അയോധ്യയില്‍ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് 4 ശങ്കരാചാര്യന്മാര്‍ മാറി നില്‍ക്കുന്നുവെന്നറിയിച്ച സംഭവം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് കരുതിയെങ്കിലും, കാര്യമായ ചര്‍ച്ചകളൊന്നുമുണ്ടായില്ല. എന്തുകൊണ്ടാണ് നാലു പ്രമുഖ സന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടും സംഘപരിവാര്‍ അത് മുഖലവിലയ്ക്കെടുക്കാത്തത് എന്തുകൊണ്ടാണ് അവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കാത്തത് എന്ന സംശയം എല്ലാവര്‍ക്കുമുണ്ട്.
പുരിയില്‍ നിന്നുള്ള സ്വാമി നിശ്ചലാനന്ദ സരസ്വതിയും, ബദ്രിനാഥില്‍ നിന്നുള്ള സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയുമാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്നറിയിച്ച് രംഗത്തെത്തിയത്. ഇത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് മൂര്‍ച്ചകൂട്ടി.
ക്ഷേത്രത്തിന്റെ പണി പൂര്‍ണമായും തീരാതെ പ്രതിഷ്ഠ നടത്തുന്നത് ശരിയല്ല എന്നും ജനുവരി ഇരുപത്തിരണ്ട് തിരഞ്ഞെടുത്തത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്നുമായിരുന്നു സന്യാസിമാരുടെ വിമര്‍ശനം. പുരി, ബദ്രിനാഥ്, ദ്വാരക, ശൃങ്കേരി എന്നീ നാല് പ്രധാന മഠങ്ങളാണ് ആദി ശങ്കരാചാര്യര്‍ സ്ഥാപിക്കുന്നത്.
ഈ വിഭാഗത്തില്‍ നിന്നുള്ള സന്യാസിമാര്‍ കാലങ്ങളായി അധികാരത്തിനും പിന്തുടര്‍ച്ചാവകാശത്തിനുവേണ്ടിയും തമ്മില്‍തല്ലുന്നവരാണെന്ന പൊതുബോധമുണ്ടാക്കി നേരിടാനാണ് ബിജെപിയും സംഘപരിവാറും ശ്രമിച്ചത്. സാധാരണ ഹൈന്ദവ ആത്മീയ നേതാക്കളെ പിണക്കാത്ത ബിജെപി ഇവരുടെ കാര്യത്തില്‍ മാത്രം മുഖം തിരിച്ചത് മറ്റു കാരണങ്ങള്‍ കൊണ്ടാണ്.