Connect with us

kerala

മധുവിന്റെ മാതാവ് മല്ലിയമ്മ: ഒരു പെൺപോരാളിയുടെ വിജയകഥ

മകനെ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ പോരാട്ടത്തിൻ്റെ കഥ ഏറെ കേട്ടതാണ് മലയാളി. ഇവിടെ ഇതാ കൊല്ലപ്പെട്ട മകനു വേണ്ടി നിരന്തരം പോരാടി വിജയിച്ച ഒരമ്മയുടെ കഥ.

Published

on

അട്ടപ്പാടി മധു – അറിയപ്പെടാത്ത ജീവിത കഥ . സംസ്ഥാന സർക്കാർ നിരന്തരം പ്രതികൾക്ക് അനുകൂലമായി പ്രോസിക്യൂട്ടർമാരെ നിയമിക്കാതെ കളിച്ച കള്ളക്കളിയുടെ ചിത്രം കൂടിയാണ് മധു വധക്കേസ് അനാവരണം ചെയ്യുന്നത്.

അട്ടപ്പാടി ചിണ്ടക്കി പഴയൂരിൽ ചിന്നമാരി മകൻ മല്ലൻ്റേയും, കടുകുമണ്ണ ഊരിലെ മാരി മകൾ മല്ലിയുടേയും മകനായി ചിണ്ടക്കി പഴയൂരിലെ പുല്ല് മേഞ്ഞ കുടിലിൽ 1983 മെയ് 25 നാണ് മധു ജനിക്കുന്നത്.. 1990 ജൂൺ ഒന്നിന് ചിണ്ടക്കി GTWLP സ്കൂളിൽ ഒന്നാം ക്ലാസിൽ അധ്യയനം ആരംഭിച്ചു. മധു 2 ൽ പഠിക്കുമ്പോൾ അഛൻ മല്ലൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഭർത്താവിൻ്റെ മരണശേഷം മറ്റ് ബന്ധുക്കളുടെ ഉത്തരവാദിത്തം ഇല്ലായ്മയും, പരിസരവാസികളുടെ സാമൂഹ്യ വിരുദ്ധ സ്വഭാവവും മൂലം മകൻ്റെ അധ്യയനവും, ജീവിതവും ഒരുമിച്ച് കൊണ്ടുപോവുക അസഹ്യമായപ്പോൾ ചിണ്ടക്കി സ്കൂളിൽ നിന്നും TC വാങ്ങി മകനെ കൂക്കമ്പാളയം GLPS ൽ 3 ൽ ചേർത്തു. ഒപ്പം പാക്കുളത്ത് ക്രിസ്ത്യൻ മിഷണറിമാർ നടത്തിയിരുന്ന ഹോസ്റ്റലിലും ആക്കി.

ആ സമയത്ത് (1995) താമസിച്ചിരുന്ന പുൽക്കുടിൽ കാറ്റും , മഴയുമേറ്റ് തകർന്നു വീണതിനെ തുടർന്ന് മല്ലിയമ്മ സ്വന്തം ഊരായ കടുകുമണ്ണയിലേക്ക് മടങ്ങി. അവിടെ മല്ലിയമ്മയുടെ അഛനും, അമ്മയും ഉണ്ട്. ഇതിനിടയിൽ ഇളയ രണ്ട് പെൺമക്കളേയും ( സരസു, ചന്ദ്രിക) മല്ലിയമ്മ MRS ൽ ചേർത്തിരുന്നു. നാലാം ക്ലാസ് പാസായ മധു അതിനോട് അനുബന്ധമായിട്ടുള്ള UP സ്കൂളിൽ 5 ൽ പഠനം തുടരുന്നുമുണ്ടായിരുന്നു.

ഉൾവനത്തിലെ ഊരായ കടുകുമണ്ണയിൽ നിന്നും മകൻ താമസിക്കുന്ന പാക്കുളത്തേക്ക് മണിക്കൂറുകൾ കാൽനടയായി യാത്ര ചെയ്യണം എന്നതിനാലും (അവിടത്തെ ഏക യാത്രാ സംവിധാനമായ ജീപ്പിൽ പോകാൻ പണമില്ല എന്നതും മറ്റൊരു സത്യം), വൃദ്ധരായ മാതാപിതാക്കൾ അല്ലാതെ തുണക്ക് മറ്റാരും ഇല്ല എന്നതിനാലും അഞ്ചാം ക്ലാസ് കഴിഞ്ഞ മധുവിനെ കൂക്കമ്പാളയം സ്കൂളിൽ നിന്നും 1.6.1996 ൽ ചിണ്ടക്കി AAHS ൽ ആറിൽ ചേർത്തു. എന്നാൽ അമ്മയുടെ കഷ്ടപ്പാട് കണ്ട് സങ്കടപ്പെട്ട മധു ഇടക്ക് വെച്ച് പഠനം അവസാനിപ്പിച്ച് അമ്മയെ സഹായിക്കാനിറങ്ങി.

ആ സമയത്ത് ഊരിന് കുറച്ച് അകലെ ഉള്ള അവരുടെ പഞ്ചക്കാട്ടിൽ ( കൃഷി ചെയ്യുന്നതിന് വേണ്ടി വനത്തിൽ അവർക്ക് ലഭ്യമായിട്ടുള്ള സ്ഥലം ) തനത് ധാന്യങ്ങളായ ചാമ,കോറ, റാഗി, തുവര എന്നിവ കൃഷി ചെയ്തും, വനവിഭവങ്ങൾ ശേഖരിച്ച് വിറ്റും ഒക്കെയാണ് മല്ലിയമ്മ ജീവിതം മുമ്പോട്ട് കൊണ്ടു പോയിരുന്നത്. ശേഖരിച്ച വനവിവങ്ങൾ വില്കുന്നതിനായി കടുകുമണ്ണ ഊരിൽ നിന്നും കിലോമീറ്ററുകൾ അകലെ ഉള്ള ചിണ്ടക്കിയിലെ സൊസൈറ്റിയിലേക്കും, അവിടെ നിന്നും കിട്ടുന്ന പണവുമായി മുക്കാലിയിലെത്തി പലവ്യഞ്ജനങ്ങൾ വാങ്ങിയുള്ള മടക്കയാത്രയിലും, വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിലൂടെയുള്ള യാത്രകളിൽ തുണയായും, സഹായിയായും മധു കൂട്ട് വന്നിട്ടുള്ള കഥകൾ പറയുന്ന സന്ദർഭങ്ങളിലെല്ലാം മല്ലിയമ്മയുടെ കണ്ണുകൾ നിറയുന്നത് ഏറെ വേദനയോടെയേ ആർക്കും കണ്ടിരിക്കാൻ കഴിയൂ.

മല്ലിയമ്മയുടെ സഹോദരങ്ങൾ എല്ലാവരും വിവാഹിതരായി വേറെ താമസം ആയതിനാൽ വൃദ്ധ മാതാപിതാക്കൾക്ക് ആ സമയങ്ങളിൽ തുണയായി മല്ലിയമ്മയും, മധുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ അവശയായ അമ്മ ഏതോ ഒരു നിമിഷത്തിൽ മല്ലിയമ്മയോട് പറഞ്ഞു – മകളേ നിൻ്റെ സഹോദരങ്ങളെല്ലാം കുടുംബമായി വേറെ ആണ് താമസം. അതു കൊണ്ട് ഞാൻ മരിച്ചാൽ അഛന് തുണയായി നീയ് ഇവിടെ തന്നെ ഉണ്ടാകണം എന്ന്. അധികം വൈകാതെ അമ്മ മരിച്ചു. അഛന് തുണയായി മല്ലിയമ്മഊരിൽ തന്നെ തുടർന്നു.

ആ സമയത്താണ് lTDP അട്ടപ്പാടിയിലെ കുറച്ച് ആദിവാസിക്കുട്ടികളെ പാലക്കാട് പുതുപ്പരിയാരത്ത് അയച്ച് മരപ്പണി പഠിപ്പിക്കുന്നതിനായി പരസ്യം നൽകിയത് മല്ലിയമ്മ അറിയുന്നത്. പഠനം പാതിവഴിക്ക് മുടങ്ങി എങ്കിലും മകന് നല്ല ഒരു ഭാവി ഉണ്ടാകണം എന്ന് ആഗ്രഹിച്ച മല്ലിയമ്മ മധുവിന് വേണ്ടിയും അപേക്ഷിച്ചു.അങ്ങിനെ 2001- 2002 കാലയളവിൽ കാർപ്പൻ്ററി പഠിക്കാനായി മധു പുതുപ്പരിയാരത്തേക്ക് പോയി.എന്നാൽ കേവലം 3 മാസക്കാലം മാത്രമേ മധുവിന് അവിടെ തുടരാൻ കഴിഞ്ഞുളളൂ. വിഷാദ രോഗാവസ്ഥയിൽ മധു അവിടെ നിന്നും മടങ്ങി വന്നതിൻ്റെ കാരണം ഇന്നും അജ്ഞാതമാണ്. അതുവരെ സഹോദരങ്ങളും, കൂട്ടുകാരുമൊക്കെയായി കളിച്ച് ചിരിച്ച് നടന്ന മധു പെട്ടെന്ന് മൗനിയായി. ഏകാന്തതയിൽ ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടുന്ന മാനസീക അവസ്ഥയിലേക്ക് അവൻ മാറി ( ദൈവം ചെവിയിൽ കൂടെക്കൂടെ സ്വകാര്യമായി എന്തോ പറയുന്ന സ്വഭാവമായിരുന്നു മധുവിൻ്റെ അസുഖത്തിൻ്റേതെന്ന മധുവിനെ ചികിത്സിച്ച ഡോക്ടറുടെ കോടതിയിലെ മൊഴി ഇത്തരുണത്തിൽ പ്രസക്തമാണ് ).

ഇതിനിടെ ഞാൻ മരിച്ചാൽ നീയിവിടെ ഒറ്റപ്പെട്ടു പോകും. അതു കൊണ്ട് എൻ്റെ മരണശേഷം നീയ് ഭർത്താവിൻ്റെ ഊരായ ചിണ്ടക്കി പഴയൂരിലേക്ക് തന്നെ മടങ്ങണം എന്ന് അഛൻ മല്ലിയമ്മയോട് പറയുകയുണ്ടായി. 2005 ൽ അഛനും മരിച്ചു. തുടർന്ന് മധുവിനേയും കൂട്ടി മല്ലിയമ്മ ചിണ്ടക്കിയിലെത്തി. അവിടെത്തിയപ്പോൾ തങ്ങളുടെ ഭൂമിയിൽ മുഴുവൻ ആരോ വാഴ നട്ടിരിക്കുന്നതാണ് മല്ലിയമ്മ കാണുന്നത്. ജോലിക്കാർക്ക് താമസിക്കുന്നതിനായി അവിടെ നിർമ്മിച്ചിട്ടുള്ള ഷെഡ്ഡ് തനിക്ക് താമസിക്കുന്നതിനായി വിട്ടുതരണം എന്ന് വാഴകൃഷി ചെയ്ത ആളോട് മല്ലിയമ്മ ആവശ്യപ്പെട്ടു. മറ്റ് പ്രശ്നങ്ങൾ ഉണ്ടാകുമോ, ഇല്ലയോ എന്ന് ആശങ്കപ്പെട്ടതു കൊണ്ടാണോ എന്നറിയില്ല – അയാൾ സമ്മതിച്ചു.

മധുവിൻ്റെ അവസ്ഥക്ക് അപ്പോഴും മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. 2008 ഫെബ്രുവരി മുതൽ മധുവിനെ പല തവണ അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. 13.8.08 മുതൽ 17.8.08 വരെയുള്ള ദിവസങ്ങളിൽ അവിടെ കിടത്തി ചികിത്സയും നടത്തി. ശേഷം മരുന്നുകളുമായി വീട്ടിലേക്ക് മടങ്ങി എങ്കിലും സമയാസമയങ്ങളിൽ മരുന്ന് കഴിക്കാൻ മധു വിസമ്മതിച്ചതു മൂലം അസുഖത്തിന് കാര്യമായ വ്യത്യാസം ഉണ്ടായില്ല. മാത്രമല്ല ഇടക്കിടെ വീട് വിട്ട് കാട്ടിൽ പോയി ഒറ്റക്ക് താമസിക്കുന്ന രീതിയും മധു തുടങ്ങി.

2010 ൽ മൂത്ത മകൾ സരസുവിൻ്റെ വിവാഹശേഷം മരുമകൻ്റെ കൂടി സഹായത്തോടെ 20.5.2012 ൽ മധുവിനെ കോഴിക്കോടുള്ള കുതിരവട്ടം മാനസികരോഗാശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി. അവിടെയും കിടത്തി ചികിത്സ നടത്തിയ ശേഷം വീട്ടിലിരുന്ന് കഴിക്കാനുള്ള മരുന്നുകളുമായി മടങ്ങി എങ്കിലും പതിവ് പോലെ മരുന്ന് കഴിക്കുന്നതിലുള്ള വിമുഖതയും, ഇടക്കിടെ വനത്തിൽ പോയി ഒറ്റക്ക് താമസിക്കുന്ന സ്വഭാവവും മൂലം മധുവിൻ്റെ അവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടായില്ല.

2014 ഓടെ മധുവിൻ്റെ താമസം പൂർണമായും വനത്തിൽ ആയി.അതിനു ശേഷം 2018 വരെയുള്ള കാലയളവിൽ ഏതാണ്ട് 2-3 തവണ മാത്രമേ മകനെ മല്ലിയമ്മ കണ്ടിട്ടുള്ളു. ശേഷം 2018 ഫെബ്രു.22 വൈകിട്ട് ഏകദേശം 6 മണിയോടെ മധുവിനെ ആരൊക്കെയോ ചേർന്ന് തല്ലിക്കൊന്നു എന്ന വാർത്തയാണ് മല്ലിയമ്മ കേൾക്കുന്നത്.

അന്നു തൊട്ട് ഇന്നേ വരെ മകൻ്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് മല്ലിയമ്മ. ഒരുപാട് ഭീഷണികളെയും, അവഗണനകളെയും അവഗണിച്ച് പ്രതിസന്ധികൾക്കിടയിലും മൂത്ത മകൾ സരസുവിനെ പ്ലസ് ടു വരെയും, ഇളയവൾ ചന്ദ്രികയെ ഡിഗ്രി വരെയും പഠിപ്പിക്കാൻ കഴിഞ്ഞു എന്നിടത്ത് മല്ലിയമ്മ വ്യത്യസ്തയാകുന്നു. ഒപ്പം തന്നെ മകനോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിൽ മൂത്തവളെ നമുക്ക് കളക്ടറാക്കണം, ഇളയവളെ നമുക്ക് ഡോക്ടറാക്കണം എന്നൊക്കെ മധു പറയുമായിരുന്നു എന്ന് നിറകണ്ണുകളോടെയും, വിതുമ്പലോടെയും മല്ലിയമ്മ പറയുമ്പോൾ പിടക്കുന്ന മനസോടെയേ എനിക്കും കേട്ടിരിക്കാൻ കഴിയുമായിരുന്നുള്ളൂ.

kerala

‘ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാർ ജാമ്യം കിട്ടിയാലുടൻ കേക്കുമായി ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’: സന്ദീപ് വാര്യർ

കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

Published

on

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംഘ്പരിവാറിന്റെ ക്രൈസ്തവസ്നേഹത്തെ പരിഹസിച്ച് സന്ദീപ് വാര്യർ. കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

‘സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

പാലക്കാട് നല്ലേപ്പുള്ളി ഗവ. യു.പി സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ പേരിലാണ് സംഘപരിവാർ പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ വി.എച്ച്‌.പി പ്രവർത്തകർ, പ്രധാന അധ്യാപികയേയും അധ്യാപകരേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃത൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

Continue Reading

kerala

വയനാട് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍

വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും.

Published

on

വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും. വയനാട് പുനരധിവാസ പദ്ധതിയുടെ ചര്‍ച്ച്ക്കായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ചീഫ് സെക്രട്ടറി പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. ഒന്ന് കല്‍പ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ് നിര്‍മ്മിക്കുക. രണ്ട് ടൗണ്‍ഷിപ്പുകളും ഒറ്റഘട്ടമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 1000 സ്‌ക്വയര്‍ ഫീറ്റുളള ഒറ്റനില വീടുകളാകും നിര്‍മ്മിക്കുക. 750 കോടിരൂപയാണ് എല്ലാ സൗകര്യങ്ങളോടും കൂടിയുളള ടൗണ്‍ഷിപ്പുകള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ വിവരങ്ങലും കരട് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു.

സഹായ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. 50 വീടുകള്‍ മുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി കണക്കാക്കും. പുനരധിവാസ പദ്ധതി അടുത്ത വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Continue Reading

kerala

‘മേയര്‍ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Published

on

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമാണെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഈ സ്ഥിതിയിലാണെങ്കില്‍ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

സമ്മേളനത്തില്‍ എസ്എഫ്ഐക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

 

Continue Reading

Trending