Connect with us

More

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി പ്രതിപക്ഷം; ബി.ജെ.പിയിതര സര്‍ക്കാര്‍ വരും

Published

on

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല തുടങ്ങിയവരാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും മെയ് 23ന് പുറത്തു വരികയെന്ന നിലപാടുമായി രംഗത്തെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്നും അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്ന് സംശയിക്കുന്നതെന്നുമുള്ള ആരോപണങ്ങളും പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചു.

എക്‌സിറ്റ് പോളുകളെ ആശ്രയിച്ചല്ല ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യതയെന്ന് ബി.എസ്.പി നേതാവ് മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി മഹാസഖ്യം നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ലക്‌നോവില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. മഹാസഖ്യത്തിന് യു.പി ജനതക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണെന്നും അതിന് എക്‌സിറ്റ് പോളുകളുടെ പിന്തുണ ആവശ്യമില്ലെന്നും മായാവതി പറഞ്ഞു.

ഇ.വി.എമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം ബി.ജെ.പിക്കും എന്‍.ഡി.എക്കുമെതിരാണ്. എന്നാല്‍ ഇ.വി.എം ക്രമക്കേട് സംബന്ധിച്ച ആശങ്ക ശക്തമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെതന്നെ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. വികസിത രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപേക്ഷിച്ച് പരമ്പരാഗത ബാലറ്റ് രീതിയിലേക്ക് മാറുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മര്‍ക്കട മുഷ്ടി സംശയാസ്പദമാണെന്നും കുമാരസ്വാമി ആരോപിച്ചു.

നേരത്തെ ഇതേ ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ആസൂത്രിതമായി കെട്ടിച്ചമച്ചെടുത്തതാണ് ഇത്തരം സര്‍വേകളെന്നും മമത പറഞ്ഞു. ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കാനുള്ള സാധ്യത സംബന്ധിച്ച് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ തന്നെതെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ നടക്കുന്ന കൃത്രിമങ്ങള്‍ക്ക് മറപിടിക്കാനാണ് എക്‌സിറ്റ് പോള്‍ ഗോസിപ്പുകളെന്നും മമതാ ബാനര്‍ജിആരോപിച്ചു. പശ്ചിമബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന പ്രവചനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. പാര്‍ട്ടി ആഭ്യന്തര റിപ്പോര്‍ട്ട് പ്രകാരം മുഴുവന്‍ മണ്ഡലങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും മമത പറഞ്ഞു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിശ്വാസമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യം തൂത്തുവാരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നിലനില്‍ക്കെയാണ്, ഇതിന്റെ വിശ്വാസ്യതയെ സ്റ്റാലിന്‍ ചോദ്യം ചെയ്യുന്നത്. ജനവിധിയില്‍ മാത്രമേ വിശ്വസിക്കാവൂ എന്നു കലൈഞ്ജര്‍ കരുണാനിധി പലതവണ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്നും അതു തന്നെയാണ് ഡി.എം.കെ നിലപാടെന്നും മെയ് 23ന് യഥാര്‍ത്ഥ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ജനങ്ങളുടെ ഹൃദയമിടിപ്പ് മനസ്സിലാക്കുന്നതില്‍ എക്‌സിറ്റ് പോളുകള്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടിരിക്കുന്നു. പല ഘട്ടങ്ങളിലും എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാളിപ്പോയിട്ടുണ്ട്. ഇത്തവണയും അതുതന്നെ സംഭവിക്കും. ആന്ധ്രയില്‍ ടി.ഡി.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. കേന്ദ്രത്തില്‍ ബി.ജെ.പിയിതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും നായിഡു ട്വിറ്ററില്‍ കുറിച്ചു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂര്‍ണമായും തെറ്റുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ഇത്തരം പ്രവചനങ്ങള്‍ വിശ്വസിക്കരുത്. ടി.വി ഓഫ് ചെയ്ത്, സോഷ്യല്‍ മീഡിയില്‍നിന്ന് ലോഗ് ഔട്ട് ചെയ്ത് മെയ് 23ന് പുറത്തു വരുന്ന യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലത്തിനു വേണ്ടി കാത്തിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റാണെന്ന് യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ചായിരിക്കില്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍. ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കും. ശബരിമല വിഷയം ജനവിധിയെ സ്വാധീനിക്കില്ലെന്നും പിണറായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

എക്‌സിറ്റ് പോളുകള്‍ തന്നെ തെറ്റാണെന്നാണ് തന്റെ വിശ്വാസം. അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ 56 ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോളുകളാണ് ഒരുപോലെ തെറ്റിപ്പോയത്. വോട്ടുചെയ്തിറങ്ങുന്ന ജനങ്ങള്‍ ഒരിക്കലും സര്‍വേ നടത്തുന്നവരോട് സത്യം പറയണമെന്നില്ല. പല കാരണങ്ങളുമുണ്ടാകുമതിന്. എക്‌സിറ്റ് പോളുകള്‍ പരാജയമാണെന്ന് മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന് വെടിയേറ്റത്, ആദിലിന്റെ രക്തസാക്ഷിത്വത്തില്‍ തനിക്ക് അഭിമാനമുണ്ട്’; പഹല്‍ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിലിന്‍റെ മാതാപിതാക്കൾ

Published

on

ശ്രീനഗര്‍: പഹൽഗാമിലെ ആക്രമണം പ്രദേശവാസികളുടെ ജീവിതത്തെ കൂടി തകര്‍ത്തിരിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രക്ഷാപ്രവര്‍ത്തകരായ കശ്മീരികൾക്കും ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. സംഭവസ്ഥലത്ത് നിന്നും സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് കുതിരസവാരിക്കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെടുന്നത്. ആദിലിന്‍റെ രക്തസാക്ഷിത്വത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

മൂത്ത മകനും കുടുംബത്തിലെ ഏക അത്താണിയുമായിരുന്നു ആദിൽ. മകന്‍റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ വേദനയിലും ഹൈദറിനെ താങ്ങിനിര്‍ത്തുന്നത് ആദിലിന്‍റെ നിസ്വാര്‍ഥമാണ് ധൈര്യമാണ്. ”ആദിലിനെയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെയും കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു. ആ അഭിമാനം കൊണ്ട് മാത്രമാണ് ഞാൻ ജീവിക്കുന്നത്. അല്ലെങ്കിൽ എന്‍റെ മകന്‍റെ നിര്‍ജീവമായ ശരീരം കണ്ട നിമിഷം ഞാൻ മരിച്ചുപോകുമായിരുന്നു” ഹൈദര്‍ ഷാ എഎൻഐയോട് പറഞ്ഞു. ആദിലിന്‍റെ അവസാന ദിവസവും മറ്റേതൊരു ദിവസവും പോലെയായിരുന്നു. പഹൽഗാമിലെ പുൽമേടുകളിലേക്ക് വിനോദസഞ്ചാരികൾക്കായി കുതിരപ്പുറത്ത് കയറി ജോലിക്ക് പോകാൻ അവൻ അതിരാവിലെ തന്നെ പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 3 മണിയോടെ, പ്രദേശത്ത് ഒരു ആക്രമണം നടക്കുന്നുണ്ടെന്ന വാർത്ത കുടുംബത്തിന് ലഭിച്ചു. ഉടൻ തന്നെ ആദിലിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ചെറിയൊരു റിങ് കേട്ടെങ്കിലും പിന്നീട് യുവാവിന്‍റെ ഫോൺ നിശ്ശബ്ദമായി.

ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും ഓടി. വിനോദസഞ്ചാരികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലും അക്രമികളിൽ ഒരാളെ നിരായുധനാക്കാൻ ശ്രമിക്കുന്നതിനിടയിലും ആദിലിന് നിരവധി തവണ വെടിയേറ്റതായി റിപ്പോർട്ടുണ്ട്. “വൈകിട്ട് 6 മണിയോടെ എന്‍റെ മകനും കസിനും ആശുപത്രിയിലാണെന്ന് ഞങ്ങൾ അറിഞ്ഞു. അവനെ അന്വേഷിച്ചു പോയ ആളുകളാണ് സംഭവത്തെക്കുറിച്ച് എന്നെ അറിയിച്ചത്,” ഹൈദർ ഓർമിച്ചു. “ചിലർ രക്ഷപ്പെട്ടത് അവൻ കാരണമാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വീടിന്‍റെ നെടുംതൂണായിരുന്നു ആദിലെന്ന് മാതാവ് പറഞ്ഞു. “അവന് ഒരു ദിവസം 300 രൂപ വരെ സമ്പാദിച്ചിരുന്നു. വൈകിട്ട് ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇനി, ആരാണ് ഭക്ഷണം കൊണ്ടുവരിക? ആരാണ് മരുന്ന് കൊണ്ടുവരിക?” അവര്‍ ഭയവും ഉത്കണ്ഠയും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. ”വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. പക്ഷേ നമുക്ക് എന്തുചെയ്യാൻ കഴിയും? അവരും നമ്മുടെ സഹോദരങ്ങളായിരുന്നു.” അവര്‍ കൂട്ടിച്ചേര്‍ത്തു. ആദിലിന്‍റെ വിയോഗം കുടുംബത്തെ ഒന്നാകെ തകര്‍ത്തുകളഞ്ഞു. സംഭവദിവസം നേരത്തെ വീട്ടിലെത്തുമെന്ന് പറഞ്ഞാണ് ആദിൽ ജോലിക്ക് പോയത്. എന്നാൽ പ്രിയപ്പെട്ടവന്‍റെ നിര്‍ജീവമായ ശരീരമാണ് കുടുംബത്തെ കാത്തിരുന്നത്. സുഖമില്ലെന്നും ഒരു ദിവസം അവധിയെടുക്കണമെന്നും ആദിൽ പറഞ്ഞിരുന്നു. പക്ഷെ ഭീകരവാദികളുടെ വെടിയേറ്റ് ആ ചെറുപ്പക്കാരന്‍റെ ജീവിതം കശ്മീര്‍ താഴ്വരയിൽ പൊലിഞ്ഞു. മൂന്ന് വെടിയുണ്ടകൾ അയാളുടെ നെഞ്ചിലും ഒന്ന് തൊണ്ടയിലും തുളച്ചുകയറി.

ആദിലിനെ വീരനായകനായിട്ടാണ് കശ്മീരികൾ കരുതുന്നത്. കുടുംബത്തെ സന്ദര്‍ശിച്ച കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെ പുകഴ്ത്തി. ഭീകരവാദികളുടെ തോക്ക് തട്ടിയെടുത്ത് ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് ആദിലിന് വെടിയേറ്റതെന്ന് ഒമര്‍ പറഞ്ഞു. ആദിലിന്‍റെ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Continue Reading

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

Trending