പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
കേരള മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ ജാമിഅഃ നൂരിയ്യ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭാഗധേയം അനിഷേധ്യമായ വസ്തുതയാണ്. 55-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അര്‍ത്ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ആത്മ നിര്‍വൃതിയില്‍ ജാമിഅഃ പ്രവര്‍ത്തന ഗോദയില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്. വിവര സാങ്കേതിക രംഗത്തും ധൈഷണിക മേഖലയിലും ലോകം അനുസ്യൂതം പുരോഗമിക്കുമ്പോള്‍ മത വിദ്യാഭ്യാസ രംഗവും ചില പുതുവഴികള്‍ തേടുന്നുണ്ട്. ഇത്തരം കാലത്തിന്റെ വിളിയാളവും സാഹചര്യങ്ങളുടെ ആവശ്യകതയും മനസ്സിലാക്കിയുള്ള മത വിദ്യാഭ്യാസത്തിന്റെ പുനക്രമീകരണ പാതയിലാണ് ജാമിഅ ഇപ്പോഴുള്ളത്. ഈ പശ്ചാത്തലത്തിലാണ് ജാമിഅ നൂരിയ്യ വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് ഇന്ന് തുടക്കംകുറിക്കുന്നത്.
മുസ്‌ലിം കൈരളിയുടെ വൈജ്ഞാനിക വിഹായസ്സില്‍ നക്ഷത്ര ശോഭയോടെ പ്രഭ ചൊരിഞ്ഞ ഈ അനുപമ കലാലയം സമകാലിക വെല്ലുവിളികള്‍ ഏറ്റെടുത്ത് പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണ്. ദേശാന്തര പ്രശസ്തി നേടിയ ജാമിഅഃ നൂരിയ്യഃ ഒരു മതകലാലയം എന്നതിനേക്കാളുപരി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന പാതയിലെ അതിനിര്‍ണ്ണായകമായൊരു നാഴികക്കല്ലായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മുസ്‌ലിം കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഏറ്റവും വലിയ ചാലക ശക്തികളിലൊന്ന് ഈ വിജ്ഞാന കേന്ദ്രമാണ്. അഞ്ച് പതിറ്റാണ്ടിനകം കേരളത്തിലുണ്ടായ പള്ളികള്‍, സംസ്ഥാനത്ത് പ്രചുര പ്രചാരം നേടിയ മദ്രസാ പ്രസ്ഥാനം, അനാഥ അഗതി കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍ തുടങ്ങിയ പുരോഗതികളിലെല്ലാം ജാമിഅഃയുടെ മുദ്രചാര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചാരണ രംഗത്ത് കാണുന്ന പ്രഭാഷകര്‍, എഴുത്തുകാര്‍, സംഘാടകര്‍ തുടങ്ങിയവരില്‍ ഫൈസിമാരോ അവരുടെ ശിഷ്യന്‍മാരോ അല്ലാത്തവര്‍ വളരെ വിരളമാണ്. ചുരുക്കത്തില്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് അലിഗഡ് മൂവ്‌മെന്റ് സ്വാധീനശക്തിയായപോലെ മത രംഗത്ത് മുസ്‌ലിം കേരളത്തെ ജാമിഅഃ സ്വാധീനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ജാമിഅഃ എന്ന് പറഞ്ഞാല്‍ ജാമിഅഃ മില്ലിയ്യയെങ്കില്‍ കേരളത്തില്‍ ജാമിഅഃ എന്നുപറഞ്ഞാല്‍ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ തന്നെയാണ്.
വിശുദ്ധ പ്രവാചകരുടെ കാലം തൊട്ട് തന്നെ ഇസ്‌ലാമിക സാന്നിധ്യം കൊണ്ടനുഗൃഹീതമായ കേരളം മത വിജ്ഞാന പ്രചാരണ രംഗത്തും ഏറെ മുന്നേറിയിരുന്നു. പ്രവാചക നൂറ്റാണ്ടില്‍ തന്നെ സ്ഥാപിതമായ പള്ളികളും തുടര്‍ന്ന് സ്ഥാപിതമായ പള്ളി ദര്‍സുകളും ഈ നാടിന്റെ സുകൃതമായിരുന്നു. അഞ്ച് നൂറ്റാണ്ടു മുമ്പ് മഖ്ദൂമുമാര്‍ പൊന്നാനിയിലെത്തിയതോടെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അന്തര്‍ദേശീയ ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ മക്കയെന്ന് ജനം പൊന്നാനിയെ വിളിച്ചു. ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് പുറമേ പല ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മതപഠനത്തിന് വിദ്യാര്‍ത്ഥികള്‍ പൊന്നാനിയിലെത്തി. അറബ് ലോകത്ത് നിന്ന് വിശിഷ്യ യമനിലെ ഹളര്‍മൗത്തില്‍ നിന്ന് സയ്യിദ് കുടുംബങ്ങളും പണ്ഡിത കുടുംബങ്ങളും തുടരെ കേരളത്തിലെത്തിയതോടെ ഈ നാട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. സഹസ്രാബ്ദങ്ങളുടെ അറബ് കേരള ബന്ധം കുടുതല്‍ ശക്തിപ്പെട്ടു.
