Connect with us

Culture

മനുഷ്യാവകാശങ്ങളുടെ സ്വന്തം ലേഖകന്‍

Published

on

എം.പി അബ്ദു സമദ് സമദാനി

ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടം. അതായിരുന്നു ഒരു നൂറ്റാണ്ട് തികയാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സമരവേദിയില്‍ നിന്നും വിടപറഞ്ഞുപോയ കുല്‍ദീപ് നയാറിന്റെ ജീവിതം. ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായി തൂലികയിലൂടെയും നല്ല കാലം പാര്‍ലമെന്റിലും ജീവിതകാലം മുഴുവന്‍ മറ്റ് നിരവധി വേദികളിലുമായി നാവിലൂടെയും തളരാത്ത പോരാളിയായി അദ്ദേഹം നീതിയുടെ പക്ഷത്ത് നിലകൊണ്ടു. ഏത് ഘട്ടത്തിലും ഏത് മേഖലയിലും അദ്ദേഹത്തിന്റെ നിലപാട്തറ സുവ്യക്തവും സുദൃഢവുമായിരുന്നു. ഇന്ത്യയുടെയും ജനാധിപത്യ, മതേതര മൂല്യങ്ങളില്‍ പണിതുയര്‍ത്തിയതായിരുന്നു അത്. ദേശീയതയും ബഹുസ്വരതയുമായിരുന്നു അതിന്റെ മറ്റ് അടിസ്ഥാനങ്ങള്‍. ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമായ എന്തിനെയും അരിഞ്ഞുവീഴ്ത്തുന്ന ഖഡ്ഗ പ്രഹരമായിരുന്നു കുല്‍ദീപിന്റെ തൂലിക ഏല്‍പിച്ചത്.

വിഭജനത്തോടെ പാകിസ്താന്റെ ഭാഗമായിത്തീര്‍ന്ന ലാഹോറില്‍ ജനിച്ച് സ്വാതന്ത്ര്യലബ്ധിയുടെ വേളയില്‍ തന്നെ ഇന്ത്യയിലേക്ക് മാറിത്താമസിച്ച കുടുംബത്തിലെ അംഗമായ കുല്‍ദീപ് നയാര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തിന് പുറമെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍, പാര്‍ലമെന്റംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിക്കുകയും ചെയ്തു. എന്നാല്‍ എക്കാലത്തും അദ്ദേഹത്തിന്റെ മുഖ്യതട്ടകം മാധ്യമരംഗം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കോളങ്ങള്‍ വിപുലമായി വായിക്കപ്പെട്ടു. അദ്ദേഹം എഴുതിയ പുസ്തകങ്ങളും പംക്തികളെപ്പോലെ ശ്രദ്ധിക്കപ്പെടുകയും ചൂട്പിടിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു.

‘അന്‍ജാം’ എന്ന ഉര്‍ദു ദിനപത്രത്തില്‍ നിന്നാണ് സുദീര്‍ഘമായ ആ തൂലികാ സഞ്ചാരം ആരംഭിക്കുന്നത്. പഴയ ഡല്‍ഹി നഗരത്തില്‍ കബാബും കഴിച്ച് ജോലി അന്വേഷിച്ചു നടക്കുകയായിരുന്ന ബിഎഡും എല്‍.എല്‍.ബിയുമുള്ള ചെറുപ്പക്കാരന്‍ യാസീന്‍ എന്ന വ്യക്തി എഡിറ്ററായ ‘അല്‍ജാമില്‍’ എത്തിച്ചേര്‍ന്നു. പഴയ ഡല്‍ഹിയില്‍ തന്നെയുള്ള ബെല്ലിമാരാന്‍ തെരുവില്‍ നിന്നായിരുന്നു ‘അന്‍ജാം’ അച്ചടിച്ചിരുന്നത്. അവിടെ നിന്ന് കുല്‍ദീപ് നയാര്‍ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യാക്ഷരം കുറിച്ചു. പഞ്ചാബി മാതൃഭാഷക്കാരനായ കുല്‍ദീപിന് ഉര്‍ദുവും മാതൃഭാഷ പോലെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കാവ്യലോകം മുഴുവന്‍ ഉര്‍ദു ആയിരുന്നു. ഉര്‍ദുവിന്റെ വേരുകള്‍ ചെന്നെത്തുന്ന ഭാഷകളില്‍പെട്ട പേര്‍ഷ്യനും അദ്ദേഹത്തിന് വശമായിരുന്നു.

കേരളത്തില്‍ ഞങ്ങള്‍ ഒന്നിച്ച് നടത്തിയ യാത്രകള്‍ക്കെല്ലാം ഉര്‍ദുവിന്റെ കാവ്യസുഗന്ധം ഉണ്ടായിരുന്നു. നിരവധി ഈരടികള്‍ ഒന്നിച്ചിരുന്നു ആസ്വദിക്കുകയും പരസ്പരം കൈമാറുകയും ചെയ്ത കാവ്യമുഹൂര്‍ത്തങ്ങള്‍…. ഗാലിബും ഇഖ്ബാലും ഫിറാഖും ഫൈസും ജോഷും ഹസ്‌റത്തുമെല്ലാം കുല്‍ദീപിന്റെ ഇഷ്ട കവികളായിരുന്നു. നിരവധി കവിതകള്‍ അദ്ദേഹം മന:പാഠമാക്കി ഓര്‍മ്മയില്‍ അടുക്കിവെച്ചു. സന്ദര്‍ഭം വരുമ്പോള്‍ അതത്രയും ഈണത്തില്‍ അദ്ദേഹത്തിന്റെ പൗരുഷമുള്ള സ്വരത്തിലൂടെ പ്രവാഹം കൊണ്ടു.

ഉര്‍ദുവില്‍ പത്രപ്രവര്‍ത്തനത്തിന് അത്ര മെച്ചപ്പെട്ട ഭാവിയില്ലെന്ന് പറഞ്ഞു ഇംഗ്ലീഷിലേക്ക് മാറാന്‍ കുല്‍ദീപിനെ ഉപദേശിച്ചത് പ്രശസ്ത ഉര്‍ദു കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ഹസ്‌റത്ത് മൊഹാനിയായിരുന്നു. അങ്ങനെ ഇംഗ്ലീഷ് പത്രങ്ങളിലേക്ക് എത്തിച്ചേര്‍ന്നെങ്കിലും കുല്‍ദീപ് നയാര്‍ അന്ത്യം വരെയും ഉര്‍ദുവിലെയും പഞ്ചാബിലെയും പത്രങ്ങളില്‍ എഴുതിക്കൊണ്ടേയിരുന്നു. യു.എന്‍.ഐയുടെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും അമരസ്ഥാനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി അനവരതം പ്രയത്‌നിച്ച അദ്ദേഹത്തിന്റെ കരങ്ങളില്‍ പത്രങ്ങളും വാര്‍ത്താ ഏജന്‍സികളും കൂടുതല്‍ ശക്തി സംഭരിക്കുകയായിരുന്നു. സുപ്രധാനമായ ഇതര മേഖലകളില്‍ പലതിലും പ്രവര്‍ത്തിച്ചുവെങ്കിലും കുല്‍ദീപിന് എന്നും ഏറ്റവും ഇഷ്ടപ്പെട്ട ജോലി പത്രപ്രവര്‍ത്തനം തന്നെയായിരുന്നു. പത്രക്കാരനായിരിക്കുക, റിപ്പോര്‍ട്ടര്‍ ആയിരിക്കുകയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമെന്ന് അദ്ദേഹം പലവുരു പറയുകയുണ്ടായി.

ദേശീയ പ്രസ്ഥാനത്തെ സംബന്ധിച്ച സൂക്ഷ്മമായ അറിവും ദേശീയ നേതാക്കളുമായുള്ള അടുത്ത ബന്ധവും കുല്‍ദീപിന്റെ ദൗത്യത്തിന് കൂടുതല്‍ മിഴിവേകി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ‘അന്‍ജാമി’ലായിരിക്കെ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ലാല്‍ബഹദൂര്‍ ശാസ്ത്രിയോടും അദ്ദേഹം അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. ഇന്ദിരാഗാന്ധിയുമായി അടുപ്പം ഉണ്ടായിരിക്കെ തന്നെ അവരെ വിവിധ ഘട്ടങ്ങളില്‍ ശക്തമായി പിന്തുണക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യ- പാക് യുദ്ധകാലത്ത് കുല്‍ദീപ് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചും അടിയന്തിരാവസ്ഥക്കാലത്ത് അവരെ വിമര്‍ശിച്ചും എഴുതി. അടിയന്തിരാവസ്ഥയെ ശക്തമായി വിമര്‍ശിച്ച കുല്‍ദീപ് നയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തിഹാര്‍ ജയിലില്‍ തനിക്ക് ലഭിച്ചിരുന്ന ഭക്ഷണത്തില്‍ നിറയെ ഈച്ചയായിരുന്നുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യമൊക്കെ ആഹാരം കഴിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ക്രമേണ ഈച്ച നിറഞ്ഞ ഭക്ഷണത്തോട് പൊരുത്തപ്പെടാന്‍ ശീലിച്ചു.

തന്റെ മനസ്സാക്ഷിയെ പിന്‍പറ്റിക്കൊണ്ട് നടത്തിയ പോരാട്ട വഴികളിലെ പ്രതിസന്ധികള്‍ അചഞ്ചലനായി നേരിട്ട കുല്‍ദീപ് നയാര്‍ നേരിനും നീതിക്കും വേണ്ടിയുള്ള സമരമാണ് പത്രപ്രവര്‍ത്തനം എന്ന് വിശ്വസിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള വലിയൊരു കാവല്‍ ദൗത്യമായിരുന്നു അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. വര്‍ഗീയ, ഫാസിസ്റ്റ് പ്രവണതകള്‍ രാജ്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതം അദ്ദേഹം തിരിച്ചറിയുകയും അതിനെ ധീരമായി നേരിടുകയും ചെയ്തു. സമുദായ സൗഹാര്‍ദ്ദവും ബഹുസ്വരതയും അദ്ദേഹത്തിന്റെ സുപ്രധാന തത്വങ്ങളും കര്‍മ്മമേഖലകളുമായിരുന്നു. ദേശീയോദ്ഗ്രഥനം നമ്മുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സുരക്ഷയില്‍ മാത്രമാണെന്ന് ഉറച്ചു വിശ്വസിച്ച കുല്‍ദീപ് അതിന്റെ സംരക്ഷണത്തിനായി വീറോടെ വാദിക്കുകയും ധീരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഈ ലേഖകന്‍ രാജ്യസഭയില്‍ അംഗമായി ചെന്നപ്പോള്‍ അവിടെ കുല്‍ദീപ് നയാര്‍ ഉണ്ടായിരുന്നു. സ്‌നേഹസമ്പന്നനായ ഒരു ജ്യേഷ്ഠ സഹോദരനെയാണ് പില്‍ക്കാലത്ത് ആ ബന്ധം പ്രധാനം ചെയ്തത്. മൂന്ന് തവണ കേരളത്തിലെ പരിപാടികളിലേക്ക് ക്ഷണിച്ചു. എല്ലാ ക്ഷണങ്ങളും സ്വീകരിച്ചു കോഴിക്കോട്ട് വന്ന് പ്രബുദ്ധമായ പ്രഭാഷണങ്ങള്‍ ചെയ്തു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഉര്‍ദു പ്രഭാഷണങ്ങള്‍ പരിഭാഷപ്പെടുത്താന്‍ അവസരമുണ്ടായതും ഓര്‍ക്കുന്നു. പത്‌നീസമേതം കേരളത്തില്‍ വന്ന അദ്ദേഹം ഇവിടത്തെ പ്രകൃതിഭംഗിയും ഭക്ഷണവും ആസ്വദിച്ചു. ഉര്‍ദു, പഞ്ചാബി ഗസല്‍, ഖവാലികളുടെ സീഡികള്‍ യാത്രക്കിടയില്‍ കേള്‍പ്പിച്ച് അദ്ദേഹത്തെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ ലഭിച്ച സന്ദര്‍ഭങ്ങളും ഇപ്പോള്‍ ദു:ഖത്തോടെ ഓര്‍ക്കുന്നു.

എഴുത്തിലും പ്രസംഗത്തിലും മാത്രമല്ല, ജീവിതത്തിലാകെ അടിമുടി ഒരു യഥാര്‍ത്ഥ മതേതരവാദിയായിരുന്നു കുല്‍ദീപ് നയാര്‍. മതേതര ഇന്ത്യയുടെ ഭാവിയായിരുന്നു അദ്ദേഹത്തെ എപ്പോഴും പ്രത്യേകിച്ചും അവസാനകാലത്ത് ഉല്‍ക്കണഠാകുലനാക്കിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം റിപ്പോര്‍ട്ടു ചെയ്ത ആ യുവ പത്ര പ്രവര്‍ത്തകന്‍ ഗാന്ധിജിക്ക് ശേഷം ഇന്ത്യ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനിന്നു. പില്‍ക്കാലത്ത് പലപ്പോഴും അതേ ചോദ്യം അദ്ദേഹത്തെ അസ്വസ്ഥനാക്കി. നീതിയുടെ പോരാളിയായ വലിയൊരു മാധ്യമ പ്രതിഭ മാത്രമായിരുന്നില്ല കുല്‍ദീപ് നയാര്‍. യഥാര്‍ത്ഥ മനുഷ്യസ്‌നേഹി കൂടിയായിരുന്നു. തന്റെ ജീവിതം തന്നെ മനുഷ്യത്വത്തിനായി സമര്‍പ്പിച്ച മഹാനായ മനുഷ്യ സ്‌നേഹി.

Film

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’; വി.സി. അഭിലാഷിന്റെ സംവിധാനമികവിന് പ്രേക്ഷകരുടെ കൈയടി

Published

on

കുടുംബബന്ധങ്ങളുടെ ആര്‍ദ്രതയും പ്രാധാന്യവും ചര്‍ച്ച ചെയ്യുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’ക്ക് ഐഎഫ്എഫ്‌കെയില്‍ മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്.

ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയുള്ള സിനിമയാണ് ‘എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി’. ഈ കഥാപശ്ചാത്തലം തന്നെയാണ് മേളയില്‍ സിനിമയുടെ സ്വീകാര്യത കൂട്ടുന്നത്. കുടുംബ, സാമൂഹിക മൂല്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ ബാലതാരങ്ങളുടെ അഭിനയവും എടുത്തുപറയേണ്ടതാണ്. സിനിമയുടെ അവസാന പ്രദര്‍ശനം ശ്രീ തീയേറ്ററില്‍ ഇന്ന് രാവിലെ 9.15ന് നടന്നു.
.

Continue Reading

Film

‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദര്‍ശിപ്പിക്കുന്നത് 3 ആനിമേഷന്‍ ചിത്രങ്ങള്‍

എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്ന് ആനിമേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം. എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയിലാണ് ആനിമേഷന്‍ സിനിമകള്‍ മേളയില്‍ ഒരു പ്രത്യേക വിഭാഗമായി ആദ്യം അവതരിപ്പിച്ചത്.

ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. ആനിമേഷന്‍ സിനിമകളോട് പുതുതലമുറയ്ക്ക് ഏറെ പ്രിയമാണെന്നും മറ്റ് സിനിമകളെപ്പോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതാണെന്നുമുള്ള വസ്തുത കൂടി കണക്കിലെടുത്താണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ പാക്കേജ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിയാറാ മാള്‍ട്ടയും സെബാസ്റ്റ്യന്‍ ലോഡെന്‍ബാക്കും ചേര്‍ന്ന് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രമാണ് ചിക്കന്‍ ഫോര്‍ ലിന്‍ഡ. പാചകമറിയാത്ത പോളിറ്റ്, മകള്‍ ലിന്‍ഡയെ അന്യായമായി ശിക്ഷിച്ചതിന് പ്രായശ്ചിത്തമായി ചിക്കന്‍ വിഭവം തയ്യാറാക്കാന്‍ നെട്ടോട്ടമോടുന്ന കഥയാണ് ചിത്രം പറയുന്നത്. 2023ലെ സെസാര്‍ പുരസ്‌കാരവും മാഞ്ചസ്റ്റര്‍ ആനിമേഷന്‍ ഫെസ്റ്റിവലില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കന്‍ ഫോര്‍ ലിന്‍ഡയ്ക്ക്.

ജീന്‍ ഫ്രാന്‍സ്വ സംവിധാനം ചെയ്ത എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, സര്‍ഗാത്മക സ്വപ്നങ്ങള്‍ കാണുന്ന ഫ്രാന്‍സ്വ എന്ന കുട്ടിയുടെ കഥയാണ് പറയുന്നത്. കാന്‍ ചലച്ചിത്രമേള ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പരസ്പര വ്യത്യാസം മറയ്ക്കാന്‍ തല കടലാസുസഞ്ചികള്‍ കൊണ്ട് മൂടിയ ഒരുജനതയുടെ കഥയാണ് ഇഷാന്‍ ശുക്ല സംവിധാനം ചെയ്ത ‘ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റി’ല്‍ പറയുന്നത്. 2024ല്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിട്ടുണ്ട്.

Continue Reading

Film

റിലീസിന് 33 വര്‍ഷങ്ങള്‍ക്ക് ശേഷവും ആവേശം ചോരാതെ അമരം

ഛായഗ്രാഹകന്‍ മധു അമ്പാട്ടിനൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആരാധകര്‍

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ മലയാള ചലച്ചിത്രം ‘അമരം’ പ്രദര്‍ശിപ്പിച്ചു. ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചായഗ്രഹകന്‍ മധു അമ്പാട്ടാണ്.

സിനിമയുടെ പല രംഗങ്ങള്‍ക്കും വന്‍ കൈയടിയാണ് ലഭിച്ചത്. സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓര്‍മ പുതുക്കല്‍ വേദി കൂടിയായി പ്രദര്‍ശനം മാറി. സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നു ചോദ്യോത്തരവേളയില്‍ മധു അമ്പാട്ട് പ്രതികരിച്ചു. സിനിമാ ജീവിതത്തില്‍ അന്‍പത് വര്‍ഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയില്‍ ‘അമരം’ പ്രദര്‍ശിപ്പിച്ചത്.

Continue Reading

Trending