Connect with us

Culture

കശ്മീര്‍ ചരിത്രവും വസ്തുതകളും

Published

on

പി.വി.എ പ്രിംറോസ്

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 മുന്നറിയിപ്പോ മുന്നൊരുക്കങ്ങളോ ഇല്ലാതെ റദ്ദാക്കി രാഷ്ട്രപതിയോട് ഒപ്പ്‌വെപ്പിച്ച് രാജ്യസഭയില്‍ പാസാക്കിയെടുത്തതോടെ പുതിയൊരു രാഷ്ട്രീയ പ്രതിസന്ധിക്കാണ് കേന്ദ്ര ഗവണ്‍മെന്റ് തുടക്കം കുറിച്ചിരിക്കുന്നത്. എഴുപത് വര്‍ഷം മുമ്പ് രാഷ്ട്രശില്‍പികള്‍ കശ്മീരികളുമായുണ്ടാക്കിയ ഉടമ്പടികള്‍ക്ക് പുല്ലുവില കല്‍പിക്കാതെയും തദ്ദേശീയരുടെ ഹിത പരിശോധനക്ക് അവസരം നല്‍കാതെയും നിര്‍മിച്ച ഈ ‘അവിവേക ഇടപെടല്‍’ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. നേതാക്കളെ തളച്ചിട്ടും ഇന്റര്‍നെറ്റ് വിഛേദിച്ചും വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ഇല്ലാതാക്കിയും സൈന്യത്തെ മേയാന്‍വിട്ടും നടപ്പാക്കേണ്ട ഒന്നല്ല രാജ്യത്തിന്റെ സൈ്വര്യവും സമാധാനവും എന്ന തിരിച്ചറിവ് നേടിയെടുക്കുന്നത്‌വരെ കശ്മീര്‍ പുകഞ്ഞുകൊണ്ടേയിരിക്കുമെന്ന കാര്യം ഊഹിക്കാവുന്നതാണ്.
നെഹ്‌റു മുതലിങ്ങോട്ട് ക്രാന്തദര്‍ശികളായ നിരവധി ഭരണകര്‍ത്താക്കള്‍ ചിന്തിച്ചും മനനം ചെയ്തും പ്രാദേശിക നേതാക്കളുമായി കൂടിയാലോചിച്ചും സംരക്ഷിച്ചുനിര്‍ത്തിയ ആഭ്യന്തര താല്‍പര്യങ്ങള്‍ ചരിത്രത്തോട് തെല്ലും നീതി പുലര്‍ത്താതെ പിച്ചിച്ചീന്തിയെറിയുകവഴി രാജ്യത്തെ വീണ്ടും അശാന്തിയുടെ അഗ്നിച്ചുഴിയിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ് അമിത്ഷാ-ഡോവല്‍ കൂട്ടുകെട്ട് ചെയ്തിരിക്കുന്നത്. ഭരണപക്ഷത്തിന്റെ പഴുതടച്ച തന്ത്രങ്ങളോ പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയോ അല്ല യഥാര്‍ഥത്തില്‍ 370ാം വകുപ്പ് റദ്ദാക്കാന്‍ നിമിത്തമായത്. മറിച്ച് ചരിത്രത്തിലുള്ള അജ്ഞതയും സങ്കുചിത ചിന്തകളുടെ ആധിക്യവുമാണ് അവരെ ആ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് സാമാന്യബോധമുള്ളവര്‍ക്കെല്ലാം മനസ്സിലാവും. കശ്മീരിന്റെ ചരിത്രം പൂര്‍ണമായും മനസ്സിലാക്കിയ ഒരാള്‍ക്കും റദ്ദാക്കല്‍ നയത്തിനോട് യോജിക്കാന്‍ കഴിയില്ലെന്ന് തീര്‍ച്ചയാണ്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന 84471 സ്‌ക്വയര്‍ മൈല്‍ അതിര്‍ത്തി പ്രദേശമാണ് കശ്മീര്‍. മെസപ്പോട്ടോമിയയില്‍നിന്ന് വന്ന കാഷ് വര്‍ഗത്തില്‍പെട്ട ആദിവാസികള്‍ നിവസിച്ചിരുന്ന സ്ഥലം കാഷിര്‍ എന്നും കാലക്രമേണ കശ്മീര്‍ എന്നും അറിയപ്പെടുകയാണുണ്ടായത് എന്നതാണ് ചരിത്രരേഖകള്‍ നല്‍കുന്ന സ്ഥലനാമത്തെകുറിച്ചുള്ള സൂചനകള്‍. ഭൂമിശാസ്ത്രപരമായി കശ്മീരിനെ മൂന്ന് മേഖലകളായി തിരിക്കാം. വടക്ക് ഭാഗത്ത് ലഡാക്ക്, ജില്‍ജിത് ജില്ലകള്‍ ഉള്‍പ്പെടുന്ന ടിബറ്റന്‍ മേഖല. പൂഞ്ച്, ദോഡാ, കിഷ്ത്‌വാര്‍ ഉള്‍പ്പെടുന്ന വിശാലമായ ജമ്മു ഭൂപ്രദേശം. മധ്യത്തില്‍ കശ്മീര്‍ താഴ്‌വര എന്നിവയാണവ. ഹിമാലയ നിരകളുടെ മഞ്ഞുമലകളാല്‍ ഈ മൂന്ന് മേഖലകളും പരസ്പരം വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. വടക്ക്-കിഴക്ക് ഭാഗത്ത് ടിബറ്റും വടക്ക് ചൈനയിലെ സിങ്കിയാംഗും വടക്ക്- പടിഞ്ഞാറ് പഴയ യു.എസ്.എസ്.ആറിന്റെ ഭാഗമായ താജിക്കിസ്താനും അഫ്ഗാനിസ്താനും പടിഞ്ഞാറ് പാക്കിസ്താനും തെക്കുഭാഗത്ത് പാകിസ്താന്റെയും ഇന്ത്യയുടെയും ഭൂപ്രദേശവുമടങ്ങിയ അതിരുകളാണ് ഈ ദേശത്തിനുള്ളത്.

