Connect with us

Video Stories

പ്രണബ് വിതച്ചത് ആര്‍.എസ്.എസ് കൊയ്യുമ്പോള്‍

Published

on

അഹമ്മദ് ഷരീഫ് പി.വി

ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസിന്റെ കേന്ദ്ര ആസ്ഥാനത്തും, ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്തും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സന്ദര്‍ശനം നടത്തുമ്പോള്‍ രാജ്യം ടെലിവിഷനുകള്‍ക്കു മുന്നില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സിരകളില്‍ കോണ്‍ഗ്രസ് രക്തമാണ് ഓടുന്നതെന്ന് നാഴികക്ക് നാല്‍പത് വട്ടം പറഞ്ഞിരുന്ന, എക്കാലത്തും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍.എസ്.എസുകാരെ അഭിസംബോധന ചെയ്യുന്നത് രാജ്യത്തെ ഏറെക്കുറെ വാര്‍ത്താ ചാനലുകളും ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതോടൊപ്പം ചാനലുകള്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റേയും പ്രസംഗം മാലോകരെ തല്‍സമയം അറിയിച്ചു. ആരുമാരും അറിയപ്പെടാതെ പോകുമായിരുന്ന ഒരു ചടങ്ങ് ദേശീയ സംഭവമാക്കി മാറ്റാനും, ആര്‍.എസ്.എസിന്റെ സന്ദേശം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഇതുവഴി എത്തിക്കാനും സംഘാടകര്‍ക്കായി. ഒരു വെടിക്ക് രണ്ട് പക്ഷി എന്നു പറയാം.ആര്‍.എസ്.എസ് ആസ്ഥാനത്തെ പ്രണബിന്റെ പ്രസംഗം സാകൂതം കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ച രാജ്യത്തെ ജനങ്ങളുടെ ജിജ്ഞാസ സംഘ്പരിവാര്‍ ഭംഗിയായി കൈകാര്യം ചെയ്തുവെന്നു വേണം പറയാന്‍. ആര്‍.എസ്.എസിന്റെ ചിത്രം വ്യക്തമായിരുന്നു. പ്രണബിന്റെ ഒരു ചിത്രത്തിന് പകരം അവര്‍ ലക്ഷ്യമിട്ടത് പല ഫ്രെയിമുകള്‍ തന്നെയായിരുന്നു. പ്രണബിലൂടെ ഭാവിയിലേക്ക്, എക്കാലത്തും ചില്ലിട്ട് സൂക്ഷിക്കാന്‍ ഒരുപിടി ഓര്‍മ ചിത്രങ്ങള്‍. ഭാവിയില്‍ സംസ്‌കാരിക നാട് തങ്ങളെ തള്ളിയില്ലെന്ന സന്ദേശം ഇതുവഴി നല്‍കാമെന്ന അപാര ബുദ്ധിയും. എല്ലാ കണക്കു കൂട്ടലിലും ആര്‍.എസ്.എസ് സമ്പൂര്‍ണമായി വിജയിച്ചുവെന്നു വേണം പറയാന്‍.
പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ച് ഇന്ത്യയുടെ വീരപുത്രന് ആദരമര്‍പ്പിക്കാന്‍ താനിവിടെ വന്നുവെന്നു സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചതോടെ രാജ്യം പ്രതീക്ഷിച്ചതും ആര്‍.എസ്.എസ് ഇഛിച്ചതുമായ കാര്യം നടന്നു. സ്വന്തം മകളുടെ പോലും താക്കീത് ലംഘിച്ച് ഈ ഫോട്ടോ എടുപ്പിന് പ്രണബ് സാഹചര്യം സ്വയം ഒരുക്കുകയായിരുന്നു. രാജ്യത്തിന്റെ വീര പുത്രനെന്ന് പ്രണബ് വിശേഷിപ്പിച്ച ഹെഡ്‌ഗെവാര്‍ ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ വീര സാഹസികത എന്തായിരുന്നുവെന്നും അറിയാന്‍ അദ്ദേഹത്തിന്റെ തന്നെ ആത്മകഥ ധാരാളമാണ്. പരന്ന വായനയുടെയും എഴുത്തിന്റേയും ലോകത്തു നീന്തുന്ന പ്രണബ് മുഖര്‍ജി ഇക്കാര്യം അമ്പേ വിസ്മരിച്ചുവെന്നു വേണം കരുതാന്‍. ഹെഡ്‌ഗേവാര്‍ വീര പുത്രനാണെന്ന് പ്രണബിനെ കൊണ്ട് തന്നെ ആര്‍.എസ്.എസുകാര്‍ പറയിപ്പിക്കുമ്പോഴും അദ്ദേഹം ആരായിരുന്നുവെന്ന് നാം കണ്ണോടിക്കുക തന്നെ വേണം. ആര്‍.എസ്എസിന്റെ ആദ്യ സര്‍ സംഘ് ചാലക് എന്നതൊഴിച്ചാല്‍ ഹെഡ്‌ഗേവാര്‍ എന്നും ഓര്‍ക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ഹിന്ദു രാഷ്ട്ര സ്വപ്‌നത്തിലൂടെയാണ്. മുസ്‌ലിംകളെ യവന(വിദേശ )സര്‍പ്പങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ഹെഡ്‌ഗേവാര്‍ മാതൃരാജ്യത്തിന് ആദരം അര്‍പ്പിക്കുന്നതില്‍ മുസ്‌ലിംകളെ എന്നും സംശയത്തോടെ മാത്രമാണ് നോക്കിക്കണ്ടത്. മുസ്‌ലിംകള്‍ ദേശവിരുദ്ധരാണെന്ന വാദമാണ് എന്നും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്. ജര്‍മ്മനി ജര്‍മന്‍കാര്‍ക്കെന്ന പോലെ ഈ രാജ്യം ഹിന്ദുക്കള്‍ക്കുള്ളതാണ്, ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്ക് എന്ന വാക്ക് യാഥാര്‍ത്ഥ്യമാക്കാനാണ് സംഘ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഹെഡ്‌ഗേവാര്‍ കുറിച്ചത്. ഒരു തുണ്ട് ഭൂമിയെ രാഷ്ട്രം എന്ന് വിളിക്കാനാവില്ലെന്ന് പറയുന്ന അദ്ദേഹം ഒരു രാഷ്ട്രം സൃഷ്ടിക്കപ്പെടണമെങ്കില്‍ ഒരേ ചിന്ത, ഒരേ സംസ്‌കാരം, പുരാതന കാലം മുതല്‍ക്കെ ഒരേ പാരമ്പര്യത്തില്‍ ജീവിച്ചവരാവണം തുടങ്ങിയ നിബന്ധനകള്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഈ രാജ്യം ഹിന്ദുക്കളുടേതായതിനാലാണെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മറ്റുള്ളവരോട് സഹായം തേടുന്നതും, അഭ്യര്‍ത്ഥിക്കുന്നതും പോരായ്മയുടെ അടയാളമാണെന്നു ആര്‍.എസ്.എസുകാരെ പഠിപ്പിച്ച അദ്ദേഹം ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതെന്ന് ഉച്ചത്തില്‍ പറയണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റുള്ളവര്‍ ഇവിടെ ജീവിക്കേണ്ടെന്ന് നമ്മള്‍ ഒരിക്കലും പറയേണ്ടതില്ല. പക്ഷേ അവര്‍ ഹിന്ദുക്കള്‍ക്കുള്ള ഹിന്ദുസ്ഥാനിലാണ് ജീവിക്കുന്നതെന്ന് മനസിലാക്കണമെന്നാണ് മുന്നറിയിപ്പെന്ന പോലെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കാവിക്കൊടി (ഭഗ്‌വ ധ്വജ്)കാണുമ്പോള്‍ രാജ്യത്തിന്റെ മുഴുവന്‍ ചരിത്രവും, പാരമ്പര്യവും, സംസ്‌കാരവും നമ്മുടെ കണ്ണുകളിലേക്ക് ഉയര്‍ന്നു വരികയും മനസ് ഉണരുകയും ഒരു പ്രത്യേക പ്രചോദനം വരികയും വേണം. കാവിക്കൊടിയെ മാത്രമേ നമ്മുടെ ഗുരുവായി, തത്വങ്ങളുടെ പ്രതീകമായി കാണേണ്ടതുള്ളൂവെന്നും. ഏത് വ്യക്തികളേക്കാളും മഹത് സ്ഥാനം കല്‍പിക്കേണ്ടത് കാവിക്കൊടിക്കാണെന്നുമാണ് ഹെഡ്‌ഗേവാര്‍ പഠിപ്പിച്ചിട്ടുള്ളത്. ഹെഡ്‌ഗെയുടെ ഓരോ വാക്കുകളും ഗാന്ധി, നെഹ്‌റു, പട്ടേല്‍, രാജഗോപാലാചാരി, മൗലാന അബ്ദുല്‍ കലാം ആസാദ്, എന്നിവരുടെ ആശയങ്ങള്‍ക്കു വിരുദ്ധമാണ്. മതേതര ഇന്ത്യ എന്ന സങ്കല്‍പത്തെ തന്നെ പിഴുതെറിയുന്നതിനായാണ് ഹെഗ്‌ഡേവാര്‍ ആര്‍.എസ്.എസ് എന്ന സംഘടനക്ക് രൂപം നല്‍കിയത്. പ്രണബ് പറഞ്ഞ രീതിയില്‍ അദ്ദേഹം മഹാനായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ മഹത്വം തന്നെ മറ്റൊരു രീതിയില്‍ മാറ്റി മറിക്കേണ്ടി വന്നേനെ.
ദേശീയതയെവ്യാഖ്യാനിക്കാനായി നെഹ്‌റുവിന്റെ ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’യിലെ ചില വാചകങ്ങള്‍ അവിടെയും ഇവിടെയും വാരി വിതറിയത് ഒഴിച്ചാല്‍ രാജ്യസ്‌നേഹവും, ദേശീയതയും സംബന്ധിച്ച സംഘ് പരിവാര്‍ വേര്‍ഷനുമായി മുഖര്‍ജിയുടെ കാഴ്ചപ്പാടില്‍ വലിയ വ്യത്യാസം കാണാനാവില്ല. പൗരാണിക ഇന്ത്യ എങ്ങിനെയാണ് തുറന്ന സമൂഹമായി നിലനിന്നതെന്ന് മുന്‍ രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്. ലോകത്തെ ഇന്ത്യയുമായി ബന്ധപ്പെടുത്തിയത് സില്‍ക്ക്, സ്‌പൈസ് റൂട്ടിലൂടെയാണ്. സംസ്‌ക്കാരവും, വിശ്വാസവും സ്വതന്ത്രമായി പങ്കുവെക്കാന്‍ ഇത് കാരണമായതായും അദ്ദേഹം പറയുന്നു. മൗര്യന്‍മാരെ കുറിച്ചും, അശോകന്‍ മഹാനായ ഭരണാധികാരിയാണെന്നതും വ്യക്തമാകുന്നു. ഗുപ്തന്‍മാരെ കുറിച്ച് പറയുന്നു. ചാണക്യന്റെ അര്‍ത്ഥശാസ്ത്രം സൂചിപ്പിക്കുന്നു. ബുദ്ധമതം, ഹിന്ദുമതം എന്നിവയുടെ സ്വാധീനത്തെ കുറിച്ച് പറയുന്നു. മെഗസ്തനീസിന്റെയും, ഹ്യുയാന്‍സാങ്ങിന്റെയും രചനകളെ കുറിച്ച് പറയുന്നു. തക്ഷശില, നളന്ദ, വിക്രമശില തുടങ്ങിയ യൂണിവേഴ്‌സിറ്റികള്‍ ലോകത്തെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചതിനെ കുറിച്ച് പറയുന്നു. യൂറോപ്യന്‍മാര്‍ രാഷ്ട്രം എന്ന സങ്കല്‍പം മുന്നോട്ട് വെക്കും മുമ്പേ ഇന്ത്യ ഇക്കാര്യം മുന്നോട്ടുവെച്ചതും, 16 മഹാജനപഥങ്ങളും പ്രണബ് വ്യക്തമാക്കുന്നു. ലോകത്തെ ഒന്നായി കണ്ട് എല്ലാവരുടെ ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നതുമാണ് ഇന്ത്യക്കാരുടെ രീതി എന്നു അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയുടെ മഹത്തായ നേട്ടങ്ങള്‍ പറയുന്നതില്‍ യാതൊരു തെറ്റുമില്ല. പക്ഷേ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ അപകടം കാണുന്നത് പ്രസംഗ മധ്യത്തിലാണ്. 12-ാം നൂറ്റാണ്ട് വരെ പല രാജവംശവും ഇന്ത്യ ഭരിച്ചതായി പറഞ്ഞു വെക്കുന്ന മുന്‍രാഷ്ട്രപതി പിന്നീട് മുസ്‌ലിം ഭരണാധികാരികള്‍ ഡല്‍ഹിയിലേക്ക് അതിക്രമിച്ച് കയറുകയും 300 വര്‍ഷം ഭരിക്കുകയും ചെയ്തതായാണ് പറഞ്ഞത്. ഇതിനു ശേഷം ലോധി വംശത്തെ പരാജയപ്പെടുത്തി മുഗളന്‍മാര്‍ 300 വര്‍ഷം ഭരണം പിടിച്ചെടുത്തതായും വ്യക്തമാക്കുന്നു. സംഘ്പരിവാറിന്റെ വര്‍ഗീയ വായനയില്‍ ഇത് ലളിതമായി 800 വര്‍ഷത്തെ വിദേശ ഭരണമായി മാറുമെന്ന് ഉറപ്പ്. മുസ്‌ലിം ഭരണാധികാരികളുടെ കാര്യത്തില്‍ മാത്രം പിടിച്ചെടുക്കലും, കടന്നു കയറ്റവുമായിരുന്നെങ്കില്‍ ബ്രിട്ടീഷുകാര്‍ ഭരണം ഏറ്റെടുക്കുകയായിരുന്നു. ലോക ജി.ഡി.പിക്ക് ഇന്ത്യ നല്‍കിയ സംഭാവനയുടെ 25% മുഗള്‍ കലഘട്ടത്തിലാണ്. മറ്റേത് ഭരണാധികാരികളെ പോലെയും മുഗളന്‍മാരും അവരുടെ വിഭവങ്ങളും, സമ്പത്തും ഇവിടെ തന്നെയാണ് ചെലവിട്ടതെന്ന് ചരിത്രമാണ്. എന്നിട്ടും അവര്‍ പുറമെ നിന്നുള്ള കടന്നുകയറ്റക്കാരായി. മുഗളന്‍മാരുടെ പൂര്‍വികരും കുശാന, ശക വിഭാഗക്കാരും ഒരേ മേഖലയില്‍ നിന്നും ഇന്ത്യയില്‍ എത്തിയവരാണെങ്കിലും മുഗളന്‍മാര്‍ മാത്രം അന്യരായി. മറ്റുള്ളവരെ ഇന്ത്യ സ്വീകരിച്ചു. മുഗളന്‍മാര്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ അസമിലെ അഹം വിഭാഗക്കാരും ഇന്ത്യക്കാരായാണ് അറിയപ്പെട്ടത്. പാഠ്യ പുസ്തകങ്ങളായ ചരിത്ര ഗ്രന്ധങ്ങളില്‍ പോലും മുസ്‌ലിംകളുടെ സംഭാവനകള്‍ ഏറിയ പങ്കും വിസ്മരിക്കപ്പെട്ടതാണ്. ലിബറലുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും എഴുതിയ ചരിത്ര ഗ്രന്ധങ്ങളില്‍ മുസ്‌ലിം ഭരണാധികാരികളുടേയും, നവോദ്ധാന നായകരുടേയും നെഗറ്റീവ് അംശങ്ങളാണ് കൂടുതലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് തന്നെയാണ് പ്രണബും പറയാതെ പറഞ്ഞു ആര്‍.എസ്.എസിന്റെ ചിന്തകള്‍ക്കു സമം ചേര്‍ന്നത്. കുതിരാം ബോസ് ജില്ലാ ജഡ്ജിയെ വധിക്കാന്‍ ശ്രമിച്ചത് മഹത് വല്‍ക്കരിച്ച ചരിത്ര ഗ്രന്ധങ്ങളില്‍, ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മായോ പ്രഭുവിനെ ഷേര്‍ അലി അഫ്രീദി വധിച്ചത് കാണാനാവില്ല. ഇക്കാലത്തെ വ്യാഖ്യാന മനുസരിച്ച് അഫ്രീദി ജിഹാദിയും തീവ്രവാദിയായും ചിത്രീകരിക്കപ്പെടും. 1930ല്‍ പെഷവാറിലെ ക്വിസ്സ ഖാനി ബസാറില്‍ ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്റെ അനുയായികളായ നിരായുധരായ 200 മുസ്‌ലിംകളെ ബ്രിട്ടീഷുകാര്‍ കൂട്ടക്കൊല ചെയ്തത് ആരും എവിടെയും പറയാറില്ല. മുസ്‌ലിംകളുടെ ഇന്ത്യന്‍ സംഭാവനകള്‍ ഒരിക്കലും എടുത്ത് പറയാറില്ലെങ്കിലും നെഗറ്റീവുകള്‍ അത് ഹെഡ്‌ഗെവാറിന് മുമ്പ് തന്നെ കൊത്തിവെക്കാന്‍ ആരംഭിച്ചതാണ്.
വിദ്വേഷത്തിന്റെയോ അസഹിഷ്ണുതയുടെയോ അടിസ്ഥാനത്തില്‍ ദേശീയതയെ വ്യാഖ്യാനിക്കുന്നത് ദേശീയ ഐഡന്റിറ്റിയെ ദുര്‍ബലപ്പെടുത്തുമെന്നാണ് പ്രണബ് പ്രസംഗത്തില്‍ പറഞ്ഞത്. പക്ഷേ ഈ ദിനം വരെ ആര്‍.എസ് എസ് അഭിമാനം കൊള്ളുന്നത് തങ്ങളുടെ സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ഒരു ഹിന്ദു രാഷ്ട്രം സ്വപ്‌നം കണ്ടവനായാണ്. ആര്‍.എസ്.എസിന്റെ തന്നെ വെബ് സൈറ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വെബ് സൈറ്റില്‍ അഭിമാനത്തോടെ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌ഗെവാര്‍ ഹിന്ദു രാഷ്ട്ര സങ്കല്‍പം പരിപോഷിപ്പിക്കാനായി 1925ല്‍ നാഗ്പൂരില്‍ ആര്‍.എസ്.എസ് സ്ഥാപിച്ചു. ഹെഡ്‌ഗേവാറിന്റെ ജീവചരിത്രമായ ‘ഡാ. ഹെഡ്‌ഗെവാര്‍ ദി എപ്പോക്ക് മേക്കറില്‍’ഇങ്ങനെ പറയുന്നു. സവര്‍ക്കറുടെ പ്രചോദനപരവും, ബുദ്ധിപരവുമായ ഹിന്ദുത്വ ആശയം വ്യക്തതയോടെയും അവിതര്‍ക്കവുമായി ഡോക്ടര്‍ജിയുടെ മനസിലേക്ക് കയറി വന്നു. ന്റെ ചരിത്രപരമായ ഉള്‍ക്കാഴ്ച്ചയിലൂടെയും അനുഭവ ജ്ഞാനത്തിലൂടെയും ഹെഡ്‌ഗെ വാറും ഹിന്ദു രാഷ്ട്രമെന്ന അതേ സത്യത്തില്‍ എത്തിപ്പെട്ടു. മുഖര്‍ജിയുടെ മതേതരത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടും ഹെഡ്‌ഗേവാറിനെ പുകഴ്ത്തലും തമ്മിലുളള പൊരുത്തക്കേടുകള്‍ ഇവിടെ വ്യക്തമാണ്. ഖിലാഫത്ത് പ്രക്ഷോഭകാലത്ത് ഗാന്ധിയുടെ മുസ്‌ലിം കാഴ്ചപ്പാടിനെ ഹെഡ്‌ഗെവാര്‍ എതിര്‍ത്തിരുന്നു. മുസ്‌ലിംകള്‍ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുന്നത് ഇന്ത്യയെക്കാളും വിധേയത്വം ഇസ്‌ലാമിനോടായതിനാലാണെന്നായിരുന്നു അദ്ദേഹം വാദിച്ചത്. ഹെഡ്‌ഗെ വാറിന്റെ ജീവചരിത്രത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. ഹിന്ദു മുസ്‌ലിം ഭായ് ഭായ് എന്ന ശബ്ദം അന്തരീക്ഷത്തില്‍ അലയടിക്കുന്നു പക്ഷേ യാഥാര്‍ത്ഥ്യം ഇതില്‍ നിന്നും വിഭിന്നമാണ്.
ഡോക്ടര്‍ജി ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നുണ്ട്. ഇക്കാലമത്രയും മുസ്‌ലിംകള്‍ നമ്മളുടെ അടയാളങ്ങളോട് പോസിറ്റീവായി പ്രതികരിച്ചിട്ടുണ്ടോ? അവര്‍ ഹിന്ദു സമൂഹത്തോട് ഊഷ്മളമായ ഒരു ബന്ധം സ്ഥാപിച്ചിട്ടുണ്ടോ? ഭാരത മാതാവിനോട് ആദരം കാണിക്കാനുള്ള നമ്മുടെ സന്നദ്ധതയോട് ഏതെങ്കിലും രീതിയില്‍ അനുകൂല സമീപനം എടുത്തിട്ടുണ്ടോ? ഹിന്ദുക്കളുടെ സഹിഷ്ണുത എന്ന പാരമ്പര്യത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ഇവര്‍ക്കായിട്ടുണ്ടോ? ഇവിടെയാണ് സിറ്റി സണ്‍ മുഖര്‍ജിക്ക് തെറ്റിയത്.ഇന്ത്യന്‍ മുസ്‌ലിംകളെ വിദേശ സര്‍പ്പങ്ങളെന്ന് വിളിച്ച ഹെഡ്‌ഗെവാറിന്റെ വാദങ്ങളെ താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? ഇയാളാണോ ഇന്ത്യയുടെ ധീരപുത്രനെന്ന് അങ്ങ് വിശേഷിപ്പിച്ചത്. താങ്കളുടെ ഈ പുകഴ്ത്തലുകള്‍ മതന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണ് സാര്‍. കുറോസോവയുടെ ‘റാ ഷൊമന്‍’പോലെ ഇടതിനും, വലതിനും ആര്‍ത്തു വിളിക്കാന്‍ ചിലതു താങ്കള്‍നല്‍കി. പക്ഷേ ചില പ്രത്യേക കാര്യങ്ങളില്‍ താങ്കളുടെ നിശബ്ദത അവഗണിക്കാന്‍ കഴിയാത്ത വലിയ രാഷ്ട്രീയ സന്ദേശമാണ് നല്‍കിയത്. ആര്‍.എസ്.എസ് ഇനിയും തൊട്ടുകൂടാത്ത ഒന്നല്ല എന്നും, ഹെഡ്‌ഗേവാര്‍ ഒരു നായകനാണെന്നുള്ളതുമാണത്. പ്രണബ് ആര്‍.എസ്.എസിനെ ട്രോളി എന്നത് സവര്‍ണ ലിബറലുകള്‍ക്ക് പറയാമെങ്കിലും മറ്റുള്ളവര്‍ക്ക് ഹെഡ്‌ഗേവാര്‍ ഭാരതാംഭയുടെ വീരപുത്രനാകുന്നത് വരാനിരിക്കുന്ന ദുര്‍ദിനങ്ങളുടെ സൂചകമായി മാത്രമേ കാണാനാവൂ. സംഘ്പരിവാറിന് മുന്നില്‍ ഒരു ദര്‍പ്പണമായി പ്രണബ് മാറിയെന്നാണ് ഒരു വാദം. എന്നാല്‍ ഒരിക്കല്‍ പോലും പ്രണബിന്റെ പ്രസംഗം ഗാന്ധിയന്‍ രീതിയില്‍ ആയിരുന്നില്ലെന്നതാണ് സത്യം. ഗാന്ധിയെ പോലെ ദൈര്യം പ്രണബ് കാണിച്ചിരുന്നുവെങ്കില്‍ സംഘ് നേതാക്കളുടെ മുന്നില്‍ നിന്നും മുസ്‌ലിം വിരുദ്ധ കലാപത്തില്‍ അതൃപ്തി അറിയിക്കുമായിരുന്നു. പട്ടേലിനെ പോലെ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ഒരാളാണ് പ്രണബെന്ന് ആരും കരുതുന്നു പോലുമില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ പട്ടേല്‍ പോലും ആര്‍.എസ്.എസിനോടും ഗോള്‍വാക്കറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖര്‍ജി ഈ സ്ഥാനത്ത് നയതന്ത്രപരമായാണ് വാക്കുകള്‍ ഉപയോഗിച്ചത്. കൊലപാതകം, തല്ലിക്കൊല്ലല്‍ എന്നീ വാക്കുകള്‍ ഒഴിവാക്കി അതിക്രമമെന്ന് പറഞ്ഞ മുന്‍ രാഷ്ട്രപതി ഇത് ഇരുട്ട് കൊണ്ടുവരുമെന്നാണ് പറഞ്ഞത്. ആര്‍.എസ്.എസും ബന്ധപ്പെട്ട സംഘടനകളുടേയും പ്രവര്‍ത്തനമാണ് മുസ്‌ലിം വിരുദ്ധ, ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷം നിറക്കുന്നതെന്ന് പറയാന്‍ പക്ഷേ പ്രണബ് മുഖര്‍ജി മിനക്കെട്ടില്ല. അതിന് പകരം ആര്‍ക്കും എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന രീതിയില്‍ ഒരു അഴകൊഴമ്പന്‍ പ്രസംഗം നടത്തി. അല്ലാത്ത പക്ഷം കര്‍ഷകരുടെ ആത്മഹത്യകളെ കുറിച്ചും നോട്ട് അസാധുവാക്കല്‍ നരക തുല്യമാക്കിയവരെ കുറിച്ചും അദ്ദേഹം ഉരിയാടുമായിരുന്നു. എല്ലായിടത്തും ആക്രമണത്തിന് വിധേയരാവുന്ന ദളിതര്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ ഇവരൊക്കെ സര്‍ക്കാറുകളാല്‍ വേട്ടയാടപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം മനോഹരമായി വിഴുങ്ങി. സാധാരണക്കാരന്റെ ജീവിതം കീറി എറിയപ്പെടുമ്പോള്‍ അതേ കുറിച്ച് മിണ്ടാതെ ആര്‍.എസ്.എസുകാരുടെ പ്രീതി പറ്റി പ്രണബ് നാഗ്പൂരില്‍ നിന്നും ഇറങ്ങുമ്പോള്‍ സമീപ ഭാവിയില്‍ ഇതിന് ഒരു പാട് അര്‍ത്ഥ തലങ്ങള്‍ കൈവരുമെന്നത് തീര്‍ച്ചയാണ്. ഹെഡ്‌ഗേവാര്‍ മരിച്ച് 78 വര്‍ഷം പിന്നിടുമ്പോള്‍ ഇനി തലക്കെട്ടുകളില്‍ ഇടം പിടിക്കാന്‍ പോകുന്നത് സംഘ്പരിവാര്‍ പ്രചാരകനെന്ന നിലയിലെ വാക്കുകളോ. ആര്‍.എസ്.എസ് സ്ഥാപകനെന്ന നിലയിലോ ആയിരിക്കില്ല, പകരം മുന്‍ രാഷട്രപതിയും, കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ പുകഴ്ത്തലിന്റെ പേരിലായിരിക്കും. കാവിക്കൊടി ഉയരുമ്പോഴും, ആര്‍.എസ്.എസുകാര്‍ ലാത്തിയുമായി മാര്‍ച്ച് ചെയ്യുമ്പോഴും അറ്റന്‍ഷനായി നില്‍ക്കുന്ന പ്രണബിന്റെ ചിത്രം ആര്‍.എസ്.എസുകാര്‍ക്ക് നൂറ്റാണ്ടില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരത്തിന്റെ മുദ്രയാണ്. ഒരു പാട് വൈരുദ്ധ്യങ്ങളുണ്ടെങ്കിലും പ്രണബും ഹെഡ്‌ഗെവാറും തമ്മില്‍ അധികമാരും അറിയാത്ത ഒരു സാമ്യതയും ഉണ്ട്. പ്രണബിനെ പോലെ ഒരിക്കല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ സജീവമായിരുന്നു ഹെഡ്‌ഗെവാറും. രാഷ്ട്രീയ കാറ്റ് ദിശമാറി വീശിയപ്പോള്‍ വഴി മാറി ഹെഡ്‌ഗെവാര്‍ പോയത് പോലെ പ്രണബ് വഴിമാറില്ലെന്ന് നമുക്ക് പ്രത്യാശിക്കാന്‍ മാത്രമേ ഇനി കഴിയൂ.

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

Trending