Connect with us

Views

മഴ നിന്നാലുടന്‍ മല തുരക്കണം; മരം മുറിക്കണം

Published

on

പി. ഇസ്മായില്‍ വയനാട്

കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയുടെ കണക്കെടുപ്പില്‍ ഇടനാടെന്നോ മലനാടെന്നോ വ്യത്യാസമില്ലാതെ ദുരിതബാധിതപ്രദേശങ്ങളില്‍ യുദ്ധാനന്തരമുള്ള അവസ്ഥാവിശേഷമാണ് നിലവിലുള്ളത്. വര്‍ഷങ്ങളുടെ അധ്വാനത്താല്‍ കെട്ടിപ്പൊക്കിയ സര്‍വ്വവും ഒറ്റ രാത്രി കൊണ്ടാണ് പ്രളയം കശക്കിയെറിഞ്ഞത്. തോരാമഴയുടെയും മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും ദുരന്തഫലമായി 200ല്‍പരം ആളുകള്‍ക്കാണ് ജീവഹാനി സംഭവിച്ചത്. മത്സ്യതൊഴിലാളികളും ജീവന്‍ രക്ഷാപ്രവര്‍ത്തകരും സ്വന്തം ജീവന്‍ പണയം വെച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് ഒരു പരിധി വരെ മരണസംഖ്യ കുറച്ചത്.

ഒട്ടേറെ കുടുംബങ്ങള്‍ അനാഥകളായി തീര്‍ന്നു. ചിലര്‍ക്കെല്ലാം അംഗ വൈകല്യങ്ങള്‍ സംഭവിച്ചു. ആയുഷ്‌ക്കാല സമ്പാദ്യം കൊണ്ട് നിര്‍മിച്ച വീടുകള്‍ പലതും നിലംപൊത്തി. ആയിരക്കണക്കിനു വളര്‍ത്തു മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. 2.80 ലക്ഷം കര്‍ഷകരുടെ 50000 ഹെക്ടര്‍ കൃഷിഭൂമിയിലെ കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും നശിച്ചു. റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി വിതരണ ശൃംഖലകള്‍, ആസ്പത്രികള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍, എ ടി എം കൗണ്ടറുകള്‍, കെട്ടിടങ്ങള്‍ എന്നിവയെല്ലാം മഴവെള്ള പാച്ചിലില്‍ തകര്‍ച്ചയെ നേരിട്ടു.സ്‌കൂളുകളിലെ പരീക്ഷകളും സര്‍വ്വകലാശാലകളിലെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പും നീട്ടിവെക്കുകയും കല്യാണങ്ങളടക്കം മാറ്റിവെക്കേണ്ടിയും വന്നു. നാലു ഭാഗം വെള്ളം മൂടിയിട്ടും കുടിവെള്ളത്തിനായി കേഴുന്ന മനുഷ്യരെ വരെ കാണുകയുണ്ടായി.

ആരാധനാലയങ്ങളും സ്‌കൂളും മതപഠന ശാലകളുമെല്ലാം നിമിഷങ്ങള്‍ക്കകം അഭയകേന്ദ്രങ്ങളായി മാറി. ലക്ഷകണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയാര്‍ത്ഥികളായെത്തിയത്. അവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചു കൊടുക്കുന്നതില്‍ സര്‍ക്കാരിനെ കാത്തു നില്‍ക്കാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത സാമുദായിക സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം നടത്തിയ പ്രവര്‍ത്തനങ്ങളെ എത്രകണ്ട് പ്രശംസിച്ചാലും അധികമാവില്ല. സ്വന്തം ശരീരത്തിന്റെ പുറം ഭാഗം മറ്റുള്ളവര്‍ക്ക് ചവിട്ടുപടിയാക്കി മാറ്റിയ ജൈസലും ചെറുതോണി പാലം മുങ്ങുന്നതിന് മുമ്പ് കൈ കുഞ്ഞിനെ മാറോട് ചേര്‍ത്തോടിയ കനയ്യകുമാറും വില്‍പനക്കായി കൊണ്ടുവന്ന പുതപ്പുകള്‍ ദാനം ചെയ്ത അയല്‍ സംസ്ഥാന തൊഴിലാളിയുമെല്ലാം ദുരന്തമുഖത്തെ അവിസ്മരണീയമാക്കിയ നാമങ്ങളില്‍ ചിലത് മാത്രമാണ്.

1924ലാണ് ഇതുപോലൊരു പ്രളയ ദുരന്തം കേരളത്തിലുണ്ടായത്. ഇത്രത്തോളം നാശനഷ്ടം കേരളം മുഴുക്കെ അന്നുണ്ടായിരുന്നില്ല. ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ 90 ശതമാനം ഉത്തരവാദിത്വവും മനുഷ്യനിര്‍മ്മിതമാണ്. മുന്നറിയിപ്പുകളില്ലാതെ ഡാമുകള്‍ തുറന്നുവെന്നത് അനവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ്. കാട്ടാറുകളെ കയ്യേറിയും കാട്ടുമരങ്ങളെ കട്ടു മുറിച്ചും വിഷവിത്തുകള്‍ വിതറിയും മണല്‍ വാരി പുഴ നശിപ്പിച്ചും പരിസ്ഥിതിക്ക് മുകളില്‍ ഇന്നലകളില്‍ നടത്തിയ കവര്‍ച്ചക്ക് പ്രകൃതി തന്നെ നല്‍കിയ തിരിച്ചടിയാണിപ്പോഴുണ്ടായിട്ടുള്ളത്. പ്രകൃതിയെ പശുവിനോടും മനുഷ്യനെ കറവുകാരനോടും ഉപമിക്കുന്നത് നന്നായിരിക്കും. പശുവിന് തീറ്റ കൊടുത്താല്‍ അത് നന്നായി പാല്‍ ചുരത്തും.പ്രകൃതിയാവട്ടെ തന്റെ വിഭവങ്ങളെല്ലാം എല്ലാവര്‍ക്കും ദാനമായിട്ടാണ് നല്‍കാറുള്ളത്. കിടാവിനു നല്‍കാനുള്ള പാല്‍ ബാക്കി വെച്ചാണ് കറവുകാരന്‍ കറവ നടത്താറുള്ളത്. കശാപ്പുകാരന്‍ ആര്‍ക്കും വേണ്ടി ഒന്നും തന്നെ കരുതിവെക്കാറില്ല. പശുവിനെ കശാപ്പുചെയ്ത് വില്‍പ്പന നടത്തുമ്പോള്‍ ഒരു കിലോ ഇറച്ചിക്ക് കിട്ടുന്ന വിലയും ഒരു ലിറ്റര്‍ പാലിന്റെ വിലയും തമ്മില്‍ അജഗജാന്തരമുണ്ട്. കറവുകാരനില്‍ നിന്നും മാറി ആര്‍ത്തി പണ്ടാരമായ കശാപ്പുകാരന്റെ മനസ്സോടെയാണ് ഇന്ന് കേരളീയര്‍ പരിസ്ഥിതിയെ നോക്കി കാണുന്നത്.

ഒരു കുന്ന് കണ്ടാല്‍ അത് ഇടിച്ചു നിരപ്പാക്കി എത്ര ടണ്‍ മണ്ണ് കടത്താനാവുമെന്നാണ് ശരാശരി മലയാളി ആലോചിക്കാറുള്ളത്. ഒരു മരം കണ്ടാല്‍ പക്ഷികളും ഉറുമ്പുകളുമടക്കം അനേകം ജീവികളുടെ പാര്‍പ്പിടമാണ് അതെന്ന ചിന്തക്കു പകരം മരം മുറിച്ചു മാറ്റിയാല്‍ കിട്ടാവുന്ന വാതിലും ജനാലയും ഗോവണിപ്പടിയും ഉള്‍പ്പെടെയുള്ള ഉരുപ്പടികളുടെ കണക്കുകളാണ് മനസ്സില്‍ തെളിയാറുള്ളത്. പുഴകളും അരുവികളും കുളങ്ങളും കാണുമ്പോള്‍ മത്സ്യങ്ങളും സസ്യങ്ങളുമടക്കമുള്ള ജീവജാലങ്ങള്‍ കണ്ണില്‍ പതിയുന്നതിന് പകരം എത്രമാത്രം വെള്ളവും മണലും ഊറ്റിയെടുക്കാനാവുമെന്ന ഗവേഷണമാണ് നടത്താറുള്ളത്. പാറക്കെട്ടുകള്‍ കാണുമ്പോള്‍ ഇത്ര അളവില്‍ കല്ലുകള്‍ പൊട്ടിച്ചെടുക്കാന്‍ കഴിയുമെന്നാണ് മലയാളിയുടെ മനസ്സുകള്‍ മന്ത്രിക്കുന്നത്.

‘പുഴയെ കാറ്റിനെ വെയിലിനെ വില്‍ക്കാന്‍/ മഴയെ മണ്ണിന്റെ തരികളെ വില്‍ക്കാന്‍/ പതിനാലാം രാവിന്നഴകിനെ വില്‍ക്കാന്‍/ പുലരിതന്‍ സപ്തസ്വരങ്ങളെ വില്‍ക്കാന്‍’ വായുവും വെള്ളവുമടക്കം എല്ലാ വിഭവങ്ങളും വില്‍പ്പന ചരക്കായി കാണുന്ന ദുരമൂത്ത കേരളീയന്റെ നേര്‍ ചിത്രമാണ് വിജയലക്ഷമിയുടെ കവിതയില്‍ അടങ്ങിയിട്ടുള്ളത്. പ്രകൃതി വിഭവങ്ങള്‍ നീതിപൂര്‍വ്വകമായി വിനിയോഗിക്കുന്നതിലും വീതിച്ചെടുക്കുന്നതിലും അടുത്ത തലമുറക്കായി കാത്തു സൂക്ഷിക്കുന്നതിലും മുമ്പ് ജീവിച്ചവര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. അങ്ങിനെയുള്ള കരുതലിന്റെ ഗുണഫലമായിട്ടാണ് ഇന്ന് ഭൂമുഖത്ത് വസിക്കുന്നവര്‍ക്കെല്ലാം തന്നെ ശുദ്ധവായുവും ശുദ്ധജലവും നല്ല ആവാസ വ്യവസ്ഥിതിയും ലഭിക്കാനിടയായത്. പ്രകൃതിയോട് ഇണങ്ങിയും ആദരിച്ചും പരിപാലിച്ചും കഴിഞ്ഞിരുന്ന അവസ്ഥയില്‍ നിന്നും ഭൂമിയിലെ എല്ലാ വസ്തുക്കളും തനിക്ക് കൊള്ളയടിക്കാനുളള താണെന്നും താന്‍ മാത്രമാണ് ഭൂമിയുടെ അവകാശിയെന്നുമുള്ള ചിന്തയിലേക്കാണ് മനുഷ്യര്‍ വഴി മാറി നടന്നിട്ടുള്ളത്. പ്രളയം, ചുഴലികാറ്റ്, കൊടുങ്കാറ്റ്, ഉരുള്‍പൊട്ടല്‍, കാട്ടുതീ, വരള്‍ച്ച, ഭൂചലനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെല്ലാം നമ്മുടെ നാട്ടിലെത്തിയത് മേല്‍ പരാമര്‍ശിച്ച ദുഷ്ടചിന്തയുടെ ഫലമായിട്ടാണ്.

ഇന്നിപ്പോള്‍ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് ആവശ്യങ്ങളേക്കാളുപരി ആഡംബരങ്ങള്‍ക്ക് വേണ്ടിയാണ്. വന്‍കിട കെട്ടിട സമുച്ചയങ്ങളും ഫാക്ടറികളും റിസോര്‍ട്ടുകളും നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഖനനങ്ങളിധകവും നടക്കുന്നത്. ചതുപ്പുനിലങ്ങളും വയലുകളും നികത്തി കൊണ്ടാണ് ആകാശം മുട്ടെയുള്ള അംബരചുംബികള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അവിടം നികത്താനാവശ്യമായ മണ്ണിനു വേണ്ടിയാണ് കുന്നുകളായ കുന്നുകളും മലകളുമെല്ലാം നിരപ്പാക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെയും ധനാഢ്യരുടെയും ലാഭ കൊയ്ത്തിനു വേണ്ടി നടത്തുന്ന ഇത്തരം കയ്യേറ്റങ്ങളുടെ ദുരന്തഫലം ഇന്നത്തെ തലമുറയില്‍ മാത്രം അവസാനിക്കുന്നതല്ല.

‘സമാധാന കാലത്ത് വിയര്‍പ്പൊഴുക്കിയാല്‍ യുദ്ധകാലത്ത് ചോരയൊലിപ്പിന്റെ അളവ് കുറക്കാം’. ഇന്ത്യന്‍ ആര്‍മി ക്യാമ്പിലെ ചുമരുകളില്‍ കാണുന്ന ആപ്തവാക്യം ഭാവിയെ മുന്നില്‍ കണ്ട് കൊണ്ടുള്ള ദീര്‍ഘവീക്ഷണമാണ് വിളംബരം ചെയ്യുന്നത്. പ്രളയാനന്തരം അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ ഭാവിയെ കരുപിടിപ്പിക്കും വിധമുള്ള ആലോചനകളും തീരുമാനങ്ങളും രൂപാന്തരപ്പെടേണ്ടതുണ്ട്. ഇനിയൊരിക്കലും ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാനമായും നടത്തേണ്ടത്. പരിസ്ഥിതിയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളില്‍ അടിമുടി മാറ്റം അനിവാര്യമാണ്. ‘ഒരഞ്ഞുറു കൊല്ലത്തിനകത്ത് ഈ ഭൂമിയിലെ സര്‍വ്വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യര്‍ കൊന്നൊടുക്കും. മരങ്ങളെയും ചെടികളേയും നശിപ്പിക്കും. മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും’. പ്രകൃതിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറുത്തുമാറ്റി സര്‍വ്വ ജീവജാലങ്ങളെയും കൊന്നൊടുക്കുവാനും എല്ലാം നശിപ്പിക്കുവാനും ഇറങ്ങി തിരിച്ച മനുഷ്യന്റെ ഹിംസാത്മകതയെ പറ്റി വൈക്കം മുഹമ്മദ് ബഷീര്‍ മുമ്പേ പ്രവചിച്ച കാര്യമാണിത്. പക്ഷികളും മ്യഗങ്ങളും പൂക്കളും പുഴുക്കളും പൂമ്പാറ്റകളും മരങ്ങളും മലകളും വനങ്ങളും പുഴകളും അരുവികളും അതിസൂക്ഷമ ജീവികളും എല്ലാം കൂടി ചേര്‍ന്നതാണ് പ്രപഞ്ചം. ഈ ജീവജാലങ്ങളൊന്നുമില്ലാതെ മനുഷ്യര്‍ക്ക് മാത്രമായി ഭൂമിയില്‍ സുഖവാസം സാധ്യമാവില്ലന്ന കാര്യം ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയണം.

കുന്നുകള്‍ക്കും മലകള്‍ക്കും നേരെ ലാഭേഛയോടെയുള്ള നോട്ടങ്ങള്‍ക്ക് പകരം അവയെല്ലാം കോടിക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ചു വെക്കുന്ന ജല കൂടങ്ങളായി കാണാന്‍ പരിശീലിക്കണം. വെള്ളപ്പൊക്കം തടഞ്ഞു നിര്‍ത്തുന്ന നെല്‍വയലേലകളും തണ്ണീര്‍തടങ്ങളും മണ്ണിട്ട് നികത്തുന്ന സമീപനം ദുരന്തം വിളിച്ചു വരുത്തുന്നതാണെന്ന കാര്യം ഓരോരുത്തര്‍ക്കും സ്വയം ബോധ്യപ്പെടണം. മലമുകളിലെ മരങ്ങള്‍ മുറിച്ചു മാറ്റപ്പെടുമ്പോള്‍ ആദ്യം അത് മണ്ണൊലിപ്പിലും ഏറ്റവുമവസാനം ഉരുള്‍പൊട്ടലിലും കലാശിക്കും. മണ്ണുമാന്തിയന്ത്രങ്ങളും കോടാലി കൈകളുമായി മലമടക്കുകളിലേക്ക് എഴുന്നള്ളുന്ന പ്രകൃതി ഘാതകര്‍ക്ക് മുന്നില്‍ ഒറ്റപ്പെട്ടവരുടെ ദീനരോദനങള്‍ക്കു പകരം അരുതെന്നും സമ്മതിക്കില്ലെന്നും ഉറക്കെ ശബ്ദിക്കാന്‍ ആള്‍കൂട്ടങ്ങള്‍ക്കാവണം. ആര്‍ത്തലച്ചു വരുന്ന കടലിലെ തിരമാലകളില്‍ നിന്നും കൊടുങ്കാറ്റില്‍ നിന്നും മനുഷ്യര്‍ അധിവസിക്കുന്ന കരയെ സംരക്ഷിക്കുന്ന കരസേനയാണ് കണ്ടല്‍കാടുകള്‍. അതിന്റെ വേരുകള്‍ പിഴുതെറിയുന്നവര്‍ക്ക് മുന്നില്‍ കാവല്‍ നില്‍ക്കുന്ന കാവല്‍സേനക്കാരായി മാറാന്‍ ഓരോരുത്തരും തയ്യാറാവണം. മഴ നിന്നാലുടന്‍ മലകള്‍ തുരക്കണമെന്നും മരങ്ങള്‍ മുറിക്കണമെന്നും പുഴകള്‍ കയ്യേറണമെന്നുമുള്ള മനോവ്യാപാരത്തില്‍ നിന്നും ആളുകളെ മാറ്റിയെടുക്കാനും കഴിയണം.

പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും പാര്‍ട്ടി മന്ദിരങ്ങളുടെ നിര്‍മാണത്തിനും അനധികൃത ക്വാറി മുതലാളിമാരും ഭൂമാഫിയക്കാരും വെച്ച് നീട്ടുന്ന പണം ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരും, ജനങ്ങളോടും പ്രകൃതിയോടും തരിമ്പ് കടപ്പാടുപോലുമില്ലാത്തവരുമായ രാഷ്ട്രീയക്കാരെ ജനകീയ വിചാരണ നടത്തേണ്ടതും ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണം എന്നത് മരം നടീല്‍ മാത്രമല്ല. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കി കളയുമ്പോള്‍ അതിന്റെ ഉദ്പാദനത്തിനായി ചിലവു വന്നതും നമ്മള്‍ കാണാത്തതുമായ ലിറ്റര്‍ കണക്കിന് ജലമാണ് നാം കാരണം നഷ്ടപ്പെടുന്നതെന്ന് അറിയണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മണ്ണിലേക്ക് വലിച്ചെറിയുന്നതും മാലിന്യങ്ങള്‍ പുഴകളിലേക്കും പൊതു ഇടങ്ങളിലേക്കും പുറംതള്ളുന്നതും പ്രകൃതിയോട് കാട്ടുന്ന ക്രൂരതയാണ്. ഇക്കാര്യങ്ങളെല്ലാം കുടുംബങ്ങളില്‍ ചര്‍ച്ചാ വിഷയമാകും വിധമുള്ള ബോധവല്‍ക്കരണവും ശീലവല്‍ക്കരണവും വളര്‍ത്തിയെടുക്കേണ്ടതും അനിവാര്യമാണ്. വികസിത രാഷ്ട്രങ്ങളില്‍ പ്രകൃതിദുരന്തമുണ്ടാവുമ്പോള്‍ ഇവിടത്തെ അപേക്ഷിച്ച് നാശനഷ്ടങ്ങള്‍ തുലോം കുറവാണ്. അപകട സാധ്യതയുള്ള ഇടങ്ങളില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നിഷേധിച്ചും ദുരന്തനിവാരണ സാക്ഷരത നടപ്പിലാക്കിയുമാണ് അവര്‍ അതിനെ അതിജയിക്കുന്നത്. ഈ വഴിയിലേക്ക് കേരളീയരെ നടത്താന്‍ ഭരണകൂടം ഇഛാശക്തി പ്രകടിപ്പിക്കേണ്ട സമയം കൂടിയാണിപ്പോള്‍.

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

kerala

സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 3,760രൂപ

നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ

Published

on

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.

കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്‍റെ ഇന്നലത്തെ വില.

ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Continue Reading

Trending