Connect with us

Video Stories

ജനത്തിന്റെ കഴുത്തിനുപിടിച്ച് ധൂര്‍ത്തടിക്കുന്ന മന്ത്രിമാര്‍

Published

on

 

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ആവര്‍ത്തിക്കുന്നു. സംസ്ഥാന ബജറ്റിലും സാമ്പത്തിക പ്രതിസന്ധിയുടെ കെടുതികള്‍ അദ്ദേഹം അക്കമിട്ടു നിരത്തുന്നു. ഇതിനെ മറികടക്കാന്‍ നികുതിഭാരം അടക്കമുള്ളവ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന മാരക നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനം ഭൂ നികുതി വര്‍ധനവാണ്. ഭൂമി രജിസ്‌ട്രേഷനുള്ള ഫീസ് കുത്തനെ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇതിനുപുറമെ ക്ഷേമ പെന്‍ഷനുകള്‍ വെട്ടിക്കുറക്കുന്ന കടുത്ത നടപടികളിലേക്കും സര്‍ക്കാര്‍ നീങ്ങുകയാണ്. വലിയ വീടുകളും വാഹനങ്ങളും ഉള്ളവര്‍ക്കു മാത്രമല്ല രണ്ടേക്കറില്‍ കൂടുതല്‍ സ്ഥലം ഉള്ളവര്‍ക്കും ഇനി പെന്‍ഷന് അര്‍ഹതയില്ലെന്ന പ്രഖ്യാപനവും വന്നിരിക്കുന്നു. രണ്ടേക്കര്‍ സ്ഥലം വരുമാനമില്ലാത്ത പാറ പ്രദേശമാണെങ്കില്‍പോലും പെന്‍ഷന് അര്‍ഹതയില്ലാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. കേരളത്തില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന വാഗ്ദാനവുമായി സര്‍ക്കാര്‍ കൊണ്ടുവന്ന ലൈഫ് പദ്ധതിപോലും അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇരുപത്തഞ്ച് സെന്റിന് താഴെ മാത്രം സ്ഥലമുള്ളവര്‍ മാത്രമേ ലൈഫ് പദ്ധതിയില്‍ പരിഗണിക്കപ്പെടുകയുള്ളൂവെന്നായിരുന്നു ആദ്യഘട്ട നിബന്ധന. രണ്ടാം ഘട്ടമെത്തിയപ്പോള്‍ പദ്ധതിക്ക് കൂടുതല്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളും കൊണ്ടുവന്നു. പത്ത് സെന്റ് സ്ഥലത്തിനു താഴെയുള്ളവര്‍ക്ക് മാത്രം വീട് എന്നതാണ് പുതിയ വ്യവസ്ഥ. റേഷന്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമേ വീട് നിര്‍മാണത്തിനുള്ള ധനസഹായം ലഭിക്കുകയുള്ളൂ. പത്തു സെന്റ് സ്ഥലം മാത്രമുള്ളവര്‍ ഭവനരഹിതരാണെങ്കില്‍ പോലും റേഷന്‍കാര്‍ഡില്ലെങ്കില്‍ വീടില്ല. വീടില്ലാതെ റേഷന്‍ കാര്‍ഡ് ലഭിക്കില്ല എന്നിരിക്കെ ഈ നിബന്ധനയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം ഭരണത്തില്‍ നല്ല സ്വാധീനമുള്ളവര്‍ക്കും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നുമില്ലാതെ ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നല്‍കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ വ്യാപകമായി തഴയപ്പെടുകയാണെന്ന ആക്ഷേപങ്ങളും ഉയര്‍ന്നുവരികയാണ്. വീടുകള്‍ ലഭിച്ചവര്‍ക്ക് തന്നെ വീണ്ടും വീട് എന്ന വിരോധാഭാസവുമുണ്ട്. ലൈഫ് പദ്ധതിയുടെ ഗുണഫലങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്നതിന് ഇടനിലക്കാരുടെ അവിഹിതമായ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ കള്ളക്കളികളും പ്രധാന കാരണമാണ്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഈ മേഖലയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും മുടങ്ങിയതോടെ ഒട്ടേറെ കുടുംബങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. കര്‍ഷക കുടുംബങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ആശാവഹമായ നടപടികളൊന്നുമില്ല. റബ്ബറിന്റെയും തേങ്ങയുടെയും കുരുമുളകിന്റെയും വിലയിടിവ് കര്‍ഷകരുടെ ജീവിത നിലവാരത്തെ ബഹുദൂരം പിറകോട്ടു വലിക്കുന്നു. വിലക്കയറ്റം കാരണം കര്‍ഷകരും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളും അടക്കമുള്ള അടിസ്ഥാന വര്‍ഗങ്ങള്‍ ജീവിതമാര്‍ഗം വഴിമുട്ടിയ അവസ്ഥയിലാണ്. ഇങ്ങനെയൊരു സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുമ്പോഴാണ് എ.കെ.ജിക്ക് സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന ബജറ്റില്‍ പത്തു കോടി രൂപ നീക്കിവെച്ചിരിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിക്കകത്തുതന്നെ ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. എ. കെ.ജിക്ക് സ്മാരകം നിര്‍മിക്കരുതെന്ന അഭിപ്രായം രാഷ്ട്രീയ എതിരാളികള്‍ക്കുപോലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അതിന് തെരഞ്ഞെടുത്ത സാഹചര്യമാണ് വിചാരണ ചെയ്യപ്പെടുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ ദുരിതങ്ങളില്‍ നിന്നും ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട ആശ്വാസ പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട പണം കൂടിയാണ് എ.കെ.ജി സ്മാരകം പോലുള്ള അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നത്. അനുചിതമായ സമയത്ത് ചെലവഴിക്കുന്ന പണം വിവേകപൂര്‍ണമല്ലെന്നുമാത്രമല്ല അങ്ങനെ ചെയ്യുന്നത് ഒരു ഭരണകൂടമാണെങ്കില്‍ അത് നീതിരഹിതമായ ധൂര്‍ത്ത് കൂടിയാണ്. ജനതാത്പര്യങ്ങള്‍ക്ക് എതിരുമാണത്. വയോജനങ്ങളും വികലാംഗരും വിധവകളും അടക്കമുള്ളവര്‍ക്ക് പ്രതിമാസം നല്‍കിവരുന്ന ക്ഷേമ പെന്‍ഷനുകള്‍ പോലും കവര്‍ന്നെടുത്ത് എ.കെ.ജിക്ക് സ്മാരകം നിര്‍മിച്ചാല്‍ മഹാനായ ആ മനുഷ്യന്റെ ആത്മാവ് പോലും പൊറുക്കില്ല.തുച്ഛമായ 1000 രൂപ മാത്രമാണ് പെന്‍ഷന്‍ എന്ന പേരില്‍ അവശ ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്നത്. ആ പെന്‍ഷന്‍ വിതരണം തന്നെ പൊതുവെ മുടങ്ങിയ അവസ്ഥയിലാണ്. മൂന്നോ നാലോ മാസം കൂടുമ്പോള്‍ മാത്രമാണ് നാമമാത്രമായ പെന്‍ഷന്‍ തുക ലഭിക്കുന്നത്. മരുന്ന് വാങ്ങാന്‍ പോലും ഈ ചെറിയ തുക തികയില്ല. പുതിയ കുറേ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് അതുപോലും ഇല്ലാതാക്കാനുള്ള മനുഷ്യത്വരഹിതമായ നിലപാടുകളാണ് ക്ഷേമ പെന്‍ഷനുകള്‍ വെട്ടിക്കുറക്കുന്നതിലൂടെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.അഞ്ചു ലക്ഷത്തോളം പേരെ ക്ഷേമ പെന്‍ഷനില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികളുമായാണ് അധികാരികള്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. അതേസമയം സര്‍ക്കാര്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുകയും കോടികളുടെ ഭൂസ്വത്തുക്കള്‍ സ്വന്തം പേരിലും ബിനാമി പേരിലും വാങ്ങിക്കൂട്ടുകയും ചെയ്ത ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ അവര്‍ക്കുള്ള പെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കാന്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നു. സര്‍ക്കാറിന്റെ ദൃഷ്ടിയില്‍ പൗരന്‍മാരെന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണെന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. കൂലിവേലക്കാരും കര്‍ഷകരും മത്സ്യതൊഴിലാളികളും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളും പൗരന്‍മാരല്ലെന്ന മനോഭാവമാണോ ഇവിടത്തെ ഭരണകൂടം പുലര്‍ത്തുന്നതെന്ന ചോദ്യം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. അവരെ തികഞ്ഞ അരക്ഷിതാവസ്ഥയിലേക്കാണ് സര്‍ക്കാര്‍ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള ജനവിഭാഗങ്ങളെ കണ്ണീരുകുടിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന തീരുമാനങ്ങള്‍ പാവങ്ങള്‍ക്കുവേണ്ടി തെരുവില്‍ സമരങ്ങള്‍ നടത്തുകയും പൊലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്ത എ.കെ.ജിയോട് കാണിക്കുന്ന തികഞ്ഞ അനാദരവാണ്. വിലക്കയറ്റത്തിലും കടക്കെണിയിലും ഉഴറുന്ന കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മുതുകില്‍ അധിക നികുതിയുടെ മാറാപ്പ് കയറ്റിയും ആനുകൂല്യങ്ങളുടെ ചെറിയ തുരുത്തുകള്‍ പോലും വെട്ടിനീക്കിയും അവരെ നിരാലംബതയുടെ അഗാധതയിലേക്ക് വലിച്ചെറിയുന്ന നയം സ്വീകരിക്കുന്നത് എ. കെ.ജിയുടെ സ്മാരകമടക്കമുള്ള രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടിയാകുമ്പോള്‍ അതിനെ നഗ്‌നമായ അധികാര ദുര്‍വിനിയോഗവും ഏകപക്ഷീയമായ ജനാധിപത്യ ധ്വംസനവുമായി വിലയിരുത്തേണ്ടിവരും. ജനലക്ഷങ്ങളുടെ കണ്ണീരിന്റെയും ശാപത്തിന്റെയും മുകളില്‍ പടുത്തുയര്‍ത്തുന്ന എ.കെ.ജിയുടെ സ്മാരകത്തില്‍ ആര്‍ക്കാണ് അഭിമാനം കൊള്ളാനാവുക. എ.കെ.ജിയുടെ പേരില്‍ പാവങ്ങള്‍ക്ക് ആശ്വാസവും സഹായവുമാകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മെഡിക്കല്‍ കോളജ് കാസര്‍കോടിന് അനുവദിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുള്ളത് കാസര്‍കോട്ടാണ്. ജനിതക വൈകല്യങ്ങളടക്കം ബാധിച്ചും വരള്‍ച്ച മുരടിച്ചും ശരീരം തളര്‍ന്നും മനോവൈകല്യങ്ങള്‍ ബാധിച്ചും നരക തുല്യമായ ജീവിതം നയിക്കുന്ന ആയിരങ്ങളാണ് കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളായിട്ടുള്ളത്. ഇത്തരമൊരു പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്താണ് കഴിഞ്ഞ സര്‍ക്കാറിന്റെ ഭരണകാലത്ത് കാസര്‍കോടിന് മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. അതൊന്നും ചെയ്യാതെ എ.കെ.ജിക്ക് പ്രത്യേക സ്മാരകമുണ്ടാക്കുന്നതും അതിനായി 10 കോടി നീക്കിവെക്കുന്നതും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അധാര്‍മികമാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ കണക്കുകള്‍ നിരത്തുന്ന ധനമന്ത്രിയുടെ വാദഗതിയെ തന്നെ കൊഞ്ഞനം കുത്തുന്ന സാമ്പത്തിക ദുരുയോഗത്തിന്റെയും ധൂര്‍ത്തിന്റെയും നടുക്കുന്ന വിവരങ്ങളാണ് സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിത രീതികളുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അധികാരമുണ്ടെങ്കില്‍ സ്വന്തം കാര്യങ്ങള്‍ക്കും ഖജനാവില്‍ നിന്നു പണം ചോര്‍ത്താമെന്ന ഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.സാധാരണക്കാര്‍ക്ക് ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും നിഷേധിച്ചുകൊണ്ടാണ് ഈ ഖജനാവ് കൊള്ളയെന്നറിയുമ്പോള്‍ ആത്മാഭിമാനമുള്ള ഏതൊരു കേരളീയന്റെയും സിരകളില്‍ രോഷം പതഞ്ഞുപൊങ്ങുക തന്നെ ചെയ്യും. സുഖ ചികിത്സക്കും വിദേശയാത്രകള്‍ക്കും സ്വന്തം വസതികളും ഔദ്യോഗികവസതികളും മോടിപിടിപ്പിക്കുന്നതിനും മറ്റുമായി സംസ്ഥാന ഖജനാവില്‍ നിന്നും ധൂര്‍ത്തടിക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. മന്ത്രി പുംഗവന്‍മാരുടെ സാധാരണ അസുഖങ്ങള്‍ക്കുപോലും ചികിത്സ അമേരിക്കയിലും ഡല്‍ഹിയിലും. കണ്ണിന്റെ കാഴ്ചക്ക് ചെറിയ തോതില്‍ മങ്ങലേറ്റാല്‍ ധരിക്കാന്‍ അരലക്ഷത്തിന്റെ കണ്ണടകള്‍. ഭരണസ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചുള്ള ഭൂമി കയ്യേറ്റങ്ങള്‍ വേറൊരു ഭാഗത്ത് തകൃതിയാകുന്നു. കേരളത്തിന് കോടികളുടെ കടബാധ്യതയുണ്ടെന്ന് പറയുമ്പോഴും മന്ത്രിമാരുടെ ധൂര്‍ത്തിനും ആഡംബര ജീവിതത്തിനും ഒരു കുറവുമില്ല. തങ്ങളുടെ പണക്കൊഴുപ്പ് നിറഞ്ഞ ജീവിതത്തിന് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴും പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ഇപ്പോഴത്തെ മന്ത്രിമാര്‍ക്കാകുന്നില്ല. വലുതായാലും ചെറുതായാലും അഴിമതിയും സ്വജനപക്ഷപാതവും ജനാധിപത്യവിരുദ്ധവും ഭരണഘടനക്ക് നിരക്കാത്തതുമാണ്. ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകള്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ടാണെന്ന് മറക്കരുത്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ത്താല്‍ നന്നായിരിക്കും.

Video Stories

ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍

Published

on

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍. ഡിജിറ്റല്‍ ലൈസന്‍സ് സംവിധാനം നടപ്പാക്കി. പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല.

ടെസ്റ്റ് വിജയിച്ചു കഴിഞ്ഞാല്‍ വെബ്സൈറ്റില്‍നിന്ന് ലൈസന്‍സ് ഡൗണ്‍ലോണ്‍ ചെയ്യണം. ഇത് ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ സൂക്ഷിക്കാം. ആവശ്യക്കാര്‍ക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം.

 

 

Continue Reading

kerala

കേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ; കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ

1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിക്കുന്നത്.

Published

on

ഇന്ന് കേരളപ്പിറവി ദിനം. കേരളത്തിന്റെ 68-ാം പിറന്നാള്‍. ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമടക്കം വിവിധ മേഖലകളില്‍ കേരളം സൃഷ്ടിച്ച മാതൃകകള്‍ മറ്റു സംസ്ഥാനങ്ങള്‍ അനുകരിച്ചു. പക്ഷേ മാറിയ കാലത്ത് പല പുതിയ വെല്ലുവിളികളും സംസ്ഥാനം നേരിടുന്നുണ്ട്.

മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന പച്ചപ്പരവതാനി വിരിച്ച മലനിരകളും കണ്ണെത്താദൂരത്തോളം പൊന്നണിഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും ശാന്തസുന്ദരമായ കായല്‍പ്പരപ്പുകളും കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും നീര്‍ച്ചാലുകളും ഒത്തിണങ്ങിയ സ്വര്‍ഗമാണ് നമ്മുടെ സ്വന്തം കേരളം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇതുപോലെ മറ്റൊരിടവും ഭൂമിയില്‍ വേറെയുണ്ടാകാനില്ല.

1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിക്കുന്നത്.

പിന്നെ വളര്‍ച്ചയുടെ കാലമായിരുന്നു. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകള്‍. സാമൂഹ്യനീതിയേയും സാമ്പത്തിക സമരങ്ങളേയും കൂട്ടിയോജിപ്പിച്ചുള്ള ഇടപെടലുകള്‍. ഭൂപരിഷ്‌കരണ ബില്‍, വിദ്യാഭ്യാസ ബില്‍, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ തുടങ്ങി എത്രയേറെ വിളക്കുമാടങ്ങള്‍.

രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം. ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. കാടും പുഴകളും കായലുകളുമൊക്കെ ആടയാഭരണങ്ങളായുള്ള സംസ്ഥാനം വിനോദസഞ്ചാരരംഗത്തും വലിയ മുന്നേറ്റമുണ്ടാക്കി.

അന്തസായി ജീവിക്കുന്നതിനും സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ബിസിനസ് സുഗമമാക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നവകേരള സൃഷ്ടിയാണ് ഇന്ന് സംസ്ഥാനം ലക്ഷ്യമിടുന്നത്. പക്ഷേ നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്. സാമ്പത്തിക പരിമിതികള്‍ക്കിടയിലും സാമൂഹിക പ്രതിബദ്ധതയില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.

വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളെ ഒരുമിച്ച് ചെറുക്കേണ്ടിയിരിക്കുന്നു. മതേതതര പാരമ്പര്യത്തെ ശക്തിപ്പെടുത്താനും മലയാള ഭാഷയേയും സംസ്‌കാരത്തേയും മാറോട് ചേര്‍ക്കാനും മലയാളികളായ നാം ഉണര്‍ന്നിരിക്കേണ്ടിയിരിക്കുന്നു.

 

Continue Reading

News

ഇസ്രാഈലിന് കടുത്ത തിരിച്ചടി; 6.5 മില്യണ്‍ യൂറോയുടെ ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Published

on

ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കി സ്പാനിഷ് സര്‍ക്കാര്‍. സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറില്‍ ഗസ്സയില്‍ കൂട്ടക്കുരുതി തുടങ്ങിയതോടെ ഇസ്രാഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്‌പെയിന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആയുധങ്ങള്‍ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഗസ്സയിലെ സംഘര്‍ഷം തുടരുന്നിടത്തോളം കാലം മാഡ്രിഡുമായുള്ള ഭാവി കരാറുകളില്‍ നിന്ന് മറ്റ് ഇസ്രാഈലി ആയുധ കമ്പനികളെയും ഒഴിവാക്കുമെന്ന് ഫെര്‍ണാണ്ടോ ഗ്രാന്‍ഡെമര്‍ലാസ്‌കയുടെ നേതൃത്വത്തിലുള്ള മന്ത്രാലയ വൃത്തങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

‘ഗസ്സയുടെ പ്രദേശത്ത് സായുധ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രാഈല്‍ ഭരണകൂടത്തിന് ആയുധങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന പ്രതിജ്ഞാബദ്ധത സ്പാനിഷ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നു,’ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആറ് മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ ഒമ്പത് എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് ഇപ്പോള്‍ സ്‌പെയിന്‍ റദ്ദാക്കിയിരിക്കുന്നത്. ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയായ ഗാര്‍ഡിയന്‍ ലിമിറ്റഡില്‍നിന്നാണ് സ്‌പെയിനിലെ ഗാര്‍ഡിയ സിവില്‍ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്. ഗസ്സയിലും ലബനാനിലുമടക്കം ഇസ്രാഈല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്‌പെയിന്‍ പുനരാലോചന നടത്തിയിരിക്കുന്നത്.

Continue Reading

Trending