Connect with us

Video Stories

മതേതരത്വം മലപ്പുറത്തിന്റെ സംസ്‌കാരമാണ്

Published

on

 

പൊന്നാനിയിലെ മഊനത്തുല്‍ ഇസ്‌ലാം സഭ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1900ത്തിലാണ്. പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവരുന്ന ആളുകള്‍ക്ക് മതം പഠിപ്പിക്കാനുള്ള ഒരു കേന്ദ്രമായി 1908-ല്‍ കമ്പനീസ് ആക്ട് പ്രകാരം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അന്നത്തെ ബ്രിട്ടീഷ് ഭരണക്രമ പ്രകാരം വിക്‌ടോറിയ രാജ്ഞിയാണ് ഇതിന് അംഗീകാരം നല്‍കിയത്. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന കൃഷ്ണന്‍നായരാണ് ഇതിന്റെ ഭരണഘടന തയ്യാറാക്കുന്നത്. മഊനത്തുല്‍ ഇസ്‌ലാം സഭക്ക് ഭൂമി ദാനമായി നല്‍കിയവരില്‍ പെരുന്തല്ലൂരിലെ ഉണ്ണൂരിയമ്മ ഉള്‍പ്പെടെ പല ഹൈന്ദവ സമുദായക്കാരുമുണ്ട്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഇസ്‌ലാം മതത്തിലേക്ക് ആളെ കൂട്ടാന്‍ വേണ്ടി തുടങ്ങുന്ന ഒരു സ്ഥാപനത്തിന്റെ ബൈലോ തയ്യാറാക്കുന്നതും അതിനാവശ്യമായ ഭൂമി നല്‍കുന്നതുമൊക്കെ ഹൈന്ദവ സഹോദരങ്ങള്‍. ഇന്ന് ഘര്‍വാപസിക്കാര്‍ പറയുന്നതിന്റെ നേര്‍ വിപരീതം.
ഇതൊക്കെ നടക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ്. അതിനുശേഷമുള്ള രണ്ടാമത്തെയോ, മൂന്നാമത്തെയോ തലമുറയാണ് ഇപ്പോള്‍ മലപ്പുറത്ത് ജീവിക്കുന്നത്. ഇതിനിടയില്‍ ഒരു നാടിനെ മുഴുവന്‍ നക്കിത്തുടച്ച് 1921-ല്‍ മലബാര്‍ കലാപവും കഴിഞ്ഞുപോയി. ഇതിനൊക്കെ ശേഷവും ഇവിടത്തെ ജനങ്ങളുടെ അടിസ്ഥാനപരമായ മത സാഹോദര്യഭാവത്തിലും മതേതരത്വത്തോടുള്ള കൂറിലും ഒരു മാറ്റവും വന്നിട്ടില്ല എന്നു തെളിയിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളാണ് മലപ്പുറത്ത് ഈയിടെ കഴിഞ്ഞുപോയത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കും, വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്ക് അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിനതീതമായ ചില മാനങ്ങള്‍ കൂടിയുണ്ട്. അതുകൊണ്ടാണല്ലോ ഈ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും അവിടത്തെ മതേതരത്വത്തിന്റെ മാറ്റ് ഉരച്ചുനോക്കാന്‍ എല്ലാവരുംകൂടി ഇറങ്ങിപ്പുറപ്പെടുന്നത്. ബി.ജെ.പിയോ, ശിവസേനയോ ഒക്കെ വിജയിക്കുന്ന മണ്ഡലങ്ങളില്‍ പോലും തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം ഇങ്ങനെയൊരു അന്വേഷണവുമായി അധികമാരും അവതരിക്കുന്നത് കാണാറില്ല.
മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ മലപ്പുറത്ത് മാത്രമല്ല ഉള്ളത്. പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലും ബീഹാറിലുമൊക്കെ ഇങ്ങനെയുള്ള മണ്ഡലങ്ങള്‍ വേറെയുമുണ്ട്. പലയിടത്തും ബി.ജെ.പിയാണ് ജയിച്ചുകയറാറുള്ളത്. അവിടെയൊന്നും മതേതരത്വത്തിന്റെ മാറ്റുരച്ചു നോക്കാന്‍ ആരുമില്ല. പക്ഷെ സ്ഥലം മലപ്പുറവും അവിടെ വിജയിക്കുന്നത് മുസ്‌ലിംലീഗുമാകുമ്പോള്‍ കഥയാകെ മാറും. മലപ്പുറത്തിന്റെ മനസ്സ് അടിസ്ഥാനപരമായി വര്‍ഗീയമാണ് എന്നു പറയാന്‍ സി.പി.എമ്മുകാരനായ ഒരു മന്ത്രി പോലും ഇറങ്ങിപുറപ്പെട്ട കാലമാണിത്. രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ വോട്ടിന്റെ എണ്ണം കൊണ്ടാണ് മലപ്പുറത്തുകാര്‍ അതിനു മറുപടി പറഞ്ഞത്. മതേതരത്വം മലപ്പുറത്തിന്റെ സംസ്‌കാരമാണ് എന്ന് അടിവരയിടുന്നതായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇത് ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ മാത്രം പ്രത്യേകതയല്ല, മറിച്ച് അവിടുത്തെ പൊതുസമൂഹത്തിന്റെ ജീവിത രീതിയാണ് എന്നു തെളിയിക്കുകയായിരുന്നു അവിടുത്തെ വോട്ടര്‍മാര്‍. ആധുനിക പദാവലികളില്‍ അതിന് ഏറ്റവും ചേരുന്ന പേര് മതേതരത്വം എന്നായത് കൊണ്ട് നമുക്ക് അതിനെ അങ്ങനെ വിശേഷിപ്പിക്കാം എന്നു മാത്രം. അത് ഏറ്റവും കൂടുതല്‍ പാലിച്ച് പോന്നതും തിളക്കം മങ്ങാതെ കാത്തതും ഇവിടുത്തെ ഹൈന്ദവ സമൂഹമാണ് എന്നു പറയേണ്ടിവരും. ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് അങ്ങനെയാണ്.
2011-ലെ സെന്‍സസ് രേഖകള്‍ പ്രകാരം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ആകെ ജനസംഖ്യയുടെ 27.6 ശതമാനം ഹൈന്ദവരും 70.2 ശതമാനം മുസ്‌ലിംകളും 1.9 ശതമാനം ക്രൈസ്തവരുമാണ്. പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച ഉപതെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്യപ്പെട്ട 9,36,315 വോട്ടില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് 65675 വോട്ട്. ഹൈന്ദവരുടെ ജനസംഖ്യാനുപാതികമായി നോക്കിയാല്‍ 2,58,422 വോട്ടെങ്കിലും കിട്ടേണ്ട സ്ഥാനത്താണിത്. ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ച് വോട്ടുണ്ടാക്കാന്‍ ശ്രമിച്ച ബി. ജെ.പിക്ക് കൊടുത്ത അതേ പണി തന്നെ, വേങ്ങരയില്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിച്ച് വോട്ട് നേടാന്‍ ശ്രമിച്ച എസ്.ഡി.പി.ഐക്കും കിട്ടി. വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് ആകെ നേടാനായത് 8648 വോട്ടാണ്. ഇവിടെയുള്ള ആകെ വോട്ടര്‍മാരുടെ 80 ശതമാനം മുസ്‌ലിം ജനവിഭാഗമാണ്. ഇതില്‍ ചെറിയൊരു ശതമാനം മാത്രമാണ് എസ്.ഡി.പി.ഐയെ പിന്തുണക്കാന്‍ തീരുമാനിച്ചത്. ഹൈന്ദവ ജനസംഖ്യയുടെ കണക്കുവെച്ച് നോക്കുകയാണെങ്കില്‍ വേങ്ങരയിലും ബി.ജെ.പിക്ക് ആനുപാതികമായി വോട്ട് കിട്ടിയില്ല. ആകെ കിട്ടിയത് 5728 വോട്ട്. മലപ്പുറത്തെ ഹൈന്ദവ സമൂഹവും മുസ്‌ലിം ജനവിഭാഗവും ഒരുപോലെ മതേതര കാഴ്ചപ്പാടിനൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു എന്നതാണ് ഈ കണക്കുകള്‍ നല്‍കുന്ന സന്ദേശം. ഇതാണ് കേരളത്തിന്റെ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടത്. കെ.എന്‍. എ ഖാദറിനു കിട്ടിയ 65227 വോട്ടിന്റെ വില അപ്പോഴേ തിരിച്ചറിയൂ. 1900ത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ മഊനത്തുല്‍ ഇസ്‌ലാം സഭയുടെ ചരിത്രവും 2017-ല്‍ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ട് കണക്കും ഒരുമിച്ച് ചര്‍ച്ച ചെയ്യുന്നതും അതുകൊണ്ട് തന്നെയാണ് പ്രസക്തമാകുന്നത്. ഇന്ത്യയുടെ ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് എഴുതിച്ചേര്‍ത്തതിനു ശേഷം, എന്നാല്‍ ശരി അങ്ങനെ ജീവിച്ചുകളയാം എന്നു തീരുമാനിച്ചവരായിരുന്നില്ല മലപ്പുറത്തുകാര്‍. മലബാര്‍ കലാപത്തിന്റെ ചരിത്രമെഴുതിയ കെ. മാധവന്‍നായര്‍ മലബാറിലെ ഹിന്ദു-മുസ്‌ലിം മൈത്രിയെ പറ്റി പറയുന്ന ഒരു അധ്യായം തന്നെ ചേര്‍ത്തിട്ടുണ്ട് ‘മലബാര്‍ കലാപം’ എന്ന പുസ്തകത്തില്‍. ‘ഇന്ത്യയില്‍ മുഹമ്മദീയര്‍ ഒന്നാമതായി കാല്‍വെച്ചത് മലബാറിലാണെന്നും ഇവിടുത്തെ ഹിന്ദു രാജാക്കന്മാര്‍ അവരെ ആദരവോടുകൂടി സ്വീകരിച്ച് അവര്‍ക്ക് താമസത്തിനും കച്ചവടത്തിനും മറ്റും കഴിയുന്ന ഒത്താശകള്‍ ചെയ്തു കൊടുത്തുവെന്നതും ചരിത്ര പ്രസിദ്ധമായ സംഗതികളാണ്.’ (മലബാര്‍ കലാപം, പേജ് 14). മലബാര്‍ കലാപമെന്ന ഒരു പരീക്ഷണ ഘട്ടത്തിനു ശേഷവും, ഇവിടത്തെ മത സൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും കാര്യമായ പോറലേല്‍ക്കാതിരുന്നത്, സഹവര്‍ത്തിത്വം ഒരു സംസ്‌കാരമായി അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നതുകൊണ്ടാണ്.
1921-ലെ കലാപത്തിനു ശേഷം അധികാര വര്‍ഗത്തിനാല്‍ കടിച്ചുകീറപ്പെട്ട ഒരു ജനവിഭാഗം ഇവിടുത്തെ ഹൈന്ദവരുടെ കൂടി സ്‌നേഹവും വിശ്വാസവും വീണ്ടെടുത്താണ് സമാനതകളില്ലാത്ത പുരോഗതിയിലേക്ക് നടന്നുകയറിയത്. ഒട്ടേറെ പരീക്ഷണ ഘട്ടങ്ങള്‍ക്കിടയിലും ഇവിടുത്തെ ഹൈന്ദവരും മുസ്‌ലിംകളും ഒരുപോലെ അതിന്റെ അടിത്തറക്ക് പോറലേല്‍ക്കാതെ കാവല്‍ നിന്നിട്ടുണ്ട്. കലാപം തകര്‍ത്തെറിഞ്ഞ ഒരു ജനവിഭാഗം ഇത്രമേല്‍ പുരോഗതി നേടിയതിന് ചരിത്രത്തില്‍ അധികം സമാനതകളില്ല. വിദ്യാഭ്യാസ മേഖലയില്‍ മാത്രം ഇവിടെയുണ്ടായ പുരോഗതിയുടെ കണക്കെടുത്താല്‍ മതി ആ മാറ്റത്തിന്റെ വലുപ്പം മനസ്സിലാക്കാന്‍. 1969ലാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നത്. അന്ന് ആകെ 14 ഗവണ്‍മെന്റ് ഹൈസ്‌കൂളുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇന്ന് 254 ഹൈസ്‌കൂളുകളുണ്ട്. ജില്ല പിറവിയെടുക്കുമ്പോള്‍ ആകെയുണ്ടായിരുന്ന മമ്പാട് കോളജിന്റെ സ്ഥാനത്ത് ഇന്ന് ഗവണ്‍മെന്റ് എയ്ഡഡ് മേഖലയില്‍ മാത്രമായി 21 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുണ്ട്. രണ്ട് മെഡിക്കല്‍ കോളജുകളും ഏഴ് എഞ്ചിനീയറിങ് കോളജുകളും പത്ത് പോളിടെക്‌നിക് കോളജുകളുമുണ്ട്. തെക്കന്‍ ജില്ലകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോഴെ ഈ നേട്ടത്തിന്റെ ശരിയായ വലിപ്പമറിയൂ. 1817ലാണ് കോട്ടയത്ത് സി.എം.എസ് കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിരുവനന്തപുരം പാളയത്തുള്ള യൂണിവേഴ്‌സിറ്റി കോളജ് 1866-ല്‍ സ്ഥാപിക്കപ്പെട്ടതാണ്. കോട്ടയത്ത് കോളജ് വന്ന് 131 കൊല്ലം കഴിഞ്ഞാണ് കോഴിക്കോട് ഫാറൂഖ് കോളജ് വരുന്നത്. മലപ്പുറത്തെ ആദ്യ കോളജ് മമ്പാട് പ്രവര്‍ത്തനം തുടങ്ങുന്നത് 1965-ല്‍. തിരൂരങ്ങാടിയില്‍ പി.എസ്.എം.ഒ കോളജ് വരുന്നത് 1968ലാണ്. തിരുകൊച്ചി മേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലപ്പുറം എത്ര പിന്നിലായിരുന്നുവെന്നും ഇപ്പോള്‍ എവിടെയെത്തിനില്‍ക്കുന്നു എന്നും മനസ്സിലാക്കാന്‍ കഴിയുന്ന ചില ഉദാഹരണങ്ങളാണിത്.
മലപ്പുറത്തെ ജനസംഖ്യയില്‍ 70 ശതമാനത്തോളം മുസ്‌ലിംകളും 28 ശതമാനത്തോളം ഹൈന്ദവരും മറ്റെല്ലാവരും കൂടി രണ്ട് ശതമാനവുമാണ്. മലപ്പുറം നേടിയ ഈ വളര്‍ച്ചയുടെ അവകാശികളും ഗുണഭോക്താക്കളും ഇവിടത്തെ 28 ശതമാനത്തോളം വരുന്ന ഹൈന്ദവ ജനസമൂഹം കൂടിയാണ്. മുസ്‌ലിംകളുടെ ജീവിത നിലവാരവും വിദ്യാഭ്യാസനിലയും വര്‍ധിച്ചതിനൊപ്പം അവ രിലും മാറ്റമുണ്ടായിട്ടുണ്ട്. മലപ്പുറത്തെ മുസ്‌ലിംകളെപ്പോലെ തന്നെ പിന്നാക്കമായിരുന്നു ഒരു കാലത്ത് ഇവിടുത്തെ ഹിന്ദുക്കളും. ‘ആകെ ഏറനാട്ടില്‍ നാലു ലക്ഷത്തില്‍പരം ജനങ്ങള്‍ ഉള്ളതില്‍, വിദ്യാഭ്യാസ കാര്യത്തില്‍ മാപ്പിളമാരെക്കാള്‍ അല്‍പം ഭേദം ഹിന്ദുക്കളാണെങ്കിലും അവരിലും, ചുരുക്കം പേരൊഴികെ അധിക പേരും നിരക്ഷര കുക്ഷികളും, ദുരാചാരവശഗരുമാണ്.’ (മലബാര്‍ കലാപം) ഈ രണ്ട് സമുദായത്തിലുമുള്ള ഭൂരിപക്ഷം ജനങ്ങളും മതേതരത്വത്തോടൊപ്പം നിലയുറപ്പിച്ച്, തെരഞ്ഞെടുപ്പുകളില്‍ അത് ആവര്‍ത്തിച്ച് തെളിയിച്ച് ഊതിക്കാച്ചിയെടുത്തതാണ് മലപ്പുറത്തിന്റെ മതേതര മനസ്സ്. അതിന്റെ തിളക്കം കെടുത്താന്‍ ബി.ജെ.പിയെയും എസ്.ഡി.പി.ഐയെയും അനുവദിക്കില്ല എന്ന ആവര്‍ത്തിച്ച പ്രഖ്യാപനമായിരുന്നു ഇക്കഴിഞ്ഞ രണ്ട് ഉപതെരഞ്ഞെടുപ്പുകളും.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending