X
    Categories: Views

കുട്ടികളുടെ തിരോധാനവും പരിഹാര മാര്‍ഗങ്ങളും

സലീം പടനിലം

കാണാതാവുന്ന കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാവുന്നു. കേരളത്തില്‍ കുട്ടികള്‍ അപ്രത്യക്ഷമാകുന്നത് ദിനേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കൊച്ചു കുട്ടികളെ പോലും കുട്ടിപ്പിടുത്തക്കാര്‍ നോട്ടമിടുന്നു. കേരളത്തില്‍ കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ എട്ടിരട്ടി കൂടുതല്‍ വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 12നും 18നും മധ്യേ പ്രായമുള്ള പെണ്‍കുട്ടികളാണ് കാണാതാവുന്നവരില്‍ കൂടുതലും.

 

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2016ല്‍ 145 പെണ്‍കുട്ടികളെയും 18 ആണ്‍കുട്ടികളെയുമാണ് സംസ്ഥാനത്തുനിന്ന് കാണാതായത്. ദേശീയതലത്തിലും ആണ്‍കുട്ടികളേക്കാള്‍ രണ്ടിരട്ടി കൂടുതലാണ് കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണം. 2016ല്‍ രാജ്യത്തൊട്ടാകെ 47,840 കുട്ടികളെ തട്ടിക്കൊണ്ടുപോയി. 36,123 പെണ്‍കുട്ടികളെയും 11,717 ആണ്‍കുട്ടികളെയും.

 

കാണാതാവുന്ന കുട്ടികളെക്കുറിച്ചുള്ള കണക്കുകള്‍ യാഥാര്‍ഥ്യങ്ങള്‍ക്കും വളരെ അപ്പുറമാണ്. പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. വിവിധ ഏജന്‍സികള്‍ വ്യത്യസ്ത കണക്കുകളാണ് അവതരിപ്പിക്കുന്നത്. കാണാതായ കുട്ടികളെ കണ്ടെത്താനുള്ള ദേശീയ വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ കേരളത്തിലെ കാണാതാവുന്ന കുട്ടികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് നമ്മുടെ സാമൂഹിക ജാഗ്രതയുടെ അപര്യാപ്തതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പിന്നിട്ട ഒരുവര്‍ഷത്തില്‍ 727 കുട്ടികള്‍ വീടും നാടും വിട്ടിറങ്ങിയതായി ഈ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

ഇവരില്‍ കണ്ടെത്താനായത് 582 പേരെയാണ്. 145 കുട്ടികള്‍ ഇപ്പോഴും കാണാമറയത്താണ്. ബാലവേല, ഭിക്ഷാടനം, ലൈംഗിക പീഡനം, വൃക്കയുള്‍പ്പെടെയുള്ള അവയവക്കച്ചവടം, വ്യാജ ദത്ത് നല്‍കല്‍ എന്നിവക്കായാണ്കുട്ടികളെ പ്രധാനമായും കടത്തിക്കൊണ്ടുപോകുന്നത്. ഇതിലൂടെ കുട്ടിക്കടത്ത് മാഫിയ കോടികളാണ് സമ്പാദിക്കുന്നത്. കുട്ടികളെ കാണാതാവുന്ന സംഭവങ്ങളില്‍ പലതും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഇതുമൂലം കുട്ടികളെ കണ്ടെത്താനോ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ കഴിയുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളും അധ്യാപകരുമാണ്. കുട്ടികള്‍ പിണങ്ങി സ്വയം വീട് വിട്ടു പോകുന്ന സ്ഥിതി വിശേഷം കുടുംബാന്തരീക്ഷത്തില്‍ നിന്നൊഴിവാക്കണം. യാത്രാവേളകളില്‍ പ്രത്യേകിച്ച്, ദീര്‍ഘദൂര ട്രെയിന്‍ യാത്രകളിലും മറ്റും കുട്ടികള്‍ കൂട്ടം തെറ്റി വഴി മാറി പോകുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. കാണാതാവുന്ന കുട്ടികള്‍ വെള്ളത്തില്‍ വീണും മറ്റു അപകടങ്ങളില്‍പെട്ടും മരണപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. കുട്ടികളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന അശ്രദ്ധയാണ് ഇതിനൊക്കെ കാരണം. കുട്ടിപ്പിടുത്തക്കാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിക്കൊടുക്കുന്നതും ഇതൊക്കെ തന്നെ. വീട്ടിലായാലും വിദ്യാലയത്തിലായാലും കുട്ടികളില്‍ എപ്പോഴും ഒരു കണ്ണ് വേണം. അപരിചിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍നിന്ന് കുട്ടികളെ വിലക്കണം. അവര്‍ നല്‍കുന്ന മിഠായികളോ കളിപ്പാട്ടങ്ങളോ മറ്റു ഭക്ഷ്യവസ്തുക്കളോ ഉപഹാരങ്ങളോ സ്വീകരിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്ന വാഹനങ്ങളില്‍ കയറരുതെന്നും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കണം. നിര്‍ണായക ഘട്ടങ്ങളില്‍ ഓര്‍ത്തെടുക്കാന്‍ വീട്ടുവിലാസവും ഫോണ്‍ നമ്പറും കുട്ടികളെ പഠിപ്പിക്കണം. സമയപരിധി കഴിഞ്ഞും കുട്ടികള്‍ എത്തിയില്ലെങ്കില്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും പരസ്പരം ആശയ വിനിമയം നടത്തണം.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കുട്ടികളെ കാണാതാവുന്ന വിഷയത്തില്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളെ കാണാതായാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ത്വരിതാന്വേഷണം നടത്തണമെന്നതാണ് അതില്‍ പ്രധാനം. ഈ ആവശ്യാര്‍ഥം പൊലീസ് സ്‌റ്റേഷനുകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കണമെന്നും ആവശ്യമെങ്കില്‍ സ്‌പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റ് സജ്ജമാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. കുട്ടികളെ കാണാതായാല്‍ വിവരം കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് രൂപീകരിച്ച ദേശീയ കമ്മീഷനെയോ സംസ്ഥാന ബാലാവകാശ കമ്മീഷനുകളെയോ അറിയിക്കണമെന്നും കാണാതായ കുട്ടികള്‍ വിദൂര ദിക്കുകളിലെത്തിപ്പെടും മുമ്പ് അവരെ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പൊലീസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ഇതിനായി കമ്മ്യൂണിറ്റി പൊലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകും.

chandrika: