Connect with us

Video Stories

കരുത്തുറ്റ പിന്‍ഗാമിയെ സമ്മാനിച്ച മടക്കം

Published

on

 

ഷംസീര്‍ കേളോത്ത്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം അധ്യക്ഷപദം അലങ്കരിച്ച വര്‍ത്തമാനകാലഘട്ടത്തിലെ ഏറ്റവും സ്വീകാര്യയായ നേതാവ് രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു. പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹിയിലെ 24 അക്ബര്‍ റോഡിലെ പ്രത്യേകമായി തയ്യാര്‍ ചെയ്ത വേദിയില്‍ മകന്‍ രാഹുലിന്റെ അധ്യക്ഷപദം സ്വീകരിക്കുന്ന ചടങ്ങിനെ സാക്ഷിയാക്കി സോണിയാഗാന്ധി രാഷ്ട്രീയ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തി. അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന പാര്‍ട്ടിയെ തുടരെ പത്തു വര്‍ഷക്കാലം ഭരണത്തിലെത്തിച്ച് വിമര്‍ശകരുടെ വായടപ്പിച്ചാണ് സോണിയ ഇരുപത് വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം രചിച്ചത്. മതേതര ജനാധിപത്യ ശക്തികളെ അണിനിരത്തി ഫാഷിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ കണിശത കാട്ടിയ സോണിയാഗാന്ധിയുടെ രാഷ്ട്രീയ വിരമിക്കല്‍ രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റത്തേടെ ശോഭനമാകുമെന്ന് തന്നെയാണ് മതേതര ഇന്ത്യ പ്രത്യാശിക്കുന്നത്.
1984ല്‍ ഒക്ടോബര്‍ മുപ്പത്തി ഒന്നിനു സിഖ് അംഗ രക്ഷകരുടെ വെടിയേറ്റ് വീണ ഇന്ദിരാഗന്ധിയുടെ മൃതദേഹത്തിനു ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ കാവലിരുന്ന സോണിയാഗാന്ധിക്ക് ബംഗാള്‍ പര്യടനം വെട്ടിച്ചുരുക്കി ദുരന്ത വാര്‍ത്തയറിഞ്ഞ് കുതിച്ചെത്തിയ രാജീവ് ഗാന്ധിയോട് പറയാനുണ്ടായിരുന്നത് പ്രധാനമന്ത്രി പദം സ്വീകരിക്കരുത് എന്ന അപേക്ഷ മാത്രമായിരുന്നു. രാജീവിനെ തനിക്ക് നഷ്ടമാകുമോ എന്ന ഭയമായിരുന്നു കാരണം. എന്നാല്‍ നെഹ്‌റു കുടുബത്തിനു ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴില്ലെന്ന ബോധ്യമാണ് രാജീവ്ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് പുലികളുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് കൊല്ലപ്പെട്ടപ്പോള്‍ സോണിയ പണ്ട് ഭയപ്പെട്ടത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. കുടുംബത്തിലെ മൂന്ന് പ്രധാനികള്‍, സഞ്ജയ് ഗാന്ധി-ഇന്ദിരാഗാന്ധി- രാജീവ് ഗാന്ധി എന്നിവര്‍ അകാലത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ രാജ്യത്തെ പ്രഥമ കുടുംബം എന്ന് രാഷ്ട്രീയ നിരീക്ഷര്‍ വിശേഷിപ്പിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ ഉത്തരവാദിത്തം അവസാനം വന്നു ചേര്‍ന്നത് സോണിയ ഗാന്ധിയിലാണ്. ഇറ്റലിയിലെ ക്രൈസ്തവ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച സോണിയാ ഗാന്ധിയുടെ ഇന്ത്യയുമായുള്ള ബന്ധം രാജീവ് ഗാന്ധിയിലൂടെയാണാരംഭിക്കുന്നത്. ഡല്‍ഹിയിലെ സഫ്ദര്‍ റോഡിലെ വസതിയില്‍ പ്രധാനമന്ത്രിയുടെ മരുമകളായാണ് സോണിയാഗാന്ധി ഇന്ത്യയിലെ ജീവിതം ആരംഭിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ തന്നെ സോണിയാഗാന്ധിക്ക് അടുത്തനുഭവിക്കാന്‍ കഴിഞ്ഞു. നെഹ്‌റു കുടുംബം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ ബോധവും ഹിന്ദുത്വ ശക്തികളോടുള്ള സന്ധിയില്ലാ പോരാട്ടവും സോഷ്യലിസ്റ്റ് മൂല്യങ്ങളിലധിഷ്ഠിതമായ വികസന സങ്കല്‍പ്പവും എങ്ങനെയാണ് ഭാവിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ രൂപപ്പെടുത്തേണ്ടതെന്ന് സോണിയക്ക് കൃത്യമായ ദിശാബോധം നല്‍കി.
ഇന്ദിരാഗാന്ധിയേയും രാജീവ് ഗാന്ധിയേയും പോലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് സോണിയേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്തെത്തിച്ചത്. നെഹ്‌റുവിയന്‍ പാതയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ അകന്നതും പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകലം വര്‍ധിച്ചതുമാണ് ഇന്ദിരയെ രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്ക് വഹിക്കാനും പ്രധാനമന്ത്രി പദത്തിലെത്താനും പ്രേരിപ്പിച്ചതെങ്കില്‍ അമ്മയുടെ വിടവാങ്ങല്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ നിന്നാണ് രാജീവ് പ്രധാന മന്ത്രിയായത്. രാജ്യം വര്‍ഗീയതയുടെ കൂത്തരങ്ങായി മാറുന്ന കാലത്ത് മതേതര മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ മുന്നേറ്റം സാധ്യമാക്കാമെന്ന മാതൃക സ്വീകരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയണം. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയുമൊക്കെ അത്തരം മാതൃകകളായിരുന്നു.
രാജ്യത്തെ ഫാഷിസ്റ്റ് ശക്തികളുടെ പ്രഥമ ശത്രു മുസ്‌ലിംകളാണെന്ന തിരിച്ചറിവാണ് ഇന്ദിരാഗാന്ധിയേയും സോണിയാഗാന്ധിയേയുമൊക്കെ അവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ആ ഫാഷിസ്റ്റ് ശക്തികള്‍ സൃഷ്ടിക്കുന്ന അസഹിഷ്ണുതയാല്‍ നിന്നാണ് രാജ്യത്ത് മുസ്‌ലിം വെറുപ്പ് സൃഷ്ടിക്കപ്പെടുന്നതെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. അലിഗര്‍ പ്രസ്ഥാനത്തിന്റെ താത്വികമാനം രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റവുമായി ബന്ധപ്പെട്ടതാണെന്ന ബോധമാണ് അലീഗഡ് സര്‍വകലാശാലക്കെതിരായ കോടതി വിധിയെ മറികടക്കാന്‍ പാര്‍ലമെന്റില്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് നിയമനിര്‍മ്മാണം നടത്തപ്പെട്ടത്. മുസ്‌ലിം പ്രീണനത്തിന്റെ ആരോപണങ്ങള്‍ക്കിടയിലും യാഥാര്‍ത്ഥ്യബോധത്തോടെ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃതത്തില്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക സ്ഥിതിയെപറ്റി പഠിക്കാന്‍ കമ്മിറ്റിയെ നിയമിച്ച യു.പി.എ സര്‍ക്കര്‍ തീരുമാനത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍പരിഹരിക്കപ്പെടണമെങ്കില്‍ ശക്തമായ സര്‍ക്കാര്‍ പിന്തുണ ആവശ്യമാണെന്ന സോണിയാഗാന്ധിയുടെ രാഷ്ട്രീയ നിലപാടും നിഴലിച്ചിരുന്നു.
മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കാന്‍ ഒരിക്കലും തയ്യാറാവാതിരുന്ന രാഷ്ട്രീയ നിലപാടിനുടമയാണ് സോണിയ ഗാന്ധി. ഉത്തരേന്ത്യന്‍ കോണ്‍ഗ്രസില്‍ ആവാഹിക്കപ്പെട്ട മൃദു ഹിന്ദുത്വ ധാരകളെ ശക്തമായി നിയന്ത്രിക്കാന്‍ സോണിയാഗന്ധിക്ക് കഴിഞ്ഞിരുന്നു. കറകളഞ്ഞ മതേതര നേതാക്കളെയാണ് സോണിയ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സിഖ് ന്യൂനപക്ഷത്തില്‍ നിന്നുള്ള മന്‍മോഹന്‍സിങിനെ പ്രധാനമന്ത്രിയാക്കിയും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘശക്തിയായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ പ്രതിനിധിയായ ഇ.അഹമദിനെ മന്ത്രി സഭയിലെടുത്തും സോണിയ തന്റെ മതേതര മുല്യങ്ങളെ കൂടുതല്‍ പ്രശോഭിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസിനുള്ളിലെ തന്നെ മതേതര മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്താത്ത രാഷ്ട്രീയ നേതാക്കളോട് സോണിയ കര്‍ക്കശ സമീപനമാണ് പലപ്പോഴും സ്വീകരിച്ചത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് കുറ്റകരമായ നിഷ്‌ക്രിയത്വം നയമായി സ്വീകരിച്ച അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു പിന്നീട് രാഷ്ട്രീയ വനവാസത്തിനു നിര്‍ബന്ധിക്കപ്പെട്ടത് സോണിയാഗന്ധിയുടെ നിലപാട് ഒന്നുകൊണ്ട് മാത്രമാണ്.
സോണിയയുടെ വിദേശ ബന്ധം ചൂണ്ടിക്കാട്ടി തലമുതിര്‍ന്ന നേതാക്കളായിരുന്ന പി.എ സാങ്മയും ശരത്പവാറും കോണ്‍ഗ്രസ് അധ്യക്ഷ പദവി അവര്‍ ഏറ്റെടുക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചു പാര്‍ട്ടി വിട്ടു. വിദേശിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വാദമുയര്‍ത്തിയാണവര്‍ പാര്‍ട്ടിവിട്ടത്. എന്നാല്‍ അതെ ശരത്പവാര്‍ പിന്നീട് യു.പി.എയിലൂടെ സോണിയാ ഗാന്ധിയുടെ നേതൃതത്തിനു കീഴില്‍ വരുന്നതിനു കാലം സാക്ഷിയായി. ജന്മം കൊണ്ട് വിദേശിയാണെന്ന വാദമുയര്‍ത്തിയാണ് എതിരാളികള്‍ സോണിയാഗാന്ധിയെ വ്യക്തിഹത്യ നടത്തിയത്. 1999ലെ തെരഞ്ഞടുപ്പ് കാലത്ത് കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ നിന്നും കന്നിയങ്കത്തിനിറങ്ങിയ അവര്‍ക്കെതിരെ തന്റെ പ്രതിയോഗിയായിരുന്ന സുഷമാസ്വരാജ് വൈദേശിക ബന്ധമുയര്‍ത്തിക്കാട്ടിയാണ് ജനങ്ങളോട് വോട്ട് ചോദിച്ചത്. വിദേശിയായ മരുമകള്‍ക്കെതിരെ രാജ്യത്തിന്റെ ആദര്‍ശ പുത്രിക്കൊരു വോട്ട് എന്നായിരുന്നു പ്രചാരണ മുദ്രാവാക്യം. ഒരുവേള സോണിയാ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തലമുണ്ഡനം ചെയ്ത് വെള്ളസാരിയുടുത്ത് ശിഷ്ടകാലം ജീവിച്ചോളാം എന്ന് വരെ സുഷമാസ്വരാജ് പ്രസ്താവിച്ചു. ഭര്‍ത്താവ് രാജീവ് ഗാന്ധി മരിച്ചിട്ട് ആദര്‍ശ വിധവയുടെ മാര്‍ഗം സ്വീകരിക്കാതെ രാഷ്ട്രീയത്തിലിറങ്ങിയെന്നതായിരുന്നു സുഷമാസ്വരാജിന്റെ ഒളിയമ്പ്. ഇന്ത്യയെ തന്റെ രാജ്യമായി സ്വീകരിച്ച് ജീവിതകാലത്തിന്റെ പകുതിയിലധികം കാലഘട്ടം ഭാരതത്തില്‍ കഴിഞ്ഞിട്ടും സോണിയാ ഗാന്ധിയുടെ ദേശക്കൂറ് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരുന്നു. നെഹ്‌റു കുടുംബത്തിന്റെ ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം ഇല്ലായ്മ ചെയ്യാല്‍ സംഘി ബുദ്ധികേന്ദ്രങ്ങള്‍ പടച്ചുവിട്ട കള്ള കഥകള്‍ സോണിയാ ഗാന്ധിയെ പാശ്ചാത്യ ചാരയായി വരെ ചിത്രീകരിച്ചു. 2004ല്‍ എന്‍.ഡി.എയുടെ പ്രചാരണ തന്ത്രങ്ങളെയല്ലാം മറികടന്ന് സോണിയാഗന്ധിയുടെ നേതൃതത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ പ്രധാനമന്ത്രി പദം കൈക്കുമ്പിളിലായിട്ടും സോണിയ ഒഴിഞ്ഞുമാറി. തന്റെ ജന്മദേശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രൂശിക്കപ്പെടുമെന്ന ചിന്തയാവാം അവരെ പ്രധാനമന്ത്രിയാവുന്നതില്‍ നിന്നും പിറകോട്ട് വലിച്ചത്. തുടരെ തുടരെ സോണിയ വിരുദ്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്ന ഡല്‍ഹി ല്യൂട്ടന്‍സ് ബുദ്ധിജീവികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അവര്‍ പ്രധാനമന്ത്രി പദം നിരസിച്ചത്. സ്ഥിരം സോണിയ വിമര്‍ശകയായ തല്‍വീന്‍ സിങ് പ്രധാനമന്ത്രി പദം നിരസിച്ചതിനെ പോലും വിമര്‍ശിക്കുകയുണ്ടായി. വ്യക്തിഹത്യകളൊക്കെ നെഹ്‌റു കുടുംബത്തെ രാഷ്ട്രീയാമായി ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നത് സുവ്യക്തമാണ്.
2014ലെ വലിയ പരാജയത്തിനു ശേഷം മോദിയുടെ തട്ടകമായ ഗുജറാത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ രാഷ്ട്രീയ തിരിച്ചുവരവിനു രാഹുല്‍ ഗാന്ധിയിലൂടെ കളമൊരുക്കിയതിന്റെ തലേനാളാണ് സോണിയാ ഗാന്ധി അധ്യക്ഷ പദം കൈമാറിയത്. റഹീം മേച്ചേരി എഴുതിയത് പോലെ, ഗുജറാത്തിലെ കോണ്‍ഗ്രസിന്‍ പരമ്പരാഗതമായ കാവി നിറം ചെറിയ തോതിലെങ്കിലും മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കാന്‍ പാര്‍ട്ടിയെ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫാഷിസത്തോട് സമരസപ്പെടാതെയുള്ള നിരന്തര പോരാട്ടമായിരുന്നു സോണിയാ ഗാന്ധിയെ മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യാസപ്പെടുത്തുന്നത്. ന്യൂനപക്ഷ മുസ്‌ലിം പ്രശ്‌നങ്ങളെ ക്രിയാത്മകമായി സമീപിക്കാനും രാഷ്ട്രീയ പരിഹാരം കാണാനുമുള്ള ഇച്ഛാശക്തിയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്നത്. സംഘ്പരിവാരം സെറ്റ് ചെയ്യുന്ന രാഷ്ട്രീയ അജണ്ടകളില്‍ മതനിരപേക്ഷ കക്ഷികള്‍ വീണുപോകുന്ന അവസ്ഥയെ മറികടക്കാനും രാജ്യത്തെ ജനങ്ങളെ പരസ്പര സ്‌നേഹത്തിലധിഷ്ഠിതമായി സംഘടിപ്പിക്കാനും കഴിഞ്ഞാല്‍ മാത്രമേ ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധ്യമാവൂ. മോഹന്‍ദാസ് കരംചന്ദ് ഗന്ധിയുടെ അഹിംസാ തത്വങ്ങളെ ഉള്‍കൊണ്ട് വര്‍ഗീയ ഫാഷിസത്തിനെതിരെ മതേതര മഹാസഖ്യം രൂപപ്പെടുത്തിയെടുക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് രാഹുല്‍ ഗാന്ധി ലക്ഷ്യം വെക്കുന്നത്. ഡല്‍ഹിയിലെ ആള്‍ ഇന്ത്യ മെഡിക്കല്‍ സയല്‍സില്‍ ഭര്‍തൃമാതാവിന്റെ ചേതനയറ്റ ശരീരത്തിനടുത്ത് ഭയപ്പാടോടെ ഇരുന്ന സോണിയയില്‍ നിന്ന് അഹമദ് സാഹിബിന്റെ മൃതദേഹത്തോടനാദരവ് കാട്ടിയതില്‍ ക്ഷോഭിച്ച് രാംമനോഹര്‍ ലോഹ്യ ആസ്പത്രിക്കുള്ളിലേക്ക് തട്ടിക്കറിയ സോണിയാഗാന്ധിയെന്ന രാഷ്ട്രീയ നേതാവിലേക്കുള്ള മാറ്റമാണ് അവരുടെ പിന്‍തലമുറയില്‍ നിന്നും നാട് പ്രതീക്ഷിക്കുന്നത്.

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending