ദിലീപ്‌ഘോഷ്
ഒറ്റ ദൗത്യത്തില്‍ പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ -ഐ.എസ്.ആര്‍.ഒ) ചരിത്രം രചിച്ചിരിക്കുകയാണ്. ഒറ്റ വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചതിന്റെ റെക്കാര്‍ഡ് ഇതുവരെ റഷ്യക്കായിരുന്നു. ഡി.എന്‍.ഇ.പി.ആറില്‍ നിന്നും ഐ.സി. ബി.എം. ആയി രൂപാന്തരം വരുത്തിയ സ്വന്തം റോക്കറ്റിലൂടെ അവര്‍ 2014 ജൂണില്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചിട്ടുണ്ട്. അതിന് മുമ്പ് 2013ല്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ 29 ഉപഗ്രഹങ്ങള്‍ ഒറ്റ ദൗത്യത്തില്‍ വിക്ഷേപിച്ചിരുന്നു.
ചാന്ദ്രയാനും ചൊവ്വാ ദൗത്യത്തിനും ഉപയോഗിച്ച തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ റോക്കറ്റാണ് ഐ.എസ്.ആര്‍.ഒ ഈ ദൗത്യത്തിനും ഉപയോഗിച്ചിരിക്കുന്നത്. 714 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ്-2, ഐ.എസ്.ആര്‍.ഒയുടെ രണ്ട് നാനോ ഉപഗ്രഹങ്ങളായ ഐ.എന്‍.എസ്-എയും ഐ.എന്‍.എസ്-ബിയും യു.എസ്, ഇസ്രഈല്‍, യു.എ.ഇ എന്നീ വിദേശ രാജ്യങ്ങളുടെ മൊത്തം 700 കിലോ തൂക്കം വരുന്ന 101 ഉപഗ്രഹങ്ങളാണ് ഒന്നിച്ച് വിക്ഷേപിച്ചിരിക്കുന്നത്. 320 ടണ്‍ ഭാരം വരുന്ന പി.എസ്.എല്‍.വി-സി-37 റോക്കറ്റിലൂടെയാണ് ഇവയെ ഭൂമിയുടെ ഭ്രമണപഥത്തില്‍ സൂര്യന് സമാന്തരമായി (പോളാര്‍ സണ്‍ സിക്രണൈസ്ഡ് ഓര്‍ബിറ്റ്) 520 കിലോ മീറ്റര്‍ അകലെ എത്തിച്ചത്.
ഉയര്‍ന്ന അപഗ്രഥനശേഷിയുള്ള കാര്‍ട്ടോസാറ്റ്-2ന് നമ്മുടെ സമീപത്ത് ഒരു മീറ്റര്‍ നീളമുള്ള വാഹനങ്ങളുടെയും ചരക്കുകളുടേയും പോലും നീക്കം സൂക്ഷ്മമായ നിരീക്ഷിക്കാന്‍ കഴിയും. സാങ്കേതിക വിദ്യകളുടെ പരീക്ഷണ പ്രദര്‍ശനത്തിനുള്ളവയാണ് രണ്ടു നാനോ ഉപഗ്രഹങ്ങള്‍. കാര്‍ട്ടോസാറ്റ്-2 അയക്കുന്ന ചിത്രങ്ങള്‍ തീരദേശത്തിന്റെ ആവശ്യങ്ങള്‍ക്കും റോഡ് ശൃംഖലയുടെ നിരീക്ഷണത്തിനും ജലവിതരണത്തിനും ഭൂമിയുമായി ബന്ധപ്പെട്ട ഭൂപട രൂപീകരണത്തിനും മറ്റും ഉപയോഗിക്കാനാകും.
തങ്ങളുടെ ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മാത്രമല്ല, അന്തര്‍ദ്ദേശീയ തലത്തില്‍ പ്രമുഖരായ ബഹിരാകാശ വിദഗ്ധന്മാരുടേതുള്‍പ്പെടെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ അണുശക്തി
ബഹിരാകാശ ശാസ്ത്ര നയരൂപീകരണ പദ്ധതിയുടെ മേധാവി രാജേശ്വരി പിള്ള രാജഗോപാലന്‍ ഉപഗ്രഹ വിക്ഷേപണത്തിന്റെ തലേദിവസം തന്നെ ഇതൊരു വലിയ ദൗത്യമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര പദ്ധതിയുടെ സങ്കീര്‍ണ്ണ സാങ്കേതിക ജ്ഞാനം വ്യക്തമാക്കുന്നതാണിതെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. റഷ്യയുടെ ഉപഗ്രഹ വിക്ഷേപണ റെക്കാര്‍ഡ് തകര്‍ത്ത് ചരിത്രത്തില്‍ ഇടംപിടിക്കുന്നതിനുള്ള ദൗത്യമായാണ് യു.എസ് നേവല്‍ വാര്‍ കോളജിലെ പ്രൊഫസറും ബഹിരാകാശ ശാസ്ത്ര വിദഗ്ധനുമായ ജോവാന്‍ ജോണ്‍സണ്‍ ഫ്രേസര്‍ ഇതിനെ വിലയിരുത്തുന്നത്.
ഐ.എസ്.ആര്‍.ഒക്ക് ഒറ്റ ദൗത്യത്തില്‍ 23 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് അയച്ച 2015 ജൂണ്‍ മുതല്‍ തന്നെ ആ ബഹിരാകാശ ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രൗഢോജ്ജ്വലമായ ഈ ലക്ഷ്യവും കൈവരിക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു.
ഈ ഉപഗ്രഹങ്ങളെ എങ്ങനെയായിരിക്കും ഭ്രമണപഥത്തില്‍ എത്തിക്കുകയെന്ന് തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ. ശിവന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ വിശദീകരിച്ചിരുന്നു. പരസ്പരമുള്ള കൂട്ടിയിടി ഒഴിവാക്കാനായി ഓരോ ഉപഗ്രഹത്തേയും വ്യത്യസ്ത കോണുകളിലായി വേര്‍തിരിക്കും, അതോടൊപ്പം വ്യത്യസ്ത സമയത്തായിരിക്കും ഓരോന്നും വിക്ഷേപണ വാഹനത്തില്‍ നിന്നും പുറത്തുവരുന്നതും.
ആദ്യം വിക്ഷേപിക്കുന്ന ഉപഗ്രഹം പിന്നീട് വിക്ഷേപിക്കുന്നവയെ അപേക്ഷിച്ച് കൂടുതല്‍ പ്രവേഗത്തിലായിരിക്കും സഞ്ചരിക്കുക. ഒരോന്നിന്റെയും പ്രവേഗത്തിലുള്ള ഈ വ്യത്യാസം കൊണ്ടുതന്നെ അവ തമ്മിലുള്ള അകലം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കും. അതേസമയം എല്ലാ ഉപഗ്രഹങ്ങളുടെയും ലക്ഷ്യം ഒരേ ഭ്രമണപഥം തന്നെയായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
ഇതൊക്കെയാണെങ്കിലും ഈ മഹത്തായ യാത്ര ഐ.എസ്.ആര്‍.ഒ ആരംഭിച്ചത് എപ്പോഴാണ് എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. 2013 ല്‍ ആരംഭിച്ച ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യത്തോടെയാണ് ഇതിലേക്കുള്ള ചുവടുവെപ്പുകള്‍ തുടങ്ങുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള ഏഷ്യയിലെ ആദ്യത്തെ വിജയകരമായ ദൗത്യമായിരുന്നു അത്. അതാണ് സത്യത്തില്‍ ഇന്ത്യയുടെ ഈ ബഹിരാകാശ പദ്ധതിയിലേക്ക് ശ്രദ്ധതിരിക്കാന്‍ ലോക രാഷ്ട്രങ്ങളെ നിര്‍ബന്ധിതരാക്കിയതും.
ബഹിരാകാശ ത്രില്ലര്‍ സിനിമയായ ‘ഗ്രാവിറ്റി’യുടെ നിര്‍മ്മാണത്തിനുപോലും 100 മില്യണ്‍ ഡോളര്‍ ഹോളിവുഡ് വിനിയോഗിച്ചപ്പോള്‍ ഇന്ത്യയുടെ ചുവന്ന ഗ്രഹ പരീക്ഷണത്തിന് ചെലവായത് വെറും 75 മില്യണ്‍ ഡോളര്‍ മാത്രമാണ്. ആ ദൗത്യ വിജയം ഇന്ത്യയുടെ പുതിയ 2000 രൂപ നോട്ടുകളില്‍ പോലും മംഗള്‍യാനിന് അഭിമാനാര്‍ഹമായ സ്ഥാനം നേടിക്കൊടുത്തു. രാജേശ്വരിപിള്ള രാജഗോപാലിന്റെ അഭിപ്രായത്തില്‍ ചൊവ്വാദൗത്യം എന്നത് വെറുമൊരു ‘ലൈറ്റ് ആന്റ് സൗണ്ട്’ ഷോ മാത്രമല്ല. ഇത് ഒരു ബഹിരാകാശ ശക്തിയെന്ന നിലയില്‍ ഇന്ത്യയുടെ വിശ്വസ്തത വര്‍ധിപ്പിക്കും. ഉപഗ്രഹ വിക്ഷേപണമെന്ന വലിയ വിപണിയിലെത്തുമ്പോള്‍ ഈ വിശ്വാസ്യത തീര്‍ച്ചയായും സുവ്യക്തമായ സാമ്പത്തിക നേട്ടത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും.
ബഹിരാകാശ പര്യവേക്ഷണത്തില്‍ നിന്നുള്ള ബഹുമുഖ നേട്ടങ്ങള്‍ അപ്പോളോ പദ്ധതിയുടെ കാലം മുതല്‍ തന്നെ ഏവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രൊഫസര്‍ ജോണ്‍സണ്‍ ഫ്രേസര്‍ ചൂണ്ടിക്കാട്ടുന്നു. അന്നു മുതല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ആ മാതൃക പിന്തുടര്‍ന്ന് അതില്‍ നിന്നുള്ള നേട്ടങ്ങള്‍ തേടുന്നുണ്ട്. ഗൂഗിള്‍, എയര്‍ബസ് തുടങ്ങിയ വമ്പന്‍ കമ്പനികളുടേതുള്‍പ്പെടെ 21 രാജ്യങ്ങളുടെ 79 ഉപഗ്രഹങ്ങളാണ് ഇതുവരെ ഇന്ത്യ വിക്ഷേപിച്ചിരുന്നത്. ഗവണ്‍മെന്റ് കണക്കുകള്‍ പ്രകാരം തന്നെ ഈ വിക്ഷേപണങ്ങളിലൂടെ ഇന്ത്യ ഇതുവരെ കുറഞ്ഞത് 157 മില്യണ്‍ ഡോളര്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ പ്രധാനപ്പെട്ട മൂന്ന് ഏഷ്യന്‍ ഭീമന്മാരും 2017ലും തുടര്‍ന്നുമുള്ള ബഹിരാകാശ പര്യവേഷണത്തിന് വളരെ ധീരമായ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 2018 മധ്യത്തോടെ ചാന്ദ്ര പര്യവേഷണത്തിലെ ഇന്ത്യയുടെ രണ്ടാം ദൗത്യത്തിന് പദ്ധതി ആസൂത്രണം ചെയ്യുകയാണ്. യു.എസ്, റഷ്യ, ചൈന എന്നിവക്ക് പിന്നാലെ സ്വന്തം രാഷ്ട്ര പതാക ചന്ദ്രനില്‍ സ്ഥാപിച്ച നാലാമത്തെ രാജ്യമായി 2008ല്‍ ഇന്ത്യ മാറിക്കഴിഞ്ഞു.
ചാന്ദ്രയാന്‍-2ന്റെ പ്രധാന ലക്ഷ്യം ചന്ദ്രനിലേക്ക് വീല്‍ഡ് റോവര്‍ അയച്ച് അവിടുത്തെ പാറകളും മണ്ണും മറ്റും ശേഖരിക്കുകയാണ്. അതോടൊപ്പം സൂര്യനെക്കുറിച്ചുള്ള പഠനത്തിനുള്ള ഒരു ദൗത്യവും ഇന്ത്യ ആസൂത്രണം ചെയ്യുന്നുണ്ട്. അതിന് പുറമെ ആദ്യ ചൊവ്വാ ദൗത്യത്തിന്റെ തുടര്‍ച്ചയായി ഒരു ശുക്രദൗത്യവും പരിഗണനയിലുണ്ട്. കഴിഞ്ഞ വര്‍ഷം യു.എസ് ബഹിരാകാശ വാഹനത്തിന് തുല്യമാകുന്ന തരത്തില്‍ പുനരുപയോഗം സാധ്യമാകുന്ന വിക്ഷേപണ വാഹനവും ഇന്ത്യ പരീക്ഷിച്ചുകഴിഞ്ഞു.
ബഹിരാകാശ ശക്തികളില്‍ അതിവേഗം വികാസം പ്രാപിച്ചുവരുന്ന ചൈന തങ്ങളുടെ ചരക്ക്-പുനര്‍വിതരണ ബഹിരാകാശ പേടകമായ ടിയാന്‍സു-1 ഈ വര്‍ഷം ഏപ്രിലില്‍ തന്നെ പരീക്ഷിക്കാന്‍ തയാറെടുക്കുകയാണ്. 2022 ഓടെ രൂപീകൃതമാകുന്ന രാജ്യത്തിന്റെ ബഹിരാകാശ കേന്ദ്രത്തി ലേക്ക് ആവശ്യമായ സാധാന സാമഗ്രികള്‍ എത്തിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.
ചന്ദ്രനിലെ മണ്ണ് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണ സംവിധാനത്തെ ഈ വര്‍ഷം അവസാനം ചൈന അവിടേക്ക് അയക്കുന്നുണ്ട്. ഈ ദശകത്തിന്റെ അവസാനത്തോടെ ചന്ദ്രന്റെ അകന്ന ഭാഗത്ത് ഇറങ്ങുകയും അതോടൊപ്പം ചൊവ്വയില്‍ ആദ്യമായി ഒരു വാഹനത്തെ ഇറക്കുകയും ചെയ്യുക എന്ന നേട്ടം തങ്ങള്‍ കൈവരിക്കുമെന്നും ചൈന അവകാശപ്പെടുന്നുണ്ട്. ജപ്പാനും ഇക്കാര്യത്തില്‍ വളരെ പിന്നിലല്ല. അടുത്ത വര്‍ഷം തന്നെ മനുഷ്യനില്ലാത്ത ഒരു വാഹനത്തെ ചന്ദ്ര പ്രതലത്തിലേക്ക് അയക്കുന്നതിനുള്ള പരിശ്രമത്തിലാണ് അവരും.