Connect with us

Video Stories

ആ താജ്മഹല്‍ പ്രഭയില്‍

Published

on

എം.ഐ തങ്ങള്‍

ബഹുസ്വര സമൂഹവും ജനായത്ത വ്യവസ്ഥയും തമ്മില്‍, ന്യൂനപക്ഷ സാന്നിധ്യം ആ സമൂഹത്തിലുണ്ടാകുമെങ്കില്‍ പൊരുത്തക്കേട് നിലനില്‍ക്കും. കാരണം പാര്‍ലമെന്ററി സമ്പ്രദായം സ്വീകരിച്ചുകൊണ്ടാണ് നടപ്പാക്കുന്ന ജനായത്തമെങ്കില്‍ സമൂഹത്തിലെ സ്ഥിര ന്യൂനപക്ഷം നേര്‍ക്കുനേരെയുള്ള തെരഞ്ഞെടുപ്പില്‍ അധികാരത്തിന് പുറത്തായിരിക്കും. ജനാധിപത്യത്തിന്റെ പ്രവാചകന്മാരെ എന്നും അലട്ടിയ പ്രശ്‌നമാണിത്. സ്വാതന്ത്ര്യത്തിന്മുമ്പ് ഇന്ത്യയില്‍ ഈ പ്രശ്‌നം ഒരളവോളം പരിഹരിക്കാന്‍ സംവിധാനമുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഉണ്ടായ വിഭജനം നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ ചൂടുവെള്ളത്തില്‍ ചാടിയ പൂച്ചയുടെ പരുവത്തിലാക്കിയിരുന്നു. ഇനിയൊരു വിഭജനമുണ്ടാകാതിരിക്കാന്‍ എല്ലാറ്റിനെയും അവര്‍ ഭയപ്പെട്ടു. ആ ഭയപ്പാടിലാണ് പ്രസ്തുത സംവിധാനം ബലിയായത്. പ്രത്യേക മണ്ഡല വ്യവസ്ഥയാണ് സൂചിപ്പിക്കുന്നത്. മുസ്‌ലിം ലീഗിന്റെ മഹാന്മാരായ നേതാക്കള്‍ ഖാഇദെമില്ലത്തും മഹ്ബൂബ് അലി ബേഗും പോക്കര്‍ സാഹിബുമൊക്കെ പ്രത്യേക മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ അങ്ങേയറ്റം വരെ ഭരണഘടനാ അസംബ്ലിയില്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല, ഇതിന് പകരം പകുതിയെങ്കിലും പ്രയോജനകരമായ ഒരു സംവിധാനവും സ്വീകരിക്കാനവര്‍ കൂട്ടാക്കിയുമില്ല. സംവരണവും ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുമൊക്കെ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.
ഒരു രാഷ്ട്രീയ സംഘടന ജനാധിപത്യ സംവിധാനത്തില്‍ വിജയിക്കണമെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും പ്രതിനിധികളെ പരമാവധി നിയമനിര്‍മ്മാണ സഭകളിലെത്തിക്കാനും അതിന് സാധിക്കണം. ഇന്ത്യയിലെ മത ന്യൂനപക്ഷത്തിന്റെ സംഘടനയാണല്ലോ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ 1948ല്‍ നാലുകോടിയോളമുണ്ടായിരുന്നുവെങ്കിലും ബംഗാള്‍, ബീഹാര്‍, യു.പി എന്നീ സംസ്ഥാനങ്ങളിലായിരുന്നു അവരില്‍ പകുതിയോളം വസിച്ചിരുന്നത്. ശേഷിച്ച സംസ്ഥാനങ്ങളില്‍ അവര്‍ വാരിയെറിഞ്ഞപോലെ ചിതറിക്കിടക്കുകയായിരുന്നു. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ തന്നെ ഒറ്റക്ക് മത്സരിച്ച് നിയമ നിര്‍മ്മാണ സഭകളില്‍ ആ ജനസംഖ്യയെങ്കിലും പ്രതിഫലിപ്പിക്കാന്‍ സാധിക്കാതിരിക്കുമാറായിരുന്നു, 1952ലെ തെരഞ്ഞെടുപ്പ് മുതല്‍ മണ്ഡലങ്ങള്‍ നിര്‍ണയിച്ചിരുന്നത്. 21 വയസ്സായ ആര്‍ക്കും വോട്ട് ചെയ്യാന്‍ സൗകര്യപ്പെടുന്ന പ്രായപൂര്‍ത്തി വോട്ടവകാശ വ്യവസ്ഥയായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ മുമ്പിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട, അല്ല മര്‍മ്മപ്രധാന പ്രശ്‌നം. സംഘടന അധ്വാനിച്ചുണ്ടാക്കിയാലും അതുകൊണ്ടൊരു ഫലവുമില്ലാത്ത അവസ്ഥ. തെരഞ്ഞെടുപ്പില്‍ ശക്തി പ്രകടിപ്പിക്കാനായില്ലെങ്കില്‍ പിന്നെ ശക്തിയെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. സി.