സാര്‍വദേശീയം/ കെ. മൊയ്തീന്‍കോയ
അയല്‍രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഇറാനിയന്‍ ഭരണകൂടത്തിന് കനത്ത വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ് ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങള്‍. ഈ നീക്കത്തിന് പിന്നില്‍ വിദേശ ശക്തികളുടെ കരങ്ങളുണ്ടെന്ന് പ്രത്യക്ഷമായും പരോക്ഷമായും സൂചന നല്‍കുന്നതാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍. ഇറാനിലെ പ്രധാന നഗരങ്ങളില്‍ അരങ്ങേറുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ മരണസംഖ്യ കൂടുതലല്ലെങ്കിലും അക്രമാസക്തമാകുന്നു. ആത്മീയ നേതാവ് ആയത്തുല്ല അലിഖുമേനിക്കും പ്രസിഡണ്ട് ഹസന്‍ റുഹാനിക്കും എതിരെയാണ് മുദ്രാവാക്യം: ‘സിറിയയും ഫലസ്തീനുമല്ല, ഞങ്ങളുടെ പ്രശ്‌നം പരിഹരിക്കൂ’, ‘റുഹാനിക്ക് മരണം’ എന്നുമൊക്കെ ഉയരുന്ന മുദ്രാവാക്യം അണിയറ ശില്‍പികളെ കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കുന്നു. ഇറാനിയന്‍ ഇസ്‌ലാമിക വിപ്ലവത്തിന് എതിരായ മുദ്രാവാക്യവും ചില പ്രകടനങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഈ ദുസൂചനയുടെ ആഴം മനസ്സിലാക്കാം.
1979-ല്‍ വിപ്ലവത്തെ തുടര്‍ന്ന് മുഹമ്മദ് രിസായുടെ ഭരണം തകര്‍ന്നതോടെ ഷാ വാഴ്ചയുടെ അന്ത്യവുമായി. ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തില്‍ ഹിത പരിശോധന നടത്തി ഏപ്രില്‍ ഒന്നിന് ഇസ്‌ലാമിക റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.
നാല് വര്‍ഷംകൂടുംതോറും പ്രസിഡണ്ടിനേയും പാര്‍ലമെന്റിനേയും ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. അധികാരത്തിന്റെ പ്രധാന കേന്ദ്രം ആത്മീയ നേതാവാണ്. ഇസ്‌ലാമിക വിപ്ലവത്തെയും റിപ്പബ്ലിക്കിനേയും തകര്‍ക്കാന്‍ 1979 മുതല്‍ അമേരിക്കയും പാശ്ചാത്യ ശക്തികളും സര്‍വ ശ്രമവും നടത്തുന്നുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധം ഇതിന്റെ ഭാഗമായാണ്. എട്ടര വര്‍ഷത്തെ യുദ്ധത്തില്‍ ഇരുഭാഗത്തുമുണ്ടായ ആള്‍നാശം പത്ത് ലക്ഷമാണ്. പാശ്ചാത്യ ശക്തികള്‍ സദ്ദാം ഹുസൈനെ മുന്നില്‍നിര്‍ത്തി നടത്തിയ യുദ്ധം. ഇവയൊക്കെ ഇറാന്‍ അതിജീവിച്ചു. ആണവായുധ നിര്‍മ്മാണത്തിനുള്ള ഇറാന്റെ നീക്കം വര്‍ഷങ്ങള്‍ നീണ്ട വിവാദമാണ്. ഇയ്യിടെയായി വിദേശ രാജ്യങ്ങളിലെ ആഭ്യന്തര വിഷയങ്ങളില്‍ സൈനികമായി വരെ ഇടപെടാന്‍ ഇറാന്‍ തയാറായതാണിപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായി ഉയരുന്ന മുദ്രാവാക്യം. യമനില്‍ ഹൂഥി ശിയാക്കള്‍ക്ക് ആയുധവും സാമ്പത്തിക സഹായവും നല്‍കുന്നു. സിറിയയില്‍ ബശാറുല്‍ അസദിന്റെ ശിയാ ഭരണത്തെ നിലനിര്‍ത്താന്‍ റഷ്യയോടൊപ്പം ചേരുന്നു. ശിയാ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ പിന്നിലെ ശക്തിയും ഇറാന്‍ തന്നെ. ലബനാന്‍ ഭരണത്തിലെ ഹിസ്ബുല്ല സാന്നിധ്യവും ഇറാനെതിരായ ലോക വിമര്‍ശനത്തിന്റെ പട്ടികയിലേക്ക് കടന്നുവരുന്നുണ്ട്.
സഊദിയിലും ബഹ്‌റൈനിലും ശിയാ വിഭാഗത്തെ ഇളക്കിവിടുന്നതിലും ഇറാന്റെ പങ്കാളിത്തം അനിഷേധ്യമാണ്. മറ്റ് ചില അറബ് രാജ്യങ്ങളുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്നില്ല. അറബ് ലോകത്ത് സഊദി-ഇറാന്‍ ‘ഏറ്റുമുട്ടല്‍’ സജീവമാണ്. അതേസമയം കുവൈത്ത്, ഇറാഖ്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി ഇറാന് അടുത്ത ബന്ധമുണ്ട്. ഇസ്‌ലാമിക രാജ്യസംഘടനയുടെ (ഒ.ഐ.സി) ചെയര്‍മാന്‍ പദവി അലങ്കരിക്കുന്ന തുര്‍ക്കിയുമായും ഇറാന് സൗഹൃദ ബന്ധമുണ്ട്.
2009-ന് സമാനമായ പ്രതിഷേധ പ്രകടനങ്ങളാണ് ഇറാനില്‍ ഇപ്പോള്‍ നടക്കുന്നത്. അഹമ്മദി നെജാദ് രണ്ടാമതും പ്രസിഡണ്ടായ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഇറാനിലുണ്ടായി. അവ സാവകാശം കെട്ടടങ്ങി. ആണവ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ ഉപരോധം ഇറാന്റെ സമ്പദ്ഘടനയെ സാരമായി ബാധിച്ചിട്ടുണ്ട്. കോടിക്കണക്കിന് ഡോളറുകളുടെ ഇറാനിയന്‍ നിക്ഷേപം 1979ന് ശേഷം അമേരിക്ക തടഞ്ഞുവെച്ചിരുന്നതുമാണ്. ആണവ കരാര്‍ പ്രകാരം ഈ നിക്ഷേപം ഇറാന് തിരിച്ചു നല്‍കേണ്ടതുണ്ട്. അമേരിക്ക അതിന് തയാറാകുന്നില്ല. ട്രംപ് അധികാരത്തില്‍ വന്ന ശേഷം ആണവ കരാറില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്ക നീക്കം നടത്തുന്നതിനാല്‍ ഈ ഭീമന്‍ ഫണ്ട് അടുത്തൊന്നും തിരിച്ചു കിട്ടാന്‍ സാധ്യതയില്ല. യു.എന്‍ ഉപരോധം പിന്‍വലിച്ച് തുടങ്ങിയതിനാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് ഇറാന്റെ പ്രതീക്ഷ. യൂറോപ്പുമായും റഷ്യയുമായും കൂടുതല്‍ സൗഹൃദത്തിന് അവസരം ലഭിച്ചതും സഹായകമാവും. സാമ്പത്തിക നില ഭദ്രമാക്കാന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. അതിലിടക്കാണ് വില വര്‍ധനയും അഴിമതിയും നടക്കുന്നു എന്നാരോപിച്ച് ഇപ്പോഴത്തെ പ്രക്ഷോഭം. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യം ഇതിനുള്ള പരിഹാരത്തിന് ശ്രദ്ധ ചെലുത്താതെ വിദേശ ഇടപെടലിന് കോടികള്‍ ചെലവിടുന്നു എന്നാണ് പ്രക്ഷോഭകരുടെ വിമര്‍ശനം. അയല്‍ രാജ്യങ്ങളിലേക്ക് ഇസ്‌ലാമിക (ശിയാ) വിപ്ലവം ‘കയറ്റി അയക്കാന്‍’ ഇറാനിയന്‍ നേതൃത്വം കാണിക്കുന്ന അതീവ താല്‍പര്യം പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെങ്കില്‍ കുറ്റപ്പെടുത്താനാവില്ല. സിറിയയിലും യമനിലും ഇടപെട്ട് കോടിക്കണക്കിന് ഡോളറുകള്‍ നഷ്ടപ്പെടുത്തുന്നു. വംശീയ താല്‍പര്യം പലപ്പോഴും ഇറാന്‍ നേതൃത്വത്തെ കീഴ്‌പ്പെടത്തുകയാണ്. സിറിയയില്‍ ബശാന്‍ സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്നതിന് പിന്നിലെ താല്‍പര്യവും ശിയാ സ്പിരിറ്റ് തന്നെ. യമനില്‍ രണ്ട് വര്‍ഷമായി ഏറ്റുമുട്ടുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധം ആറ് വര്‍ഷം പിന്നിടുന്നു. സോവ്യറ്റ് യൂനിയന്‍ കാണിച്ച അബദ്ധം തന്നെയാണ് ഇറാനും ‘പിന്‍തുടരുന്നത്’. അയല്‍ രാജ്യങ്ങളില്‍ കമ്മ്യൂണിസം അടിച്ചേല്‍പിക്കാന്‍ സോവ്യറ്റ് യൂണിയന്‍ ധൂര്‍ത്തടിച്ചത് കോടികളായിരുന്നു. രാജ്യത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്തുന്നതിനും വിപ്ലവ ചൈതന്യം കെടാതെ സൂക്ഷിക്കുന്നതിനും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട രാജ്യം മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റുന്നത് നയതന്ത്ര രംഗത്തെ പരാജയമാണ്. അതേസമയം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്നില്‍ സുന്നി ഭീകരരും വിദേശ ശക്തികള്‍ക്ക് ഒപ്പം ഉണ്ടെന്നുള്ള ഇറാന്‍ നേതൃത്വത്തിന്റെ വിമര്‍ശനം വിവാദമായി.
സിറിയയില്‍ ഐ.എസ് ഭീകരതക്ക് എതിരായ നീക്കത്തില്‍ ഇറാന്‍ സജീവ പങ്ക് വഹിച്ചു. മാത്രമല്ല, അഫ്ഗാനിസ്താനില്‍ ഭീകരതക്കെതിരായ പോരാട്ടത്തിന് ഇറാന്റെ സഹകരണം രഹസ്യമായി തേടിയത് അമേരിക്കയാണ്. പൊലീസ് സ്റ്റേഷനുകളും സൈനിക താവളവും പിടിച്ചെടുക്കാന്‍ സായുധരായ കലാപകാരികള്‍ രംഗത്ത് വന്ന് കാണുമ്പോള്‍ അവക്ക് പിന്നിലെ ആസൂത്രണം വ്യക്തമാണ്. ആയുധവും സഹായവും ആര് നല്‍കുന്നു. 2009ലെ പ്രക്ഷോഭകരില്‍ സായുധ പോരാട്ടത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ഗ്രീന്‍ മൂവ്‌മെന്റ് സമാധാനപരമായ പ്രക്ഷോഭമാണ് നടത്തിയത്. പരിഷ്‌കരണവാദികളായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം. അതേസമയം ആത്മീയ നേതാവായ അലി ഖാമേനിക്കും പരിഷ്‌കരണവാദിയായി അറിയപ്പെടുന്ന ഹസന്‍ റുഹാനിക്കുമെതിരായ നീക്കം ഇരുപക്ഷത്തേയും യോജിപ്പിച്ച് നിര്‍ത്തുന്നുമെന്നത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.
മധ്യ പൗരസ്ത്യ ദേശത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള അമേരിക്ക- ഇസ്രാഈല്‍ അച്ചുതണ്ടിന്റെ നീക്കമാണ് പിന്നിലെന്നും ഒരു വിഭാഗം രാഷ്ട്രീയ ചിന്തകര്‍ നിരീക്ഷിക്കുന്നുണ്ട്. ഇസ്രാഈലി തലസ്ഥാനമായി ജറൂസലെമിനെ പ്രഖ്യാപിക്കുന്ന ട്രംപിന്റെ സമീപനം മുസ്‌ലിം അറബ് ലോകത്ത് ഉയര്‍ന്ന്‌വന്ന അമേരിക്കന്‍ വിരുദ്ധ വികാരത്തെ വഴിതിരിച്ച്‌വിടാനാണ് ഇപ്പോഴത്തെ നീക്കമെന്നവര്‍ വിശേഷിപ്പിക്കുന്നു. ഇറാനിലെ പ്രതിഷേധം തുടങ്ങിയ ദിനത്തില്‍ തന്നെ വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ച്‌വരുത്തി പിന്തുണ നല്‍കാന്‍ ട്രംപ് കാണിച്ച ‘ആവേശം’ അവര്‍ ചൂണ്ടിക്കാണിക്കുന്നത് അസ്ഥാനത്തല്ല.