കെ.സി.എ നിസാര്‍ കക്കാട്
വിവിധ സര്‍ക്കാര്‍ സ്ഥപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ്. അതിനാല്‍ തന്നെ ഒഴിവുകള്‍ കണ്ടെത്തി പി.എസ്.സിയിലേക്ക് എത്തുന്നതിന് വിവിധ കാരണങ്ങളാല്‍ ദീര്‍ഘ സമയം എടുക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്ക് പി.എസ്.സി നോട്ടിഫിക്കേഷന്‍ (വിജ്ഞാപനം) പുറപ്പെടുവിക്കണം. തുടര്‍ന്ന് പരീക്ഷ യും, ശേഷം ഷോര്‍ട്ട് ലിസ്റ്റും റാങ്ക് ലിസ്റ്റും പുറത്തിറക്കുന്നു. പിന്നീട് നിയമനവും നടത്തുന്നു. ഇതിന് വര്‍ഷങ്ങള്‍ തന്നെയെടുക്കുന്നു. ഇങ്ങിനെ പി.എസ്.സിയുടെ ചട്ടങ്ങള്‍ക്കനുസൃതമായി നിയമനം നടന്നാല്‍തന്നെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍ സംവരണം ചെയ്യപ്പെട്ട ബന്ധപ്പെട്ട സമുദായംഗങ്ങളായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാതെവന്നാല്‍ പ്രസ്തുത വേക്കന്റുകള്‍ വീണ്ടും വര്‍ഷങ്ങളോളം ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്.
പൊതുവിദ്യാഭ്യാസത്തിന്റെ സമഗ്രമായ വികാസം സാധ്യമാക്കുന്നതിന്‌വേണ്ടി സര്‍ക്കാറുകള്‍ ധാരാളം പദ്ധതികള്‍ കൊണ്ടുവരുന്നു. ഇത്തരം പദ്ധതികള്‍ ഫലപ്രദമായി ലക്ഷ്യത്തില്‍ എത്താതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സ്‌കൂളുകളില്‍ സ്ഥിരമായ (പെര്‍മനന്റ്) അധ്യാപകരുടെ അഭാവം കൂടിയാണ്. താല്‍കാലിക അധ്യാപകരെ വെച്ച് (ഡൈലി വേജ് ) സമഗ്ര പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമല്ല. പശ്ചാത്തല സൗകര്യങ്ങളേകാള്‍ വേണ്ടത് അധ്യാപകരാണ്. സ്‌കൂളുകളിലെയും ആരോഗ്യമേഖലയിലെയും ഈ ഒഴിവുകള്‍ നി കത്താത്ത പക്ഷം സമഗ്ര വിദ്യാഭ്യാസ ആരോഗ്യ പദ്ധതികള്‍ പിന്നോട്ട് പോകും എന്നതില്‍ സംശയമില്ല. കാര്യക്ഷമവും വിദഗ്ധവുമായ കേരള വിദ്യാഭ്യാസ ആരോഗ്യ പ്രക്രിയ മുന്നോട്ട്‌പോകണമെങ്കില്‍ ഈ ഒഴിവുകള്‍ സമയബന്ധിതമയി നികത്തേണ്ടത് അനിവാര്യമാണ്.
എന്‍.സി.എ വേക്കന്റുകള്‍ ആരോഗ്യ മേഖലയിലാണ് ഏറ്റവും പ്രയാസം സൃഷ്ടിക്കുന്നത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളിലും ജില്ലാ ആസ്പത്രികള്‍ തൊട്ട് മെഡിക്കല്‍ കോളജുകളില്‍വരേ ഒന്നോ രണ്ടോ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും സര്‍ജന്‍മാരും ആണ് ഉണ്ടാവുക. എന്നാല്‍ നിശ്ചിത റാങ്ക് ലിസ്റ്റുകളില്‍ ബന്ധപ്പെട്ട സംവരണം ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവം ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലും മെഡിക്കല്‍ കോളജുകളിലെയും ഒഴിവുകള്‍, അനിശ്ചിതമായ തിയ്യതികള്‍ക്ക് മുമ്പില്‍ രോഗികള്‍ ക്യൂ നില്‍ക്കാന്‍ കാരണമായി മാറുന്നു. ഇത് ആരോഗ്യമേഖലയിലെ ഗുണകരമായ മാറ്റം ഇല്ലാതാക്കുന്നു. സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നത്.
സര്‍ക്കാറും പി.എസ്.സിയും ശ്രദ്ധവെച്ചാല്‍ ഈ കാലതാമസം ഒഴിവാക്കാന്‍ പെെട്ടന്ന് സാധിക്കും. ആദ്യ അപ്പോയിമെന്റ് നടന്നതു മുതല്‍ ആറ് മാസത്തിനുള്ളില്‍ പി.എസ്.സിയുടെ ചട്ട പ്രകാരമുള്ള ഒന്നാം നോട്ടിഫിക്കേഷനും രണ്ടാം എന്‍ സി എ വിജ്ഞാപനം തൊട്ടടുത്ത മൂന്ന് മാസത്തിനുള്ളിലും പുറപ്പെടുവിക്കണം. തുടര്‍ന്ന് പി.എസ്.സി യുടെ ചട്ടം 15 എ പ്രകാരം മാതൃ ലിസ്റ്റില്‍ നിന്നോ അല്ലെങ്കില്‍ സപ്ലിയില്‍ നിന്നോ, പഴയ ലിസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് നിയമിക്കാനാവശ്യമായ നടപടി ക്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
ഇത്തരത്തിലുള്ള രണ്ട് റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കാം. 2012ല്‍ നോട്ടിഫിക്കേഷന്‍ വന്ന ഫുള്‍ ടൈം ജൂനിയര്‍ ലാംഗേജ് എല്‍.പി.എസ് (കോഴിക്കോട് ജില്ല) കാറ്റഗറി നമ്പര്‍ 12/2012 റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞു. ഈ റാങ്ക് ലിസ്റ്റില്‍നിന്ന് ഒന്നര വര്‍ഷം കഴിഞ്ഞാണ് ഒന്നാം റാങ്ക് നിയമനം. കണക്കനുസരിച്ച് ഈ ലിസ്റ്റില്‍ നിന്നു 20 ല്‍ അധികം എന്‍.സി.എ ഒഴിവുകള്‍ ഇപ്പോഴും നികത്തിയിട്ടില്ല. നോട്ടിഫിക്കേഷന്‍ വര്‍ഷമായ 2012 ന് മുമ്പ് ചുരുങ്ങിയത് രണ്ടോ മൂന്നോ വര്‍ഷം മുമ്പുള്ള ഒഴിവുകളാണിതെന്ന് മനസിലാക്കണം. ഒഴിവ് നികത്താന്‍ പി.എസ്.സി എടുക്കുന്നത് പത്ത് വര്‍ഷത്തോളമാണ്. ഇന്റര്‍നെറ്റും ടെക്‌നോളജിയും സാങ്കേതിക ശാസ്ത്രവുമൊക്കെ ഇത്രത്തോളം വികസിച്ചിട്ടും ഓഫീസുകളില്‍ സംവി ധാനം ഉണ്ടായിട്ടും ഇതാണ് അവസ്ഥ. ഈ ഒഴിവുകളുടേയും പ്രസ്തുത വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സര്‍ക്കാറും പി.എസ്.സിയും ബാലവകാശ കമ്മീഷനുകള്‍ പോലും കാണുന്നില്ല എന്നതാണ് ദു:ഖകരം.
കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സ്ഥലമായ കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബി) പരിശോധിക്കുക. കാറ്റഗറി നമ്പര്‍ (199/2016) നോട്ടിഫിക്കേഷന്റ മൂന്ന് വര്‍ഷമെങ്കിലുംമുമ്പുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2018ല്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് 12 എന്‍.സി.എ ഒ ഴി വുകളുണ്ട്. ഇത്‌വരേ എന്‍.സി.എ ഒ ഴിവുകളിലെ നോട്ടിഫിക്കേഷന്‍ പോലും വന്നില്ല. ഇവിടുത്തെ മലയോര മേഖലകളിലെ സ്‌കൂളുകളിലേക്ക് യോഗ്യരായ ഡൈയ്‌ലി വേജ് ഉദ്യോഗാര്‍ത്ഥികളെ പോലും ലഭിക്കാന്‍ പ്രയാസമാണ്. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ സമരം നടത്തുക, പ്രധാനാധ്യാപകര്‍ പരാതി പറയുക എന്നല്ലാതെ ഒഴിവുകള്‍ സമയ ബന്ധിതമായി നികത്തുന്നില്ല.