പാശ്ചാത്യ അധിനിവേശങ്ങള്‍ ഇവയെല്ലാം തകര്‍ത്തു. പൊന്നാനിയുടെ യശസ്സ് മങ്ങി. കേരളത്തിലെ മത പണ്ഡിതന്മാര്‍ക്ക് പോലും ഉന്നത മതപഠനത്തിന് വിദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വന്നു. 1921ലെ ഖിലാഫത്ത് പ്രക്ഷോഭം മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കി. ഇസ്‌ലാമിക ഉന്നത പഠനത്തിന് വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിനേയോ ഉത്തര്‍ പ്രദേശിലെ ദയൂബന്ത് ദാറുല്‍ ഉലൂമിനേയോ ആശ്രയിക്കേണ്ടി വന്ന കേരളത്തിലെ മിക്ക പണ്ഡിതന്മാര്‍ക്കും ഉപരിപഠനം ഒരു മരീചികയായി അവശേഷിച്ചു. കടുത്ത കാലാവസ്ഥയും യാത്രാക്ലേശങ്ങളും അതിലേറെ ക്ഷയിച്ച സാമ്പത്തിക സ്ഥിതിയും കാരണം വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് മത ബിരുദം നേടാന്‍ സാധ്യമായത്.
ഇസ്‌ലാമിക ജ്ഞാനങ്ങള്‍ പ്രാപ്തിയോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പണ്ഡിത നിരയുടെ അഭാവം സമുദായത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ വിപത്തുകളെകുറിച്ച് മുസ്‌ലിം കേരളത്തിന്റെ അഭിവന്ദ്യനായ നേതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ദീര്‍ഘമായി ചിന്തിച്ചു. വിഷയം സമസ്തയുടെ ആദരണീയ പണ്ഡിതന്മാര്‍ മുമ്പാകെ സമര്‍പ്പിച്ചു. കേരളത്തില്‍ തന്നെ മികച്ചൊരു മതകലാലയം പണിയാന്‍ സമസ്ത തീരുമാനിച്ചു. കൊടുവായക്കല്‍ ബാപ്പു ഹാജിയുടെയും മറ്റു പൗര പ്രമുഖരുടെയും സഹായ ഹസ്തങ്ങള്‍ ഈ പദ്ധതിയുടെ വേഗത വര്‍ധിപ്പിച്ചു. ജാമിഅഃ നൂരിയ്യഃ എന്ന ഈ ജ്ഞാന ഗോപുരത്തെ മനസ്സാ വാചാ കര്‍മ്മണാ സമുദായം ഏറ്റെടുത്തു.
മുസ്‌ലിം കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ എക്കാലെത്തെയും ശ്രദ്ധേയരായ വ്യക്തികളാണ് ജാമിഅ നൂരിയക്ക് നേതൃത്വം നല്‍കിയത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, പി.വി.എസ്. മുസ്ഥഫ പൂക്കോയ തങ്ങള്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.
6734 പണ്ഡിതന്മാരെയാണ് ഇതിനകം ജാമിഅഃ നൂരിയ്യഃ സമുദായത്തിന് സമര്‍പ്പിച്ചത്. മുസ്‌ലിം സമുദായത്തിന്റെ മുന്നണിപ്പോരാളികളാണിവര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്തു വരുന്ന മാനവ മൈത്രിയുടെ പ്രചാരകരായ ഫൈസിമാര്‍ക്ക് രാജ്യത്തിന്റെ അഖണ്ഡതക്കും ദേശീയോദ്ഗ്രഥനത്തിനും മികച്ച സംഭാവനകളര്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍ ഒട്ടേറെ അത്യുന്നത വ്യക്തിത്വങ്ങളെ സമുദായത്തിന് ജാമിഅഃ നൂരിയ്യഃ സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലെ ബഹുഭൂരിഭാഗം ഇസ്‌ലാമിക സ്ഥാപനങ്ങളും ജാമിഅഃയുമായി ബന്ധപ്പെട്ടതാണ്.
ജാമിഅഃയുടെ പ്രവര്‍ത്തന വീഥിയില്‍ പുതുപരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ വിപുലീകരണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. മുസ്‌ലിം സമുദായത്തെ കുറിച്ച് കൃത്യമായി പഠിച്ച് സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും സമുദായത്തിനാവശ്യമായ പദ്ധതികള്‍ മുന്‍ഗണനാ ക്രമ പ്രകാരം ഏറ്റെടുത്ത് നടത്താനും സാധിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള പഠന ഗവേഷണ കേന്ദ്രം ശിഹാബ് തങ്ങളുടെ പേരില്‍ ആരംഭിച്ചത് ജാമിഅഃയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്. ജാമിഅഃയുടെ പ്രഥമ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി, പാണക്കാട് പൂക്കോയ തങ്ങള്‍ ട്രൈനേഴ്‌സ് ട്രൈനിംഗ് സെന്റര്‍, ശംസുല്‍ ഉലമാ സ്മാരക ഇസ്‌ലാമിക് റിസര്‍ച്ച് സെന്റര്‍, കോട്ടുമല ഉസ്താദ് സ്മാരക ഉപഹാരങ്ങള്‍ എന്നിവയും ഏറെ ശ്രദ്ധേയമായ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ്. (ജാമിഅഃ നൂരിയ്യഃ അറബിക് കോളജ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)