1339ല്‍ അധികാരത്തിലേറിയ ഷാ മിര്‍ ആയിരുന്നു കശ്മീരിലെ ആദ്യ ഭരണാധികാരി. പിന്നീട് തുടര്‍ച്ചയായി അഞ്ച് നൂറ്റാണ്ട് മുസ്‌ലിം ഭരണത്തിന്റെ കീഴിലായിരുന്നു പ്രദേശം. ഇതില്‍ 1586 മുതല്‍ 1751 വരെ മുഗള്‍ രാജാക്കന്‍മാരും 1754 മുതല്‍ 1819 വരെ അഫ്ഗാന്‍ ദുറാനി രാജവംശവും ഈ പ്രദേശത്തിന്റെ ഭരണാധികാരികളായി. 1819ല്‍ മഹാരാജാ രഞ്ജിത് സിങിന്റെ നേതൃത്വത്തിലുള്ള സൈന്യം കശ്മീര്‍ ആക്രമിച്ച് തന്റെ രാജ്യത്തോട് ചേര്‍ത്തു. 1846ലെ ആംഗ്ലോ-സിഖ് യുദ്ധത്തിന്‌ശേഷം ഈ പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. തുടര്‍ന്ന് അതേവര്‍ഷംതന്നെ ഈസ്റ്റ്ഇന്ത്യാ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ്‌സിംഗും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഗുലാബ് സിംഗ് 75 ലക്ഷം രൂപ നല്‍കി കശ്മീര്‍ താഴ്‌വര വിലക്ക് വാങ്ങി. ഇതോടെ ലഡാക്കും ജമ്മുവും ഉള്‍പെടെയുള്ള രാജ്യത്തിന്റെ അതിര്‍ത്തി കശ്മീരി ഭാഷ സംസാരിക്കുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ താഴ്‌വരകൂടി ഉള്‍പെട്ടതായി. അങ്ങനെയാണ് ജമ്മു കശ്മീര്‍ ഉടലെടുക്കുന്നത്.
ദോഗ്ര വംശജനായ ഹരിസിങ് രാജാവിന്റെ ഭരണത്തോട്കൂടി രാജ്യം ശിഥിലമായി. പൗരന്‍മാര്‍ക്കിടയില്‍ ഛിദ്രതയും അരക്ഷിതാവസ്ഥയും കടന്നുവന്നു. രാജാവിന്റെ പക്ഷപാതപരവും ജനദ്രോഹപരവുമായ നയങ്ങള്‍ക്കെതിരെ ബഹുഭൂരിപക്ഷംവരുന്ന തദ്ദേശീയരായ മുസ്‌ലിം ജനവിഭാഗം പ്രതിഷേധിച്ചു തുടങ്ങി. 1931ല്‍ ഇതിന് സംഘടിത രൂപം കൈവന്നു. 1932ല്‍ പൊതുജന പങ്കാളിത്തത്തോടെ ഷേഖ് മുഹമ്മദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ‘ആള്‍ ജമ്മു ആന്റ് കശ്മീര്‍ മുസ്‌ലിം കോണ്‍ഫറന്‍സ്’ നിലവില്‍വന്നു. പിന്നീട് ‘നാഷണല്‍ കോണ്‍ഫറന്‍സ്’ എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ട ഈ സംഘടന പൗരന്മാര്‍ക്കിടയിലെ ഭരണകൂട വിവേചനത്തിനെതിരെ ശക്തമായി നിലകൊണ്ടു. സംഘടനയുടെ നേതൃത്വത്തില്‍നടന്ന ആഭ്യന്തര പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാജാവ് നിശ്ചയിച്ച ഗ്ലാന്‍സി കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുസ്‌ലിംകള്‍ക്ക് ഭരണരംഗത്ത് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം തത്ത്വത്തില്‍ അംഗീകരിച്ചെങ്കിലും ഇത് നടപ്പാക്കുന്നതില്‍ രാജാവ് പൂര്‍ണ പരാജയമായിരുന്നു. 1934ല്‍ നിയമസഭ രൂപീകരിച്ചെങ്കിലും രാജാവിന്റെ മര്‍ക്കടമുഷ്ടി കാരണം അതിന്റെ അധികാരം എടുത്തുകളഞ്ഞു. ഈസ്റ്റ് ഇന്ത്യാ കമ്പനിയും രാജാ ഗുലാം സിങും തമ്മിലുള്ള അമൃത്‌സര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്വിറ്റ് കശ്മീര്‍ പ്രക്ഷോഭത്തിന് നാഷണല്‍ കോണ്‍ഫറന്‍സ് മുന്നിട്ടിറങ്ങിയതോടെ ഷേക്ക് അബ്ദുല്ല അറസ്റ്റിലായി.

1947 ആഗസ്ത് 15ന് ഇന്ത്യയും പാക്കിസ്താനും ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട് പ്രകാരം രണ്ട് രാജ്യങ്ങളായി മാറി. നിലവിലുള്ള 562 നാട്ടുരാജ്യങ്ങളിലുള്ള ബ്രിട്ടീഷ് മേധാവിത്വം അവസാനിച്ചു. നാട്ടുരാജ്യങ്ങള്‍ക്ക് ഈ രണ്ട് രാജ്യങ്ങളില്‍ ഇഷ്ടമുള്ളവയില്‍ ചേരാമെന്നും നിബന്ധനവെച്ചു. ഇതനുസരിച്ച് ചില നാട്ടുരാജ്യങ്ങള്‍ പാക്കിസ്താനിലും ചിലത് ഇന്ത്യയിലും ലയിച്ചു. എന്നാല്‍ ഹൈദരാബാദ്, തിരുകൊച്ചി, ജമ്മു കശ്മീര്‍, ജുനാഗത് തുടങ്ങിയ ചില പ്രദേശങ്ങള്‍ തുടക്കത്തില്‍ സ്റ്റാന്‍ഡ് സ്റ്റില്‍ ഉടമ്പടി പ്രകാരം ആരുമായും ചേരാതെ നിലയുറപ്പിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനായിരുന്നു നാട്ടുരാജ്യങ്ങളെ ലയിപ്പിക്കാനുള്ള ചുമതല. എന്നാല്‍ കശ്മീരിലെ പ്രത്യേക സാഹചര്യവും ഹരിസിങും എതിരാളി ഷേക്ക് അബ്ദുല്ലയുമായുള്ള നെഹ്‌റുവിന്റെ ഉറ്റ സൗഹൃദവും പരിഗണിച്ച് പ്രസ്തുത ഉദ്യമം നെഹ്‌റു തന്നെ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട്‌പോയില്ല. സമയമെടുത്ത് രാജാവിനെ തിരുത്താമെന്ന അദ്ദേഹത്തിന്റെ ധാരണയും പിഴച്ചു. ഭരണ നിര്‍വഹണരംഗത്ത് പുതുതായിവന്ന ഉത്തരവാദിത്തങ്ങള്‍ ഇതിന് കാലവിളംബം വരുത്തുകയും ചെയ്തതോടെ ഇരു രാജ്യങ്ങളിലും ചേരാതെയുള്ള കശ്മീരിന്റെ നിലപാട് മാറ്റമില്ലാതെ മുന്നോട്ട്‌പോയി. എന്നാല്‍, തുടക്കംമുതല്‍തന്നെ സ്റ്റാന്‍ഡ് സ്റ്റില്‍ ഉടമ്പടി പാക്കിസ്താന്‍ ലംഘിച്ച് തുടങ്ങി. പ്രദേശത്തേക്കുള്ള ഇന്ധനവും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നത് കുറയ്ക്കുകയും പൂര്‍ണമായും റദ്ദാക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. കൂടാതെ പാക്കിസ്താന്റെ ഭാഗമായ നോര്‍ത്ത് വെസ്റ്റേണ്‍ ഫ്രോണ്ടിയര്‍ പ്രോവിന്‍സില്‍ നിന്ന് വന്‍തോതില്‍ ആദിവാസികള്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറി. ഇതിന് സകല ഒത്താശയും പാക്കിസ്താന്‍ പട്ടാളം ചെയ്തുകൊടുക്കുകയും ചെയ്തു.

