അഷ്റഫ് വേങ്ങാട്ട്
ചരിത്രത്തില്‍ ഇതാദ്യമായി ഔദ്യോഗികമായി സ്ഥാപകദിനം ആഘോഷിക്കുകയാണ് സഊദി അറേബ്യ. മൂന്ന് നൂറ്റാണ്ടോളം പ്രായമുള്ള സ്ഥാപകദിനം ഇപ്പോള്‍ കൊണ്ടാടുന്നതിലൂടെ പിന്നിട്ട ചരിത്രത്തെ ആധുനിക സഊദിയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ പുതിയ ഘട്ടത്തിന്റെ തുടക്കമെന്നോണം ഐക്യവും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തി ഏകീകരണവും വികസനവും നിര്‍മാണവും തുടര്‍ന്നുപോന്ന നാള്‍വഴികള്‍ കോര്‍ത്തിണക്കി പുതുതലമുറക്ക് പകരുകയാണ് ചരിത്ര തീരുമാനത്തിലൂടെ സഊദി. സ്ഥാപക ദിനത്തില്‍ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യാഘോഷം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സഊദി ജനതയും പ്രവാസികളും.
മധ്യപൗരസ്ത്യ ദേശത്തെ സമ്പന്നമായ ഈ രാഷ്ട്രം ആഗോള രാജ്യങ്ങള്‍ക്കിടയില്‍ പ്രധാന പദവികളിലാണ്. തന്റെ രാജ്യത്തെ എല്ലാ തലങ്ങളിലും ലോകത്തിന്മുമ്പില്‍ മികവുറ്റതാക്കുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് സഊദിയുടെ ഭരണാധികാരി സല്മാന് രാജാവ് വികസനത്തില്‍ അതിവേഗതയിലും പുരോഗതിയില്‍ ബഹുദൂരത്തിലുമായി രാജ്യത്തെ വിജയകരമായി നയിക്കുകയാണ്. ജനമനസുകളില്‍ ആഴത്തിലിടം നേടിയാണ് ഈ യാത്ര.
അധികാരം ഏറ്റെടുക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം നിറവേറ്റുകയാണ് സല്മാന് രാജാവ്. വളരുന്ന തലമുറക്ക് പ്രതീക്ഷയുടെ തിരിനാളമായി മാറുകയാണ് ഈ ദൗത്യ നിര്‍വഹണവും ഇന്ന് രാജ്യത്ത് നടക്കുന്ന നവീകരണ പദ്ധതികളും. ആധുനിക സഊദിയുടെ ശില്പിയായി അറിയപ്പെടുന്ന അബ്ദുല്‍ അസീസ് രാജാവിന്റെ വേറിട്ട ചിന്തകളും യാഥാര്‍ഥ്യങ്ങളെ ഉള്‍കൊള്ളാനും സാഹചര്യങ്ങള്‍ വിലയിരുത്തി റിയലിസ്റ്റിക്കായ രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തി മുന്നോട്പോകാനുമുള്ള തീരുമാനവും തന്നെയാണ് സഊദി പിന്തുടരുന്നത്.
ചരിത്രത്തിലാദ്യമായി സഊദിയുടെ സ്ഥാപകദിനം ആഘോഷിക്കുമ്പോള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സഊദിയും ഈ രാജ്യത്തെ സ്വദേശികളും വിദേശികളും സാക്ഷികളാകുന്നത്. ആധുനിക മുഖം നല്‍കിയുള്ള മാറ്റങ്ങള്‍ രാജ്യത്ത് യാഥാര്‍ഥ്യമാകുമ്പോള്‍ സ്വപ്ന ചിറകിലേറുകയാണ് സഊദി ജനത. ജീവിതത്തിന്റെ നിഖില മേഖലകളെയും സ്വാധീനിക്കുന്ന മാറ്റങ്ങള്‍ രാജ്യത്തെ പൗരന്മാര്ക്ക് നല്‍കിയിരിക്കുന്ന ഊര്‍ജ്ജവും ആവേശവും അവര്‍ണനീയമാണ്. സ്ത്രീ പുരുഷ ഭേദമന്യേ രാജ്യം പുല്കുന്ന മാറ്റങ്ങളില്‍ അങ്ങേയറ്റം ആഹ്ലാദഭരിതരാണ്. ആദര്‍ശത്തില്‍ അടിയുറച്ചുനില്ക്കുമ്പോള്തന്നെ വികസനമെന്ന ദൗത്യം പൂര്‍ത്തീകരിക്കാന്‍ കൃത്യതയാര്‍ന്ന പദ്ധതികളും നീക്കങ്ങളുമാണ് ഭരണകൂടം നടത്തുന്നത്.
ആഗോള സാമ്പത്തിക ശക്തിയായി രാജ്യത്തെ ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ അശ്രാന്ത പരിശ്രമത്തിലാണ് തിരുഗേഹങ്ങളുടെ സേവകന് കൂടിയായ സല്മാന് രാജാവ്. തന്റെ പക്വമായ എല്ലാ തീരുമാനങ്ങള്‍ക്കും ആധുനികതയുടെ പരിവേഷവും ആവേശത്തിന്റെ സാന്നിധ്യവുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് കൂടെയുണ്ട്. പൗരാണികതയുടെയും നാഗരികതയുടെയും കഥകള്‍ പറയുന്ന രാജ്യത്തെ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പരിവര്‍ത്തിപ്പിക്കുന്നതില്‍ ഇരുവരുടെയും ധൈഷണികമായ ചിന്തകളും കൂടിയാലോചനകളും നിമിത്തമായി.
ഹിജ്റ 1139 മധ്യത്തില്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് ദിരിയ്യ പട്ടണത്തിന്റെ അധികാരം ഏറ്റതോടെയാണ് അല്‍ സഊദ് കുടുംബത്തിന്റെ ആഗമനം. എ.ഡി 1727ല്‍ ഫെബ്രുവരി 22 നായിരുന്നു ആ അധികാര ആരോഹണം. മൂന്ന് പതിറ്റാണ്ടോളം മറഞ്ഞുകിടക്കുന്ന സഊദ് രാജവംശത്തിന്റെ അടിവേരുകള്‍ അനാവരണം ചെയ്യുകയാണ് സ്ഥാപകദിനം. ആ കാലഘട്ടത്തില്‍ ഉയര്‍ത്തിയ ലക്ഷ്യങ്ങള്‍ അതേപടി അടിസ്ഥാനമാക്കി പൈതൃകം കാത്തുസൂക്ഷിച്ച് പുതിയ ചിന്തകളോടൊപ്പം രാജ്യത്തിന് ആധുനിക മുഖം നല്‍കുകയെന്നതാണ് ആഘോഷം അര്‍ഥമാക്കുന്ന മറ്റൊരു കാര്യം. സാമ്രാജ്യത്തിന്റെ സ്ഥാപകനായ മുഹമ്മദ് ബിന്‍ സഊദ് മത നേതാവായിരുന്ന മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ സേനയുമായി കൈകോര്‍ക്കുന്നതോടെയാണ് സഊദി രാജഭരണത്തിന്റെ അടിത്തറ കൂടുതല്‍ ശക്തമാകുന്നത്. അക്കാലത്ത് നജ്ദ് എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്നത്തെ തലസ്ഥാന നഗരിയായ റിയാദ് കേന്ദ്രീകരിച്ചുള്ള മുന്നേറ്റമാണ് ജയപരാജയങ്ങള്‍ക്കിടയില്‍ സഊദ് രാജവംശത്തെ പിന്നീട് സഊദിയുടെ ദേശീയതയുമായി ഉറപ്പിച്ചു നിര്‍ത്തിയത്.
1902 ലാണ് സഊദ് കുടുംബാംഗമായ ഇബ്നു സഊദ് എന്ന പേരിലറിയപ്പെട്ടിരുന്ന അബ്ദുല്‍ അസീസ് രാജാവ് നെജിദിന്റെ ഭരണം പിടിച്ചെടുത്തത്. പിന്നീടുള്ള പോരാട്ടങ്ങളില്‍ വിജയം കൈവരിച്ച അബ്ദുല്‍ അസീസ് രാജാവ് 1932ല്‍ ഹിജാസിനെയും നെജിദിനെയും കൂട്ടിചേര്‍ത്ത് സഊദി അറേബ്യക്ക് രൂപം നല്‍കുകയായിരുന്നു. 1938 പെട്രോള്‍ ശേഖരം കണ്ടത്തുന്നത് വരെ ദരിദ്ര രാജ്യങ്ങളുടെ ഗണത്തിലായിരുന്നു സഊദി. എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയതോടെ സഊദിയുടെയും രാജ്യത്തെ ജനങ്ങളുടെയും വളര്‍ച്ചയില്‍ ഗണ്യമായ മാറ്റങ്ങളുണ്ടായി. ഇന്ന് അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ എണ്ണയുല്പാദനം നടത്തുന്ന രാജ്യമാണ് സഊദി.
സഊദിയുടെ ചരിത്രം മാറ്റി മറിക്കുന്ന നവീകരണത്തിന് തുടക്കമിട്ടത് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ മേല്‍നോട്ടത്തിലുള്ള 2030 വിഷന്‍ എന്ന കര്‍മ്മ പദ്ധതിയാണ്. സല്മാന് രാജാവ് പകര്‍ന്നുനല്‍കിയ ആത്മധൈര്യവും ആവേശവും കൈമുതലാക്കി ധൈഷണികവും ദ്രുതഗതിയിലുള്ളതുമായ നീക്കങ്ങളിലൂടെ പ്രതിബന്ധങ്ങള്‍ക്കിടയിലും ഏറെ പക്വമായ നിലപാടുകളിലൂടെയാണ് ഈ പദ്ധതിയെ ചേര്‍ത്ത്നിര്‍ത്തി കിരീടാവകാശി മുന്നോട്ട്പോകുന്നത്. രാജ്യ ഭരണത്തിന് ഊര്‍ജ്ജവും ഉണ്മയും നല്കി ഉശിരോടെയും ഉന്മേഷത്തോടെയും നടന്നുനീങ്ങുമ്പോള്‍ അടിയുറച്ച തീരുമാനങ്ങളും അകക്കണ്ണിലെ നിശ്ചയ ദാര്‍ഢ്യവും മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ദിശാബോധത്തോടെയുള്ള ചലനങ്ങള്‍ക്ക് തിളക്കം വര്‍ധിപ്പിക്കുന്നു. സ്ത്രീകളും യുവാക്കളുമടക്കം രാജ്യത്തെ പൗരന്മാര് സമഗ്രമായ ഈ തീരുമാനങ്ങള്‍ക്കൊപ്പം ഒറ്റകെട്ടായി അണിചേരുന്നത് പുരോഗതിയുടെ പടവുകള്‍ കയറാന്‍ ഭരണാധികാരികള്‍ക്ക് തെല്ലൊന്നുമല്ല ആവേശം പകരുന്നത്.