ടി.വി ഇബ്രാഹീം എം.എല്‍.എ
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള സമ്മേളനമായിരുന്നു നവംബര്‍ 11 ന് അവസാനിച്ച 15 ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം. നിയമ നിര്‍മാണ സഭയില്‍ പ്രതിപക്ഷം നിര്‍വഹിച്ച ഉത്തരവാദിത്വത്തിന്റെയും, സഹകരണത്തിന്റെയും വേറിട്ട മാതൃക ഇതില്‍ ദര്‍ശിക്കാനാവും. നിയമനിര്‍മാണത്തിന് വേണ്ടിയാണ് സഭാസമ്മേളനം പ്രധാനമായും ചേര്‍ന്നത്. ബില്ലുകളുടെ അവതരണ സമയത്തും അതിന്റെ ഭേദഗതി അവതരിപ്പിക്കുമ്പോഴും എത്ര സമയം സംസാരിക്കാനും അംഗങ്ങള്‍ക്ക് അവകാശ മുണ്ട്. ഒരു ബില്ലിന്റെ ചര്‍ച്ചപോലും രാവേറെ നീണ്ട ചരിത്രം നമ്മുടെ നിയമനിര്‍മാണസഭയില്‍ തന്നെയുണ്ട്. അങ്ങനെയിരിക്കെയാണ് ചെയറിന്റെ നിര്‍ദ്ദേശം അനുസരിച്ചുള്ള സമയ ക്ലിപ്തത പാലിക്കാന്‍ പ്രതിപക്ഷം തയ്യാറായത്.
അവതരിപ്പിച്ച ബില്ലുകളില്‍ ഭൂരിഭാഗവും ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളായിരുന്നു. 35 ബില്ലുകള്‍ പാസാക്കുകയും 2021ലെ കേരള പൊതുജനാരോഗ്യ ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ബില്ലിന്റെ ചര്‍ച്ചയില്‍ മാത്രം 255 അംഗങ്ങള്‍ പങ്കെടുത്തു. തുടക്കം തൊട്ട് പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ എതിര്‍പ്പുന്നയിച്ച പബ്ലിക് സര്‍വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സര്‍വീസുകള്‍ സംബന്ധിച്ച് കൂടുതല്‍ ചുമതലകള്‍) ബില്ലും ഭരണപക്ഷത്തിന് ഭൂരിപക്ഷമുണ്ട് എന്ന ബലത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് വോട്ടിങ്ങിലൂടെ അവര്‍ പാസാക്കി എടുത്തു. 18934 ഭേദഗതികളാണ്ട് നിര്‍ദ്ദേശിക്കപ്പെട്ടത് എങ്കിലും 291 എണ്ണമെ അംഗീകരിക്കപ്പെട്ടിട്ടൊള്ളൂ. അംഗീകരിക്കപ്പെട്ട ഭേദഗതികളില്‍ മുസ്‌ലിം ലീഗ് അംഗങ്ങളായ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി, പി.കെ. ബഷീര്‍ എന്നിവരുടേതായിരുന്നു ഏറെയും. ബില്ലുകള്‍ക്ക് പുറമേ 19 അടിയന്തരപ്രമേയ നോട്ടീസുകളും, 39 ശ്രദ്ധ ക്ഷണിക്കലുകളും 199 സബ്മിഷനുകളും സഭയില്‍ ഉന്നയിക്കപ്പെട്ടു. 478 സഭാരേഖകളില്‍ സമര്‍പ്പിച്ച സമ്മേളനത്തില്‍ 7360 ചോദ്യങ്ങളും അംഗങ്ങള്‍ ഉന്നയിച്ചു. ബില്ലുകളില്‍ തടസവാദവും ക്രമ പ്രശ്‌നങ്ങളും ഉന്നയിക്കുന്നതില്‍ അഡ്വ. എന്‍. ഷംസുദ്ദീനും മികച്ചു നിന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ഉന്നയിച്ച ജനകീയ പ്രശ്‌നങ്ങള്‍ ഏറെ ഗൗരവമുള്ളതായിരുന്നു. കേരളീയ പൊതു സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഈ അവതരണ ശൈലിയെ സ്വീകരിച്ചത്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് വരും ദിവസങ്ങളില്‍ തെളിയിക്കപ്പെട്ടു. മൂല്ലപ്പെരിയാറില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരെ നിലപാടെടുത്ത ഉദ്യാഗസ്ഥരെ ആദ്യം ന്യായീകരിച്ച മന്ത്രിക്ക് പിന്നീട് തള്ളിപ്പറയേണ്ടി വന്നു. പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥ, ലൈഫ്മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മാണം വൈകുന്നത്, സ്ത്രീകളോടും കുട്ടികളോടും ദളിത് വിഭാഗങ്ങളോടും ഭരിക്കുന്നവര്‍ കാണിക്കുന്ന സമീപനം എന്നിവ സഭയെ ശബ്ദമുഖരിതമാക്കുകയുണ്ടായി. മലബാറിലെ ഉപരിപഠന സീറ്റുകളിലെഅപര്യാപ്തത ഈ സഭാസമ്മേളനത്തിന്റെ തുടക്കം തൊട്ടേ പ്രതിപക്ഷം ഉന്നയിച്ചു. അടിയന്തര പ്രമേയമായി ഒന്നിലേറെത്തവണ സഭയില്‍ കൊണ്ടുവരാനായി. ഡോ.എം.കെ.മുനീറിന്റെ അടിയന്തിര പ്രമേയം വിഷയത്തിന്റെ പ്രാധാന്യം സഭയില്‍ എത്തിക്കാന്‍ സഹായകരമായി. പ്രതിപക്ഷ ഇടപെടലിനെ തുടര്‍ന്നാണ് അധിക സീറ്റ് പ്രഖ്യാപിച്ചതും , അവശ്യമെങ്കില്‍ അധിക ബാച്ച് നല്‍കാം എന്ന് സമ്മതിച്ചതും.വഖഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടുന്നത് സംബന്ധിച്ച ബില്ലിന്റെ പരിഗണനാ വേളയില്‍ തന്നെ ശക്തമായ വിയോജിപ്പാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. മുസ്‌ലിം ലീഗ് എം.എല്‍.എ.മാര്‍ തടസവാദം ഉന്നയിച്ചുകൊണ്ട് ബില്ലിന്റെ പിന്നിലെ കുതന്ത്രങ്ങള്‍ തുറന്നുകാട്ടി. ബില്‍ വോട്ടിനിടുന്നതിന് മുമ്പ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി ഈ ബില്‍ പാസായാലുള്ള അപകടം ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചു. ഹജ്ജ് എമ്പാര്‍ക്കേഷന്‍ കരിപ്പൂര്‍ വിമാനതാവളത്തില്‍ നിലനിര്‍ത്തണമെന്ന എന്റെ നിയമസഭാ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും ഇതിന്നായി പ്രത്യേക ഹജ്ജ് കന്മറ്റി യോഗം ചേരുമെന്നും ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കി.
കേരള വിദ്യാഭാസ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നിരുപദ്രവം എന്ന് തോന്നുന്ന ഭേദഗതികള്‍ സഭയുടെ മുമ്പാകെ വന്നു. ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകള്‍ ഒന്നാക്കുന്നതും ചില ഹിഡന്‍ അജണ്ട നിറവേറ്റാനുമായിരുന്നു ഈ ബില്‍ കൊണ്ട് വന്നത്. 2009 ലെ വിദ്യഭ്യാസ അവകാശ നിയമം കേരളത്തില്‍ എങ്ങിനെ നടപ്പാക്കണം എന്നതിന് വേണ്ടി നിയമിച്ച ഖാദര്‍ കമ്മറ്റി ശുപാര്‍ശയെ തുടര്‍ന്നാണ് ഭേദഗതി കൊണ്ട് വന്നത്. പക്ഷെ ഇതിലെ വ്യവസ്ഥകള്‍ പലതും അപ്രായോഗികവും ചിലരെ ചെറുതാക്കാനും ഉദ്ദേശിച്ചായിരുന്നു. ബില്ലിന്റെ ഭേദഗതിയില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത് പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി പ്രസ്തുത കാര്യം ബില്ലിന്റെ ഭാഗമാക്കി. സഭയില്‍ കൊണ്ട് വരുന്ന ഭേദഗതികളില്‍ കാതലായ മാറ്റം സാധാരണ അനുവദിക്കാറില്ല. എന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ത്തതിനാല്‍ ആണ് മന്ത്രിക്ക് വഴങ്ങേണ്ടി വന്നതും സ്‌കൂളിന്റെ യഥാര്‍ത്ഥ തലവന്‍ പ്രിന്‍സിപ്പല്‍ മാര്‍ ആകുന്നതിനും ഇടയാക്കിയത്.
ഈ സമ്മേളന കാലയളവില്‍ അംഗങ്ങളുടെ അഞ്ച് അനൗദ്യോഗിക ബില്‍ ചര്‍ച്ചക്കും മൂന്ന് അനൗദ്യോഗിക ബില്‍ തുടര്‍ ചര്‍ച്ചക്കും വന്നു. തുടര്‍ന്ന് ബന്ധപ്പെട്ട മന്ത്രിമാരുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ രണ്ട് അനൗദ്യോഗിക ബില്‍ സഭയുടെ അനുമതിയോടെ പിന്‍വലിച്ചു. ബാക്കിയുള്ളവ തുടര്‍ ചര്‍ച്ചക്കായി മാറ്റിവെച്ചു. വീട്ടമ്മമാരുടെ ക്ഷേമം സംബന്ധിച്ച എന്റെ ഒരു ബില്ലും അനൗദ്യോഗിക ബില്ലിന്റെ കൂട്ടത്തിലുണ്ടായിരുന്നു. വീട്ടമ്മമാരില്‍ ജോലി ഇല്ലാത്തവരും സ്വന്തമായി വരുമാനമില്ലാതെ അവരുടെ ആവശ്യത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുന്നതിലൂടെ ഒരു ചെറിയ ആശ്വാസം ലഭിക്കുവാനുള്ള നിര്‍ദ്ദേശമായിരുന്നു ഈ ബില്ലില്‍ ഉണ്ടായിരുന്നത്. അതു വലിയ ചര്‍ച്ചയായി. ചിലര്‍ സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുന്നു എന്ന വാദവുമായി രംഗത്തുവന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെയും തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഈകാര്യം ഉണ്ടായിരുന്നു എന്നത് എതിര്‍പ്പ് ഉണ്ടാക്കിയവര്‍ മറന്നുപോയി. എന്നാല്‍ ബില്ല് അവതരണവേളയില്‍ എതിര്‍പ്പ് പറഞ്ഞ മന്ത്രി അടക്കമുള്ള ഇടതുപക്ഷ മുന്നണി വീട്ടമ്മമാര്‍ക്ക് ക്ഷേമനിധി ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുന്നതാണ് പിന്നീട് കണ്ടത്.