ടി.പി.എം. ബഷീര്‍
1957 ജൂണ്‍ 12ലെ ബജറ്റ് ചര്‍ച്ചയില്‍ സി.എച്ച് നടത്തിയ പ്രസംഗത്തിലും മുസ്‌ലിം പ്രാതിനിധ്യത്തെപ്പറ്റിയും ഓരോ സമുദായത്തിനും ക്വാട്ട നിശ്ചയിക്കേണ്ടതിനെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചു. ‘മുസ്‌ലിം പ്രാതിനിധ്യത്തെപ്പറ്റിയാണ് എനിക്ക് ഇനി ധരിപ്പിക്കാനുള്ളത്. മലബാര്‍ തിരുവിതാംകൂര്‍-കൊച്ചിയോട് ചേര്‍ന്നതോടുകൂടി മുസ്‌ലിംകളുടെ പ്രാതിനിധ്യത്തോത് വര്‍ധിപ്പിക്കേണ്ടതാണ്. പ്രൊഫഷണല്‍ കോളജുകളിലും ഗവണ്‍മെന്റ് സര്‍വീസുകളിലും അവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം കിട്ടണം. മുമ്പ് പിന്നാക്ക സമുദായങ്ങള്‍ക്ക് നീക്കിവെച്ചിരുന്ന സീറ്റുകള്‍ ആ സമുദായങ്ങളുടെ ഇടയില്‍ത്തന്നെ ഭാഗിച്ചിരുന്നു. പ്രസിഡണ്ട് ഭരണകാലത്ത് അത് എടുത്തുകളഞ്ഞു. അത് ശരിയായില്ലെന്ന് പിന്നീട് മുസ്‌ലിംകള്‍ക്ക് ഉണ്ടായ അനുഭവം തെളിയിക്കുന്നു. മുഖ്യമന്ത്രി പറയണം, നടക്കാനുള്ള നിയമനങ്ങളില്‍ ഞങ്ങളുടെ ക്വാട്ട കിട്ടുന്നതിന് നടപടിയെടുക്കുമെന്ന്. മുസ്‌ലിംകള്‍ക്ക് എഞ്ചിനീയറിങ് കോളജിലും മെഡിക്കല്‍ കോളജിലും അഗ്രികള്‍ച്ചര്‍ കോളജിലും പ്രാതിനിധ്യം കിട്ടണം.’
1957 ജൂണ്‍ 13ന് ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ സി.എച്ച് വീണ്ടും മുസ്‌ലിം പ്രാതിനിധ്യത്തിന് വേണ്ടി വാദിച്ചു”. പിന്നൊന്ന് പറയാനുള്ളത് നിയമനത്തിലുള്ള മറ്റുചില ക്രമക്കേടുകളെപ്പറ്റിയാണ്. ബാക്ക്‌വേഡ് എന്ന പേരില്‍ ചില സമുദായങ്ങളെ തരംതിരിച്ച് വെച്ചിട്ടുണ്ട്. ഈ സമുദായക്കാര്‍ക്ക് ഓരോരുത്തര്‍ക്കും ഇത്ര എന്ന കണക്കിലാണ് മുമ്പ് കിട്ടിയിരുന്നത്. ഇന്ന് ബാക്ക്‌വേഡ് കമ്മ്യൂണിറ്റി എന്നുള്ളതിനെ ഒന്നായി ചേര്‍ത്ത് ബാക്ക്‌വേഡിലുള്ള ചില ഫോര്‍വേഡുകാര്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയാണ്. അങ്ങനെ വരാതിരിക്കുന്നതിന് മലബാറിലുള്ളവരെക്കൂടെ കണക്കിലെടുത്ത് ഓരോ ബാക്ക്‌വേഡ് കമ്മ്യൂണിറ്റിക്കും ജനസംഖ്യാനുപാതികമായി ക്വാട്ട നിശ്ചയിച്ച് അവര്‍ക്ക് ന്യായമായ വിഹിതം കിട്ടുന്നതിന് പരിശ്രമിക്കണമെന്നും എനിക്ക് അഭിപ്രായമുണ്ട്.
അടുത്തതായി എനിക്ക് പറയാനുള്ളത് മുസ്‌ലിംകളുടെ പ്രാതിനിധ്യത്തെപ്പറ്റിയാണ്. സര്‍വ്വീസ് കമ്മീഷനില്‍ ഒരു മുസ്‌ലിം ഇല്ല. തിരുവിതാംകൂര്‍-കൊച്ചി കമ്മീഷനായിരുന്ന കാലത്തും ഒരു മുസ്‌ലിം ഉണ്ടായിരുന്നില്ല. മുസ്‌ലിം സമുദായം ഈ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമുദായമാണ്. ഒരു മുസ്‌ലിം, കമ്മീഷനില്‍ ഉണ്ടായിരുന്നാല്‍ മുസ്‌ലിം സമുദായത്തോട് പക്ഷപാതം കാണിക്കുകയില്ല. ഏതെങ്കിലും ഒരു മുസ്‌ലിം കമ്മീഷനില്‍ ഉണ്ടായിരുന്നാല്‍ത്തന്നെ ആ മനുഷ്യന്‍ ഉള്ളപ്പോള്‍ എങ്ങനെ പക്ഷപാതപരമായി പ്രവര്‍ത്തിക്കുമെന്നുള്ള മനസ്സാക്ഷിക്കുത്തുണ്ടായി നീതി പ്രവര്‍ത്തിക്കും. പുറത്തുള്ള ആളുകള്‍ക്കും അപ്പോള്‍ ഒരു വിശ്വാസമുണ്ടാകും. നമ്മുടെ ആളും കമ്മീഷനില്‍ ഉണ്ടല്ലോ എന്ന്. സര്‍വീസ് കമ്മീഷനില്‍ ഒരു യോഗ്യനായ മുസ്‌ലിമിനെ നിയമിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അങ്ങനെ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.
സി.എച്ച് നടത്തിയ നിരന്തര പോരാട്ടം ഒടുവില്‍ വിജയം കണ്ടു. പ്രഥമ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ നിലവിലുണ്ടായിരുന്ന 1957 ഫെബ്രുവരി ആറിലെ സംവരണ ഉത്തരവ് ഭേദഗതി ചെയ്ത് 1957 ജൂലൈ 22ന് പുതിയ ഉത്തരവ് ഇറക്കി. പിന്നാക്ക സമുദായങ്ങള്‍ക്ക് 35 ശതമാനം സംവരണം 40 ശതമാനമാക്കി ഉയര്‍ത്തി. ഈഴവ-തിയ്യ വിഭാഗത്തിന് 14 ശതമാനം, മുസ്‌ലിംകള്‍ക്ക് 10 ശതമാനം, ലത്തീന്‍ കത്തോലിക്കര്‍ക്ക് 5 ശതമാനം, മറ്റു പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് ഒരു ശതമാനം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം എന്നിങ്ങനെയായിരുന്നു വ്യവസ്ഥ. പട്ടികജാതി 8 ശതമാനം, പട്ടികവര്‍ഗം 2 ശതമാനം എന്നിങ്ങനെയും നിശ്ചയിച്ചു. അങ്ങനെ 50 ശതമാനം സംവരണവും 50 ശതമാനം മെറിറ്റും എന്ന വ്യവസ്ഥ ഇന്ത്യയിലാദ്യമായി കേരളത്തില്‍ നിലവില്‍ വന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒട്ടേറെ പിന്നാക്ക കമ്മീഷനുകള്‍ നിയമിക്കപ്പെടുകയുണ്ടായി. ഭരണഘടനയുടെ 340-ാം വകുപ്പനുസരിച്ചാണ് ഇത്തരം കമ്മീഷനുകള്‍ നിയമിക്കപ്പെടുന്നത്. രാജ്യത്തെ പ്രഥമ പിന്നാക്ക കമ്മീഷന്‍ രൂപീകരിച്ച് രാഷ്ട്രപതി 1953 ജനുവരി 29ന് വിജ്ഞാപനം പുറപ്പെടുവിച്ചു. പാര്‍ലമെന്റംഗമായ കാക്കാ സാഹിബ് കലേക്കര്‍ ആയിരുന്നു ചെയര്‍മാന്‍. അതിനാല്‍ പില്‍ക്കാലത്ത് ഈ കമ്മീഷന്‍ കാക്കാകലേക്കര്‍ കമ്മീഷന്‍ എന്ന് അറിയപ്പെട്ടു. പിന്നാക്ക ന്യൂനപക്ഷ വിഭാഗം യാതൊരു യോഗ്യതയുമില്ലാതെ അനര്‍ഹമായതെന്തോ കവര്‍ന്നെടുക്കാന്‍ നടത്തുന്ന ഉപാധിയാണ് സംവരണമെന്നും ഇതുമൂലം മതിയായ യോഗ്യതകളുണ്ടായിട്ടും സവര്‍ണ യുവാക്കള്‍ ഉദ്യോഗ രംഗത്തുനിന്ന് നിഷ്‌കാസിതരായി ജീവിതമെടുക്കുകയെന്ന ദുരന്തത്തിന് വിധേയരാവുകയാണെന്നുള്ള പ്രതീതി ജനിപ്പിക്കുന്ന പ്രചാരണങ്ങളുമുണ്ടായി. ഗുരുതരമായ തെറ്റിദ്ധാരണകളുയര്‍ത്തുന്ന ഒട്ടേറെ കാര്യങ്ങള്‍ സവര്‍ണ ലോബി ആസൂത്രിതമായി ഇതിനുവേണ്ടി ആവിഷ്‌കരിച്ചു.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായ ഹരജി സുപ്രീം കോടതിയില്‍ വിചാരണ ചെയ്തുകൊണ്ടിരിക്കെ സുപ്രീം കോടതിയിലെ അഭിഭാഷകര്‍ ഒരു ദിവസത്തെ കോടതി നടപടികള്‍ ബഹിഷ്‌കരിക്കുകയുണ്ടായി. സവര്‍ണ ലോബിയുടെ സ്വാധീനം എത്രവ്യാപകമാണെന്ന് ഇത് വ്യക്തമാക്കുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ആത്മഹത്യശ്രമം നടത്തിയ രാജീവ് ഗോസ്വാമിമാരുടെ കാര്യവും മറക്കാറാട്ടിയില്ല. ഇങ്ങനെ പ്രത്യക്ഷവും പരോക്ഷവുമായ ഒട്ടേറെ കുതന്ത്രങ്ങള്‍ സവര്‍ണവര്‍ഗം ആവിഷ്‌ക്കരിക്കുകയുണ്ടായി. ദ്വിജന്‍മാരുടെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിയപ്പെടുകയും ഒപ്പം അധസ്ഥിത വര്‍ഗങ്ങളില്‍ ആശാഹമായ ഉണര്‍വ് സംജാതമാവുകയും ചെയ്ത സവിശേഷ സാഹചര്യവും മണ്ഡല്‍ പ്രക്ഷോഭ വേളയിലുണ്ടായി. ദേശീയതലത്തില്‍ ഉണര്‍വിനെ ജാതി രാഷ്ട്രീയമെന്ന് അധിക്ഷേപിക്കുന്നവരുണ്ടായെങ്കിലും പിന്നാക്ക – അധസ്ഥിത വര്‍ഗങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുകയും പല സംസ്ഥാനങ്ങളിലും അധികാരം കയ്യാളുകളും ചെയ്തു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ ഭൂമികയില്‍ സ്വയം നിര്‍ണയാധികാരത്തിന് പിന്നാക്ക സമുദായങ്ങളെ പ്രാപ്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. 1980 മെയ് 10ന് ഡോ. രാജോഗോപാല്‍ സിംഗ് അധ്യക്ഷനായി പത്ത് അംഗങ്ങളുള്ള ഒരു കമ്മിറ്റിയിലെ ന്യൂനപക്ഷങ്ങള്‍, പട്ടികജാതി – പട്ടികവര്‍ഗങ്ങള്‍ മറ്റു ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ സ്ഥിതി പഠിക്കുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുമായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിയമിച്ചു. 1981 ജനുവരി 31ന് ഇടക്കാല റിപ്പോര്‍ട്ടും 1983 ജൂണ്‍ 14ന് അന്തിമറിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ‘ഹൈപവര്‍ പാനല്‍’ എന്നാണ് ഈ കമ്മിറ്റി അറിയപ്പെട്ടത്. കാക്കാ കലേക്കര്‍ കമ്മീഷന്റെ അതേ ഗതിയാണ് ഈ കമ്മീഷനും ഉണ്ടായത്. കേരളത്തില്‍ കെ.കെ വിശ്വനാഥന്‍ കമ്മിറ്റി (1961-63), കുമാരന്‍പിള്ളി കമ്മീഷന്‍ (1965), നെട്ടൂര്‍ കമ്മീഷന്‍ (1970), നാരായണപിള്ള കമ്മീഷന്‍ (1985), ഡോ. ബാബു വിജയ്‌നാഥ് കമ്മീഷന്‍ (1982) തുടങ്ങിയ നിരവധി കമ്മീഷനുകള്‍ പിന്നാക്ക സമുദായങ്ങളെപ്പറ്റിയും പട്ടികജാതി- വര്‍ഗ വിഭാഗങ്ങളെപ്പറ്റിയും പഠിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും നിയോഗിക്കപ്പെടുകയുണ്ടായി.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിക്കുന്നതിനെതിരെ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതികളിലുമായി 112-ഓളം റിട്ട് ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ഇതിനു പുറമെ 1991 സെപ്തംബര്‍ 25ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പിന്നോക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കായി സംവരണം നിജപ്പെടുത്തുമെന്ന് പറഞ്ഞ കാര്യം സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഈ കേസുകളുടെ വിധിയോടനുബന്ധിച്ച് സുപ്രീം ഒമ്പത് ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന സിറ്റിങ് സംവരണ പ്രശ്‌നത്തില്‍ ക്രീമിലെയറിനെ കണ്ടെത്തണമെന്ന് നിര്‍ദേശിച്ചു. 1992 നവംബര്‍ 16നാണ് ശ്രദ്ധേയമായ ഈ വിധിയുണ്ടായത്. പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെയാണ് ക്രീമിലെയര്‍ എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ക്രീമിലെയറിനെ കണ്ടെത്തണമെന്ന് പറഞ്ഞ കോടതി അതിന് മാനദണ്ഡം നിശ്ചയിച്ചില്ല. ക്രീമിലെയറിന് മാനദണ്ഡം നിശ്ചയിക്കാന്‍ പാറ്റ്‌നാ ഹൈക്കോടതി മുന്‍ജഡ്ജി ജസ്റ്റിസ് രാംനന്ദന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ നാലംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു. എം.എല്‍. സഹാറെ, പി.എസ് കൃഷ്ണന്‍, ആര്‍.ജെ മജീദിയ എന്നിവരായിരുന്നു അംഗങ്ങള്‍. 1993 ഫെബ്രുവരി 22ന് നിയോഗിക്കപ്പെട്ട കമ്മീഷന്‍ 1993 മാര്‍ച്ച് 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1993 സെപ്തംബര്‍ 8ന് ഓഫീസ് മെമ്മോറാണ്ടം പ്രസിദ്ധീകരിക്കുകയും ചെയ്തു.
മൂന്നാം ക്രീമിലെയര്‍ കമ്മീഷന്‍ എന്നറിയപ്പെട്ടു. ഈ കമ്മീഷനെതിരെയും എന്‍.എസ്.എസ് ഒട്ടേറെ തടസ്സവാദങ്ങളുമായി രംഗത്തുവന്നു. ജോസഫ് കമ്മിറ്റിയുടെ ഒന്നര ലക്ഷം വരുമാനപരിധി യാതൊരു കാരണവശാലും വര്‍ധിപ്പിക്കരുതെന്നായിരുന്നു അവരുടെ പ്രധാന വാദം. എന്നാല്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ക്രീമിലെയര്‍ നിര്‍ണയത്തിനുള്ള വരുമാന പരിധി നാലര ലക്ഷമാക്കി. 2008 ജൂലൈ ഒന്നിന് കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജേന്ദ്രബാബു കമ്മീഷനും സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ നല്‍കി. 2009 ജൂണ്‍ 30ന് അന്തിമ റിപ്പോര്‍ട്ട് നല്‍കി. ക്രീമിലെയര്‍ വരുമാന പരിധി നാലര ലക്ഷമാക്കി ഉയര്‍ത്തിയതിനെതിരെയും എന്‍.എസ്.എസ് സുപ്രീംകോടതിയെ സമീപിച്ചു. ഹരജി ഫയലില്‍ സ്വീകരിച്ചുവെങ്കിലും സ്റ്റേ അനുവദിച്ചില്ല. മാത്രമല്ല. ക്രീമിലെയര്‍ വരുമാന പരിധി നിര്‍ണയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനാണെന്ന് സുപ്രീംകോടതി വിധിക്കുകയും ചെയ്തു. മത ഭാഷാ ന്യൂനപക്ഷങ്ങളില്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കണ്ടെത്താനുള്ള മാനദണ്ഡം നിശ്ചയിക്കാനും ക്ഷേമത്തിനായുള്ള നടപടികള്‍ നിര്‍ദ്ദേശിക്കാനും വേണ്ടിയാണ് രംഗനാഥ മിശ്ര കമ്മീഷന്‍ നിയമിതമാകുന്നത്. 2004 ഒക്‌ടോബര്‍ 29ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും 2005 മാര്‍ച്ച് 21നാണ് കമ്മീഷന്‍ രൂപീകൃതമായത്. ജസ്റ്റിസ് രംഗനാഥ മിശ്ര ചെയര്‍മാനും ഡോ. താഹിര്‍ മഹ്മൂദ്, ഡോ. അനില്‍ വില്‍സന്‍, ഡോ. മൊഹീന്ദര്‍ സിംഗ് എന്നിവര്‍ അംഗങ്ങളും ആശാദാസ് മെമ്പര്‍ സെക്രട്ടറിയുമായിരുന്നു. 2007 മെയ് 10ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സംവരണാര്‍ഹരായ പിന്നാക്ക സമുദായങ്ങളുടെ വിശിഷ്യാ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്കും ഒട്ടേറെ പരിഹാര നിര്‍ദ്ദേശങ്ങളാണ് ഈ കമ്മീഷന്‍ അവതരിപ്പിച്ചത്. ദേശീയ മത-ഭാഷാ ന്യൂനപക്ഷ കമ്മീഷന്‍ എന്നും ഈ കമ്മീഷന്‍ അറിയപ്പെട്ടു. (തുടരും)