Connect with us

Video Stories

പി.എസ്.സി മലയാളം പറയണം

Published

on

പി. ഇസ്മായില്‍ വയനാട്

ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബോദ്‌ലെയിന്‍ ഗ്രന്ഥശാലയിലെ സത്യപ്രതിജ്ഞചടങ്ങ് പ്രസിദ്ധമാണ്. ലോകമെമ്പാടുമുള്ള സാഹിത്യ കുതുകികളുടെ തീര്‍ത്ഥാടന കേന്ദ്രമായ ഗ്രന്ഥാലയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ പ്രതിജ്ഞ ചൊല്ലല്‍ നിര്‍ബന്ധമാണ്. ‘ഞാന്‍ ഈ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളോ രേഖകളോ മറ്റു വസ്തുക്കളോ നീക്കം ചെയ്യുകയോ മോഷ്ടിക്കുകയോ അവയില്‍ അടയാളങ്ങളുണ്ടാക്കുകയോ അവയെ വികൃതമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ലന്നും തീയോ തീപ്പൊരിയോ കനലോ കൊണ്ട് കത്തിക്കുകയില്ലന്നും ഗ്രന്ഥശാലക്കകത്ത് പുകവലിക്കുകയില്ലന്നും ഇതിനാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നു’. സന്ദര്‍ശകര്‍ അവരുടെ മാതൃഭാഷയിലാണ് പ്രതിജ്ഞ ചൊല്ലേണ്ടത്. ഗ്രന്ഥശാലാധികൃതര്‍ സന്ദര്‍ശകരോട് ആദ്യം ചോദിക്കുന്നത് പേരോ നാടോ ഒന്നുമല്ല മറിച്ച് മാതൃഭാഷയെ കുറിച്ചാണ്. പ്രതിജ്ഞയില്‍ നൈതികത പുലരണമെങ്കില്‍ മാതൃഭാഷയിലാവണമെന്ന മഹത്തായ സന്ദേശമാണ് ചടങ്ങിന്റെ വിളംബരം.

മാതൃഭാഷ മനുഷ്യന്റെ ചിന്താവാഹനമാണ്. ചിരിക്കുന്നതും കരയുന്നതും ഭാവനകള്‍ നെയ്യുന്നതുമെല്ലാം മാതൃഭാഷയിലാണ്. ഏതൊരുവേദവുമേതൊരു ശാസ്ത്രവു/മേതൊരു കാവ്യവുമേ തൊരാള്‍ക്കും / ഹൃത്തില്‍ പതിയേണമെങ്കില്‍/സ്വഭാഷതന്‍ വക്ത്രത്തില്‍നിന്നു താന്‍കേള്‍ക്ക വേണം… എന്റെ ഭാഷ എന്ന വള്ളത്തോളിന്റെ കവിതയില്‍ ഇക്കാര്യങ്ങള്‍ ഹൃദയസൃപര്‍ക്കായ രീതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. മാതൃഭാഷയെ രബീന്ദ്രനാഥ ടാഗോര്‍ മാതാവിന് തുല്യം എന്നാണ് വിശേഷിപ്പിച്ചത്. ഭാരതത്തില്‍ ഇപ്പോള്‍ ശാസ്ത്ര പ്രതിഭകളുണ്ടാവുന്നില്ലയെന്നും സാങ്കേതിക വിദഗ്ധര്‍ മാത്രമാണുണ്ടാവുന്നതെന്നും അതിന് കാരണം മാതൃഭാഷയിലൂടെയുള്ള പഠനത്തിന്റെ കുറവാണെന്നും മുന്‍ രാഷ്ട്രപതിയും പ്രഗത്ഭ ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുല്‍ കലാം തുറന്നുപറച്ചില്‍ നടത്തിയിട്ടുണ്ട്. ശാസ്ത്രവും ഗണിതവും സാമൂഹ്യശാസ്ത്രവുമെല്ലാം കുട്ടികള്‍ മാതൃഭാഷയില്‍ പഠിച്ചാല്‍ മാത്രമേ നല്ല പ്രതിഭകളുണ്ടാവുകയുള്ളൂവെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. മാതൃഭാഷ കണ്ണിന്റെ കാഴ്ചശക്തിക്ക് തുല്യവും മറ്റു ഭാഷകള്‍ കണ്ണട പോലെയുമാണ്. കണ്ണില്ലെങ്കില്‍ കണ്ണട കൊണ്ട് പ്രയോജനമില്ലന്നു ചുരുക്കം.

മാതൃഭാഷകളുടെ സംരക്ഷണത്തിനുവേണ്ടി ലോക തലത്തില്‍ രക്തം ചിന്തുന്ന തരത്തില്‍ കലാപം പോലും നടന്നിട്ടുണ്ട്. 1947ല്‍ പാക്കിസ്താന്‍ എട്ട് ശതമാനം ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഉറുദുവിനെ രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. ഭൂരിപക്ഷം ജനങ്ങള്‍ സംസാരിക്കുന്ന ബംഗാളി ഔദ്യോഗിക ഭാഷയാക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും എഴുത്തുകാരുംതെരുവിലിറങ്ങി. ധാക്ക സര്‍വകലാശാലയില വിദ്യാര്‍ത്ഥികള്‍ 1952 ഫെബ്രുവരി 21 ന് പ്രതിഷേധ ദിനമാചരിക്കുകയും ഭരണ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. നിരവധി വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷികളായി.

1956 ഫെബ്രുവരി 29 ന് ബംഗാളി ഭാഷയെ പാക്കിസ്താന്റെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. അക്കാലയളവില്‍ നടന്ന ഭാഷാസമര പോരാട്ടമാണ് ബംഗ്ലാദേശിന്റെ പിറവിക്ക്‌പോലും നിദാനമായിമാറിയത്. ബംഗ്ലാദേശുകാര്‍ ദേശീയ തലത്തില്‍ മാതൃഭാഷദിനം കൊണ്ടാടുന്ന ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത് ധാക്കയില്‍ മാതൃഭാഷക്കായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്കുള്ള ആദരം കൂടിയാണ്. ഇന്ത്യയിലും മാതൃഭാഷക്ക്‌വേണ്ടി പോരാട്ടങ്ങളും രക്തസാക്ഷിത്വവും നടമാടിയിട്ടുണ്ട്. ഭാഷകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ പുനര്‍നിര്‍ണ്ണയം നീണ്ടുപോയപ്പോള്‍ ആന്ധ്രയില്‍ ശ്രീപോറ്റിരാമുലു നിരാഹാര സമരം ആരംഭിച്ചു. 58 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിന്‌ശേഷം അദ്ദേഹം മരണമടഞ്ഞു. പോറ്റി രാമുലുവിന്റെ രക്ത സാക്ഷിത്വം വലിയ കലാപത്തിന് ഹേതുവായി തീരുകയും വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയുമുണ്ടായി.

പ്രക്ഷോഭത്തിന്റെ ആദ്യത്തെ വിജയമായിരുന്നു1953 ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്ന ആന്ധ്ര സംസ്ഥാനം. ഇതിന്റെ തുടര്‍ച്ചയായിരുന്നു കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം എളുപ്പം സാധ്യമായത്. മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. എന്റെ നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏത് നാട്ടിലെത്തിയാലും ഞാന്‍ സ്വപ്‌നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാന്‍ തന്നെയാണ്. സാഹിത്യ ലോകത്തെ വരദാനം എം.ടി വാസുദേവന്‍ നായര്‍ പ്രകീര്‍ത്തിച്ച മലയാളം ഭാഷയില്‍ പി.എസ്.സിയുടെ ഉയര്‍ന്ന തലങ്ങളിലെ തൊഴില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്ത ഹതഭാഗ്യരാണ് മലയാളികള്‍. മലയാളം സര്‍വകലാശാല തലയെടുപ്പോടെ നിലനില്‍ക്കുകയും ശ്രേഷ്ഠ ഭാഷാപദവിയുടെ കിരീടം ചൂടിനില്‍ക്കുകയും ചെയ്യുന്ന കേരളത്തില്‍ മലയാള ഭാഷയോടുള്ള പി.എസ്.സിയുടെ അയിത്തതിനെതിരായി ഭാഷാസ്‌നേഹികള്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സമരത്തിലാണ്.

ഐ.എ.എസ് പരീക്ഷയും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന ഡി ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷകളും ഐ.ബി.പി.എസ് നടത്തുന്ന ബാങ്ക് പരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അവസരമുള്ളപ്പോഴാണ് മലയാളം ഭരണഭാഷയായി പ്രഖ്യാപിച്ച നാട്ടില്‍ തൊഴില്‍ പരീക്ഷകളില്‍ പി.എസ്.സിയുടെ ഭ്രഷ്ട് നിലനില്‍ക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇംഗ്ലീഷിന് പുറമെ മാതൃഭാഷകളിലും ദ്വിഭാഷകളിലും തൊഴില്‍ പരീക്ഷ എഴുതാന്‍ അവസരങ്ങളുണ്ട്. പി.എസ്.സിയുടെ ഭാഷാവിവേചനം യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശ ലംഘനം കൂടിയാണ്. ലിംഗ വിവേചനവും വര്‍ണ്ണവിവേചനവും പോലെയാണ് മാതൃഭാഷ വിവേചനമെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച കാര്യമാണ്.

മനുഷ്യാവകാശ ലംഘനം നത്തുന്ന പി.എസി.സിയെ പിരിച്ചുവിടണമെന്ന് വിശ്വവിഖ്യാത സിനിമാസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തുറന്നടിച്ചതും ഇക്കാരണത്തലാണ്.മലയാളത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയാല്‍ കോപ്പിയടിക്ക് സാധ്യത കൂടുമെന്നാണ് പി. എസ്.സി യുടെ വാദം. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ മൊബൈല്‍ ഫോണും ബ്ലൂടൂത്ത് വാച്ചും ഉപയോഗിച്ച് പി.എസ്.സിയുടെ ആസ്ഥാനത്ത് കോപ്പിയടി നടന്ന കാര്യം പി.എസ്.സി മറക്കാന്‍ പാടില്ലാത്തതാണ്. സി.ബി.എസ്.ഇ സിലബസ്സില്‍ പഠിച്ചവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പരീക്ഷ ഇംഗ്ലീഷ് മാധ്യമമായി പരിഗണിക്കുന്നതെന്ന അധികൃതരുടെ വിശദീകരണം തെറ്റിദ്ധാരണ പരത്തുന്നതും ധിക്കാരം നിറഞതുമാണ്.

ഇംഗ്ലീഷില്‍ എഴുതാനുള്ള അവസരം നിഷേധിക്കണമെന്നാരും പറഞ്ഞിട്ടില്ല. 97 ശതമാനം ജനങ്ങള്‍ സംസാരിക്കുന്ന മലയാളമെന്ന മാതൃഭാഷയില്‍ കെ.എ.എസ് ഉള്‍പ്പെടെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും മൂന്ന് ശതമാനത്തോളം വരുന്ന ചെറുവിഭാഗങ്ങള്‍ സംസാരിക്കുന്ന കന്നട തമിഴ് ഭാഷകളില്‍കൂടി പരീക്ഷകള്‍ എഴുതാന്‍ അവസരമുണ്ടാകണമെന്ന ആവശ്യമാണ് ഭാഷാ സ്‌നേഹികള്‍ ഉന്നയിച്ചിട്ടുള്ളത്. പത്താം തരത്തിലും ഹയര്‍സെക്കണ്ടറിയിലും ബിരുദ തലത്തിലും മലയാളത്തില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അതിന്റെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാതൃഭാഷയില്‍ തൊഴില്‍ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കുന്നതില്‍ ഭരണകൂടവും തങ്ങളുടെ കടമ നിര്‍വഹിക്കണം.

ഔദ്യോഗിക ഭാഷാ ഉന്നതതല സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്. പി.എസ്.സിയാവട്ടെ ഭരണഘടനാസ്ഥാപനവുമാണ്. ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അമാന്തം കാട്ടുന്നവരും കൊളോണിയല്‍ ഭൂതം വിട്ടുമാറാത്തവരുമായ പി.എസ്.സിയെ നിയന്ത്രക്കുന്നതില്‍ സര്‍ക്കാരിന് സാധിക്കാതെ പോയതുകൊണ്ടാണ് തിരുവോണ നാളില്‍ ഭാഷാസ്‌നേഹികള്‍ക്ക് ഉണ്ണാവ്രതം എടുക്കേണ്ടിവന്നത്. മലയാള ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരോ എഴുത്തുകാരോ സംസ്‌കാരിക നായകരോ ഉയര്‍ത്തുന്ന കേവല മുറവിളിയല്ല ഇപ്പോള്‍ തലസ്ഥാന നഗരിയില്‍ ഉയര്‍ന്നിട്ടുള്ളത്. അത് ലക്ഷോപലക്ഷം വരുന്ന മലയാളികളുടെ വികാരമാണ്.

സര്‍ക്കാരിന്റെ ഫയലുകളും ഉത്തരവുകളും മാതൃഭാഷയിലാണ് ഓഫീസുകളില്‍ കൈകാര്യം ചെയ്യുന്നത്. കലക്ട്രേറ്റില്‍ മാത്രമല്ല ഡയറക്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും സെക്രട്ടറിയേറ്റുകളിലും മലയാളത്തിന് ഇടം കിട്ടണം. ഭരണഭാഷ മാതൃഭാഷ എന്ന നയം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണം. അത്തരം ഓഫീസ് തസ്തികകളിലേക്കാണ് പി.എസ്.സി ഇപ്പോഴും ഇംഗ്ലീഷില്‍ പരീക്ഷ നടത്തുന്നത്. മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ചയെതുടര്‍ന്ന് പി.എസ്.സി മലയാളം പറയാന്‍ തയ്യാറായാല്‍ ജയിക്കുന്നത് മലയാളവും മലയാളിയുമാണ്. മാതൃഭാഷയോടുള്ള പി.എസ്.സിയുടെ ചിറ്റമ്മനയം തുടര്‍ന്നാല്‍ തോല്‍ക്കുന്നത് മലയാളികളും കേരളീയരുമാണ്.

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending