് പോയി. സുപ്രീം കോടതി കൊളീജിയം ഇന്നലെ യോഗം ചേർന്നിരുന്നു. അതിന്റെ വാർത്തകൾ എവിടെയെങ്കിലും വരുന്നുണ്ടോ എന്ന് അറിയാൻ മക്കളും ആയി കളിക്കുന്നതിനിടയിൽ ടി വിയും ട്വിറ്ററും ഒക്കെ ഇടയ്ക്ക് നോക്കികൊണ്ട് ഇരുന്നു. കൊളീജിയം വാർത്തകൾക്ക് ആയി പരത്തുന്നതിനിടയിൽ ഡൽഹി അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് ഇന്ത്യയിലെ മൂന്നു പ്രധാനപ്പെട്ട അഭിഭാഷകർ നടത്തുന്ന വാർത്ത സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ ടി വി യിൽ കണ്ടു. ചാനലുകളുടെ ടിക്കറിൽ കർണാടക മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യാൻ യെദ്യുരപ്പയെ ക്ഷണിച്ച് കൊണ്ട് ഗവർണർ കത്ത് നൽകിയ വാർത്തയും.
ഫേസ് ബുക്കിലും , ട്വിറ്ററിലും കർണാടക രാഷ്ട്രീയത്തെ കുറിച്ച് ചില അഭിപ്രായങ്ങൾ കുറിച്ച ശേഷം കിടക്കാൻ പോയതാണ്. പക്ഷേ വാട്ട്സ്സ് ആപ്പിൽ കണ്ട ചില മെസ്സേജുകൾ കട്ടിലിൽ നിന്ന് ടി വി യുടെ മുന്നിൽ എന്നെ വീണ്ടും എത്തിച്ചു. സമയം 10.45. അടഞ്ഞു കിടന്ന സുപ്രീം കോടതി രെജിസ്ടറിയും ഫയലിംഗ് സെക്ഷനും തുറന്നതായി സുപ്രീം കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ചില മാധ്യമ സുഹൃത്തുക്കൾ ട്വീറ്റ് ചെയ്തു. സുപ്രീം കോടതി കവർ ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് പുറമെ ഇന്ത്യയുടെ എല്ലാ ശ്രദ്ധയും ഡൽഹിയിലെ മൂന്ന് കെട്ടിടങ്ങളിലേക്ക് കേന്ദ്രീകരിച്ച മണിക്കൂറുകൾ.
തിലക് മാർഗ്ഗിലെ സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഔദ്യോഗിക താമസ സ്ഥലം ആയ കൃഷ്‌ണ മേനോൻ മാർഗിലെ അഞ്ചാം നമ്പർ വസതി. അഭിഷേക് മനു സിങ്‌വിയുടെ നീതി ബാഗ് എ ബ്ലോക്കിലെ 129 നമ്പർ വസതി. മൂന്നു സ്ഥലത്തും മാധ്യമ പ്രവർത്തകരുടെയും ചാനൽ പ്രവർത്തകരുടെയും എണ്ണം കൂടി. ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെയും.
സമയം 10.45. കോൺഗ്രസ്സിന്റെയും ജെ ഡി എസ്സിന്റെയും അഭിഭാഷകർ ഹർജികൾ ഫയൽ ചെയ്തു. 11 മണിക്ക് ഈ ഹർജികളുടെ പകർപ്പ് സുപ്രീം കോടതിയിലെ അസിസ്റ്റന്റ് രജിസ്ട്രാറുടെ ഔദ്യോഗിക വാഹനത്തിൽ കൃഷ്ണ മേനോൻ മാർഗിനെ ലക്ഷ്യമാക്കി യാത്ര ആയി. അഞ്ച് കിലോമീറ്റർ താണ്ടാൻ ആ വാഹനത്തിന് 10 മിനുട്ട് പോലും വേണ്ടി വന്നില്ല എന്ന് ചില ദേശിയ മാധ്യങ്ങളിൽ വന്ന ദൃശ്യങ്ങളിൽ നിന്ന് മനസിലായി. കർണാടകത്തിലെ ഒന്നാം “ഓപ്പറേഷൻ കമലയുടെ” സൂത്രധാരന്മാരിൽ ഒരാൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അയൽവാസി ആണ്. കൃഷ്ണൻ മേനോൻ മാർഗിലെ 6 എ യിൽ താമസിക്കുന്ന അടൽ ബിഹാരി വാജ്‌പേയ്.
വാജ്‌പേയ് ഇത്തവണ കളത്തിൽ ഇല്ല. വാജ്‌പേയുടെ അയൽവാസിയുടെ വസതിയിലേക്ക് ഇതിനിടയിൽ സുപ്രീം കോടതിയുടെ മറ്റൊരു വാഹനം എത്തി. സുപ്രീം കോടതി രജിസ്ട്രാർ ജനറൽ രവീന്ദ്ര മെയിതാനിയെയും വഹിച്ച് കൊണ്ടുള്ള വാഹനം ആണ് അഞ്ചാം നമ്പർ കൃഷ്ണ മേനോൻ മാർഗിലെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചത്. ഇതിനിടയിൽ ഡൽഹിയിലെ നീതി ബാഗിലെ എ ബ്ലോക്കിലെ 129 നമ്പർ വസതിയിൽ നിന്ന് അഭിഷേക് മനു സിംഗ്‌വിയെയും വഹിച്ച് കൊണ്ടുള്ള വാഹനം പുറത്തേക്ക് പോയതായി എ എൻ ഐ റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതിയിൽ സുരക്ഷ വർദ്ധിപ്പിച്ചു. കർണാടക ഗവർണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ രാത്രി തന്നെ വാദം നടക്കും എന്ന് ഉറപ്പായി.
അന്ന് മിസ്സായി. ഇത്തവണ മിസ്സാക്കാൻ കഴിയില്ലായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതിന് മുമ്പ് രണ്ട് തവണ മാത്രം ആണ് അടഞ്ഞു കിടന്ന കോടതി മുറി ഹർജി പരിഗണിക്കുന്നതിനായി രാത്രി തുറന്നിട്ടുള്ളത്. 2015 ജൂലൈ 30 ആയിരുന്നു ആ ചരിത്ര ദിനം. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെ തുടർന്ന് 2015 ജൂലൈ 29നു രാത്രി 10.30നു യാക്കൂബ് മേമനു വേണ്ടി ഫയൽ ചെയ്ത ഹർജി ആയിരുന്നു രാത്രി പകൽ ആക്കി കോടതി വാദം കേട്ടത്. ജസ്റ്റിസ് മാരായ ദീപക് മിശ്ര, പി സി പന്ത്, അമിതാവ റോയ് എന്നിവർ അടങ്ങിയ ബെഞ്ച് പുലർച്ചെ 2.15ന് ചേർന്ന് ഹർജി പരിഗണിച്ചു. രണ്ട് മണിക്കൂറും നാല്പത് മിനുട്ടും വാദം കേട്ട ശേഷം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അപ്പീലുകൾ തള്ളി കൊണ്ട് 4.55നു വിധിയെത്തി. പുലർച്ചെ 6.43നു മേമന്റെ വധശിക്ഷയും നടപ്പാക്കി.
2014 സെപ്റ്റംബർ 7 നും സുപ്രീം കോടതി പാതിരാത്രി കേസ് പരിഗണിക്കാൻ ആയി തുറന്നിരുന്നു. നിതാരി കൂട്ട കൊല കേസിലെ പ്രതി സുരീന്ദർ സിങിനെ മീററ്റിലെ ജയിലിൽ വച്ച് തൂക്കിലേറ്റേണ്ടത് ആയിരുന്നു. സെപ്തംബര് 7 ന് അർദ്ധരാത്രി വധ ശിക്ഷ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു. ഇന്ദിര ജയ്‌സിംഗ് ആയിരുന്നു സുരീന്ദർ സിങിന് വേണ്ടി ഹാജർ ആയത്. പുലർച്ചെ 1 .40 ന് വധ ശിക്ഷ സ്റ്റേ ചെയ്തത് ജസ്റ്റിസ് മാരായ എച്ച് എൽ ദത്തു അനിൽ ആർ ദാവെ എന്നിവർ അടങ്ങിയ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചു
പി എച്ച് ഡി പൂർത്തിയാക്കുന്നതിന് ആ കാലയളവിൽ ഞാൻ ലീവ് ആയിരുന്നു. അർദ്ധരാത്രി സുപ്രീം കോടതി റിപ്പോർട്ട് ചെയ്യാൻ ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഇന്നലെ എനിക്ക് കോടതി മിസ്സാക്കാൻ കഴിയില്ലായിരുന്നു.
അർദ്ധരാത്രി സുപ്രീം കോടതിയിലേക്കോ?
പന്ത്രണ്ടേ മുക്കാൽ മണിയോടെ ആണ് സുപ്രീം കോടതിയിലേക്ക് പോകാൻ യൂബർ ബുക്ക് ചെയ്തത്. പത്ത് മിനുട്ടിനുള്ളിൽ യൂബർ എത്തി. എവിടേക്കാണ് പോകേണ്ടത് എന്ന് ഡ്രൈവർ ? സുപ്രീം കോടതിയിലേക്ക് എന്ന് ഞാൻ. ഈ സമയം കോടതിയിലേക്കോ എന്ന സംശയം ഡ്രൈവർക്ക്. എന്റെ ശ്രദ്ധ മുഴുവൻ ആ സമയത്ത് ട്വിറ്ററിലും മറ്റും ആയിരുന്നു. മുഖത്തെ ടെൻഷൻ ഡ്രൈവറെ വീണ്ടും സംശയത്തിൽ ആക്കി. ഒപ്പം മുഖത്തെ താടിയും. സുപ്രീം കോടതി പരിസരത്ത് രാത്രി സുരക്ഷ കൂടുതൽ ആണെന്നും, അതിനാൽ അത് വരെ പോകാൻ ആകില്ലെന്നും ആയി ഡ്രൈവർ. എന്നാൽ പോകുന്നത് വരെ പോകാൻ പറഞ്ഞ് ഞാനും. ഇടയ്ക്ക് എന്റെ പേരും, എവിടുത്ത് കാരൻ ആണെന്നും ഒക്കെ ഡ്രൈവർ ചോദിച്ചു. ഒടുവിൽ അവന്റെ സംശയ തീർക്കാൻ എന്റെ PIB കാർഡ് കാണിക്കേണ്ടി വന്നു. PIB എന്താണ് എന്ന് മനസിലായില്ല എങ്കിലും ആ തിരിച്ചറിയൽ കാർഡിൽ “Government of India” എന്ന് എഴുതിയിരിക്കുന്നത് ആ ഡ്രൈവറിന് അൽപ്പം എങ്കിലും ആശ്വാസം ആയി കാണും.
Cab മണ്ഡി ഹൌസ് കടന്ന് സുപ്രീം കോടതിക്ക് മുന്നിലെ ട്രാഫിക്ക് ഐലൻഡിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു. VIP മൂവ്മെന്റിന്റെ ഭാഗം ആയാണ് വാഹനം തടഞ്ഞത്. രണ്ട് VIP വാഹനങ്ങൾ ചീറി പാഞ്ഞ് ഞങളുടെ വാഹനത്തെ കടന്ന് പോയി. ആദ്യ വാഹനം ജസ്റ്റിസ് എ കെ സിക്രി യുടേത്. രണ്ടാമത്തെ വാഹനം ഏതു ജഡ്ജിയുടേത് എന്ന് വ്യക്തമായിരുന്നില്ല. പക്ഷേ രണ്ട് വാഹനങ്ങളും സുപ്രീം കോടതിയിലെ A ഗേറ്റിലൂടെ കോടതിക്ക് ഉള്ളിലേക്ക് പ്രവേശിച്ചു. ജഡ്ജിമാർ കോടതിക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്നത് A ഗേറ്റിലൂടെ ആണ്.
സുപ്രീം കോടതിയിൽ സാധാരണ പ്രവേശിക്കാറ് C, D ഗേറ്റ് കളിലൂടെ ആണ്. എന്നാൽ ഇന്നലെ ഈ രണ്ട് ഗേറ്റുകളിലൂടെയും ആരെയും കോടതിയിലേക്ക് കടത്തി വിട്ടില്ല. E ഗേറ്റിലൂടെ ആണ് കോടതി വളപ്പിലേക്ക് കടന്നത്. കോടതി വളപ്പിന് ഉള്ളിലെ B ഗേറ്റിന് സമീപത്തുള്ള രണ്ടാമത്തെ സെക്യുരിറ്റി ചെക്ക് പോയിന്റിൽ എത്തിയപ്പോൾ മറ്റൊരു VIP വാഹനത്തിനായി കോടതിയുടെ ഗേറ്റ് തുറന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആയിരുന്നു ആ വാഹനത്തിന് ഉള്ളിൽ.
ആറാം നമ്പർ കോടതിയിലേക്ക്
കോൺഗ്രസ്സും ജെ ഡി എസ്സും ഫയൽ ചെയ്ത ഹർജികൾ 1.45 ന് കേൾക്കും എന്നാണ് അറിയിച്ചിരുന്നത്, സുരക്ഷ പരിശോധനകളും മറ്റും കഴിഞ്ഞ് ആറാം നമ്പർ കോടതിക്ക് അടുത്ത് എത്തിയപ്പോൾ സമയം ഏതാണ്ട് രണ്ട് മണി. സാധാരണ കോടതി മുറിക്കുള്ളിൽ ഫോൺ കൊണ്ട് പോകാൻ അനുവദിക്കാറില്ല എങ്കിലും ഇന്നലെ ഒരു നിയന്ത്രണങ്ങളും കോടതിയിൽ ഉണ്ടായിരുന്നില്ല. അഭിഭാഷകർ നന്നേ കുറവായിരുന്നു. എല്ലാം കൂടി മുപ്പതോളം പേർ മാത്രം. അഭിഭാഷകർക്ക് ആയുള്ള കസേരകളിൽ ഭൂരിപക്ഷവും മാധ്യമ സുഹൃത്തുക്കൾ ആണ് ഇരുന്നിരുന്നത്. സുപ്രീം കോടതി ജീവനക്കാർക്ക് പോലും ഒരു പരാതിയും ഇല്ല. ദേശിയ പ്രാദേശിക മാധ്യമങ്ങളിൽ കോടതി കവർ ചെയ്യുന്ന ഏതാണ്ട് എല്ലാവരും ഇന്നലെ കോടതിയിൽ ഉണ്ടായിരുന്നു.
ആദ്യം എത്തിയത് സിംഗ്‌വി. ഒടുവിൽ വന്നത് മനീന്ദർ
ആറാം നമ്പർ കോടതിയിൽ ഇന്നലെ ആദ്യം എത്തിയ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ആണ് അത്രേ. 1.35 ന് സിംഗ്‌വി കോടതിയിൽ എത്തി എന്നാണ് ചില മാധ്യമ സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞത്. ആ സമയം ഞാൻ കോടതിയിൽ ഇല്ലായിരുന്നു. ഞാൻ കോടതിയിൽ എത്തുമ്പോൾ മുൻ നിരയിൽ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉണ്ടായിരുന്നു. സമയം രണ്ട് കഴിഞ്ഞതിന് പിന്നാലെ മുകുൾ റോത്തഗി കോടതിയിൽ എത്തി.
2.10 ജഡ്ജിമാർ കോടതിയിൽ പ്രവേശിക്കുന്ന വാതിൽ തുറന്നു. മൂന്ന് ഡെഫേധാർമാർ കോടതിയിലേക്ക് പ്രവേശിച്ചു. തൊട്ട് പിന്നാലെ ജഡ്ജിമാരും. ആദ്യം കോടതിയിലേക്ക് പ്രവേശിച്ചത് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പിന്നാലെ ജസ്റ്റിസ് സിക്രിയും, ജസ്റ്റിസ് അശോക് ഭൂഷണും. കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷം ജഡ്ജിമാർ ഇരുന്നു. മൂന്ന് ഡെഫേധാർമാരും പുറത്തേക്ക്. കോർട്ട് മാസ്റ്റർ കേസ് നമ്പർ വിളിച്ചു. ഡോ. അഭിഷേക് മനു സിംഗ്‌വി വാദം ആരംഭിച്ചു. എതിർപ്പുമായി മുകുൾ റോത്തഗി എണീറ്റു.
2.15 അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതി മുറിയിൽ എത്തി. അദ്ദേഹത്തിന്റെ ജൂനിയർമാരിൽ ഒരാൾ ഹർജിയുടെ പകർപ്പ് കൈമാറി. പിന്നെ സഗൗരവ്വം വായനയിലേക്ക് മുഴുകി. സിംഗ്‌വി ശബ്ദ്ദം ഉയർത്തിയും താഴ്ത്തിയും ഒക്കെ വാദം മുന്നോട്ട് കൊണ്ട് പോയപ്പോഴും കെ കെ വേണുഗോപാലിന്റെ ശ്രദ്ധ മുഴുവൻ ആ വായനയിൽ മുഴുകി. ഈ ബഹളത്തിന് ഇടയിലും ശ്രദ്ധയോടെ വായിക്കാൻ ഉള്ള കഴിവിൽ ആർക്കും അസൂയ തോന്നി പോകും.
2.20 കേന്ദ്ര സർക്കാരിന്റെ മൂന്നാമത്തെ അഭിഭാഷകനും കോടതിയിൽ എത്തി. അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ്. രണ്ടാമത്തെ നിരയിൽ അറ്റോർണി ജനറലിന്റെ തൊട്ട് പിന്നിലെ സീറ്റിൽ മനീന്ദർ ഇരുന്നു. യെദ്യുരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിയെ ന്യായീകരിക്കാൻ അങ്ങനെ നാല് സീനിയർ അഭിഭാഷകർ ഒരു ഭാഗത്ത് അണി നിരന്നു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി, അഡീഷണൽ സോളിസിറ്റർ ജനറൽമാരായ തുഷാർ മേത്ത, മനീന്ദർ സിംഗ്. മറു ഭാഗത്ത് അഭിഷേക് മനു സിംഗ്‌വി.
ഇന്നോ, നാളെയോ. കോടതിയിൽ ആകെ കൺഫ്യൂഷൻ
വാദത്തിന്റെ ആരംഭത്തിൽ സിംഗ്‌വി കോൺഗ്രസ് എം എൽ എ മാർ ഇന്ന് യോഗം ചേർന്നു എന്ന് പരാമർശിച്ചു. ജസ്റ്റിസ് ബോബ്‌ഡെ വക തിരുത്ത്. സമയം പുലർച്ചെ 2.20 ആയി. സിംഗ്‌വി തിരുത്തി. ഉത്തരവ് ഇറക്കിയപ്പോഴും ഈ കൺഫ്യൂഷൻ തുടർന്നു. നാളെ കേസ് കേൾക്കാം എന്ന് ജസ്റ്റിസ് സിക്രി പറഞ്ഞപ്പോൾ മുകുൾ റോത്തഗി യുടെ അഭ്യർത്ഥന. സമയം 5.30 ആയി. ഉറങ്ങണം. അതിന് ശേഷം രാവിലെ 10.30 ന് കോടതിയിൽ എത്തുക പ്രയാസം ആണ്. ഇത്തവണ തിരുത്തിയത് ജസ്റ്റിസ് സിക്രി. നാളെ എന്നാൽ വെള്ളിയാഴ്ച. ഇന്ന് വിശ്രമിച്ചോളു.
സിംഗ്‌വി ആണ് താരം
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അർദ്ധരാത്രി നടന്ന രണ്ടാമത്തെ കോടതി നടപടിയിൽ ഹർജികാർക്ക് തിരിച്ചടി ആണ് ഉണ്ടായത് എന്ന കാര്യത്തിൽ തർക്കം ഇല്ല. പക്ഷേ കളിയിൽ പരാജയപെട്ടപ്പോഴും താരം ഹർജിക്കാരുടെ അഭിഭാഷകൻ ആയ സിംഗ്‌വി ആണെന്ന കാര്യത്തിൽ സംശയം ഇല്ല. വാദത്തിന്റെ ആദ്യ പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേ ജഡ്ജിമാരുടെ മൂഡ് വ്യക്തമായിരുന്നു. ഗവർണർ വിനിയോഗിച്ച വിവേചന അധികാരത്തെയും , ഭരണഘടനാപരം ആയ നടപടികളിലും കോടതി ഇടപെടില്ല. അര മണിക്കൂർ കൊണ്ട് കഴിയേണ്ട കളി മൂന്ന് മണിക്കൂറും 15 മിനുട്ടും നീട്ടിയത് സിംഗ്‌വി എന്ന അഭിഭാഷകന്റെ മിടുക്ക് ഒന്ന് കൊണ്ട് മാത്രം. രണ്ട് തവണ വിധി പറയാൻ ഒരുങ്ങിയ കോടതിയെ വീണ്ടും വാദം കേൾക്കലിൽ കൊണ്ട് എത്തിച്ചതും സിംഗ്‌വി. ഒടുവിൽ ഇന്നിംഗ്സ് അവസാനിക്കാർ ആയപ്പോഴും സിംഗ്‌വി എന്ന താരം നോട്ട് ഔട്ട് ആകാതെ ക്രീസിൽ തുടർന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആകും ഹർജികൾ കേൾക്കുക എന്നാണ് ആദ്യം കേട്ടിരുന്നത്. അത് കൊണ്ടാണ് കപിൽ സിബലിന് പകരം സിംഗ്‌വി കേസിൽ ഹാജർ ആയത്. വെള്ളിയാഴ്ച ഈ ഹർജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ സിംഗ്‌വി ആകുമോ സിബൽ ആകുമോ കോൺഗ്രസ്സിനും ജെ ഡി എസ്സിനും വേണ്ടി ഹാജർ ആകുക എന്ന് വ്യക്തമല്ല. ഒരു പക്ഷേ രണ്ട് പേരും ഒന്നിച്ച് ഹാജർ ആയാലും അത്ഭുതം ഇല്ല.
മുരളിയുടെ ട്വീറ്റും ബോബ്‌ഡെയുടെ സംശയവും
ബാർ ആൻഡ് ബെഞ്ചിലെ മാധ്യമപ്രവർത്തകനും മലയാളിയും ആയ Murali Krishnan ഇന്നലെ രാത്രിയ് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിത്തിരുന്നു. കേരളത്തിൽ ബി ജെ പിക്ക് ഉള്ള ഏക അംഗം ഓ രാജഗോപാൽ സർക്കാർ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കേണ്ടത് ആയിരുന്നു എന്ന “പരിഹാസത്തോടെ” ആയിരുന്നു മുരളിയുടെ ട്വീറ്റ്.
സുപ്രീം കോടതിയിലെ ജഡ്ജിമാർക്ക് ഇടയിലും, സീനിയർ അഭിഭാഷകർക്ക് ഇടയിലും ഒക്കെ പ്രശസ്തൻ ആയ മുരളിയുടെ ട്വീറ്റ് ജസ്റ്റിസ് ബോബ്‌ഡെ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ ബോബ്‌ഡെ ആരുടെയും പേര് പരാമർശിക്കാതെ ഈ സംശയം ഇന്നലെ സിംഗ്‌വിയോട് ആരാഞ്ഞു.
ബോബ്‌ഡെയുടെ ചോദ്യം ഇങ്ങനെ “നിയമസഭയിൽ ഒറ്റ അംഗം മാത്രം ഉള്ള പാർട്ടിയിലെ അംഗത്തിനെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചാൽ കോടതിക്ക് ഇടപെടാൻ സാധിക്കുമോ?. ആ മുഖ്യമന്ത്രിയുടെ പ്രവർത്തനം വിലക്കാൻ കോടതിക്ക് അധികാരം ഉണ്ടോ?”. ഉണ്ടെന്ന് സിംഗ്‌വി നൽകിയ മറുപടിയോട് ജസ്റ്റിസ് ബോബ്‌ഡെയും യോജിച്ചു.
ഭാഗ്യം. മുരളിയുടെ ട്വീറ്റിൽ പ്രചോദനം കണ്ടെത്തി ആരെങ്കിലും സർക്കാർ രൂപീകരിക്കാൻ ഓ രാജഗോപാലിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ, മുൻ നിയമമന്ത്രി കൂടി ആയ രാജഗോപാൽ ബോബ്‌ഡെയുടെ ഈ നിലപാട് കൂടി അറിഞ്ഞിരുന്നാൽ നന്ന്.
മലയാളികൾ ആരൊക്കെ
കോടതിയിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട മലയാളി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ തന്നെ.
രണ്ട് മലയാളി അഭിഭാഷകരും ഇന്നലെ കോടതിയിൽ വാദം നടന്ന മുഴുവൻ സമയവും ഉണ്ടായിരുന്നു. Abhilash M R ഉം , Prashant Padmanabhan ഉം .
ദി ഹിന്ദുവിലെ Krishnadas Rajagopal ഇന്ത്യൻ എക്സ്പ്രസിലെ Ananthakrishnan Gopalakrishnan ബാർ ആൻഡ് ബെഞ്ചിലെ Murali Krishnan മലയാള മനോരമയിലെ Jomy Thomas എന്നിവർ ആയിരുന്നു പ്രിന്റ്, ഓൺലൈൻ മീഡിയകളിൽ നിന്ന് ചരിത്ര നിമിഷത്തിന് സാക്ഷി ആകാൻ കോടതിയിൽ ഉണ്ടായിരുന്ന മലയാളികൾ.
പി ആർ സുനിൽ, M Unni Krishnan, M P Pradeep Kumar Rashid Thondikodan Anil Madakkalil അമൽ തേനംപറമ്പൻ Rebin Gralan എന്നിവർ ആയിരുന്നു ദൃശ്യ മാധ്യമ പ്രവർത്തകർ.
(ഈ ലിസ്റ്റിൽ ഞാൻ ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ, അവരെ ആഡ് ചെയ്യാൻ എന്നെ ഓര്മിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു)
നോമ്പ് ആരംഭിച്ചത് സുപ്രീം കോടതിയിൽ നിന്ന്
മുകുൾ റോത്തഗിയുടെ വാദം കോടതിയിൽ പുരോഗമിക്കുന്നതിനിടയിൽ ആണ് Rashid Thondikodan എന്നോട് ആ ചോദ്യം ചോദിച്ചത്. “ബാലു ചേട്ടാ, കോടതി മുറിക്ക് പുറത്തെ ആ പൈപ്പിലെ വെള്ളം കുടിക്കാൻ കൊള്ളാമോ?”. കോടതിയിൽ വേറെ ഒരിടത്ത് നിന്നും കുടിക്കാൻ വെള്ളം കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ, “കുഴപ്പം ഇല്ലായിരിക്കും” എന്ന മറുപടി ആണ് റാഷിദിനോട് ഞാൻ പറഞ്ഞത്. ഈ സംഭാഷണം നടക്കുമ്പോൾ റാഷിദ് ദാഹം അകറ്റാൻ വേണ്ടി വെള്ളം ചോദിക്കുന്നു എന്നാണ് ഞാൻ കരുതിയത്.
കുറച്ച് കഴിഞ്ഞപ്പോൾ റാഷിദ് തന്നെ അക്കാര്യം എന്നോട് പറഞ്ഞു. ഡൽഹിയിൽ ഇന്ന് (വ്യാഴ്ച പുലർച്ചെ) ആണ് നോമ്പ് ആരംഭിക്കുന്നത്. കുറച്ച് വെള്ളം കുടിച്ച് വേണം നോമ്പ് തുടങ്ങാൻ. ഏതായാലും സുപ്രീം കോടതിയിലെ ആറാമത്തെ കോടതിക്ക് പുറത്തെ ടാപ്പിൽ നിന്ന് വെള്ളം കുടിച്ച് റാഷിദ് പുണ്യ മാസത്തിലെ ആദ്യ നോമ്പ് ആരംഭിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ഈ റെക്കോർഡ് മറ്റ് ആർക്കും അവകാശപ്പെടാൻ കഴിയും എന്ന് തോന്നുന്നില്ല.
റാഷിദ്, ചരിത്രത്തിൽ നിന്റെ പേര് ഇങ്ങനെയും രേഖപ്പെടുത്തും.
മൊബെയിൽ ഫോൺ അനുവദിച്ചു. പാഠം പഠിച്ചു
സുപ്രീം കോടതിയിൽ സാധാരണ കോടതി മുറിക്കുള്ളിൽ അഭിഭാഷകർക്ക് ഒഴികെ ഉള്ളവർക്ക് മൊബെയിൽ ഫോൺ അനുവദിക്കാറില്ല. ഈ നിബന്ധനയ്ക്ക് കഴിഞ്ഞ ആഴ്ച മുതൽ ഇളവ് അനുവദിച്ചു ഉത്തരവ് ഇറക്കിയിട്ടുണ്ട്. അസിക്രെഡിറ്റഡ് ജേര്ണലിസ്റ്റുകൾക്ക് ഇനി മുതൽ മൊബെയിൽ ഫോൺ കോടതിക്ക് ഉള്ളിൽ കൊണ്ട് പോകാം.
ഇന്നലെ എല്ലാവർക്കും കൊണ്ട് പോകാം ആയിരുന്നു. മൊബൈൽ ഫോൺ അനുവദിച്ചതോടെ നോട്ട് എഴുതന്നത് പ്രയാസം ആയി. പക്ഷേ മലയാളം ടൈപ്പിംഗിൽ അത്ര സ്പീഡ് ഇല്ലാത്ത ഞാൻ പെട്ടു പോയി എന്ന് പറഞ്ഞാൽ മതി. ഇംഗ്ലീഷിൽ വലിയ കുഴപ്പമില്ല എന്നതാണ് ആശ്വാസം.
നോട്ട് സ്പീഡിൽ എഴുതാൻ പഠിച്ചത് പോലെ ഇനി സ്പീഡിൽ മലയാളവും ഇംഗ്ലീഷും മൊബെയിലിൽ ടൈപ്പ് ചെയ്യാൻ പഠിക്കണം. കർണാടക കേസ് റിപ്പോർട്ടിങ്ങിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം അതാണ്.
പകലും രാത്രിയും തമ്മിൽ ഉള്ള വ്യത്യാസം
സുപ്രീം കോടതി പകലും രാത്രിയും റിപ്പോർട്ട് ചെയ്യുമ്പോൾ കണ്ട വ്യത്യാസം എന്താണ്? സത്യം പറഞ്ഞാൽ ഞാൻ കണ്ടത് മൂന്ന് വ്യത്യാസങ്ങൾ ആണ്.
