യു.കെ മുഹമ്മദ് കുഞ്ഞി
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി നിലവിൽ വന്ന കോൺഗ്രസ്സിതര ഗവർമെണ്ടായ മൊറാർജി ദേശായിയുടെ ഭരണകാലഘട്ടമായ 1977 ൽ കന്നിക്കാരനായ ഒരു മുസ്ലിം ലീഗ് അംഗം ലോക്സഭയിൽ ഇടിമുഴക്കം സൃഷ്ടിച്ചത് വെറും വാക്പയറ്റ് കൊണ്ടല്ല. കൃത്യമായ ഉദാഹരണങ്ങൾ നിരത്തി, അതും ലോക രാഷ്ട്രങ്ങളിലെ കോടതി വിധികൾ പോലും കൊണ്ട് വന്ന് പാർലമെൻറിനെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു.
വന്ദേമാതരാം ആലാപനം നിർബന്ധമാക്കാനുള്ള വിവാദ തീരുമാനത്തിനെതിരെ അമേരിക്കയിലെ ഒരു കോടതി വിധിയിൽ പറഞ്ഞ “വിയോജിക്കാനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ ആത്മസത്തയാണ് ” എന്ന പ്രസിദ്ധമായ ഉദ്ധരണി ലോക്സഭയിൽ പറഞ്ഞപ്പോൾ
മൊറാർജി മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരായ എൽ.കെ. അദ്വാനിയെയും എ.ബി. വാജ്പേയിയെയും പോലും സ്തംബ്ധരായി എന്ന് അന്നത്തെ ദേശീയപത്രങ്ങൾ പോലും എഴുതിയിരുന്നു.
ആ ഇടി മുഴക്കം പൊന്നാനിയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ജി.എം. ബനാത്ത് വാല സാഹിബിന്റെതായിരുന്നു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ അദ്ധ്യക്ഷൻ, പാർലിമെൻറിൽ മത ന്യൂന പക്ഷത്തിൻറെ ശക്തനായ വക്താവ്, വശ്യ മനോഹരമായ വാക് ചാരുതി കൊണ്ട് പ്രഭാഷണ കലയുടെ മർമ്മം കണ്ടറിഞ്ഞ വാഗ്മി. വിശേഷണങ്ങൾ ധാരാളമുണ്ടെങ്കിലും അവയിലൊന്നും ഒതുങ്ങുന്നതല്ല ബനാത്ത് വാല സാഹിബിൻറെ സാന്നിധ്യം.
മാന്യമായ ഇടപെടൽ, സൗഹൃദം കലർന്ന സംസാരം, പാർട്ടിയോടുള്ള കൂറ്, സമൂഹത്തോടുള്ള പ്രതിബദ്ധത, ജനങ്ങളിലുള്ള വിശ്വാസം. ഇവയെല്ലാം അദ്ദേഹത്തിൻറെ സ്വഭാവ വൈശിഷ്ട്യമായിരുന്നു.
രാഷ്ട്രീയത്തിലും ചരിത്രത്തിലുമുള്ള അഗാധ പാണ്ഡിത്യം, മികച്ച പാര്‍ലമെന്‍േററിയന്‍, ഉജ്ജ്വല പ്രഭാഷകൻ, പ്രതിഭാധരനായ ഗ്രന്ഥകാരന്‍ തുടങ്ങിയവയും അദ്ദേഹത്തിൻറെ എടുത്തു പറയേണ്ട ഗുണങ്ങളായിരുന്നു.
1933 ആഗസ്ത് 15 ന് മുംബൈയിലാണ് ജനനം. സിദൻഹാം കോളേജ്, എസ്.ടി കോളേജ് എന്നിവിടങ്ങളിൽ നിന്നായി എം.കോം, ബി.എഡ്.ബിരുദം നേടിയ അദ്ദേഹം അദ്ധ്യാപകനായാണ് പൊതു ജീവിതം ആരംഭിച്ചത്. ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചാണ് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.
1961ൽ മുസ്‌ലീം ലീഗിൻറെ എക്‌സിക്യൂട്ടീവ് അംഗമായ അദ്ദേഹം, 1967 ലും 1972 ലും മുംബൈ കോർപ്പറേഷനിൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര സംസ്ഥാനത്ത്, ഉമർ ഖാദി മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി നിയമ സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
മുസ്ലിം ലീഗ് മുംബൈ സിറ്റി സെക്രട്ടരി, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടരി, പ്രസിഡണ്ട്, അഖിലേന്ത്യാ ജനറൽ സെക്രട്ടരി, 1994 മുതൽ മരണം വരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ ദേശീയ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
1977 ജയിച്ചു തുടങ്ങിയ അദ്ദേഹം, 1980, 1984,1989, 1996, 1998, 1999. വർഷങ്ങളിലും വിജയം ആവർത്തിച്ചു. ഏതാണ്ടെല്ലാ തവണയും ഒരു ലക്ഷത്തിന് മുകളിൽ ഭൂരി പക്ഷത്തിനായിരുന്നു വിജയം.
മുംബൈയില്‍ മണ്ണിൻറെ വാദവും വർഗ്ഗീയ വികാരവും ഇളക്കി വിട്ട്, മലയാളികളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടാൻ ശ്രമിച്ചവർക്കെതിരെ നിയമ സഭയിലെ ബനാത്ത് വാല സാഹിബിൻറെ പോരാട്ടങ്ങൾ ദേശീയ ശ്രദ്ധ നേടിയപ്പോൾ, ബാഫഖി തങ്ങളും സി.എച്ചുമടക്കമുള്ള നേതാക്കളാണ് അദ്ദേഹത്തെ കേരളവുമായി അടുപ്പിച്ചത്.
പാർലിമെൻറിൽ വെറും രാഷ്ട്രീയം പറയുന്ന പ്രകൃതക്കാരനായിരുന്നില്ല ബനാത്ത് വാല സാഹിബ്. ന്യൂനപക്ഷ വിഭാഗത്തിൻറെ അവകാശപ്പോരാട്ടങ്ങൾക്കായിരുന്നു തൻറെ പ്രസംഗമത്രയും. അതിനാലാകണം ഇന്ദിരാ ഗാന്ധി പോലും ന്യൂനപക്ഷ വിഷയം വരുമ്പോൾ ബനാത്ത് വാല സാഹിബിൻറെ പ്രസംഗത്തെ സസൂക്ഷ്മം വീക്ഷിച്ചത്.
1986 കാല ഘട്ടത്തിലെ ശരീഅത്ത് വിവാദ കാലത്തെ ബനാത്ത് വാല സാഹിബിൻറെ പാർലമെൻറിലെ ഇടപെടൽ മുസ്ലിം സമുദായത്തിന് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. അന്ന് പാർലിമെൻറ് അംഗീകരിച്ച ” മുസ്ലിം വുമണ്‍ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവേർസ് ആക്റ്റ്” എന്ന ശരീഅത്ത് ബിൽ യഥാർത്ഥത്തിൽ ബനാത്ത് വാല സാഹിബിൻറെ സ്വകാര്യ ബില്ലായിരുന്നു.
ഒരു പാർലിമെൻറ് അംഗത്തിൻറെ സ്വകാര്യ ബിൽ രാഷ്ട്രത്തിൻറെ നിയമമാവുന്നത് അത്യപൂർവ്വമാണ്. ബനാത്ത് വാല സാഹിബ് കൊണ്ട് വന്ന ഈ ബിൽ രാജീവ് ഗാന്ധിയുടെ സർക്കാർ നിയമമാക്കുക വഴി ഒരു സമുദായത്തിൻറെ അഭിമാനമാണ് ഇവിടെ സംരക്ഷിക്കപ്പെട്ടത്.
ജാമിയ മില്ലിയ വിഷയം, ബാബ്‌രി മസ്ജിദ് പ്രശ്നം തുടങ്ങി സമുദായത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ബനാത്ത് വാല സാഹിബിൻറെ സജീവ ഇടപെടൽ ഉണ്ടായി എന്ന് തന്നെ പറയാം.
മുസ്ലിം ലീഗ് പോലുള്ള പാർട്ടിയുടെ ഒരു പാർലിമെൻറ് അംഗം കേവലമായൊരു മണ്ഡല വികസന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരല്ല. പാർശ്വ വൽക്കരിക്കപെട്ട ഒരു സമൂഹത്തിൻറെ പുരോഗതിക്കും, ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ആയിരങ്ങൾക്ക് ആശ്രയവവും ആശ്വാസവുമായും അവരുടെ ശബ്ദവും സാന്നിദ്ധ്യവുമായും നിലകൊള്ളേണ്ടവരാണ്. ഇക്കാര്യത്തിൽ ഏറെ വിജയിച്ച നേതാവായിരുന്നു ബനാത്ത് വാല സാഹിബ്.
ഫാസിസം കൊടികുത്തിവാഴുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അറിയാതെയെങ്കിലും മനസ്സ് മന്ത്രിക്കുകയാണ്. “ഇനിയും വരുമോ ഒരു ബനാത്ത് വാല സാഹിബ്…”