സി.പി സൈതലവി
ആള്‍ക്കൂട്ടങ്ങള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍നിന്നു സി.കെ അബൂബക്കര്‍ മാറിനിന്നിട്ട് വര്‍ഷം അഞ്ചായി. ഒടുവില്‍ അധികമാളുകള്‍ക്ക് ഒത്തുചേരാന്‍പാടില്ലാത്ത ഈ കോവിഡ് കാലത്ത് സി.കെ യാത്രയാവുകയും ചെയ്തു. ദശകങ്ങള്‍ക്കുമുമ്പ് സി.കെയുടെ ആദ്യഭാര്യയുടെ അന്ത്യചടങ്ങുകള്‍ക്കായി, റമസാന്‍ സായാഹ്നത്തിലായിരുന്നിട്ടുപോലും രാമനാട്ടുകര വൈദ്യരങ്ങാടിയിലെ വീട്ടില്‍ പല ദേശങ്ങളില്‍ നിന്നായി ഒഴുകിവന്ന ആയിരങ്ങള്‍ ഒരു പത്രപ്രവര്‍ത്തകനുമപ്പുറത്തെ ആ വിശാല സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്നു. 2020 ഒക്ടോബര്‍ 24ന് രാത്രി സി.കെ നിശബ്ദം വിടവാങ്ങുമ്പോള്‍ കര്‍മനിരതമായ അര നൂറ്റാണ്ടുകാലമാണ് പടിയിറങ്ങുന്നത്. ഒരു നിമിഷംപോലും അടങ്ങിയിരിക്കാതെ ഇടതടവില്ലാതെ ഓടിക്കൊണ്ടേയിരുന്ന ആ ഊര്‍ജ്ജസ്വലത ഒന്നു തളര്‍ന്നുപോയത് 2015 ലുണ്ടായ പക്ഷാഘാതത്തില്‍. മൂന്നു പതിറ്റാണ്ടുനീണ്ട പത്രപ്രവര്‍ത്തനവും അതിലുമേറെ കാലത്തെ രാഷ്ട്രീയ സാമൂഹിക സേവനവുമായാണ് സി.കെ അബൂബക്കര്‍ പൊതുജീവിതത്തില്‍ നിറഞ്ഞത്. പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ യൂണിറ്റ് എം. എസ്.എഫ് സെക്രട്ടറിയായി പ്രസംഗിച്ചും സംഘടിപ്പിച്ചും മുതിര്‍ന്നവര്‍ക്കൊത്ത രീതികളിലേക്ക് ചുവടുവെച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും ഫാറൂഖ് കോളജിലും വിദ്യാര്‍ഥി നേതാവായി.
രാമനാട്ടുകര പഞ്ചായത്തില്‍ ആദ്യത്തെ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റികള്‍ സ്ഥാപിക്കുന്നതിന് മുന്നിട്ടിറങ്ങി. പഞ്ചായത്ത്, മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റികളുടെ ഭാരവാഹിത്വത്തിലൂടെ ജില്ലാ നേതൃത്വത്തില്‍. 1974ല്‍ മുസ്‌ലിംലീഗില്‍ സംഭവിച്ച ദൗര്‍ഭാഗ്യകരമായ ഭിന്നിപ്പിനെ തുടര്‍ന്ന് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പക്ഷത്ത് യുവാക്കളെ അണിനിരത്തുന്ന ദൗത്യമേറ്റെടുത്ത് വയനാടുള്‍പ്പെടുന്ന അവിഭക്ത കോഴിക്കോട് ജില്ലയില്‍ അവിശ്രാന്തം പ്രവര്‍ത്തിച്ചു. പി.കെ.കെ ബാവ പ്രസിഡന്റും കെ. പി.എ മജീദ് ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിക്കുകീഴിലെ പ്രഥമ കോഴിക്കോട് ജില്ലാ കമ്മിറ്റി (1976-79) യുടെ ജനറല്‍ സെക്രട്ടറിയായി ആ സങ്കീര്‍ണകാലഘട്ടത്തില്‍ സി.കെ അബൂബക്കര്‍ തെരഞ്ഞെടുക്കപ്പെടുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയം നല്‍കിയ സംഘാടക വൈഭവത്തിന്റെ കരുത്തില്‍. മാവൂര്‍ ടി. ഹംസയായിരുന്നു ജില്ലാ പ്രസിഡന്റ്. നവോന്മേഷത്തില്‍ ജില്ലയെങ്ങും ശാഖ മുതല്‍ മേല്‍പോട്ട് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തനസജ്ജമായി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാര്‍ നടപ്പാക്കിയ ‘എമിഗ്രേഷന്‍’ കരിനിയമത്തിനെതിരെ സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനുമുന്നില്‍ നടത്തിയ സമരത്തിലെ വര്‍ധിച്ച യുവജന പങ്കാളിത്തത്തില്‍ അന്നത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പരിശ്രമങ്ങളും മുഖ്യഘടകമായി.
ഇതിനിടെ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. 1979ല്‍ ചന്ദ്രികയുടെ മലപ്പുറം ജില്ലാ പ്രതിനിധിയായി സി.കെ അബൂബക്കര്‍ നിയമിതനായി. മാപ്പിളനാട് പത്രാധിപരായിരുന്ന പി.പി കമ്മു, പിന്നീട് മലയാള മനോരമയില്‍ റസിഡന്റ് എഡിറ്റര്‍ ആയിരുന്ന പുത്തൂര്‍ മുഹമ്മദ്, ശരീഫ് മണ്ണിശ്ശേരി, പി.കെ.സി അബ്ദുല്ലകുട്ടി എന്നീ പ്രസിദ്ധ പത്രപ്രവര്‍ത്തകരുടെ പിന്‍ഗാമിയായി ചന്ദ്രിക ചുമതലയിലെത്തിയ സി.കെ മലപ്പുറത്തിന്റെ ട്രേഡ് യൂണിയന്‍ രംഗത്തും വ്യക്തിമുദ്രപതിച്ചു. ജില്ലയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമായി മലപ്പുറം സഹകരണ സ്പിന്നിങ്മില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഘട്ടമാണത്. 1976ല്‍ കെട്ടിട നിര്‍മാണ പ്രവൃത്തി തുടങ്ങിയ മില്‍ 1980ല്‍ ആണ് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായത്. സി.എച്ച് മുഖ്യമന്ത്രിയാകുമ്പോഴാണ് മില്ലിന്റെ സുപ്രധാനഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നത്. സ്പിന്നിങ്മില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ തൊഴിലാളികളും ഓഫീസ് ജീവനക്കാരുമെല്ലാം ദിവസക്കൂലിക്കാരാണ്. ജോലിയിലും സ്ഥിരതയില്ല. അഞ്ചു രൂപ മുതല്‍ 14 വരെയാണ് പലരുടെയും കൂലി. പ്രൊബേഷന്‍ കഴിഞ്ഞവര്‍ക്ക് 20 രൂപ കിട്ടും. വലിയ പ്രതീക്ഷകളുമായി സ്പിന്നിങ് മില്ലില്‍ ജോലിക്ക് പ്രവേശിച്ചവര്‍ അനിശ്ചിതത്വത്തിന്റെ നിഴലില്‍ പ്രയാസപ്പെടുന്ന അന്തരീക്ഷം. എം.എല്‍.എ ആയിരുന്ന കെ.പി.എ മജീദ് പ്രസിഡന്റും സി.കെ അബൂബക്കര്‍ ജനറല്‍ സെക്രട്ടറിയുമായി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രഥമ സ്പിന്നിങ്മില്‍ എസ്.ടി.യു കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് അന്നത്തെ നഗരസഭ ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രസിഡന്റായി. പിന്നീട് വണ്ടൂര്‍ ഹൈദരലിയും. ഈ മൂന്ന് ഘട്ടത്തിലും ജനറല്‍ സെക്രട്ടറി സി.കെ അബൂബക്കര്‍ തന്നെ. വ്യവസായ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പുതുരീതികള്‍ പഠിച്ചറിയുകയാണ് ആ കാലം. സി.എം കുഞ്ഞിമുഹമ്മദ്, കെ. അലവിക്കുട്ടി നെടിയിരുപ്പ്, പി. ഉബൈദുല്ല, തറയില്‍ അവറാന്‍, കുഴിപ്പുറം മുഹമ്മദ് കുട്ടി, പി. ഹൈദ്രോസ് ഹാജി, വി.ടി അലവിക്കുട്ടി, ടി.എച്ച് ഇസ്ഹാഖ് ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ എസ്.ടി.യുവിലേക്ക് വന്നുകൊണ്ടിരുന്നു. സംസ്ഥാനത്തെ ഏറ്റവും അംഗസംഖ്യയുള്ള എസ്.ടി.യു യൂണിറ്റായി മലപ്പുറം സ്പിന്നിങ്മില്‍ മാറി.
ഈ തൊഴിലാളിക്കരുത്തിന്റെ പിന്‍ബലും തൊഴില്‍ നിയമങ്ങളില്‍ തനിക്കുള്ള അവഗാഹവും അവകാശങ്ങള്‍ പൊരുതി നേടാനുള്ള വീറുമായി ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലിസ്ഥിരതയും ദിവസക്കൂലിക്ക്പകരം പ്രതിമാസ ശമ്പളവും ഉറപ്പാക്കുന്ന ‘വര്‍ക്ക്‌ലോഡ് സെറ്റില്‍മെന്റ്’ കരാര്‍ മില്ലിന്റെ ചരിത്രത്തിലാദ്യമായി മാനേജ്‌മെന്റിനെകൊണ്ട് ഒപ്പിട്ടുവാങ്ങി സി.കെ അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സമരസമിതി. ഈ പോരാട്ടവിജയം മാത്രംമതി ആ അരനൂറ്റാണ്ട് പൊതുജീവിതത്തിന്റെ നിത്യസ്മാരകമാവാന്‍. കരാര്‍ നിലവില്‍ വരുമ്പോഴുള്ള 1200 തൊഴിലാളികളും അവരുടെ കുടുംബങ്ങളും മാത്രമല്ല, കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ആ സ്ഥാപനത്തില്‍ തൊഴിലെടുത്ത ആയിരങ്ങള്‍ക്കാണ് ഇത് ആശ്വാസം പകര്‍ന്നത്.
കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പ്രസിഡന്റ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളിലെല്ലാം തൊഴിലാളികളുടെ അവകാശങ്ങളുടെ അഭിഭാഷകനായി നിന്നു സി.കെ. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ നവീകരണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറില്‍ നിന്നും വന്‍തോതില്‍ ഫണ്ടു ലഭ്യമാക്കാന്‍ അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുമായുള്ള തന്റെ പൂര്‍വ്വസൗഹൃദം സി.കെ വിനിയോഗിച്ച കാര്യം ആ തലമുറയിലെ സഹപ്രവര്‍ത്തകര്‍ സ്മരിക്കാറുണ്ട്.
ചന്ദ്രികയില്‍ വിവിധ ഘട്ടങ്ങളില്‍ പത്രാധിപന്‍മാരായിരുന്ന സി.കെ താനൂര്‍, റഹീം മേച്ചേരി, നടക്കാവ് മുഹമ്മദ് കോയ, എം.ഐ തങ്ങള്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, നവാസ് പൂനൂര്‍ എന്നിവരോടൊത്തെല്ലാം പത്രപ്രവര്‍ത്തനത്തിലെ ആദ്യനാള്‍ തൊട്ട് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സി.കെ അബൂബക്കര്‍ പദവികള്‍ക്കുമപ്പുറം പത്രത്തെയും പാര്‍ട്ടിയെയും അളവറ്റു സ്‌നേഹിച്ചു. ഔദ്യോഗികമായി പത്രപ്രവര്‍ത്തനത്തില്‍നിന്നും വിരമിച്ചശേഷവും ചന്ദ്രികയുടെ ഓരോ ബിന്ദുവിലും സി.കെ സ്‌നേഹത്തോടെ ശ്രദ്ധപതിപ്പിച്ചു.
