സലീം അമ്പലവയല്‍
ഉദ്ദതുല്‍ഉമറാഅ്, തന്‍ബീഹുല്‍ ഗാഫിലീന്‍, അദ്ദുര്‍റുല്‍ മഅ്‌സൂം തുടങ്ങിയ കൃതികളുടെ കര്‍ത്താവായ മമ്പുറം സയ്യിദ് ഫസല്‍ തങ്ങള്‍ ആഗോളതലത്തില്‍ പ്രശസ്തനായ ഒരു മലബാരി പണ്ഡിതനായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരത്തിന് ആഹ്വാനം ചെയ്തു നടത്തിയ രചനയായിരുന്നു ഉദ്ദതുല്‍ ഉമറാഅ്്. മുഴുവന്‍ തലക്കെട്ട് ഉദ്ദതുല്‍ ഉമറാഅ് വല്‍ ഹുക്കാം ലി ഇഹാനതില്‍ കഫറതി വല്‍ അസ്്‌നാം എന്നാണ്. ഒട്ടോമന്‍ തുര്‍ക്കി ഭരണാധികാരിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം രചിച്ച ഈ കൃതി ടര്‍ക്കഷിലും പ്രസിദ്ധീകൃതമായിരുന്നു.
1823 ല്‍ ആണ് ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രനായി സയ്യിദ് ഫസല്‍ തങ്ങള്‍ ജനിക്കുന്നത്. പിതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന സയ്യിദ് ഫസല്‍ അസാധാരണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഹദര്‍മൗത്തിലെ അതേ രീതിയിലുള്ള ശിക്ഷണത്തിലാണ് പിതാവ് പുത്രനെ വളര്‍ത്തിയത്. അറബി ഭാഷയില്‍ സയ്യിദ് ഫസല്‍ വ്യൂല്‍പത്തി നേടി. പിതാവിന് പുറമേ ചാലിലകത്തു ഖുസയ്യ് ഹാജിയുടെ അടുത്തുനിന്നും ഖുര്‍ആനിലും ഹദീസിലും ഇസ്‌ലാമിക ചരിത്രത്തിലും അഗാധ പാണ്ഡിത്യം നേടി. വെളിയങ്കോട് ഉമര്‍ ഖാസിയും ഫസലിന്റെ ഗുരു ആയിരുന്നു എന്ന് പറയപ്പെടുന്നു. സയ്യിദ് അലവി തങ്ങളുടെ കാലശേഷം മലബാറില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ആത്മീയവും രാഷ്ട്രീയവുമായ എല്ലാ നേതൃത്വവും സയ്യിദ് ഫസലില്‍ ആണ് വന്നുചേര്‍ന്നത്. മമ്പുറത്തു തന്റെ പിതാവ് ഇമാമായിരുന്ന ചെറിയ പള്ളി വിപുലീകരിച്ചത് ഫസല്‍ തങ്ങള്‍ ആയിരുന്നു.
പിതാവ് വിട വാങ്ങുമ്പോള്‍ സയ്യിദ് ഫസല്‍ തങ്ങള്‍ക്ക് ഇരുപത് വയസ്സായിരുന്നു. തികഞ്ഞ പണ്ഡിതനായിരുന്നെങ്കിലും മക്കയിലേക്ക് ഉപരിപഠനത്തിനുവേണ്ടി പോയി. അഞ്ചു വര്‍ഷങ്ങള്‍ മക്കയില്‍ ആയിരുന്നു. 1849 ല്‍ കേരളത്തില്‍ തിരിച്ചെത്തിയ ഫസല്‍ പിതാവിന്റെ സ്ഥാനം ഏറ്റെടുത്തു. മമ്പുറം പള്ളി വികസിപ്പിച്ചു. അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ മലബാറിലെ ജനങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ സ്വാധീനം ചെലുത്തി.
സയ്യിദ് ഫസല്‍ വിവിധ ദേശങ്ങളില്‍ വിവിധ പേരുകളില്‍ ആണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ചരിത്രത്തില്‍ ഈ രണ്ടു ഭാവവും പൂര്‍ണമായും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ബ്രിട്ടീഷുകാരുടെ ശത്രുവായിരുന്ന തങ്ങള്‍ തുര്‍ക്കി സുല്‍ത്താന്റെ ശ്രദ്ധാകേന്ദ്രമായി അത് തുര്‍ക്കി സാമ്രാജ്യത്തില്‍ അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും വര്‍ധിക്കുന്നതിനു കാരണമാക്കി. സുല്‍ത്താന്മാര്‍ക്ക് മാത്രം നല്‍കുന്ന ‘പാഷാ’ എന്ന പദവി തുര്‍ക്കിസുല്‍ത്താന്‍ അദ്ദേഹത്തിന് നല്‍കി.
നാടുകടത്തപ്പെട്ടതിന് ശേഷം ഒരു ദേശത്തിന്റെ ഭരണാധികാരിയായി മാറുന്ന അപൂര്‍വതയും സയ്യിദ് ഫസല്‍ തങ്ങളില്‍ കാണാം. ഒട്ടോമന്‍ തുര്‍ക്കിയുടെ കീഴിലായിരുന്ന (ഒമാന്റെ കീഴിലാണെന്ന അഭിപ്രായവുമുണ്ട്) ഒമാനിലെ ദോഫാര്‍ എന്ന രാജ്യത്തിന്റെ ഭരണാധികാരിയായി കുറച്ചുകാലം സയ്യിദ് ഫസല്‍ കഴിഞ്ഞു. പോരാളി, ഭരണാധികാരി, തുര്‍ക്കി സുല്‍ത്താന്റെ ഉപദേഷ്ടാവ് എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വങ്ങളില്‍ മമ്പുറം സയ്യിദ് ഫസല്‍ ബിന്‍ അലവി തങ്ങള്‍ വിജയിച്ചു.
അറബിയില്‍ എഴുതിയ ‘ഉദ്ദതുല്‍ ഉമറാ വല്‍ ഹുക്കാം ലി ഇഹാനത്തില്‍ കഫറത്തി വ അബദത്തില്‍ അസ്‌നാം’ എന്ന കൃതിയുടെ കയ്യെഴുത്തുപ്രതി വിവിധ മഹല്ലുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ഇസ്തംബൂളില്‍ ഇത് പ്രസിദ്ധിപ്പെടുത്തി. മുസ്‌ലിം പണ്ഡിതന്മാരെയും സാധാരണക്കാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു എഴുത്തായിരുന്നു അത്. കേവല ജിഹാദിന് പ്രേരിപ്പിക്കുന്ന ഒരു ഗ്രന്ഥം മാത്രമായിരുന്നില്ല ‘ഉദ്ദത്ത്’. മറിച്ച് ജിഹാദിന്റെ മുന്നുപാധികളായി പ്രബോധനം, സംസ്‌കരണം എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറയുന്നു. പൊതു സമൂഹത്തെ ബാധിച്ച ഭൗതികതൃഷ്ണയാണ് സമുദായത്തിന്റെ പരാജയത്തിന്റെ കാരണമായി അദ്ദേഹം എടുത്തുപറയുന്നത്. മുസ്‌ലിം സമൂഹം ബ്രിട്ടീഷുകാരില്‍ നിന്ന് നേരിടുന്ന വെല്ലുവിളി അവര്‍ സ്വയം നന്നാകാത്ത കാലത്തോളം തുടരും എന്ന് കൃതിയില്‍ വ്യക്തമാക്കുന്നു. സമുദായ സമുദ്ധാരണത്തിന് അദ്ദേഹം എത്രത്തോളം ശ്രദ്ധാലുവായിരുന്നു എന്ന് മനസ്സിലാക്കാന്‍ മുട്ടുംവിളി നേര്‍ച്ചക്കെതിരെ അദ്ദേഹം കൊടുത്ത ഫത്‌വ തെളിവാണ്. ഇസ്‌ലാമികമായ തങ്ങളുടെ ഉത്തരവാദിത്തം എന്ന അര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ സയ്യിദ് ഫസല്‍ മാപ്പിളമാരെ പ്രേരിപ്പിക്കുന്നെന്ന വിവരം കലക്ടര്‍ കനോലി അറിഞ്ഞതോടെ ആ എഴുത്തിന്റെ പ്രചരണം തടഞ്ഞു.
അസാസുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ അടിസ്ഥാനം), ബവാരികുല്‍ ഫത്താന ലി തഖ്‌വിയതുല്‍ ബിത്താന (നല്ല സുഹൃത്തുക്കളെ ലഭിക്കാന്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍), ത്വരീഖത്തുന്‍ ഹനീഫ (നേരായ മാര്‍ഗം), കൗകബുദ്ദുറര്‍ (മുത്ത് നക്ഷത്രം), ഹുലലുല്‍ ഇഹ്‌സാന്‍ ലി തഹ്‌സീനില്‍ ഇന്‍സാന്‍ (മനുഷ്യന്‍ നന്നാവാനുള്ള നന്മയുടെ പരിഹാരങ്ങള്‍), ഫുസൂസാതുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ പ്രത്യേകതകള്‍), അലാ മന്‍ യുവാരില്‍ കുഫ്ഫാര്‍ (സത്യനിഷേധികളെ സഹായിക്കുന്നവര്‍ക്ക്), അല്‍ ഖൗലുല്‍ മുഖ്താര്‍ ഫീ മന്‍ഇ തഖ്‌യീറില്‍ കുഫ്ഫാര്‍, ഫുയൂസാത്തുല്‍ ഇലാഹിയ്യ: ഇഖ്ദ് അല്‍ ഫരീദ് (സ്ത്രീകളെ കുറിച്ച്).
