കെ.എം.എ റഷീദ്
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ രാജ്യത്ത് ഒരിക്കല്‍ കൂടി യുദ്ധഭീതി ഉണര്‍ത്തിയിരിക്കുന്നു. യുദ്ധം മനുഷ്യസമൂഹത്തിന്റെ നാശത്തിന് തന്നെ ആക്കം കൂട്ടുമെന്നും അതിനിരയായവര്‍ സാധാരണ പൗരന്‍മാരാണെന്നും ആരെങ്കിലും വാദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. എന്നാല്‍ അത് പറയുന്നവര്‍ മുസ്ലിമാണെങ്കില്‍ അവരെ രാജ്യദ്രോഹിയാക്കാനുള്ള വെമ്പല്‍ ചില കപട ദേശീയവാദികളില്‍ നിന്ന് ഉയരാറുണ്ട്. രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന പ്രവാചക അധ്യാപനം മുറുകെ പിടിക്കുന്ന മുസ്ലിം സമുദായം സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഒറ്റുകാരന്റെ റോളിലായിരുന്നില്ല എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. എന്നാല്‍ വ്യാജ ചരിത്രം നിര്‍മ്മിച്ച് ഫാസിസ്റ്റ് ശക്തികള്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളുടെ ചരിത്രം മായ്ച്ചു കളയുകയും ഗോഡ്‌സെ മുതല്‍ സവര്‍ക്കര്‍ വരെയുള്ള രാജ്യദ്രോഹികളും ഭീരുക്കളുമായിരുന്നവരെ രാജ്യസ്‌നേഹികളുടെ പട്ടികയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ചരിത്രം ചര്‍ച്ചയാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ടിപ്പു സുല്‍ത്താനും, കുഞ്ഞാലി മരക്കാര്‍മാരും, മൗലാന മുഹമ്മലിയും, മാപ്പിള പോരാളികളും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ്. രാജ്യ സ്‌നേഹം രക്തത്തിലലിഞ്ഞ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിന്റെയും, ബ്രിഗേഡിയര്‍ ഉസ്മാന്റെയും സമുദായം അത് പ്രകടിപ്പിക്കേണ്ട കാര്യമില്ല.
മുസ്ലിം ഭൂരിപക്ഷരാജ്യമായ പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമ്പോള്‍ പ്രധാന വിഷയം കശ്മീരാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ അധിവസിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് നിന്ന് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീര്‍ വേര്‍പെടുത്തിയാല്‍ ആ പദവി നഷ്ടമാകും. അതൊരു ഇന്ത്യന്‍ മുസ്ലിമും ആഗ്രഹിക്കുന്നില്ല എന്ന കണിശമായ നിലപാടാണ് ഭാരത മുസ്ലിംകളുടെ ആധികാരിക രാഷ്ടീയ സംഘടനയായ മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്.ഇതേ നിലപാടാണ് ഇന്ത്യന്‍ മുസ്ലിംകളുടെതെന്ന് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രിയശിഷ്യന്‍ ഇ .അഹമ്മദും അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപെടുത്തിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ ചതിക്കുഴിയില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ അകപ്പെടില്ല എന്ന ബോധ്യപെടുത്തലിന് അത് സഹായകമായി. രാജ്യത്ത് സമുദായം എന്തെങ്കിലും പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ ഭരണഘടനയും ജുഡീഷ്യറിയും അതിന് പരിഹാരമുണ്ടാക്കുമെന്നും ബാഹ്യശക്തികളുടെ ഇടപെടലിന്റെ ആവശ്യമില്ല എന്നും വിളിച്ചു പറഞ്ഞത് ഖാഇദെ മില്ലത്താണ്. ഇന്ത്യ ജീവിച്ചാല്‍ മാത്രമേ ഇന്ത്യയിലെ മുസല്‍മാനും ജീവിക്കുകയുള്ളൂ എന്ന് ആലങ്കാരികമായി വ്യക്തമാക്കിയത് സീതി സാഹിബുമാണ്. ‘വിശുദ്ധ കഅബയും പ്രവാചക നഗരവും സ്ഥിതി ചെയ്യുന്ന സഊദി അറേബ്യ ഭാരതത്തിനെതിരെ യുദ്ധത്തിന് വന്നാല്‍ അവര്‍ക്കെതിരെ മുന്നണിപ്പോരാളികളായി മുസ്ലിം പൗരന്മാര്‍ ഉണ്ടാകുമെന്ന സി എച്ചിന്റെ പ്രഖ്യാപനം ഇന്നും പ്രസക്തമാണ്.
1962ലെ ഇന്ത്യ ചൈന യുദ്ധവേള, രാജ്യം സാമ്പത്തികമായി ദുര്‍ബലമായ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആദ്യം തന്റെ ശമ്പളം സംഭാവന ചെയ്തത് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബായിരുന്നു. അവിടെയും നിന്നില്ല ആ രാജ്യസ്‌നേഹിയും മകനും. 1962 നവംബര്‍ 13ന് മദ്രാസിലെ ക്രോംപേട്ടയിലെ വസതിയില്‍ ‘മെയില്‍ ‘ എന്ന ഇംഗ്ലീഷ് പത്രം വായിക്കുകയാണ് മിയാഖാന്‍. തലസ്ഥാന നഗരിയില്‍ യോഗം ചെയ്ത 6 എം.പിമാര്‍ തങ്ങളുടെ പുത്രന്‍മാരെ രാജ്യത്തിന് സമര്‍പ്പിക്കാന്‍ ഒരു പുത്രദാനദിനം സംഘടിപ്പിക്കുകയും അതില്‍ തന്റെ പിതാവുണ്ട് എന്ന് വായിച്ചറിഞ്ഞ ആ പുത്രന്‍ പതറാതെ ആവേശഭരിതനായി പിതാവ് തന്നിലര്‍പ്പിച്ച വിശ്വാസം, ഇബ്രാഹിമി പ്രവാചകന്‍ മകനെ ദൈവത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രവാചകന്‍ ഇസ്മാഈല്‍ സ്വീകരിച്ചതു പോലെ തീരുമാനം ശിരസാവഹിക്കുകയായിരുന്നു. പിതാവ് തന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ ആഹ്ലാദഭരിതനും അഭിമാന വിജൃീഭിതനുമായ ആ മകനും, ഇത്രയും ധീരനായ പുത്രനെ ലഭിച്ചതില്‍ അഭിമാനിതനായ പിതാവും രാജ്യസ്‌നേഹത്തിന് പകരം വെക്കാനില്ലാത്ത മാതൃകയാണ്.ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസ്തിത്വത്തെ ആദ്യ കാലങ്ങളില്‍ നിരാകരിച്ച നെഹ്‌റുവിന് തന്റെ ജീവിതത്തിലൂടെ മറുപടി നല്‍കുകയായിരുന്നു ഇസ്മാഈല്‍ സാഹിബ്.രാജ്യം മറ്റൊരു യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ മുന്‍ വിധികളില്ലാതെ രാജ്യത്തോടൊപ്പം നില്‍ക്കണമെന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ നിലപാട് തങ്കശോഭയോടെ തിളങ്ങുക തന്നെ ചെയ്യും.