Connect with us

Video Stories

ആ സ്‌നേഹത്തിന് മരണമില്ല

Published

on

എ.പി. താജുദ്ദീന്‍

”ദൈവം ഹൃദയത്തിലാണെങ്കില്‍
ഹൃദയം വഴി നടത്തുന്നവന്‍
ദൈവം വഴി നടത്തുന്നവനാണ്.
ദൈവം സ്‌നേഹമാണെങ്കില്‍
ഹൃദയത്തിന്റെ ഭാഷ
സ്‌നേഹത്തിന്റേതു മാത്രമാണ്.
അപ്പോള്‍ അയാള്‍
ഹൃദയത്തിന്റെ അടിമയായിത്തീരുന്നു.
അയാളുടെ ഉടമ
ദൈവം മാത്രമായിത്തീരുന്നു.
അപ്പോള്‍ അയാളുടെ ഹിതം
ദൈവഹിതം മാത്രമാകുന്നു.”

അങ്ങനെയാവുമ്പോള്‍ ആലപ്പുഴക്കാരന്‍ നൗഷാദിന്റെ കണ്ണു നഷ്ടപ്പെടുമായിരുന്ന വിദേശ കോടതിയുടെ വിധി തിരുത്തിയതും ഇറാഖില്‍ ഭീകരര്‍ ബന്ദിയാക്കിയ ഇന്ത്യക്കാരെ കുടുംബങ്ങള്‍ക്ക് മടക്കിക്കൊടുത്തതും കലാപത്തിന്റെ കനലെരിയുന്ന കോയമ്പത്തൂരിലെയും ഗുജറാത്തിലെയും മുസഫര്‍ നഗറിലെയും തെരുവുകളിലെ ചോരച്ചാലുകളിലൂടെ നടന്നതും ഇ. അഹമ്മദ് എന്ന വിദേശകാര്യ സഹമന്ത്രിയോ പാര്‍ലമെന്റ് അംഗമോ ആയിരുന്നില്ല. ഹൃദയത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹം പതിഞ്ഞ ഇ. അഹമ്മദ് എന്ന മനുഷ്യന്‍ മാത്രമാകുന്നു.

മുക്കാല്‍ നൂറ്റാണ്ടിലേറെ ജ്വലിച്ചുനിന്ന സ്‌നേഹഭാവങ്ങളൊക്കെയും ദൈവാനുഗ്രഹങ്ങളായിരുന്നു.
ഒരോ പുറപ്പാടിന് മുമ്പും മുറിയില്‍ കയറി വാതിലടച്ച് വളരെ പഴയ ആ ഖുര്‍ആന്‍ പ്രതി നെഞ്ചില്‍ ചേര്‍ത്ത് താന്‍ എന്നും ശരിയായിരിക്കും എന്ന് സത്യം ചെയ്യുകയും ഉമ്മറച്ചുമരില്‍ ഫ്രെയിം ചെയ്തുവെച്ച ‘ദൈവത്തില്‍ നിന്നുള്ള വിജയവും സഹായവും ഏറ്റവും സമീപമാകുന്നു’ (നസ്‌റും മിനള്ളാഹി വ ഫത്ഹും ഖരീബ്) എന്ന ഖുര്‍ആന്‍ വാക്യം ധ്യാനിച്ചശേഷം മാത്രം വാഹനത്തില്‍ കയറുകയും ചെയ്യുന്ന അദ്ദേഹത്തിന് ഹൃദയത്തിന്റെതല്ലാത്ത ഒരു ഭാഷ എങ്ങനെ സംസാരിക്കാനാവും. വിജയത്തിന്റേതല്ലാത്ത സ്വാദ് എങ്ങനെ രുചിക്കാനാവും…

…………..

ഷഫീഖ് എന്നാല്‍ സഹചാരി എന്നാണര്‍ത്ഥം. ചേലേമ്പ്രയിലെ പരേതനായ വി.പി. മൂസ്സയുടെയും ഉണ്ണീമയുടെയും മകനായി ഷഫീഖിനെ ദൈവം ജനിപ്പിച്ചത് ഇ. അഹമ്മദ് എന്ന വിശ്വത്തോളം വളര്‍ന്ന സ്‌നേഹമരത്തിന് സഹചാരിയാവാനായിരിക്കുമോ… കഴിഞ്ഞ 17 വര്‍ഷക്കാലം വസതിയിലും ഓഫീസിലും വിമാനത്തിലും വിദേശത്തും മരുന്നായും ഭക്ഷണമായും ഊന്നുവടിയായും ഒപ്പമുണ്ടായിരുന്ന ഷഫീഖിനേ അറിയൂ ഇ. അഹമ്മദ് എന്ന സ്‌നേഹമരത്തെക്കുറിച്ച്… നമുക്കൊക്കെ അറിയുന്നത് അധികാരമുള്ള അഹമ്മദിനെ.
1999 അവസാനമാണ് ഷഫീഖ് അഹമ്മദിന്റെ സഹചാരിയാവുന്നത്. കാരണക്കാരന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി.

ഷഫീഖും അഹമ്മദ് സാഹിബും

ഷഫീഖും അഹമ്മദ് സാഹിബും

രക്തത്തില്‍ ത്രില്ലുള്ള ഷഫീഖ് ഡ്രൈവറായാണ് മായിന്‍ഹാജിയുടെ അടുത്തെത്തുന്നത്. രണ്ടുമാസം കഴിയുന്നതേ ഉള്ളൂ. ഒരു ദിവസം മായിന്‍ ഹാജി ഷഫീഖിനോട് പറഞ്ഞു: കോഴിക്കാട് ഹോട്ടല്‍ മലബാര്‍ പാലസില്‍ പോയി അഹമ്മദ് സാഹിബിനെ ഒന്നു കാണണമെന്ന്. കണ്ടപാടേ അഹമ്മദ് ഷഫീഖിനോട് ചോദിച്ചത് മോന്‍ എന്തെങ്കിലും കഴിച്ചോ എന്നായിരുന്നു. ആ ചോദ്യം പിന്നീട് സംഭവിക്കാനിരിക്കുന്നതിന്റെ ഒരു സാമ്പിള്‍ മാത്രമായിരുന്നു.

ഡ്രൈവറായാലും പ്യൂണായാലും തന്നോടൊപ്പമുള്ളവര്‍ താന്‍ കഴിക്കുന്നത് തന്നോടൊപ്പം കഴിക്കണമെന്നും താന്‍ താമസിക്കുന്ന അതേ ഹോട്ടലില്‍ താമസിക്കണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഷഫീഖ് ഓര്‍ക്കുന്നു, ആദ്യ യാത്ര അന്നത്തെ മഞ്ചേരി മണ്ഡലത്തിലെ നിലമ്പൂരിലേക്ക,് അടുത്തയാത്ര മകള്‍ ഫൗസിയയുമായി കണ്ണൂരിലേക്ക്… അവസാന യാത്ര 2017 ജനുവരി 30-ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുംബൈ വഴി ന്യൂഡല്‍ഹിയിലേക്ക്…

………………

ന്യൂഡല്‍ഹി ജുമാമസ്ജിദ് സ്ട്രീറ്റിലെ മട്ട്യാര മൊഹല്ലയിലെ കുഷ്ഠരോഗികളും യാചകരും കഴിഞ്ഞ വെള്ളിയാഴ്ചയും ഇ. അഹമ്മദിന്റെ മരണവാര്‍ത്ത അറിഞ്ഞിട്ടില്ല. ഇനിയൊരിക്കലും അതറിയാന്‍ സാധ്യതയുമില്ല. അഥവാ അറിഞ്ഞാല്‍ തന്നെ അതവര്‍ വിശ്വസിക്കില്ല… കാരണം, ഇനിയുള്ള വെള്ളിയാഴ്ചയും റൊട്ടിയും ഇറച്ചിക്കറിയും ബിരിയാണിയും അവര്‍ക്ക് ലഭിക്കും. ഇ. അഹമ്മദ് എന്നാല്‍ അവര്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളിലെ ഭക്ഷണമാണ്. 12 വര്‍ഷം മുമ്പാണ് ഈ പതിവു തുടങ്ങിയത്.