വ്യത്യസ്ത രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ളതിനാലും കശ്മീര്‍ പ്രശ്‌നം ഏതെങ്കിലുമൊരു രാജ്യത്തിന് പെട്ടെന്ന് കൈകാര്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മറ്റൊരു സ്വയംഭരണ പ്രദേശമായി നിലകൊള്ളാനും അതിലെ ഭരണാധികാരിയായിത്തീരാനുമുള്ള കശ്മീര്‍ രാജാവ് ഹരിസിങിന്റെ സ്വാര്‍ഥ ചിന്തയായിരുന്നു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. രാജ്യനിവാസികള്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ബോംബെ റേസ് കോഴ്‌സില്‍ ഗോള്‍ഫ് കളിക്കാനും കശ്മീര്‍ വനമേഖലകളില്‍ നായാട്ടിന് പോകാനും സമയം കണ്ടെത്തിയ രാജാവിന്റെ ഉദാസീനത ഇരു രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ക്കും പൗരന്മാര്‍ക്കും ഒരുപോലെ അതൃപ്തി സമ്മാനിച്ചു.

കശ്മീര്‍ പാക്കിസ്താനില്‍ ചേരണമെന്നും ഇന്ത്യയുടെ ഭാഗമാവണമെന്നുമുള്ള രണ്ട് ചിന്താഗതി പൗരന്‍മാരില്‍ ഉയര്‍ന്നുവന്നു. ഇത് ക്രമേണ ആക്രണ സമരങ്ങളിലേക്ക് വഴിമാറി. പാക്കിസ്താനോടൊപ്പം ചേരണമെന്ന് പറഞ്ഞ് സമരം നടത്തിയ പ്രക്ഷോഭകാരികള്‍ക്ക് നേരെ ഹരിസിങ് രാജാവ് നിറയൊഴിക്കാന്‍ ഉത്തരവിട്ടു. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചില്‍നിന്ന് നിരവധി സിവിലിയന്‍മാര്‍ പാക്കിസ്താനിലേക്ക് പലായനം ചെയ്തു. അവരില്‍ പലരും പാക്കിസ്താന്റെ സഹായത്തോടെ തിരിച്ചടി തുടങ്ങി. ആക്രമണത്തിനിരയായ സമീപപ്രദേശങ്ങളിലുള്ളവരെല്ലാം ജമ്മുവില്‍ അഭയം തേടി. വൈകാതെ അതൊരു വര്‍ഗീയ ലഹളയായി രൂപാന്തരം പ്രാപിച്ചു. രാജാവിന്റെ സഹായത്തോടെ ഹിന്ദുക്കളും സിഖ് മതസ്ഥരും ഒരു വശത്തും മറുവശത്ത് മുസ്‌ലിംകളും ലഹളക്ക് നേതൃത്വം നല്‍കി. മിര്‍പൂരിലും മുസാഫറാബാദിലും തമ്പടിച്ച മുസ്‌ലിം വിഭാഗവും ജമ്മു കേന്ദ്രീകരിച്ച ഹിന്ദു-സിഖ് വിഭാഗവും നിയന്ത്രിക്കാനാളില്ലാതെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയി.

1947 ഒക്ടോബര്‍ 12ന് ജമ്മുവിലെ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് കാണിച്ച് പാക്കിസ്താന്‍ കശ്മീര്‍ രാജാവിന് ടെലഗ്രാമയച്ചു. ആരോപണം കശ്മീര്‍ ഭരണകൂടം നിഷേധിച്ചില്ലെങ്കിലും അന്വേഷണം നടത്താനോ തക്ക നടപടികളെടുക്കാനോ ഉത്തരവാദപ്പെട്ടവര്‍ തയ്യാറായില്ല. ഒക്ടോബര്‍ 22ന് പാക്കിസ്താന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലിഖാന്റെ ഒത്താശയോടെ പൂഞ്ചിലെ വിപ്ലവകാരികളെ ഉപയോഗിച്ച് പഠാന്‍ ഗോത്രവര്‍ഗക്കാര്‍ കശ്മീരിനെ ആക്രമിച്ചു. ഒക്ടോബര്‍ 24ന് പൂഞ്ചിലെ വിപ്ലവകാരികള്‍ ‘ആസാദ് കശ്മീര്‍’ എന്ന പേരില്‍ സ്വതന്ത്ര രാജ്യം സ്ഥാപിച്ചു. വേണ്ടത്ര സായുധ ശക്തിയില്ലാതിരുന്ന കശ്മീര്‍ രാജാവ് ഹരിസിങ് ഈ ആക്രമണണത്തെയും തുടര്‍നടപടികളെയും പ്രതിരോധിക്കാന്‍ അശക്തനായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം ഇന്ത്യയോട് സൈനിക സഹായം ആവശ്യപ്പെട്ടു. എന്നാല്‍ വിഭജന സമയത്ത് ഇന്ത്യയോടൊപ്പം ചേരാന്‍ വിസമ്മതിച്ച ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാത്തതിനാല്‍ സഹായിക്കേണ്ടതില്ല എന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്. അതിനെതുടര്‍ന്ന് 1947 ഒക്ടോബര്‍ 26ന് അന്ന് 75 ശതമാനം മുസ്‌ലിം ഭൂരിപക്ഷമുള്ള ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of accession (IOA) ഒപ്പ് വെക്കാന്‍ രാജാവ് ഹരി സിങ് നിര്‍ബന്ധിതനായി. സ്വാതന്ത്ര്യാനന്തരം ആഭ്യന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിക്കുറവ്കാരണം തിരികെവിളിച്ച മൗണ്ട്ബാറ്റണ്‍ പ്രഭുവായിരുന്നു ഗവര്‍ണര്‍ ജനറലായി ഹരിസിങുമായി ഒപ്പ്‌വെച്ചത്.

എന്നാല്‍, കഛഅ പ്രകാരം ഇന്ത്യക്ക് കശ്മീരിന്റെ പൂര്‍ണ നിയന്ത്രണാവകാശം വകവെച്ച്‌നല്‍കാന്‍ രാജാവ് തയ്യാറായില്ല. മറിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യക്ക് അധികാരം വകവെച്ച് കിട്ടിയത്. കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അത് അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന ഹിത പരിശോധനയിലൂടെ മാത്രമെ ആരുടേതാണെന്ന് തീര്‍ച്ചപ്പെടുത്താവൂ എന്നുമാണ് കരാര്‍ അനുശാസിക്കുന്നത്. കരാറിന്റെ പിന്‍ബലത്തില്‍ 1947 ഒക്ടോബര്‍ 27ന് ഇന്ത്യന്‍ പട്ടാളം ജമ്മു കശ്മീരില്‍ പ്രവേശിച്ചു. എന്നാല്‍ കരാറിന്റെ നിയമസാധുതയും പട്ടാള നടപടിയും പാക്കിസ്താന്‍ അംഗീകരിച്ചില്ല. അവരും കശ്മീരിലേക്ക് സായുധ സൈന്യത്തെ നിയോഗിച്ചു. നവംബര്‍ മാസത്തില്‍ ഇന്ത്യ രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട്‌വെച്ചു. ‘പാക്കിസ്താന്‍ കശ്മീരില്‍നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണം. ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഹിത പരിശോധന നടത്തണം.’ എന്നാല്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ സാന്നിധ്യവും പ്രബല ശക്തിയായ നാഷണല്‍ കോണ്‍ഫന്‍സിന്റെ പിന്തുണയും നേതാവായ ഷെയ്ഖ് അബ്ദുല്ലയുടെ പരസ്യമായ നെഹ്‌റു സൗഹൃദവും കശ്മീര്‍ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിഘാതമാവുമെന്ന് പാക്കിസ്താന്‍ മുന്‍കൂട്ടി കണ്ടു. പകരം പാക്കിസ്താന്‍ മുന്നോട്ട്‌വെച്ച ‘പട്ടാളത്തെ പിന്‍വലിക്കാമെന്നും ഹിത പരിശോധനക്ക് അന്താരാഷ്ട്ര ഏജന്‍സി മുന്‍കയ്യെടുക്കണമെന്നു’മുള്ള നിര്‍ദേശത്തോട് ഇന്ത്യക്കും യോജിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഏറ്റുമുട്ടലിലേക്കും ഇന്ത്യയും പാക്കിസ്താനുമായുള്ള ആദ്യ യുദ്ധത്തിലേക്കും അത് നയിച്ചു. 1948 ജനുവരി ഒന്നിന് ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ മുമ്പില്‍ പ്രശ്‌നം അവതരിപ്പിച്ചു. തുടര്‍ന്ന് പാക്കിസ്താനും ഇതേ വാദവുമായി അവരെ സമീപിക്കുകയും ഇരുവരുടെയും വാദങ്ങള്‍ മുഴുവനായി കേട്ടശേഷം ഐക്യരാഷ്ട്ര സഭ 1948 ഏപ്രില്‍ 21ന് 47ാം നമ്പര്‍ പ്രമേയം പാസാക്കുകയും ചെയ്തു. പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി അമേരിക്ക, അര്‍ജന്റീന, ബെല്‍ജിയം, കൊളംബിയ, ചെക്കോസ്ലാവാക്യ എന്നീ അഞ്ച് രാജ്യങ്ങളിലെ പ്രതിനിധികളെ ചുമതലപ്പെടുത്തി. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണോ പാക്കിസ്താന്റെ ഭാഗമാണോ എന്ന കാര്യം സ്വതന്ത്രമായി നടത്തുന്ന ഹിത പരിശോധനയിലൂടെ തീരുമാനിക്കാമെന്നും ഇതിനായി ഐക്യരാഷ്ട്ര സഭ ജഹലയശരെശലേ മറാശിശേെൃമീേൃ െനാമനിര്‍ദേശം ചെയ്യുമെന്നും പ്രദേശത്തെ പലായനം ചെയ്ത മുഴുവന്‍ പൗരന്‍മാരെയും തിരികെയെത്തിച്ച് ഹിതപരിശോധനയില്‍ ഭാഗഭാക്കാക്കുമെന്നും ഇത് നടപ്പാക്കാനായി ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടണമെന്നും തീരുമാനമായി. 1949 ജനുവരി ഒന്നിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അതുവരെ അധീശത്വം പുലര്‍ത്തിയിരുന്ന പ്രദേശങ്ങള്‍ നിലനിര്‍ത്തി ഇരു രാജ്യങ്ങളും സമാധാനക്കരാര്‍ പാലിച്ചു. ഇതുപ്രകാരം കശ്മീരിന്റെ പ്രധാന ഭാഗങ്ങളും ജമ്മുവും ലഡാക്കും ഇന്ത്യയുടെ ഭാഗമായി. ആസാദ് കശ്മീര്‍ എന്നറിയപ്പെടുന്ന പാക് അധിനിവേശ സ്ഥലവും ചില വടക്കന്‍ പ്രവിശ്യകളും പാക്കിസ്താന്റെ കൈകളിലുമായി. പാക്കിസ്താന്റെ കയ്യിലിരിക്കുന്ന ഈ പ്രദേശങ്ങളാണ് ‘പാക് അധീന കശ്മീര്‍’ എന്ന് ഇന്നറിയപ്പെടുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായെങ്കിലും തങ്ങള്‍ അധീനപ്പെടുത്തിയ ഭൂമി വിട്ടുകൊടുക്കാനോ അവിടെ വിന്യസിച്ച പട്ടാളത്തെ പിന്‍വലിക്കാനോ ഇരു രാഷ്ട്രങ്ങളും തയ്യാറായില്ല. മാത്രമല്ല ഐക്യരാഷ്ട്രസഭ മുന്നോട്ട് വെച്ച ഹിതപരിശോധന നടത്താന്‍ വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ആരും മുന്‍കയ്യെടുത്തതുമില്ല.
(തുടരും)

Film

‘തെക്ക് വടക്ക്’ ഒടിടിയിലേക്ക്

മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്

Published

on

മലയാളത്തിലെ പ്രിയ താരങ്ങളായ വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം തെക്ക് വടക്ക് ഒടിടിയിലേക്ക്. പ്രേം ശങ്കർ സംവിധാനം നിർവഹിച്ച ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് വിനായകനും സുരാജും ചിത്രത്തിലെത്തിയത്. റിലീസായി മാസങ്ങൾക്ക് ശേഷമാണ് തെക്ക് വടക്ക് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം തിയേറ്ററിൽ മിശ്ര പ്രതികരണം നേടിയിരുന്നു. എസ്. ഹരീഷ് എഴുതിയ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് സിനിമയുടെയും രചന. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരുൾപ്പെടെ നൂറോളം പേർ ചെറുതും വലുതുമായ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Continue Reading

Film

‘പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ്‌ വാല്യൂ കിട്ടില്ല’; റസൂൽ പൂക്കുട്ടി

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു

Published

on

തമിഴ് സൂപ്പർ താരം സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ ‘ലൗഡ്‌നെസ്സ് വാറിൽ’ കുരുങ്ങികിടക്കുകയാണ്. ഇതിൽ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്നങ്ങളെ ഉച്ചത്തിൽ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.

കങ്കുവയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ വന്ന റിവ്യൂ പങ്കുവെച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അഭിപ്രായം കുറിച്ചത്. ചിത്രം അമിതമായ ശബ്‍ദത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതായാണ് റിവ്യൂവിൽ പറയുന്നത്. അമിത ശബ്ദത്തിലുള്ള ഡയലോഗുകളും സംഗീതവും പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നതായും റിവ്യൂവിൽ പറയുന്നു.

Continue Reading

Film

ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്‌ക്കര്‍ കുതിക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍നിന്നും ലഭിക്കുന്നത്.

തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ എന്ന അപൂര്‍വ നേട്ടവും ഈ ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. കേരളത്തില്‍ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയില്‍ കഥപറയുന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളിലെ വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.

Continue Reading

Trending