സുഫ്യാന്‍ അബ്ദുസ്സലാം
ബാബരി മസ്ജിദ് – രാമജന്മഭൂമി പ്രശ്‌നം വീണ്ടും സുപ്രീംകോടതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച ചോദ്യോത്തരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നടന്നത്. ബാബരി മസ്ജിദ് നില നിന്നിരുന്ന സ്ഥലം വളരെ നേരത്തെ ഹൈന്ദവ പുണ്യസ്ഥലമായിരുന്നുവെന്ന ഹിന്ദുത്വ കക്ഷികളുടെ വാദത്തെ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ച് ചോദ്യശരങ്ങള്‍ കൊണ്ടാണ് നേരിട്ടത്.
1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ പൊളിച്ച ‘കെട്ടിടം’ ബാബരി മസ്ജിദ് എന്ന പേരിലായിരുന്നല്ലോ അറിയപ്പെട്ടതെന്നും പിന്നീട് എന്നുമുതലാണ് അതിനു മാറ്റമുണ്ടായതെന്നുമുള്ള ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയുടെ ചോദ്യത്തിന് കക്ഷികള്‍ക്ക് മറുപടി നല്‍കാന്‍ സാധിച്ചില്ല. ഹൈന്ദവ ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ പള്ളി പണിതതെന്ന വാദത്തിനു തെളിവ് ഹാജരാക്കാനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അയോദ്ധ്യയും ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന പ്രദേശങ്ങളും ബുദ്ധമതം, ജൈനമതം, ഇസ്ലാം തുടങ്ങിയ നിരവധി മതങ്ങളുടെ സംഗമഭൂമിയാണെന്നാണ് ചരിത്രം പ്രതിഫലിപ്പിക്കുന്നതെന്നു ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡും കോടതിയില്‍ വാദത്തിനിടെ വ്യക്തമാക്കുകയുണ്ടായി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചില്‍ നിന്നും പ്രസക്തമായ കുറെ ചോദ്യങ്ങള്‍ തുടരെത്തുടരെ വന്നുതുടങ്ങിയപ്പോള്‍ ഹിന്ദുത്വ കക്ഷികള്‍ക്ക് വേണ്ടി ഹാജരായ സുപ്രീം കോടതി സീനിയര്‍ അഡ്വക്കേറ്റും പ്രമുഖ അഭിഭാഷകനുമായ സി. എസ്. വൈദ്യനാഥന് കൃത്യമായ ഉത്തരം നല്‍കാന്‍ സാധിച്ചില്ല. രാമജന്മഭൂമി എന്ന വിശ്വാസം നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസമാണെന്നും ഒട്ടേറെ സഞ്ചാരികള്‍ അവരുടെ യാത്രാവിവരണങ്ങളില്‍ പോലും ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നുമായിരുന്നു വക്കീലിന്റെ മറുപടി. രാമന്റെ ചരിത്രത്തെക്കുറിച്ചും അയോദ്ധ്യയിലെ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ചും ജോസഫ് ടിഫെന്തലര്‍, വില്യം ഫിഞ്ച്, മോണ്ട്‌ഗോമറി മാര്‍ട്ടിന്‍ തുടങ്ങിയ വിദേശികളുടെ യാത്രാവിവരണങ്ങളെ അവലംബമാക്കാനാണ് വൈദ്യനാഥന്‍ ശ്രമിച്ചത്. നിരവധി വൈദേശികാക്രമങ്ങള്‍ ഉണ്ടായിട്ടും ഈ സ്ഥലത്തെ കുറിച്ചുള്ള വിശ്വാസം ജനങ്ങളില്‍ നിന്നും മായ്ക്കാന്‍ സാധിച്ചില്ലെന്നത് തര്‍ക്കസ്ഥലത്ത് ക്ഷേത്രമുള്ളതിനു തെളിവാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിചിത്ര വാദം. വിദേശ സഞ്ചാരികള്‍ക്ക് ഇക്കാര്യത്തില്‍ കളവ് പറയേണ്ടതില്ലാത്തതിനാല്‍ അവരുടെ രേഖകള്‍ വിശ്വസിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. എന്നാല്‍ ജോസഫ് ടിഫെന്തലറിന്റെ രേഖയില്‍ ഈ പ്രദേശത്തുള്ള ക്ഷേത്രം തകര്‍ക്കപ്പെട്ടതിനെ കുറിച്ചു വന്ന പരാമര്‍ശങ്ങളിലെ വൈരുധ്യങ്ങള്‍ ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടിയത് അദ്ദേഹത്തിന് തിരിച്ചടിയായി.
ബാബരി മസ്ജിദ് കമ്മറ്റിക്ക് വേണ്ടി വളരെക്കാലമായി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍, ബാബറിന്റെ അയോദ്ധ്യ സന്ദര്‍ശനം ചരിത്രപരമായി സ്ഥിരപ്പെട്ടതാണെന്നു ഭരണഘടന ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി. ‘ബാബര്‍നാമയില്‍ അതിനെസംബന്ധിച്ച് പരാമര്‍ശമില്ലെന്നു വാദിക്കുന്നവര്‍ ബാബര്‍ അയോദ്ധ്യ നദി മുറിച്ചുകടന്നതായി അതില്‍ പരാമര്‍ശമുള്ളതിനെ കാണാതെ പോകരുത്. ബാബര്‍നാമയിലെ രണ്ടു പേജുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നുകൂടി നാം അറിയേണ്ടതുണ്ട്’. ധവാന്‍ പറഞ്ഞു.
സഞ്ചാരികളുടെ യാത്രാവിവരണങ്ങള്‍ക്ക് പുറമെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഉല്‍ഖനന രേഖയെ അവലംബമാക്കി നേരത്തെ അവിടെ ഹൈന്ദവക്ഷേത്രമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനായിരുന്നു പിന്നീട് സി എസ്. വൈദ്യനാഥന്‍ കാര്യമായും ശ്രമിച്ചത്. മറ്റു ചോദ്യങ്ങള്‍ക്കോ മറുവാദങ്ങള്‍ക്കോ കാര്യമാത്രപ്രസക്തമായ ഒരു മറുപടിയും നല്‍കാന്‍ ആഗസ്റ്റ് 13 നു നടന്ന വാദം കേള്‍ക്കലില്‍ അദ്ദേഹം തയ്യാറായില്ല.
ആഗസ്റ്റ് 16 നു വാദം തുടര്‍ന്നപ്പോള്‍ സുപ്രീംകോടതി ഹിന്ദുത്വ കക്ഷികളോട് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ബാബരി മസ്ജിദ് പണിതതെന്ന വാദം തെളിയിക്കാനാവശ്യമായ തെളിവുകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ‘കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളിലായി നമ്മുടെ നദീതീരങ്ങളില്‍ വ്യത്യസ്തങ്ങളായ നാഗരികതകള്‍ മാറി മാറി വന്നിട്ടുണ്ട്. ഓരോ കെട്ടിടങ്ങളും അവയ്ക്ക് മുമ്പുണ്ടായിരുന്നതിന്റെ ഘടനക്കനുസരിച്ചാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ബാബരി മസ്ജിദ് നിര്‍മ്മിച്ചത് ചില അവശിഷ്ടങ്ങള്‍ക്കും തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ക്കും മുകളിലാണ് പണിതതെന്നു പറയുന്നവര്‍ ആ തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ക്കും മതപരമായ സ്വഭാവമുണ്ടായിരുന്നുവെന്ന് തെളിയിക്കണം.’ ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡന്‍ അഡ്വ: വൈദ്യനാഥനോട് ആവശ്യപ്പെട്ടു.
ബാബരി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത് മറ്റൊരു ക്ഷേത്രം തകര്‍ത്തിട്ടാണെന്നും അത് ശ്രീരാമന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെന്നുമുള്ള വൈദ്യനാഥന്റെ വാദങ്ങള്‍ തെളിവുകളിലൂടെ സ്ഥാപിക്കാന്‍ ജസ്റ്റിസ് എസ്. എ. ബോബ്ഡെ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ അങ്ങനെ തെളിയിക്കാനാവശ്യമായ ഒന്നുമില്ലെന്ന് വൈദ്യനാഥന്‍ ബോധിപ്പിച്ചു. അതേസമയം ഭൂഗര്‍ഭത്തില്‍ കണ്ടെത്തിയ കെട്ടിടാവശിഷ്ടങ്ങള്‍ ബി സി രണ്ടാം നൂറ്റാണ്ടിലേതാണെന്നു സ്ഥിരീകരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉല്‍ഖനന റിപ്പോര്‍ട്ടിലുണ്ടെന്ന് മാത്രമാണ് അദ്ദേഹത്തിന് പറയാന്‍ സാധിച്ചത്. ‘ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും ധാരണയും ”സാധ്യതകളുടെ മുന്‍തൂക്കവും’ (ുൃലുീിറലൃമിരല ീള ുൃീയമയശഹശശേല)െ കാണിക്കുന്നത് ഇത് തീര്‍ച്ചയായും ഒരു രാമക്ഷേത്രമായിരുന്നു എന്നാണ്. 1992 ഡിസംബര്‍ 6 ന് കര്‍സേവകര്‍ പൊളിക്കുന്നതിനുമുമ്പ് – ബാബ്‌റി മസ്ജിദ് ഘടനയില്‍ നിന്ന് കണ്ടെത്തിയ ശില്‍പങ്ങളുടേയും ചിത്രങ്ങളുടെയും ഫോട്ടോകള്‍ വൈദ്യനാഥന്‍ സമര്‍പ്പിച്ചു. ഈ ചിത്രങ്ങളും ശില്‍പങ്ങളും യഥാര്‍ത്ഥത്തില്‍ ഹൈന്ദവസമൂഹത്തിന്റെ ദിവ്യ പവിത്രതയുടെ ഒരിടമാണെന്ന് സൂചിപ്പിക്കുന്നു’. അഡ്വ: വൈദ്യനാഥന്‍ പറഞ്ഞൊപ്പിച്ചത് ഇങ്ങനെയായിരുന്നു. ഒട്ടും വ്യക്തതയില്ലാത്ത ചില ഊഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ള മറുപടികള്‍ മാത്രമാണ് അദ്ദേഹം നല്‍കിക്കൊണ്ടിരുന്നത്.
സിംഹങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഗരുഡന്റെ ചിത്രം അദ്ദേഹം കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചുകൊണ്ട് ഇത്തരം ചിത്രങ്ങള്‍ ഇസ്ലാമിക വിശ്വാസത്തിനും സംസ്‌കാരത്തിനും എതിരായതുകൊണ്ടുതന്നെ ഇത് മുസ്ലിം പള്ളിയായിരുന്നില്ലെന്നാണ് ബോധ്യമാകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഊഹം. മുസ്ലിംകള്‍ കുറേക്കാലം അവിടെ ആരാധന നിര്‍വഹിച്ചുവെന്നതുകൊണ്ട് അതവര്‍ക്ക് അവകാശപ്പെടുന്നില്ല. ആരെങ്കിലും തെരുവുകള്‍ കുറേകാലം ആരാധനക്കായി ഉപയോഗിച്ചാല്‍ അത്തരം തെരുവുകള്‍ അവര്‍ക്കവകാശപ്പെട്ടതാണെന്നു പറയാന്‍ സാധിക്കുമോ? ഇങ്ങനെയുള്ള ചില യുക്തികള്‍ കൊണ്ട് ഓട്ടയടക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്.
ചിത്രങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു: ”ഇവ ഏതെങ്കിലും മനുഷ്യരുടെയോ മൃഗങ്ങളുടെയോ പ്രതിമകള്‍ മാത്രമായിരിക്കാം, ഇവ ദൈവികമായ എന്തിനെയെങ്കിലും പ്രതിനിധീകരിക്കുമെന്ന് എങ്ങനെ പറയാന്‍ സാധിക്കും?’ നൂറ്റാണ്ടുകളായി ഹിന്ദുക്കളുടെ പുണ്യസ്ഥലമാണെന്ന് തെളിയിക്കാന്‍ തര്‍ക്കപ്രദേശത്ത് നിന്ന് കണ്ടെടുത്തുവെന്നു പറയപ്പെടുന്ന 100 ചിത്രങ്ങളില്‍ നിന്ന് വൈദ്യനാഥന്‍ സമര്‍പ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ചിത്രം പരിശോധിച്ച ശേഷമാണ് ജഡ്ജിയുടെ ഈ പരാമര്‍ശം എന്നോര്‍ക്കേണ്ടതുണ്ട്. വീണ്ടും അഡ്വ: വൈദ്യനാഥന്‍ പുരാവസ്തു ഗവേഷണവിഭാഗത്തിന്റെ പരാമര്‍ശങ്ങളെ ആശ്രയിക്കുകയാണുണ്ടായത്.
ബാബരി മസ്ജിദ് കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ഹിന്ദുത്വ കക്ഷികള്‍ക്ക് വാദിക്കാന്‍ കോടതി കുറെ അധികം ദിവസങ്ങള്‍ അനുവദിക്കുന്നതായി പരാതിപ്പെട്ടു. എന്നിട്ടും ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ സ്വന്തം വാദത്തെ ബലപ്പെടുത്താനാവശ്യമായ എന്തെങ്കിലും വസ്തുനിഷ്ഠമായ തെളിവുകളോ രേഖകളോ ഹാജരാക്കിയിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാദങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കോടതിക്ക് ഒരു ധൃതിയുമില്ലെന്നും വാദിക്കുന്ന അഭിഭാഷകര്‍ക്ക് എത്ര സമയം വേണമെങ്കിലും അനുവദിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി വാദം കേള്‍ക്കാതിരുന്ന ഈ പരാതികളില്‍ ആഴ്ചയില്‍ അഞ്ചുദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ വാദങ്ങള്‍ കേള്‍ക്കുവാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാരികളുടെയും ചില ചരിത്രകാരന്മാരുടെയും ഗ്രന്ഥങ്ങള്‍ വായിച്ചുകൊണ്ട് തര്‍ക്കസ്ഥലത്ത് നേരത്തെ ക്ഷേത്രമുണ്ടായിരുന്നുവെന്നു സമര്‍ത്ഥിക്കാന്‍ വൃഥാവേല നടത്തിക്കൊണ്ടിരുന്ന അഡ്വ: വൈദ്യനാഥന്റെ ശ്രമങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് ചാടിച്ചാടി പോകുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് അഡ്വ: രാജീവ് ധവാന്‍ വിശേഷിപ്പിച്ചത് ‘വീു സെശു മിറ ഷൗാു’ എന്നായിരുന്നു. ശ്രീ വൈദ്യനാഥനോട് അവ മുഴുവന്‍ വായിക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്ന് രാജീവ് ധവാന്‍ ശക്തമായി ആവശ്യപ്പെട്ടു. മറുവാദം സമര്‍പ്പിക്കുമ്പോള്‍ താങ്കള്‍ക്ക് അതിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാമെന്ന് ധവനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.