Connect with us

Video Stories

സ്വന്തം ജനതയെ നെരിപ്പോടില്‍ തള്ളിയ പ്രധാനമന്ത്രി

Published

on

അബ്ദുറഹിമാന്‍ രണ്ടത്താണി

രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത് ബേങ്കില്‍ നിക്ഷേപിച്ച തുക മകളുടെ വിവാഹമടക്കമുള്ള നിര്‍ണ്ണായക ഘട്ടത്തില്‍ തിരിച്ചെടുക്കാനാവാതെ അപമാനഭാരം കൊണ്ട് ആത്മഹത്യ ചെയ്യേണ്ടിവന്ന വേദനിക്കുന്ന ഓര്‍മ്മകളാണ് നോട്ട് നിരോധനത്തിന്റെ വാര്‍ഷിക വേളയില്‍ ഓടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുരടിപ്പിച്ച നോട്ട് നിരോധനമെന്ന മഹാപാതകം അരങ്ങേറിയത്.
വൈദേശികാധിപത്യത്തില്‍ നിന്നു രാജ്യം മോചിക്കപ്പെട്ട കാലം കാട്ടാന കയറിയ കരിമ്പിന്‍ കാടു പോലെ തകര്‍ന്നു കഴിഞ്ഞിരുന്നു. രാജ്യത്തിന്റെ ധാന്യകൂടാരമായ പഞ്ചാബിലെ ഗോതമ്പ് വയലുകള്‍ പാക്കിസ്താന് ഓഹരി വെച്ചപ്പോള്‍ ബംഗാള്‍ പട്ടിണിയുടെ മഹാദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യ. ഒരു നേരത്തെ അന്നത്തിനു വകയില്ലാത്തതിനാല്‍ അമേരിക്കയില്‍ നിന്നെത്തുന്ന നുറുക്കു ഗോതമ്പ് കഴിക്കാന്‍ പ്രൈമറി സ്‌കൂളില്‍ കുട്ടികളെത്തിയ കാലം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനു മുന്നില്‍ മാര്‍ഗ രേഖയായി നിന്നത് രാഷ്ട്രപിതാവ് മഹാത്മജിയുടെ ജ്വലിക്കുന്ന ഉപദേശം മാത്രം.’നിങ്ങള്‍ ഇന്നുവരെ കാണാത്ത ഒരാളെ ദരിദ്രനില്‍ ദരിദ്രനായ ഒരാളെ മനസ്സിലോര്‍ത്തു വേണം ഭരണാധികാരി തീരുമാനമെടുക്കാന്‍’ എന്ന വാചകങ്ങള്‍.
ബാരിസ്റ്ററുടെ പത്രാസുള്ള വസ്ത്രം പോലും ഉപേക്ഷിച്ച് ഉടുക്കാനും പുതക്കാനും രണ്ടു കഷ്ണം തുണിയുമായി ഭാരത പര്യടനത്തിനിറങ്ങിയ ഗാന്ധിജിയുടെ മുന്നില്‍ ഗ്രാമീണ ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു സ്വപ്‌നം. സ്വര്‍ണ്ണ നൂല്‍ കൊണ്ട് സ്വന്തം പേരു തുന്നിച്ചേര്‍ത്ത 30 ലക്ഷം രൂപ വില മതിക്കുന്ന കോട്ട് ധരിച്ച നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുന്ന ദുര്യോഗമുണ്ടാകുമെന്നു മഹാത്മജി നിനച്ചിരിക്കില്ല.
പണ്ഡിറ്റ്ജിയുടെ ദീര്‍ഘ വീക്ഷണവും ആസൂത്രണ മികവും തെളിയിച്ച പഞ്ചവത്സര പദ്ധതിയും ഹരിത വിപ്ലവവും തുടങ്ങി പിന്നീടുള്ള പതിറ്റാണ്ടുകള്‍ ഇന്ത്യയുടെ കുതിപ്പിന്റെ കാലഘട്ടമായിരുന്നു. ബേങ്ക് ദേശസാത്കരണം സാമ്പത്തിക അച്ചടക്കത്തിനു നാന്ദി കുറിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് രാജ്യത്തിനു മുന്നില്‍ ലോക വാതായനങ്ങള്‍ തുറന്നിട്ട ഇന്ദിരാഗാന്ധിയുടെ പാത രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ ജീവസ്സുറ്റതാക്കി. മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണ്ണറും അഞ്ചു വര്‍ഷം രാജ്യത്തിന്റെ ധനകാര്യമന്ത്രിയും ആയിരുന്ന മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായതോടെ വളര്‍ച്ചയുടെ വസന്തകാലം ആരംഭിക്കുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതിയിലൂടെ പട്ടിണിയില്ലാത്ത ഇന്ത്യയും തൊഴിലുറപ്പു പദ്ധതിയിലൂടെ ഗ്രാമീണ ജനതയുടെ സ്വയം പര്യാപ്തതയും ഉറപ്പാക്കിയ സര്‍ക്കാര്‍ കാര്‍ഷികാഭിവൃദ്ധിക്കു മുന്‍തൂക്കം നല്‍കി. ഇന്ത്യ വളര്‍ച്ചയില്‍ ചൈനയുടെ തൊട്ടു പിറകിലുണ്ടെന്നും ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലേക്കു ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ മുന്നേറുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയടക്കം പ്രവചനം നടത്തി.
എന്നാല്‍ ഈ നന്മകളൊക്കെ ഒരൊറ്റ രാത്രിയിലെ നോട്ട് നിരോധനം കൊണ്ട് നരേന്ദ്ര മോദി തല്ലിയുടച്ചു. പൗരന്മാരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും നിക്ഷേപാന്തരീക്ഷം തകര്‍ക്കുകയും ചെയ്ത നിയമപരമായ പിടിച്ചുപറിയായി അത് മാറി. ഒരു രാജ്യത്തിന്റെ മൊത്തം കറന്‍സിയുടെ 86 ശതമാനം നോട്ടുകള്‍ റദ്ദാക്കി. അതായത് 15.44 ലക്ഷം കോടി രൂപയുടെ 1000 ത്തിന്റേയും 500 ന്റേയും നോട്ടുകള്‍. സഊദി അറേബ്യയില്‍ സല്‍മാന്‍ രാജാവ് ചെയ്തതു പോലെയുള്ള ഒരു മുന്നൊരുക്കവും ഇവിടെ ചെയ്തില്ല. ഇതു മനസ്സിലാക്കിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് താക്കീത് നല്‍കി. ഇതു കാരണം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ രണ്ട് ശതമാനം ഇടിവുണ്ടാകും. ചെറുകിട കര്‍ഷകരേയും കച്ചവടക്കാരെയും ബാധിക്കും.
എന്നാല്‍ കള്ളപ്പണവും കള്ളനോട്ടും പെരുകിയിരിക്കുന്നു എന്നും റദ്ദാക്കിയ 15.44 ലക്ഷം നോട്ടുകളില്‍ 4.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ കള്ള നോട്ടാണെന്നും മോദി പറഞ്ഞു. ഇപ്പോഴാകട്ടെ നിരോധിച്ച നോട്ടില്‍ 15.28 കോടിയും തിരിച്ചെത്തി. അതായത് 98.96 ശതമാനം നോട്ടുകള്‍. അതില്‍ കള്ളനോട്ടാകട്ടെ 11.2 കോടി (0.0002%) മാത്രം. കള്ളപ്പണവും വന്നില്ല. 2012-13ല്‍ 19337 കോടിയും 2013-14 ല്‍ 90391 കോടിയും കള്ളപ്പണമാണു കണ്ടെത്തിയതെങ്കില്‍ ഇപ്പോള്‍ 34526 കോടിയായി ചുരുങ്ങി. മോദി കൊട്ടിഘോഷിച്ച മൊബെയില്‍ ബേങ്കിങിലും കുറവാണുണ്ടായത്. നോട്ട് നിരോധനത്തിനു മുമ്പ് 124490 കോടി രൂപയുടെ ഇടപാട് നടന്നത് നിരോധനത്തിനു ശേഷം 112160 കോടി രൂപയായി ചുരുങ്ങി.1000, 500 രൂപ നോട്ട് പിന്‍വലിച്ചാല്‍ കള്ളപ്പണം കുറയുമെന്നും അതിന്റെ ഭാഗമായി ഭീകരവാദം അമര്‍ച്ച ചെയ്യാനാവുമെന്നും പ്രധാനമന്ത്രി മോദി നിരന്തരമായി പ്രചരിപ്പിച്ചെങ്കിലും ഇപ്പോള്‍ ഭീകര പ്രവര്‍ത്തനം 38 ശതമാനം വര്‍ധിച്ചെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യം അഭിമാനം കൊണ്ടിരുന്ന ആഭ്യന്തര വളര്‍ച്ചാ നിരക്ക് 7.9 ശതമാനത്തില്‍ നിന്നു 5.7 ശതമാനമായി കുറഞ്ഞത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നിരീക്ഷണം ശരിയെന്നു തെളിയിക്കുന്നതായിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഈ വിഡ്ഢിത്തംവഴി 15 ലക്ഷം പേര്‍ക്കു പ്രത്യക്ഷത്തില്‍ തൊഴില്‍ നഷ്ടമായെന്നാണു സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി കണ്ടെത്തിയത്. മുന്‍ ധനമന്ത്രി യശ്വന്ത്‌സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്‌നന്‍ സിന്‍ഹ, സുബ്രഹ്മണ്യ സ്വാമി എന്നിവരും നോട്ട് നിരോധനം പരിപൂര്‍ണ്ണ പരാജയമാണെന്നു പ്രസ്താവിച്ചു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്തവനു ജനങ്ങളുടെ പ്രശ്‌നമറിയില്ലെന്നും ധനമന്ത്രി അരുണ്‍ ജയിറ്റ്‌ലിയെക്കുറിച്ച് പരാമര്‍ശമുണ്ടായി. മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജനും പറഞ്ഞത് നോട്ട് നിരോധനം ഫലവത്തായില്ലെന്നാണ്.
പ്രതിശീര്‍ഷ വരുമാനം വര്‍ധിച്ചെന്നു പ്രചരിപ്പിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വര്‍ധിച്ചത് കോര്‍പറേറ്റ് ആസ്തിയാണെന്നത് വിസ്മരിക്കുന്നു. 9.6 ശതമാനം കോര്‍പറേറ്റ് ആസ്തി വര്‍ധിച്ചപ്പോള്‍ അതിന്റെ ഭാഗമായി പൗരന്മാരുടെ പ്രതിശീര്‍ഷ വരുമാനം ഒരു ശതമാനം വര്‍ധിച്ചുവെന്നു മാത്രം. നോട്ട് നിരോധനം അദാനിക്കും അംബാനിക്കും നേരത്തെ അറിയാമായിരുന്നെന്ന ബി.ജെ.പി എം.എല്‍.എ ഭവാനിസിങിന്റെ വെളിപ്പെടുത്തലും ഇന്ധനവില വര്‍ധിപ്പിച്ചും നികുതി വര്‍ധിപ്പിച്ചും കാണിക്കുന്ന ഗിമ്മിക്കുകള്‍കള്ളപ്പണം വെളുപ്പിക്കാന്‍ അവസരമാകുന്നു എന്ന അരുണ്‍ഷൂരിയുടെ നിഗമനവുംകൂടി വായിക്കണം. നോട്ട് നിരോധനത്തിനു മുമ്പ് 38.56 ശതമാനം നികുതി വര്‍ധനവ് 2017 സെപ്തംബറില്‍ 39.4 ശതമാനം മാത്രമാണെന്നത് സ്വാഭാവിക വര്‍ധനവ് മാത്രമാണെന്നു തെളിഞ്ഞു.
യഥാര്‍ത്ഥത്തില്‍ കറന്‍സി കൊണ്ട് പ്ലൈവുഡ് ഉണ്ടാക്കിയ ലോകത്തിലെ ആദ്യത്തെ ഭരണാധികാരി എന്നു മോദിക്കഭിമാനിക്കാം. നോട്ട് കൊണ്ട് നിര്‍മ്മിച്ച പ്ലൈവുഡിന്റെ തിളക്കം ഇന്ത്യയുടെ തിളക്കമെന്നു വ്യാഖ്യാനിക്കാം. കാര്‍ഷിക മേഖലയില്‍ 25 ശതമാനം ഉത്പാദനം കുറഞ്ഞു. വ്യാപാര മേഖലയില്‍ നിക്ഷേപം വളര്‍ച്ചയില്‍ നിന്നു ഇടിഞ്ഞു. പുതിയ 2000, 500 നോട്ടടിക്കാന്‍ ചെലവാക്കിയ 7965 കോടി രൂപയടക്കം ഭീമമായ നഷ്ടം വേറെയും. അതിനേക്കാളെല്ലാമുപരി ഇതിന്റെ പേരില്‍ നഷ്ടപ്പെട്ട വിലപ്പെട്ട 150 പേരുടെ ജീവനും വില നിര്‍ണ്ണയിക്കാനാവാതെ നില്‍ക്കുന്നു. ത്രീ ടയര്‍, ഫോര്‍ ടയര്‍ സിസ്റ്റത്തില്‍ നിന്നു മാറി ഒറ്റ ടാക്‌സ് എന്ന നികുതി ഘടനയിലേക്ക് മാറ്റാന്‍ യു.പി.എ സര്‍ക്കാര്‍ വിവേകപൂര്‍വം കൊണ്ടു വന്ന ജി.എസ്.ടി എന്ന ആശയത്തെ പച്ചക്കറി അരിഞ്ഞെടുക്കാന്‍ വെച്ച അടുക്കള കത്തി കണ്ഠ നാളത്തിലിറക്കിയ മന്ദബുദ്ധിയെപ്പോലെയാണു മോദി വിനിയോഗിച്ചത്. വിലക്കയറ്റം, പെട്രോള്‍ വില വര്‍ധനവ്, പാചക വാതക വില വര്‍ധനവ്, റെയില്‍വേ നിരക്ക് വര്‍ധന, കാര്‍ഷികോത്പാദന കുറവ്, വില കമ്മി, വ്യാപാര കമ്മി ഇതിനിടയിലേക്കു ഗൃഹ പാഠം ചെയ്യാത്ത ജി.എസ്.ടി കൂടി വന്നതോടെ രാജ്യത്തെ ജനങ്ങള്‍ നെരിപ്പോടില്‍ കിടക്കുന്ന പ്രതീതിയിലാണ്.

kerala

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസ്

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. തിരുവനന്തപുരം അയിരൂര്‍ പാറ സ്വദേശിനിക്കെതിരെയാണ് കേസ്.

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഫ്‌ലാറ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് ഇല്ലാതിരുന്ന ദിവസം രാത്രിയാണ് സംഭവം നടന്നത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ വഞ്ചിയൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം നടന്നത് പോത്തന്‍കോട് പൊലീസിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറും.

 

Continue Reading

kerala

ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം; പൊലീസ് കേസെടുത്തു

ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്.

Published

on

കൊല്ലം: കോട്ടുകല്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ പൊലീസ് കേസെടുത്തു. ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്ന് കടയ്ക്കല്‍ പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്തിനെതിരെ കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.

അതേസമയം ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതികള്‍ ക്ഷേത്രത്തിന്റെ ഭരണാധികാരികളായി മാറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവത്തില്‍ ദേവസ്വവും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്.

അതിനിടെ, ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.

 

Continue Reading

FOREIGN

കസാഖ്സ്ഥാൻ മധ്യേഷ്യയിലെ സ്വിറ്റസർലൻഡ്

കസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ, റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.

Published

on

ഷംസുദ്ദീൻ പള്ളിയാളി

യാത്രകളെ സ്നേഹിക്കുന്നവരെ എന്നും സ്വീകരിക്കാൻ വാതിൽ തുറന്നു കാത്തിരിക്കുന്ന മനോഹരമായ അത്ഭുത ലോകമാണ് കസാഖ്സ്ഥാൻ. താഴ്‌വാരങ്ങളും സമതലങ്ങളും മഞ്ഞിൻ തലപ്പാവ് അണിഞ്ഞു നിൽക്കുന്ന പർവ്വത നിരകളും കാഴ്ചകളുടെ ഒരു വസന്ത കാലമാണ് അവിടെ ഒരുക്കിയിരിക്കുന്നത്.

വലിപ്പത്തിൽ ലോകത്തിലെ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് കസാഖ്സ്ഥാൻ അസ്താന ആണ് കസാഖ്സ്ഥാൻ തലസ്ഥാനം. പക്ഷെ ഭൂപ്രകൃതി കൊണ്ടും മറ്റു പല കാര്യങ്ങൾ കൊണ്ടും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം അവിടത്തെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയാണ്. പർവ്വതങ്ങളാൽ ചുറ്റ പെട്ട്, തടാകങ്ങളും ,ഉദ്യാനങ്ങളുമായി അൽമാട്ടി തന്നെയാണ് ഏറ്റവും മനോഹരമായ നഗരം.
വൈവിധ്യങ്ങളായ ജനവിഭാഗങ്ങൾ കസാഖ്സ്ഥാനിൽ കാണപ്പെടുന്നു. സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന വലിയ നാടുകടത്തലുകൾ ഇതിനൊരു കാരണമായിതീർന്നിട്ടുണ്ട്.

മതസ്വാതന്ത്ര്യം നിലനിൽക്കുന്നു, അതിനാൽ തന്നെ വ്യത്യസ്തവിശ്വാസങ്ങൾ രാജ്യത്ത് കണ്ടുവരുന്നു. ഇസ്‌ലാമാണ്‌ ഏറ്റവും വലിയ മതം. കസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ. റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.
1990 ഒക്ടോബർ 25 ന് സോവിയറ്റ് യൂണിയനിലെ ഒരു റിപ്പബ്ലിക്കായി കസാഖ്സ്ഥാൻ തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം പ്രഖ്യാപിച്ചു.
കഴിഞ്ഞ മാർച്ച് 28 നു ദമ്മാമിൽ നിന്നും ജിദ്ദ വഴി 8 മണിക്കൂറോളം യാത്ര ചെയ്താണ് ഞങ്ങൾ അൽമാട്ടി വിമാനം ഇറങ്ങിയത്. യാത്രയുടെ ക്ഷീണമെല്ലാം നഗരത്തിന്റെ ആകാശ കാഴ്ചകൾ കണ്ടതോടെ ഇല്ലാതായി.
ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരു രാജ്യമാണ് കസാഖ്സ്താൻ. അവിടെ നമുക്ക് വിസ ഇല്ലാതെ പ്രവേശിച്ചു തുടർച്ചയായി 14 ദിവസം വരെ താമസിക്കാം.

എയർപോർട്ടിൽ നിന്നും നേരെ അൽമാട്ടി നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള ‘കോൽസയി വില്ലേജിലേക്കു’ ഗൈഡ് കം ഡ്രൈവറായ കസാഖ് സ്വദേശിയുടെ കൂടെ യാത്രയായി.അൽമാട്ടി നഗരത്തിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞു പതുക്കെ വെളിയിലേക്കു ഇറങ്ങി തുടങ്ങി. അവിടെ നിന്നും കാണുന്ന കാഴ്ചകൾ സുന്ദരമായിരുന്നു .മഞ്ഞു അവസാനം,വസന്ത കാലത്തിന്റെ തുടക്കം ,വഴി അരികിലെ മരങ്ങൾ എല്ലാം തന്നെ ഇലകൾ പൊഴിചിരിക്കുന്നു.

ഏഷ്യയിലെ സ്വിറ്റ്സർലൻഡ് എന്ന് എന്തുകൊണ്ടാണ് കസാഖ്സ്ഥാനെ വിളിക്കുന്നത് എന്ന് മനസിലാക്കി തരുന്ന കാഴ്ചകൾ ആയിരുന്നു ഞങ്ങൾക്കു മുൻപിൽ വഴിയിലുടനീളം കാണാൻ കഴിഞ്ഞത്.
നഗരം വിട്ടതോടെ വഴികൾ വിജനമായി തുടങ്ങി ,അൽമാട്ടി നഗരത്തിൽ നിന്നും 6 മണിക്കൂറോളം സഞ്ചരിച്ചു ,കാറിലെ റേഡിയോയിൽ കസാഖ് ‘റോക്ക് മ്യൂസിക്കിന്റെ പതിഞ്ഞ താളത്തിന്റെ അകമ്പടിയോടെ രാത്രി 9 മണിയോയുടെ കോൽസായി വില്ലേജ് ഹോം സ്റ്റേയിലെത്തിച്ചേർന്നു .അവിടെ കസാഖ് വൃദ്ധ ദമ്പതികൾ തനത് കസാഖ് അത്താഴം ഒരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു ,മുട്ടയും, ബ്രെഡും, ചീസും, ബിസ്‌ക്കറ്റും ഒക്കെ തന്നെ ആയിരുന്നു.പക്ഷെ നല്ല ഭക്ഷണം തന്നെ ആയിരുന്നു..
ആ രാത്രി അവിടെ തങ്ങി പിറ്റേന്ന് 29 നു ‘കോൽസായി തടാകം’ കണ്ടു കൊണ്ട് സന്ദർശനം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.

ചൂട് പിടിപ്പിച്ച റൂമിൽ നിന്നും അതി രാവിലെ എണീറ്റ് നോക്കുമ്പോൾ കണ്ട കാഴ്ചകൾ തന്നെ അതിശയകരമായിരുന്നു,ഇന്നലെ രാത്രി കണ്ട വഴികളും വീടിന്റെ പരിസരവും രാത്രിയിലെ മഞ്ഞു വീഴ്ചയിൽ മൂടി കിടക്കുന്നു ,അസ്ഥികൾ തുളച്ചു കയറുന്ന തണുപ്പും,ലോകത്തിൽ എവിടെ പോയാലും ചെയ്യാറുള്ള പതിവുള്ള പ്രഭാത സവാരി അന്ന് മാറ്റി വെക്കേണ്ടി വന്നു,രാവിലെ തനത് കസാഖ് പ്രാതൽ കഴിച്ചു കോൽസായി തടാകം സന്ദർശിക്കാൻ പുറപ്പെട്ടു.വഴികൾ വിജനം തന്നെയായിരുന്നു,ഗ്രാമങ്ങളിൽ കസാക്കുകാർ എല്ലാം തന്നെ മാംസത്തിനും ,പാലിനുമായി കുതിരകളെ വളർത്തുന്നു ,കൂടെ ആടുകളും.

കോൽസായി തടാകം കിർഗിസ്ഥാൻ അതിർത്തിയിൽ നിന്നും 10 കിലോ മാത്രം അകലെയുള്ള കോൽസയി ദേശീയ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന കോൽസായി തടാകം സമുദ്ര നിരപ്പിൽ നിന്നും 1.8 കിലോ ഉയരത്തിലും ,1 കിലോമീറ്റർ നീളത്തിലും ,400 മീറ്റർ വീതിയിലും ,80 മീറ്ററോളം ആഴത്തിലുമാണ്.29 നു രാവിലെ 9 മണിക്ക് കോൽസായി ഗ്രാമത്തിൽ നിന്നും മഞ്ഞു രാത്രി മഞ്ഞിൽ പുതച്ച വഴികൾ താണ്ടി അവിടെ എത്തുമ്പോൾ -5 ഡിഗ്രി ആയിരുന്നു തടാകത്തിലെ താപ നില,ഭാഗികമായി മഞ്ഞിൽ മൂടിയ തടാകത്തിന്റെ കാഴ്ച അതിമനോഹരമായിരുന്നു.കടുത്ത മഞ്ഞു വീഴ്ച മൂലം സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു.തടാകത്തിലൂടെയുള്ള ബോട്ടിങ്ങും നിർത്തി വെച്ചിരിക്കുന്നു.

അവിടെ നിന്നും തുടർന്ന് 100 കിലോമീറ്റർ അകലെയുള്ള ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ (Black ക്യാനിയന് & Charyn Canyon) കാണാൻ യാത്ര തുടർന്നു.

ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ ബ്ലാക്ക് കാന്യൺ (കരോയ് ഗോർജ്), അൽമാറ്റി മേഖലയിൽ സ്ഥിതി ചെയ്യുന്ന ശ്രദ്ധേയമായ ഒരു പ്രകൃതിദത്ത ആകർഷണമാണ്,അതിശയിപ്പിക്കുന്ന പാറക്കെട്ടുകളും ആഴമേറിയതും വളഞ്ഞുപുളഞ്ഞതുമായ മലയിടുക്കുകൾ കാരണം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗ്രാൻഡ് കാന്യണുമായി താരതമ്യപ്പെടുത്താം.മഞ്ഞു ഇല്ലെങ്കിലും തണുത്ത കാറ്റും കൊണ്ട് ആകെ തണുത്ത കാലാവസ്ഥ തന്നെയായിരുന്നു ഇവിടെയും ,തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു കൊണ്ട് കസാഖികളും ,ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളായ നിരവധി സഞ്ചാരികളെ അവിടെ കാണാൻ കഴിഞ്ഞു.
ഞങ്ങളുടെ ആ ദിവസത്തെ അടുത്ത ലക്ഷ്യസ്ഥാനം ശ്രദ്ധേയമായ ചാരിയോൻ കാന്യൺ ആയിരുന്നു.

അമേരിക്കയിലെ ഗ്രാൻഡ് കാന്യണിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ മലയിടുക്കായി ചാരിയോൻ കാന്യൺ കണക്കാക്കപ്പെടുന്നു,മനോഹരമായ പ്രകൃതിദത്ത നിറങ്ങളുള്ള പാറക്കെട്ടുകൾ ,തീർത്തും യാത്രക്ക് അനുയോജ്യമായ താപനിലയായിരുന്നു അവിടെ.അൽമാട്ടിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ( കിഴക്കായി, കസാഖ്-ചൈനീസ് അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 154 കിലോമീറ്റർ (96 മൈൽ) നീളമുള്ള ഈ മലയിടുക്ക്. 2004 ഫെബ്രുവരി 23 ന് സ്ഥാപിതമായ ചാരിയോൻ ദേശീയോദ്യാനത്തിന്റെ ഭാഗമാണിത്, അൽമാറ്റി മേഖലയിലെ ഉയ്ഗൂർ, റൈംബെക്ക്, എൻബെക്ഷികസാഖ് ജില്ലകളുടെ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

അന്ന് വൈകിട്ടോടെ അൽമാട്ടിയിൽ തിരിച്ചെത്തി ,പിറ്റേ ദിവസം 30 നു രാവിലെ ഷിംബുലാക്കിലേക്കുള്ള യാത്രയായിരുന്നു. ഷിംബുലാക്ക്
തലേന്ന് രാത്രി ഷിംബുലാക്കിലെ കാലാവസ്ഥ പരിശോധിച്ചപ്പോൾ ‘0’ ഡിഗ്രിയിലും താഴെയാണ് താപനില കാണിക്കുന്നത്.കനത്ത മഞ്ഞു വീഴ്ചയും ഉണ്ടെന്ന് അറിഞ്ഞതോടെ മുൻപുള്ള ഭാഗങ്ങളിൽ സൂചിപ്പിച്ച പോലെ തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു പുറത്തിറങ്ങി.
കസാക്കിസ്ഥാനിലെ അൽമാട്ടിക്കടുത്തുള്ള ഒരു പ്രശസ്തമായ സ്കീ റിസോർട്ടാണ് ഷിംബുലാക്ക്, പ്രശസ്തമായ ഹൈ-പർവത സ്കേറ്റിംഗ് റിംഗ് “മെഡ്യൂ” നേക്കാൾ അല്പം ഉയരത്തിൽ സൈലിസ്കി അലാറ്റൗ പർവതനിരയിൽ സ്ഥിതിചെയ്യുന്നു.

3500 മീറ്റർ ഉയരത്തിൽ ഇലി അലതൗ ദേശീയോദ്യാനത്തിന്റെ പ്രദേശത്താണ് ഷിംബുലാക്ക് സ്ഥിതി ചെയ്യുന്നത്.കസാഖ്‌സ്ഥാനിലും കിർഗിസ്ഥാനിലും ഉസ്‌ബെക്കിസ്താനിലും ചൈനയിലുമായി പറന്നു കിടക്കുന്ന ടിയാൻ ഷാൻ പർവതവ്യവസ്ഥയുടെ (പുരാതന മൗണ്ട് ഇമിയോൺ) ഭാഗമാണ് ട്രാൻസ്-ഇലി അലാറ്റൗ എന്നും അറിയപ്പെടുന്ന ഇലി അലാറ്റൗ . ടിയാൻ ഷാനിൻ്റെ ഏറ്റവും വടക്കേയറ്റത്തെ പർവതനിരയാണിത്.1940 കളിൽ ആണ് പഴയ സോവിയറ് യൂണിയനിൽ പെട്ട സ്കീയിങ് ആളുകൾ ഈ സ്ഥലം സ്‌കേറ്റിംഗിന് പറ്റിയതായി കണ്ടു പിടിച്ചത്. ഏകദേശം മൂന്നു മണിക്കൂറോളം മല നടന്നു കയറിയാണ് ആളുകൾ മുകളിലെത്തി സ്കീയിങ് ചെയ്തിരുന്നത്. പിന്നീട് 1954 ൽ ആയിരത്തി അഞ്ഞൂറോളം മീറ്റർ വരുന്ന സ്കീ തൗ നിർമ്മിച്ചു.
1983-ൽ ഇത് സോവിയറ്റ് യൂണിയൻ്റെ ഒളിമ്പിക് സ്കീയിങ് പരിശീലന കേന്ദ്രമായി മാറി. ഇതിനെ തുടർന്ന് , റെസ്റ്റോറൻ്റുകളും ഹോട്ടലുകളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും സൗകര്യങ്ങളും വന്നു തുടങ്ങി.ബേസ് എലിവഷൻ 2200 മീറ്ററും മുകളിലെ എലിവഷൻ 3500 മീറ്ററുമാണ്.അതായതു 1000 കൂടുതൽ മീറ്റർ എലിവഷനിൽ വ്യത്യാസം ഉണ്ട്.

മൂന്നു ലെവലുകളുള്ള കേബിൾ കാറിലാണ് ഏറ്റവും മുകളിലേക്ക് പോകേണ്ടത്. അവിടെനിന്നും ഉള്ള ആ ക്യാബിനിലെ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ച സമ്മാനിക്കുന്നതായിരിക്കും എന്ന് യാത്ര തുടങ്ങിയപ്പോൾ ഞങ്ങൾ ചിന്തിച്ചില്ലെങ്കിലും കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ മനസിലായി. നല്ല പഞ്ഞിക്കെട്ടു പോലത്തെ മഞ്ഞു വീണു കിടക്കുന്ന മലനിരകൾ.താഴെ നിറയെ ക്രിസ്ത്മസ് ട്രീ മരങ്ങൾ,അതിൽ മുഴുവൻ മഞ്ഞു വീണു വെളുത്തിരുന്നു.ഏകദേശം ഇരുപതു മിനിട്ടു നീണ്ട യാത്ര അവസാനിച്ചത് ആദ്യത്തെ സ്റ്റേഷനിലാണ്.അവിടെ ഇറങ്ങി അടുത്ത യൂണിറ്റിൽ കയറി വേണം രണ്ടാമത്തെ സ്റ്റേഷനിലേക്ക് പോകാൻ.

ഇവിടെ നിന്നും രണ്ടു രീതിയിൽ ഉള്ള ഗൊണ്ടോല കാറുകൾ ഉണ്ട്, ഫുൾ കവേർഡ് ആയിട്ടുള്ളതും, പിന്നെ മുൻവശം തുറന്ന കാറുകളും. തുറന്ന കാറുകൾ ഇപ്പോൾ സ്‌കേറ്റിംഗിന് പോകുന്ന ആളുകൾക്ക് മാത്രമേ അനുവദിച്ചിട്ടൊള്ളൂ . രണ്ടാമത്തെയും കഴിഞ്ഞു ഒടുവിൽ മൂന്നാമത്തെ സ്റ്റേഷൻ വരെ എത്തി.മുകളിലൂടെ കേബിൾ കാറിൽ പോകുമ്പോൾ കാണുന്ന കാഴ്ചകൾ നമ്മുടെ മനസിനെ വളരെ അധികം ആനന്ദിപ്പിക്കും എന്ന് നിസംശയം പറയാം.എവിടെ നോക്കിയാലും നല്ല വെള്ള പഞ്ഞി വിരിച്ച പോലെ നീണ്ടു നിവർന്നു കിടക്കുന്ന മലനിരകൾ. ഉറുമ്പിൻ നിരകൾ വരി വരിയായി പോകുന്ന പോലെ താഴെ സ്കേറ്റിംഗ് ചെയ്യുന്ന ഒരു കൂട്ടം ആളുകൾ. മഞ്ഞുകണങ്ങൾ വീണു കിടക്കുന്ന തരുനിരകൾ,തുളച്ചു കയറുന്ന നല്ല തണുപ്പ്, ഒഴുകി നടക്കുന്ന കോടമഞ്ഞു.ഏറ്റവും മുകളിലുള്ള സ്റ്റേഷനിൽ തണുപ്പ് അതി കഠിനം ആയിരുന്നു.

പിറ്റേന്ന് മാർച്ച് 31 നു ഞങ്ങളുടെ യാത്ര അൽമ-അരസനിലേക്കായിരുന്നു.
അൽമ-അരസൻ അൽമാറ്റിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പർവത മലയിടുക്കാണ് അൽമ-അരസൻ . ട്രാൻസ്-ഇലി അലാറ്റൗവിന്റെ വടക്കൻ ചരിവിൽ 1780 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ബിഗ് അൽമാറ്റിയുടെ പോഷകനദിയായ പ്രോഖോദ്നയ നദി മലയിടുക്കിലൂടെ ഒഴുകുന്നു.മനോഹരമായ മഞ്ഞു മൂടിയ പാറക്കെട്ടുകൾക്കു ഇടയിലൂടെ ,അരികിലൂടെ ഒഴുക്കുന്ന മഞ്ഞു ഉരുകി ഒഴുക്കുന്ന പ്രോഖോദ്നയ നദി, കുന്നു കയറി മുകളിലേക്കുള്ള ഈ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല,മിനുസ്സമാർന്ന ഐസ് പ്രതലത്തിൽ ബാലൻസ് തെറ്റി യാത്രയിലുടനീളം സഞ്ചാരികൾ വീഴുന്ന കാഴ്ച കണ്ടു ,ശ്രദ്ധിച്ചില്ലെങ്കിൽ ഇത് അപകടം ഉണ്ടാക്കും,മുകളിൽ സഞ്ചാരികൾക്കു സൾഫർ നീരുറവകളിൽ കുളിക്കാനുള്ള സൗകര്യവുമുണ്ടു
ഏപ്രിൽ 1 നു കസാഖ്സ്ഥാൻ തലസ്ഥാനമായ ‘അസ്താന’ യിലേക്ക് ഒരു ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടു.

അസ്താന രാവിലെ 8 മണിക്ക് അസ്താന നൂർസുൽത്താൻ നസർബയേവ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി പുറത്തേക്കു എത്തുമ്പോഴും നഗരം തണുപ്പിന്റെ ആലസ്യത്തിൽ തന്നെയായിരുന്നു. 1997 ലാണ് സർക്കാർ തലസ്ഥാനം അൽമാറ്റിയിൽ നിന്ന് അസ്താനയിലേക്ക് മാറ്റി, 23 മാർച്ച് 2019ൽ നൂർ-സുൽത്താൻ എന്ന് പുനർനാമകരണം ചെയ്തു. 2022 ൽ എതിർപ്പുകളെത്തുടർന്ന് കസാഖ്സ്താന്റെ ആദ്യ പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവിനോടുള്ള ആദരസൂചകമായി നൽകിയ നൂർ സുൽത്താൻ എന്ന തലസ്ഥാന നാമം വീണ്ടും അസ്താന എന്നാക്കി.താരതമ്യേനെ പുതിയ നഗരമായ അസ്താന കസാക്കിസ്ഥാന്റെ വടക്കൻ-മധ്യഭാഗത്ത് ഇഷിം നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
കസാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പ്രതീകപ്പെടുത്തുന്ന ബൈതെരെക് ടവർ (Baiterek), ഖാൻ ഷാറ്റിർ സെന്റർ ( Khan Shatyr Entertainment Center), മധ്യേഷ്യയിലെ ഏറ്റവും വലിയ ഹസ്രത്ത് സുൽത്താൻ പള്ളി എന്നിവയുൾപ്പെടെയുള്ള ആധുനിക ലാൻഡ്‌മാർക്കുകൾക്ക് ഈ നഗരം പ്രശസ്തമാണ്. സാംസ്കാരികവും ,അന്തർദേശീയ കോൺഫെറെൻസുകൾക്കും പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൊട്ടാരം (Palace of Peace and Reconciliation), സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രമെന്ന നിലയിൽ നഗരത്തിന്റെ പങ്കിനെ എടുത്തുകാണിക്കുന്നു.
ഒരൊറ്റ ദിസവസത്തെ തിരക്കിട്ട അസ്താന സന്ദർശനത്തിന് ശേഷം അന്ന് രാത്രി തന്നെ അൽ മാട്ടിയിൽ തിരിച്ചെത്തി ,പിറ്റേന്ന് ഏപ്രിൽ 2 നു ‘കോക് ടോബാ’ സന്ദർശിക്കാനായിരുന്നു പരിപാടി.

കോക് ടോബാ അൽ മാട്ടി നഗരത്തിലെ പ്രധാന “ലാൻഡ് മാർക്ക് ” ആണ് കോക് ടോബ . നഗര ഹൃദയത്തിൽ തന്നെ ഉള്ള ഒരു വലിയ ഒരു മല അല്ലെങ്കിൽ കുന്നിൻ പ്രദേശമാണിത് ,സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1100 മീറ്റർ ഉയരത്തിലാണ് ഇതിന്റെ മുകൾഭാഗം. കോക് ടോബയിലേക്കു നമ്മുക്ക് റോഡ് മാർഗവും, കേബിൾ കാർ വഴിയും നമ്മുക്ക് എത്തിച്ചേരാം, ഞങ്ങൾ കേബിൾ കാർ ആണ് തിരഞ്ഞെടുത്തത്.

1960-കൾ വരെ, കോക്‌ടോബ് കുന്ന് “വെരിജിന “(റഷ്യൻ) എന്നാണ് അറിയപ്പെട്ടിരുന്നത്. സോവിയറ്റ് കാലഘട്ടത്തിന് മുമ്പ്, ഈ കുന്ന് നഗരവാസികളുടെ പ്രിയപ്പെട്ട ഒത്തുചേരൽ സ്ഥലമായിരുന്നു. അവിടെ നിന്ന്, വേനൽക്കാലത്ത്, അവർ മെയ് ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു, ശൈത്യകാലത്ത്, സ്കീയിംഗിനും, സ്ലെഡിംഗിനും ഈ കുന്ന് ജനപ്രിയമായിരുന്നു.1960 കളുടെ തുടക്കത്തിൽ, കസാഖ് എസ്എസ്ആറിൻ്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ഒരു ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് ടവർ നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചു, രാജ്യത്തിന് മുഴുവൻ സേവനം നൽകുന്ന ഒരു പദ്ധതി ആയിരുന്നു അവരുടെ ലക്‌ഷ്യം. 1975 ആയപ്പോഴേക്കും പുതിയ അൽമാട്ടി ടവറിൻ്റെ പദ്ധതികൾ പൂർത്തിയായി. കസാക്കിസ്ഥാനെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രക്ഷേപണ ഘടന സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. 1978 ൽ അവർ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.

അൽമാട്ടി നഗരത്തിനു മുകളിലൂടെയാണ് കോക് ടോബ കേബിൾ കാർ സഞ്ചരിക്കുന്നത്. മഞ്ഞിൽ കിരീടം അണിഞ്ഞ ട്രാൻസ്-ഇലി അലാറ്റൗ പർവ്വത നിരകളുടെ തഴവാരത്തോളം നീണ്ടു കിടക്കുന്ന അൽമാട്ടി നഗരത്തിന്റെ അതി മനോഹരമായ കാഴ്ചകൾ ആയിരുന്നു നമ്മളെ എതിരേറ്റത്. മുകളിൽ എത്തി പുറത്തു ഇറങ്ങിയപ്പോൾ നല്ല തണുപ്പ് അനുഭവപ്പെട്ടു. അവിടെ സ്വദേശികളും വിദേശികളുമായ നിരവധി വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നു. ഇന്ത്യക്കാരും ഉണ്ടായിരുന്നു അവരിൽ. രാത്രി എട്ടു മണി വരെ അവിടെ ചിലവഴിച്ചു മടങ്ങി ,പിറ്റേന്ന് പുലർച്ചെയുള്ള മടക്ക യാത്രക്ക് മുന്നോടിയായി നഗരത്തിലെ വാക്കിങ് സ്ട്രീറ്റ് സ്ട്രീറ്റ് ആയ ‘അർബാത് ‘ സ്ട്രീറ്റിൽ ഒരിക്കൽ കൂടി എത്തി ,നഗരത്തിൽ അപ്പോഴും തെരുവ് ഗായകർ പാടുന്നു ,ചുറ്റും സഞ്ചാരികളും ,ഒരു പറ്റം ചെറുപ്പക്കാരും നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു.മടക്ക രാവിലെ 3 മണിക്ക് ഷാർജ വഴി ദമ്മാമിൽ ഉച്ചക്ക് മുമ്പ് തിരിച്ചെത്തി.കസാക്കിസ്ഥാൻ യാത്രയുടെ ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാം അനുഭവിച്ചു അറിയാം ,കാഴ്ചകൾ ഇവിടെ ഋതുക്കൾ ഒരുക്കുന്ന തിരശീല മാറുന്നത് അനുസരിച്ചു മാറി കൊണ്ടിരിക്കും.
കസാഖിസ്ഥാനിൽ നിരവധി ഇന്ത്യക്കാർ ഉണ്ട് ,പ്രധാനമായും മെഡിക്കൽ വിദ്യർത്ഥികളും ,നിർമ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവരും,കണ്ട മുഖങ്ങളിൽ എല്ലാം തന്നെ ആ രാജ്യത്ത് ജീവിക്കുന്നത് വളരെ സംതൃപ്തിയോടെയാണ് കാണാൻ കഴിയുന്നത്.
കസാഖിസ്ഥാനോട് വിട പറയുമ്പോൾ വീണ്ടും തിരിച്ചെത്തണം എന്ന വികാരമായിരുന്നു എനിക്കും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർക്കും.
വളരെ ചുരുങ്ങിയ ചിലവിൽ നടത്താൻ പറ്റിയ ഒരു അന്തർദേശീയ യാത്ര തന്നെയാണ് കസാഖ്സ്ഥാൻ യാത്ര എന്ന് നിസംശയം പറയാം

Continue Reading

Trending