വിദ്യാഭൂഷണ്‍ റാവത്ത്
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 131ാം ജന്മവാര്‍ഷിക ദിനത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെങ്കിലും കിംവദന്തി മാത്രം പരത്തുന്ന ചില കുപ്രസിദ്ധ ഐ.ടി സെല്ലുകള്‍ അവരുടെ വൃത്തികെട്ട ഏര്‍പ്പാടുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍, തീര്‍ച്ചയായും നെഹ്‌റുവിനെ തരംതാഴ്ത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. അദ്ദേഹത്തെ വെറുക്കുന്നവരേക്കാള്‍ കൂടുതല്‍ അദ്ദേഹം ജനപ്രിയനും ജനകീയനുമായിമാറിയിരിക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലത്തെ സുപ്രധാന വ്യക്തിയായിരുന്നു നെഹ്‌റു. അദ്ദേഹത്തിന്റെ സമകാലികരില്‍ മിക്കവരേക്കാളും വിശാലമായ ചിന്താഗതിക്കാരനും ഭാവിയെക്കുറിച്ച് മികച്ച കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തിയ ആളുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പോരായ്മകള്‍ ഇല്ലെന്നും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വ്യക്തി അദ്ദേഹം മാത്രമാണെന്നും ആരും ഇവിടെ വാദിക്കുന്നില്ല. ഒന്‍പതു വര്‍ഷത്തിലേറെ അദ്ദേഹം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. എന്തൊക്കെയായാലും, സ്വാതന്ത്ര്യ സമരത്തിലെ നെഹ്‌റുവിന്റെ പങ്കും ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള നെഹ്‌റുവും രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ, അവയെ വ്യത്യസ്തമായിത്തന്നെ വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്.
ഒരു പ്രസ്ഥാനത്തെ നയിക്കുന്നതും ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. പലപ്പോഴും പ്രസ്ഥാന നേതാക്കള്‍ ഭരണത്തില്‍ ഇരിപ്പിടം കിട്ടുമ്പോള്‍ ദയനീയമായി പരാജയപ്പെടാറുണ്ട്. കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിലെ പല സമകാലികരും പ്രമുഖരും അവരുടെ രാജ്യങ്ങളില്‍ സൂപ്പര്‍ ഹീറോകളായിരുന്നു, അവര്‍ അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുകയുണ്ടായി. എന്നാല്‍, സ്വയം സ്ഥാപനങ്ങളായിത്തീര്‍ന്ന അത്തരക്കാരില്‍നിന്ന് വ്യത്യസ്തമായി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായി ഒന്നിലധികം സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു നെഹ്‌റു ചെയ്തത്.
ഒരു നേതാവ് അധികകാലം അധികാരത്തിലിരുന്നാല്‍, കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ വ്യത്യസ്ത പതിപ്പുകളിലുള്ള ആളുകളാണെന്നും തീര്‍ച്ചയാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ മുന്നില്‍നിന്ന് നയിച്ച നേതാക്കളില്‍ ഭൂരിഭാഗവും ആദ്യത്തെ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ ഈ ലോകം വെടിഞ്ഞിരുന്നു. 1948 ജനുവരിയില്‍ മഹാത്മാഗാന്ധി നാഥുറാം ഗോദ്‌സെയാല്‍ കൊല്ലപ്പെട്ടു, 1950 ഡിസംബറില്‍ പട്ടേല്‍ അന്തരിച്ചു, 1956ല്‍ ബാബാസാഹിബ് അംബേദ്കര്‍ അന്തരിച്ചു, രാജ്യത്തെ നയിക്കാന്‍ സുബാഷ് ചന്ദ്രബോസ് ഉണ്ടായിരുന്നില്ല. അതിനാല്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ മുഴുവന്‍ നെഹ്‌റുവിലായിരുന്നു കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. നെഹ്‌റു ജനകീയനും ജനാധിപത്യവാദിയുമായിരുന്നു. അദ്ദേഹം മറ്റുള്ളവരെപ്പോലെ കേവലം ഒരു വാചാടോപിയായിരുന്നില്ല, മറിച്ച് സമഗ്രമായ ഒരു ജനാധിപത്യവാദിതന്നെയായിരുന്നു.
അദ്ദേഹം പാര്‍ലമെന്റില്‍ ഇരിക്കുമ്പോഴൊക്കെ പ്രധാനപ്പെട്ട സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഇന്ത്യന്‍ എക്‌സപ്രസില്‍ പി. രാമന്‍ എഴുതിയ വിശദമായ കുറിപ്പില്‍ 1961 ആഗസ്റ്റ് 16 മുല്‍ 1962 ഡിസംബര്‍ 12 വരെയുള്ള കാലയളവിലെ സുപ്രധാന നീക്കങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ‘ചൈനയെക്കുറിച്ച് മാത്രം 32 സ്റ്റേറ്റ്‌മെന്റുകള്‍ അദ്ദേഹം നടത്തുകയുണ്ടായി. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് 1.04 ലക്ഷം വാക്കുകള്‍ നെഹ്‌റു പാര്‍ലമെന്റില്‍ സംസാരിക്കുകയുണ്ടായി. അത് 200 ഓളം പ്രിന്റഡ് പേജുകളിലായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതേ ലേഖനത്തില്‍ പാര്‍ലമെന്റിലെ നെഹ്‌റുവിന്റെ പ്രസ്താവന ഇപ്രകാരം ഉദ്ധരിക്കുന്നു. എനിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം. ഒന്നാമതായി, ഈ സഭയെ അറിയിക്കാതെ ഒന്നും ഞാന്‍ ചെയ്യില്ലെന്ന് ഉറപ്പ്തരുന്നു. രണ്ടാമതായി, ഇന്ത്യയുടെ മഹത്വത്തെ അപകീര്‍ത്തിപ്പടുത്തുന്ന ഒന്നും ചെയ്യില്ലെന്ന് നാം സമ്മതിക്കണം. മറ്റുള്ള കാര്യങ്ങള്‍ക്ക് എനിക്ക് സ്വാതന്ത്ര്യം വേണം’. (ലോക്‌സഭ ആഗസ്റ്റ് 14, 1962).
ഗല്‍വാന്‍ വാലി പ്രശ്‌നത്തിന്റെയും ഇന്ത്യയിലെ ചൈനീസ് ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ നമുക്ക് ഈ ചോദ്യം ഉന്നയിക്കാം. നിലവിലെ ഭരണകൂടം പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ച് എത്ര തവണ സംസാരിച്ചിട്ടുണ്ട്? മിക്ക വിവരങ്ങളും കോണ്‍ഫിഡന്‍ഷ്യല്‍ (രഹസ്യസ്വഭാവമുള്ളത്) ആണെന്ന വ്യാജേനെ പങ്കുവെക്കുന്നില്ല. ഈ വിഷയം ഗൗരവമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുന്നോട്ട് വന്നിട്ടുപോലുമില്ല. സര്‍ക്കാറിനെ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ ഉടനടി ദേശവിരുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നു. ഒരു നിലക്കുള്ള ചോദ്യങ്ങളും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പബ്ലിക്ക് ഡൊമൈനില്‍ ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരിക പോലും സര്‍ക്കാര്‍ ചെയ്യുന്നില്ല.
ചൈനീസ് നയം തെറ്റായി കൈകാര്യം ചെയ്തു എന്ന പേരിലാണ് നെഹ്‌റു ആക്രമിക്കപ്പെട്ടത്. വലതുപക്ഷ ട്രോളുകളും ഐ.ടി സെല്ലില്‍ നിന്നുള്ള തെറ്റായ വിവരങ്ങളും ചൈനീസ് നയത്തിലെ പരാജയത്തിന്റെ പേരില്‍ നെഹ്‌റുവിനെ ആക്രമിച്ചുകൊണ്ടിരുന്നു. നെഹ്‌റുവിനെ ചൈന വഞ്ചിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ടിബറ്റ് നയം സുദൃഢമായതായിരുന്നു. അതില്‍ നിന്നും ഒരിക്കലും പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്ത്‌കൊണ്ടാണ് ചൈന ഒരു രാജ്യത്തെയും തങ്ങളിലേക്ക് നോക്കാന്‍ ആഗ്രഹിക്കാത്തത് എന്നതിനെക്കുറിച്ച് വ്യക്തമായി തുറന്ന്പറഞ്ഞ നെഹ്‌റുവിന്റെ അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങള്‍ കാണാം. അപ്പോഴും ടിബറ്റിനോടുള്ള ഉത്തരവാദിത്വത്തില്‍നിന്ന് നെഹ്‌റു ഒരിക്കലും ഒഴിഞ്ഞുമാറിയിരുന്നില്ല. ആത്മീയ നേതാവ് ദലൈലാമ ഉള്‍പ്പെടെയുള്ള ടിബറ്റന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ അഭയം അക്കാലത്തെ ശക്തമായ പ്രസ്താവനയായിരുന്നു. നെഹ്‌റു അത് പാലിക്കുകയും അവസാനംവരെ തുടരുകയും ചെയ്തു. അദ്ദേഹം ഒരിക്കലും തന്റെ നിലപാട് മാറ്റി സമാധാനത്തിനായി നിരന്തരം സംസാരിച്ചിരുന്നില്ല. അക്കാലത്ത് നമ്മുടെ സേന സജ്ജരായിരുന്നില്ലെന്നും നാം മനസ്സിലാക്കണം. ഇന്ത്യയെ സാമ്പത്തികമായി കെട്ടിപ്പടുക്കുന്നതിലായിരുന്നു നെഹ്‌റുവിന്റെ ശ്രദ്ധ. അദ്ദേഹം ഒരിക്കലും അതില്‍ വിട്ടുവീഴ്ച ചെയ്തില്ല. അവിടെയാണ് പഞ്ചവത്സര പദ്ധതിയുടെ പ്രാധാന്യം മനസ്സിലാവുന്നത്.
ദീര്‍ഘവീക്ഷണമില്ലാത്ത ഇന്നത്തെ നേതൃത്വവുമായി ഇത് താരതമ്യം ചെയ്യുക, ചൈന എങ്ങനെ പ്രതികരിച്ചുവെന്ന് അറിഞ്ഞിട്ടും, നരേന്ദ്ര മോദി ചൈനയെ വിശ്വസിക്കുന്നത് തുടരുകയും ചൈനീസ് പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചൈനീസ് അക്രമണത്തിന്‌ശേഷം നമ്മുടെ പ്രധാനമന്ത്രി ചൈനയെക്കുറിച്ച് ഒരക്ഷരം പറഞ്ഞിരുന്നില്ല. അതിര്‍ത്തിയില്‍ സൈനികരെ സന്ദര്‍ശിക്കുമ്പോഴോ പൊതുയോഗങ്ങളിലോ ചൈനയെ എതിര്‍ത്ത്‌കൊണ്ട് അദ്ദേഹം ഒരു പരാമര്‍ശം പോലും നടത്തിയിട്ടില്ല. പാക്കിസ്താനുമായാണ് ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതെങ്കില്‍ പാക്കിസ്താനെ ഭൂമിയില്‍നിന്ന് തന്നെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തില്‍ നരേന്ദ്ര മോദിയും ഐ.ടി സെല്ലുകളും മുന്നോട്ടുവരുമായിരുന്നു. സമാധാനത്തിനും ഐക്യത്തിനും ദലൈലാമ നല്‍കിയ സംഭാവനകള്‍ക്ക് ലോകം മുഴുവന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തപ്പോഴും പ്രധാനമന്ത്രി ഇതുവരെ അഭിവാദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. ടിബറ്റിന്റെയും ബുദ്ധമതത്തിന്റെയും പ്രാധാന്യം സര്‍ക്കാര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുവെങ്കിലും ദലൈലാമയെക്കുറിച്ചുള്ള നിശബ്ദത, നിലവിലെ ഭരണകൂടം ഈ വിഷയത്തെ എങ്ങനെയാണ് കാണുന്നതെന്നതിന്റെ സൂചനയാണ്.
അയല്‍ക്കാരുമായി നല്ല ബന്ധം വേണമെന്ന് നെഹ്‌റു ആഗ്രഹിച്ചിരുന്നു. മതപരമായ വിഭജനം നടന്നിട്ടും അദ്ദേഹം ഒരിക്കലും മതവിദ്വേഷം പ്രകടിപ്പിച്ചിരുന്നില്ല. പാക്കിസ്താന്‍ നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചു. നെഹ്‌റുവിന്റെ പ്രസംഗങ്ങളും അക്ഷരങ്ങളുമെല്ലാം ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്, ആധുനിക ഇന്ത്യയുടെ നിര്‍മാതാവ് എന്ന് വിളിക്കാവുന്ന ആ മനുഷ്യന്റെ വ്യക്തിത്വത്തിലേക്ക് അത് കൂടുതല്‍ വെളിച്ചം വീശുമെന്ന് ഉറപ്പാണ്.
