അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 – 17 വര്‍ഷങ്ങളില്‍ 305 കൊലപാതകങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷമായപ്പോഴേക്കും അത് 350 ല്‍ എത്തിയിരിക്കുകയാണ്. ലഹരിയും അക്രമവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമാണ് കൊലപാതകങ്ങളുടെ പെരുംവര്‍ധനവിന് ഇടയാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
എന്നാല്‍ സിനിമയും ലഹരിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തുറന്നുകാണിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങള്‍. നടന്‍ ഷൈന്‍ടോം ചാക്കോ ലഹരിക്കേ സില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിനിമാ മേഖലയില്‍ അരങ്ങുവാണുകൊണ്ടിരിക്കുന്ന ലഹരിയുടെ മായാലോകത്തിലോക്കുള്ള വിരല്‍ചൂണ്ടലായി അത് മാറിയിരിക്കുകയാണ്. സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആഴത്തില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ക ലാരൂപമാണ് സിനിമ.
സിനിമാ താരങ്ങള്‍ക്കു സമൂഹത്തിലുള്ള അംഗീകാരവും ആരാധനയും ഈ യാഥാര്‍ത്ഥ്യത്തിനുള്ള തെളിവാണ്. സമീപകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും പിന്നില്‍ സിനിമ പ്രസരിപ്പിക്കുന്ന സന്ദേശങ്ങള്‍ വഹിക്കുന്ന പങ്ക് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, കഥയേക്കാള്‍ വലിയ സ്വാധീനശക്തിയായ കഥാപാത്രങ്ങളില്‍ നിന്നും ഇത്തരം തിക്താനുഭവങ്ങള്‍ പുറത്തുവരുന്നത്.
സംസ്ഥാനത്ത് ലഹരി വ്യാപകമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ സങ്കേതങ്ങളിലൊന്നായി സിനിമാ മേഖല മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ലഭ്യമാവുന്ന എല്ലാത്തരം ലഹരികളും ഏറിയും കുറഞ്ഞും മലയാള സിനിമ മേഖലയിലും ലഭിക്കുമെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. മദ്യത്തിന്റെയും കഞ്ചാവിന്റെയുമെല്ലാം ഉപയോഗം സര്‍വസാധാരണമായിരുന്ന ഷൂട്ടിങ് സെറ്റുകളില്‍ രാസല ഹരിയുടെ കടന്നുവരവോടെ കാര്യങ്ങള്‍ അപ്പാടെ മാറിമറിഞ്ഞതായാണ് പുതിയ വെളിപ്പെടുത്തലുകള്‍.
ആരൊക്കെ എന്തോക്കെ ലഹരികള്‍ ഉപയോഗിക്കുന്നുവെന്നത് എല്ലാവര്‍ക്കും പരസ്പരം അറിയാവുന്ന സ്ഥിതി വിശേഷം വരെ നിലനില്‍ക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യ ത്യാസമില്ലാതെ ലഹരിയുടെ ഉപയോഗവും വിപണനവുമെല്ലാം തകൃതിയായി നടക്കുമ്പോള്‍ അതിനെ നിര്‍ലജ്ജം ന്യായീകരിക്കാനും ആളുകളുണ്ടെന്നത് ഏറെ ഗൗരവതര വും, ലഹരി ഈ മേഖലയിലുണ്ടാക്കിയിരിക്കുന്ന സ്വാധീ നത്തിന്റെ തെളിവുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പിന്നെ ഈ വ്യവസായത്തില്‍ തന്നെ ഇടമില്ല എന്നതാണ് അവസ്ഥ. അവസരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കുന്നതിനുവേണ്ടിയും എല്ലാ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് പല നടീനടന്‍മാര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഈ ദുഷ്പ്രവണതക്കെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ അനുഭവങ്ങള്‍ ഇരകളാക്കപ്പെട്ടവരെ നിശബ്ദരും നിഷ്‌ക്രിയരുമാക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഷൈന്‍ ടോം ചാക്കോക്കെതിരായ ആരോപണത്തില്‍പോലും ഈ പിന്‍വലിയല്‍ പ്രകടമാണ്. അതുപോലെ ഇത്തരം കൃത്യങ്ങള്‍ക്കെതിരെ ന്യായീകരണവുമായെത്തുന്നവരുടെയും ലക്ഷ്യം അവസരവും അം ഗീകാരവും തന്നെയാണ്.
ലഹരിയുടെ ഉപയോഗം ഷൂട്ടിങ്ങ് സെറ്റുകളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നതായുള്ള പരാതികള്‍ വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ ഈ പ്രവണതക്കെതിരെ ഒരുനടപടിയു മുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഷൂട്ടിങ് സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിക്കുകയും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയതിരുന്നു.
സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ നിയമിക്കുന്നതിനെയും സംഘടന അംഗീകരിച്ചിരുന്നു. സെറ്റുകളിലെ ലഹരിയുടെ വ്യാപനത്തിനെതിരെ തങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ പരാതി.
സിനിമാ രംഗത്തുമാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ തന്നെ വലിയകോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വന്‍പരാമര്‍ശങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആലില അനങ്ങിയില്ലെന്നുള്ളതാണ് പിന്നീടുണ്ടായ യാഥാര്‍ത്ഥ്യം. സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന മേഖലയെന്ന നിലയില്‍ സിനിമയും സിനിമാ മേഖലയും ശുദ്ധീകരിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
എന്നാല്‍ ലഹരിയുടെ വ്യാപനത്തിന് എല്ലാം അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഒരുഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. പുതിയ സാഹചര്യങ്ങള്‍ വിഷയത്തിന്റെ രൗദ്രത വരച്ചുകാണിക്കുമ്പോള്‍ ഇനിയെങ്കിലും ഇടപെടാന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്.