കോഴിക്കോട്: സായാഹ്നം ആസ്വദിക്കാന്‍ കോഴിക്കോട് ബീച്ചിലെത്തിയവര്‍ക്ക് ഇന്നലെ വേറിട്ട അനുഭവമായിരുന്നു… ഒട്ടേറെ സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു ഒത്തുചേരല്‍ കാണുന്നത് ആദ്യമായിട്ടായിരിക്കും. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള അഷ്‌റഫ്മാരുടെ സംഗമ വേദിയായാണ് കടപ്പുറം മാറിയത്. അഷ്‌റഫേ എന്ന് വിളിച്ചാല്‍ വിളികേള്‍ക്കാനായി ആയിരത്തിലധികം പേരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. അതില്‍ കൊച്ചുകുട്ടി മുതല്‍ 65 വയസ് വരെയുള്ളവരുണ്ടായിരുന്നു.
വളരെകാലത്തെ കൃത്യമായ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് ബീച്ചില്‍ അഷ്‌റഫ് മഹാസംഗമം ഒരുക്കിയത്. തിരൂരങ്ങാടിയിലെ ഒരു ചായക്കടയില്‍ അഞ്ചു അഷ്‌റഫുമാര്‍ അവിചാരിതമായി ഒത്തുചേര്‍ന്നപ്പോള്‍ തോന്നിയ ആശയമാണ് അഷ്‌റഫ് വാട്‌സ്ആപ്പ് കൂട്ടായ്മ്മ. പിന്നീട്, മാസം കൊണ്ട് 12 ഗ്രൂപ്പുകളായി വളരുകയും 4000ലധികം അഷ്‌റഫുമാര്‍ ഗ്രൂപ്പില്‍ ഒത്തുകൂടുകയും ചെയ്തു. ഇതില്‍ നിന്നാണ് കൂട്ടായ്മ സംഘടിപ്പിക്കണമെന്ന ആശയം ഉരുത്തിരിഞ്ഞത്.
വെറും നേരമ്പോക്ക് എന്നതല്ല ഈ കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സമൂഹത്തിന് വേണ്ടി തങ്ങളാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ അറിയിച്ചു.
ഒരുമിക്കാം നമുക്കൊന്നായി’ എന്ന പേരില്‍ നടന്ന ആദ്യ സംഗമം ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് കളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. പോര്‍ട്ട് ഓഫിസര്‍ കെ.അശ്വനി പ്രതാപ്,ജനറല്‍ സെക്രട്ടറി അഷ്‌റഫ് മനരിക്കല്‍, എന്‍.എച്ച് അഷ്‌റഫ്, അഷ്‌റഫ് പൂക്കോം, ഐ.പി അഷ്‌റഫ്, അഷ്‌റഫ് മുത്തേടത്ത് സംസാരിച്ചു.