ചമല്‍ക്കാരങ്ങളില്ലാതെ ലളിതഭാഷയില്‍ എഴുതി അവതരിപ്പിച്ച വാര്‍ത്തകളിലൂടെ, ലേഖനങ്ങളിലൂടെ നാടിന്റെ വികസനത്തിന്റെയും ന്യൂനപക്ഷ പിന്നാക്ക ജനതയുടെ അവകാശങ്ങളുടെയും അവകാശ നിഷേധത്തിന്റെയും വസ്തുനിഷ്ഠമായ കണക്കുകള്‍വഴി അധികൃതരുടെ ശ്രദ്ധക്ഷണിക്കാനും നഷ്ടപ്പെട്ടവ നേടിയെടുക്കാനുമുള്ള ഒരു ജനതയുടെ പോരാട്ടത്തിന് ഊഷ്മാവ് പകര്‍ന്നു ആ പത്രപ്രവര്‍ത്തക ജീവിതം. സംഘടനയുടെ നയനിലപാടുകളെ സാധാരണക്കാരനു ഗ്രാഹ്യമാകുംവിധം സദസുകളില്‍ അവതരിപ്പിച്ചു. രാമനാട്ടുകരയിലെ മുസ്്‌ലിംലീഗ് ആസ്ഥാനമായ സി.എച്ച് ഭവന്‍ സ്ഥാപിക്കുന്നതിന് നഗരഹൃദയത്തില്‍ സ്ഥലമെടുക്കാനും കെട്ടിട നിര്‍മാണത്തിനുമുള്ള വകകണ്ടെത്തിയതിലും സി.കെയുടെ വിയര്‍പ്പുതുള്ളികള്‍ വിസ്മരിക്കാനാവില്ല. രാമനാട്ടുകര ചമ്മലില്‍ മഹല്ലിന്റെ നേതൃത്വത്തിലും മാഹിരിയ്യ കോളജിന്റെ സ്ഥാപനത്തിലും നാട്ടുകാര്‍ക്കൊപ്പം മുന്നില്‍ നിന്നു. ജനപ്രതിനിധിയായപ്പോള്‍ പണിത നീലിത്തോട് പാലംമതി ജനസേവനവഴിയിലെ സി.കെയെ അറിയാന്‍. പ്രവാസി സമൂഹത്തോടുള്ള ആത്മബന്ധം നിഴലിക്കുന്നതാണ് ‘നാട്ടിലില്ലാത്തവരുടെ നാട്ടില്‍’ എന്ന കൃതി.
മത കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി നാടിന്റെ മതേതര മുഖമാവാന്‍ സി.കെയുടെ പൊതുപ്രവര്‍ത്തനത്തിന് കഴിഞ്ഞു. മുസ്‌ലിംലീഗിലെ സമുന്നത നേതൃത്വവുമായും ഔദ്യോഗികരംഗത്തെ ഉന്നതവ്യക്തിത്വങ്ങളുമായും സി. കെ ഉറ്റബന്ധം പുലര്‍ത്തി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുതല്‍ പാണക്കാട് കുടുംബവുമായി ഏറെ അടുപ്പം. സി.എച്ചിനും സേട്ടു സാഹിബിനും ഇ. അഹമ്മദ് സാഹിബിനും സ്‌നേഹം. ഇന്നുള്ള ദേശീയ, സംസ്ഥാന മുസ്്‌ലിം ലീഗ് നേതാക്കളുമായെല്ലാം വ്യക്തിബന്ധം. മരണവാര്‍ത്തയറിഞ്ഞ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു: ‘സി.കെ നമ്മുടെ പഴയ ചങ്ങാതി’യാണെന്ന്. ഇത്തിരി നര്‍മവും കുസൃതിയുമായി തലമുറഭേദമന്യേ എല്ലാവര്‍ക്കും സുഹൃത്തായിരുന്നു സി.കെ.