ഇ. സാദിഖലി
ഇന്ത്യ തീര്‍ച്ചയായും ഒരു മതനിരപേക്ഷ രാഷ്ട്രമാണ്, അത് സംരക്ഷിക്കുക തന്നെ വേണം. വ്യത്യസ്ത മതവും സംസ്‌കാരവും ജീവിത മാര്‍ഗമായി കൊണ്ടുനടക്കുന്ന രാഷ്ട്രമാണിന്ത്യ. നാനാത്വത്തില്‍ ഏകത്വത്തില്‍ നാം വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ അതേസമയം തന്നെ ഇന്ത്യന്‍ ഭരണഘടനയില്‍ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലുള്‍പ്പെടുത്തി ഏക സിവില്‍ കോഡ് ലക്ഷ്യമാക്കുന്ന ഒരു വകുപ്പുണ്ട്. എല്ലാ വൈജാത്യങ്ങളെയും ഇല്ലാതാക്കി ഏക സ്വരൂപമായ വഴിയിലേക്ക് രാഷ്ട്രത്തെ കൊണ്ടുപോകാനാണ് ഇത് ലക്ഷ്യമാക്കുന്നത്. ഈ വൈജാത്യങ്ങളെല്ലാം സംശയത്തിന് ഇട നല്‍കാത്തവിധം ഏകശിലാ മാതൃകയിലേക്ക് രാഷ്ട്രത്തെ ഒതുക്കപ്പെടും. അതാകട്ടെ രാജ്യത്തിന്റെ താല്‍പര്യ സംരക്ഷണത്തിനെതിരുമാണ്. രാഷ്ട്രത്തിലെ സമൂഹത്തിലെ സകല വിഭാഗങ്ങളുടെയും മതവും സംസ്‌കാരവും പൂര്‍ണമായും വികസിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തിലുണ്ടായിരിക്കണം. എന്നാല്‍ ഈ ആര്‍ടിക്ക്ള്‍ 44 നമ്മുടെ മഹത്തായ വിചാരങ്ങളെയും സങ്കല്‍പങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ്. ഇതാകട്ടെ ആര്‍ടിക്ക്ള്‍ 25ന്റെ അര്‍ത്ഥ ചൈതന്യത്തിനും ജനാധിപത്യത്തിന്റെ അന്തഃസ്സത്തക്കുമെതിരുമാണ്.
മതേതര രാഷ്ട്രമെന്ന ആശയത്തെ നമ്മുടെ ഭരണഘടന ഉറപ്പിക്കുന്നുവെങ്കിലും മതേതര രാഷ്ട്രമെന്ന സങ്കല്‍പം ഒരു പ്രത്യേക നിര്‍വചനത്തില്‍, ചട്ടക്കൂടില്‍ ഒതുക്കിയിടാവുന്ന ഒന്നല്ല. സ്റ്റേറ്റിന്റെയും മതത്തിന്റെയും വേര്‍തിരിവ് ഒരു മതേതര രാഷ്ട്രത്തിന്റെ കാതലായ സവിശേഷതയായി കണക്കാക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഈ അടിസ്ഥാന സവിശേഷത അത്യധികം ശ്രദ്ധാപൂര്‍വം ഏകോപിപ്പിച്ചിട്ടുണ്ട്. ഡോക്ടര്‍ അംബേദ്കര്‍ ഹിന്ദു കോഡ് ബില്ല് സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന വാദപ്രതിവാദത്തില്‍ മതേതര സങ്കല്‍പത്തിന് നല്‍കിയ വിവരണമിങ്ങിനെ: ‘ജനങ്ങളുടെ മതവികാരങ്ങള്‍ നാം കണക്കിലെടുത്തുകൂടെന്ന് അതിന് (മതേതര രാഷ്ട്രത്തിന്) അര്‍ത്ഥമില്ല. ഏതെങ്കിലുമൊരു പ്രത്യേക മതം മറ്റുള്ള ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാര്‍ലമെന്റിന് അര്‍ഹതയുണ്ടായിക്കൂടെന്ന് മാത്രമാണ് ഒരു മതേതര രാഷ്ട്രമെന്നതിന് ആകെക്കൂടിയുള്ള അര്‍ത്ഥം. ഭരണഘടന അംഗീകരിക്കുന്ന ഏക പരിമിതി അതാണ്.’
മുന്‍ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്‍ ഇന്ത്യന്‍ മതേതരത്വത്തെ വ്യാഖാനിച്ചതിങ്ങനെ: ‘ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരിക്കണമെന്ന് പറയുമ്പോള്‍ കാണപ്പെടാത്ത ഒരാത്മാവിന്റെ സത്യത്തെയോ, ജീവിതത്തില്‍ മതത്തിന്റെ പ്രസക്തിയെയോ നാം നിരാകരിക്കുകയോ, മതരഹിതത്വത്തെ മാനിക്കുകയോ ചെയ്യുകയാണ് എന്ന് അതിനര്‍ത്ഥമില്ല. മതനിരപേക്ഷ തന്നെ വാസ്തവിക മതമായിത്തീരുന്നുവെന്നോ, രാഷ്ട്രം ദിവ്യമായ പ്രത്യേകാധികാരങ്ങള്‍ ഏറ്റെടുക്കുന്നുവെന്നോ ഉള്ള അര്‍ത്ഥവും അതിനില്ല. ഈശ്വര വിശ്വാസമാണ് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അടിസ്ഥാന തത്വമെങ്കിലും ഏതെങ്കിലുമൊരു മതവുമായി ഇന്ത്യാ രാഷ്ട്രം ഇണങ്ങിച്ചേരുകയോ, അതിന്റെ നിയന്ത്രണത്തിന് വിധേയമാവുകയോ ചെയ്യില്ല. ഒരു മതത്തിനും മുന്‍ഗണനാ പദവിയോ, പ്രശസ്ത നിലയോ അനുവദിച്ചുകൂട. അന്താരാഷ്ട്ര ബന്ധങ്ങളിലോ, ദേശീയ ജീവിതത്തിലോ ഒരു മതത്തിലും പ്രത്യേകാവകാശങ്ങള്‍ക്ക് അനുമതിയുണ്ടായിക്കൂട; മതത്തിന്റെയും സര്‍ക്കാറിന്റെയും ഉത്തമ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങളുടെ ലംഘനവുമായിരിക്കുമത്. നമ്മുടെ നിലപാട് ഇതൊക്കെയാണ്.
അച്ചടക്കത്തിന്റെയും സഹിഷ്ണുതയുടെയുമായ മതനിഷ്പക്ഷതയുടെ ഈ കാഴ്ചപ്പാടിന് ദേശീയവും അന്താരാഷ്ട്രീയവുമായ ഒരു പങ്ക് വഹിക്കാനുണ്ട്. മറ്റുള്ളവര്‍ക്ക് നിഷേധിക്കുന്ന പ്രത്യേകാനുകൂല്യവും അവകാശങ്ങളും കൊണ്ട് ഒരു പൗരസംഘത്തിനും സ്വയം അഹങ്കരിക്കാനിടയായിക്കൂടാത്തതാണ്. യാതൊരാളും അയാളുടെ മതം നിമിത്തം ഏതെങ്കിലും വിധത്തിലുള്ള വിവേചനമോ, അവശതയോ അനുഭവിച്ചുകൂട. പൊതുജീവിതത്തില്‍ പൂര്‍ണമായി പങ്ക് വഹിക്കുന്നതിന് സകലരെയും പോലെ സ്വതന്ത്രനായിരിക്കണം. സ്റ്റേറ്റിന്റെയും ക്രൈസ്തവ സഭയുടെയും വ്യതിരിക്ത ഭാവത്തിലുള്‍ക്കൊണ്ട അടിസ്ഥാന തത്വമാണത്. ഇന്ത്യാ രാഷ്ട്രത്തിന്റെ മത നിഷ്പക്ഷതയെ നിരീശ്വരത്വത്തോടോ, മതനിരപേക്ഷതയോടോ കൂട്ടിക്കുഴച്ചുകൂട. ഇന്ത്യയുടെ പൗരാണിക പാരമ്പര്യത്തിനനുസൃതമാണ് ഇവിടെ നിര്‍വചിക്കപ്പെട്ട മതേതരത്വം. സംഘബോധത്തിന് വ്യക്തിപരമായ ഗുണങ്ങളെ അടിയറ വെക്കാതെ പരസ്പര രഞ്ജിപ്പിലേക്ക് ഏവരേയും നയിച്ചുകൊണ്ട് വിശ്വാസികളുടെ പരസ്പര സംസര്‍ഗം കെട്ടിപ്പടുക്കാനാണ് അത് ശ്രമിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ (എ) രാഷ്ട്രം ഏതെങ്കിലും ഒരു മതത്തിന്റെ നിയന്ത്രണത്തിന് വിധേയമാവുകയോ ഏതെങ്കിലുമൊരു മതവുമായി ഇണങ്ങിച്ചേരുകയോ ചെയ്യില്ല. (ബി) ഒരാള്‍ അവലംബിക്കാനാഗ്രഹിക്കുന്ന ഏത് മതവും സ്വീകരിക്കാനുള്ള അവകാശത്തിന് രാഷ്ട്രം ഉറപ്പ് നല്‍കുന്നതോടൊപ്പം അവയില്‍ ഒന്നിനോടും മുന്‍ഗണന വെച്ചുകൊണ്ടുള്ള പെരുമാറ്റം അനുവദിക്കുകയുമില്ല. (സി) ഒരാളുടെ മതമോ വിശ്വാസമോ മൂലം രാഷ്ട്രം അയാള്‍ക്കെതിരായി യാതൊരു പക്ഷപാതവും കാണിക്കുകയില്ല. (ഡി) ഏത് പൗരനും പൊതുവായ ഏത് വ്യവസ്ഥക്കും വിധേയമായി സര്‍ക്കാറില്‍ ഏത് ഉദ്യോഗത്തിലും പ്രവേശിക്കാനുള്ള അവകാശം അയാളുടെ സഹ പൗരന്റേതിനോട് തുല്യമായിരിക്കും. ഏത് ഇന്ത്യന്‍ പൗരനും ഏത് പരമോന്നതോദ്യോഗവും നേടാനര്‍ഹത നല്‍കുന്ന രാഷ്ട്രീയ സമത്വം ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള മതേതരത്വത്തിന്റെ ആത്മാവും ഹൃദയവുമത്രെ. ഇന്ത്യന്‍ ജനതക്കിടയില്‍ രാഷ്ട്രത്തിന്റെ ഐക്യവും വ്യക്തിയുടെ അന്തസ്സും ഉറപ്പുവരുത്തുന്ന ഒരു സാഹോദര്യം ഉണ്ടാക്കാനുള്ള സ്ഥിതിഗതികള്‍ അത് നേടുന്നു.
വൈയക്തികവും സംഘടിതവുമായ സ്വാതന്ത്ര്യമുറപ്പാക്കുന്നതാണ് ഭരണഘടനയുടെ 25, 26 വകുപ്പുകള്‍. ഏതൊരു പൗരനും മതം സ്വേച്ഛാനുസരണം സ്വീകരിക്കാനും കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം നല്‍കിയിട്ടുണ്ട്. ധര്‍മപരവും മതപരവുമായ ലക്ഷ്യങ്ങള്‍ക്കായി സ്ഥാപനങ്ങളുണ്ടാക്കാനും സംരക്ഷിക്കാനുമുള്ള അവകാശവും മതത്താല്‍ തന്നെ അവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുമുള്ള സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. അതനുസരിച്ച് മതവിഭാഗങ്ങള്‍ക്കും (1) മത ധര്‍മ ലക്ഷ്യങ്ങള്‍ക്കായി സ്ഥാപനങ്ങളുണ്ടാക്കി നിലനിര്‍ത്താനും; (2) മത കാര്യങ്ങളെ സംബന്ധിച്ചിടത്തോളം വേണ്ടതെല്ലാം നിര്‍വഹിക്കാനും; (3) സ്ഥാവരജംഗമ സ്വത്തുക്കള്‍ നേടാനും അവയുടെ ഉടമസ്ഥാവകാശം പുലര്‍ത്താനും; (4) നിയമങ്ങളനുസരിച്ച് അത്തരം സ്വത്തുക്കളുടെ ഭരണം നടത്താനും അവകാശം നല്‍കപ്പെട്ടിരിക്കുന്നു.
ഏത് പ്രത്യേക മതവും പരിപാലിക്കാനും പ്രോത്സാഹിപ്പിക്കാനും വിനിയോഗിക്കുന്ന പണം നികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് 27-ാം വകുപ്പ് മതപരമായ പ്രവര്‍ത്തനത്തിനൊരു സംരക്ഷണം കൂടി കൂടുതലായി നല്‍കുന്നു. 28-ാം വകുപ്പ് രാഷ്ട്രത്തിന്റെ പൂര്‍ണമായ സഹായത്താല്‍ നടത്തപ്പെടുന്ന ഏത് വിദ്യാഭ്യാസ സ്ഥാപനത്തിലും മതബോധനം കൊടുത്തുകൂട എന്ന് (രാഷ്ട്രം നേരിട്ടായാലും മറ്റേതെങ്കിലും സംഘടന വഴിയായാലും) അനുശാസിക്കുന്നു. രാഷ്ട്രത്തിന്റെ ഭരണത്തിന്‍ കീഴിലാകാനിടയായാല്‍ പോലും മതബോധനം കൂടിയേ കഴിയൂ എന്ന് നിര്‍ദ്ദേശിക്കുന്ന ധര്‍മ്മസ്ഥാപനത്തിന്റെയോ, ട്രസ്റ്റിന്റെയോ വക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമല്ല. അതേസമയം തന്നെ സര്‍ക്കാറിന്റെ അംഗീകാരത്തിന് വിധേയമായിട്ടോ, രാഷ്ട്രത്തിന്റെ സഹായത്താലോ നടത്തപ്പെടുന്ന വിദ്യാലയങ്ങളിലെ ഇതേ പ്രശ്‌നത്തെപ്പറ്റി ഭരണഘടനയില്‍ പ്രതിപാദിക്കുന്നതിങ്ങനെയാണ്: അത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഏതൊരാളെയും- അയാളുടെ സമ്മതമില്ലാതെ അയാള്‍ മൈനറാണെങ്കില്‍ രക്ഷിതാവിന്റെ അനുമതിയില്ലാതെ- ഒരു തരത്തിലുള്ള മതപഠനത്തിനും നിര്‍ബന്ധിച്ചുകൂട.
അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറിന്റെ സഹായം ലഭിക്കുന്നുണ്ടാവാമെങ്കിലും മതബോധനത്തില്‍ പങ്കെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് അത് നല്‍കുന്നതിന് ഇത് നിരോധിക്കുന്നുമില്ല. അങ്ങനെ, രാഷ്ട്രത്തിന്റെ മതേതര സ്വഭാവം എല്ലാ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രത്യക്ഷമാക്കുന്നതോടൊപ്പം സര്‍ക്കാര്‍ നേടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ സ്വകാര്യ വിഭാഗീയ വിദ്യാലയങ്ങള്‍ക്ക് അവയുടെ മതസ്വഭാവം നിലനിര്‍ത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. മത ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാനുള്ള ഒരു വ്യവസ്ഥയായിട്ടാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്.
സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും സ്വന്തമായ സംസ്‌കാരവും ഭാഷയും ലിപിയും സംരക്ഷിക്കുന്നതിനുള്ള അവകാശം ആര്‍ട്ടിക്ക്ള്‍ 29 അംഗീകരിക്കുന്നുണ്ട്. 30-ാം വകുപ്പില്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും സ്വേച്ഛാനുസാരം വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും അവയുടെ ഭരണം നിര്‍വഹിക്കാനുമുള്ള അവകാശങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിന്‍ കീഴിലാണെന്ന കാരണത്താല്‍ യാതൊരു വിവേചനവും കൂടാതെ സാമ്പത്തിക സഹായമനുവദിക്കാന്‍ സ്റ്റേറ്റിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.യാതൊരു പൗരനോടും മതത്തിന്റെ പേരില്‍ സ്റ്റേറ്റ് വിവേചനം കാണിക്കുന്നത് 15-ാം വകുപ്പ് തടഞ്ഞിട്ടുണ്ട്. ഈ വകുപ്പ് എല്ലാ പൗരന്മാര്‍ക്കും തൊഴിലിന്റെ വിഷയത്തില്‍ അവസരസമത്വം ഉറപ്പാക്കുന്നു. ജാതി-മത പരിഗണനകളില്ലാത്ത പൗരത്വമാണ് 5-ാം വകുപ്പ് ഉറപ്പാക്കുന്നത്. ഇന്ത്യയുടെ പൗരത്വം അതുകൊണ്ട് തന്നെ കളങ്കലേശമില്ലാത്ത പൗരത്വമാണ്. രാഷ്ട്രത്തിന്റെ ഭരണഘടനക്ക് ‘ഹിന്ദുരാഷ്ട്രം’ എന്ന സങ്കല്‍പം തന്നെ അനുചിതമാണെന്നര്‍ത്ഥം. മതനിരപേക്ഷ ഘടനയുടെ അടിസ്ഥാനം ഈ വകുപ്പുകള്‍ രൂപവത്കരിക്കുന്നുണ്ടെങ്കിലും ഭരണഘടന മതത്തെ പൂര്‍ണമായി രാഷ്ട്രീയമായി വേര്‍പ്പെടുത്തുന്നുവെന്ന് വിശ്വസിക്കുന്നത് മിഥ്യയായിരിക്കും.
മതാധിപത്യത്തിന്മേലുള്ള രാഷ്ട്രീയാതിക്രമണത്തിന്റെ നിസ്തുല ഉദാഹരണങ്ങള്‍ നല്‍കുന്ന ഭരണഘടനാപരമായ ഒട്ടേറെ വകുപ്പുകളുണ്ട്. ആര്‍ട്ടിക്ക്ള്‍ 17 അയിത്തം ഇല്ലാതാക്കിക്കൊണ്ട് ഹിന്ദുക്കളിലെ ഒരു പ്രധാന വിഭാഗത്തിന്റെ മതാചാരത്തെ അസാധുവാക്കുന്നു. ഈ വകുപ്പ് ഏത് രൂപത്തിലും അയിത്താചാരം നിര്‍ത്തലാക്കുന്നു. മാത്രമല്ല അയിത്തം കാരണത്താലുള്ള അയോഗ്യത നടപ്പില്‍ വരുത്തുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാക്കി. സ്റ്റേറ്റിനും സ്വകാര്യ വ്യക്തിക്കും ഈ വകുപ്പ് ബാധകമാണ്. അങ്ങനെ മതാനുഷ്ഠാനം സംബന്ധിച്ച് സ്റ്റേറ്റിനും പൗരനുമിടയിലെ ബന്ധങ്ങളെയും പൗരന്മാര്‍ക്കിടയില്‍ തന്നെയുള്ള ബന്ധങ്ങളെയും ക്രമീകരിക്കുന്നു. ഒരു ഹരിജന് തൊഴില്‍പരമായ സേവനം നിഷേധിക്കുന്ന ഉന്നത കുലജാതന്‍ 17-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹനാകുന്നു. ഇത്രമാത്രം ഏകകണ്ഠമായും ഹര്‍ഷാരവത്തോടുംകൂടി പാസ്സാക്കപ്പെട്ട മറ്റൊരു വകുപ്പ് ഭരണഘടനയില്‍ ഇല്ല തന്നെ. ‘മഹാത്മാഗാന്ധി കി ജയ്’ വിളികളോടെ അംഗീകരിക്കപ്പെട്ടുവെന്ന പ്രത്യേക യോഗ്യത നേടിയതും ഇത് മാത്രമാണ്.
ജാതി – മത – ലിംഗ – ജന്മദേശ കാരണങ്ങളാലോ, അവയിലേതെങ്കിലുമൊന്നിനെ കാരണമാക്കിയോ രാഷ്ട്രം ഒരു പൗരനോടും വിവേചനം കാട്ടാന്‍ പാടില്ലാത്തതാകുന്നു; ഈ കാരണങ്ങളിലേതെങ്കിലുമൊന്നിനെ അടിസ്ഥാനമാക്കി, സര്‍ക്കാറിന്റെ പണം കൊണ്ട് പൂര്‍ണമായോ, ഭാഗികമായോ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നതോ, പൊതുജന ഉപയോഗത്തിന് സമര്‍പ്പിക്കപ്പെട്ടതോ ആയ കുളങ്ങള്‍, സ്‌നാനഘട്ടങ്ങള്‍, കിണറുകള്‍, റോഡുകള്‍, പൊതുസങ്കേതങ്ങള്‍ എന്നിവയുടെ ഉപയോഗമോ, വ്യാപാര സ്ഥാപനങ്ങളിലേക്കും പൊതു റസ്റ്റോറന്റിലേക്കുമുള്ള ഉപയോഗമോ ഒരു പൗരനും നിഷേധിച്ചുകൂട. എന്ന് 15-ാം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ’15 (1) വ്യവസ്ഥപ്പെടുത്തിയിട്ടുള്ള മൗലികാവകാശങ്ങള്‍ ഒരു വ്യക്തിയെന്ന നിലക്കാണ് ഒരു പൗരനില്‍ നിക്ഷേപിക്കുന്നതെന്നും അത് ഒരു സാമാന്യ പൗരന്റെ നിലക്കുള്ള അയാളുടെ അവകാശങ്ങളും പ്രത്യേകാനുകൂല്യങ്ങളും പരിരക്ഷകളും വിവേചനത്തിനു വിധേയമാക്കുന്നതിനെതിരായുള്ള ഉറപ്പാണെന്നുമുള്ളത് വ്യക്തമാണ്.’ ഈ വകുപ്പിനെ വ്യാഖ്യാനിച്ചുകൊണ്ട് സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചു.
16-ാം വകുപ്പ് പൊതുനിയമന കാര്യങ്ങളില്‍ അവസര സമത്വം ഉറപ്പ് നല്‍കുന്നു. സ്റ്റേറ്റിന്റെ കീഴിലുള്ള തൊഴിലിനെ സംബന്ധിച്ച കാര്യങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും അവര്‍ എവിടെ താമസിക്കുന്നവരായാലും ശരി, തുല്യാവസരം നല്‍കേണ്ടതാണെന്ന സാമാന്യ ചട്ടമുണ്ട് വകുപ്പിന്റെ ഒന്നാം ഭാഗത്ത്. അങ്ങനെ ഇന്ത്യന്‍ പൗരത്വത്തിന്റെ സാര്‍വദേശീയത ഉറപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ജാതി-മത-വര്‍ഗ-ലിംഗ-വംശ കാരണങ്ങളാലും ജന്മസ്ഥലത്തെയോ, താമസസ്ഥലത്തെയോ കാരണമാക്കിയും ഏതൊരു പൗരനുമെതിരായി ഏതെങ്കിലും വിധത്തില്‍ വിവേചനം കാണിക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ വിലക്കുകയും ചെയ്തിരിക്കുന്നു. രാഷ്ട്രത്തിന്റെ കീഴില്‍ പ്രത്യേക സ്ഥാനങ്ങള്‍ക്കുള്ള നിയമനങ്ങളുടെ കാര്യത്തില്‍ എവിടെ താമസിക്കുന്നുവെന്നത് ഒരു പ്രത്യേക യോഗ്യതയായി കണക്കാക്കുകയും എന്നാല്‍, ഇത് സംബന്ധിച്ച് സ്വേച്ഛാനുസാരം ചട്ടങ്ങളുണ്ടാക്കാന്‍ ഓരോ സംസ്ഥാനത്തെയും അനുവദിക്കുന്നതിന് പകരം സംസ്ഥാനത്തിനകത്തെ താമസസ്ഥലത്തെ സംബന്ധിച്ചിടത്തോളമുള്ള ആവശ്യം വ്യവസ്ഥ ചെയ്യുന്നതിന് പാര്‍ലമെന്റില്‍ അധികാരം നിക്ഷേപിച്ചിരിക്കുന്നു. ഏതെങ്കിലും പ്രത്യേകം നിയമവ്യവസ്ഥയുടെ കീഴിലുള്ള മതപരമോ, വിഭാഗീയമോ ആയ സ്ഥാപനത്തിന്റെ ഭരണ നിര്‍വഹണത്തെ സാമാന്യ തത്വത്തിന്റെ പരിധിയില്‍ നിന്നും പുറത്ത് കൊണ്ടുവരുന്ന മറ്റൊന്ന് കൂടിയുണ്ട് ഇതില്‍. പൊതുനിയമനക്കാര്യങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും 16-ാം വകുപ്പ് അവസര സമത്വം ഉറപ്പുനല്‍കുകയും ജാതി-മത-സമുദായ പരിഗണനകള്‍ക്കെതിരായ ഒരു രക്ഷാനിര ഉയര്‍ത്താന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതേവരെയുള്ള ഫലം തീരെ തൃപ്തികരമല്ല എന്നാണ് നീതിന്യായ കോടതികളുടെ നിരീക്ഷണം.
(തുടരും)