Connect with us

Video Stories

മതേതര വിശ്വാസികളുടെ പ്രതീക്ഷ

Published

on

പി.കെ കുഞ്ഞാലിക്കുട്ടി എം.പി

സ്വാതന്ത്ര്യാനന്തരമുള്ള ഏഴു പതിറ്റാണ്ടായി ദര്‍ശിച്ചിട്ടില്ലാത്ത നെടുങ്കന്‍ വെല്ലുവിളികളാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ചിലപ്പോഴൊക്കെ വിഭജന കാലത്തെ അനുസ്മരിപ്പിക്കുന്നുണ്ട് ഉത്തര-പൂര്‍വ ദേശങ്ങളിലെ രക്തരൂക്ഷിതമായ സമകാലിക ഇന്ത്യ. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, കശ്മീര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് കേള്‍ക്കുന്ന നിരന്തരവാര്‍ത്തകള്‍ ദേശ സ്‌നേഹികളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടേയിരിക്കുന്നു. സാമ്പത്തികമായ തകര്‍ച്ചക്കൊപ്പം ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തെതന്നെ കീഴടക്കാന്‍ അധികാര കൊത്തളങ്ങളില്‍നിന്ന് തല പുറത്തേക്കിട്ട് തുടങ്ങിയിരിക്കുന്നു. കിട്ടിയ അവസരം അവര്‍ നാടിനെ കാതങ്ങള്‍ പുറകോട്ടുകൊണ്ടുപോകുകയോ ഛിന്നഭിന്നമാക്കുകയോ ചെയ്‌തേക്കാം. ശരാശരി ഇന്ത്യക്കാരന്റെ ഈ വ്യാധികള്‍ക്കിടെയാണ് രാജ്യത്തെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമര സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി ആഹ്ലാദ പുരസ്സരം നിയോഗിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലുതും മഹത്തായതുമായ മതേതര-ജനാധിപത്യ രാജ്യമായ ഇന്ത്യയെക്കുറിച്ച് അഭിമാന പുളകിതമാകാവുന്ന അസുലഭ അവസരമാണ് രാഹുലിന്റെ നിയോഗത്തിലൂടെ വന്നുചേര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെയും വിശിഷ്യാ ലോക ജനാധിപത്യ രാജ്യങ്ങളിലെയും ജനാധിപത്യ പ്രേമികളെ സംബന്ധിച്ച് രാഹുലിന്റെ സ്ഥാനാരോഹണം ഏറെ സന്തോഷജനകമാകുമെന്ന് നിരീക്ഷിക്കുന്നതില്‍ തെറ്റില്ല.
ഇംഗ്ലീഷുകാരനായ എ.ഒ ഹ്യൂം, ഡബ്ലിയു.സി. ബാനര്‍ജി പോലുള്ള മഹാന്മാരായ നേതാക്കളുടെ ആശയത്തിലും നേതൃത്വത്തിലും ഉയിര്‍കൊണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ ഇത:പര്യന്തമുള്ള മഹത്തായ പന്ഥാവിലും ലക്ഷ്യത്തിലും അണുവിട വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. കൊടിയ തിക്താനുഭവങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കുകയും തുടര്‍ന്ന് രാജ്യത്തെ അചഞ്ചലമായി നയിക്കുകയും ചെയ്തുവന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കെല്ലാമുള്ളത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, മൗലാനാ അബ്ദുല്‍കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ് മുതലായവരുടെ നേതൃപാടവത്തിലൂടെയും എണ്ണമറ്റ ദേശസ്‌നേഹികളുടെ ത്യാഗത്തിലൂടെയും ആര്‍ജിച്ചെടുത്ത ഇന്ത്യന്‍ സ്വാതന്ത്ര്യം ഇന്ന് വലതുപക്ഷ വര്‍ഗീയതയുടെ കടല്‍കാറ്റില്‍പെട്ട് ആടിയുലയുന്ന പതിതകാഴ്ചയാണെങ്ങും. ബ്രിട്ടീഷുകാര്‍ക്ക് രാജ്യത്തെ ഒറ്റുകൊടുത്തവരും അധികാരത്തിന്റെ അപ്പക്കഷണം വിഴുങ്ങിയവരും ഇന്ന് ദേശസ്‌നേഹത്തിന്റെ അപ്പോസ്തലന്മാര്‍ ചമയുന്ന അറുവഷളന്‍കാഴ്ച. ഇതിനേക്കാള്‍ ഭീതിതമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരെ രാജ്യദ്രോഹികളെന്നു മുദ്രകുത്തിയുള്ള പുത്തന്‍ഫാസിസ്റ്റുകളുടെ തീട്ടൂരം. ഈ അവസരത്തില്‍ ഭാരതിയരുടെ ഏകതേജസ്സായി കോണ്‍ഗ്രസ് ശക്തിപ്രാപിക്കുകയും അതിന്റെ ചുവട്ടില്‍ മുമ്പത്തെപ്പോലെ രാജ്യത്തെ ജനങ്ങളാകെ ഒറ്റമനസ്സോടെ അണിചേര്‍ക്കപ്പെടുകയും ചെയ്യേണ്ടത് അനിവാര്യതയാകുകയാണ്.
രാജ്യത്തെ ഇന്നത്തെ നിലയിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ രാഹുലിന്റെ പ്രപിതാവ് നെഹ്രുവിന്റെ രാഷ്ട്രപാരമ്പര്യത്തെക്കുറിച്ചുള്ള അപരിമിതമായ വിജ്ഞാനവും പ്രവിശാലമായ അന്താരാഷ്ട്രബോധവും അചഞ്ചലമായ മതേതരകാഴ്ചപ്പാടും അതുല്യമായ പങ്കാണ് വഹിച്ചിട്ടുള്ളത്. നെഹ്രുമാത്രമല്ല, കോണ്‍ഗ്രസിന്റെ നേതൃതനിരയിലിരുന്ന പല മഹാരഥന്മാരും രാജ്യത്തിന്റെ മതേതരപൈതൃകത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തവിധം വിപുലവും അഗാധവുമാണ്. നെഹ്രുവിനുശേഷം രാജ്യത്തിന്റെ അധികാരത്തിലേറിയ കോണ്‍ഗ്രസിലെതന്നെ ലാല്‍ബഹദൂര്‍ശാസ്ത്രിയും കാമരാജ് നാടാറിനെപോലുള്ളവരും അതേപാതതന്നെയാണ് പിന്തുടര്‍ന്നുവന്നത്.നെഹ്രുവിന്റെ പുത്രി ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തില്‍ ഇന്ത്യ അതിന്റെ പുരോപ്രയാണത്തിന് പുതിയ ദിശാബോധം സൃഷ്ടിച്ചു. ഉരുക്കുമുഷ്ടിയെന്ന് ആരോപിക്കപ്പെട്ടെങ്കിലും അവരുടെ ചില തീരുമാനങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പിന് അനിവാര്യതയായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. മതാന്ധര്‍ അവരുടെ ജീവനെടുത്തതും അതിന്റെ ഭാഗമായിരുന്നു. ശ്രീലങ്കയില്‍ തമിഴര്‍ക്കുവേണ്ടി എടുത്ത ധീരമായ നിലപാടുകാരണം പുത്രന്‍ രാജീവിനും തന്റെ ജീവന്‍തന്നെ രാജ്യത്തിന് സമര്‍പ്പിക്കേണ്ടതായി വന്നു. ഫലത്തില്‍ ജീവിതം മാത്രമല്ല, രണ്ട് വിലപ്പെട്ട് ജീവനുകള്‍കൂടിയാണ് നെഹ്രു-ഗാന്ധികുടുംബത്തിന് ഇന്ത്യക്കുവേണ്ടി ബലിയര്‍പ്പിക്കേണ്ടിവന്നത്. ഇക്കാലത്ത് രാജീവിന്റെ പുത്രനെന്ന നിലയില്‍ മുത്തശ്ശിയോടൊത്ത് കളിച്ചുല്ലസിച്ച രാഹുലിന് കണ്ടും കേട്ടും തന്റെ കുടുംബത്തിന്റെ മതേതരമായ കാഴ്ചപ്പാടുകളെക്കുറിച്ചും രാജ്യത്തെക്കുറിച്ചും മറ്റും ഉത്തമമായ ബൗദ്ധികഅടിത്തറ ഉണ്ടായിക്കാണണം. അതാണ് യുവാവായിരിക്കെതന്നെ കോണ്‍ഗ്രസിന്റെയും രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനതയുടെയും ആശയും ആവേശവുമായിമാറാന്‍ രാഹുലിന് തുണയായത്. നാല്‍പത്തെട്ടുവയസ്സെന്നത് ചെറുതോ വലുതോ ആയ പ്രായമായി രാഷ്ട്രീയത്തില്‍ വിലയിരുത്താനാകില്ല. എങ്കിലും ഇതിനകം പാര്‍ട്ടി ഉപാധ്യക്ഷനെന്ന നിലയിലും ലോക്‌സഭാംഗം എന്ന നിലയിലും അദ്ദേഹം തന്റെ രാഷ്ട്രീയപാടവം ഇതിനകം രാജ്യനഭസ്സില്‍ തെളിയിച്ചുകഴിഞ്ഞിട്ടുണ്ടെന്നുപറയാം. യു.പി.എ സര്‍ക്കാരുകളുടെ രണ്ടു ടേമിലെ ഭരണകാലത്ത് കോണ്‍ഗ്രസിന്റെ ഉന്നതസ്ഥാനത്തിരുന്ന് പാര്‍ട്ടിക്കും സര്‍ക്കാരിനും വേണ്ട ദിശാബോധം നല്‍കുന്നതില്‍ മാതാവ് സോണിയാഗാന്ധിക്കൊപ്പം രാഹുലിന് കഴിഞ്ഞിട്ടുണ്ട്. ഉന്നതമായ മതേതരബോധംതന്നെയാണ് അതില്‍ എടുത്തുപറയേണ്ട ഗുണങ്ങളിലൊന്ന്. വലിയ വെല്ലുവിളികള്‍ക്കിടെ രാഹുല്‍ മതേതരജനാധിപത്യവിശ്വാസികള്‍ക്കാകെ ആശ്വാസകേന്ദ്രമാകുന്നതും മറ്റൊന്നും കൊണ്ടല്ല. നെഹ്രുകുടുംബത്തെയും രാഹുലിനെയും തകര്‍ത്താല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നും അതുവഴി ഇന്ത്യന്‍ മതേതരത്വത്തെ ഇന്ത്യന്‍മഹാസമുദ്രത്തില്‍ താഴ്ത്തി ഹിന്ദുരാഷ്ട്രം പ്രഖ്യാപിച്ചുകളയാം എന്നുമുള്ള മിഥ്യാബോധത്തിലാണ് ബി.ജെ.പിയും സംഘപരിവാറും നരേന്ദ്രമോദി-അമിത്ഷാ കൂട്ടുകെട്ടും. ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ രാഹുലിനെതിരെ സ്വന്തം നില മറന്ന് മോദി നടത്തിയ പ്രചാരവേലകള്‍ ഇതിന് ഉദാഹരണമാണ്.
2019 മെയ് വരെയുള്ള വരുന്ന മാസങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അതിന്റെ മഹത്തായ ഭരണഘടനയെയും സംബന്ധിച്ച് അതിനിര്‍ണായകമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. രാജ്യത്തെ ഇതരമതേതരകക്ഷികളെയും ബി.ജെ.പി വിരുദ്ധശക്തികളെയും പ്രസ്ഥാനങ്ങളെയും ഒത്തൊരുമിപ്പിച്ചു കൊണ്ടുപോകാനുള്ള കപ്പിത്താന്റെ ശേഷിയും ആര്‍ജവവുമാണ് രാഹുലില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്. ജനങ്ങളോടൊപ്പം യു.പി.എ മുന്നണി കക്ഷികളുടെ പ്രതീക്ഷയും വിശ്വാസവും അദ്ദേഹത്തിലാണ്. ഗുജറാത്തില്‍ വ്യത്യസ്തനിലപാടുകളില്‍ നിന്നുകൊണ്ട് ബി.ജെ.പിക്കെതിരെ പൊരുതുന്ന വിഭാഗങ്ങളെയെല്ലാം ഒരുമിപ്പിക്കാന്‍ രാഹുലിന് കഴിഞ്ഞുവെന്നത് അദ്ദേഹത്തിനെതിരായ വിമര്‍ശകരുടെ വായടപ്പിക്കുന്നുണ്ട്. ആ മാര്‍ഗത്തില്‍ നിന്നും ലക്ഷ്യത്തില്‍ നിന്നും കടുകിട വ്യതിചലിക്കപ്പെടാതെ പാര്‍ട്ടിയെയും രാജ്യത്തെയും നയിക്കാനുള്ള ശേഷി രാഹുല്‍ പ്രകടിപ്പിക്കുമെന്ന് തന്നെയാണ് മറ്റ് മതേതരജനാധിപത്യവര്‍ഗീയ വിരുദ്ധശക്തികള്‍ക്കൊപ്പം മുസ്്‌ലിംലീഗും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിന് ആ മഹത്തായ പാരമ്പര്യത്തില്‍ മുന്നേറാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ഥതയോടെ ആശംസിക്കുന്നു. രാഹുലിന്റെ ഊര്‍ജസ്വലമായ യുവത്വവും അറുപത് ശതമാനത്തിലേറെ ഇന്ത്യന്‍ യുവതയും അദ്ദേഹത്തിന് ലക്ഷ്യപ്രാപ്തിക്ക് പ്രചോദനമാകട്ടെ.
(മുസ്്‌ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറിയാണ് ലേഖകന്‍)

രാഹുല്‍ അമരത്വത്തിന്റെ പാരമ്പര്യം

ഇയാസ്മുഹമ്മദ്

ഇന്ത്യയുടെ മതേതര സാമൂഹ്യ ഘടന തകര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് പ്രതിരോധത്തിന് ആരുണ്ടെന്ന ചോദ്യത്തിന് ഉത്തരമാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണം. പരസഹസ്രം വര്‍ഷങ്ങളുടെ പാരമ്പര്യത്തെ അധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ചു നിശ്ചേതനമാക്കിയ മൂന്ന് വര്‍ഷങ്ങളാണ് കടന്നുപോയത്. ഇനി അവശേഷിക്കുന്ന സ്പന്ദനങ്ങള്‍ക്ക് തുടിപ്പും ജീവനും നല്‍കുകയെന്ന വലിയ ദൗത്യമാണ് രാഹുല്‍ഗാന്ധിക്ക് മുന്നിലുള്ളത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് അതിന്റെ ലിറ്റ്മസ് ടെസ്റ്റാണ്. ജനാധിപത്യ, മതേതര ഇന്ത്യക്ക് നേതൃത്വം നല്‍കാന്‍ മഹത്തായ പാരമ്പര്യത്തിന്റെ തുടര്‍ച്ചയുണ്ടെന്ന അടയാളപ്പെടുത്തലാണ് ഗുജറാത്തില്‍ സംഭവിച്ചത്. തെരഞ്ഞെടുപ്പ് വിജയമോ തോല്‍വിയോ എന്നതല്ല, ഫാസിസത്തോട് നെഞ്ചുവിരിച്ച്, എതിര്‍ക്കാന്‍ ആളുണ്ടെന്ന തന്റേടം കാണിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഗുജറാത്തിലെ രാഹുലിന്റെ വിജയം.
ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം രാജ്യം ഏറ്റുവിളിച്ച കാലഘട്ടത്തെ, അതിനേക്കാള്‍ തീവ്രമായി അഭിമുഖീകരിക്കുകയാണ് ഇന്ത്യ. ഇന്ത്യയെ രക്ഷിക്കാന്‍ രാഹുലെന്ന മന്ത്രം രാജ്യമാകെ ഉയര്‍ന്നുവരുന്നു. ഇന്ത്യ നേരിടുന്ന ദുരന്തത്തെ തരണം ചെയ്യാന്‍ രാഹുല്‍ മാജികിന് കഴിയുമെന്ന ശുഭപ്രതീക്ഷയാണ് എവിടെയും. ഇന്ത്യന്‍ മതേതരത്വത്തെ സംരക്ഷിക്കാനുള്ള അവസാന ആയുധമായി രാഹുലിനെ കരുതുന്നവരും കുറവല്ല. രാഹുലിന് കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ സ്ഥിതി എന്താകുമെന്ന ആകാംക്ഷ, രാഹുലെന്ന നേതാവിന്റെ പ്രസക്തി പലമടങ്ങ് വര്‍ധിപ്പിക്കുന്നു.
നെഹ്രുവിനും ഇന്ദിരക്കും രാജീവിനും ശേഷം രാഹുല്‍ എന്ന പ്രതിക്ഷയാണ് ഇന്ത്യ നെഞ്ചേറ്റുന്നത്. രാഷ്ട്ര ശില്‍പി നെഹ്രുവിന്റെ പിന്തുടര്‍ച്ചയാണ് രാഹുല്‍. ഇടര്‍ച്ചയും പതര്‍ച്ചയുമില്ലാത്ത തുടര്‍ച്ച. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ നിന്ന്, രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കാനുള്ള വലിയ ദൗത്യമേറ്റെടുത്തു നെഹ്രു. വിഭജനാന്തരം ഇന്ത്യ നേരിട്ട വര്‍ഗീയ സംഘര്‍ഷങ്ങളുടെ കെട്ടടങ്ങാത്ത കനലുകള്‍ ഊതിക്കെടുത്തിയാണ് ഇന്ത്യയെന്ന ആധുനിക രാഷ്ട്രത്തെ നെഹ്രു പടുത്തുയര്‍ത്തിയത്. വര്‍ഗീയതയുടെ കനലുകള്‍ വീണ്ടും ആളിക്കത്തുമ്പോള്‍ രാഷ്ട്രശില്‍പിയുടെ പിന്തുടര്‍ച്ചയെയല്ലാതെ ആരെയാണ് ഇന്ത്യ ആശ്രയിക്കുക.
നെഹ്രുവില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ ഘടനയെയാണ് ഇന്ദിരാഗാന്ധി നേരിട്ടത്. രാഷ്ട്ര പുരോഗതിയെന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുമ്പോള്‍ വിഘടനവാദമെന്ന വലിയ വിപത്തിനെ കൂടി രാജ്യത്തിന് നേരിടേണ്ടി വന്നു. അഖണ്ഡമായ ഇന്ത്യയെന്ന ആശയം ചോദ്യംചെയ്യപ്പെട്ട സമൂര്‍ത്തസാഹചര്യത്തെ ശക്തമായ എതിരിടുകയാണ് ഇന്ദിരാഗാന്ധി ചെയ്തത്. ഖാലിസ്ഥാന്‍ വാദത്തെ പുനര്‍ജനിക്കാന്‍ കഴിയാത്ത വിധം ഇല്ലായ്മ ചെയ്യാന്‍ ഇന്ദിരാഗാന്ധിക്ക് സാധിച്ചു. അതിന് വിലയായി ജീവന്‍ തന്നെ നല്‍കേണ്ടി വന്നു ഇന്ദിരാ ഗാന്ധിക്ക്. സ്വന്തം രക്തസാക്ഷിത്വം കൊണ്ട് ഇന്ദിരാഗാന്ധി അടയാളപ്പെടുത്തിയ ഇന്ത്യയോടുള്ള അഗാധ സ്‌നേഹം അമരത്വമായി ഇന്നും നിലനില്‍ക്കുന്നു. രാഹുല്‍ പിന്തുടര്‍ച്ചയായി നേടിയത് ആ അമരത്വമാണ്. ഇന്ത്യയുടെ പാരമ്പര്യ മൂല്യങ്ങള്‍ക്കായി ജീവന്‍ സമര്‍പ്പിക്കാനുള്ള ആത്മസമര്‍പ്പണമാണ് ഇന്ത്യ രാഹുലില്‍ കാണുന്നത്.
സ്വന്തം മുത്തശ്ശിയെ പോലെ, പിതാവിനെ പോലെ ഇന്ത്യക്ക് വേണ്ടി മരിക്കാനും തയാറെന്ന ധീരതയാണ് എതിരാളികളെ പേടിപ്പിക്കുന്നത്. സംഘ്പരിവാര്‍ ശക്തികള്‍ രാഹുലിനെ നേരെ കടന്നാക്രമണം രൂക്ഷമാക്കുന്നതും അതുകൊണ്ടാണ്. രാഹുലിനെ മാത്രമല്ല, രാഹുലിന്റെ പാരമ്പര്യത്തേയും സംഘ്പരിവാര്‍ ശക്തികള്‍ ഭയക്കുന്നു. ഇന്ത്യക്ക് വേണ്ടി നിലകൊണ്ട, ജീവന്‍ സമര്‍പ്പിച്ച പാരമ്പര്യത്തെ എത്രമേല്‍ സംഘ്പരിവാര്‍ ഭയപ്പെടുന്നുവെന്നതിന് തെളിവ് അവര്‍ നടത്തുന്ന പ്രസ്താവനകള്‍ തന്നെയാണ്.
രാഹുലിനെ പോലെ രക്തസാക്ഷിത്വത്തിന്റെ പാരമ്പര്യം പറയാന്‍ കഴിയുന്ന വേറൊരു നേതാവും ഇന്ന് ഇന്ത്യയിലില്ല. ഇന്ദിരയുടെയും രാജീവിന്റെയും ഓര്‍മകള്‍ ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ നിന്ന് മായ്ക്കാന്‍ കഴിയില്ലെന്നതുപോലെ, ആ പാരമ്പര്യത്തെ ആവേശത്തോടെ പുണരുന്നത് തടയാനും കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം നെഹ്രു പാരമ്പര്യത്തിന്റെ ശക്തി തെളിയിച്ച സംഭവമായിരുന്നു. എഞ്ചിനിയറിങും സയന്‍സ് വിഷയങ്ങളും ഇഷ്ടപ്പെട്ടിരുന്ന, രാഷ്ട്രീയത്തിലേക്ക് ഒരിക്കലും വരാന്‍ ആഗ്രഹിക്കാതിരുന്ന രാജീവ് ഇന്ദിരയുടെ രക്തസാക്ഷിത്വത്തിന് പിന്നാലെയാണ് രാഷ്ട്രീയത്തിലെത്തിയത്. തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷമാണ് ഇന്ത്യന്‍ ജനത രാജീവിന് നല്‍കിയത്. സയന്‍സ് വിഷയങ്ങളോടുള്ള രാജീവിന്റെ താല്‍പര്യം ഇന്ത്യയുടെ കമ്മ്യൂണിക്കേഷന്‍ രംഗത്തെ വിപ്ലവത്തിലേക്ക് നയിച്ചു. മൂന്ന് തലമുറകള്‍ മൂന്ന് ഘട്ടങ്ങളില്‍ ഇന്ത്യയെ നയിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടുറപ്പുള്ള വളരുന്ന രാജ്യമാക്കിയ നെഹ്രു, വളര്‍ച്ചയുടെ പടവുകളിലേക്ക് ഇന്ത്യയെ നയിച്ച ഇന്ദിര, അതിനെ ആധുനികവല്‍ക്കരിച്ച രാജീവ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ന് ഇന്ത്യ ശാസ്ത്ര സാങ്കേതിക മേഖലയില്‍ എത്രമാത്രം ഔന്നത്യത്തിലേക്ക് ഉയരുമെന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുന്ന കാര്യമല്ല. സംഘ്പരിവാര്‍ ശക്തികള്‍ക്ക് രാജ്യത്തിന്റെ അധികാരം സമ്പൂര്‍ണമായി കയ്യടക്കാന്‍ കഴിയുമായിരുന്നില്ല. രാജീവിന്റെ രക്തസാക്ഷിത്വം ഇന്ത്യക്കുണ്ടാക്കിയ നഷ്ടം കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ അനുമാനങ്ങള്‍ക്കപ്പുറമാണ്.
1984ല്‍ നാല്‍പതാമത്തെ വയസ്സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടുമായ രാജീവിന് 21ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിക്കുന്ന ചാലക ശക്തിയാകാന്‍ സാധിച്ചു. രക്തസാക്ഷിത്വം കൊണ്ട് അമരനാകുന്നതു വരെ കോണ്‍ഗ്രസിനെ നയിച്ചു, രാജ്യത്തിന്റെ പ്രതീക്ഷയായി നിലകൊണ്ടു. ആ പ്രതീക്ഷയാണ് രാഹുലിന് നേരെയും നീളുന്നത്. പ്രധാനമന്ത്രി പദം വെച്ചുനീട്ടിയിട്ടും നിരസിച്ച ധീരയായ ഒരമ്മയുടെ മകന് രാജ്യം പുലര്‍ത്തുന്ന പ്രതീക്ഷക്കൊപ്പമുയരാന്‍ കഴിഞ്ഞേ തീരൂ.

രാഹുലിന്റെ നേതൃത്വം ഇന്ത്യയെ പുതുക്കും

വി.ടി ബല്‍റാം

132 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡണ്ടായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ട് കടന്നുവരുന്നത് ആ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാര്‍ക്കും പുതിയ പ്രതീക്ഷയും പ്രത്യാശയുമാണ് സമ്മാനിക്കുന്നത്. ഹിന്ദുത്വ ഫാഷിസം അതിന്റെ എല്ലാ രൗദ്രതയും ആക്രമണോത്സുകതയും പുറത്തെടുക്കുന്ന സമകാലിക ഇന്ത്യയില്‍, മതത്തിന്റെ പേരില്‍ മനുഷ്യന്‍ പച്ചക്ക് തീകൊളുത്തപ്പെടുന്ന വെറുപ്പിന്റെയും അപരവല്‍ക്കരണത്തിന്റെയും അന്തരീക്ഷത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിനും ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിനും പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയുന്ന ഏക ദേശീയ നേതാവ് എന്ന നിലയില്‍ വളരാന്‍ രാഹുല്‍ ഗാന്ധിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഹീനമായ വ്യക്തിഹത്യയുടെയും ആസൂത്രിതമായ നുണപ്രചരണങ്ങളുടേയും നീണ്ട പര്‍വ്വത്തെ അതിജീവിച്ചാണ് തളരാത്ത ഇച്ഛാശക്തിയിലൂടെ രാഹുല്‍ ഈ നിലയിലേക്ക് ഉയര്‍ന്നത് എന്ന് രാജ്യം കണ്ടതാണ്. വര്‍ഗീയതക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ കുറിച്ച് മാത്രമല്ല, ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തിലെ ഉന്നത രാഷ്ട്രീയ നേതാവ് പുലര്‍ത്തേണ്ട മാനുഷികമായ നന്മകളെ കുറിച്ചും മിതഭാഷിയെങ്കിലും രാഹുല്‍ ഗാന്ധി തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതോടൊപ്പം അങ്ങേയറ്റം പ്രസക്തമായ രാഷ്ട്രീയമാണ് രാഹുല്‍ സംസാരിക്കുന്നത്. യുവാക്കളുടെ തൊഴിലില്ലായ്മയെ കുറിച്ചും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെ കുറിച്ചും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വരുത്തേണ്ട മാറ്റത്തെ സംബന്ധിച്ചുമൊക്കെ സംവാദാത്മകമായ ഭാഷയില്‍ അധിക്ഷേപങ്ങളോ, അട്ടഹാസങ്ങളോ ഇല്ലാതെ ജനങ്ങളോട് സംസാരിക്കുകയും അവരില്‍ നിന്ന് അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന ഈ പുതുതലമുറ രാഷ്ട്രീയനേതാവ് താന്‍പോരിമയും അധികാരഗര്‍വ്വും ഔദ്ധത്യവും കൈമുതലാക്കിയ മറ്റ് സമകാലിക ദേശീയ നേതാക്കളേക്കാള്‍ ഏറെ വ്യത്യസ്തത നമുക്ക് അനുഭവേദ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബറാക് ഒബാമയും ജസ്റ്റിന്‍ ട്രൂഡോയും അവരവരുടെ രാജ്യത്തെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന ഫ്രഷ്നെസ് ഇന്ത്യയില്‍ ആവര്‍ത്തിക്കാനുള്ള സാധ്യത ഇന്ന് നമ്മള്‍ കാണുന്നത് രാഹുല്‍ ഗാന്ധിയിലൂടെ മാത്രമാണ്. അദ്ദേഹത്തിനതിന് കഴിയുമെന്നാണ് രാഷ്ട്രത്തിന്റെ പ്രത്യാശ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending