രമേശ് ചെന്നിത്തല
പ്രകൃതി സംഹാര താണ്ഡവമാടിയ മഹാപ്രളയം സംസ്ഥാനത്തിന്റെ അടിത്തറ തകര്‍ത്താണ് കടന്നുപോയത്. ഒരു രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട അനേക ലക്ഷം മനുഷ്യര്‍ ജീവന്‍ മാത്രം കയ്യില്‍ പിടിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കൊഴുകിയെത്തി. ഒരായുസ്‌കൊണ്ട് അവര്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രി കൊണ്ട് പ്രളയം വിഴുങ്ങി. കേരളം വിറങ്ങലിച്ച് നിന്ന ദിവസങ്ങളായിരുന്നു അത്.
മനുഷ്യ നിര്‍മ്മിതമായ, കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഭരണകൂട നിര്‍മിതമായ ഒരു ദുരന്തമായിരുന്നു ഇത്. കാര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതിലും സമയോചിതമായി പ്രവര്‍ത്തിക്കുന്നതിലും സര്‍ക്കാര്‍ വരുത്തിയ വന്‍ വീഴ്ചയാണ് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ പ്രളയക്കെടുതിക്ക് കാരണമായത്. കനത്ത മഴമൂലം ജൂലൈ അവസാനത്തോടെ തന്നെ കേരളത്തിലെ ഡാമുകളെല്ലാം ഏറെക്കുറെ സംഭരണശേഷിയുടെ പരമാവധിയിലെത്തിയിരുന്നു. അതുമൂലം പിന്നീടുവന്ന ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ നീരൊഴുക്കിനെ ഉള്‍ക്കൊള്ളാന്‍ ഡാമുകള്‍ക്കായില്ല. മണ്‍സൂണ്‍ കാലയളവില്‍ നിയന്ത്രിതമായ അളവില്‍ വെള്ളം തുറുന്നുവിടാമായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കേരളത്തിലെ എല്ലാ അണക്കെട്ടുകളും ഒരേസമയം ഒരാഴ്ചയോളം തുറക്കേണ്ടിവന്നതാണ് ദുരന്തത്തിന് കാരണമായത്. അതോടൊപ്പം അന്തര്‍ സംസ്ഥാന നദീജല ബന്ധങ്ങള്‍ ശരിയായി പരിപാലിക്കുന്നതിലും അവധാനത ഉണ്ടായില്ല. മാത്രമല്ല അണക്കെട്ടുകള്‍ തുറക്കുന്നതിന് മുമ്പ് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പതിവ് പോലെ ആലസ്യത്തിലായിരുന്നു. സ്ഥിതിഗതികള്‍ വഷളാകുന്നത് കണ്ടിട്ടും അത് അവലോകനം ചെയ്യുന്നതിന് ഉന്നതതല യോഗങ്ങള്‍ പോലും നടന്നില്ല. കൃത്യമായ പ്ലാനിംഗോടെ ആവശ്യമായ മുന്‍കരുതല്‍ സമയോചിതമായെടുത്തിരുന്നുവെങ്കില്‍ നൂറുകണക്കിനാളുകളുടെ ജീവനും നൂറുക്കണക്കിന് കോടി രൂപയുടെ സ്വത്തിനുമുണ്ടായ നാശം വലിയ പരിധി വരെ ഒഴിവാക്കാമായിരുന്നു.
അണക്കെട്ടുകളില്‍ ജലവിതാനമുയരുന്ന സന്ദര്‍ഭങ്ങളില്‍ അത് നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തിന് ഡാം സുരക്ഷാ അതോറിറ്റിയും ജലനിയന്ത്രണ നടപടിക്രമങ്ങളും നിലവിലുണ്ട്. കേന്ദ്ര ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ഡാം സേഫ്റ്റി നടപടിക്രമങ്ങള്‍ പ്രകാരം പാലിക്കേണ്ട പല മാനദണ്ഡങ്ങളും പാലിക്കാതെയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡും സര്‍ക്കാരും ഡാമുകള്‍ തുറന്നുവിട്ടത്. റിസര്‍വോയര്‍ കണ്‍ട്രോള്‍ ഷെഡ്യൂള്‍, റിലീസ് പ്രൊസീഡിയര്‍, ഗേറ്റ് ഓപറേഷന്‍ ഷെഡ്യൂള്‍ എന്നിവ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നത് അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം മുന്‍കൂട്ടി കണക്കാക്കി അത് നേരിടുന്നതിന് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷമായിരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ അവ സൂക്ഷ്മതയോടെ പരിപാലിച്ചു മാത്രമേ അണക്കെട്ടുകള്‍ തുറുന്നുവിടുന്നതുപോലെ ജനങ്ങളേയും സ്വത്തിനേയും ബാധിക്കുന്ന ഗൗരവതരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളൂ. അവയുടെ നഗ്‌നമായ ലംഘനമാണ് ഇവിടെ ഉണ്ടായത്.
ജൂലൈ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ഇടുക്കിയിലെ ഡാമുകള്‍ നിറഞ്ഞിരുന്നു. മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് സംസ്ഥാന, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ അതൊക്കെ അവഗണിക്കുകയാണുണ്ടായത്. വ്യാപകമായ ഉരുള്‍പൊട്ടല്‍ സാധ്യത നിലനിന്നിരുന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാര്‍ നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളവും ഇടുക്കിയിലെത്താനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നിട്ടും ജലനിരപ്പ് പിടിച്ചുനിര്‍ത്താന്‍ വൈദ്യുത ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ നടപടികള്‍ എടുത്തില്ല. ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്നാണ് വൈദ്യുതി മന്ത്രി എം.എം മണി ജൂലൈ 27 ന് പറഞ്ഞത്. പക്ഷേ അത് നടന്നില്ല. 2400 അടി എത്തുന്നത് വരെ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍. വൈദ്യുതി വിറ്റുകിട്ടുന്ന ലാഭത്തിലായിരുന്നു കെ.എസ്.ഇ.ബിയുടെ കണ്ണ്.
ആ കാലയളവില്‍ മഴ കുറഞ്ഞതിനാലാണ് ഇടുക്കി ഡാം തുറക്കാതിരുന്നതെന്ന് മുഖ്യമന്ത്രി ന്യായവാദം നിരത്തുന്നുണ്ട്. എന്നാല്‍ ജൂലൈ 31 മുതല്‍ മഴയുടെ തോത് വര്‍ധിക്കുകയാണ് ചെയ്തതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. കെ.എ.സ്.ഇ.ബിയുടെ രേഖകള്‍ പ്രകാരവും ആഗസ്റ്റ് മാസം മഴയുടെ തോത് വര്‍ധിക്കുകയാണ് ചെയ്തത്. ഒടുവില്‍ ആഗസ്റ്റ് 9 ന് ഒരു ഷട്ടറും 10ന് രാവിലെ 7.30 ന് രണ്ട് ഷട്ടറും, ഉച്ചക്ക് ഒരു മണിക്ക് നാലാമത്തെ ഷട്ടറും വൈകീട്ട് 3 മണിക്ക് അഞ്ചാമത്തെ ഷട്ടറും തുറക്കേണ്ടിവന്നു. സെക്കണ്ടില്‍ 7.5 ലക്ഷം ഘന ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കേണ്ടി വന്നത്. പ്രളയത്തിന് ഒരു കാരണം അതാണ്. ചെറുതോണിക്ക് പുറമെ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, പൊന്മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കേണ്ടിവന്നു. മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്ക് തമിഴ്നാട് വെള്ളം തുറന്നു വിട്ടു. ചാലക്കുടി പുഴയില്‍ ആറ് ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ചാലക്കുടി പുഴയിലെ ഏറ്റവും താഴെത്തെ പെരിങ്ങല്‍ക്കുത്ത് ജൂണ്‍ പത്തിന് തന്നെ പൂര്‍ണ്ണശേഷയിലെത്തിയിരുന്നു. പക്ഷേ ഡാം തുറക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ജൂലൈ 28 മുതല്‍ ആഗസ്റ്റ് 8 വരെ ഡാം നിറഞ്ഞ് കിടക്കുകയും മഴ കനക്കുകയും ചെയ്‌തെങ്കിലും ജലനിരപ്പ് താഴ്ത്താന്‍ ശ്രമിച്ചില്ല. ഇതിനിടയില്‍ അപ്പര്‍ ഷോളയാറില്‍ നിന്നും പറമ്പിക്കുളത്ത് നിന്നും തമിഴ്നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കിവിട്ടത് പ്രശ്നം വഷളാക്കി. തമിഴ്നാടുമായി ബന്ധപ്പെട്ട് അത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ജോയിന്റ് വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം ഇപ്പോള്‍ കേരളത്തിനാണ്. കേരള ഇറിഗേഷന്‍ ചീഫ് എഞ്ചിനിയറാണ് അതിന്റെ ചെയര്‍മാന്‍. പക്ഷേ തമിഴ്നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കുന്നത് തടയുന്നതില്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനിയര്‍ക്കും ഇറിഗേഷന്‍ മന്ത്രിക്കും വലിയ വീഴ്ചയാണുണ്ടായത്. ഒടുവില്‍ പെരിങ്ങല്‍ക്കുത്ത് കര കവിയുകയും ചാലക്കുടി പുഴ ഗതി മാറുകയും ചെയ്യുന്ന ഗുരുതരാവസ്ഥയിലെത്തി.
പമ്പയില്‍ ഒമ്പത് ഡാമുകളാണ് തുറന്നത്. മൂഴിയാര്‍, കൊച്ചുപമ്പ, സീതത്തോട്, കക്കി, മണിയാര്‍ പെരുന്തേനരുവി തുടങ്ങിയവയും സീതത്തോട് പ്രദേശത്തെ ചെറിയ ഡാമുകളും തുറന്നു. ഈ ഡാമുകള്‍ നേരത്തെ ക്രമമായി തുറന്ന് വിട്ടിരുന്നെങ്കില്‍ പമ്പാ തീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു. പരമാവധി ലെവലില്‍ എത്തുമ്പോള്‍ ഡാമുകള്‍ തുറക്കുക എന്ന തത്വം മാത്രമാണ് കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പും അനുവര്‍ത്തിച്ചത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും വെള്ളം പൊങ്ങാനുള്ള പ്രധാന കാരണം ഇതാണ്.
മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ആഗസ്റ്റ് 8 ന് ഒരു മുന്നറിയിപ്പും കൂടാതെ 180 സെ.മി ആയി ഉയര്‍ത്തി. ഇതുമൂലം കല്‍പ്പാത്തി പുഴയിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തി ഒഴുകി. പാലക്കാട് ടൗണിലേക്ക് പോലും വെള്ളം കയറി. വയനാട്ടിലെ ബാണാസുര സാഗര്‍ സാധരണ അമ്പത് സെ.മി ആണ് തുറക്കാറ്. ഇത്തവണ അത് 230 സെ.മി ആക്കിയതാണ് പ്രളയത്തിന് കാരണമായത്. ആയിരക്കണക്കിന് ആളുകളും വീടുകളുമാണ് വെള്ളത്തിനടയിലായത്. ജില്ലാ കലക്ടറെ പോലും അറിയാക്കാതെയാണ് ബാണാസുരസാഗര്‍ തുറന്നത്. വാട്സ് ആപ്പില്‍ മുന്നറിയിപ്പ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയെന്നാണ് കെ.എസ്.ഇ. ബി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇങ്ങനെയാണോ നല്‍കേണ്ടത്?
ഇത്രയും ഡാമുകള്‍ തുറന്നു വിടുമ്പോള്‍ പ്രളയം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. പന്ത്രണ്ട് ലക്ഷത്തിലേറെ പേരാണ് അഭയാര്‍ത്ഥികളായി ക്യാമ്പുകളിലെത്തിയത്. ജനങ്ങള്‍ അഞ്ച് ദിവസത്തോളം നരക യാതന അനുഭവിച്ചു. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി ദുരന്ത നിവാരണ അതോറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയാണ്. എല്ലാ മുന്നറിയിപ്പുകളും യഥാ സമയം നടത്തി, നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ഡാമുകള്‍ തുറന്നത് എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പറയുന്ന ഈ മുന്നറിയിപ്പുകളില്‍ ഇടുക്കിയിലെ ചെറുതോണി ഒഴികെ മറ്റൊന്നും ജനങ്ങള്‍ അറിഞ്ഞ കാര്യങ്ങളല്ല. ആലുവ, കാലടി, പെരുമ്പാവൂര്‍, പറവൂര്‍, ചാലക്കുടി, വൈക്കം, ചെങ്ങന്നൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഒന്നും മുന്നറിയിപ്പുണ്ടായില്ല. പത്തനംതിട്ടയില്‍ മുന്നറിയിപ്പ് വാഹനങ്ങള്‍ തന്നെ വെള്ളത്തിലായി. നൂറു മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. പക്ഷേ പെരിയാറ്റിലും പമ്പയിലും കിലോമീറ്ററുകളോളം ഉള്ളിലേക്ക് വെള്ളം കയറി. രാത്രിയില്‍ വീടുകളിലേക്ക് വെള്ളം കുതിച്ച് കയറിയപ്പോള്‍ ഉടുതുണിക്ക് മറു തുണിയില്ലാതെ ജനങ്ങള്‍ ഓടി രക്ഷപ്പടുകയോ, രണ്ടാം നിലകളിലേക്കും മട്ടുപ്പാവുകളിലേക്കും ഓടിക്കയറുകയോ ആണ് ചെയ്തത്. ചെങ്ങന്നൂരിലും തിരുവല്ലയിലും മറ്റും രാത്രി ഒരു മണിക്കാണ് വെള്ളം കയറിയത്. അര്‍ധ രാത്രിയില്‍ തലക്ക് മുകളിലേക്ക് വെള്ളം കയറിയെന്നാണ് സി.പി.എം എം.എല്‍.എമാര്‍ തന്നെ പറയുന്നത്.
സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്റെ ഗൈഡ് ലൈന്‍ അനുസരിച്ച് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചോ എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. 2016ല്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ പുറപ്പെടുവിച്ച ആക്ഷന്‍ പ്ലാനില്‍ ഇതെല്ലാം അക്കമിട്ട് പറയുന്നുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ വ്യക്തമായ രൂപരേഖ തയ്യാറാക്കണം. വെള്ളപ്പൊക്കം ഉണ്ടാകാവുന്ന സ്ഥലങ്ങളെക്കുറിച്ച് ധാരണ വേണം. എത്ര അളവ് വെള്ളം തുറന്ന് വിടുമ്പോള്‍ ഏതൊക്കെ സ്ഥലത്ത് എത്ര അളവില്‍ വെള്ളം പൊങ്ങും എന്നതിനെക്കുറിച്ചുള്ള കണക്കെടുക്കണം. അത് അടയാളപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകള്‍ എവിടെയൊക്കെ തുറക്കണം. അവിടെ എന്തൊക്കെ സാധാനങ്ങള്‍ വേണം തുടങ്ങി എല്ലാകാര്യത്തിലും മുന്നൊരുക്കം നടത്തണം. പ്രത്യേക തരം ശബ്ദം ഉപയോഗിച്ച് അലര്‍ട്ട് സൈറണ്‍ നല്‍കണം. ഇതൊക്കെ പൂര്‍ത്തിയാക്കിയ ശേഷമാണ് റെഡ് അലര്‍ട്ട് വരുന്നത്. ജനങ്ങളെ ഒഴിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള സമയം നല്‍കിയതിനും ശേഷമേ ഡാമുകള്‍ തുറക്കാവൂ എന്നാണ് നിബന്ധന. റെഡ് അലര്‍ട്ട് നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ ഒഴിപ്പിക്കല്‍ നടന്നിരിക്കണം. ഇങ്ങനെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ച ശേഷമാണോ ഡാമുകള്‍ തുറന്നത്? കെ.എസ്.ഇ.ബിയുടെ 1/8/2018 ലെ ഉത്തരവില്‍ ഇടുക്കി ഇടമലയാര്‍ പമ്പ കക്കി റിസര്‍വോയറുകള്‍ നിറയുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍, അതി ജാഗ്രത, അതി തീവ്ര ജാഗ്രത നിര്‍ദേശങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ഉത്തരവ് പ്രകാരം സ്വീകരിക്കേണ്ട നടപടികളില്‍ കുറച്ച് കാര്യങ്ങള്‍ ഇടുക്കി ചെറുതോണി ഡാമുകളില്‍ നടപ്പാക്കിയെങ്കിലും മറ്റ് പ്രധാന ഡാമുകളിലൊന്നും സ്വീകരിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രളയത്തെത്തുടര്‍ന്നു രക്ഷാപ്രര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സര്‍ക്കാരിന് വന്‍വീഴ്ചയാണ് സംഭവിച്ചത്. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു എന്നു വിലപിച്ചത് ഭരണപക്ഷ എം.എല്‍.എമാര്‍ തന്നെയായിരുന്നു. സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും സൈന്യവുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെയും നേതൃത്വം നല്‍കിയത്. ഓഖി ദുരന്ത ബാധിതര്‍ക്കായി പിരിച്ച 100 കോടി രൂപയില്‍ കേവലം 25 കോടി രൂപ മാത്രമെ ഇതുവരെ ചിലവഴിച്ചിട്ടുള്ളു എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ദുരന്തനിവാരണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രശംസനീയമായ സേവനം കാഴ്ച വെക്കുന്നതില്‍ കേന്ദ്ര സേനകള്‍ അന്തര്‍ദേശീയ തലത്തിലും പ്രശംസ പിടിച്ച്പറ്റിയിട്ടുണ്ട്. ഇത്തരം അത്യാപത്കരമായ സാഹചര്യങ്ങളില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിലും ജീവന്‍ രക്ഷിക്കുന്നതിലും വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സേനക്ക് കഴിയുമായിരുന്നു. യഥാസമയം സൈന്യത്തെ പൂര്‍ണ്ണമായും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാനും ജീവഹാനി കുറയ്ക്കാനും കഴിയുമായിരുന്നു. നാടിനെ ആകമാനം ബാധിച്ച ഈ കെടുതിയില്‍ പ്രതിപക്ഷം രാഷ്ട്രീയം മറന്ന് എല്ലാ പ്രവര്‍ത്തനത്തിലും സര്‍ക്കാരിനോട് സര്‍വാത്മനാ സഹകരിക്കുകയാണുണ്ടായത്.
സംസ്ഥാനത്തിന്റെ കാര്‍ഷിക, സാമ്പത്തിക, വ്യാവസായിക, തൊഴില്‍ മേഖലകളില്‍ ഈ ദുരന്തം വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുത്. ഇരുപതിനായിരം കോടിയിലധികം നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നതെങ്കിലും യഥാര്‍ത്ഥ നഷ്ടം അതിന്റെ പതിന്‍മടങ്ങാണ്. വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുക. ഒരു ലക്ഷത്തിലധികം വീടുകളെങ്കിലും പുനര്‍നിര്‍മ്മിക്കേണ്ട ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്. ജനങ്ങളുടെ പുനരുദ്ധാരണത്തിനും പുനഃസ്ഥാപനത്തിനും വലിയ ഊന്നല്‍തന്നെ നല്‍കേണ്ടിവരും. വ്യവസായ മേഖലയില്‍ ഉണ്ടാകുന്ന തളര്‍ച്ചയോടൊപ്പം തൊഴില്‍ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന മാന്ദ്യം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പുറകോട്ടടിക്കും.
പ്രകൃതിയുടെ സ്വാഭാവികതയെ മാനിച്ചുകൊണ്ടും അതിന് വിഘാതംവരുത്തുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പിച്ചും ഇപ്പോള്‍ ഉണ്ടായ ഈ ദുരന്തത്തെ ഒരു പാഠമായി ഉള്‍ക്കൊണ്ടുകൊണ്ട് സമഗ്രമായ പരിശോധനകളും പരിഹാരക്രിയകളും നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ഈ ദുരന്തം എങ്ങിനെ വന്നു എന്നതിനെപ്പറ്റി നീതി പൂര്‍വകമായ അന്വേഷണം അനിവാര്യമാണ്. ജുഡീഷ്യല്‍ അന്വേഷണത്തിന് മാത്രമേ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത്‌കൊണ്ടുവരാന്‍ സാധിക്കൂ.