ഏതു രാജ്യത്തായാലും എല്ലാ വ്യാഴാഴ്ചയും ഓര്‍മ്മയോടെ പറയും ഹനീഫാനെ വിളിച്ച് ഭക്ഷണം ഏര്‍പ്പാടാക്കണമെന്ന്. ആദ്യം 200 പേര്‍ക്കായിരുന്നു, പിന്നീട് 500 ആയി. കഴിഞ്ഞ വെള്ളിയാഴ്ച 1000 പേരുണ്ടായിരുന്നു. ഇക്കാര്യം അധികമാര്‍ക്കും അറിയില്ല. ഷഫീഖിനും റാഫിക്കും ചിലപ്പോള്‍ ഡല്‍ഹിയിലുള്ള വീട്ടിലെ ഇസ്മായിലിനും ഹനീഫാക്കും മുസഫറിനും സയ്യിദ് ഹോട്ടലുടമ മര്‍സൂഖ് ഖാനും മാത്രം അറിയുന്ന സ്‌നേഹരഹസ്യം. ആരോടും പറയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യമായാണ് തന്റെ സാഹിബിന് കൊടുത്ത ഒരു വാക്ക് ഷഫീഖ് ലംഘിക്കുന്നത്. ലംഘിച്ചതല്ല. അറിയാതെ വിതുമ്പിപ്പോയതാണ്.

ആ യാത്ര സിറ്റി ജുമാഅത്ത് പള്ളിയിലെ ആറടി മണ്ണില്‍ മറഞ്ഞ വ്യാഴാഴ്ച തന്നെ ഹോട്ടലുടമ വിളിച്ചിരുന്നു നാളെ അതു വേണോ എന്ന് ചോദിക്കാന്‍. മകന്‍ റയീസ് അഹമ്മദിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ മുടക്കണ്ട, നമുക്ക് തുടരാമെന്ന് പറയുകയായിരുന്നു. അതാണ് പറഞ്ഞത് അഹമ്മദ് മരിച്ചതായി അവര്‍ വിശ്വസിക്കില്ലെന്ന്… ഒരു തരത്തില്‍ അവര്‍ തന്നെയായിരിക്കും ശരി. സ്‌നേഹത്തിന് മരണമില്ലല്ലോ…

………………..

ഷഫീഖിന്റെ മനസ്സില്‍ ചുട്ടുപഴുത്ത് നില്‍ക്കുന്ന ഓര്‍മ്മകളുടെ അനേകം ചൂളകളുണ്ട്. അതിലൊന്ന് സഊദിയില്‍ ഒരാളുടെ കണ്ണ് പോയ സംഭവത്തിന്റെ പേരില്‍ നിയമപ്രകാരം ശിക്ഷ വിധിക്കപ്പെട്ട് സ്വന്തം കണ്ണുകള്‍ നഷ്ടപ്പെടുെമന്ന ഭീതിയില്‍ കഴിഞ്ഞ നൗഷാദിന്റെ കഥയാണ്. ആ ചെറുപ്പക്കാരന്റെ പിതാവും ഭാര്യയും രണ്ട് കൈക്കുഞ്ഞുങ്ങളും ഡല്‍ഹിയി തീന്‍മൂര്‍ത്തി മാര്‍ഗിലെ വീട്ടില്‍ അവസാനത്തെ അത്താണി തേടി വന്നതാണ്. അവര്‍ കണ്ണീരുകൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. ഭാര്യയുടെ നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. എല്ലാം കേട്ടശേഷം അഹമ്മദ് സാഹിബ് പറഞ്ഞു: കോടതി വിധിയാണ്. കണ്ണിന് പകരം കണ്ണുതന്നെയാണ് ശിക്ഷ. ഒന്നും ചെയ്യാന്‍ സാധിക്കില്ല.

പ്രതീക്ഷയുടെ നേരിയ കിരണം പോലും നല്‍കാതെയാണ് അദ്ദേഹം അവരെ യാത്രയാക്കിയത്. അവരിറങ്ങിയ ഉടനെ അന്നത്തെ സഊദി അംബാസഡര്‍ ഗാംദിയെ വിളിച്ചു. അദ്ദേഹവുമായി നല്ല ബന്ധമാണ്, കേസ് പഠിച്ചു. സഊദി പ്രോട്ടോക്കോള്‍ പ്രകാരം എന്തെങ്കിലും ചെയ്യാനാവുമോ എന്ന് അന്വേഷിച്ചു. പ്രത്യാശാപരമായിരുന്നില്ല മറുപടി, എങ്കിലും മുന്നോട്ടുപോയി. അഹമ്മദ് സാഹിബിന്റെ താല്പര്യം കണ്ടപ്പോള്‍ ദയാ ഹരജിയില്‍ ഉപയോഗിക്കേണ്ട ചില വാക്കുകളും നടപടി ക്രമങ്ങളും അംബാസഡര്‍ അഹമ്മദ് സാഹിബിനെ പഠിപ്പിച്ചു. അങ്ങനെ നീണ്ടകാലത്തെ പരിശ്രമഫലമായാണ് നൗഷാദ് കണ്ണ് നഷ്ടപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെട്ടത്.

……………..

ഇന്ത്യക്കാരെ ഭീകരര്‍ ഇറാഖില്‍ ബന്ദികളാക്കിയ സാഹചര്യമായിരുന്നു മറ്റൊന്ന്. എന്നും നയതന്ത്ര ചര്‍ച്ചകള്‍, യോഗങ്ങള്‍, വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള നിര്‍ത്താത്ത ഫോണ്‍വിളികള്‍…ആ ദിവസങ്ങളില്‍ അദ്ദേഹം ഉറങ്ങാറുണ്ടായിരുന്നില്ല. എന്നോടും ഉറങ്ങരുതെന്ന് പറഞ്ഞു. ഒരു ദിവസം രാത്രി ഞാന്‍ കണ്ണുചിമ്മാന്‍ നേരത്ത് വാതിലിന് ഒരു മുട്ട്. ഞാന്‍ എഴുന്നേറ്റു വാതില്‍ തുറന്നപ്പോള്‍ കോപം ജ്വലിപ്പിച്ച് അഹമ്മദ് സാഹിബ്.

മന്‍മോഹന്‍ സിംഗിന്റെ ഓഫീസില്‍ നിന്ന് വിളിച്ചിട്ട് എന്താണ് ഫോണെടുക്കാതിരുന്നത്. ഒരുപാട് തവണ വിളിച്ചിട്ട് എടുക്കാത്തതുകൊണ്ട് എന്നെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി പരാതി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആ സമയത്ത് ആരെങ്കിലും വിളിക്കുകയോ മന്‍മോഹന്‍സിംഗ് പരാതി പറയുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെ പറഞ്ഞത് മുന്‍കരുതലായിരുന്നു. ജാഗ്രതക്കു വേണ്ടി…

………………

അഹമ്മദ് സാഹിബിന്റെ സ്‌നേഹത്തെക്കുറിച്ചു തന്നെയാണ് പിന്നെയും ഷഫീഖിന് പറയാനുള്ളത്. ഒരുമാസം മുമ്പൊരു ദിവസം. അനീസ് വിളിച്ചു പറഞ്ഞു പി.എന്‍.എം. കോയക്ക് സുഖമില്ലെന്ന്. തന്റെ രാഷ്ട്രീയ ഗുരു സി.എച്ച്. മുഹമ്മദ് കോയയുടെ സന്തത സഹചാരിയാണ് രോഗം ബാധിച്ച് കിടപ്പിലായ പി.എന്‍.എം. കോയ. പുതിയങ്ങാടിയിലാണ് വീട്. നല്ല സുഖമില്ലാത്ത സാഹചര്യത്തിലും പോയേ തീരൂ എന്ന് നിര്‍ബന്ധം. പോയി കണ്ടു ആശ്വസിപ്പിച്ചു. അതിനുശേഷം ഏറെ നാള്‍ കഴിഞ്ഞാണ് ഒരു യാത്രക്കിടെ വ്യവസായി പി.കെ. അഹമ്മദ് വിളിക്കുന്നത്.

ഓര്‍മ്മക്കുറവ് അലട്ടിക്കൊണ്ടിരിക്കുമ്പോഴും അദ്ദേഹം പി.കെ. അഹമ്മദിനോട് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി: നമ്മുടെ വേണ്ടപ്പെട്ടവനാണ് പി.എന്‍.എം. കോയ. പാവമാണ്, സഹായിക്കണം. അവശതയിലും ആ സ്‌നേഹത്തിന് തീരെ ഓര്‍മ്മക്കുറവുണ്ടായിരുന്നില്ല. നവംബറില്‍ ദുബായിലായിരുന്നു. അവസാനത്തെ ദുബൈ യാത്ര. ഞാന്‍ പോയിരുന്നില്ല.

ദിവസവും വിളിക്കും. മുനവ്വറലി തങ്ങളുടെ ഗൃഹപ്രവേശത്തെക്കുറിച്ചും ഉതുപ്പേട്ടന്റെ മകന്‍ മാനുവലിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുമായിരുന്നു പറഞ്ഞിരുന്നത്. കോഴിക്കോട്ടെ മലബാര്‍ പാലസ് ഹോട്ടല്‍ ഉടമയാണ് ഉതുപ്പ്. അഹമ്മദ് സാഹിബ് അവിടത്തെ 502-ാം നമ്പര്‍ മുറി സ്വന്തം വീടാക്കി മാറ്റിയതിന് ശേഷം പിറന്ന മകനാണ് മാനുവല്‍. വല്ലാത്ത സ്‌നേഹമായിരുന്നു അവരോട്.

……………

ദിവസവും മൂന്ന് യാസീന്‍ ഓതുന്നത് അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു. രണ്ടെണ്ണം മാതാപിതാക്കള്‍ക്ക് വേണ്ടിയും ഒരെണ്ണം ഭാര്യക്കുവേണ്ടിയും. ശിഹാബ് തങ്ങളുടെ അന്ത്യത്തോടെ അത് നാലായി ഉയര്‍ന്നു.കൊടപ്പനക്കല്‍ തറവാടിനെയും പാണക്കാടിനെയും കുറിച്ച് പറഞ്ഞാല്‍ മതിവരില്ലായിരുന്നു. അദ്ദേഹത്തോടൊപ്പം ഇതുവരെ 56 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പോയിടങ്ങളിലെല്ലാം പാണക്കാടിനെക്കുറിച്ചും തങ്ങളെക്കുറിച്ചും പറയുമായിരുന്നു.

ശിഹാബ് തങ്ങള്‍ ഇഹലോകവാസം വെടിഞ്ഞ ദിവസം ഒരിക്കലും മറക്കാനാവാത്തതാണ്. റെയില്‍വെ മന്ത്രി എന്ന നിലയില്‍ ആ ദിവസം കപൂര്‍ത്തല കോച്ച് ഫാക്ടറി സന്ദര്‍ശനത്തിലായിരുന്നു. സന്ധ്യക്ക് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് പി.വി. അബ്ദുല്‍ വഹാബ് എം.പി. വിളിക്കുന്നത്. തങ്ങള്‍ക്ക് സുഖമില്ലെന്നറിഞ്ഞതുമുതല്‍ അഹമ്മദ് സാഹിബ് ദു:ഖിതനായിരുന്നു. അങ്ങനെയുള്ള അദ്ദേഹത്തോട് നേരിട്ട് പറയാന്‍ മനസ്സ് സമ്മതിച്ചില്ല.

വേദിയിലുണ്ടായിരുന്ന റെയില്‍വെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടൈറ്റസ് കോശിക്ക് കുറിപ്പെഴുതി നല്‍കി. ആ കുറിപ്പ് വായിച്ച ശേഷം ഒരു നിമിഷം എനിക്ക് ഇരിക്കണമെന്ന് അദ്ദേഹം യോഗത്തിനെത്തിയവരോട് പറഞ്ഞു. തളര്‍ന്ന് ഇരുന്ന അദ്ദേഹം എഴുന്നേറ്റ് എല്ലാവരോടുമായി പറഞ്ഞു: എന്റെ പ്രിയ നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടിരിക്കുന്നു. എത്രയും പെട്ടെന്ന് അവിടെ എത്തേണ്ടിയിരിക്കുന്നു. വിമാനമോ ട്രെയിനോ ആ രാത്രി അവിടെ നിന്ന് ഉണ്ടായിരുന്നില്ല. ഉടന്‍ സ്‌പെഷ്യല്‍ സലൂണില്‍ എഞ്ചിന്‍ ഘടിപ്പിച്ച് ആടിയുലഞ്ഞ് പാളം തെറ്റാതിരിക്കാന്‍ എട്ടു ബോഗികള്‍ കൊളുത്തി ഒരു നോണ്‍ സ്റ്റോപ് യാത്രയായിരുന്നു.

………….

എല്ലാം നേരത്തെ അറിഞ്ഞതു പോലെയായിരുന്നു അവസാനത്തെ ഉംറ. മുഴുവന്‍ സമയവും ഹറമില്‍ ഖുര്‍ആന്‍ പാരായണത്തിലായിരുന്നു. ത്വവാഫിലും സഹ്‌യിലും പ്രാര്‍ത്ഥനയിലും പതിവില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. അവസാനത്തെ വെള്ളിയാഴ്ച ജുമുഅക്ക് എത്തുമ്പോഴേക്കും അകത്തേക്കുള്ള ഗേറ്റില്‍ റെഡ് സിഗ്നല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും ഹറമിന്റെ അകത്തു നിന്നുതന്നെ നമസ്‌ക്കരിക്കണമെന്ന് നിര്‍ബന്ധം. ഒടുവില്‍ അതിനുള്ള ഏര്‍പ്പാടായി. എല്ലാവരും ജുമുഅ കഴിഞ്ഞ് പോയിട്ടും അഹമ്മദ് സാഹിബ് പ്രാര്‍ത്ഥനയിലായിരുന്നു.

………………

ജനുവരി 30-ന് അവസാന യാത്ര.
വിമാനത്താവളത്തില്‍ പി.വി. അബ്ദുല്‍ വഹാബും ഭാര്യ ജാസ്മിനും… അഹമ്മദ് സാഹിബിന്റെ മുഖം വായിച്ച് വഹാബ് സാഹിബ് ചോദിച്ചു മടിയുണ്ട് അല്ലേ? ഉണ്ട്. എന്നാലും പോകണം… ബജറ്റ്… അതിനുമുമ്പ് ഓള്‍ പാര്‍ട്ടി മീറ്റിംഗ്. ജനം ഏല്‍പിച്ച വിശ്വാസം നിറവേറ്റിയേ തീരൂ എന്ന ദൃഢനിശ്ചയം. മരിക്കുമ്പോഴും കുപ്പായക്കീശയിലുണ്ടായിരുന്ന ആ ചെറിയ ഖുര്‍ആന്‍ പ്രതി… ഷഫീഖിന്റെ ഓര്‍മ്മകള്‍ പെയ്തുതീരുന്നില്ല.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending