Connect with us

Video Stories

ബാക്കി കള്ളി മലപ്പുറം പൂരിപ്പിക്കും

Published

on

എഴുതാപ്പുറം

സി.പി സൈതലവി

ഇടതു സഹയാത്രികനും ചരിത്ര പണ്ഡിതനുമായ ഡോ. കെ.എന്‍ പണിക്കര്‍ കാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഒരനുഭവം പറയുന്നു: ”ഉത്തര്‍പ്രദേശിലെ മഥുര ശ്രീകൃഷ്ണ ജന്മഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് 1990ല്‍ അവിടെ സന്ദര്‍ശിച്ചു. മഥുരയില്‍ ഔറംഗസീബിന്റെ കാലത്ത് നിര്‍മിച്ച പള്ളിയും ക്ഷേത്രവും ഒരുമിച്ചാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും പള്ളി പൊളിച്ചുകളയണമെന്നുമുള്ള ഹിന്ദുത്വ ശക്തികളുടെ ആവശ്യത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശവാസികളുമായി സംസാരിച്ച്, പ്രശ്‌നത്തിന്റെ നിജസ്ഥിതിയറിയാന്‍ ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നും പോയതാണ്. തര്‍ക്കവിഷയം കൈകാര്യം ചെയ്യുന്നതിന് അവിടെ പ്രധാനമായും രണ്ട് സമിതികളുണ്ടായിരുന്നു. കൃഷ്ണ ജന്മഭൂമി സംരക്ഷണ സമിതിയും പള്ളി സംരക്ഷണ സമിതിയും.
ആദ്യം ഞങ്ങള്‍, പള്ളി സംരക്ഷണ സമിതിയുടെ പ്രസിഡണ്ടിനെ കാണാന്‍ പോയി. അദ്ദേഹം താമസിക്കുന്നത് പരമ ദരിദ്രര്‍ വസിക്കുന്ന ഒരു തെരുവിലാണ്. ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തി കുടുംബം പോറ്റുന്ന ഒരു സാധു മുസ്‌ലിം. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടെ ഞങ്ങള്‍ക്ക് ഇരിക്കാന്‍ ഒരു സ്റ്റൂള്‍ പോലും തരാനില്ല. അദ്ദേഹത്തിന്റെ ഉന്തുവണ്ടിയില്‍ കയറിയിരുന്നാണ് സംസാരിച്ചത്. അതിജീവനത്തിനുപോലും പ്രയാസപ്പെടുന്ന ഇവര്‍ക്ക് തര്‍ക്കത്തില്‍ തങ്ങളുടെ പക്ഷം അവതരിപ്പിക്കാന്‍ എന്ത് ശേഷിയാണുള്ളത്?
അതിനുശേഷം ഞങ്ങള്‍ ക്ഷേത്ര സംരക്ഷണസമിതി അധ്യക്ഷന്റെ അടുത്തേക്കു പോയി. അദ്ദേഹം മഥുരയിലെ പ്രശസ്തനായ ഒരഭിഭാഷകനാണ്. പ്രദേശത്തെ സമ്പന്ന വിഭാഗം താമസിക്കുന്ന സ്ഥലത്ത് കൊട്ടാര സദൃശമായ ഭവനം. ഞങ്ങളെ അദ്ദേഹം സ്വീകരിച്ചിരുത്തി. ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ ചലനങ്ങള്‍ നന്നായറിയാവുന്ന വ്യക്തി. ക്ഷേത്ര-പള്ളി പ്രശ്‌നവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകളായുള്ള രേഖകള്‍, ചിലതെല്ലാം വ്യാജമായിരുന്നെങ്കിലും അദ്ദേഹം ഞങ്ങള്‍ക്കു മുമ്പില്‍ ഒരു വക്കീലിന്റെ പ്രാഗല്‍ഭ്യത്തോടെ അവതരിപ്പിച്ചു”.
നൂറ്റാണ്ടുകളുടെ ചരിത്ര പ്രൗഢിയുള്ള മിനാരങ്ങള്‍ക്കു മീതെ ഫാസിസം ചിറകുവിടര്‍ത്തി താണു പറക്കുമ്പോള്‍ ഇരിയ്ക്കകൂര പോലുമില്ലാത്ത പള്ളിക്കമ്മിറ്റി പ്രസിഡണ്ടിനു എന്തു ചെയ്യാനാവും? നാലു കോടിയോളം മുസ്‌ലിംകള്‍ ജീവിക്കുന്ന ഉത്തര്‍പ്രദേശിലെ പുണ്യനഗരമായ മഥുരാപുരി നല്‍കുന്ന ജീവിത ചിത്രമാണ് പണിക്കര്‍ വരച്ചത്. കൊട്ടാരം കെട്ടി കൊടി പറത്തുന്ന ഫാസിസത്തോട് പിടിച്ചുനില്‍ക്കാന്‍ ആ പാവം ഉന്തുവണ്ടിക്കാര്‍ക്കാവില്ലെന്ന്.
പക്ഷേ അവര്‍ക്കുവേണ്ടി മറ്റാരെങ്കിലും സംസാരിക്കുന്നത് പോലും വര്‍ഗീയതയാണെന്ന് വരുത്തുന്നതില്‍ ഒരു ചതിക്കുഴിയുണ്ട്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് സ്‌പെഷ്യലായി സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ നടത്തിയ പ്രസ്താവന അതിന്റെ മുന്നറിയിപ്പാണ്. ‘ആര്‍.എസ്.എസ് ഭീകരതക്കു പ്രതിരോധം മുസ്‌ലിം ഏകീകരണമാണോ. കൊടിഞ്ഞിയും കാസര്‍ക്കോടും സംബന്ധിച്ച ഇല്ലാ കഥകളും കള്ളക്കഥകളും പ്രചരിപ്പിച്ച് അവര്‍ (മുസ്‌ലിംലീഗ്) നടത്തുന്ന ശ്രമം മുസ്‌ലിം ഏകീകരണം ലക്ഷ്യം വെച്ചാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ജയം മാത്രമല്ല മുസ്‌ലിം ഏകീകരണവും അതിന്റെ നേതൃത്വവുമാണ് അവര്‍ സ്വപ്‌നം കാണുന്നത്. ഇവ്വിധം അത്യന്തം പ്രകോപനപരമായ പ്രസ്താവനയാണ് സി.പി.എം ജില്ലാ സെക്രട്ടറി ദേശാഭിമാനിയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പത്രത്തിന്റെയും പ്രസ്താവന നടത്തിയ ആളുടേയും പേരില്ലായിരുന്നുവെങ്കില്‍ ഒരു സംഘ്പരിവാര്‍ നേതാവിന്റെ പ്രതികരണമായി ആരും കരുതിപ്പോകുന്നത്ര തീവ്രതയും ചേരുവയുമുള്ള വരികള്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വേദിയിലൊരിടത്തും വാക്കിലോ വരയിലോ ഇത്തരമൊരു പ്രചാരണമുണ്ടായിട്ടില്ലെന്നിരിക്കെ സി.പി.എം സെക്രട്ടറിയുടേത് തോക്ക് അബദ്ധത്തില്‍ പൊട്ടിയ വെടിയല്ല. കൃത്യമായ ഉന്നംവെച്ചാണ്.
മതേതര, ജനാധിപത്യ വിശ്വാസികളുടെ വിശാല ഐക്യമാണ് മുമ്പെന്നപോലെ ഈ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് അഭ്യര്‍ത്ഥിക്കുന്നത്. എന്നിട്ടുമെങ്ങനെയാണ് സി.പി.എം ജില്ലാ സെക്രട്ടറിയില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന പുറത്തുചാടിയത്. ‘മുസ്‌ലിം ഏകീകരണം നടക്കുമ്പോള്‍ ഒരു ഹിന്ദു ഏകീകരണവും നടക്കും’ എന്ന മാര്‍ക്‌സിസ്റ്റ് നേതാവിന്റെ വാക്കുകളില്‍ തുളുമ്പുന്നുണ്ട് ഉള്ളിലിരിപ്പ്. മുപ്പത് വര്‍ഷം മുമ്പ് 1987ലെ തെരഞ്ഞെടുപ്പ് കാലത്ത്, ശരീഅത്തും മറ്റും പറഞ്ഞ് ഇ.എം.എസ് നമ്പൂതിരിപ്പാട് നടത്തിയിരുന്ന പ്രസ്താവനകളുടെ അതേ ഛായയാണ് ഏലംകുളം മനയുടെ ദേശത്ത് നിന്നുള്ള ഇപ്പോഴത്തെ സി.പി.എം ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലും മിന്നുന്നത്. കലര്‍പ്പറ്റ ഗുരുപാത.
യു.ഡി.എഫിനൊപ്പം നില്‍ക്കാമെന്ന് മത, സമുദായ സംഘടനകള്‍ ഐക്യവേദി ചേര്‍ന്ന് പ്രസ്താവന നടത്തിയിട്ടില്ല മലപ്പുറത്ത്. മുന്‍കാലങ്ങളില്‍ ഇടതുമുന്നണി അങ്ങനെ കാര്യം നേടിയിരുന്നു. അഥവാ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മനുഷ്യാവകാശ തല്‍പരരായ, മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന വല്ല സംഘടനകളും വ്യക്തികളും വന്ന് പിന്തുണക്കുകയാണെങ്കില്‍ എല്‍.ഡി.എഫിനു മാത്രം അത് സ്വീകരിക്കാമെന്നും മറ്റുള്ളവര്‍ക്കു പാടില്ലെന്നുമുള്ളത് ആരുണ്ടാക്കിയ നിയമമാണ്.
കോണ്‍ഗ്രസ് നയിക്കുന്ന ഒരു മതേതര ചേരിയല്ലാതെ ഇന്ത്യയില്‍ ഫാസിസത്തെ പ്രതിരോധിക്കാന്‍ ഒരു മറുമരുന്നില്ലെന്ന് ഏത് മാര്‍ക്‌സിസ്റ്റുകാരനാണ് അറിയാത്തത്? കേരളത്തിലും ത്രിപുരയിലും ഒരു കഴഞ്ച് ബംഗാളിലുമല്ലാതെ വിപണിയിലില്ലാത്ത ഇടതുമുന്നണി കൂട്ടിയാല്‍ കൂടുമോ രാജ്യത്തെ ഫാസിസ്റ്റ് പ്രതിരോധം. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ജനാധിപത്യ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി സ്വയം ശക്തിയാവാന്‍ ഇടതുപക്ഷം നടത്തിയ വിഫലശ്രമങ്ങള്‍ കൂടിയാണ് ബി.ജെ.പിക്ക് ആ കസേരയിട്ട് കൊടുത്തത് എന്ന് ശരാശരി രാഷ്ട്രീയം പഠിച്ച ഏതു മലയാളിക്കും ബോധ്യമുണ്ട്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ സമ്മതിദായകര്‍ക്കു മുന്നില്‍ ഉത്തര്‍പ്രദേശിന്റെ ആവി പറക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലമുണ്ട്. ഇന്ത്യനവസ്ഥയുണ്ട്.
ദാര്‍ശനികതയുടെ ഉയരവും ഉള്‍ക്കാമ്പും കൊണ്ട് തസ്രാക്കിലെ കരിമ്പന പോലെ മലയാള സാഹിത്യത്തില്‍ ഒറ്റമരമായി ഉലയാതെ നിന്ന ഒ.വി വിജയന്‍ (ഇന്ന് ആ വേര്‍പാടിന് 12 വര്‍ഷം) എഴുതി: ഇന്ദ്രപ്രസ്ഥത്തില്‍ കാഷായം ധരിച്ച സന്യാസിമാരെ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ നമ്മുടെ രാഷ്ട്രീയ കൊടിമരത്തില്‍ കാവിക്കൊടി കയറ്റി കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് നടക്കുന്ന ഭാരതം എന്റെ ജന്മദേശവുമല്ല’. പക്ഷേ അത് നടന്നു. അധികാര കൊട്ടാരങ്ങള്‍ക്കുമീതെ കാവി പറക്കുന്നു. അനന്തരം കാവിയായാലെന്ത്; തത്സമയം അധികാരക്കൊടിമരത്തില്‍ ചുവപ്പ് കയറണം എന്ന സി.പി.എമ്മിനെ പോലുള്ളവരുടെ താല്‍ക്കാലിക ലാഭ ചിന്തയും കൂടിയാണ് സംഘ് പരിവാറിന് പല ദേശങ്ങളും വളക്കൂറുള്ളതാക്കിയത്. യു.ഡി.എഫും മുസ്‌ലിംലീഗും വര്‍ഗീയ ഏകീകരണത്തിന് ശ്രമിക്കുന്നു എന്ന് മലയാളി പൊതുബോധത്തില്‍, നിരന്തരം വിഷ വിത്ത് വിതച്ചാല്‍ അതിന്റെ വിള കൊയ്യുക സി.പി.എമ്മായിരിക്കില്ല; താമര പറിക്കാന്‍ വരമ്പത്ത് നില്‍ക്കുന്ന മറ്റു ചിലരായിരിക്കുമെന്ന് ഗണിതം വെച്ച് പറയാനാവും.
ഒന്നുകില്‍ രാജ്യത്തിന്റെ ഭാവി; അല്ലെങ്കില്‍ ഏതെങ്കിലും ജനവിഭാഗത്തിന്റെ ദുരിതം മനസില്‍ തട്ടിയ വേദനയാകുമ്പോഴേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാനുഷികവും ദീര്‍ഘവീക്ഷണപരവുമായ നിലപാടെടുക്കാന്‍ കഴിയൂ. ഒരു സംസ്ഥാനത്തിന്റെ ഭരണസിംഹാസനം എന്നതിനപ്പുറത്തേക്ക് ചിന്തയില്ലാത്തവര്‍ക്ക് ദേശീയ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളുമൊന്നും ഗൗരവമായി കാണാനാവില്ല.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കലത്തില്‍ ഇനിയുള്ള കാലം മതേതരത്വത്തിന്റെ അരി എത്രത്തോളം വേവുമെന്നറിയാന്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ രണ്ടു വറ്റ് മതി. ഇരുപത് കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട രാജ്യം ഭരിക്കുന്ന കക്ഷി, ജനസംഖ്യയുടെ ഇരുപത് ശതമാനം- നാലു കോടിയോളം, വരുന്ന ജനവിഭാഗത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെയും മത്സരിപ്പിച്ചില്ലെന്ന ബഹുകേമത്തത്തില്‍ മൃഗീയ ഭൂരിപക്ഷവുമായി അധികാരമേറിക്കഴിഞ്ഞു. ഇത് ഒരു ആഹ്വാനവും താക്കീതുമാണ്. അതില്‍ എല്ലാതരം ധാര്‍ഷ്ട്യവും അടയിരുപ്പുണ്ട്. ജനസംഖ്യയുടെ കോടിക്കണക്കുകളല്ല; രാഷ്ട്രീയ പ്രബുദ്ധതയാണ് ജയാപചയങ്ങള്‍ നിര്‍ണയിക്കുകയെന്ന് യു.പിയുടെ പാഠം. നിഷേധാത്മക രാഷ്ട്രീയമല്ല, ക്രിയാത്മക രാഷ്ട്രീയമാണ് ഒരു ജനസമൂഹത്തിന്റെ സുസ്ഥിരതയെന്ന് കേരള പഠനവും. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയും പോലും രാജ്യത്തിന് നല്‍കിയത് ആ ക്രിയാത്മകതയുടെ സന്ദേശമാണ്.
ഇ. അഹമ്മദ് എന്ന ലോകത്തിന്റെ അതിരുകളിലേക്ക് പടര്‍ന്ന ഒരു മഹാനേതാവിന്റെ വേര്‍പാടിനെ തുടര്‍ന്നുള്ള ശൂന്യത നികത്താന്‍ പടനായകരില്‍ കരുത്തനെ തന്നെ നിയോഗിക്കുക. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലോക്‌സഭയിലേക്ക് പി.കെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്, രാജ്യം ആപത്‌സന്ധിയോട് മുഖാമുഖം നില്‍ക്കുന്ന നേരത്തുള്ള ഈ തെരഞ്ഞെടുപ്പിനെ യു.ഡി.എഫും മുസ്‌ലിംലീഗും കാണുന്നത് എത്ര ഗൗരവപൂര്‍വവും ഉത്തരവാദിത്ത ബോധത്തോടെയുമാണെന്നതിന്റെ വിളംബരമാണ്. അതില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമുണ്ട്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് സ്ഥാപക അധ്യക്ഷന്‍ മഹാനായ ഖാഇദേമില്ലത്ത് വിടവാങ്ങിയ ഒഴിവിലേക്ക് സ്ഥാനാര്‍ത്ഥിയായി സി.എച്ച് നിയുക്തനായ പോലെ. കേരളത്തിലെ ജനാധിപത്യ ചേരിയുടെ കേന്ദ്ര ബിന്ദുവായി സി.എച്ച് നില്‍ക്കുമ്പോഴാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പ്രഖ്യാപനം. ഇപ്പോള്‍ ദേശീയ സാരഥി വെളിച്ചം വിതറിയ അരങ്ങിലേക്ക്, കേരളത്തിലെ ജനാധിപത്യ മുന്നണി രാഷ്ട്രീയത്തിന്റെ മാധ്യസ്ഥന്‍ കടന്നുചെല്ലുന്നു. അന്ന് സി.എച്ചിന്റെ മുഖ്യമന്ത്രിയായ അച്യുത മേനോന്‍ ബാഫഖി തങ്ങളെ കണ്ടു പറഞ്ഞു; സി.എച്ചിന്റെ സാന്നിധ്യം കേരളത്തിന് നഷ്ടപ്പെടരുതെന്ന്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞതും അതുതന്നെ. മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മുന്നണി വേദിയില്‍ കിട്ടുന്ന പദവിയും ഒരു മുസ്‌ലിംലീഗ് നേതാവിനുള്ള പ്രസക്തിയുമാണത്.
കാമ്പസ് കാലത്ത് കലുഷമായ കണ്ണൂര്‍ രാഷ്ട്രീയം കണ്ടുവളര്‍ന്ന്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് എം.എസ്.എഫ് യൂനിറ്റ് പ്രസിഡണ്ട് പദവി മുതല്‍ സംസ്ഥാന എം.എസ്.എഫ് ട്രഷറര്‍ പദവി വരെ വഹിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ചുവടുവെച്ച നാല് പതിറ്റാണ്ടിന്റെ വിശ്രമ രഹിതമായ പൊതുജീവിതമാണ് പി.കെ കുഞ്ഞാലിക്കുട്ടി. ദൂരെനിന്ന് ബാഫഖിതങ്ങളെയും അരികത്തുനിന്ന് പൂക്കോയ തങ്ങളെയും കണ്ടുവളര്‍ന്നു. ബാല്യകൗമാരങ്ങളില്‍ പൂക്കോയതങ്ങളുടെ രക്ഷാകര്‍തൃത്വവും. സി.എച്ചിന്റെ അനുയായി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സന്തതസഹചാരി. നാടിന്റെ നന്മക്കും സമാധാനത്തിനും വേണ്ടിയെടുത്ത ഉറച്ച നിലപാടുകളുടെ പേരില്‍ ഭീഷണികളും നിശിതമായ മാധ്യമ വിചാരണകളും അഭിമുഖീകരിച്ച്, ഭയവും നിരാശയും പിന്തിരിപ്പിക്കാതെ ഒരു ചടുല ജീവിതം. വേദിയിലും സദസ്സിലും സഭയിലും സൗഹൃദത്തിലും ഒരേ ഭാഷ.
പൊതുജീവിതത്തിലെ മികവിന്റെ മുദ്രകള്‍ തൊട്ടറിഞ്ഞ്, വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരു മാധ്യമ വിലയിരുത്തലില്‍ പറഞ്ഞു: ‘കുഞ്ഞാലിക്കുട്ടി വളരെ സമര്‍ത്ഥനായിട്ടുള്ള ഒരു നേതാവാണ് എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. പല മന്ത്രിമാരുമുണ്ട്. അവര്‍ വലിയ പ്രസംഗമൊക്കെ പറയും. പക്ഷേ അവര്‍ ഇഫക്ടീവ് ആകുന്നില്ല പലപ്പോഴും. അദ്ദേഹം വളരെ സൂക്ഷ്മദൃഷ്ടിയുള്ള വളരെ കഴിവുള്ള മന്ത്രിയാണ്. ഒപ്പം തന്നെ ജനകീയനും’.
മികച്ച മന്ത്രിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്ത ചാനല്‍ പരിപാടിയില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി. ബാബുപോള്‍ വിശകലനം ചെയ്തു: ഇന്ത്യയിലെ 500ലധികം ജില്ലകളില്‍ 50 ജില്ലകളാണ് ഇ-ഡിസ്ട്രിക്റ്റ് ആയത്. ആ അമ്പതില്‍ പതിനാലും കേരളത്തിലാണ്: എന്നു വെച്ചാല്‍ കേരളത്തിലെ എല്ലാ ജില്ലകളും. ഇത് കുഞ്ഞാലിക്കുട്ടിയുടെ തൊപ്പിയിലെ ഒരു തൂവലാണ്. ഐ.ടി മേഖലയില്‍ ഒരു ലക്ഷം യുവാക്കള്‍ക്ക് നേരിട്ട് തൊഴില്‍. 3000 ല്‍ നിന്ന് 15000 കോടിയിലേക്ക് അതിന്റെ കയറ്റുമതിയുടെ വികസനം. ഇന്ത്യക്കൊക്കെ മാതൃകയായി കളമശ്ശേരിയില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് വില്ലേജ്. ഇന്ത്യയില്‍ ആദ്യമായി കുഞ്ഞാലിക്കുട്ടി തുടക്കമിട്ട യുവസംരംഭകത്വ സംഗമം (യങ് എന്റര്‍പ്രണേഴ്‌സ് സമ്മിറ്റ്). ഇടതു ഭരണത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് 3200 വ്യവസായ യൂനിറ്റുകള്‍ സ്ഥാപിച്ച സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി നാലു വര്‍ഷംകൊണ്ട് 60000 യൂനിറ്റുകള്‍ സ്ഥാപിച്ചു. അതേ കാലയളവില്‍ 3250 കോടി നിക്ഷേപത്തിന്റെ സ്ഥാനത്ത് 8500 കോടിയുടെ നിക്ഷേപം കൊണ്ടുവന്നു’.
സംസ്ഥാനത്തെ വ്യവസായ വികസനത്തില്‍ വികസിത രാഷ്ട്ര മാതൃകയില്‍ പദ്ധതികളാവിഷ്‌കരിച്ച മന്ത്രിയാണ് പി.കെ കുഞ്ഞാലിക്കുട്ടി. 1993ല്‍ രൂപീകരിച്ച കേരള ഇന്‍ഡസ്ട്രിയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും 2003ല്‍ കൊച്ചിയില്‍ തുടക്കമിട്ട ആഗോള നിക്ഷേപ സംഗമ(ജിം)വും ടെക്‌നോപാര്‍ക്കിന്റെ ആധുനികവത്കരണ പദ്ധതികളും ഐ.ടി വകുപ്പ് പ്രത്യേകമായി രൂപീകരിച്ചതും ഇതിന്റെ ചുവടുകളായിരുന്നു. കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്ക് തുടങ്ങി. ദുബൈയിലെ ടീകോം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി ചേര്‍ന്ന് സ്മാര്‍ട്ട്‌സിറ്റിക്ക് തുടക്കമിട്ടു. കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റേയും സ്ഥാപകനായി. സാധാരണക്കാരെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കുന്ന വിപ്ലവമായി 2002ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അക്ഷയ പദ്ധതി ലോകശ്രദ്ധയും ദേശാന്തര പുരസ്‌കാരങ്ങളും നേടി. ദശകങ്ങള്‍ക്ക് മുമ്പ് മലപ്പുറത്തെ ഗ്രാമീണ കര്‍ഷകന്‍ കമ്പ്യൂട്ടര്‍ മൗസില്‍ വിരലമര്‍ത്തുന്ന ആ അത്ഭുതം അന്താരാഷ്ട്ര മാധ്യമങ്ങളുടെ പോലും കൗതുക വാര്‍ത്തയായപ്പോള്‍ അതിന്റെ ശില്‍പിയായ കുഞ്ഞാലിക്കുട്ടിയും ഏറെ അഭിനന്ദനങ്ങള്‍ക്കര്‍ഹനായി. അക്ഷയ പിന്നീട് കേരളത്തിന്റെ അനിവാര്യതയായി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ വിഹിതത്തില്‍ നിന്നു മൂന്നു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കണമെന്ന് ഉത്തരവിട്ട വ്യവസായ മന്ത്രിയാണ് കുഞ്ഞാലിക്കുട്ടി. സര്‍ക്കാറിന്റെ നയരൂപീകരണത്തില്‍ പോലും ഈ ജീവകാരുണ്യത്തിന്റെ ഇടപെടല്‍ മുദ്രകള്‍ നിരവധി. കടബാധ്യതകള്‍ കഴുത്തില്‍ കുരുക്കായി മുറുകി ആത്മഹത്യാ മുനമ്പിലെത്തിയ അനേകം കുടുംബങ്ങള്‍ ഈ പൊതുപ്രവര്‍ത്തകന്റെ വ്യക്തിപരമായ ഇടപെടലിലൂടെ ബാധ്യതകള്‍ തീര്‍ത്ത് സ്വസ്ഥ ജീവിതത്തിലേക്ക് തിരികെ യെത്തിയ കഥകള്‍ പലര്‍ക്കുമുണ്ട് പറയാന്‍.
1980ലെ ഭാഷാ സമരത്തിലെ പൊലീസ് വേട്ടയിലും കള്ളക്കേസുകളിലും പൊറുതിമുട്ടിയ മലപ്പുറം ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിളിപ്പുറത്തെത്തുന്ന ആശ്രയവും ആത്മധൈര്യവുമായി തുടക്കമിട്ടു ആ രാഷ്ട്രീയ ഇടപെടലുകള്‍. മലപ്പുറത്തെ നഗരസഭാ ചെയര്‍മാന്‍ മാത്രമാണന്ന്. ടാഡയും പോട്ടയും കരിനിയമങ്ങളും നിരപരാധികളെ വേട്ടയാടുമ്പോള്‍ അധികാരത്തിലും പുറത്തും നിസ്സങ്കോചം എതിര്‍ത്തു. വര്‍ഗീയതയും തീവ്രവാദവും കേരളത്തിന്റെ മണ്ണില്‍ വേരൂന്നാതിരിക്കാന്‍ ആക്ഷേപ ശരങ്ങളേറ്റുവാങ്ങിയും ചെറുത്തുനിന്നു. ആവേശതരംഗമായും പ്രതിസന്ധികളില്‍ ധീര നേതൃത്വമായും ജനങ്ങള്‍ക്കൊപ്പമുണ്ട് കുഞ്ഞാലിക്കുട്ടി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ അനുബന്ധ നാളുകളില്‍ കേരളം കത്താതെ കാക്കാന്‍ മതമൈത്രിയുടെ സന്ദേശവുമായി സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ക്കൊപ്പം കരുതലോടെ ഓടിനടന്നു. ഇതര സംസ്ഥാനങ്ങളിലും ജീവകാരുണ്യത്തിന്റെ കയ്യൊപ്പുമായി പതിത ജനതക്കാശ്വാസമേകാനെത്തി. വാക്കുകളില്‍ മിതത്വം മുദ്രയാക്കി. പ്രതിഷേധത്തിന്റെ രോഷക്കൊടുമുടിയില്‍ പോലും എതിരാളിയെ അതിരുവിട്ട് വിമര്‍ശനമില്ല. മുന്നണി ഘടകകക്ഷികള്‍ക്കിടയിലെ മികച്ച മാധ്യസ്ഥനായി ഒത്തുതീര്‍പ്പിന്റെ എഞ്ചിനീയറിങ് വിദ്യ ഫലപ്രദമായി പ്രയോഗിച്ചു.
യു.ഡി.എഫിനു വിള്ളലുകള്‍ വീഴാതെ പ്രതിരോധ ഭടനായി നിലകൊണ്ടു. മുന്നണിയില്‍ നിന്നകന്നവരിലും ആത്മബന്ധത്തിന്റെ ഇഴയടുപ്പം സൂക്ഷിച്ചു. പ്രകോപനമില്ലാത്ത ഏകോപന തന്ത്രത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ നൈപുണ്യം. ഇന്ദ്രപ്രസ്ഥത്തിലും ഇവ്വിധമൊരു എഞ്ചിനീയറിങ് വൈദഗ്ധ്യം ഫലിക്കുമെങ്കില്‍ ഫാസിസത്തിനെതിരായ മുന്നേറ്റത്തിന് അത് ഊര്‍ജ്ജമാകും. ഇ. അഹമ്മദ് സാഹി ബ് ഉയര്‍ത്തിയ ആദര്‍ശ പതാകക്ക് അത് പകിട്ടേകും. നാമനിര്‍ദ്ദേശ പത്രികയിലെ വിട്ടുപോയ ഭാഗമല്ല, മതേതര ഇന്ത്യയുടെ ഭാവിയാണ് ജനങ്ങളുടെ ഉത്കണ്ഠ. അതിനാല്‍ ബാക്കി കള്ളി മലപ്പുറം പൂരിപ്പിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

പകരം വീട്ടാൻ ‘പരാക്രമം’. കോമഡി, റൊമാന്റിക്, മാസ്സ് ആക്ഷൻ ട്രെയ്‌ലർ പുറത്തിറങ്ങി

ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

Published

on

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹന്റെ  പുതിയ സിനിമയാണ് ‘പരാക്രമം’. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ ഒരു പവർ പാക്കഡ്‌ എന്റെർറ്റൈനെർ തന്നെയാകും ‘പരാക്രമം’ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

‘വാഴ’ ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി,സച്ചിൻ ലാൽ ഡി,  കിരൺ പ്രഭാകരൻ  എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. സംഗീത സംവിധാനം- അനൂപ് നിരിച്ചൻ, ഗാനരചന- സുഹൈൽ എം കോയ,രഞ്ജിത്ത് ആർ നായർ. സംഘടനം- ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്‌റഫ് ഗുരുക്കൾ. പ്രൊഡക്ഷൻ ഡിസൈനർ – ദിലീപ് നാഥ്, മേക്കപ്പ് – മുഹമ്മദ് അനീസ്, കോസ്റ്റ്യൂം – ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഓഡിയോഗ്രാഫി – രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് – വിപിൻ കുമാർ, പ്രൊമോഷൻസ്- ടെൻ ജി മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ് – ഷഹീൻ താഹ, ഡിസൈനർ – യെല്ലോ ടൂത്ത്‌സ്, പി ആർ ഒ – എ എസ് ദിനേശ്.

Continue Reading

Video Stories

സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ കൊല്ലാൻ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു -സന്ദീപ് വാര്യർ

ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

Published

on

മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്നും അതിന് കാരണം പാണക്കാട് കുടുംബമാണെന്നും സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിൽ ചേർന്നതിന് പിന്നാലെ പാണക്കാടെത്തി ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒരുമിച്ചാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. അത് മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടും പാണക്കാട് കുടുംബവും അവരുടെ പ്രയത്‌നവുമാണ്. കേരളത്തിനും രാജ്യത്തിനും തന്നെ മാതൃകയായ ഈ പാരമ്പര്യം മാനവിക സൗഹാര്‍ദ്ദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഈ കാര്യം അംഗീകരിക്കുന്നതാണ്. ഉയര്‍ന്ന ചിന്തയോടെ മനുഷ്യര്‍ ഒരുമിച്ച് പോകണമെന്നും മാനവ സൗഹാര്‍ദമാണ് എല്ലാത്തിനും മുകളില്‍ എന്ന് വിശ്വസിക്കുന്ന കുടുംബമാണിത്. ഏത് നേരത്തും ആര്‍ക്കും ഏത് സഹായവും ചോദിച്ച് ഇവിടെ വരാന്‍ സാധിക്കും.

കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ച് ഇവിടേയ്ക്ക് കടന്നുവരാന്‍ സാധിക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. വ്യക്തിപരമായി മതത്തിന്റെ അടിസ്ഥാനത്തില്‍ ആരോടും പെരുമാറുന്നയാളല്ല ഞാന്‍. അത് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ലീഗ് നേതാക്കളില്‍ നിന്നും അനുഭവിക്കുന്ന സ്‌നേഹം വിവരിക്കാനാകാത്തതാണ്. ഒരുപാട് സന്തോഷമുണ്ട്. ഇതെൻ്റെ ആദ്യത്തെ വരവാണ്. ഇനിയെപ്പോഴും വരാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്’, സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് ദൂരെ നിന്നും എന്നെ കണ്ട അദ്ദേഹം എന്നേയും ചേര്‍ത്താണ് ആ ഉദ്ഘാടനം നടത്തിയത്. എന്റെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അദ്ദേഹത്തെ കണ്ട് പഠിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വലിയ കസേരകള്‍ കിട്ടട്ടെ എന്നല്ലേ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തവരാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് ഒരു വലിയ കേസരയാണ്. കൊടപ്പനക്കല്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാന്‍ പറ്റിയാല്‍ അത് എനിക്ക് ഏറ്റവും വലുതാണ്.

ഭക്ഷണം വസ്ത്രം ഭാഷ ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്രമാണ്. അത് സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികള്‍ ഒരുമിച്ച് നില്‍ക്കേണ്ടത്. രാഷ്ട്രീയം ഒരാളുടെ വ്യക്തിപരമായ താത്പര്യമാണ്, അത് സ്വീകരിക്കുന്ന സമയത്ത് എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ എന്ന് സംശയമുണ്ട്. ഈ രണ്ട് കൂട്ടരും ഒന്നിച്ചാണ് കേരളത്തില്‍ രാഷ്ട്രീയം നടത്തുന്നത്. ഒരേ ഫാക്ടറിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വിദ്വേഷമാണ് ഇവര്‍ വിളമ്പുന്നത്. കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയത് ഒരു കണ്ടീഷനോട് കൂടിയാണ്. പ്രതിപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയിലേക്കാണ് വന്നത്. വെറുപ്പിന്റെ ഫാക്ടറിയില്‍ പ്രവര്‍ത്തിച്ച് മനം മടുത്തിട്ടാണ് മാനവികതയുടെ കോണ്‍ഗ്രസിലേക്ക് എത്തിയത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Continue Reading

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

Trending