Connect with us

More

ഒറ്റത്തളികയിലെ സ്‌നേഹം

Published

on

സി.പി. സൈതലവി

ഒരു തളിക മതിയായിരുന്നു ആ വീട്ടിലാകെ. നൂറുകണക്കിനുപേര്‍ ദിനേന വന്നുംപോയുമിരിക്കുന്ന വീട്ടില്‍. പടി കടന്നെത്തുന്നതാരായാലും നമുക്കിന്നൊരു വിരുന്നുകാരനുണ്ട് എന്നു സദസ്സില്‍ പറയുന്ന ഗൃഹനാഥനു മുന്നില്‍ അതിഥികള്‍ക്കു വിളമ്പാന്‍ ഒറ്റത്തളിക മാത്രം. അതില്‍ മഹാപണ്ഡിതന്മാരുണ്ട്, സാധു ജനങ്ങളുണ്ട്, ഭരണാധികാരികളും ജനനായകരും വമ്പന്‍ പണക്കാരുമുണ്ട്. ആരായിരുന്നാലും അത്തിപ്പറ്റ ഉസ്താദിന്റെ വീട്ടിലെത്തുന്നത് ഭക്ഷണസമയത്താണെങ്കില്‍ നിലത്തുവിരിച്ച പായയില്‍ എല്ലാവരും ഒന്നിച്ച് വട്ടമിട്ടിരുന്ന് ഒരു പാത്രത്തില്‍നിന്നു കഴിക്കുക. ഒരു വറ്റുപോലും താഴെ വീഴരുത്. ഒരു തുള്ളി പോലും ബാക്കിയാവരുത്. ഇതിനിടെ ഭക്ഷണംകഴിക്കേണ്ട രീതിയുണ്ട്, വലതുകൈ മാത്രമേ ഉപയോഗിക്കാവൂ എന്ന ഉപദേശമുണ്ട്. ഉസ്താദ് തന്നെ മുറിച്ചിട്ടുകൊടുക്കുന്ന പലഹാരങ്ങള്‍ക്കൊപ്പം മക്കള്‍ക്കു കൈമാറേണ്ട തത്വവും: ‘ഒരു പാത്രത്തിലൊരുമിച്ചു കഴിച്ചാലേ സ്‌നേഹമുണ്ടാകൂ. വേറിട്ടു കഴിച്ചപ്പോഴാ സ്‌നേഹം പോയത്.’ പണത്തിന്റെയും പദവിയുടെയും പാണ്ഡിത്യത്തിന്റെയും തോത് നോക്കാതെ, സമൂഹം നിര്‍മിച്ച വര്‍ണഭേദങ്ങള്‍ക്കൊന്നും മുഖംകൊടുക്കാതെ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ആ ഭക്ഷണത്തളികയിലൂടെ കൈപിടിക്കുകയായിരുന്നു മനുഷ്യമഹത്വത്തിന്റെ മഹാപാഠങ്ങളിലേക്ക്. സര്‍വകാലത്തേക്കും വെളിച്ചമായി നില്‍ക്കുന്ന പ്രവാചകചര്യയുടെ സ്‌നേഹലാളിത്യത്തിലേക്ക്. മനസ്സില്‍ കോട്ടകെട്ടിയ ഗര്‍വിന്റെ സാമ്രാജ്യങ്ങളെ പുഴക്കി, ‘ഞാന്‍’ എന്ന ഭാവത്തെ തല്ലിക്കൊഴിച്ച് ‘അല്ലാഹുവേ നീ, നീ മാത്രമാണഭയം’ എന്ന നിത്യസത്യത്തിലേക്ക്.
ഇന്നത്തെകാലത്ത് സമൂഹമധ്യെ കഴിയുന്ന ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും അത്രയെളുപ്പത്തില്‍ സ്വന്തമാക്കാനാവാത്ത അസാധാരണ സിദ്ധിവിശേഷമായിരുന്നു ആ ജീവിതശീലങ്ങള്‍. സൗകര്യങ്ങളും സാഹചര്യങ്ങളും ഒത്തുവന്നിട്ടും ഏതുനിര്‍ദേശവും മനസ്സറിഞ്ഞ് ഏറ്റെടുക്കാന്‍ പാകത്തില്‍ അളവറ്റ ശിഷ്യ-സുഹൃദ് വലയമുണ്ടായിട്ടും വിനയത്തില്‍ ഭൂമിയോളം താഴ്ന്നു, നിറംമങ്ങി വിലകുറഞ്ഞ ഉടയാടകളില്‍ ലളിതമായി, ഒരു മണ്‍തരിയെപോലും ഞെരിക്കാത്തവിധം ചുവടുവെച്ച്, ഒരുറുമ്പ്‌പോലും തന്റെ കാല്‍ക്കീഴിലമര്‍ന്ന് വേദനിക്കരുതെന്ന് സൂക്ഷിച്ച് ഇതുവഴി കടന്നുപോയി അദ്ദേഹം.
നന്മയല്ലാതെ മറ്റൊന്നുമൊരാളോടും ജീവിതത്തിന്റെ ഒരു ദശയിലും ഉരിയാടിയില്ലെന്ന് ആ വ്യക്തിവിശുദ്ധിയെ ബാല്യ കൗമാര യൗവനങ്ങളിലൂടെ അന്ത്യംവരെ തൊട്ടറിഞ്ഞുപോന്നവര്‍ ആശ്ചര്യംകൂറും. എന്നും അറിവുതേടുന്ന കുട്ടിയുടെ കൗതുകമായിരുന്നു. തനിക്കരികിലൂടെ പോകുന്ന ജ്ഞാനത്തിന്റെ ഒരു തരിപോലും വിട്ടുകളഞ്ഞില്ല. അറിവിനായി എത്രകാതമലയാനും മടിയുമുണ്ടായില്ല. പണ്ഡിതനായും ആത്മീയ സരണിയുടെ ഗുരുവായും നാടെങ്ങും ആദരിക്കുമ്പോഴും, യു.എ.ഇ മതകാര്യവകുപ്പിലെ ഉദ്യോഗമായി അല്‍ഐന്‍ മസ്ജിദില്‍ ഇമാമായി പദവിയിലിരിക്കുമ്പോഴും അവധിക്ക് നാട്ടില്‍വരുംനേരം ഉസ്താദ് സ്വദേശത്തെ പള്ളിയിലെത്തുന്നതില്‍ രണ്ടുണ്ട് ലക്ഷ്യം. ഇബാദത്തും ഇല്‍മും -ആരാധനക്കൊപ്പം അറിവും. മൂന്നര പതിറ്റാണ്ട് അത്തിപ്പറ്റ ജുമാമസ്ജിദില്‍ മുദരിസായ കുഞ്ഞാലി മുസ്‌ലിയാര്‍ പറയും:
‘ദര്‍സ് നടക്കുമ്പോള്‍ കുട്ടികളുടെ കൂടെ വന്നിരിക്കും. എനിക്കെന്തെങ്കിലും ഓതിത്തരണം എന്നു പറയും. വലിയ അദബിലാണിരിക്കുക. ഇത്രയും ഉന്നതനായ വ്യക്തി തന്റെ മുമ്പില്‍ വിദ്യാര്‍ഥിയായി ഇരിക്കുന്നത് ഉള്‍ക്കൊള്ളാനാവാതെ ഒരിക്കലദ്ദേഹത്തോട് പ്രയാസം പറഞ്ഞു. ഉസ്താദ് ഇപ്പുറത്തിരുന്ന് പഠിപ്പിച്ചുതരികയാണല്ലോ വേണ്ടത്.’ അതിനു പ്രതികരിച്ചത്: ”അറിവു തേടിവന്നവര്‍ അതിനുള്ള സ്ഥാനത്തിരിക്കണം. ഒരു വിദ്യാര്‍ഥിയായി ഇരിക്കുമ്പോഴേ അത് ശരിയാകൂ” എന്ന്. യു.എ.ഇയില്‍ തന്റെ കര്‍മമണ്ഡലവേദിയായ അല്‍ഐന്‍ സുന്നി സെന്ററില്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ പ്രത്യേക ശമ്പളക്കാര്‍, കിതാബുകള്‍ ചൊല്ലിക്കൊടുക്കാന്‍ രണ്ടു മുദരിസുമാര്‍ – എല്ലാം സ്ഥിരമായി നിയോഗിച്ചതും ഇവ്വിധം ഇല്‍മിനോടുള്ള ഇശ്ഖ്. മതം പഠിക്കുന്നതിനോടുള്ള ഇഷ്ടം മതവിദ്യാര്‍ഥികളോടും ഗാഢമായിരുന്നു. പക്ഷേ അവര്‍ ബഹുഭാഷകള്‍, ശാസ്ത്രം എല്ലാം അറിഞ്ഞിരിക്കുന്നവരാകണമെന്നുപദേശിച്ചു. തസവ്വുഫിന്റെ അഗാധതത്വജ്ഞാനമായ ഹിക്മിന്റെ വഴിയില്‍ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ മറുകരകള്‍താണ്ടി ഖുര്‍ആനും ഹദീസും തൊട്ടുതൊട്ടറിഞ്ഞ് അദ്ദേഹം സഞ്ചരിച്ചു.
ഒരാളോടും കറുത്തവാക്കുരിയാടിയില്ല. ആരെക്കുറിച്ചും നല്ലതല്ലാതെ പറഞ്ഞതുമില്ല. ഒരു ഖുതുബയുടെ പുസ്തകവും ഇര്‍ഷാദിന്റെ കിതാബും പുത്തനല്ലാത്ത രണ്ടു ജോഡി വസ്ത്രവുമാണ് ആദ്യഗള്‍ഫ് യാത്രക്ക് കയ്യില്‍ കരുതിയത്. സാമാന്യം ഭേദപ്പെട്ട ശമ്പളവുമായി മൂന്നരപ്പതിറ്റാണ്ട് പ്രവാസം നയിച്ചു മടങ്ങിവരുമ്പോഴും അത്രയൊക്കെയോ കൊണ്ടുവന്നുള്ളൂ. കിതാബുകളുടെ എണ്ണം മാത്രം കൂടി. കര്‍മത്തിന്റെയും ധര്‍മത്തിന്റെയും കാണാക്കണക്കുകളും പെരുകി.
ഉസ്താദിന്റെ അല്‍ഐനിലെ കാര്യങ്ങള്‍ ശ്രദ്ധിച്ച സുന്നി സെന്ററിലെ ഷാഹുല്‍ ഹമീദിനുപോലും പിടിത്തം കിട്ടാറില്ല ആ ധനവിനിമയത്തിന്റെ വരവുംപോക്കും. എ.ടി.എം കാര്‍ഡുള്ളത് ഷാഹുലിന്റെ കയ്യില്‍. ശമ്പളം ബാങ്കിലെത്തുന്ന ദിവസം അതില്‍നിന്ന് ചെറിയൊരു സംഖ്യ വീട്ടിലയക്കാന്‍ പറയും. ബാക്കി പൈസ ഉസ്താദ് വാങ്ങും. ഒരാഴ്ചകൊണ്ട് ആര്‍ക്കൊക്കെയോ അത് തീരും. കയ്യില്‍കിട്ടിയത് കണ്‍മുന്നിലുള്ള ഏറ്റവും അത്യാവശ്യക്കാരനു ദാനം ചെയ്യുക. അത്രത്തോളം ആവശ്യക്കാരനല്ലല്ലോ താന്‍ എന്ന് സ്വയം കരുതുക. യു.എ.ഇ സുന്നി സെന്ററിന്റെ സ്ഥാപക പ്രസിഡണ്ടായ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ക്കൊപ്പം പ്രഥമ ജനറല്‍ സെക്രട്ടറിയായിവന്ന സി.എച്ച് ത്വയ്യിബ് ഫൈസി ഷാഹുലിനെ ഉദ്ധരിച്ചു പറഞ്ഞു: ‘ഉസ്താദിന്റെ മകളുട കല്യാണം അടുത്തു. അദ്ദേഹം നാട്ടില്‍പോവാന്‍ നില്‍ക്കുന്നു. കിട്ടിയതെല്ലാം കണ്ടവര്‍ക്കെല്ലാം തല്‍ക്ഷണം കൊടുത്തുതീര്‍ക്കുന്നതുകൊണ്ട് കയ്യില്‍ ഒരു രൂപപോലുമുണ്ടാവില്ല എന്ന് കൂടെയുള്ളവര്‍ക്കെല്ലാമറിയാം. അവരില്‍ പലരും നല്ല ശേഷിയുള്ളവരും. ഒരു സ്വര്‍ണബിസ്‌ക്കറ്റ് വാങ്ങി നിയമപരമായ മാര്‍ഗത്തില്‍ നാട്ടില്‍കൊണ്ടുപോകാന്‍ പറ്റുംവിധം ഉസ്താദിനെ ഏല്‍പിച്ചു. അദ്ദേഹത്തിന്റെ മറുപടി കേട്ട് എല്ലാവര്‍ക്കും തൃപ്തിയായി: ”അല്‍ഹംദുലില്ലാഹ്. വലിയ ഉപകാരമായി. എന്റെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. നല്ല സഹായമായി.” കിട്ടിയ ആള്‍ക്കും കൊടുത്തവര്‍ക്കും സന്തോഷം. കല്യാണം കഴിഞ്ഞ് തിരിച്ചെത്തി. ആ മാസം ശമ്പളമെത്തിയ ദിവസം വീട്ടുചെലവിനുള്ള പണമയക്കാന്‍ പറഞ്ഞ ശേഷം ഷാഹുലിനോട് ചോദിച്ചു: ‘അന്നത്തെ ആ ബിസ്‌ക്കറ്റിന്റെ വില എത്രയാ?’ അതിന് അവര്‍ കാശ് വാങ്ങില്ലല്ലോ; ഒരു സന്തോഷത്തിനു തന്നതല്ലേ എന്ന് ഷാഹുലിന്റെ മറുപടി. ‘അതിന്റെ വില പറഞ്ഞാല്‍മതി. മറ്റൊന്നും നോക്കേണ്ട’ എന്നു പ്രതികരിച്ചുകൊണ്ട് കൃത്യം സംഖ്യ എണ്ണിക്കൊടുത്തു ഉസ്താദ്. തനിക്കിപ്പോള്‍ പടച്ചവന്‍ സഹായിച്ച് ഇതിന്റെ ആവശ്യമൊന്നുമില്ല. അന്നു തരുന്ന സമയത്ത് വലിയ ഉപകാരമായി, അല്ലാഹു അതിനുള്ള നിഅ്മത്ത് തരും.
പ്രവാസത്തിന്റെ പൊലിമയില്‍ കഴിയുമ്പോഴും കൊച്ചുവീട്ടിലാണ് നാട്ടിലെ താമസം. ഉസ്താദിനെ സ്‌നേഹിക്കുന്ന ഒരു ധനാഢ്യന്‍ സ്വന്തംവീട്ടിലെ അസൗകര്യങ്ങളെക്കുറിച്ചു പറഞ്ഞു. അതിനുള്ള മറുപടി: ‘എനിക്കിവിടെ നല്ല സുഖമാണ്. വലിയ കട്ടിലില്ല. വലിയ മേശയില്ല. വലിയ അലമാരയില്ലഎന്നിങ്ങനെ.’ സൗഹൃദം പുതുക്കി അതിഥി മടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ നിറയെ ഫര്‍ണീച്ചറുകളുമായി ഒരു ലോറി വരുന്നു ഉസ്താദിന്റെ വീട്ടില്‍. അപ്പറഞ്ഞത് തന്റെ ആഗ്രഹങ്ങളാണെന്നു അദ്ദേഹം ധരിച്ചുപോയോ എന്ന് പ്രതിവചിച്ചുകൊണ്ട് ലോറിക്കാരനു ചായ കൊടുത്ത് സാധനങ്ങള്‍ തിരിച്ചയച്ചു.
യാത്രയില്‍ കൂടെയെത്ര സമ്പന്നരുണ്ടായാലും ചെലവഴിക്കാന്‍ ആര്‍ക്കുമില്ല അനുവാദം. അതദ്ദേഹം സ്വയം നിര്‍വഹിക്കും. തന്റെ പേരില്‍ മറ്റാരും ചെലവുചെയ്യുന്നത് ഇഷ്ടവുമല്ല. ഏറെയും സഹയാത്രികരായുണ്ടാവുക വളരെ സാധാരണക്കാരും.
കഷ്ടപ്പെടുന്ന ആരോടും ഏതു ജീവിയോടുമുള്ള തീവ്രമായ സ്‌നേഹമായിരുന്നു അല്‍ഐന്‍ സുന്നി സെന്ററിലെ പൂച്ചകുടുംബം. ദുബൈയില്‍നിന്ന് അല്‍ഐനിലേക്കുള്ള യാത്രാവഴിയില്‍ മരുഭൂമിയിലെ വിശ്രമതാവളത്തില്‍നിന്നിറങ്ങുമ്പോഴാണ് മരച്ചുവട്ടില്‍ ദാഹിച്ചവശയായ പൂച്ചക്കുട്ടിയെ കണ്ടത്. അതിനെയുമെടുത്ത് കാറില്‍ കയറി. ഒരു മുണ്ടുവിരിച്ചു മടിയില്‍ കിടത്തി. വെള്ളം കൊടുത്തു. വീട്ടിലെത്തി ഭക്ഷണവും. പിന്നെ കൂടൊരുക്കി, കൂട്ടായി, മക്കളായി. പൂച്ചക്കുടുംബമായി. മകന്‍ അബ്ദുല്‍വാഹിദ് മുസ്‌ലിയാര്‍ ഗള്‍ഫിലെത്തിയപ്പോള്‍ ആദ്യമേല്‍പ്പിച്ചത് ആ പൂച്ചക്ക് ഭക്ഷണം കൊടുക്കുന്ന ജോലിയാണ്. ഉസ്താദിന്റെ സ്ഥാപനങ്ങളുമായി ഏറെ ബന്ധമുള്ള സമ്പന്നനൊരാള്‍ സുന്നി സെന്ററില്‍ വതില്‍ക്കല്‍ വിലങ്ങുതടിയായി കിടക്കുന്ന പൂച്ചയെ കാലുകൊണ്ടൊന്നു തട്ടിമാറ്റി. പിന്നത്തെ പുകില്‍ പറയാനില്ല. ഉസ്താദിന്റെ വാക്കുകളില്‍ സങ്കടത്തോടൊപ്പം രോഷവും കടന്നുവന്ന അത്യപൂര്‍വസന്ദര്‍ഭം. ‘നിങ്ങളുടെ വീട്ടില്‍ ഒരു അതിഥിവരുമ്പോള്‍ മക്കളാരെങ്കിലും വാതില്‍ക്കല്‍ കിടക്കുകയാണെങ്കില്‍ ഇങ്ങനെ കാലുകൊണ്ട് തട്ടിനീക്കുമോ?’ അതിഥി വല്ലാതെ വിഷമിച്ചു. ‘അല്ലാഹുവിന്റെ ഒരു സൃഷ്ടിയും നമ്മളിലും താഴെയല്ല’ എന്ന് ഗുണപാഠവും.
ഒരു കാര്യം തീരുമാനിച്ചാല്‍ ലക്ഷ്യപ്രാപ്തിയിലെത്തുംവരെ വിശ്രമമില്ലെന്ന മനോദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ് അത്തിപ്പറ്റ ഫത്ഹുല്‍ഫതാഹിന്റെ പൂര്‍ത്തീകരണത്തിനായി നടത്തിയ യാത്രകളുടെ ത്യാഗമെന്ന് ജനറല്‍ സെക്രട്ടറി സി.പി ഹംസ പറയും. രോഗബാധയുടെ വേദനകളും ചികിത്സയുടെ തളര്‍ച്ചകളും ഗൗനിക്കാതെ എത്രയോ രാഷ്ട്രങ്ങളില്‍ ദേശങ്ങളില്‍ അദ്ദേഹം കടന്നുചെന്നു. തെറ്റുകളോട് രാജിയാകാത്ത അന്യായങ്ങളെ അംഗീകരിക്കാത്ത ശരികളുയര്‍ത്തിപ്പിടിക്കുന്നതില്‍ ആരെന്നുമെന്തെന്നും ഗൗനിക്കാത്ത ആ ആദര്‍ശശാലിയുടെ ചിത്രവും അനേകരംഗങ്ങളില്‍ അടുപ്പമുള്ളവര്‍കണ്ടു.
മലപ്പുറം ജില്ലയില്‍ ഒരു വലിയ വിദ്യാര്‍ഥി സമ്മേളനം ഓര്‍മയില്‍വരുന്നു. സമാപന ചടങ്ങിനിടെ അസര്‍ ബാങ്കുയര്‍ന്നു. അധ്യക്ഷന്‍ പറഞ്ഞു. അഞ്ചു മണിക്ക് പരിപാടിയവസാനിപ്പിച്ച് എല്ലാവര്‍ക്കും ഒരുമിച്ച് നിസ്‌കരിക്കാം. ഇടയ്ക്കിടെ ഓരോരുത്തര്‍ എഴുന്നേറ്റു പോകേണ്ട. ഉന്നതരായ പലരുമുണ്ട് വേദിയില്‍. അതൊരു നടപ്പ് ശീലമാകയാല്‍ ആരും പ്രതികരിച്ചുമില്ല. പക്ഷേ അത്തിപ്പറ്റ ഉസ്താദ് മൈക്കിനടുത്തേക്ക് ചെന്നു പറഞ്ഞു. ‘യോഗം നീട്ടിവെക്കാനേ നമുക്ക് അധികാരമുള്ളൂ. നിസ്‌കാരം ആദ്യം. പിന്നീട് യോഗം.’ എല്ലാവരും പള്ളിയിലേക്ക് നീങ്ങി.
യു.എ.ഇയിലെ ഒരു പ്രധാന റമസാന്‍ പരിപാടി. മഗ്‌രിബ് അടുത്തുവരുന്നു. സദസ്സ് നിറഞ്ഞുനില്‍ക്കെ ദൂരെനിന്ന് അതിഥിയെത്തി. എല്ലാംകൊണ്ടും ഉന്നത ന്‍. ആതിഥേയനായ ഉസ്താദിനും ഏറെ മതിപ്പുള്ള വ്യക്തി. വന്നപാടെ അതിഥി പറഞ്ഞു. എനിക്ക് അസര്‍ നിസ്‌കരിക്കണം. അതിനെവിടെ സ്ഥലം. നിസ്‌കാരം കഴിഞ്ഞുവരുമ്പോള്‍ ആതിഥേയന്‍ അതിഥിയോട് പറഞ്ഞു. ‘ഇത്രയും ദൂരം താങ്കള്‍ക്കായി ഏര്‍പ്പെടുത്തിയ കാറിലല്ലേ വന്നത്. വഴിയില്‍ എത്ര പള്ളികളുണ്ടായിരുന്നു. ഈ റമസാനില്‍ വഖ്ത് തെറ്റാന്‍നേരംവരെ നിസ്‌കാരം നീട്ടണമായിരുന്നോ? ആളുകള്‍ എന്തു വിചാരിക്കും. അവര്‍ക്കൊക്കെ അങ്ങയെ എന്തുമാത്രം കാര്യമാണെന്നറിയുമോ. എന്നാലും ഇങ്ങനെ പാടില്ലായിരുന്നു’. പറഞ്ഞുപോയതിന് കൂടെ ഒരു പൊരുത്തപ്പെടീക്കലും. തന്നെക്കാളും അറിവിലും പദവിയിലും എത്രയോ വലിയ ആളാണിത് എന്ന് പിന്നീടും അതിഥിയെ വിശേഷിപ്പിക്കാന്‍ മടിച്ചതുമില്ല അദ്ദേഹം.
എത്രയോ മസ്ജിദുകള്‍, വിദ്യാലയങ്ങള്‍, ആലംബമറ്റവര്‍ക്ക് വീടുകള്‍, നിര്‍ധന കുടുംബത്തിലെ പഠനം, മക്കളുടെ വിവാഹം, ചികിത്സ…. എവിടെയും ഉസ്താദിന്റെ കൈകള്‍ ചെന്നു. ആ കാരുണ്യഹസ്തങ്ങളില്‍ അനേകമനേകം ആശ്വാസംകൊണ്ടു. മതവും ജാതിയും ദേശവും നോക്കാതെ നല്‍കി. നാട്ടിലെ ഏറ്റവും പാവപ്പെട്ടവനുള്ളതുമതി തനിക്കുമെന്ന് തൃപ്തിയടഞ്ഞു.
ഗള്‍ഫില്‍നിന്നെത്തിയ ഒരവധിക്കാലരാത്രി. ഭാര്യ ഉസ്താദിനോടൊരാഗ്രഹം പങ്കുവെച്ചു. മക്കള്‍ക്കു വിവാഹമടുക്കുന്നു. മരുമക്കള്‍ വരാന്‍ പോകുന്നു. നിന്നുതിരിയാനിടമില്ലാത്ത ഈ ചെറുവീടൊന്നു വലുതാക്കേണ്ടേ നമ്മള്‍ക്ക്? യു.എ.ഇ ഗവണ്‍മെന്റിന്റെ ഭേദപ്പെട്ട ശമ്പളക്കാരനായ ഉസ്താദ് ഒന്നു ചിരിച്ചു. പ്രഭാതനിസ്‌കാരം കഴിഞ്ഞ് ഭാര്യയോട് പറഞ്ഞു. വസ്ത്രം മാറ്റൂ. നമുക്കൊരിടംവരെ പോകാം. എങ്ങോട്ടാണെന്നു ചോദിച്ചപ്പോള്‍ ഇന്നലെ രാത്രി പറഞ്ഞില്ലേ? അതുതന്നെ. അവര്‍ ഉത്സാഹത്തോടെ ഭര്‍ത്താവിനൊപ്പം പോയി. നേരെ ചെന്നത് മഹല്ല് ഖബര്‍സ്ഥാനിലേക്ക്. എന്താണിവിടെ? എന്ന ചോദ്യത്തിന് കുഴിച്ചുവെച്ച ഒരു ഖബര്‍ ചൂണ്ടിക്കാട്ടി മറുപടി: ‘നോക്ക്; ഇതാണ് നമ്മള്‍ക്കുള്ള വീട്. എന്നെന്നുമുള്ളത്. മറ്റേത് നമ്മുടെയല്ലല്ലോ. എപ്പഴാ ആ വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരിക എന്ന് പറയാനുംപറ്റില്ല. ഇതാണ് ശാശ്വതം. ഇവിടത്തെ സൗകര്യങ്ങളില്‍ വല്ല കുറവുമുണ്ടോ എന്ന് പറയൂ.
മലപ്പുറം കോട്ടക്കലിനടുത്ത അച്ചിപ്രയില്‍ മതപണ്ഡിതനും സ്‌കൂള്‍ അധ്യാപകനുമായിരുന്ന പാലകത്ത് കോമു മുസ്‌ലിയാരുടെ പുത്രനായി 1936 സപ്തംബര്‍ 18നു ജനിച്ച് 2018 ഡിസംബര്‍ 19ന് വിടവാങ്ങുംവരെയുള്ള ആ ജീവിതയാത്ര സമൂഹം എന്നെന്നും മനസ്സില്‍ സൂക്ഷിക്കുന്ന മഹാനന്മകളുടെ വഴിയടയാളങ്ങള്‍ സ്ഥാപിച്ചായിരുന്നു. അതില്‍ പലതും കാലഗണനപ്രകാരം വിപ്ലവകരമായ ചുവടുകളും. 1976ല്‍ യു.എ.ഇയിലെത്തിയ അത്തിപ്പറ്റ ഉസ്താദ് അല്‍ഐനില്‍ വാസമുറപ്പിക്കുമ്പോള്‍ മതകാര്യവകുപ്പില്‍ ജോലിയുള്ള ഒരു സാധാരണ പണ്ഡിതന്‍ മാത്രമായിരുന്നു അപരിചിതര്‍ക്ക്. പതുക്കെ പതുക്കെ ആ സ്‌നേഹവലയം വികസിച്ചു. തൊഴിലുള്ളവരും തൊഴില്‍തേടിയെത്തുന്നവരുമായ മലയാളികളെ കണ്ടെത്തി ആവുന്ന സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഉദ്‌ബോധനങ്ങളും നല്‍കിപ്പോന്നു. അല്‍ഐന്‍ സുന്നി സെന്റര്‍ സ്ഥാപിച്ചും കെ.എം.സി.സിയുടെ ആദിരൂപമായ ചന്ദ്രിക റീഡേഴ്‌സ് ഫോറം രൂപീകരിച്ചും പ്രവാസി മലയാളികളെ ആത്മീയ, സാമൂഹിക മണ്ഡലങ്ങളില്‍ കര്‍മനിരതരാക്കി.
വി.പി പൂക്കോയ തങ്ങള്‍, ഇ.കെ മൊയ്തീന്‍ ഹാജി, ഖാലിദ് ഹാജി വലിയപറമ്പ്, എസ്. ഹമീദ് ഹാജി, അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍, ചാപ്പനങ്ങാടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ സമര്‍പ്പണസന്നദ്ധരായ ഒരു യുവസംഘം കര്‍മവീഥിയില്‍ കരുത്തായി ഉസ്താദിനൊപ്പം ചേര്‍ന്നുനിന്നു. 1980കളില്‍ അല്‍ഐന്‍ കേന്ദ്രീകരിച്ച് മത, സാമൂഹിക രംഗത്തെ വിപ്ലവകരമായ പദ്ധതികള്‍ക്ക് അത്തിപ്പറ്റ ഉസ്താദ് തറയൊരുക്കി. യു.എ.ഇയിലെ പ്രവാസി മലയാളി കുടുംബങ്ങള്‍ക്ക് അപ്രതീക്ഷിത സമ്മാനമായി അല്‍ഐനില്‍ മൂന്നു പതിറ്റാണ്ടപ്പുറം ദാറുല്‍ഹുദാ പബ്ലിക് സ്‌കൂളിന് ഉസ്താദ് തുടക്കമിട്ടു. 1988- സി.ബി.എസ്.ഇ സിലബസും സമസ്തയുടെ സെക്കണ്ടറിതലം വരെയുള്ള മതപഠനവും അക്കാലത്ത് ഡിജിറ്റല്‍ ക്ലാസ് മുറികളുമെല്ലാമുള്ള കലാ-കായിക വികാസം പകരുന്ന ഒരു സമ്പൂര്‍ണവിദ്യാലയം. മതവിജ്ഞാനത്തിന്റെ അടിത്തറയില്‍ ഭദ്രമായ ഭൗതിക വിദ്യാഭ്യാസം എന്ന ഉസ്താദിന്റെ ലക്ഷ്യം ആ മരുഭൂമിയില്‍ പൂത്തുലഞ്ഞു. 134 കുട്ടികളുമായി തുടങ്ങി 1800നടുത്ത് വിദ്യാര്‍ഥികളും 150 അധ്യാപക, അധ്യാപകേതര സ്റ്റാഫും ഹയര്‍സെക്കണ്ടറി വരെ തിളങ്ങുന്ന വിജയവുമുള്ള അല്‍ഐന്‍ ദാറുല്‍ഹുദാ. ഇബാദത്തും പ്രാര്‍ഥനയും ദിക്‌റും സ്വലാത്തും തസവ്വുഫിന്റെ ഗഹനചിന്തകളുമായി കഴിയുന്നതിനൊപ്പം ഒരു പണ്ഡിതന്റെ ദൗത്യം വിശ്വാസവും പ്രതിഭയും സമന്വയിച്ച തലമുറകളുടെ രൂപീകരണവുമാണെന്ന് പരശ്ശതം വിദ്യാര്‍ഥികളെയും വഹിച്ച് അല്‍ഐന്‍ വീഥികളിലൂടെ ദാറുല്‍ഹുദയെ ലക്ഷ്യമാക്കി ഓടുന്ന സ്‌കൂള്‍ ബസ്സുകളുടെ നീണ്ട നിര മലയാളിയില്‍ ആദരവും അഭിമാനബോധവുമുണര്‍ത്തി.
കാല്‍നൂറ്റാണ്ടപ്പുറം യു.എ.ഇ ഗവണ്‍മെന്റില്‍നിന്ന് ദാറുല്‍ഹുദാ സ്‌കൂളിനായി സ്വന്തമായി ഭൂമി ലഭിച്ചതിലുണ്ട് ആ ജീവിത നന്മയെക്കുറിച്ച് അറബ് സമൂഹത്തിന്റെ ആദരമുദ്ര. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുള്‍പ്പെടെയുള്ള കോട്ടക്കല്‍ കാടാമ്പുഴക്കടുത്ത് മരവട്ടം ഗ്രേസ്‌വാലി എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും തസവ്വുഫില്‍ പി.ജി കോഴ്‌സിനൊപ്പം ഭൗതിക വിദ്യാഭ്യാസവും ആത്മീയ വിജ്ഞാന ഗവേഷണവും സാധ്യമാക്കുന്ന അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹിന്റെയും സ്ഥാപകനും ഉസ്താദ് തന്നെ. ഇതിലൊന്നും പ്രധാന പദവി വഹിക്കാനോ സ്ഥാപകന്റെ പെരുമ നടിക്കാനോ മുതിര്‍ന്നുമില്ല. 1980കളില്‍ ചേളാരിയില്‍ സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ സ്ഥാപിച്ചതിന്റെ മുന്‍കൈയും അദ്ദേഹംതന്നെ. സമസ്ത സെക്രട്ടറിയായിരുന്ന വിഖ്യാതപണ്ഡിതന്‍ കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ വിവിധ വാള്യങ്ങളിലായി തയ്യാറാക്കിയ ഫത്ഹുര്‍റഹ്മാന്‍ ഖുര്‍ആന്‍ പരിഭാഷയുടെ പ്രസാധനവും ചെമ്മാട് ദാറുല്‍ഹുദാ യൂണിവേഴ്‌സിറ്റിക്ക് കൈമാറിയ ഫാത്തിമസഹ്‌റാ വനിതാ കോളജും കോടികള്‍ വിലമതിക്കുന്ന നൂതനയന്ത്രങ്ങള്‍ സ്ഥാപിച്ച അച്ചടിശാലയുമെല്ലാം ആ ഉത്സാഹശാലിയുടെ ആസൂത്രണപരിശ്രമങ്ങളാല്‍ കൈവന്നതാണ്. വനിതാ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി അല്‍ഐനില്‍ മദ്രസത്തുല്‍ബനാത്ത് സ്ഥാപിച്ചു. അല്‍ഐന്‍ പ്രാന്തപ്രദേശങ്ങളിലെ മസ്ജിദുകളില്‍ചെന്ന് പലപ്രദേശങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്കും മറ്റുമായി മതപഠനം നല്‍കി ആരംഭിച്ച ഉസ്താദിന്റെ ഉദ്‌ബോധനരീതി വിവിധ രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് പുതിയ കാലത്തിന് ആത്മീയ വെളിച്ചം പകരുന്നതിലേക്കെത്തി. എത്രയോപേര്‍ ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനും അപഥസഞ്ചാരത്തില്‍നിന്ന് വിശ്വാസപാതയിലേക്കു തിരിച്ചുനടക്കുന്നതിനും അദ്ദേഹം നിമിത്തമായി.
ആലുവായ് അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യത്വമാണ് ആത്മീയ ശ്രേണിയിലേക്ക് വഴിതിരിച്ചത്. ഖാദിരി, ശാദുലി ത്വരീഖത്തുകളുടെ ഗുരുപരമ്പരയെ മാര്‍ഗദര്‍ശികളായി കണ്ടു. 1960കളുടെ ആദ്യത്തില്‍ പെരുമ്പാവൂരിനടുത്ത വല്ലം മദ്രസയില്‍ അധ്യാപകനായി തുടങ്ങി സമസ്തയുടെ മുഅല്ലിം ട്രെയിനിങ്ങിലെ പ്രഥമബാച്ചിലുള്‍പ്പെട്ടതും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതും എന്നും ഓര്‍ത്തെടുക്കാറുള്ള അഭിമാനപ്പതക്കമാണ്. തന്റെ രാഷ്ട്രീയ നിലപാടുകളോട് അപ്രിയമുള്ളവരോട് പറയും: ”ഞാന്‍ ഒരു മുസ്‌ലിംലീഗുകാരനാണ്. 25 പൈസ മെമ്പര്‍ഷിപ്പില്‍ തുടങ്ങിയതാണ്. ദീനിനു സമസ്തയും സംഘടിതശക്തിക്ക് മുസ്‌ലിംലീഗും വേണം. മുസ്‌ലിംലീഗ് ശക്തമായി സ്ഥാപിക്കണം. ഖാഇദേമില്ലത്ത് ഒരു വലിയ്യാണ്. അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടിയാണത്.”
യു.എ.ഇയില്‍ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ ആദ്യസ്ഥാപകനേതാക്കളിലൊരാളാണ് അത്തിപ്പറ്റ ഉസ്താദ്. പലപ്പോഴും തന്റെ നിലപാട് സദസ്സുകളില്‍ തുറന്നുപറയും. പാണക്കാട് കുടുംബത്തെ സ്‌നേഹിക്കണം. സമസ്തയുടെ പിന്നില്‍ അണിനിരക്കണം. മുസ്‌ലിംലീഗിന് ശക്തിപകരണം. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളില്‍നിന്ന് ആശീര്‍വാദം വാങ്ങി തുടങ്ങിയ ആ ജീവിതയാത്രയില്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സ്വാധീനശക്തികളായി.
”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ തന്റെ അയല്‍വാസിയെ ആദരിക്കട്ടെ.” എന്ന വചനം സമ്പൂര്‍ണാര്‍ഥത്തില്‍ പ്രയോഗവല്‍ക്കരിച്ച യഥാര്‍ഥ പ്രവാചക (സ) അനുയായിയെ അത്തിപ്പറ്റ ഉസ്താദിലൂടെ കാണാനാവുമെന്ന് ജീവിതസാക്ഷ്യംകൊണ്ട് ബോധ്യപ്പെടുത്തുന്നുണ്ട് അയല്‍ക്കാരിയായ ഓമല. അയല്‍വാസിയുടെ വിശപ്പ് കാണാതെ സ്വന്തം വിശപ്പ് മാത്രം പരിഗണിക്കുന്നവന്‍ വിശ്വാസിയല്ല. വിശപ്പിന്റെ പരിഗണനക്ക് അടിസ്ഥാനമാവേണ്ടത് മതമല്ല; മനുഷ്യന്റെ ആവശ്യമാണെന്ന് അത്തിപ്പറ്റ ഉസ്താദ് നല്‍കുന്ന ജീവിതപാഠം. ഉസ്താദിന്റെ വേര്‍പാട്‌സൃഷ്ടിച്ച വേദന തിങ്ങുന്ന മനസ്സുമായി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഓമല കരച്ചിലടക്കാനാവാതെ വാക്കുകള്‍ മുറിഞ്ഞ് ഓര്‍ത്തോര്‍ത്തു പറഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെ ഏറെ കൈമാറപ്പെട്ടതാണ്.


”ഞങ്ങളുടെ എല്ലാമെല്ലാമായിരുന്നു ഉസ്താദ്. സാമ്പത്തികമായാലും മറ്റെന്തു സഹായമായാലും എല്ലാനിലയിലും ഞങ്ങള്‍ക്ക് താങ്ങുംതണലുമായിരുന്നു. എന്റെ മക്കളായ സുജാതയെയും വിലാസിനിയെയും വിവാഹം കഴിപ്പിച്ചയക്കാനുള്ള സ്വര്‍ണവും പണവുമെല്ലാം തന്നത് ഉസ്താദാണ്. ഞങ്ങളുടെ വീട്ടിലേക്കുവേണ്ട അരിയും മറ്റുസാധനങ്ങളും വാങ്ങാനും അദ്ദേഹമാണ് പണം തന്നിരുന്നത്. വഴിയില്‍നിന്നുകണ്ടാല്‍ വാഹനം നിര്‍ത്തി ഉടനെ കയ്യിലുള്ളത് നല്‍കും. പെരുന്നാളിനും നോമ്പിനും പ്രത്യേകം പണവും സാധനങ്ങളും തരും. ഉസ്താദിന്റെ മരണവിവരമറിഞ്ഞ മകള്‍ സുജാത നിലവിളിച്ചുകരഞ്ഞാണ് പോയത്. ഞങ്ങള്‍ക്കാണ് എല്ലാം പോയത്. ഞങ്ങളുടെ കഷ്ടപ്പാട് കാണാന്‍ ഇനി ആളില്ല. ഞാന്‍ അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞപ്പോള്‍ എന്നെ ആസ്പത്രിയില്‍കൊണ്ടുപോകാനും ചികിത്സിക്കാനുമെല്ലാം ഉടനെ പണം കൊടുത്തയച്ചു. മരിക്കുന്നതുവരെ ഞങ്ങള്‍ക്ക് ആ സഹായമാണ്. മരിക്കുന്നതിന്റെ മൂന്നുനാലു ദിവസം മുമ്പാണ് ഞാനും എന്റെ മകള്‍ സുജാതയും ഉസ്താദിനെപോയി കണ്ടത്. അപ്പോഴും 400 രൂപ തന്നു. ഇനി ഞങ്ങള്‍ക്ക് തരാന്‍ ആരുമില്ല. ഉസ്താദിന്റെ കുടുംബവും ഞങ്ങളും ഒരു കുടുംബമായാണ് കഴിയുന്നത്. എന്റെ മക്കളായ സത്യനും ബാബുവും ചെറുപ്പത്തില്‍ സ്‌കൂള്‍വിട്ടു അവിടന്ന് ഭക്ഷണം കഴിച്ചാണ് വരിക.”

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

kerala

അഭിമന്യുവിനെ ഒറ്റിയതിന് അബ്ദുറഹ്മാന് കിട്ടിയ പ്രതിഫലമാണ് എസ്.ഡി.പി.ഐ പിന്തുണ:  പി.കെ ഫിറോസ്

Published

on

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജിൽ കൊലചെയ്യപ്പെട്ട അഭിമന്യുവിൻ്റെ കൊലയാളികളെ രക്ഷപ്പെടുത്തിയതിൻ്റെ പ്രതിഫലമാണ് താനൂരിൽ വി അബ്ദുറഹ്മാന് കിട്ടിയ എസ്ഡിപിഐ പിന്തുണയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൂരിൽ വി അബ്ദുറഹ്മാൻ്റെ വിജയം എസ്.ഡി.പി.ഐ പിന്തുണയിലാണെന്ന് നേരത്തേ പറഞ്ഞതാണ്. ഇപ്പോൾ മലപ്പുറം ജില്ലാ എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് പരസ്യ പ്രസ്താവനയിലൂടെ അതിന് വ്യക്തത നൽകിയിരിക്കുന്നു. എസ്.ഡി.പി.ഐ പിന്തുണ കിട്ടിയിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുന്ന ലഭിച്ചിരുന്നു എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. പിന്തുണ നൽകുമ്പോൾ വി അബ്ദുറഹ്മാൻ്റെ വാഗ്ദാനം പണമായിരുന്നെങ്കിലും അഭിമന്യവിൻ്റെ കൊലയാളികളെ രക്ഷപ്പെടുത്തണമെന്ന ആവശ്യമായിരുന്നു എസ്.ഡി.പി.ഐ മുന്നോട്ട് വെച്ചത്.

കഴിഞ്ഞ ആറ് വർഷമായി വിചാരണ പോലും തുടങ്ങാത്തതിലൂടെ വി അബ്ദുറഹ്മാൻ നൽകിയ ഉറപ്പ് പാലിച്ചിരിക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയ 11 നിർണായക രേഖകൾ കോടതിയിൽ നിന്നും കാണാതായത് കരാറിൻ്റെ ബാക്കിപത്രമാണെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. തങ്ങൾക്ക് എതിരായ വിധികൾ പ്രഖ്യാപിക്കുന്ന ജഡ്ജിമാർക്കെതിരെ സമരം നടത്തുന്നവരും മോശമായ പദപ്രയോഗം നടത്തി അധിക്ഷേപിക്കുന്നവരും കോടതിയിൽ നിന്നും കൂട്ടത്തിലൊരുത്തനെ കൊലപ്പെടുത്തിയവർക്കെതിരെയുള്ള രേഖകൾ നഷ്ടപെട്ടിട്ടും മിണ്ടാതിരിക്കുന്നതിലും കൃത്യമായ അന്വേഷണം നടത്താത്ത പൊലീസിൻ്റെ സമീപനത്തിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അറും കൊല ചെയ്തവർക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്ന മന്ത്രി വി അബ്ദുറഹ്മാനോടുള്ള നിലപാട് എസ്.എഫ്.ഐ യും ഡി.വൈ.എഫ്.ഐ യും വ്യക്തമാക്കണമെന്നും എസ്.ഡി.പി.ഐ പിന്തുണയോടെ ജയിച്ച മന്ത്രിയെ പുറത്താക്കാൻ സി.പി.എം തയ്യാറുണ്ടോ എന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

Continue Reading

kerala

വളക്കൈ അപകടം: മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ മൃതദേഹം സംസ്കരിച്ചു

പോസ്റ്റ്‌മോര്‍ട്ടത്തിന്‌ പിന്നാലെ ചിന്മയ സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു

Published

on

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് മരിച്ച നേദ്യ എസ് രാജേഷിൻ്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശന ചടങ്ങിന് ശേഷം കുറുമാത്തൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം.

പോസ്റ്റ്‌മോര്‍ട്ടത്തിന്‌ പിന്നാലെ ചിന്മയ സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ ഒരു കുട്ടി മാത്രമാണ് നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. അപകടത്തിൽ ശ്രീകണ്ഠാപുരം പോലിസ് കേസെടുത്തിരുന്നു. ഡ്രൈവറെ പ്രതിച്ചേർത്താണ് എഫ്ഐആർ.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മനഃപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചേർത്താണ് കേസ്. മോട്ടോർ വാഹന വകുപ്പ് നടത്തിയ വിശദമായ പരിശോധനയിൽ ബസിൻ്റെ ബ്രേക്കുകൾക്ക് തകരാർ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന ആരോപണം ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു.

Continue Reading

Trending