എച്ച് മുഹമ്മദ്‌കോയ മുസ്‌ലിം ലീഗിനൊപ്പം വളര്‍ന്നുവന്ന നേതാവാണ്. ഇക്കാരണത്താലായിരിക്കണം പില്‍ക്കാലത്ത് ഒരുതരം പ്രതിപ്രവര്‍ത്തനം രണ്ടുഭാഗത്തും കാണാം. സി.എച്ചില്‍ ലീഗിന്റെ വര്‍ത്തമാന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പ്രതിഫലിക്കുന്നതും തിരിച്ച് ലീഗിന്റെ പെരുമാറ്റങ്ങളില്‍ സി.എച്ചിന്റെ വ്യക്തിത്വം പ്രതിഫലിക്കുന്നതും. മുകളില്‍ പറഞ്ഞ പ്രശ്‌നം 1960കള്‍ക്ക് അവസാനം മുതല്‍ ഈ പ്രതിപ്രവര്‍ത്തനത്തില്‍ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്. സി.എച്ചിന് ലീഗ് ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ മുന്നണി വെറും രാഷ്ട്രീയ നീക്കുപോക്കായിരുന്നില്ല. അതദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ മര്‍മ്മം തന്നെയായിരുന്നു. മനുഷ്യന്റെ തലയും തെങ്ങിന്റെ കുലയും പോലുള്ള പ്രയോഗങ്ങള്‍ വെറും പ്രാസബദ്ധ തമാശകളായിരുന്നില്ല സി.എച്ചിന്. ആ ഒരു തെരഞ്ഞെടുപ്പ് ചുറ്റിത്തിരിഞ്ഞത് ആ വാചകത്തിന് ചുറ്റുമായിരുന്നു. മുന്നണിയെ ഏറെ പ്രാധാന്യത്തോടെ അദ്ദേഹം കണ്ട ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ കണ്ടെടുക്കാനാകും.
സി.എച്ചിന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത് തന്നെ മുന്നണി രാഷ്ട്രീയത്തോടൊപ്പമാണ്. പി.എസ്.പി-ലീഗ് സഖ്യത്തോടൊപ്പം. 1957ല്‍ കേരള അസംബ്ലിയില്‍ സി.എച്ചുണ്ടായിരുന്ന കാലമത്രയും അദ്ദേഹം ഏതെങ്കിലും ഒരു മുന്നണിയോടൊപ്പമായിരുന്നു. സി.എച്ചിന്റെ സൃഷ്ടിയല്ല മുന്നണിയെങ്കിലും ന്യൂനപക്ഷ രാഷ്ട്രീയത്തിന് സി.എച്ചിന്റെ ഏറ്റവും വലിയ സംഭാവന രാഷ്ട്രീയ മുന്നണിക്കദ്ദേഹം നല്‍കിയ പ്രാധാന്യമാണ്, അതുവഴി മുസ്‌ലിം രാഷ്ട്രീയത്തിനും. നേരത്തെ സൂചിപ്പിച്ച പോലെ ഇന്ത്യയിലേര്‍പ്പെടുത്തിയ പ്രായപൂര്‍ത്തി വോട്ടവകാശവും മണ്ഡല നിര്‍ണയങ്ങളിലെ കള്ളക്കളിയും തീര്‍ച്ചയായും ലീഗ് രാഷ്ട്രീയത്തെ കൊല്ലാന്‍ പര്യാപ്തമായിരുന്നു. ഈ അവസ്ഥയില്‍നിന്ന് ലീഗിന്റെ കൈവശമുള്ള വോട്ടുകള്‍ക്ക് ഒരളവോളം മൂല്യമുണ്ടാക്കിക്കൊടുത്തത് മുന്നണി രാഷ്ട്രീയമായിരുന്നു. മുന്നണി ബന്ധങ്ങളിലൂടെ വളരെ തന്മയത്വത്തോടെ ലീഗ് അതിന്റെ കൈവശമുള്ള വോട്ടുകള്‍ രാഷ്ട്രീയത്തില്‍ ഗണിതപരമായ സ്വാധീനം തന്നെയാക്കി മാറ്റിയെടുത്തു. മുന്നണി എന്ന ആശയം നേരത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാതന്ത്ര്യത്തിന് മുമ്പ്തന്നെ ഉണ്ടായിരുന്നു. 1936ലെ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കോണ്‍ഗ്രസും ലീഗും ഒന്നിച്ചാണ് മത്സരിച്ചത്. പക്ഷേ മുന്നണി നിലവിലെ രാഷ്ട്രീയത്തിന്റെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നത് സ്വാതന്ത്ര്യത്തിന്‌ശേഷം കേരളത്തിലാണ്, ആദ്യമായി.
മുസ്‌ലിം സമുദായത്തിന്റെ ആത്മബോധത്തെ സര്‍ഗാത്മകമാക്കുന്നതിനും സമുദായത്തെ സമൂലമായ പരിഷ്‌കരണത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനും സി.എച്ച് ചെയ്ത സംഭാവന ഈ രംഗത്ത് സി.എച്ചിനെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുക മാത്രമല്ല, സി.എച്ചില്ലായിരുന്നുവെങ്കില്‍ സീതിസാഹിബും സഹപ്രവര്‍ത്തകരുംകണ്ട സ്വപ്‌നം ഒരിക്കലും പൂവണിയുമായിരുന്നില്ല എന്ന് നമ്മെക്കൊണ്ട് പറയിക്കാന്‍ പോന്നതുമാണ്. സി.എച്ച് പ്രധാനമായും ഊന്നിയിരുന്നത് മുസ്‌ലിം സമുദായത്തിന്റെ മങ്ങിപ്പോയിരുന്ന ചരിത്രബോധത്തെ മിനുക്കിയെടുക്കുന്നതിലായിരുന്നു. രണ്ടുപുറം ചരിത്രത്തെയും അഥവാ നാഗരികമായ മുസ്‌ലിം സംഭാവനകളെയും. പോരാത്തതിന് അവരുടെ-മാപ്പിള സമുദായത്തിന്റെ സ്വന്തം ചരിത്രത്തെയും അദ്ദേഹം അവര്‍ക്ക്‌വേണ്ടി പുനരുജ്ജീവിപ്പിച്ചു. ഇതിലൂടെ പ്രാന്തീയമായ ആത്മബോധത്തെ ഊതിയുണര്‍ത്തി അവരുടെ സാര്‍വദേശീയ ബോധവുമായി ബന്ധിപ്പിക്കുകയും ചരിത്രബോധത്തിന്റെ രണ്ടുതലങ്ങളെയും ഉദ്ദീപിപ്പിക്കുകയും ചെയ്തു സി.എച്ച്.
‘കടല്‍ക്കരയില്‍ ഞണ്ടു പിടിച്ചുനടന്നിരുന്ന അര്‍ധനഗ്നരായ യൂറോപ്യന്മാര്‍ക്ക് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകര്‍ന്നുനല്‍കിയവരാണ് നിങ്ങള്‍’ എന്നദ്ദേഹം മാപ്പിളമാരുടെ സദസ്സിനെ നോക്കി പറയുമായിരുന്നു. എന്നിട്ടദ്ദേഹം കൊസോവയുടെയും ഗ്രാന്ഡയുടെയും ബഗ്ദാദിന്റെയുമൊക്കെ കഥകള്‍ പറയുകയും മുസ്‌ലിംകള്‍ ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ എണ്ണിപ്പറയുകയും ചെയ്യുമായിരുന്നു. ഇബ്‌നുസീന തൊട്ട് ഇബ്‌നുഖല്‍ദൂന്‍ വരെ മാപ്പിള നാടിന്റെ ഓണംകേറാമൂലകളില്‍ പാതിരകളില്‍ പെട്രോമാക്‌സിന്റെ സദസ്സുകളില്‍ സര്‍വസാധാരണമായിരുന്നു. ഒരു ജനതയുടെ മനസ്സില്‍നിന്ന് അപകര്‍ഷബോധം അകറ്റുന്നതിനും പകരം ഉല്‍കൃഷ്ടമായ ഒരു പാരമ്പര്യത്തിന്റെ ബോധം അവിടെ കുടിയിരുത്തുന്നതിനും ഇതിലേറെ നല്ല മാര്‍ഗമുണ്ടെന്നു പറയാനാവുകയില്ല.
ഇതോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മാപ്പിള സമുദായം വരിച്ച ത്യാഗത്തിന്റെയും കാണിച്ച ശൂരപരാക്രമങ്ങളുടെയും കഥകള്‍- കുഞ്ഞാലിമരക്കാര്‍ തൊട്ട് പന്തല്ലൂര്‍ ഉണ്ണി മുത്തമൂപ്പനും അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കര്‍ വരെയും ആലിമുസ്‌ല്യാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വരെയും ആവേശം കൊടിപാറിക്കുന്ന ആ പ്രസംഗങ്ങളില്‍ കടന്നുവരും. മനശാസ്ത്രത്തിന്റെ അതിസൂക്ഷ്മ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഈ കാര്യങ്ങളൊക്കെ സി.എച്ച് പറയാറ്. ഈ രണ്ടുവിധ ചരിത്രബോധവും ക്രിയാത്മകമായി സമ്മേളിച്ചു കഴിയുമ്പോള്‍ ഒരു ജനതയുടെ ചരിത്രത്തില്‍ അതെന്തുണ്ടാക്കുമോ അതാണ് പില്‍ക്കാല കേരളീയ മുസ്‌ലിംകളില്‍ ദൃശ്യമാകുന്നത്. സ്ത്രീ വിദ്യാഭ്യാസത്തിലടക്കം അവരുണ്ടാക്കിയിട്ടുള്ള നേട്ടങ്ങളില്‍ മറ്റു പല സംഭാവനകളും ചിക്കിപ്പെറുക്കിയാല്‍ കണ്ടേക്കാം. പക്ഷേ ഒരു വ്യക്തിയില്‍ നിന്നാരംഭിച്ച് അത് അദ്ദേഹത്തിലേക്ക് തന്നെ മടങ്ങുന്ന കാഴ്ച ഇത്ര തെളിച്ചത്തോടെ മറ്റെവിടെയും കാണാന്‍ കഴിയില്ല.
തന്റെ ശ്രോതാക്കളില്‍ രാഷ്ട്രീയ ബോധം സൃഷ്ടിക്കുന്നതില്‍ സി.എച്ച് എത്രമാത്രം തല്‍പരനായിരുന്നുവെന്നതിന് ഉദാഹരണങ്ങള്‍ ഏറെ ഉദ്ധരിക്കാന്‍ സാധിക്കും. ഒരനുഭവം: ഞാനന്ന് കുട്ടിയാണ്; എട്ടോ പത്തോ വയസ്സ്. ഇന്നത്തെ അതേ പ്രായക്കാരന്റെ ബോധത്തിനന്ന് എന്റെ തലമുറക്ക് ഭാഗ്യമുണ്ടായിരുന്നില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്റെ നാട്ടിലെ ഒരു പൊതുയോഗം. വലിയ തടിയും വലിപ്പവുമൊന്നുമില്ലാത്ത കറുത്ത തൊപ്പി വെച്ച ഒരാള്‍ ഘോരഘോരം പ്രസംഗിക്കുന്നു. പറയുന്നതൊക്കെയും മനസ്സിലാകുന്നുമില്ല; എങ്കിലും കേട്ടുനില്‍ക്കാന്‍ വല്ലാത്ത ഒരാവേശം. നിന്ന് കേട്ടു. സദസ് സാമാന്യം വലുതായിരുന്നു. അത് പ്രതികരിക്കുന്നപോലെ പ്രതികരിക്കുകയും ചെയ്തു. രണ്ടുവാക്ക് ഇതിനിടയില്‍ മനസ്സില്‍ പതിയുകയും ചെയ്തു. ഇമ്രിനാഗി- ഒന്ന്, രണ്ട്, ബുഡാപെസ്റ്റ് റേഡിയോ, എന്താണതെന്നോ അതിന്റെ അര്‍ത്ഥമെന്താണെന്നോ പിടികിട്ടിയില്ല, മനഃപാഠമാക്കിവെച്ചു…. ഇന്നിപ്പോള്‍ എനിക്കറിയാം, 1956ലായിരിക്കണം സി.എച്ചിന്റെ പ്രസംഗം നടന്നിട്ടുണ്ടാവുക. അന്ന് ഹംഗറി എന്ന കമ്യൂണിസ്റ്റ് രാജ്യത്ത് ജനാധിപത്യ വിപ്ലവത്തിന് നേതൃത്വം കൊടുത്ത ഹംഗേറിയന്‍ വിപ്ലവ നേതാവ് ഇമ്രിനാഗിയെ പ്രതിവിപ്ലവകാരി എന്ന് പേരിട്ട് റഷ്യന്‍ പട്ടാളം തെരുവിലിട്ട് വധിക്കുകയായിരുന്നു. അക്കഥയാണ് എഴുതാനും വായിക്കാനും ഭൂരിപക്ഷത്തിനുമറിയാത്ത എന്റെ നാട്ടുകാരോട് സി.എച്ച് പറഞ്ഞത്. തന്റെ ശ്രോതാക്കളില്‍ രാഷ്ട്രീയ ബോധമുണ്ടാക്കുന്നതിന് സ്വീകരിച്ചിരുന്ന, നേര്‍ക്ക് നേരെയുള്ള ശ്രമങ്ങളിലൊന്നായിരുന്നു ഈ അനുഭവം.
ഇത് കൂടാതെ പല സങ്കേതങ്ങളും അദ്ദേഹം ഇതിന് ഉപയോഗിക്കുമായിരുന്നു. ഹിന്ദു പുരാണങ്ങളും ഐതിഹ്യങ്ങളും ധാരാളമായി പ്രസംഗങ്ങളില്‍ ഉപയോഗിക്കുമായിരുന്നു. ചെറുപ്പത്തില്‍ പഠിച്ചതടക്കമുള്ള കവിതകള്‍, മുസ്‌ലിം സമുദായത്തിന്റെ മാലപ്പാട്ടുകള്‍, കഥകള്‍ ഇവയൊക്കെ പ്രസംഗങ്ങളില്‍ തുരുതുരാ കയറിവരുമായിരുന്നു. ഇതിലേറെ ശ്രദ്ധേയമായ മറ്റൊരു കാര്യം കേരളത്തില്‍ അറിയപ്പെടുന്ന കഥാകാരന്മാരുടെ ഒക്കെ കഥാപാത്രങ്ങള്‍ ഇന്ദുലേഖയും തോഴിയും സൂരി നമ്പൂതിരിയുംതൊട്ട് ആനവാരിയും പൊന്‍കുരിശും വരെ പ്രസംഗത്തില്‍ പ്രത്യക്ഷപ്പെടും. പ്രത്യേകിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ രാഷ്ട്രീയ സ്റ്റേജുകളിലെത്തിച്ചത് പ്രധാനമായും സി.എച്ചായിരുന്നു. കഠിനമായ പരിഹാസത്തിന് മാത്രമല്ല അതിലൂടെ വലിയ പാഠങ്ങളും നല്‍കാനായിരുന്നു ഇത്. യാതൊരഹന്തയുമില്ലാത്ത അവകാശ വാദങ്ങളെ പരിഹസിക്കാന്‍ എട്ടുകാലി മമ്മൂഞ്ഞ് എന്ന ബഷീറിന്റെ കഥാപാത്രത്തേക്കാള്‍ പറ്റിയ ഒന്ന് മലയാള സാഹിത്യം മുഴുവന്‍ തെരഞ്ഞാല്‍ ലഭിക്കുമോ?
പ്രസംഗം സി.എച്ചിന്റെ ആയുധമായിരുന്നു. നശിപ്പിക്കുന്നതിനുള്ള ആയുധമല്ല, നിര്‍മ്മിക്കുന്നതിനുള്ള ആയുധം. ഒരിക്കലും നശിപ്പിക്കാന്‍ സി.എച്ച് അദ്ദേഹത്തിന്റെ നാവുപയോഗിച്ചിട്ടില്ല. ആ നാവുകൊണ്ട് സൃഷ്ടിച്ചിട്ടേയുള്ളൂ. അതില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തൊട്ട് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വരെയുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം പ്രദേശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമരുകളിലൊക്കെ സി.എച്ചിന്റെ വിയര്‍പ്പിന്റെ ഉപ്പ് രുചിക്കാന്‍ സാധിക്കും. എന്നാല്‍ സി.എച്ച് തന്റെ നാവുകൊണ്ടും തൂലിക കൊണ്ടും നിര്‍മ്മിച്ചെടുത്ത മനോഹരമായ താജ്മഹല്‍ കേരളത്തിലെയും ഇന്ത്യയിലെയും ന്യൂനപക്ഷ രാഷ്ട്രീയമാണ്. ഇന്നാര്‍ക്കും പരാജയപ്പെടുത്താന്‍ സാധിക്കാത്തവണ്ണം അടിത്തറ ഭദ്രമാക്കിയ ക്രിയാത്മകമായ ന്യൂനപക്ഷവും അവരുടെ രാഷ്ട്രീയവും.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending