X
    Categories: indiaNews

രാം മന്ദിറിനോളം വലുപ്പത്തില്‍ അയോധ്യയില്‍ പള്ളി പണിയും; കൂടെ ആശുപത്രിയും-വിവരങ്ങളുമായി ട്രസ്റ്റ്

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അനുവദിച്ച സുപ്രീം കോടതി വിധിയുടെ ഭാഗമായി മസ്ജിദ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. അയോധ്യയില്‍ രാം മന്ദിറിനോളം വലുപ്പത്തില്‍ പള്ളി നിര്‍മിക്കുമെന്നും സ്ഥലത്ത് ഒപ്പം ആശുപത്രി നിര്‍മാണവും നടക്കുമെന്നാണ് വിവരങ്ങള്‍. പള്ളി നിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിലെ ഒരു ഭാരവാഹിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് സ്ഥലത്ത് നടത്താനിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്.

മസ്ജിദ് നിര്‍മാണത്തിനായി അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളി ഉള്‍പ്പെടെ ഒരു ആശുപത്രിയും മ്യൂസിയവും ലൈബ്രറിയും നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘ധാന്നിപ്പൂരില്‍ നിര്‍മിക്കുന്ന പള്ളി ഉള്‍പ്പെടുന്ന സമുച്ചയത്തില്‍ ആശുപത്രി, ഇന്തോ-ഇസ്ലാമിക് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായ ഒരു മ്യൂസിയം ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും, ഇന്തോ ഇസ്ലാമിക് കൺച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറിയും വക്താവുമയ അത്താര്‍ ഹുസൈൻ വാര്‍ത്താ ഏജൻസിയോട് പറഞ്ഞു. പള്ളി നിര്‍മാണത്തിനായി സുപ്രിം കോടതി അനുവദിച്ച അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ഉത്തര്‍ പ്രദേശ് സുന്നി സെന്‍ട്രല്‍ വഖബ് ബോര്‍ഡ് രൂപീകരിച്ച ട്രസ്റ്റാണ് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രൊഫസറായ എസ് എം അക്തര്‍ ആയിരിക്കും പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആര്‍ക്കിടെക്റ്റ്. ഇന്ത്യയുടെ മൂല്യങ്ങളുടെയും ഇസ്ലാമിന്റെ ആത്മാവിന്റെയും സംയോജനമായിരിക്കും മോസ്‌ക് സമുച്ചയമെന്ന് നേരത്തെ എസ് എം അക്തര്‍ വ്യക്തമാക്കിയിരുന്നു. പുതിയ പള്ളി ആധുനിക കണ്ടംപൊററി രീതിയിലായിരിക്കുമെന്നും ബാബരി മസ്ജിദുമായി ഒരു സാമ്യവും ഉണ്ടായിരിക്കില്ലെന്നും അക്തര്‍ പ്രതികരിച്ചിരുന്നു.

റിട്ടയേഡ് പ്രൊഫസറും പ്രസിദ്ധ ഭക്ഷണനിരൂപകനുമായ പുഷ്‌പേഷ് പന്ത് ആയിരിക്കും മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍. 15000 ചതുരശ്ര അടി വലുപ്പം കരുതുന്ന മസ്ജിദിന് രാമക്ഷേത്രത്തോളം തന്നെ വലുപ്പമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

chandrika: