വടക്കാഞ്ചേരി ലൈഫ്മിഷന്‍ ഫ്‌ളാറ്റ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായിവിജയന്റെ പങ്കാളിത്തം മറനീക്കിപ്പുറത്തുവരുന്നു. അധികാരത്തിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സകല തെളിവുകളും നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും കാലത്തിന്റെ കാവ്യ നീതിയെന്നോണം പാവപ്പെട്ടവന്റെ വീടെന്ന സ്വപ്‌നത്തെ മറയാക്കി നടത്തിയ അവിഹിത ഇടപാടിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍ നാടനും വിവാദ ഫ്‌ളാറ്റ് സമുച്ചയം നിലനില്‍ക്കുന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ മുന്‍ എം.എല്‍.എ അനില്‍ അക്കരയുമാണ് മുഖ്യമന്ത്രിക്കെതിരെ ശക്തമായ തെളിവുകളുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭയില്‍ കുഴല്‍നാടന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിണറായി നല്‍കിയ മറുപടിയും അതിന് അദ്ദേഹം ഉപയോഗിച്ച ശരീര ഭാഷയും മാത്രം മതിയായിരുന്നു മടിയില്‍ കനമുണ്ടോ ഇല്ലെയോ എന്ന് വ്യക്തമാകാന്‍. നിയമസഭയുടെ ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്തവിധം ഭരണപക്ഷം തന്നെ സഭാ നടപടികള്‍ മുടക്കിയതും മുഖ്യമന്ത്രിക്കൊപ്പം ചേര്‍ന്ന് മന്ത്രിമാര്‍ ഒന്നിച്ച് പ്രമേയാവധാരകനെതിരെ പോര്‍വിളി മുഴക്കിയതും ഇടതു സര്‍ക്കാറിന്റെ ഭയവിഹ്വലതയുടെ മകുടോദാഹരണങ്ങളാണ്. ഏറ്റവുമൊടുവില്‍ എം.എല്‍.എയുടെ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തതോടെ അച്ചന്‍ പത്തായത്തില്‍ പോലുമില്ലേ എന്ന് യാതൊരു മറയുംകൂടാതെ ഭരണക്കാര്‍ വിളിച്ചുപറഞ്ഞിരിക്കുകയാണ്.
ശിവശങ്കറിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടെന്നും സ്വപ്‌ന സുരേഷ് ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്നതിന് തെളിവുണ്ടെന്നുമുള്ള കുഴല്‍നാടന്റെ ആരോപണങ്ങളാണ് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി പറയാനോ നിഷേധിക്കാനോ കഴിയാതിരുന്ന മുഖ്യമന്ത്രിയുടെ അന്നത്തെ സഭയിലെ പെരുമാറ്റം അസ്വാഭാവികത നിറഞ്ഞതായിരുന്നു. പച്ചക്കള്ളം എന്നുമാത്രം ആരോപണത്തിന് മറുപടി പറഞ്ഞ അദ്ദേഹം പിന്നീട് വീരവാദങ്ങളിലേക്കും വെല്ലുവിളികളിലേക്കും കടക്കുകയായിരുന്നു. അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള തന്റെ പ്രസംഗം കൃത്യമായ ഹോംവര്‍ക്കുകളുടെ പിന്‍ബലത്തോടെയായിരുന്നതിനാല്‍ മുഖ്യമന്ത്രിയുടെ പരാക്രമങ്ങളൊന്നും കുഴല്‍നാടന്റെ മുന്നില്‍ വിലപ്പോയിരുന്നില്ല. റിമാന്റ് റിപ്പോര്‍ട്ടിലെ വാട്‌സ്ആപ് സന്ദേശത്തിലെ ആരോപണം സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നും തെറ്റാണെങ്കില്‍ അത് നീക്കാന്‍ അങ്ങ് കോടതിയെ സമീപിക്കണമെന്നും എം.എല്‍.എ പറഞ്ഞപ്പോള്‍ അതിന് തനിക്ക് താങ്കളുടെ നിയമോപദേശത്തിന്റെ ആവശ്യമില്ലെന്നുള്ള ധിക്കാരപരമായ മറുപടിയായിരുന്നു മുഖ്യമന്ത്രി നല്‍കിയിരുന്നത്. ഇരുവരും തമ്മിലുള്ള വാഗ്വാദത്തില്‍ പ്രതിപക്ഷനേതാവുകൂടി പങ്കാളിയായതോടെ തീര്‍ത്തും പരുങ്ങലിലായിപ്പോയ പിണറായി വിജയന്‍ പഴയ വിജയന്‍ പ്രയോഗമുള്‍പ്പെടെ നടത്തി പരിഹാസ്യനാകുകയായിരുന്നു. അന്നത്തെ സംഭവവികാസങ്ങള്‍ മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയവര്‍ക്കെല്ലാം കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് ബോധ്യമായതാണ്. സഭയില്‍വെച്ച് മുഖ്യന്‍ സ്പീക്കറോട് നീരസം പ്രകടിപ്പിച്ചപ്പോള്‍ തന്നെ എം.എല്‍.എ യുടെ ആരോപണങ്ങള്‍ സഭാ രേഖകളിലുണ്ടാവില്ലെന്നുറപ്പായിരുന്നെങ്കിലും ഇന്നലെ അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് തന്റെ പക്കലുണ്ടെന്നും ഈ രേഖകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച് സത്യം വെളിച്ചത്തുകൊണ്ടുവരുമെന്നുമാണ് അനില്‍ അക്കര വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് തദ്ദേശ സെക്രട്ടറിക്ക് അയച്ച കത്ത് അദ്ദേഹം പുറത്തുവിടുകയും ചെയ്തു. റെഡ് ക്രസന്റ് ദുരിതാശ്വാസത്തിന് നല്‍കിയ പണം ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് കൈക്കൊണ്ടതെന്നും അതിനാല്‍ ഗൂഡാലോചനയുടെ ഉറവിടം ക്ലിഫ് ഹൗസാണെന്നും ഒന്നാംപ്രതി പിണറായി വിജയനാണെന്നും അദ്ദേഹം തെളിവു സഹിതം സമര്‍പ്പിക്കുന്നു. ഏതായാലും ആരോപണങ്ങളുടെ കുരുക്ക് ദിനംപ്രതി മുറുകിക്കൊണ്ടിരിക്കുകയാണ്. ‘വിരട്ടലും വിലപേശലുമൊന്നും ഈ പാര്‍ട്ടിയോട് വേണ്ട’ എന്ന പതിവു ഡയലോഗുകൊണ്ടൊന്നും ഇനി രക്ഷപ്പെടാനാവില്ല എന്നു കേരളത്തിലെ ജനങ്ങള്‍ തന്നെ പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. വലംകൈയായ എസ്. ശിവശങ്കര്‍ ജയിലിലടക്കപ്പെടുകയും ഇടംകൈയായ സി.എം രവീന്ദ്രനെ അന്വേഷണ സംഘം തിരഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഈ തീവെട്ടിക്കൊള്ളയില്‍ പിണറായിയുടെ പങ്ക് അരി ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ബോധ്യമാകുന്നതാണ്. ആത്മാഭിമാനത്തിന്റെ തരിമ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിയുക എന്നതുമാത്രമാണ് ഇനി പിണറായി വിജയന് ചെയ്യാനുള്ളത്.