സാമൂഹികമായി ഉണര്‍വ് സൃഷ്ടിക്കാന്‍ വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബകളായിരുന്നു ഫസല്‍ ഉപയോഗിച്ചത്. നിലവിലെ സാഹചര്യങ്ങളെ നിരൂപണം ചെയ്തും സമൂഹത്തെ ഉണര്‍ത്തിയും നിര്‍വഹിച്ചിരുന്ന ഖുതുബകളിലൂടെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ നേതൃത്വത്തിലും അദ്ദേഹമെത്തി. നിരവധി സ്ഥലങ്ങളില്‍ മുസ്‌ലിംകളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി, ഇസ്‌ലാമിക ജീവിത്തോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടേണ്ടതിനെപ്പറ്റിയും അദ്ദേഹം ജനങ്ങളെ ബോധവല്‍ക്കരിക്കുമായിരുന്നു. അത്തരത്തില്‍ വിളിച്ചുകൂട്ടുന്ന യോഗങ്ങള്‍ ബ്രിട്ടീഷുകാരോടും പാവപ്പെട്ടവരെ അടിമകളെപ്പോലെ ജോലിചെയ്യിപ്പിക്കുന്ന ജന്മിമാരോടും നേരിട്ടുള്ള വെല്ലുവിളിയായിരുന്നു. ഫസല്‍ തങ്ങള്‍ നേതൃത്വത്തില്‍ എത്തിയശേഷം നിരവധി ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങള്‍ക്ക് മലബാര്‍ സാക്ഷ്യംവഹിച്ചു. 1836 ല്‍ പന്തല്ലൂരും 1841 ല്‍ ചേറൂരും ശക്തമായ പോരാട്ടങ്ങള്‍ നടന്നു. 1849 ലെ മഞ്ചേരി കലാപം, 1851 കൊളത്തൂര്‍ കലാപം, 1852 ലെ മട്ടന്നൂര്‍ കലാപം. ഇവയൊക്കെയും ഫസല്‍ തങ്ങളുടെ നേതൃത്വത്തില്‍ ആണെന്നാണ് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കിയത്.
ബ്രിട്ടീഷുകാര്‍ തന്ത്രപൂര്‍വം അദ്ദേഹത്തെ നാടുകടത്തി. അദ്ദേഹം ഹജ്ജിന് പോയതാണ് എന്ന് മുസ്‌ലിം പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. പക്ഷെ, അത് അധികകാലം നീണ്ടുനിന്നില്ല. വലിയ ഒരു വിപ്ലവത്തിനാണ് ഫസല്‍ തങ്ങളുടെ തിരോധാനം വഴിയൊരുക്കിയത്. മുസ്‌ലിം മനസ്സ് പ്രക്ഷുബ്ധമായി. 1855 സപ്തംബര്‍ 11 ന് മൂന്നുപേര്‍ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ കലക്ടര്‍ ബംഗ്ലാവില്‍ അതിക്രമിച്ച് കടന്ന് അന്നത്തെ മലബാര്‍ ജില്ലാ കളക്ടറും മലബാറിലെ പ്രസിദ്ധമായ കനോലി കനാല്‍, നിലമ്പൂരിലെ തേക്ക് തോട്ടം, നിലമ്പൂര്‍ ഷൊര്‍ണൂര്‍ റെയില്‍വെ എന്നിവയുടെ ശില്പിയുമായ കനോലി സായിപ്പിനെ കൊലപ്പെടുത്തുന്നതിലേക്കുവരെ ആ രോഷം പടര്‍ന്നു.
ഇന്ത്യയിലേക്ക് തിരിക്കാനാവില്ല എന്നായതോടെ മക്കയില്‍തന്നെ താമസിക്കാനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം ചെയ്തു. മക്കയിലാണ് ഫസല്‍ അഞ്ചു വര്‍ഷം പഠിച്ചത്. പഠനം കഴിഞ്ഞു ഇന്ത്യയിലേക്ക് പോയിട്ട് മൂന്ന് വര്‍ഷം മാത്രമേ ആയിരുന്നുള്ളൂ. അന്നത്തെ മക്കയിലെ ഗവര്‍ണര്‍ അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് ബിന്‍ ഔന്‍ അദ്ദേഹത്തെ സ്വീകരിച്ച് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. സയ്യിദ് ഫസല്‍ മക്കയിലെ താമസത്തിനിടയിലും മറ്റു പണ്ഡിതന്മാരുമായുള്ള ഇടപഴകലിലൂടെ വെജ്ഞാനിക രംഗത്ത് വലിയ വളര്‍ച്ച ഉണ്ടാക്കി.
1871 ല്‍ ഒമാനിലെ ദോഫാറില്‍ (ഇപ്പോഴത്തെ സലാല) നിന്ന് ഒരു സംഘം ഹജ്ജ് ചെയ്യാനെത്തി.ഗോത്രപരവും അല്ലാത്തതുമായ നിരവധി വിഷയങ്ങളില്‍ പരസ്പരം പോരടിക്കുന്ന പ്രകൃതമായിരുന്നു അവരുടേത്. എന്നാല്‍ ഇസ്‌ലാമിന്റെ പേരില്‍ എല്ലാവരും ഒന്നിക്കണം എന്ന ബോധമുള്ളതിനാല്‍ ആല് കസീറിന്റെ (കസീര്‍ കുടുംബം) നേതൃത്വത്തില്‍ ഒരു സംഘം സയ്യിദ് ഫസലിനെ സമീപിച്ചു.
അങ്ങിനെ അദ്ദേഹത്തിന് തങ്ങളുടെ അനുസരണ പ്രതിജ്ഞ (ബൈഅത്ത്) അവര്‍ മക്കയില്‍ വെച്ച് തന്നെ ഒപ്പ് വെച്ചു. 1872 ഫെബ്രുവരി 27 ന് ആയിരുന്നു അത്. 1874 ഒക്ടോബറില്‍ ആണ് അദ്ദേഹം ദോഫാറില്‍ എത്തി. ദോഫാറില്‍ എത്തിയ സയ്യിദ് ഫസല്‍ അത്ഭുതകരമായ മാറ്റമാണ് അവിടെ ഉണ്ടാക്കിയത്. ഗോത്രങ്ങള്‍ക്കിടയില്‍ ഇസ്‌ലാമികവും രാഷ്ട്രീയവുമായ ശക്തമായ അച്ചടക്കം സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കുറഞ്ഞ കാലംകൊണ്ടുതന്നെ സാധിച്ചു. 1879 ല്‍ ഫസല്‍ തങ്ങള്‍ ആദ്യം ഹദ്‌റമൗത്തിലെ മുകല്ലയിലേക്കും അവിടെ നിന്ന് സൗദിയിലെ ജിദ്ദയിലേക്കും പോയി. തുടര്‍ന്ന് ഇവദ് മസ്‌കത്തില്‍ എത്തുകയും സുല്‍ത്താന്‍ ബിന്‍ സഈദിനെ പ്രീണിപ്പിച്ചു ദോഫാര്‍ മസ്‌കത്തിന്റെ പ്രവിശ്യയായി അംഗീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുര്‍ക്കി സുല്‍ത്താന്‍ യമനിലേക്ക് ഒരു സൈനികമുന്നേറ്റം നടത്തി. യാഫീ മേഖല പിടിച്ചടക്കിയപ്പോള്‍ അവിടത്തെ ഗവര്‍ണറായി ഫസല്‍ തങ്ങളാണ് നിയോഗിക്കപ്പെട്ടത്. യാഫീ മേഖലയില്‍ ഇരുന്ന് അദ്ദേഹം ദോഫാറിലെ ഗോത്രനേതാക്കളുമായി ബന്ധപ്പെട്ട് തന്റെ രാജ്യം തിരിച്ചുപിടിക്കാന്‍ ആഗ്രഹിച്ചു. തുടര്‍ന്ന് ഫസല്‍ തങ്ങള്‍ ഹദര്‍മൗത്തില്‍ എത്തി. അവിടെ നിന്ന് ഈജിപ്ത് സന്ദര്‍ശിച്ചു. ഈ അവസരത്തില്‍ തുര്‍ക്കി സുല്‍ത്താന്‍ ഫസലിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങിനെ സുല്‍ത്താന്റെ നിര്‍ദ്ദേശപ്രകാരം ഫസല്‍ തങ്ങള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തി അന്നത്തെ തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനെ സന്ദര്‍ശിച്ചപ്പോള്‍ വലിയ സ്വീകരണമാണ് സുല്‍ത്താന്റെ കൊട്ടാരത്തില്‍ ഫസലിന് ലഭിച്ചത്. മന്ത്രിസ്ഥാനവും’പാഷ’എന്ന സ്ഥാനവും നല്കി സുല്‍ത്താന്‍ അദ്ദേഹത്തെ ആദരിച്ചു.
വീട്ടുതടങ്കലില്‍ ആയിരിക്കെയാണ് സയ്യിദ് ഫസല്‍ മരണപ്പെട്ടത് എന്ന് ആന്‍ കെ ബാംഗ് രേഖപ്പെടുത്തുന്നു. 1901 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വെച്ച് തന്റെ 78 ാം വയസ്സിലായിരുന്നു മരണം.