1. പകൽ കൊതുക് ശല്യം ഒട്ടും ഇല്ല. രാത്രി കോടതി മുറിയിലെ രാജാക്കൻ മാർ കൊതുകൾ ആണെന്ന സത്യം ബോധ്യമായി. ഒരു കണക്കിന് കൊതുക് നന്നായി. ഉറക്കത്തിലേക്ക് വഴുതി വീണ പലരെയും കേസിലേക്ക് മടക്കി കൊണ്ട് വന്നത് കൊതുകളുടെ സംയോജിതമായ കടികൾ കാരണം ആണ്.
2. പകൽ കോടതി ഗൗരവത്തിൽ ആണ്. രാത്രി സിമ്പിൾ ആണ്. കോട്ട് വാ ഇടുന്നവരുടെ എണ്ണം പകലിനെ കാൾ രാത്രി കൂടുതൽ ആണ്.
3. ഏറ്റവും വിഷമകരം ആയ കാര്യം. പകൽ നല്ല കാപ്പിയും, ബിസ്ക്കറ്റും ഒക്കെ കിട്ടും. രാത്രി നല്ല കുടിവെള്ളം പോലും ഇല്ല.
അവസാന രംഗങ്ങൾ
വിധി പറഞ്ഞ ശേഷം ജസ്റ്റിസ് സിക്രിയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് കോടതി മുറിയിൽ നിന്ന് പുറത്തേക്ക്. സത്യാപ്രതിജ്ഞ സ്റ്റേ ചെയ്തില്ല എങ്കിലും അഭിഷേക് മനു സിംഗ്‌വിയും സംഘവും സന്തോഷത്തോടെ കോടതിക്ക് പുറത്തേക്ക്. ആരോ അദ്ദേഹത്തിന്റെ അടുത്ത് എത്തി പറയുന്നത് കേൾക്കാമായിരുന്നു. “നാനി പാൽകീവാല കേശവാനന്ദ ഭാരതി കേസിൽ നടത്തിയത് പോലുള്ള വാദം ആയിരുന്നു. കൺഗ്രാറ്സ്”.
അറ്റോർണി ജനറൽ കെ കെ വേണുഗോപാലും ചിരിച്ച് കൊണ്ടാണ് കോടതിക്ക് പുറത്തേക്ക് വന്നത്. പ്രാക്ടീസ് തുടങ്ങി 64 വർഷംത്തിന് ഇടയിൽ, അർദ്ധരാത്രി കോടതിയിൽ വാദിക്കേണ്ടി വന്നത് ഇത് ആദ്യം. പുലർച്ചെ 5.40 ന് ആണ് കെ കെ വേണുഗോപാൽ നീതി ബാഗിലെ തന്റെ വസതിയിലേക്ക് മടങ്ങിയത്.
സുപ്രീം കോടതിയിൽ അർദ്ധരാത്രി മുകുൾ റോത്തഗി വാദിക്കുന്നത് ഇത് രണ്ടാം തവണ. ആദ്യ തവണ യാക്കൂബ് മേമന്റെ കേസിൽ അറ്റോർണി ജനറൽ എന്ന നിലയിൽ. കോടതി മുറിക്ക് പുറത്തേക്ക് കടക്കുമ്പോൾ മുകുൾ റോത്തഗി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട്, കോടതി ഈ ഹർജി അർദ്ധരാത്രി കേൾക്കേണ്ടത് ഇല്ലായിരുന്നു എന്ന് അഭിപ്രായപെടുന്നുണ്ടായിരുന്നു.
കണ്ട കാഴ്ചകൾ ഇവിടെ കൊണ്ടും തീരില്ല. പക്ഷേ സമയപരിമിതി കാരണം ഇവിടെ കൊണ്ട് നിറുത്തുക ആണ്.
(വാദം കഴിഞ്ഞ് രാവിലെ 5.30 കോടതിക്ക് പുറത്തേക്ക് വരുമ്പോൾ അമൽ തേനംപറമ്പൻ എടുത്ത ഫോട്ടോ ആണിത്. എന്റെ സുപ്രീം കോടതി റിപ്പോർട്ടിങ്ങിന് ഇടയിലെ ഏറ്റവും അമൂല്യമായ ചിതങ്ങളിൽ ഒന്ന്. അമൽ ന് പ്രത്യേക നന്ദി)