ഡോ. ബാബാ സാഹിബ് അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരാണ് ആധുനിക ഇന്ത്യയില്‍ നമ്മുടെ ജീവിതത്തെയും വിധികളെയും രൂപപ്പെടുത്തിയ രണ്ടുപേര്‍. പ്രത്യയശാസ്ത്രപരമായി അവരുടെ രാഷ്ട്രീയ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. രണ്ടു പേര്‍ക്കും ശാസ്ത്രീയ സ്വഭാവവും ജനാധിപത്യത്തോടുള്ള ബഹുമാനവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. ബാബാസാഹിബ് അംബേദ്കര്‍ ബുദ്ധമതത്തെ അതിന്റെ ജന്മസ്ഥലത്ത് പുനരുജ്ജീവിപ്പിച്ച്‌കൊണ്ട് രാജ്യത്തിന് വലിയ സേവനം ചെയ്ത മനുഷ്യനാണെങ്കില്‍, നെഹ്‌റുവിനും ബുദ്ധനോടും ബുദ്ധമതത്തോടും അതിയായ സ്‌നേഹമുണ്ടായിരുന്നു.
നെഹ്‌റുവിന് ഒരു സ്വേച്ഛാധിപതിയാകാമായിരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും ഒരു സൈനിക വേഷത്തില്‍ അദ്ദേഹത്തെ ഒരിക്കലും കണ്ടില്ല. ജനാധിപത്യം മാനദണ്ഡങ്ങളോടും മൂല്യങ്ങളോടും അദ്ദേഹം എപ്പോഴും വിശ്വസ്തനായിത്തന്നെ തുടര്‍ന്നു. അദ്ദേഹത്തെപ്പോലെ ജനപ്രീതി നേടിയ ഒരു നേതാവിന് വ്യക്തിഗതമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കല്‍ വളരെ എളുപ്പമായിരുന്നു, പക്ഷേ അദ്ദേഹം അതിന് തുനിഞ്ഞില്ല. എതിരാളികള്‍ അദ്ദേഹത്തെ പല വഴികളിലും പരിഹസിച്ചിരുന്നുവെങ്കില്‍ പോലും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോടും അറിവിനോടുമുള്ള പ്രതിബദ്ധതയെ ആര്‍ക്കും വെല്ലുവിളിക്കാനായില്ല. ജയപ്രകാശും രാംമനോഹര്‍ ലോഹ്യയും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഡോ. അംബേദ്കര്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകണമെന്നും നെഹ്‌റു ആഗ്രഹിച്ചു. പക്ഷേ, കേവലം ഒരു ആചാരപരമായ തലവനായി സ്വയം ഒതുങ്ങാന്‍ അംബേദ്കര്‍ ആഗ്രഹിക്കാത്തതിനാല്‍ അദ്ദേഹം അത് നിരസിക്കുകയുണ്ടായി. അദ്ദേഹത്തെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നവരെ പുതിയ തലമുറ ചോദ്യംചെയ്യണം. എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ വെറുക്കുന്നതെന്ന വളരെ ലളിതമായ ചോദ്യം ചോദിക്കുക. അദ്ദേഹത്തിന്റെ സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റിനെ കെട്ടിപ്പിടിക്കുന്നതോ എഡ്വിന മൗണ്ട് ബാറ്റനിനൊപ്പമുള്ളതോ പുകവലിക്കുന്നതോ ഒക്കെയായ ചിത്രങ്ങളെടുത്ത് അവര്‍ വരും. ഈ ഫോട്ടോഗ്രാഫുകളാണ് അദ്ദേഹത്തെ വൃത്തികെട്ടവനായി ചിത്രീകരിക്കാന്‍ അവര്‍ ഉപയോഗിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, രണ്ട് വ്യക്തികള്‍ക്ക് ഒന്നിച്ച് ഇരിക്കാനും പരസ്പരം ചര്‍ച്ച ചെയ്യാനും ജീവിതം ആസ്വദിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അവരുടെ പരിമിതമായ ധാരണകള്‍ക്കകത്ത്‌നിന്നുകൊണ്ടാണ് അവര്‍ ചിന്തിക്കുന്നത്. സെലിബ്രിറ്റികളുടെയും പബ്ലിക്ക് ഫിഗറുകളുടേയും വ്യക്തിജീവിതം വലിയ രീതിയില്‍ ശ്രദ്ധ ആകര്‍ഷിക്കപ്പടാറുണ്ട്. പക്ഷേ, പലപ്പോഴും അത് ന്യായത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല, അവരെ വ്യക്തിഹത്യ ചെയ്യുന്നതിനും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമാണത് കൂടുതലായും ഉണ്ടാവുക. സന്ദര്‍ഭങ്ങള്‍ അറിയാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. എന്തായാലും, ഐ.ടി സെല്ലുകള്‍ പ്രചരിപ്പിക്കുന്ന വ്യക്തി ജീവിതമാണ് മാതൃകയും ഉദാഹരണങ്ങളുമാകുന്നതെങ്കില്‍ വര്‍ത്തമാനകാലത്ത് അവര്‍ ആരാധനാപൂര്‍വം കൊണ്ടുനടക്കുന്ന പല രാഷ്ട്രീയക്കാരെയും പ്രതിരോധിക്കല്‍ തീര്‍ച്ചയായും അവര്‍ക്ക് പ്രയാസമാകും. പാവപ്പെട്ട ഐ.ടി സെല്‍ കിംവദന്തിക്കാരന് സ്ത്രീകള്‍ക്ക് ഇവിടെ സ്വന്തമായി ഒരു ഏജന്‍സി ഉണ്ടെന്നും അവര്‍ക്ക് വേണ്ടി സംസാരിക്കാമെന്നും മനസ്സിലാകുന്നില്ല. പ്രതിരോധിക്കാന്‍ ഇവിടെയില്ലാത്ത ഒരാളെക്കുറിച്ച് അപകീര്‍ത്തി പ്രചാരണങ്ങള്‍ നടത്തുന്നതിനേക്കാള്‍ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന മറ്റുപല സ്ത്രീകളെക്കുറിച്ചും ഐ.ടി സെല്ലിന് സംസാരിക്കാം.
നെഹ്‌റുവിനെ ചോദ്യം ചെയ്യാനോ വിമര്‍ശിക്കാനോ കഴിയില്ലെന്ന് ആരും പറയില്ല. എന്നാല്‍, ഒരു പത്രസമ്മേളനത്തില്‍ പോലും സ്വതന്ത്രമായി അഭിസംബോധന ചെയ്യാത്ത, ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കാത്ത നേതാവിന്റെ അണികളില്‍ നിന്നാണ് ഈ ചോദ്യങ്ങള്‍ വരുന്നത്. തന്റെ രാഷ്ട്രീയ എതിരാളികളെ നിന്ദിക്കാനായിരുന്നില്ല നെഹ്‌റു മാധ്യങ്ങളെ ഉപയോഗിച്ചിരുന്നത്. അദ്ദേഹം മികച്ചൊരു രാഷ്ട്രീയ നേതാവും പ്രധാനമന്ത്രിയും ആവുന്നതോടൊപ്പം മികച്ച സാഹിത്യകാരന്‍ കൂടിയായിരുന്നു. എപ്പോഴും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിക്കാനും പ്രസംഗങ്ങള്‍ കേള്‍ക്കാനും നാം ഇഷ്ടപ്പെടുന്നു.
എതിരാളികള്‍ എന്തുപറഞ്ഞാലും നെഹ്‌റുവിന്റെ കാല്‍പ്പാടുകള്‍ എല്ലായ്‌പ്പോഴും നമ്മുടെ ജനാധിപത്യത്തില്‍ ഉണ്ടായിരിക്കും. കാരണം, മറ്റുള്ളവരുമായി ചേര്‍ന്ന് അദ്ദേഹം സ്ഥാപിച്ചെടുത്ത പല സ്ഥാപനങ്ങളും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇവിടെ ഉണ്ടാകും. ഇപ്പോള്‍ നാം പാതി ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. പക്ഷേ, ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ടുവെച്ച സമഗ്ര ഇന്ത്യയെന്നെ ആശയത്തിന്റെ പ്രാധാന്യം ആളുകള്‍ മനസ്സിലാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. അത് മാത്രമേ ഫാസിസ്റ്റ് ആക്രമണത്തില്‍ നിന്നും നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുകയുള്ളൂ.
(കടപ്പാട്: രീൗിലേൃരൗൃൃലിെേ.ീൃഴ
വിവര്‍ത്തനം: അബ്ദുല്ലത്തീഫ് പാലത്തുങ്കര)