X

ആയുഷ് സമ്മേളനവും പ്രദര്‍ശനവും ജനു.13 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദുബൈ: ജനുവരി 13 മുതല്‍ 15 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ആയുഷ് (ആയുര്‍വേദം, യോഗ & നേചറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി) സമ്മേളനത്തിനും പ്രദര്‍ശന മേളക്കുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിട്ടുമാറാത്ത രോഗങ്ങളെ (എന്‍സിഡി) ചെറുക്കാനുള്ള ആയുഷ് ചികിത്സാ രീതികള്‍ പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയത്തിലാണ് മൂന്നു ദിവസത്തെ സമ്മേളനവും പ്രദര്‍ശനവും ഒരുക്കുന്നത്.

ഇന്ത്യന്‍ സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയില്‍ സയന്‍സ് ഇന്ത്യാ ഫോറവും (എസ്‌സിഎഫ്) വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും സംയുക്തമായാണ് ഈ പരിപാടി ഒരുക്കുന്നത്. എന്‍സിഡി രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ആരോഗ്യ പരിരക്ഷാ സംവിധാനമായി ആയുഷിനെ അവതരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആയുഷ് മേഖലയിലെ വിദഗ്ധര്‍ സംബന്ധിക്കും. 30ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രാക്റ്റീഷണര്‍മാര്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരടക്കം 1,300ലേറെ പ്രതിനിധികള്‍ സാന്നിധ്യമറിയിക്കുമെന്ന് സംഘാടകര്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആയുഷ് സഹ മന്ത്രി ഡോ. മഹേന്ദ്ര മുഞ്ജപര, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ക്ഷണിക്കപ്പെട്ട അതിഥികള്‍ നേതൃത്വം നല്‍കുന്ന 50ലധികം ചര്‍ച്ചകളും 300ലധികം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവുമുണ്ടാകും. 100ലധികം സ്റ്റാളുകളാണ് ആയുഷ് പ്രദര്‍ശനത്തിലുണ്ടാവുക.

ആയുഷ് ഫാര്‍മ, എഫ്എംസിജി-ജൈവ ഉല്‍പന്നങ്ങള്‍, ആയുഷ് സേവന ദാതാക്കള്‍, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന്റെ ഭാഗമാകും. മൂന്നു ദിവസങ്ങളിലെയും പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാം. പൊതുജന ബോധവത്കരണ പരിപാടികളുമുണ്ടാകും. ഇന്റര്‍നാഷണല്‍ ഡെലിഗേറ്റ് അസംബ്‌ളി(ഐഡിഎ)യും പരിപാടികളുടെ ഭാഗമായുണ്ടാകും. ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍, പാരമ്പര്യ-സമാന്തര ചികില്‍സാ (ടിസിഎഎം) റഗുലേറര്‍മാര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവരും പരിപാടിക്കെത്തുന്നതാണ്.

ട്രഡീഷനല്‍ കോംപ്‌ളിമെന്ററി & ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ എന്ന രീതിയില്‍ ആയുഷിലെ ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി, പ്രകൃതി ചികില്‍സ എന്നിവ 2002 മുതല്‍ യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
രണ്ടാമത് ആയുഷ് സമ്മേളനം ഈ മേഖലയില്‍ ഇന്ത്യാ-യുഎഇ ബന്ധങ്ങളെ

ശക്തിപ്പെടുത്തുമെന്ന് കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ മെഡിക്കല്‍ ടൂറിസം രംഗത്ത് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ആയുഷ് സമ്മേളനവും പ്രദര്‍ശനവും സഹായിക്കുമെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.

കോണ്‍സുല്‍ ജനറലിന് പുറമെ, എസ്‌ഐഎഫ് രക്ഷാധികാരി സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, ആയുഷ് കോണ്‍ഫറന്‍സ് ജന.സെക്രട്ടറി ഡോ. ശ്യാം, സാറാ അലി (ദി ഹാര്‍ട്ട് ഓഫ് യൂറോപ്), സഞ്ജയ് മെഹ്‌റിഷ് (ഹാര്‍ട്ട്ഫുള്‍നസ്), എസ്‌ഐഎഫ് വൈസ് പ്രസിഡന്റ് മോഹന്‍ ദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

webdesk14: