X
    Categories: Video Stories

സമൂഹ മാധ്യമ വിനിയോഗത്തിന് സമഗ്ര നിയമം വരണം

മഞ്ഞളാംകുഴി അലി എം.എല്‍.എ

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാധ്യമമായി സോഷ്യല്‍ മീഡിയ മാറിയിട്ടുണ്ട്. ഇത്ര പെട്ടെന്ന് ഇത്രയും വേഗത്തില്‍ ജനകീയമാക്കപ്പെട്ട മറ്റൊരു മാധ്യമവും ഇല്ലെന്ന് വേണം പറയാന്‍. സമൂഹത്തില്‍ ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സ്വകാര്യ വ്യക്തികളെ രാഷ്ട്രീയസാമൂഹ്യകാര്യങ്ങളില്‍ പങ്കാളികളാക്കുന്നുവെന്നതും മറ്റു മാധ്യമങ്ങളില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും പങ്കാളിത്തവും വ്യക്തികള്‍ക്ക് നല്‍കുന്നുവെന്നതും ഇതിന്റെ ഏറ്റവും വലിയ ശക്തിയാണ്. ഒരു വ്യക്തിയുടെ ഏത് വിഷയത്തിലുമുള്ള അഭിപ്രായങ്ങളും വാദമുഖങ്ങളും രേഖപ്പെടുത്താനും തനിക്ക് പറയാനുള്ളത് തുറന്ന് പറയുവാനുമുള്ള ഇടങ്ങളായി സമൂഹമാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഇത് കൂടുതല്‍ ജനകീയവും ഉപയോഗം കൂടുതല്‍ ലളിതവുമായി കഴിഞ്ഞു.
വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചും അല്ലാതെയും രാഷ്ട്രീയ സാമൂഹ്യ സാമുദായിക ആരോഗ്യ മേഖലകളുള്‍പ്പടെയുള്ള സമസ്ത മേഖലകളെക്കുറിച്ചും സമൂഹത്തില്‍ ഭയാശങ്കകള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അത് ബോധപൂര്‍വമായോ അല്ലാതെയോ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത മുമ്പില്ലാത്ത വിധം വര്‍ധിച്ചതു കൊണ്ടും ഭരണ സംവിധാനങ്ങളെ വരെ പ്രതികൂലമായി ബാധിച്ചപ്പോഴുമാണ് നമ്മള്‍ ഇത് സജീവമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് എന്നതാണ് വാസ്തവം. വ്യക്തികളുടെ സ്വതന്ത്രഅഭിപ്രായ പ്രകടനങ്ങള്‍ എന്ന രൂപത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഇത്തരം പല വ്യാജ വാര്‍ത്തകള്‍ക്ക് പുറകിലും രാഷ്ട്രീയ സാമുദായിക സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം പല വിഷയങ്ങളിലും നമ്മള്‍ കണ്ടതാണ്. ഇത് വളരെ വേഗം വ്യാപിക്കുന്നതും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതുമാണ്. നിപ്പ വൈറസ്, ക്യാന്‍സറിന് ഒറ്റമൂലി, പെന്റാവാലന്റ് വാക്‌സിനേഷന്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍, ഓഖി ദുരന്തം തുടങ്ങിയ കാര്യങ്ങളില്‍ വ്യാജ വാര്‍ത്ത വന്നതും അതിനുശേഷം നടന്ന സംഭവങ്ങളും നാം കണ്ടതാണ്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാജ വാര്‍ത്തകളും അപകീര്‍ത്തികരമായ വാര്‍ത്തകളും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വയം ഉത്തരവാദിത്തമേറ്റെടുക്കുകയാണ് ഇതില്‍ ആദ്യം വേണ്ടതെന്ന കാര്യമാണ്പ്രധാനപ്പെട്ടത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സൈബര്‍ വിംഗുകള്‍ ഉണ്ട്.
പലപ്പോഴും മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചു കൊണ്ടാണ് ഇവരില്‍ ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നതെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഇങ്ങനെ പോയാല്‍ സാമൂദായിക ഐക്യം തകര്‍ക്കുന്ന തരത്തിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുമുള്ള വ്യാജപ്രചരണങ്ങള്‍ തടയുന്നതിന്, മുമ്പില്‍ നില്‍ക്കേണ്ട നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിന് ശക്തിയില്ലാതെ പോകും.
വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും പരാതികള്‍ കിട്ടിയാലും നടപടികള്‍ സ്വീകരിക്കാതിരക്കുന്ന തരത്തിലുള്ള പൊലീസിന്റെ നിലപാടിലും മാറ്റം വരണം. സര്‍ക്കാരിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ക്ക് മേല്‍ നടപടിയെടുക്കുന്ന അതേ ഗൗരവത്തോടെ തന്നെ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമെതിരെയുള്ള പ്രചരണങ്ങള്‍ സംബന്ധിച്ച പരാതികളിലും വ്യക്തികളെ അപമാനിച്ച തരത്തിലുള്ള പരാതികളിലും നടപടിയെടുക്കാന്‍ കഴിയണം. മറ്റൊരു കാര്യം, ഒരാളെപ്പറ്റി അപകീര്‍ത്തികരമായ എന്തെങ്കിലും വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അയാളെ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തിന്റെ സ്‌നേഹിതനോ പാര്‍ട്ടിക്കാരോ ആയിരിക്കും. പക്ഷേ പൊലീസില്‍ പരാതിപ്പെട്ടാല്‍ ഇത് പരാതിക്കാരന് ഫോര്‍വേഡ് ചെയ്ത സുഹൃത്തിനെ അടക്കം പ്രതിയാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ശരിയല്ല.
അതുപോലെ ഇത്തരം കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. നിലവിലത്തെ നടപടികള്‍ എത്രമാത്രം ഫലപ്രദമാണെന്നും എന്തെങ്കിലും പോരായ്മകളുണ്ടോയെന്നുമുള്ള കാര്യവും പരിശോധിക്കപ്പെടണം. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തെളിയിക്കത്തക്ക തരത്തിലുള്ള വൈദഗ്ദ്ധ്യം നമ്മുടെ സൈബര്‍ പൊലീസിനും നിലവിലെ സംവിധാനങ്ങള്‍ക്കും ഉണ്ടോയെന്നതും വിലയിരുത്തണം. ഇല്ലെങ്കില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യം പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതോ സാമൂഹിക അന്തരീക്ഷത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്നതോ ആയ വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതിന് സര്‍ക്കാരിന് കഴിയണം. പത്രദൃശ്യ മാധ്യമങ്ങളിലൂടെയും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ തന്നെയും ശരിയായ വിവരം പൊതുജനത്തെ അറിയിക്കണം.
നമ്മുടെ പുതുതലമുറയിലെ പലകുട്ടികളും ദിവസത്തില്‍ ആറ് മണിക്കൂറിലേറെ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നുവെന്നതാണ് ഈ അടുത്ത കാലത്തെ ചില പഠനങ്ങള്‍ തെളിയിക്കുന്നത്. കേരളത്തില്‍ ഇതിലും കൂടുതലാണ് എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഗതി. പഠനകാര്യങ്ങളിലും കലാകായിക രംഗങ്ങളിലും മറ്റ് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായി വിനിയോഗിക്കേണ്ട വിലപ്പെട്ട സമയം ഇങ്ങനെ മുറിക്കുള്ളില്‍ ഒതുങ്ങിയിരുന്ന് അവരുടേതായ ഒരു ലോകത്ത് ചെലവഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ശാരീരിക മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണ്. അതുകൊണ്ട് തന്നെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഇപ്പോള്‍ നമ്മള്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ സംബന്ധിച്ച വിഷയം പരിശോധിച്ചാല്‍ തന്നെ ഒരു കാര്യം വ്യക്തമാകും. അതില്‍ പങ്കെടുത്തതും പ്രതികളായതുമായ പതുതിയിലേറെ ചെറുപ്പക്കാരും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരോ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നവരോ ആയിരുന്നില്ല.
പ്രതികരണശേഷി നഷ്ടപ്പെട്ടുപോയ പുതിയ തലമുറയെ മാറ്റിയെടുക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ ചില പൊതുമര്യാദകള്‍ പാലിക്കുന്ന തരത്തിലും ഒരു സംസ്‌കാരം ഇവിടെ വളര്‍ന്നുവരേണ്ടത് അത്യാവശ്യമാണ്. അതിന് സര്‍ക്കാരിന് കഴിയുന്ന തരത്തിലുള്ള നടപടികളും ആവശ്യമാണ്. ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന തരത്തിലുള്ള പല നിയമ നിര്‍മ്മാണങ്ങളും നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തരത്തിലുള്ള സമഗ്രമായ ഒരു നിയമം സംസ്ഥാന സര്‍ക്കാരിന്റെ പരിധിക്കുള്ളില്‍ നിന്ന് നിര്‍മ്മിക്കാന്‍ കഴിയുമോയെന്നത് ആലോചിക്കണം. ഇല്ലായെങ്കില്‍ അതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: