വേദ ശാസ്ത്ര ശാഖയിലെ കുലപതിയും സംസ്‌കൃത സാഹിത്യത്തിലെ പണ്ഡിതനുമായ രഞ്ജിത് സീതാറാം പണ്ഡിറ്റിന്റെ മകള്‍ നയന്‍താര സെഹ്ഗാളും ഹിന്ദുത്വ രാഷ്ടവാദികളുടെ ഗണ്‍പോയിന്റില്‍. സാഹിത്യ സമ്മേളനങ്ങള്‍ രാജ്യത്തെല്ലായിടത്തും ഭീകരമാംവിധം വെല്ലുവിളി നേരിടുന്നു. രാജ്യത്തിന്റെ ദേശീയതയും അഖണ്ഡതയും പറയുന്നതിന് വെറുപ്പിന്റെ തത്വസംഹിതക്കാര്‍ ഭയപ്പെടുന്നതെന്തിനെന്ന് സാഹിത്യ നായകര്‍ ചോദിക്കുന്നു. മഹാരാഷട്രയില്‍ മറാത്തി സാഹിത്യ സമ്മേളനവും കര്‍ണാടകയിലെ ധാര്‍വാഡ് ഉന്നതതല സാഹിത്യ സമ്മേളനവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സാഹിത്യ ഉല്‍സവങ്ങളും അടക്കം പുതുവര്‍ഷത്തില്‍ ഭീഷണി നേരിട്ടതും ആക്രമിക്കപ്പെട്ടതും നിരവധിയാണ്. 92 ാം മറാഠി സാഹിത്യസമ്മളനം ഉദ്ഘാടനത്തിനു പ്രശസ്ത സാഹിത്യകാരി നയന്‍താര സെഹ്ഗാളിനെ ക്ഷണിച്ചതിനെതിരെ തീവ്രഹിന്ദുത്വ വിഭാഗം ഭീഷണിമുഴക്കിയതിനെതുടര്‍ന്നു സമ്മേളനം മാറ്റിവെച്ചു.
ഹിന്ദുത്വവാദികള്‍ കലാസാഹിത്യകാരന്‍മാരോട് പറയുന്നത് ഞങ്ങള്‍ക്ക് വിയോജിപ്പുള്ള വിഷയങ്ങള്‍ നിങ്ങള്‍ പ്രമേയമാക്കേണ്ട എന്നാണ്. അത്തരം സാഹിത്യവും സിനിമയും കലയും ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ തുനിഞ്ഞാല്‍ അത്തരക്കാരുടെ നാവുകള്‍ സംസാരിക്കില്ല, കൈകള്‍ ചലിക്കില്ല. എന്നൊക്കെയാണ്. ഇത് റഷ്യയിലെ സ്റ്റാലിന്‍ വാഴ്ചക്കാലത്ത് സാഹിത്യകാരന്‍മാര്‍ക്ക് നേരിട്ടതിലും വലിയ ഭീഷണിയാണ് എന്ന് നയന്‍താര സെഹ്ഗാള്‍ പറയുന്നു.
റഷ്യയില്‍ യുവ കവി ജോസഫ് ബ്രോഡ്‌സ്‌കിയെ അറസ്റ്റു ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കവിത ചുരുട്ടി മുഖത്തേക്കെറിഞ്ഞുകൊണ്ട് സ്റ്റാലിന്‍ പൊലീസ് വിഭാഗം ഉദ്യോഗസ്ഥര്‍ ബ്രോഡ്‌സ്‌കിയോട് ചോദിച്ചത് നിങ്ങളൊരു കവിയാണോ, ഇതൊരു കവിതയാണോ, സോവിയറ്റ് യൂണിയന് ഒരു ഭൗതിക നേട്ടമില്ലെങ്കില്‍ ഇതൊരു കവിതയല്ല, എന്നായിരുന്നു. ജയിലിലടച്ച ബ്രോഡ്‌സ്‌കിയെ തേടിയെത്തിയത് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരമായിരുന്നു. സൈബീരിയയിലെ തൊഴിലാളികളുടെ പീഡനകഥ പറഞ്ഞ റഷ്യന്‍ സാഹിത്യകാരന്‍ സോള്‍സെനിത്സിനും ഇങ്ങനെ സര്‍ക്കാര്‍ അധികൃതരുടെ ഭീഷണി നേരിട്ടിരുന്നു. അദ്ദേഹത്തിനും നൊബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. എതിര്‍പ്പുകളെ അവര്‍ തള്ളിക്കളഞ്ഞു സമൂഹത്തോടൊപ്പം നിലകൊള്ളുകയായിരുന്നു.
ഇതേവിധം തിന്‍മക്കെതിരെ പൊരുതിയ നരേന്ദ്ര ദഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് എന്നിവര്‍ രാജ്യത്ത് കൊല്ലപ്പെട്ടു, അവരുടെ അടുത്ത ഇര ഞാനായിരിക്കാം, സെഹ്ഗാളിന്റെ വാക്കുകളാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പലര്‍ക്കും സ്വാതന്ത്ര്യ സമര കാലത്തെ പ്രയാസങ്ങളെകുറിച്ച് അറിഞ്ഞുകാണില്ല. എത്ര ധീരരായ യോദ്ധാക്കളാണ് ആ സമരത്തില്‍ കൊല്ലപ്പെട്ടത്. അങ്ങിനെ കിട്ടിയ സ്വാതന്ത്ര്യത്തെ ആരുടെ മുമ്പിലും അടിയറവെക്കാന്‍ തയ്യാറല്ല. എന്റെ പിതാവ് രഞ്ജിത് സീതാറാം പണ്ഡിറ്റ് സംസ്‌കൃത പണ്ഡിതനായിരുന്നു. അദ്ദേഹം മൂന്നു സംസ്‌കൃത ക്ലാസ്സിക്കുകള്‍ ഇംഗ്ലീഷിലേക്കു ഭാഷാന്തരം ചെയ്തിട്ടുണ്ട്. മുദ്രരാക്ഷസ, കാളിദാസന്റെ ഋതു സംഹാര, രാജതരംഗിണി എന്നിവയാണവ.
പന്ത്രണ്ടാം നൂറ്റാണ്ടിലെ കശ്മീര്‍ രാജാവായ കല്‍ഹാനയുടെ ചരിത്രമാണ് രാജ തരംഗിണി. പിതാവ് സ്വാതന്ത്ര്യ സമരവേളയില്‍ ജയില്‍വാസ മനുഭവിക്കുന്ന കാലത്താണ് രാജതരംഗിണി പൂര്‍ത്തിയാക്കിയത്. എന്റെ അമ്മ വിജയലക്ഷമി പണ്ഡിറ്റിന്റെ പിതാവായ മോട്ടിലാല്‍ നെഹ്‌റുവിന് സമര്‍പ്പിച്ചതാണി കൃതി. എന്റെ അമ്മാവനായ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു അവതാരികയെഴുതിരുന്നത്. പിതാവിന് കശ്മീര്‍ ഭാഷയും നല്ലവശമായിരുന്നു. അമ്മ മൂന്നു തവണയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌വേണ്ടി ജയിലില്‍ പോയത്. അച്ഛന്‍ നാലു തവണയും. അച്ഛന്‍ ബറേലി ജയിലില്‍ കടുത്ത രോഗാവസ്ഥയിലായിരുന്നപ്പോള്‍ നാട്ടിലേക്കു എന്നു വരുമെന്നാരാഞ്ഞ അമ്മയോട ് ഞാന്‍ സിംഹങ്ങള്‍ക്കൊപ്പമാണ് കഴിയുന്നത്. ചെന്നായകളോടൊപ്പം കഴിയുന്നതിലും നല്ലത് അതാണ് എന്നായിരുന്നു മറുപടി. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെയാണ് സിംഹങ്ങള്‍ എന്ന് അച്ഛന്‍ പരാമര്‍ശിച്ചത്. ജയില്‍ മോചിതനായി മൂന്നാഴ്ചക്കകം അച്ഛന്‍ അതേ രോഗാവസ്ഥയില്‍ മരണമടയുകയായിരുന്നു. അമ്മ പിന്നീട് ബ്രിട്ടണില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരിക്കെ, ഭക്ഷണവേളയില്‍ അടുത്ത സീറ്റിലുണ്ടായിരുന്ന പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അമ്മയോട് പറഞ്ഞത് നിങ്ങളുടെ ഭര്‍ത്താവിനെ ഞങ്ങള്‍ കൊല്ലുകയായിരുന്നു, അങ്ങനെ തന്നെയല്ലേ, എന്നായിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ചവരോട് ഞാനീ ചരിത്രം പറയുന്നത് ആ സ്വാതന്ത്ര്യം നമുക്ക് നഷ്ടപ്പെട്ടു എന്നാണ്. നമ്മുടെ ഭാവി തലമുറയും സ്വാതന്ത്ര്യം അനുഭവിക്കണം. ഒരു ഹിന്ദുവാണെന്നതില്‍ അഭിമാനിക്കുന്ന ഞാന്‍ ആ സനാതന ധര്‍മ്മത്തെ മുറുകെപിടിച്ചു കൊണ്ടുതന്നെ പറയുന്നു ഹിന്ദുത്വ രാഷ്ട്രവാദത്തെയും അവരുടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും ജീവന്‍ വെടിഞ്ഞും എതിര്‍ക്കും. സ്വാതന്ത്ര്യ വീണ്ടെടുപ്പിനും അതിനായുള്ള പോരാട്ടത്തിനും ഞാന്‍ മുന്നിലുണ്ടാകും. സ്വാതന്ത്ര്യചിന്തകള്‍ക്ക് തീ കോരിയിടുന്ന സെഹ്ഗാളിന്റെ രക്തം കിനിയുന്ന പ്രതികരണമാണിത്. 1986ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവു കൂടിയാണ് സെഹ്ഗാള്‍.
ധാര്‍വാഡില്‍ ബി.ജെ.പി -യുവമോര്‍ച്ച പ്രവര്‍ത്തകരാണ് സാഹിത്യ സമ്മേളനം തടസ്സപ്പെടുത്തിയത്. പ്രമുഖ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകനായ ശിവ് വിശ്വനാഥന്റെ ദേശീയത സമകാലിക പരിവര്‍ത്തനം എന്ന പ്രബന്ധമവതരിപ്പിക്കുമ്പോഴാണ് മുദ്രാവാക്യം മുഴക്കി സ്റ്റേജിലേക്കു തള്ളിക്കയറുകയും പ്രഭാഷകരെ ആക്രമിക്കുകയും ചെയ്തത്. അസമിലും കശ്മീരിലും പട്ടാളം ജനങ്ങളെ പീഡിപ്പിക്കുന്നു എന്നു വിശ്വനാഥന്‍ പറഞ്ഞത് പിന്‍വലിക്കണമെന്നാവശ്യമായിരുന്നു അവര്‍ക്ക്. സദസ്സിലുള്ളവരെ ഭീഷണി മുഴക്കി പറഞ്ഞുവിട്ടു. കസേരകളും ബാനറുകളും നശിപ്പിച്ചു. ബി.ജെ.പി നേതാവ് സിദ്ദലിംഗയ്യയാണ് ഇവര്‍ക്ക് നേതൃത്വം നല്‍കിയത്. ജനാധിപത്യ രീതിയില്‍ ചോദ്യങ്ങളാവം എന്ന് അധ്യക്ഷന്‍ പ്രമുഖ തിരക്കഥാകൃത്ത് കെ.വി അക്ഷര്‍, സാഹിത്യകാരന്‍ ഗണേഷ്, പ്രമുഖ സാഹിത്യകാരന്‍ കൃഷ്ണമൂര്‍ത്തി എന്നിവരെല്ലാം വിളിച്ചുപറഞ്ഞെങ്കിലും ബഹളക്കാര്‍ അടങ്ങിയില്ല. പൊലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്. സമ്മേളനം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി നേതാക്കളായ ബി.എല്‍ സന്തോഷ്, ധാര്‍വാഡ് എം.പി പ്രഹഌദ ജോഷി എന്നിവര്‍ രംഗത്തുവരികയാണു ചെയ്തത്.
മാനവികതാ സന്ദേശ പ്രചാരണാര്‍ത്ഥം പ്രമുഖ സംഗീതജ്ഞന്‍ ടി.എം കൃഷ്ണ സംഘടിപ്പിച്ച കച്ചേരിയും ഇതേപോലെ ഭീഷണി നേരിട്ടതുകാരണം മാറ്റിവക്കേണ്ടിവന്നു. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹക്കെതിരെയും പ്രശസ്ത ബോളിവുഡ് താരം നസിറുദ്ദീന്‍ ഷാക്കെതിരെയും ഭീഷണിയും ബഹിഷ്‌കരണവും തുടരുകയാണ.്
അസമിലെ പ്രമുഖ സാഹിത്യ സാംസ്‌കാരിക നായകനായ ഹിരെന്‍ ഗുഹെയ്ന്‍, കൃഷക് മുക്തി സംഗ്രാം സമിതി നേതാവ് അഖില്‍ ഗൊഗോയി, പത്രപ്രവര്‍ത്തകന്‍ മഞ്ചിദ് മെഹന്ദ തുടങ്ങിയവരെ ദേശ വിരുദ്ധരെന്ന് ആരോപിച്ചു അറസ്റ്റു ചെയ്തിരിക്കുന്നു. സിറ്റിസണ്‍ഷിപ്പ് ബില്ലിനെതിരെ സംസാരിച്ചതിനാണ് അറസ്റ്റ്. നിരവധി മാധ്യമ മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. മണിപ്പൂരില്‍ യൂണിവാഴ്‌സിറ്റി വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ദേശവിരുദ്ധരെന്ന് പറഞ്ഞ് രാത്രിയില്‍ വീടുകളില്‍ കയറിചെന്ന് അറസ്റ്റ് ചെയ്യുന്നത് തുടരുന്നു.