പി.കെ കുഞ്ഞാലിക്കുട്ടി
ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ശ്രവിക്കുമ്പോള്‍ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദ് സാഹിബിനെ ആസ്പത്രിയിലേക്ക് മാറ്റിയെന്ന വാര്‍ത്ത ആശങ്കയോടെയാണ് ശ്രവിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് റിയാദില്‍ വെച്ച് കുഴഞ്ഞുവീണ് ആസ്പത്രിയിലായ അദ്ദേഹം സുഖം പ്രാപിച്ച് പൊതു രംഗത്തു സജീവമായതൊക്കെ ഓര്‍ത്ത് സമാധാനിച്ചു. വിവരം അറിയാനായി ഡല്‍ഹിയിലുള്ള ഇ.ടി മുഹമ്മദ് ബഷീറുമായും പി.വി അബ്ദുല്‍ വഹാബുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുമ്പോഴും നല്ലൊരു വാര്‍ത്ത കേള്‍ക്കണേ എന്നായിരുന്നു പ്രാര്‍ത്ഥന.
പാണക്കാട് പോയി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായും കോഴിക്കോട് ലീഗ് ഹൗസിലെത്തി നേതാക്കളുമായുമൊക്കെ സ്ഥതിയുടെ ഗൗരവം ചര്‍ച്ച ചെയ്തു. ആശ്വാസത്തിനുള്ള വകയൊന്നും ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്നില്ല. ആസ്പത്രി അധികൃതരുടെ നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണെന്ന സംശയമുയര്‍ന്നെങ്കിലും ഡോക്ടര്‍മാരില്‍ നിന്ന് കേള്‍ക്കാന്‍ കൊതിക്കുന്ന നല്ല വര്‍ത്തമാനത്തിനായി തന്നെ കാത്തു. പക്ഷെ, നാഥന്റെ വിളിക്കുത്തരം നല്‍കിയതായി പുലര്‍ച്ചെ സ്ഥിരീകരിച്ചു. അതുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. എന്നാല്‍, ഒന്നു പറയാം.
ജീവിതം പോലെ മരണവും ഐതിഹാസികമാക്കിയാണ് നമ്മുടെ നേതാവ് ഇ അഹമ്മദ് സാഹിബ് കടന്നുപോവുന്നത്.എന്നാണ് ഞാന്‍ ആദ്യമായി അഹമ്മദ് സാഹിബിനെ കാണുന്നത്. ഞാനോര്‍ത്തു നോക്കി. എം.എസ്.എഫ് നേതാവായിരിക്കെ അകലെ നിന്ന് നോക്കി കണ്ട അഹമ്മദ് സാഹിബിന്റെ പ്രസംഗം വലിയ ആവേശമായിരുന്നു. ഞാന്‍ തളപ്പറമ്പ് സര്‍ സയ്യിദില്‍ പഠനത്തിനായി ചേര്‍ന്നതോടെ കണ്ണൂര്‍ ജില്ലക്കാരനായ അഹമ്മദ് സാഹിബുമായി അടുത്ത പരിചയമായി. അന്ന് അദ്ദേഹം എം.എല്‍.എയുമാണ്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഗേറ്റ് പ്രസംഗത്തിന് അദ്ദേഹത്തെ കൂട്ടികൊണ്ടുവന്നതൊക്കെ ഇന്നലെ കഴിഞ്ഞപോലെ ഓര്‍ക്കുന്നു.
സര്‍സയ്യിദ് കോളജിലെ മലപ്പുറത്തു നിന്നുള്ള എം.എസ്.എഫ് പ്രവര്‍ത്തകനെന്ന നിലയില്‍ യുവ നേതാവായ അഹമ്മദ് സാഹിബ് വലിയ അടുപ്പമാണ് കാണിച്ചത്. പാണക്കാട് കൊടപ്പനക്കല്‍ തറവാടുമായി ചെറുപ്പം മുതലെ എനിക്ക് വലിയ അടുപ്പമാണുള്ളത്. കോളജ് അവധിയിലൊക്കെ മിക്കവാറും എന്റെ കേന്ദ്രം അവിടെയാണ്. ജ്യേഷ്ടന്‍ ഹൈദ്രുഹാജിയുമായി അഹമ്മദ് സാഹിബിനുള്ള പരിചയം ഞങ്ങള്‍ക്കിടയിലും വളര്‍ന്നു. മലപ്പുറത്ത് എത്തിയാല്‍ താമസം എന്റെ വീട്ടിലായി. രാവിലെ പാണക്കാട്ടെത്തിയാല്‍ അഹമ്മദ് ഹാജി പറയും ഇ അഹമ്മദ് ഉണ്ടോ എന്നാല്‍ കുഞ്ഞാലിക്കുട്ടിയുമുണ്ട്.
പഠനം കഴിഞ്ഞതോടെ മലപ്പുറം മുനിപ്പല്‍ കൗണ്‍സിലറായും തുടര്‍ന്ന് നഗരസഭാ ചെയര്‍മാനായും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആകസ്മികമെന്ന് പറയട്ടെ, മുമ്പ് നിരവധി തവണ എം.എല്‍.എയായിരുന്ന അഹമ്മദ് സാഹിബ് ആ വര്‍ഷം കണ്ണൂരിലും നഗരസഭാ ചെയര്‍മാനായി. മുസ്്‌ലിം യൂത്ത്‌ലീഗിന്റെ ഭാഷസമരത്തിനു നേരെ വെടിവെപ്പോള്‍ നഗരസഭാ ചെയര്‍മാനായി സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന വ്യക്തിയെന്ന നിലയില്‍ വലിയ വെല്ലുവിളിയാണ് നേരിട്ടത്. മൂന്നു പ്രവര്‍ത്തകരുടെ മരണത്തിനും നൂറുക്കണക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിനും പുറമെ കേസ്സുകളും. എല്ലാം തന്മയത്വത്തോടെ നേരിടാന്‍ മറ്റു നേതാക്കളോടൊപ്പം അഡ്വക്കേറ്റ് കൂടിയായ അഹമ്മദ് സാഹിബിന്റെ മാര്‍ഗ നിര്‍ദേശവും ധൈര്യമായിരുന്നു.
താമസിയാതെ അഹമ്മദ് സാഹിബ് വീണ്ടും നിയമസഭാംഗമായി. താനൂരില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ വിജയം. കന്നിക്കാരനായി മലപ്പുറത്തു നിന്ന് ഞാനും എം.എല്‍.എയായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം മലപ്പുറമായതോടെ ഞങ്ങള്‍ കൂടുതല്‍ അടുത്തു.
വ്യവസായ മന്ത്രിയായി ചുമതലയേറ്റ അഹമ്മദ് സാഹിബിന്റെ വികസന കാഴ്ചപ്പാടും നയചാതുരിയും എടുത്തു പറയേണ്ടതാണ്. എല്ലാ താലൂക്കുകളിലും പ്രത്യേക വ്യവസായ പദ്ധതികള്‍ പ്രഖ്യാപിച്ചും പുതിയ വ്യവസായ സംസ്‌കാരത്തിന് തുടക്കമിട്ടും വികസനത്തില്‍ കയ്യൊപ്പ് ചാര്‍ത്തി.
എം.എല്‍.എ എന്ന നിലയില്‍ തുടക്കക്കാരനായ എനിക്ക് എല്ലാ ഉപദേശ നിര്‍ദേശങ്ങളും നിയമ നിര്‍മ്മാണത്തിന്റെ ചട്ടവും രീതിയും ഒക്കെ വിശദീകരിച്ച് തരാന്‍ വലിയ താല്‍പര്യമാണ് അദ്ദേഹം കാണിച്ചത്. പിന്നീട് വ്യവസായ മന്ത്രിയായ എനിക്ക് അഹമ്മദ് സാഹിബ് വ്യവസായ വകുപ്പ് മന്ത്രിയായപ്പോള്‍ രൂപപ്പെടുത്തിയ വഴിയിലൂടെ നടക്കേണ്ട ജോലിയെ ഉണ്ടായിരുന്നുള്ളൂ. അതിന്റെ തുടര്‍ച്ചയില്‍ നിന്ന് ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സ്റ്റേറ്റുവരെയായി കേരളം. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശത്ത് പര്യടനം നടത്തിയ വ്യാവസായിക സംഘത്തെ നയിച്ച അഹമ്മദ് സാഹിബ് താമസിയാതെ ലോക്‌സഭാംഗമായതോടെ ഡല്‍ഹിയിലും വിപുലമായ സൗഹൃദം സൃഷ്ടിച്ചെടുത്തു.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിബന്ധം കോണ്‍ഗ്രസ്സ്-മുസ്്‌ലിംലീഗ് മുന്നണി ബന്ധം ശക്തിപ്പെടുന്നതിനും ഏറെ സഹായകമായി. കേരളത്തിലെ യു.ഡി.എഫ് മുന്നണി മാതൃകയില്‍ കേന്ദ്രത്തില്‍ യു.പി.എ സംഘടിപ്പിച്ചപ്പോള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഇന്ധിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, ദേവഗൗഡ, വാജ്‌പെയ്, ഐ.കെ ഗുജ്‌റാള്‍, മന്‍മോഹന്‍ സിംഗ് തുടങ്ങിയ പ്രധാനമന്ത്രിമാരുമായി വ്യക്തിബന്ധം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിനായി. രാഷ്ട്രപതി പ്രണബ്മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരൊക്കെ അദ്ദേഹത്തെ അടുത്ത സുഹൃത്തുകളായി. ആ ഉന്നതതല ബന്ധം എമ്പസികളിലേക്കും വിദേശ രാഷ്ട്രതലവന്മാരിലേക്കും നീണ്ടു.
മുസ്്‌ലിം ലീഗിന്റെ ദേശീയ മുഖവും ഇന്ത്യന്‍ മുസല്‍മാന്റെ അന്തര്‍ ദേശീയ മുഖവുമായി അഹമ്മദ് സാഹിബ്. ഗള്‍ഫ് ഭരണകൂടങ്ങളുടെ ഏതു വാതിലും ഏത് സമയത്തും മുട്ടിത്തുറക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജീപ് സര്‍ദേശി വിശേഷിപ്പിച്ചതിന്റെ സത്യാവസ്ഥ എത്രയോ തവണ നമ്മള്‍ക്ക് ബോധ്യപ്പെട്ടതാണ്. നിതാഖാത്തിന്റെ ഭീഷണിയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പൊതുമാപ്പും ആശ്വാസവും പകരാനും ഇന്ത്യക്കാരുടെ ഹജ്ജ് ക്വാട്ട 70000ത്തില്‍ നിന്ന് 1.70ലക്ഷമാക്കി ഒറ്റയടിക്ക് ഉയര്‍ത്താനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങ്ള്‍ സഹായകമായി.
ഇറാഖിലും സോമാലിയയിലുമെല്ലാം തടവില്‍ കഴിഞ്ഞ ഇന്ത്യക്കാരെ മോചിപ്പിച്ച് അസാമാന്യമെന്ന് കരുതിയത് പോലും സാധിച്ചെടുത്തു. രാജ്യത്ത് അകത്തും പുറത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പിന്നോക്കക്കാര്‍ക്കും കലാപബാധിതര്‍ക്കും ആശ്വാസവുമായി രാപകല്‍ ഓടിനടന്നു. രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതിലും ഐക്യരാഷ്ട്രസഭയിലും മറ്റു പൊതുവേദികളിലും അവ സ്ഥാപിക്കുന്നതിലും എത്രയോ തവണ ആ പ്രാഗല്‍ഭ്യം നമ്മള്‍ കണ്ടു. വിദേശത്തു പൊലിയുമായിരുന്ന പല ജീവനുകളും കാഴ്ചയും തുടരുന്നതിന് കാരണക്കാരന്‍ അഹമ്മദ് സാഹിബാണ്.
കണ്ണില്ലാത്തവന്റെ കാഴ്ചയും കാതില്ലാത്തവന്റെ കേള്‍വിയുമാവുന്നതാണ് പൊതു പ്രവര്‍ത്തനമെന്ന് ആവര്‍ത്തിച്ചു, അദ്ദേഹം. മുസ്്‌ലിംലീഗ് അധ്യക്ഷനെന്ന നിലയില്‍ സംഘടനാ രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളും നയരൂപീകരണവും ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നു. ഖാഇദെ മില്ലത്തിന്റെയും സീതിസാഹിബിന്റെയും സി.എച്ചിന്റെയും പാതയില്‍ ബാഫഖി തങ്ങളുടെയും പൂക്കോയതങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിച്ചു അദ്ദേഹം. പാണക്കാട് സയ്യിദ് കുടുംബത്തെ അത്രയേറെ സ്‌നേഹിച്ചു. അന്ത്യശ്വാസം വരെ അദ്ദേഹം പാര്‍ട്ടിക്കായാണ് ജീവിച്ചത്