Connect with us

Video Stories

ആവിഷ്‌കാര സ്വാതന്ത്ര്യത്തിലെ അജണ്ട

Published

on

അബൂട്ടി മാസ്റ്റര്‍ ശിവപുരം

ഉണ്ണി ആര്‍ എഴുതിയ ‘ബാങ്ക്’എന്ന ചെറുകഥ കിതാബ് എന്ന പേരില്‍ സ്വതന്ത്ര നാടകമായി അരങ്ങത്തുവന്ന് ആരവങ്ങള്‍ ഉയരുകയാണ്. കലോത്സവത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട നാടകം സി.പി.എം അനുബന്ധ സംഘടനകള്‍ വിശിഷ്യാ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അടക്കം ‘ഭരണഘടന പോലെ’ എന്ന് പറഞ്ഞു ഏറ്റെടുത്തതാണ് ഒടുവില്‍ കണ്ടത്. യഥാര്‍ത്ഥ ഇസ്‌ലാമിനെ പഠിക്കാതെ വികലമായി കാണുകയും ചിത്രീകരിക്കുന്നതില്‍ സായൂജ്യമടയുകയും ചെയ്യുന്ന വലിയൊരു വിഭാഗം സാധാരണക്കാര്‍ മാത്രമല്ല സാംസ്‌കാരിക പ്രവര്‍ത്തകരും നമുക്ക് ചുറ്റും ഇനിയുമുണ്ടെന്ന പരമസത്യത്തെ അനാവരണം ചെയ്യുന്നുണ്ട് ഈ നാടകം. ലോകോത്തര എഴുത്തുകാരി മാധവിക്കുട്ടി മുതല്‍ കമല്‍ സി ചവറയെ വരെ ഹഠാതാകര്‍ഷിച്ച ആശയ സമ്പുഷ്ടതയുടെ അര്‍ത്ഥവ്യാപ്തി ആഴത്തില്‍ അറിയാന്‍ മലയാളികള്‍ ഇനിയും വൈകരുത് എന്ന്കൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട് കിതാബ്. ‘ഉമ്മയില്‍നിന്ന് പൊരിച്ച മീന്‍ നിഷേധിക്കപ്പെട്ടു എന്ന് പരാതി പറയുന്ന പെണ്‍മക്കള്‍. ആണുങ്ങളുടെ വാരിയെല്ലില്‍നിന്ന് സൃഷ്ടിക്കപ്പെട്ട പെണ്ണിന് പകുതി ബുദ്ധിയേ കാണൂ അതുകൊണ്ട് തന്നെ പകുതി മതി ഫുഡ് എന്ന് പറയുന്ന ആങ്ങള. എല്ലാം കിതാബിലുണ്ട് എന്ന ന്യായവാദവും’. ഇങ്ങിനെയാണ് നാടകം തുടങ്ങുന്നത്. അങ്ങിനെ പറയുന്ന ആ കിതാബ് ഏതാണ് എന്ന് ചോദിക്കരുത് കാരണം ‘ബാങ്ക്’ കഥയാണ്. കഥയില്‍ ചോദ്യമില്ല. പെണ്ണിനോട് തല മറക്കാന്‍ പറയുന്ന സന്ദര്‍ഭം ‘എല്ലാം പകുതിയാണെങ്കില്‍ വസ്ത്രവും ആണിന്റെ പാതി പോരെ പെണ്ണിന്’ എന്ന ചോദ്യം സ്ത്രീ സൗന്ദര്യ പ്രദര്‍ശനം സ്ത്രീക്ക് തന്നെ അപകടം ചെയ്യും എന്നതിനാല്‍ മാന്യമായ വസ്ത്രം ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്ന മതത്തിന്റെ മഹനീയ മാതൃകയെ മാനം കെടുത്താനുള്ളതാണ്. വസ്ത്രം പെണ്ണിന് ഇരട്ടിയാണെന്നുപറയുന്ന ആണ്‍ കഥാപാത്രം വേഷ വിധാനത്തിലും ഇസ്‌ലാമില്‍ പുരുഷ മേധാവിത്തം ആണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ്.
തട്ടമിട്ടു #ാഷ് മോബ് കളിച്ച ഇന്ദിരയെ പോലെ ഇസ്‌ലാമിക വേഷത്തിലാണ് പിന്നീടുള്ള കഥ പുരോഗമിക്കുന്നത്. ആചാരം ലംഘിച്ചു മല കയറണമെന്നു പറയുന്നത് ഹിന്ദു യുവതികള്‍ ആകുമ്പോ തൂക്കമൊപ്പിക്കാന്‍ നാടകത്തിലായാലും മുസ്‌ലിം പെണ്‍കൊടികള്‍ തന്നെ മതത്തെ മലിനമായി അവതരിപ്പിക്കണം എന്ന കാലിക പ്രസക്തി കാണാതിരുന്നുകൂടാ. ഇസ്‌ലാം പെണ്ണിന് നല്‍കുന്ന സ്ഥാനവും മാനവും ഇസ്‌ലാമിക ചുറ്റുപാടില്‍ ജീവിച്ചാല്‍ അവരനുഭവിക്കുന്ന സുരക്ഷിതത്വ ബോധവും നന്നായറിയാവുന്ന ഒരു മുസ്‌ലിം പെണ്ണും ഈ വേഷംകെട്ടിന് നില്‍ക്കില്ല എന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ടം. ഒരുപാട് പെണ്ണ് കെട്ടിയ, ആഴ്ചയില്‍ ഒരു തവണ മാത്രം വരുന്ന പള്ളി മുക്രിയായ കെട്ട്യോന്‌വേണ്ടി കോഴിയെ പിടിക്കാന്‍ ഓടുന്ന പെണ്ണൊരുത്തി. പെണ്ണ് ബാങ്ക് കൊടുക്കാന്‍ ഒരുമ്പെട്ടാല്‍ ലോകാവസാനം എന്ന് പറയുമ്പോള്‍ അള്ളോ അതിനുമുമ്പ് എനിക്ക് ഒന്ന് കൂടി പെറണം എന്ന് ആഗ്രഹം പറയുന്ന ഭാര്യ. വളരെ അപൂര്‍വമായി മാത്രം കാണുന്ന ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെയും അച്യുതാനന്ദന്‍ പോലും ഒരിക്കല്‍ പറഞ്ഞ മുസ്‌ലിം സ്ത്രീകളിലെ പ്രസവത്തെയുമൊക്കെ കണക്കറ്റു കളിയാക്കുകയാണ് നാടകം. ചോദിച്ചിട്ടു തരാത്തത് കട്ട് തിന്നാല്‍ നമ്മുടെ പടച്ചോന്‍ പൊറുക്കും എന്ന പരാമര്‍ശം കളവ് ദൈവ കോപത്തിന് നിദാനമാണെന്ന മത ബോധനത്തെ നോവിക്കാനാണ്. മുക്രിയുടെ കെട്ട്യോള് ദുനിയാവില്‍ പറയുന്നത് കേട്ട് കഴിഞ്ഞു കൊള്ളണം ഇല്ലേല്‍ പടച്ചോന്‍ പൊറുക്കില്ല. സ്വര്‍ഗം കിട്ടില്ല. ‘ആണുങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ ഹൂറിമാരുണ്ട് നമുക്ക് ഹൂറന്മാരില്ല പിന്നെന്തിനു പെണ്ണ് സ്വര്‍ഗത്തില്‍ പോകണം’ എന്ന ഡയലോഗ് ദുനിയാവില്‍ മാത്രമല്ല സ്വര്‍ഗത്തിലും അവള്‍ക്കു അവഗണനയും പുരുഷ മേധാവിതവുമാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത് എന്ന് സമര്‍ത്ഥിക്കാനുള്ള വൃഥാവ്യായാമമാണ്.
ഇനിയാണ് ക്ലൈമാക്‌സിലേക്ക് പോകുന്നത്. മുക്രിയുടെ മോള്‍ക്ക് പോലും പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ അവകാശം കൊടുക്കാത്ത സ്ത്രീ വിരുദ്ധ മതമാണ് ഇസ്‌ലാം എന്ന സന്ദേശം പ്രേക്ഷകര്‍ക്ക് കൈമാറുകയാണ് പിന്നീട് നാടകം. മല കയറണം എന്ന് പറഞ്ഞപ്പോ പള്ളിയില്‍ പോകണം എന്നായിരുന്നല്ലോ മുറവിളി. പള്ളിയില്‍ വിലക്കില്ലല്ലോ പോകാലോ എന്നായപ്പോ പോയാലും ബാങ്ക് വിളിക്കാന്‍ അവള്‍ക്കു പറ്റില്ലല്ലോ എന്ന മറുചോദ്യം ചോദിച്ചു അതിനെ മറികടക്കാന്‍ മൂഢ ശ്രമം നടത്തുകയാണ് എന്നത് സുതരാം സുവ്യക്തം. നായിക മുക്രിയുടെ മകളായതു നന്നായി. പള്ളി ഖത്തീബായിരുന്നു പിതാവെങ്കില്‍ ഇമാം നില്‍ക്കണം എന്നായേനേ പെണ്ണിന്റെ ഡിമാന്‍ഡ്. മുസ്‌ലിം സ്ത്രീക്ക് പള്ളിയില്‍പോയി ബാങ്ക് വിളിക്കാന്‍ അനുമതി നിഷേധിക്കപ്പെടുന്നതും അവള്‍ സ്വയമേവ അതിനു പോകാതിരിക്കുന്നതും ഒക്കെ വലിയ സാമൂഹ്യ വിപത്തായി അവതരിപ്പിക്കുകയാണ് ഈ രണ്ടാം കിട നിലവാര നാടകം. വിശ്വാസിയുടെ മനസ്സില്‍ കുടിയിരിക്കുന്ന ദൈവികാസ്തിത്വത്തെ, ഇസ്‌ലാമിലെ മന്ത്രത്തെ, ഇഹലോക നന്മയിലൂടെ കരഗതമാകുന്ന സ്വര്‍ഗ സങ്കല്‍പ്പത്തെ, അതിലെ സൗഭാഗ്യങ്ങളെ, അനിവാര്യ ഘട്ടങ്ങളില്‍ ഗൗരവ ഉപാധികളോടെ അനുവദിച്ച ബഹുഭാര്യത്വത്തെ, എന്തിന് വിശുദ്ധ ഖുര്‍ആനിന്റെ ഉള്ളടക്കത്തെ അടക്കം ആപാദചൂഢം അഴുക്കു പുരട്ടി അവതരിപ്പിക്കുകയാണ് നാടകത്തിലുടനീളം. ഇസ്‌ലാമിലെ സ്ത്രീ ഇതുവരെ ചെയ്യാത്ത ചെയ്യാന്‍ പറഞ്ഞാലും വയ്യെന്ന് പറയുന്ന നിരുപദ്രവകരമായ ബാങ്ക് വിളി എന്ന കര്‍മ്മത്തെ തന്നെ എടുത്തുകാട്ടി അത് ഇസ്‌ലാമിലെ സ്ത്രീ വിവേചനത്തിന്റെ കൊടിയടയാളമായി ഉയര്‍ത്തിക്കാട്ടാനുള്ള വ്യഗ്രത യാദൃച്ഛികമോ നിഷ്‌കളങ്കമോ അല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധം പ്രേക്ഷകര്‍ക്കുണ്ട്. ‘പൊതു വേദിയില്‍ നാടകം കളിച്ചു പാട്ട് പാടി പള്ളിയില്‍ പോയി ബാങ്ക് വിളിച്ചാല്‍ കിട്ടാതെ പോകുന്നതാണ് സ്വര്‍ഗമെങ്കില്‍ ആ സ്വര്‍ഗം ഞാനങ്ങു വേണ്ടാന്നു വെക്കും’ എന്ന് മുഖ മക്കനയിട്ട ഒരു പെണ്ണിനെകൊണ്ട് പറയിപ്പിക്കുമ്പോള്‍ കയ്യടിക്കുന്നത് ആരാണെന്നതും കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. അവസാനം ബാപ്പയും ആങ്ങളയും ഉമ്മയും മോളെ നീ ബാങ്ക് കൊടുക്കണം നിന്റെ ഇഷ്ടം പോലെ നടക്കണം എന്ന് പറയുമ്പോള്‍ വലിയ സാമൂഹ്യ വിപ്ലവം നടത്തിയ ഗമ നിഴലിക്കുകയാണ്. മലപ്പുറത്തെ ബസ്സ്റ്റാന്റിലും ഫാറൂഖ് കോളജിന്റെ പടിവാതില്‍ക്കലുമൊക്കെ നടത്തിയ വലിയ വിപ്ലവത്തിന്റെ തുടര്‍ച്ച. മെഡിസിനില്‍ ബിരുദമെടുത്തു ഡോക്ടറായി തുടര്‍ന്ന് ഐ.എ.എസ് എത്തിപ്പിടിച്ചു കലക്ടറായി വിരാജിക്കുന്ന അഥീല അബ്ദുല്ല എന്ന തട്ടമിട്ട നാട്ടുമ്പുറത്തുകാരി മുസ്‌ലിം പെണ്‍കുട്ടി കോഴിക്കോട് നാടകം നടന്ന നാടിന്റെ അധികം അകലെയല്ലാതെ അവിടെയുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ചിലര്‍ അജണ്ട നടപ്പാക്കുന്ന തിരക്കിലാണ്.
ഇസ്‌ലാമിനെ പഠിക്കണം. അത് മത നിരാസ കൂട്ടായ്മയുടെ എക്‌സ്‌ക്ലൂസീവ് പാര്‍ട്ടി ക്ലാസില്‍ നിന്നോ സംഘി ശാഖയിലെ എസ്‌പ്ലോസീവ് ക്ലോസില്‍ നിന്നോ ആവരുത്. മഹാനായ ചേരമാന്‍ പെരുമാളും മാധവിക്കുട്ടിയും നജ്മല്‍ ബാബുവും നടി മോണിക്കയുമൊക്കെ പഠിച്ചത് പോലെ യഥാര്‍ത്ഥ ഉറവിടത്തില്‍നിന്ന്. എല്ലാ ഭാഷയിലും സുലഭമാണ് ആ കിതാബ്. കാസ്പിയന്‍ കടല്‍ തീരത്തു കക്ക പെറുക്കി നടന്ന യൂറോപ്യന് സംസ്‌കാരം പഠിപ്പിച്ച കിതാബ്. പുരോഗമനമെന്നു മേനി നടിക്കുന്ന പലരും ആലോചിക്കാന്‍ തുടങ്ങുന്നതിനു മുമ്പേ പെണ്ണിന് സ്വത്തില്‍ അവകാശം എഴുതിവെച്ച കിതാബ്. പെണ്ണിനോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഏറ്റവും മാന്യനെന്നു പുരുഷനോട് നയം വ്യക്തമാക്കിയ കിതാബ്. പെണ്ണിനെ അപമാനമായി കണ്ട് ജീവനോടെ കുഴിച്ചുമൂടിയിരുന്ന കറുത്ത നൂറ്റാണ്ടിന്റെ കടക്കല്‍ കത്തിവെച്ചു പെണ്‍കുട്ടികളെ വളര്‍ത്തി വലുതാക്കി മാന്യമായി വേളി കഴിച്ചുവിട്ടാല്‍ പിതാവിന് സ്വര്‍ഗം വാഗ്ദത്തം ചെയ്ത കിതാബ്. ഉമ്മയുടെ പാദ സേവയിലാണ് സ്വര്‍ഗമെന്നു പറഞ്ഞു പെണ്ണിനെ മഹോന്നത സ്ഥാനത്തു പ്രതിഷ്ഠിച്ച മഹത്തായ കിതാബ്. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന, മറ്റു വേദ ഗ്രന്ഥങ്ങള്‍ ഇറങ്ങിയ ഭാഷകള്‍ അപ്രത്യക്ഷമാകുമ്പോള്‍ ഇറങ്ങിയ അറബി ഭാഷ, നാള്‍ക്കുനാള്‍ പ്രചുര പ്രചാരം നേടുന്ന മനുഷ്യന്റെ കൈകടത്തല്‍ നടക്കാത്ത, ശാസ്ത്രീയവും സാഹിത്യ സമ്പുഷ്ടവും സകലതല സ്പര്‍ശിയുമായ മാനവകുലത്തിന്റെ കാറ്റലോഗാണാ കിതാബ്. നാടകത്തിനു കഥ എഴുതിയ, സംവിധാനം നിര്‍വഹിച്ച കണ്ടു കയ്യടിച്ച എല്ലാവരും ഈ കിത്താബൊന്നു വായിക്കണം അപ്പോള്‍ മനസ്സിലാകും ഈ കിതാബും ആ കിതാബും രണ്ടും തമ്മില്‍ കടലും കടലാടിയും പോലെ അജ ഗജാന്തരമുണ്ടെന്ന്.
മോറിസ് ബുഖോയിയും ക്യാറ്റ് സ്റ്റീവന്‍സണും മുറാദ് ഹോപ് മാനും ഇവാ കാതറിനും ബിലാല്‍ പിലിപ്‌സും കാഷ്യസ് ക്ലെയും അബ്ദുല്ല ബിതയും അര്‍ണോള്‍ഡ് ഡോണുമൊക്കെ പോലെ ആയിരങ്ങള്‍ ഇങ്ങിനെ ചില നിമിത്തങ്ങളിലൂടെ ആ കിതാബിനെ ഖുര്‍ആനെ പഠിച്ചു നോക്കിയതാണ്. ഇതില്‍ ജീവിച്ചിരിക്കുന്ന പലരും ഇന്ന് ആ കിതാബിന്റെ പ്രചാരകരാണ്. നാടകത്തിലല്ല, നിത്യ ജീവിതത്തില്‍. മാനവകുലത്തിന്റെ സകല ശത്രുക്കളെയും പലിശയെ, ലഹരിയെ, ചൂതാട്ടത്തെ, പെണ്‍ശരീര വില്‍പ്പനയെ, ആയുധ വിപണനത്തെ, യുദ്ധത്തെ, അകാരണ കൊലകളെ തുടങ്ങി എല്ലാറ്റിനെയും ശത്രുവായി പ്രഖ്യാപിച്ച ആ ഗ്രന്ഥത്തെ ഭയക്കുന്നവര്‍ ഉണ്ട്. കാരണം അവര്‍ ആ ശത്രുക്കളുടെ കൂട്ടുകാരാണ്. അതുകൊണ്ട് ജീവിക്കുന്നവരാണ്. അവരുടെ ചുവടുപിടിച്ച് ഈ വിശുദ്ധ ഗ്രന്ഥത്തെയും അത് വിഭാവനം ചെയ്യുന്ന ദര്‍ശനത്തെയും വികലമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉദിച്ചുനില്‍ക്കുന്ന സൂര്യനെ പാഴ്മുറം വെച്ച് മറക്കാന്‍ ശ്രമിക്കുകയാണ്. കിഴക്കിനെയും പടിഞ്ഞാറിനെയും ഒരുപോലെ കീഴടക്കി ലോകത്ത് ഏറ്റവും വേഗത്തില്‍ പ്രചരിക്കുന്ന മതമായി, പക്വതയും പാകതയും വന്നവര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന മതമായി, ലോകത്ത് അവസാനം പ്രചരിച്ച ശാസ്ത്രീയ മതമായി, ഏറെ ബുദ്ധിജീവികള്‍ ഇതിനകം വാരിപ്പുണര്‍ന്ന ഇസമായി ഇസ്‌ലാം മാറുന്നത് ഈ കിതാബിന്റെ അനന്യ സാധാരണമായ സ്വീകാര്യതയെയാണ് വിളംബരം ചെയ്യുന്നത്. നിഷ്‌കളങ്കരായ നാല് സ്‌കൂള്‍ കുട്ടികളെ നമസ്‌കാര കുപ്പായം ധരിപ്പിച്ച് അസംഭവ്യമായ അരുതായ്മകള്‍ എഴുന്നള്ളിച്ചാല്‍ തൂക്കമൊപ്പിക്കല്‍ അജണ്ട നടക്കുമെന്നല്ലാതെ യഥാര്‍ത്ഥ കിത്താബിനോ അത് നെഞ്ചേറ്റിയ സമൂഹത്തിനോ ഒരു കോട്ടവും തട്ടില്ല. ലോകം ആദരിക്കുന്ന പ്രവാചകനെ അതിമ്ലേച്ചമായി അവതരിപ്പിച്ച ‘ചെകുത്താന്റെ വചനങ്ങള്‍’ എഴുതിയ സല്‍മാന്‍ റുഷ്ദിക്കുവേണ്ടി ആവിഷ്‌കാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഹാജരായവര്‍ തന്നെ ഇവിടെയും വക്കാലത്ത് ഏറ്റെടുക്കുമ്പോള്‍ അവര്‍ ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാന്‍ മറന്നുപോയവരാണ്. അരുതായ്മകള്‍ പടച്ചുണ്ടാക്കി അന്യന്റെ അഭിമാനത്തെ അപഹസിക്കലല്ല ആവിഷ്‌കാര സ്വാതന്ത്ര്യം.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending