Connect with us

Video Stories

ഗാന്ധിവധം ഇന്ത്യന്‍ ജനതയില്‍ ചെലുത്തിയ സ്വാധീനം

Published

on

എ.വി ഫിര്‍ദൗസ്
ഒമ്പത് പതിറ്റാണ്ടിലധികം കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ഈ സുദീര്‍ഘ പ്രവര്‍ത്തന കാലയളവിന് അനുസൃതമായ വളര്‍ച്ചയും സ്വാധീനവുമൊന്നും ഇന്ത്യയില്‍ നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യവും വസ്തുതയുമാണ്. ലോക ചരിത്രത്തില്‍ തന്നെ മറ്റൊരു പ്രസ്ഥാനത്തിനും ഇത്തരം ഒരു തിക്താനുഭവം നേരിടേണ്ടി വന്നിരിക്കില്ല. ഇന്ത്യയില്‍ ആര്‍.എസ്.എസിനെ അന്നും ഇന്നും പ്രതിരോധിച്ച് നിര്‍ത്തുന്നത് ഗാന്ധിജിയെന്ന ആദര്‍ശ പ്രതീകമാണ് എന്നുവരുന്നത് അതിലേറെ അത്ഭുതാവഹമായ മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ഗാന്ധിജി എന്ന ഒരാദര്‍ശ പുരുഷന്റെ സാന്നിധ്യം ഇന്ത്യയുടെ ചരിത്രത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ രാഷ്ട്രം ഇന്നൊരു ഏകരാഷ്ട്രമായി നിലനില്‍ക്കുമായിരുന്നില്ല എന്നു മാത്രവുമല്ല ഫാസിസത്തിന്റെ പരീക്ഷണശാലകളായ അനേകം ക്ഷുദ്രത്തുരുത്തുകളായി ഇന്ത്യ ശിഥിലീകരിക്കപ്പെട്ടു പോകുകയും ചെയ്യുമായിരുന്നു. ആ നിലക്ക് ഇന്ത്യന്‍ ഏകതയുടെ ശക്തിസ്രോതസ്സും ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിച്ചു നിര്‍ത്തിയ ആദര്‍ശ പ്രതീകവുമാണ് ഗാന്ധിജി. ഗാന്ധിഹത്യയുടെ നടുക്കമുളവാക്കുന്ന ഓര്‍മ്മകള്‍ മടങ്ങിവരുന്ന ജനുവരി മുപ്പതിന്റെ പ്രസക്തിയും ആ നിലക്കു ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ പ്രതിരോധ ധാര്‍മികശക്തിയെ ഫാസിസ്റ്റ് കിരാതന്മാര്‍ ഹനിക്കാന്‍ ശ്രമിച്ച ദിനമെന്ന അര്‍ത്ഥതലം ജനുവരി മുപ്പതിന് കൈവരുന്നുണ്ട്. ഗാന്ധിജിയുടെ ജീവിതവും സന്ദേശങ്ങളും കാഴ്ചപ്പാടുകളുമെല്ലാം ഇന്ത്യയെന്ന വലിയ ജനതയെ സംബന്ധിച്ച് അനേക തലങ്ങളില്‍ സ്വീകാര്യതയുള്ളവയും അടിസ്ഥാനമൂല്യങ്ങളുടെ പരിഗണന കല്‍പ്പിക്കപ്പെടുന്നവയുമാണ്. മൂന്ന് തലങ്ങളിലായാണ് ഗാന്ധിജിയുടെ സ്വാധീനം പ്രധാനമായും വ്യാപരിച്ചു കിടക്കുന്നത്. ഒന്ന്: സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിക്കുകയും കൊളോണിയല്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തെ വിചാരതലത്തില്‍ നിന്ന് പ്രായോഗിക ലത്തില്‍ എത്തിക്കുകയും ചെയ്തതില്‍. രണ്ട്: ദ്വിരാഷ്ട്ര വാദത്തെ എതിര്‍ക്കുകയും ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്തുകയും ചെയ്യാനുള്ള പൊതുബോധത്തെ പ്രതിനിധീകരിക്കുന്നതില്‍. മൂന്ന്: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഫാസിസ്റ്റ് ആശയങ്ങളുടെ വ്യാപനം തടയുന്നതിലും സ്വതന്ത്ര ഇന്ത്യയെ ആ മാരക രോഗത്തിലകപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതില്‍. ഈ മൂന്നു തലങ്ങളിലുള്ള ഗാന്ധിജിയുടെ സ്വാധീനവും ഇടപെടലും അദ്ദേഹം ജീവിച്ചിരുന്ന കാലത്തെന്നപോലെ രക്തസാക്ഷിത്വത്തിനു ശേഷവും നിലനില്‍ക്കുന്നവ തന്നെയാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഇന്ത്യന്‍ ജനതക്കും ഈ രാഷ്ട്രത്തിനും വേണ്ടിയുള്ള മറ്റിതര മഹാരഥന്മാരില്‍ പലരുടെയും രക്തസാക്ഷിത്വത്തില്‍ നിന്ന് ഭിന്നമാകുന്നത് ചില സവിശേഷ പ്രതിരോധ വികാരങ്ങളുടെ അടിത്തറയായി ഗാന്ധിജിയുടെ ധീര മരണം ഇന്ത്യന്‍ സമൂഹത്തിന്റെ വൈകാരികതകളിലേക്ക് ആഴ്ന്നിറങ്ങിയത് കൊണ്ടാണ്. അസാധാരണമായ ജീവിതം പോലെത്തന്നെ അസാധാരണമായിരുന്നു ആ രക്തസാക്ഷിത്വവും.
ചില ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും ഗാന്ധി വിരോധികളും ഔപചാരികതമുറ്റിയ വാക്കുകള്‍ അണിനിരത്തി പറയാറുണ്ട് ഒരു ഗാന്ധിജി വന്നിരുന്നാലും ഇല്ലെങ്കിലും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു എന്ന്. എന്നാല്‍ ഒട്ടും സാധ്യതയില്ലാത്തൊരു കാര്യമാണവര്‍ വാദിക്കുന്നത്. കാരണം സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വരികള്‍ക്കിടയില്‍ വായിച്ചാലറിയാം. ഗാന്ധിജിയുടെ കടന്നുവരവിന് മുമ്പ് ഒറ്റപ്പെട്ട സംഘര്‍ഷങ്ങളിലും പോരാട്ടങ്ങളിലും ചില ആള്‍ക്കൂട്ട വികാര പ്രകടനങ്ങളിലും പല ദിശകളില്‍ ചലിക്കുന്ന പ്രവര്‍ത്തനങ്ങളിലുമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ ഇടറിത്തിരിഞ്ഞു നില്‍ക്കുകയായിരുന്നു. അവയ്ക്ക് വൈചാരികവും വൈകാരികവും കര്‍മ്മപരവുമായ ഒരേകോപനം ഉണ്ടാക്കുവാന്‍ ഗാന്ധിജി കേന്ദ്രബിന്ദുവായി നിന്ന് പ്രവര്‍ത്തിച്ചു. അതിവിപ്ലവ ത്വരകളുടെ ആളിക്കത്തലുകളെ കെടുത്തുകയും പതിഞ്ഞ നിശ്ശബ്ദ പ്രതിഷേധങ്ങളെ ഉണര്‍ത്തിയെടുത്തും ആശയാവ്യക്തതകള്‍ നിറഞ്ഞ സമര മുദ്രാവാക്യങ്ങളെ ധാര്‍മ്മികാവശ്യങ്ങള്‍ കൊണ്ട് തിരുത്തിയുമാണ് ഗാന്ധിജി അത്തരമൊരേകോപനം സാധിച്ചെടുത്തത്. തീവ്രവിപ്ലവകാരികളുടെ കൈകളില്‍ അകപ്പെട്ട് അടിച്ചമര്‍ത്തലിന് വിധേയമായി അവസാനിക്കാതെയും സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായ ബോധവും ധാരണയും ഇല്ലാത്തവര്‍ നിമിത്തം ശിഥിലമായിപ്പോകാതെയും സ്വാതന്ത്ര്യമെന്ന അഭിലാഷത്തെ അദ്ദേഹം മുന്നോട്ട് നയിച്ചു. രാജ്യം സാങ്കേതികമായും വ്യവസ്ഥാപരമായും സ്വതന്ത്രമാവുക എന്നതിലുപരി അതിന് ആത്മീയവും ആന്തരികവും അടിസ്ഥാനപരവുമായ ഒരു സ്വയം ഉണര്‍വുണ്ടാവുകയും അങ്ങനെ വര്‍ത്തമാന കാലത്തെയും വരുംകാലത്തെയും കണ്‍തുറന്ന് കാണുവാന്‍ ജനതക്കു സാധിക്കാത്ത അവസ്ഥ വന്നുചേരുകയും വേണമെന്നാണ് ഗാന്ധിജി സ്വാതന്ത്ര്യത്തിലൂടെ അര്‍ത്ഥമാക്കിയത്. ഇത്തരത്തില്‍ ഒരു വ്യക്തത വന്നില്ലായിരുന്നു എങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വിജയിക്കാന്‍ സാധിക്കുമായിരുന്നില്ല. സ്വാതന്ത്ര്യത്തിന് വിഭജനത്തിന്റേതായ വില നല്‍കേണ്ടി വന്നുവെങ്കിലും സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സംബന്ധമായ ആശയങ്ങളില്‍ അടിയുറച്ചു നിന്നതുകൊണ്ടാണ് കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം ഇന്ത്യയുടെ ഐക്യമത്യം ശിഥിലമാകാതെ ഭദ്രമായിരുന്നത്. അതിദേശീയവാദികളും മതരാഷ്ട്രീയ വാദക്കാരും ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളും ഇടക്കാലങ്ങളില്‍ പലപ്പോഴായി ഉയര്‍ത്തിയ ചില പ്രശ്‌നങ്ങളും വെല്ലുവിളികളുമെല്ലാം കഴിഞ്ഞ വര്‍ഷങ്ങളിലും പതിറ്റാണ്ടുകളിലും ഇന്ത്യന്‍ ജനതയെ അസ്വസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ പോലും നമ്മുടെ അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ തികച്ചും സമാധാനപൂര്‍ണമായാണ് നിലനിന്നിട്ടുള്ളതെന്ന് നമുക്കറിയാം. ഇതിന് കാരണം ഗാന്ധിയന്‍ മൂല്യങ്ങളും ആശയങ്ങളും അദ്ദേഹം പ്രസരിപ്പിച്ച ധാര്‍മ്മിക ചിന്തകളുടെ അംശങ്ങളുമെല്ലാം ഈ രാജ്യത്തെ ജനങ്ങളുടെ മനസ്സിലും മനസ്സാക്ഷിയിലും രൂഢമൂലമായി നിലനില്‍ക്കുന്നതുകൊണ്ടും അവയൊക്കെ സ്വാഭാവികമായ രീതിയില്‍ ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുവരുന്നതിനാലുമാണ്.
ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ ദ്വിരാഷ്ട്രവാദത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പുമായി ബന്ധിപ്പിച്ചു കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ദ്വിരാഷ്ട്രവാദത്തെ എതിര്‍ത്തതു കൊണ്ട് കൂടിയാണ് അദ്ദേഹം വധിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊണ്ടതിന് ഗാന്ധിജിയോട് തീവ്രഹിന്ദു ദേശാഭിമാനികള്‍ കണക്കു തീര്‍ത്തതായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം എന്നൊരു വീക്ഷണമാണ് നമുക്കിടയില്‍ കൂടുതലായി പ്രചരിക്കയുണ്ടായത്. ഇത് വസ്തുതയുടെ ഒരു വശം മാത്രമാണ് സത്യത്തില്‍. അഖണ്ഡഭാരതത്തെ എതിര്‍ക്കുകയും കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കനുസൃതമായ ഒരു വിഭജനത്തിലൂടെ തീവ്ര ഹിന്ദുത്വത്തിന്റേതായ ഒരു രാഷ്ട്രരൂപം യാഥാര്‍ത്ഥ്യമാക്കിയെടുക്കുവാന്‍ പ്രയത്‌നിക്കുകയും ചെയ്തുവന്ന ഹിന്ദു മഹാസഭക്കാരും രാഷ്ട്രീയ സ്വയംസേവക സംഘവും അടങ്ങിയവര്‍ക്ക് ദ്വിരാഷ്ട്രവാദം മികച്ച ഒരു ഫോര്‍മുലയായിരുന്നു. ഈ അയുക്തിയെ ഗാന്ധിജി രൂക്ഷമായി കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തതിനാല്‍ തീവ്രഹിന്ദുത്വ ദേശീയവാദികള്‍ക്ക് അദ്ദേഹം കഠിന ശത്രുവായി മാറി. ദ്വിരാഷ്ട്രവാദത്തെ എതിര്‍ത്ത ഗാന്ധിജി വിഭജനം തടയുന്നതില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ജീവിച്ചിരുന്നാല്‍ ഒരു പക്ഷേ അധികം വൈകാതെ തന്നെ രണ്ടു രാഷ്ട്രങ്ങളെയും ഒന്നാക്കി മാറ്റുന്നതിനായുള്ള സമരരംഗത്തേക്ക് ഇന്ത്യയിലെ ബ ഹുഭൂരിപക്ഷം ജനങ്ങള്‍ ഇറങ്ങിക്കളയുമോ എന്നു പോലും പ്രതിലോമ ശക്തികള്‍ ഭയപ്പെട്ടു കളഞ്ഞു. കരാര്‍ അനുസരിച്ച് വിഭജനാനന്തരം പാക്കിസ്താന് കൊടുക്കാമെന്നേറ്റിരുന്ന 50 കോടി രൂപ കൊടുക്കാതെ വന്നപ്പോള്‍ അത് വിട്ടുകൊടുക്കാനായി സമരങ്ങള്‍ക്ക് ഗാന്ധിജി വട്ടം കൂട്ടിയതാണ് ഹിന്ദുമഹാസഭക്കാരുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയുമൊക്കെ ശത്രുത വിളിച്ചുവരുത്തിയത് എന്ന വീക്ഷണം ഒരു പാര്‍ശ്വ പരിപ്രേക്ഷ്യം മാത്രമേ ആകുന്നുള്ളൂ. ബഹുമുഖ ലക്ഷ്യങ്ങളും പലതരം ആസൂര ചോദനകളും ഒന്നിച്ചുചേര്‍ന്ന ഒരു ക്ഷുദ്ര കൃത്യമായിരുന്നു സത്യത്തില്‍ ഗാന്ധിഹത്യ. എന്നാല്‍ ഗാന്ധിജിയെ ശാരീരികമായി ഉന്മൂലനാശം വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം മായ്ച്ചുകളയാന്‍ സാധിച്ചില്ല. വിഭജനത്തിനെതിരായ ഗാന്ധിയന്‍ ചിന്തകളും വിചാരങ്ങളും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു ശേഷവും ഇന്ത്യന്‍ ജനതയില്‍ വലിയ സ്വാധീനമായി നിലനില്‍ക്കുകയും ഇന്ത്യയെ ഒന്നിപ്പിക്കുന്നതിന് വലിയ പങ്ക് വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ശാരീരികമായി ഗാന്ധിജി ഇല്ലാതായിപ്പോയാല്‍ അദ്ദേഹത്തിന്റെ ചിന്തകളുടെയും ആശയങ്ങളുടെയും സ്വാധീനം അസ്തമിച്ചു പോവുകയും കാലക്രമേണ അവയെല്ലാം ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന് മാഞ്ഞുപോവുകയും ചെയ്യുമെന്ന് ആര്‍.എസ്.എസും ഹിന്ദുമഹാസഭക്കാരും ഉള്‍പ്പെട്ട ഗാന്ധിവിരോധികള്‍ കണക്കുകൂട്ടിയെങ്കിലും സംഭവിച്ചത് നേരെ മറിച്ചാണ്. രക്തസാക്ഷിത്വ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമെല്ലാം കൂടുതല്‍ ദാര്‍ഢ്യവും വിശുദ്ധിയും ആത്മീയമായ ഒരു സ്ഥിരീകരണവും നല്‍കുന്ന ദിവ്യാനുഭവമായാണ് ഇന്ത്യന്‍ മനസ്സാക്ഷിയില്‍ സ്വാധീനം ചെലുത്തിയത്. ഇത് ഗാന്ധിവിരോധികള്‍ പ്രതീക്ഷിക്കാത്ത അനുഭവമായിരുന്നു.
ആര്‍.എസ്.എസിനെക്കുറിച്ച് ഗാന്ധിജി അധികം സംസാരിച്ചതായി നാമറിയുന്നില്ല. ഒന്നു, രണ്ട് ആര്‍.എസ്.എസ് പരിപാടികളില്‍ 1939ന് മുമ്പ് ഗാന്ധിജി പങ്കെടുത്തതായി അഭിപ്രായങ്ങളുമുണ്ട്. എന്നാല്‍ എന്താണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്നും അതിന്റെ രാഷ്ട്രീയ ബൗദ്ധിക സാംസ്‌കാരിക സാമൂഹ്യ ലക്ഷ്യങ്ങളും യഥാര്‍ത്ഥ ആശയങ്ങളും ഉള്ളടക്കങ്ങളും എന്തെല്ലാമാണെന്നും ഗാന്ധിജി കൃത്യവും വ്യക്തവുമായി മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ആ മനസ്സിലാക്കല്‍ ആര്‍.എസ്.എസിന് ഒട്ടും അനുകൂലമായ വിധത്തിലായിരുന്നില്ലെന്നു മാത്രമല്ല തികച്ചും പ്രതികൂല മാനങ്ങളിലുമായിരുന്നു. ആ പ്രസ്ഥാനത്തിന്റെ ഫാസിസ്റ്റ് അന്തസ്സത്ത ഗാന്ധിജി സ്പഷ്ടമായി തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ തന്റെ അത്തരം മനസിലാക്കലുകളുടെ അടിസ്ഥാനത്തില്‍ ആ പ്രസ്ഥാനത്തിന്റെ അപകടങ്ങളെക്കുറിച്ച് ഇന്ത്യന്‍ ജനതയെയും സമൂഹത്തെയും ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും ഗാന്ധിജി നടത്തുകയുണ്ടായില്ല. ഇതിന് ചില കാരണങ്ങളുണ്ടായിരുന്നു. താന്‍ ആര്‍.എസ്.എസിനെ തുറന്നുകാട്ടാന്‍ ഇറങ്ങിത്തിരിച്ചാല്‍ ജനങ്ങള്‍ ആ പ്രസ്ഥാനത്തിന് എന്തോ വലിയ ശക്തിയുണ്ടെന്ന് ധരിക്കാനിടയുണ്ടെന്നും അനര്‍ഹമായ പരിഗണന അതിന് ലഭിക്കാനിടയുണ്ടെന്നും ഗാന്ധിജി കരുതിയതാണ് ഒരു കാരണം. മറ്റൊന്ന് ബ്രിട്ടീഷുകാരെ നാടുവിടുവിക്കുക എന്ന സുപ്രധാനവും പരമപ്രധാനവുമായ ഒരു ലക്ഷ്യത്തിനു വേണ്ടി ജനങ്ങള്‍ ഏതാണ്ട് ഒരുമയോടെ മുന്നോട്ടു പോകുന്നതിനിടയില്‍ മറ്റൊരു പൊതുശത്രുവിനെക്കുറിച്ചെന്ന വിധം ആര്‍.എസ്.എസ്‌നെക്കുറിച്ചു കൂടി സംസാരിച്ചാല്‍ അത് സ്വതന്ത്രപ്രാപ്തിയെ ഏതെങ്കിലും വിധത്തില്‍ കാലവിളംബത്തിനിടയാക്കുമോ, എന്ന് ഗാന്ധിജി ആശങ്കിച്ചു. മൂന്നാമതായി രാഷ്ട്രസ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ട് രാജ്യത്തിനകത്തെയും പുറത്തെയും പ്രശ്‌നങ്ങളെയും സമസ്യകളെയും നോക്കിക്കാണാനും വിലയിരുത്തുവാനും തുടങ്ങുകയും ചെയ്യുമ്പോള്‍ ആര്‍.എസ്.എസിന്റെ തിന്മകള്‍ അവര്‍ സ്വയമേവ മനസ്സിലാക്കുകയും ആവശ്യമായ പ്രതിരോധങ്ങളും മുന്‍കരുതലുകളും സ്വീകരിക്കുകയും ചെയ്തുകൊള്ളുമെന്ന് ഗാന്ധിജി കണക്കുകൂട്ടി. ഈ കണക്കുകൂട്ടല്‍ ഒരു പരിധിവരെ യാഥാര്‍ത്ഥ്യമായിത്തീരുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഗാന്ധിജി പകര്‍ന്നു നല്‍കിയ മൂല്യങ്ങളെത്തന്നെ പശ്ചാത്തലവും പ്രേരണയും ആയി സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം രാഷ്ട്രീയ സ്വയം സേവക സംഘത്തെ ആശയപരമായും പ്രായോഗികമായും ചെറുത്തുനിന്നത്. അല്ലായിരുന്നുവെങ്കില്‍ 1947നു ശേഷം മൂന്നു പതിറ്റാണ്ടിനകം തന്നെ ഇന്ത്യ ഒരു പരിപൂര്‍ണ ഫാസിസ്റ്റ് വ്യവസ്ഥിതിയിലേക്കു തകര്‍ന്നു വീഴുമായിരുന്നു. ഗാന്ധിജിയുടെ ആദര്‍ശങ്ങളും ആ ആദര്‍ശത്തിലൂന്നിയ രാഷ്ട്രീയവുമാണ് പ്രതിരോധ ശേഷിയായി നിലനിന്നത്.
ഗാന്ധിജി ഒരു കേവല വ്യക്തിയല്ല എന്ന വകതിരിവ് ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയവാദികള്‍ക്ക് ആദ്യം തൊട്ടുതന്നെ ഉണ്ടായിരുന്നു. ഗാന്ധിജിയുടെ ശത്രുപക്ഷത്തെ ആര്‍.എസ്. എസും ഹിന്ദു മഹാസഭയും ഉള്‍പ്പെട്ട തീവ്രഹിന്ദു ദേശീയവാദികളെ അണിനിരത്തിയത് ആ വകതിരിവു തന്നെയാണ് രണ്ടു വിഭിന്ന കാലങ്ങളുടെയും അന്തരീക്ഷങ്ങളുടെയും സാംസ്‌കാരിക അവസ്ഥകളുടെയും പ്രതിനിധാനങ്ങളാണ് ഗാന്ധിജിയിലും അദ്ദേഹത്തിന്റെ വിരോധികള്‍ അഥവാ ഘാതകരിലും ഉള്ളത്. ബഹുധയുടെ ആശയങ്ങളും മനുഷ്യ പാരസ്പര്യത്തിന്റെ മൂല്യങ്ങളും ഉദാത്തമായ ധാര്‍മ്മിക വിചാരങ്ങളും പരിലസിക്കയും പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്തിരുന്ന ഒരു യഥാര്‍ത്ഥ സനാതന-ആര്‍ഷഭാരതീയ ഘട്ടത്തെയാണ് ഗാന്ധിജി പ്രതിനിധാനം ചെയ്തത്. എന്നാല്‍ തികച്ചും അഭാരതീയവും അതിനാല്‍ത്തന്നെ അഹൈന്ദവികവുമായ ആശയങ്ങളെയും ചിന്താഗതികളെയും അടിസ്ഥാനമാക്കിയുള്ള ഹിംസാത്മക-ഫാസിസ്റ്റ് രാഷ്ട്രീയത്തെയും അതിന്റെ സാമൂഹ്യ-സാംസ്‌കാരിക ദുര്‍വ്യാഖ്യാനങ്ങളെയുമാണ് ആര്‍.എസ്.എസ് അടിത്തറയായി സ്വീകരിച്ചത്. ഫാസിസത്തിന്റെ ആഗോള പൊതുപ്രവണതകള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നയങ്ങളിലും നിലപാടുകളിലും സ്വാധീനം ചെലുത്തുന്നതിനെ ഊന്നിയാണ് അതിന്റെ അഭാരതീയത്വം സ്ഥാപിക്കാന്‍ കഴിയുക. യഥാര്‍ത്ഥ സനാതന ഹിന്ദുത്വത്തെ മതാത്മക രാഷ്ട്രീയത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നതുപോലെത്തന്നെ അതിനെ ഹിംസാത്മകമായും വിധ്വംസകാത്മകവുമായും ദുര്‍വ്യാഖ്യാനിക്കുവാനും കഴിയില്ല. ഗാന്ധിജി അത്തരത്തില്‍ ഒരു സനാതന ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ സമൂഹത്തില്‍ പൊതു സ്വീകാര്യനായി മാറിയത്. അതേസമയം ആര്‍.എസ്.എസിന് അത്തരത്തിലൊരു പ്രാതിനിധ്യം ഇല്ലാത്തതിനാലാണ് അത് കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം ഇന്ത്യയിലെ ബഹുഭൂരിപക്ഷ ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ടുവന്നതും. ഗാന്ധിജിയും ആര്‍.എസ്.എസും രണ്ട് വിഭിന്ന സംസ്‌കാരങ്ങളുടെയും ആശയങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പ്രതിനിധാനങ്ങളാണ് എന്ന കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഒരു പ്രസ്ഥാനത്തിന്റെ ആശയധാരക്കെതിരെ ഒരു വ്യക്തി നടത്തിയ അസാധാരണമായ ചെറുത്തുനില്‍പ്പും പോരാട്ടവുമായി ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ വായിച്ചെടുക്കേണ്ടിവരുന്നു. തന്നെക്കുറിച്ച് എന്തൊക്കെയാണ് ആര്‍.എസ്.എസിന്റെ ധാരണകളും കണക്കുകൂട്ടലുകളുമെന്ന് കൃത്യമായി മനസ്സിലാക്കിയിരുന്ന ഗാന്ധിജി തന്റെ മൗനവും അവഗണനയും കൊണ്ടാണ് ജീവിതകാലത്ത് ആര്‍.എസ്. എസിനെ നേരിട്ടുവന്നത്. കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ആര്‍ക്കെതിരെയും ഉന്നയിക്കുക എന്നത് പൊതുവില്‍ ഗാന്ധിജിയുടെ ശൈലിയായിരുന്നില്ല. എന്നിരിക്കലും തനിക്ക് വിമര്‍ശിക്കണമെന്നും തന്റെ ഭാഗത്തുനിന്ന് വിമര്‍ശനവും വിശകലനവും ആവശ്യമാണെന്നും തോന്നിയ വ്യക്തികളെയും സംഭവ വികാസങ്ങളെയും പ്രസ്ഥാനങ്ങളെയും തന്റേതായ ശൈലിയിലും രീതിയിലും ഗാന്ധിജി വിമര്‍ശിക്കാതിരുന്നിട്ടില്ല എന്നു കാണാം. ഇവിടെയാണ് ആര്‍.എസ്.എസിനെ അവഗണിച്ചതിലെ അര്‍ത്ഥവ്യാപ്തി തെളിയുന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘമോ തീവ്രദേശീയ വാദികളായ മറ്റാരെങ്കിലുമോ ഗാന്ധിജിയെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയാത്ത നിരവധി ശുദ്ധഗതിക്കാര്‍ കോണ്‍ഗ്രസിനകത്തും പുറത്തുമുണ്ടായിരുന്നു. അവരില്‍ നിന്നാണ് ഗാന്ധിജി വധിക്കപ്പെട്ട ഉടനെ ആ വധത്തിന്റെ പാതകം മുസ്‌ലിം തീവ്രവാദികളില്‍ ചുമത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ വന്നത്. പക്ഷേ വളരെ ആസൂത്രിതമായി അനേക ദിവസങ്ങള്‍ ട്രയല്‍ നടത്തിയാണ് ഗാന്ധിജിക്കുനേരെ ഗോദ്‌സെ വെടിയുതിര്‍ത്തത് എന്ന് അവര്‍ക്കുപോലും പിന്നീടു മനസ്സിലായി. തീവ്രഹിന്ദുത്വവാദികള്‍ക്കെതിരായി ശക്തമായ ഒരു എതിര്‍ വികാരം ഗാന്ധി വധത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അലയടിക്കുകയുണ്ടായി. നെഹ്‌റുവിനെപ്പൊലൊരു കടുത്ത ജനാധിപത്യ പ്രതിബദ്ധതയുള്ള വ്യക്തി ആയിരുന്നില്ല ആ ഘട്ടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെങ്കില്‍ ആ വൈകാരിക തിരത്തള്ളലില്‍ത്തന്നെ ഇന്ത്യയില്‍ നിന്ന് തീവ്രഹിന്ദുത്വത്തിന്റെ വാഹക ശക്തികള്‍ ഒലിച്ചുപോകുമായിരുന്നു. പുതുതായി പിറകൊണ്ട ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ ഏറ്റവും കൊടിയ ജനാധിപത്യ വിരുദ്ധ ജനവിരുദ്ധ ശക്തികള്‍ക്കെതിരെപ്പോലും ഒരു തരത്തിലുള്ള അതിരുവിട്ട നടപടികളും ഉണ്ടായിക്കൂട എന്നൊരു നിഷ്‌കര്‍ഷ അന്നത്തെ ഭരണകൂടവും വിവിധ നേതാക്കളും പുലര്‍ത്തുകയുണ്ടായി. അതല്ലെങ്കില്‍ ആര്‍.എസ്. എസിന്റെ ഭാവിതന്നെ ഇന്ത്യയില്‍ മറ്റൊന്നാകുമായിരുന്നു. ഒരു ചെറിയ വിഭാഗം മാത്രം വരുന്ന തീവ്രഹിന്ദുത്വ ചിന്താഗതിക്കാരെ മാറ്റിനിര്‍ത്തിയാല്‍ ഇന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും മാനസികമായി ഗാന്ധിജിയുടെ സ്വാധീനത്തിനു വിധേയര്‍ തന്നെയാണ്. അത്രപെട്ടെന്ന് ഇന്ത്യന്‍ പൊതുമനസ്സില്‍ നിന്ന് ഗാന്ധിജിയെ മായ്ച്ചുകളയാന്‍ സാധിക്കില്ല. കഴിഞ്ഞ ഒമ്പതുപതിറ്റാണ്ടായി ആര്‍.എസ്.എസ് ഗാന്ധിജിയെയും അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയങ്ങളെയും മൂല്യങ്ങളെയും തേച്ചുമായ്ച്ചുകളയാന്‍ നടത്തിവന്നിട്ടുള്ള എല്ലാ ശ്രമങ്ങളും അമ്പേ പരാജയപ്പെടുകയാണുണ്ടായത്. ഗാന്ധി വധത്തിനു പിന്നിലും പതുക്കെപ്പതുക്കെ അദ്ദേഹത്തെ ഇന്ത്യാ ചരിത്രത്തില്‍ നിന്നും ഇന്ത്യന്‍ മനസ്സുകളില്‍ നിന്നും മായ്ച്ചുകളയുക എന്നൊരു ഉദ്ദേശ ലക്ഷ്യമുണ്ടായിരുന്നതാണ്. എന്നാലത് തിരിച്ചടിക്കയാണുണ്ടായത്. രക്തസാക്ഷിയായ ഗാന്ധിജിക്ക് ഇന്ത്യന്‍ പൊതുമനസ്സില്‍ കൂടുതല്‍ പ്രഭാവവും സ്വീകാര്യതയും കൈവന്നു.
ജനഹൃദയങ്ങളില്‍ ആര്‍.എസ്.എസിനോടും തീവ്രഹിന്ദുത്വ ദേശീയവാദികളോടുമുള്ള എതിര്‍പ്പ് രൂക്ഷമാവുകയും ചെയ്തു. ഗാന്ധിഹത്യയെന്ന മഹാപാതകത്തില്‍ നിന്ന് തീവ്രഹിന്ദുത്വ ദേശീയവാദികളുടെ പങ്കാളിത്തം ഒരുകാലത്തും മായ്ച്ചുകളയാനാവില്ല എന്ന തോന്നല്‍ ഇന്ത്യന്‍ പൊതുസമൂഹത്തില്‍ ശക്തിപ്പെടുകയും ചെയ്തു. ചില തെരഞ്ഞെടുപ്പുകളില്‍ താല്‍ക്കാലികമായി കൈവരിക്കുന്ന വിജയങ്ങളും മേല്‍ക്കോയ്മകളുമൊന്നും ആര്‍.എസ്.എസിനോ, സംഘപരിവാര രാഷ്ട്രീയത്തിനോ ഇന്ത്യന്‍ ജനത നല്‍കുന്ന അംഗീകാരമായി കരുതാനാവില്ല. ഗാന്ധിജിയോടുള്ള കൂറിന്റെയും സ്‌നേഹത്തിന്റെയും വൈകാരിക സ്വാധീന മുദ്രകള്‍ ഇന്ത്യന്‍ ഹൃദയങ്ങളില്‍ ഇപ്പോഴും ദൃഢങ്ങളായിത്തന്നെ ശേഷിക്കുന്നുണ്ട്.

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending