Connect with us

Views

സംവരണവും മുസ്‌ലിംലീഗും

Published

on

ടി.പി.എം ബഷീര്‍

മുസ്‌ലിം സമുദായം ഉള്‍പ്പെടെയുള്ള പിന്നാക്ക-ന്യൂനപക്ഷങ്ങളുടെയും പട്ടികജാതി-വര്‍ഗ സമൂഹങ്ങളുടെയും സംവരണാവകാശത്തിനുവേണ്ടി വീറോടെ വാദിച്ച പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് കാണിച്ച് 1944-ല്‍ മുസ്‌ലിംലീഗ് നിവേദനം നല്‍കിയിരുന്നു. മുസ്‌ലിംകള്‍ക്ക് ഏഴ് ശതമാനം സംവരണം നല്‍കണമെന്ന് പ്രസ്തുത നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനയില്‍ പട്ടികജാതി-വര്‍ഗങ്ങളെ ഇതുമായി നിര്‍വചിക്കുന്നുണ്ട്. എന്നാല്‍ ‘മറ്റു പിന്നാക്ക വിഭാഗങ്ങള്‍’ എന്ന പ്രയോഗത്തിന്റെ നിര്‍വചനത്തെപ്പറ്റി വ്യക്തതയുണ്ടായിരുന്നില്ല. ആദ്യകാലത്ത് പ്രാന്തവല്‍കൃത സമൂഹങ്ങള്‍, വര്‍ഗങ്ങള്‍, ജാതികള്‍’ എന്നിവരെ മൊത്തത്തില്‍ ‘പിന്നാക്ക വിഭാഗങ്ങള്‍’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1880കളില്‍, പ്രാഥമിക വിദ്യാലയങ്ങളില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന നിരക്ഷരരും നിര്‍ധനരുമായ വിഭാഗത്തെയാണ് പിന്നാക്ക വിഭാഗമായി കണക്കാക്കിയിരുന്നത്.

പ്രധാനമായും രണ്ട് രീതിയിലാണ് പിന്നാക്ക വിഭാഗങ്ങള്‍ നിര്‍വചിച്ചിരുന്നത്. ഒന്ന്: അയിത്ത ജാതിക്കാരും ഗോത്രവര്‍ഗങ്ങളും ഉള്‍ക്കൊള്ളുന്ന സമൂഹത്തിലെ പരിഗണനയര്‍ഹിക്കുന്ന വിഭാഗം. രണ്ട്: അയിത്ത ജാതികളില്‍ പെടില്ലെങ്കിലും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന വിഭാഗം. ഈ രണ്ട് നിര്‍വചനങ്ങള്‍ക്കും ഹിന്ദു സമൂഹ ഘടനയാണ് ആധാരമായത്. സ്വാഭാവികമായും സംവരണാര്‍ഹരായ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ മുസ്‌ലിം സമുദായമോ, മറ്റു ന്യൂനപക്ഷങ്ങളോ ഉള്‍പ്പെടുകയില്ല എന്ന സ്ഥിതി വന്നു. ഇതിനെതിരെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ശക്തമായ വാദഗതി ഉയര്‍ത്തിയത് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബാണ്.

1946 മുതല്‍ 1950 വരെ നിലവിലുണ്ടായിരുന്ന ഭരണഘടനാ നിര്‍മ്മാണ സഭയില്‍ 1948 നവംബര്‍ 5നാണ് ഖാഇദെമില്ലത്ത് അംഗമാകുന്നത്. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടുമോ എന്ന ചോദ്യമുയര്‍ത്തിയത് ഖാഇദെ മില്ലത്താണ്. ചൂടേറിയ സംവാദം തന്നെ, ഭരണഘടന നിര്‍മ്മാണ സഭയില്‍ നടന്നു. അതിനൊടുവിലാണ് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ സമുദായങ്ങളെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകളും മറ്റും സംവരണാനുകൂല്യത്തിന് അര്‍ഹത നേടുന്നത്. സംവരണം പത്ത് വര്‍ഷത്തേക്ക് നിജപ്പെടുത്തണമെന്ന പണ്ഡിറ്റ് കുന്‍ഡ്രുവിന്റെ ഭേദഗതിയെയും ഖാഇദെമില്ലത്ത് എതിര്‍ത്തു.

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഖാഇദെമില്ലത്ത് നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം:

മിസ്റ്റര്‍ വൈസ് പ്രസിഡണ്ട്, സര്‍, 10-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പില്‍ ‘പിന്നാക്കം’ എന്ന വാക്ക് ഏത് സന്ദര്‍ഭവശാല്‍ ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഈ വാക്ക് കൂടാതെ ആ വകുപ്പ് ഒരാള്‍ വായിക്കുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം വ്യക്തമായും അനായാസമായും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ‘പിന്നാക്കം’ എന്ന വാക്ക് ചേര്‍ക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം വളരെയേറെ അവ്യക്തമായിത്തീരുന്നു. ഈ ഭരണഘടനയില്‍ ഒരിടത്തും ‘പിന്നാക്കം’ എന്ന വാക്ക് നിര്‍വചിച്ചിട്ടേയില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ ആ വാക്ക് നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ പറയട്ടെ. മദ്രാസില്‍ അതിന് സുനിശ്ചിതവും സാങ്കേതികവുമായ അര്‍ത്ഥമുണ്ട്. പിന്നാക്ക സമുദായങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഒട്ടേറെ ജാതികളും ഉപജാതികളും അവിടെയുണ്ട്. മദ്രാസ് പ്രവിശ്യയില്‍ അവിടുത്തെ ഗവണ്‍മെന്റ് ഇത്തരം 150ലേറെ സമുദായങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ പ്രവിശ്യയില്‍ നിങ്ങള്‍ ‘പിന്നാക്കം’ എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍, ആ 150ലധികം വരുന്ന സമുദായങ്ങളില്‍ ഒന്നിനെയാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ പൊതുവായ പിന്നാക്കാവസ്ഥ നേരിടുന്ന സമുദായങ്ങളെയല്ല. ആ 150ലധികം വരുന്ന സമുദായങ്ങള്‍ ആ പ്രവിശ്യയിലെ ജനസംഖ്യയിലെ ഭൂരിപക്ഷം ആണെന്നും ഞാന്‍ പറയട്ടെ. ആ സമുദായങ്ങളില്‍ ഓരോന്നും ഭൂരിപക്ഷ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. ആ പട്ടികയില്‍ പട്ടികജാതിക്കാരെ ഉള്‍പ്പെടുത്തിയിട്ടില്ല. അവരെക്കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആ പ്രവിശ്യയിലെ ജനസംഖ്യയുടെ ഭൂരിപക്ഷമായിത്തീരും.

ഇവിടെ പിന്നാക്കം എന്ന വാക്ക് ഉപയോഗിക്കുന്നത് വഴി മദ്രാസ് ഗവണ്‍മെന്റ് അര്‍ത്ഥമാക്കുന്ന അതേ പിന്നാക്ക വിഭാഗങ്ങളെയാണോ ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ വാക്കിന്റെ അര്‍ത്ഥം എനിക്കറിയണം. ഈ വകുപ്പിന്റെ അര്‍ത്ഥപരിധിയില്‍ നിന്നും മുസ്‌ലിംകള്‍, കൃസ്ത്യാനികള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെയും പട്ടികജാതിക്കാരായ ജനങ്ങളെയും ഒഴിവാക്കിയിരിക്കുന്നു എന്നൊരു അര്‍ത്ഥം അതിന് കല്‍പ്പിക്കരുത് എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷ വിഭാഗത്തില്‍ പെടാത്തവരിലും പിന്നാക്കക്കാരായ ആളുകളുണ്ട്. കൃസ്ത്യാനികള്‍ പിന്നാക്കക്കാരാണ്. പ്രവിശ്യകളിലെ സിവില്‍ സര്‍വീസുകളില്‍ അവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ല. അതുപോലെത്തന്നെയാണ് മുസ്‌ലിംകളുടെ കാര്യവും. പട്ടികജാതിക്കാരും അക്കൂട്ടത്തില്‍ വരും. നിയമനിര്‍മ്മാണം നടത്തുകയാണെങ്കില്‍ അത്തരം യഥാര്‍ത്ഥ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് അത് ചെയ്യേണ്ടത്. 296-ാം വകുപ്പില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് കീഴില്‍ അത്തരമൊരു വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവിടെ ഈ ജനവിഭാഗങ്ങള്‍ക്ക് സര്‍വീസില്‍ സംവരണം ഉണ്ടെന്ന് ഈ മൂന്നാം ഉപവകുപ്പിലേതുപോലെ പറയുന്നില്ല. അതുകൊണ്ട് ഇവിടെയാണ്, മൗലികാവകാശങ്ങളുടെ കൂട്ടത്തിലാണ് മുസ്‌ലിംകള്‍, കൃസ്ത്യാനികള്‍, പട്ടികജാതിക്കാര്‍ തുടങ്ങിയവര്‍ക്ക് അത്തരം ഒരു വ്യവസ്ഥ എഴുതിച്ചേര്‍ക്കേണ്ടത്.

പണ്ഡിറ്റ് കുന്‍സ്രു അവതരിപ്പിച്ച ഭേദഗതിക്ക് ഞാന്‍ എതിരാണ്. സംവരണം പത്ത് വര്‍ഷത്തേക്കായി നിജപ്പെടുത്താനുള്ള അവകാശം അല്ലെങ്കില്‍ സ്വാതന്ത്ര്യം ഗവണ്‍മെന്റിന് ഉണ്ടായിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അത്തരം കാര്യങ്ങളുടെ അളവുകോല്‍ സമയപരിധി ആയിരിക്കരുത്. ജനങ്ങളുടെ പിന്നാക്കാവസ്ഥ നൂറ്റാണ്ടുകളായും യുഗങ്ങളായും നിലനില്‍ക്കുന്ന അവസ്ഥാ വിശേഷണങ്ങളുടെ ഫലമാണ്. അവ എളുപ്പത്തില്‍ അപ്രത്യക്ഷമാകില്ല. അതുകൊണ്ട് പിന്നാക്കാവസ്ഥയെ ഇല്ലാതാക്കാന്‍ എടുക്കുന്ന നടപടികളായിരിക്കണം യഥാര്‍ത്ഥ അളവുകോല്‍. ഈ നടപടികളുടെ ഫലമായി ജനങ്ങള്‍ കൈവരിക്കുന്ന മുന്നോക്കാവസ്ഥയായിരിക്കണം മാനദണ്ഡം. അങ്ങനെ ജനങ്ങള്‍ പുരോഗതി കൈവരിക്കുകയും രാജ്യത്തെ മറ്റേതു സമുദായത്തെയും പോലെ മുന്നാക്കം നീങ്ങുകയും ചെയ്യുമ്പോള്‍ സംവരണം സ്വയമേദ ഇല്ലാതാകും. ഈ ഉദ്ദേശ്യത്തിനായി ഒരു കാലപരിധി നിശ്ചയിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. ആ കാലപരിധി പത്ത് വര്‍ഷത്തില്‍ കൂടുതലോ, കുറവോ ആയിരിക്കാം. അത് പിന്നാക്കാവസ്ഥ തുടര്‍ന്ന് നിലനില്‍ക്കുമ്പോള്‍ അഥവാ അപ്രത്യക്ഷമാകുന്നോ എന്നതിനെ ആശ്രയിച്ചിരിക്കും. സംവരണത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഈ സഭയില്‍ വ്യക്തമാക്കാന്‍ ഞാന്‍ പ്രമേയാവതാരകനോട് അഭ്യര്‍ത്ഥിക്കുന്നു. സംവരണം ആവശ്യമുള്ളവരാണ് ന്യൂനപക്ഷ സമുദായങ്ങള്‍.

ഭരണഘടനാ നിര്‍മ്മാണ സഭയിലെ ഖാഇദെമില്ലത്തിന്റെ ഇടപെടലിനെപ്പറ്റി സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ”ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അംഗങ്ങള്‍ പ്രശ്‌നമുന്നയിക്കുന്നതുവരെ ‘മറ്റു മതവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍’ എന്ന വിഷയത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ പോലുമുണ്ടായിരുന്നില്ല. പിന്നാക്ക വിഭാഗമെന്ന പരിഗണന ന്യൂനപക്ഷ സമുദായങ്ങളിലെ പിന്നാക്ക സമൂഹത്തിന് ലഭിക്കുമോ എന്ന വിശദീകരണമാരാഞ്ഞത് മദ്രാസിലെ മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആയിരുന്നു” (സച്ചാര്‍ സമിതി റിപ്പോര്‍ട്ട്. പേജ് 198)

മദ്രാസ് നിയമസഭയില്‍ കെ.എം സീതി സാഹിബ് സംവരണത്തിന് വേണ്ടി വാദിക്കുകയുണ്ടായി. ഗവര്‍ണറുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് 1950 ആഗസ്റ്റ് മൂന്നിന് നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം.

”മാഡം, വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും സഹായവും നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഞാന്‍ ആദരപൂര്‍വ്വം ഗവണ്‍മെന്റിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. മുസ്‌ലിം സമുദായത്തിന്, വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മാപ്പിള സമുദായത്തിന് പ്രത്യേകിച്ച് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന കാര്യത്തില്‍ ഈയിടെ ചെയ്ത കാര്യങ്ങള്‍ക്ക് എനിക്ക് ഗവണ്‍മെന്റിനോട് നന്ദിയുണ്ട്. വിദ്യാഭ്യാസപരമായി വളരെയേറെ മുന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ തലത്തിലേക്ക് ഈ സമുദായങ്ങളെ വിദ്യാഭ്യാസപരമായി കൊണ്ടുവരുന്നതിനായി വളരെയേറെ പ്രോത്സാഹനവും സഹായവും സൗജന്യങ്ങളും നല്‍കേണ്ടതുണ്ട്.

മാഡം, കോളജ് പ്രവേശനം സംബന്ധിച്ച കമ്മ്യൂണല്‍ റൂളിനെക്കുറിച്ച് പലതരം പ്രശ്‌നങ്ങള്‍ കേള്‍ക്കാനിടയായി. ഈ റൂള്‍ നടപ്പാക്കുന്നതുവഴി ഗവണ്‍മെന്റ് ഒരു സമനീതി നടപടിയാണ് പിന്തുടരുന്നതെന്നും പൊതുജനങ്ങളുടെ വിവിധ വിഭാഗങ്ങളോട് നീതിയാണ് ചെയ്യുന്നതെന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭരണഘടനാപരമായ തടസ്സങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ മാറ്റിക്കിട്ടാന്‍ ഗവണ്‍മെന്റിന് സുപ്രീംകോടതിയെ സമീപിക്കാം. അല്ലെങ്കില്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതുപോലെ ബുദ്ധിപരമായി മുന്നോക്കം നില്‍ക്കുന്ന ഒരു ചെറുവിഭാഗത്തിന്റെ ഭരണവ്യവസ്ഥയാണ് ഇവിടെ ഉണ്ടാവുക. അത് ജനാധിപത്യത്തിന്റെ നിഷേധം ആയിരിക്കുകയും ചെയ്യും.”

 (തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

kerala

സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 3,760രൂപ

നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ

Published

on

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.

കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്‍റെ ഇന്നലത്തെ വില.

ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Continue Reading

Trending