Connect with us

Video Stories

ബീഹാറിന്റെ പുത്രി പോരാടുന്നത് മതേതര ഇന്ത്യക്കു വേണ്ടി

Published

on

 

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിന്റെ ഭരണ നിര്‍വഹണത്തില്‍ പ്രസിഡണ്ടിന് സുപ്രധാന ഉത്തരവാദിത്തങ്ങളൊന്നും നിര്‍വഹിക്കാനില്ലെങ്കിലും ചില തീരുമാനങ്ങളെടുക്കുന്നതില്‍ രാഷ്ട്രപതിയുടെ നിലപാട് നിര്‍ണ്ണായകമാകാറുണ്ട്. വധശിക്ഷ പോലെ അതീവ പ്രാധാന്യമുള്ള കേസുകളില്‍ അന്തിമ അംഗീകാരം പ്രസിഡണ്ടിന്റേതാണ്. മിക്ക വിദേശ കരാറുകളും പ്രസിഡണ്ടിന്റെ അംഗീകാരത്തോടെ മാത്രമേ നിലവില്‍ വരികയുള്ളൂ. രാജ്യത്തെ ഏറ്റവും ഉന്നത സ്ഥാനമെന്ന ആലങ്കാരികതയും പ്രസിഡണ്ടിനു മാത്രമാണ്. അടുത്ത പ്രസിഡണ്ടാരായിരിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം. സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഏകപക്ഷീയമായൊരു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി ആദ്യം കളത്തിലിറങ്ങിയത് എന്‍.ഡി.എയാണെങ്കിലും പതിനാറ് പാര്‍ട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷവും ശക്തമായി സ്ഥാനമുറപ്പിച്ചിട്ടുണ്ട്്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ എന്‍.ഡി.എയുടെ എല്ലാ അടവുകള്‍ക്കും മറുപടി കൊടുക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷത്തിന്റെ മികവായി തന്നെ കാണണം. ഇതിന് മുമ്പ് ബി.ജെ.പി നേതൃത്വത്തിലൊരു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത് 2004 എ.പി.ജെ അബ്ദുല്‍കലാമിന്റെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. അന്നുണ്ടായിരുന്നതിനു തുല്യമായൊരു രാഷ്ട്രീയ മേല്‍കൈ നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ ഇക്കുറി പാളിയെന്നാണ് വിലിരുത്തല്‍.
എന്‍.ഡി.എയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദയെ തെരഞ്ഞൈടുത്ത തീരുമാനം നരേന്ദ്രമോദിയുടെ അറ്റവിദ്യയാണ്. ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പസ്വാനും ഇങ്ങനെയാണ് പ്രതികരിച്ചത്. കോവിന്ദയെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ രണ്ടു കാര്യങ്ങളിലായിരുന്നു മുഖ്യമായും നരേന്ദ്ര മോദി കണ്ണിട്ടത്. ഒന്ന് ഒരു ദലിതനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കി പിന്തുണ നേടുക. പ്രതിപക്ഷം പിന്തുണച്ചില്ലെങ്കില്‍ ദലിത് വിരുദ്ധത അവരിലാരോപിക്കുക. 2019 ലെങ്കിലും ഭീഷണിയായേക്കാവുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസംഖ്യമെന്ന ശ്രമത്തില്‍ വിള്ളല്‍ വീഴ്ത്തുക. മറ്റൊന്ന് ബി.ജെ.പിക്കും പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ ശക്തമാണെന്ന് വരുത്തിതീര്‍ക്കുക. നിലവില്‍ ദലിതര്‍ക്കെതിരിലും മത ന്യൂനപക്ഷങ്ങള്‍ക്കെതിരിലും രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന ഭീതിജനകമായ പീഡനങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടുക.
എതിരില്ലാത്ത മത്സരത്തിന് പ്രതിപക്ഷം കളമൊഴിഞ്ഞു കൊടുക്കുമെന്ന ബി.ജെ.പിയുടെ വ്യാമോഹത്തിന് ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം കോണ്‍ഗ്രസ് വക്താവ് ഗുലാം നബി ആസാദിന്റെ പ്രതികരണത്തില്‍ തന്നെ ഇതു വ്യക്തമാക്കിയതാണ്. പ്രസിഡന്‍ഷ്യല്‍ ഇലക്ടറല്‍ കോളീജിയത്തില്‍ വോട്ട് കണക്കുനോക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഇടതു പക്ഷത്തിന്റെയും വോട്ടുകള്‍ നിര്‍ണ്ണായകം തന്നെയാണ്. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാതെ സമവായത്തിന് പ്രതിപക്ഷം സഹകരിച്ചിരുന്നില്ല. സി.പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി ചോദിച്ചപ്പോള്‍ ഒരു നല്ല സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പ്രതിപക്ഷവും ആലോചിക്കുന്നുണ്ടെന്നു തന്നെയായിരുന്നു പ്രതികരിച്ചത്. യെച്ചൂരിയുമായി നേരത്തെ സമയവായ ചര്‍ച്ചകള്‍ നടത്തിയ ബി.ജെ.പിക്ക് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷയും നഷ്ടപ്പെടുത്തുന്നതായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.
നിലവില്‍ ദലിതര്‍ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെന്ന നിലക്ക് ബി.ജെ.പിക്ക് ദലിതര്‍ക്കിടയില്‍ വേരോട്ടം ഉണ്ടാക്കാനും സാധിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഈ കണക്കുകൂട്ടലുകളൊന്നും വേണ്ടത്ര ഫലിക്കില്ലെന്നതാണ് കോണ്‍ഗ്രസ് നല്‍കുന്ന മുന്‍ അനുഭവം. പ്രണബ് മുഖര്‍ജിയെ പ്രസിഡണ്ടാക്കുന്നതോടെ ബംഗാളില്‍ നല്ല വേരോട്ടമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ എത്രകണ്ട് ഫലിച്ചു എന്നു നോക്കിയാല്‍ മതി. ഇക്കാലയളവില്‍ ബംഗാളിലെ കോണ്‍ഗ്രസിന് കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നത് സമീപകാല തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന വ്യക്തമായ ചിത്രമാണ്. 2004ല്‍ എ.പി.ജെ അബ്ദുല്‍ കലാമിനെ ബി.ജെ.പി പ്രസിഡണ്ടാക്കിയപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ പിന്തുണയും വിശ്വാസ്യതയും നേടിയെടുക്കാമെന്ന ബി.ജെ.പി മോഹങ്ങളും എന്തെങ്കിലും ഓളങ്ങള്‍ സൃഷ്ടിച്ചതായി തോന്നുന്നില്ല. സമീപ കാലത്ത് ബി.ജെ.പിക്കും മുസ്‌ലിംകള്‍ക്കുമിടയിലെ ബന്ധം വേട്ടക്കാരനും ഇരക്കുമിടയിലെ ബന്ധമായി മാറി. അതുകൊണ്ടു തന്നെ ഈ കണക്കുകൂട്ടലുകളുമായാണ് മത്സരത്തിനിറങ്ങുന്നതെങ്കില്‍ അതിന്റെ ഫലപ്രാപ്തി എത്രത്തോളമായിരിക്കുമെന്നത് ഇപ്പോഴേ മനസ്സിലാക്കാം. ദലിത് വോട്ടുകളെ ആകര്‍ഷിക്കാനുള്ള ബി.ജെ.പിയുടെ മുന്‍കാല ശ്രമങ്ങള്‍ക്കും കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന വസ്തുതയും നമുക്കു മുന്നിലുണ്ട്. ബി.ജെ.പി 2004 ല്‍ പയറ്റിത്തെളിയിച്ചൊരു തന്ത്രം വിസ്മരിക്കാനാവില്ല. എതിരാളികളുടെ വോട്ടുകള്‍ ആകര്‍ഷിക്കലായിരുന്നു അത്. എ.പിജെയെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി അവതരിപ്പിച്ചതോടെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. തൊണ്ണൂറ് ശതമാനം വോട്ടും എ.പി.ജെയിലേക്ക് കേന്ദ്രീകരിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്നു ക്യാപ്റ്റന്‍ ലക്ഷമി സെഹ്ഗാള്‍ എ.പി.ജെ അബ്ദുല്‍ കലാമിന് വെല്ലുവിളിയേ ആയിരുന്നില്ല.
ഇക്കുറി മത്സരം കടുക്കാന്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും കാരണമായി. മീരാകുമാര്‍ എന്ന ശക്തയായ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചതിലൂടെ എന്‍.ഡി.എയുടെ ഏകപക്ഷീയ തേരോട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു പിരിധി വരെ തടയിട്ടു. എന്തുകൊണ്ടാണ് മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ മികച്ച സ്ഥാനാര്‍ത്ഥിയാകുന്നതെന്ന ചോദ്യത്തിന് അവരുടെ പ്രവര്‍ത്തനശൈലിയും രാഷ്ട്രീയ പാരമ്പര്യവും തന്നെയാണ് ഉത്തരം.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം രാംനാഥ് കോവിന്ദയെ പിന്തുണക്കുമോയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ചോദിച്ചപ്പോള്‍ അവരുടെ പ്രതികരണം ‘ആരാണയാള്‍?, എനിക്കയാളെ അറിയില്ല’ എന്നായിരുന്നു. എന്നാല്‍ 2014 ല്‍ പ്രണബ് മുഖര്‍ജിയെ പിന്തുണക്കാതിരുന്ന മമതയോട് ജൂണ്‍ 22 ന് പ്രഖ്യാപിച്ച പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ‘ഞാനും എന്റെ പാര്‍ട്ടിയും അവരെ പിന്തുണക്കുന്നു, എനിക്കവരെ ഇഷടമാണ്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള വളരെ മാന്യയായ സ്ത്രീയണവര്‍’. എന്നായിരുന്നു. രാജ്യത്തിനും അവരിലുള്ള മതിപ്പ് അങ്ങനെത്തന്നെയാണ്. രാജ്യത്തിന്റെ ആദ്യ വനിതാ ലോക്‌സഭാ സ്പീക്കറായി 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സേവനമനുഷ്ഠിച്ചു. പട്ടു സാരി ഉടുത്ത് വരുന്ന ഒരു സ്‌കൂള്‍ ടീച്ചറെപോലെ സഭയിലെ അംഗങ്ങളെ പതിഞ്ഞ സ്വരത്തില്‍ ശാസിക്കുന്ന വളരെ മാന്യയായ ഒരു സ്ത്രീ. കര്‍ണ്ണാടകയിലെ മംഗളൂരില്‍ മുന്‍ ഉപ പ്രധാനമന്ത്രിയും ദലിത് നേതാവുമായിരുന്നു ജഗജീവന്‍ റാമിന്റെയും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഇന്ദ്രാണി ദേവിയുടെയും മകളായാണ് ജനിക്കുന്നത്.
ഡല്‍ഹി യൂണിവഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും എല്‍.എല്‍.ബിയും നേടുന്നത്. 2010ല്‍ ബാനാസ്തലി വിദ്യാപീഠത്തില്‍ നിന്ന് ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. 1975 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നതു മുതല്‍ നയതന്ത്ര പ്രതിനിധിയായി വിവിധ വിദേശ രാഷ്ട്രങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ ദലിത് രാഷ്ട്രീയത്തിലെ രണ്ട് അതി ശക്തരെ പരാജപ്പെടുത്തിയായിരുന്നു മീരാകുമാറിന്റെ രാഷ്ട്രീയ അരങ്ങേറ്റം. 1985 ല്‍ ഉത്തര്‍ പ്രദേശില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ പരാജയപ്പെടുത്തിയത് മായാവതിയേയും രാം വില്വാസ് പസ്വാനെയുമായിരുന്നു. 1996 ലെ ബി.ജെ.പി തരംഗത്തില്‍ കാലിടറിയെങ്കിലും 2004ല്‍ വന്‍ വിജയത്തോടെ തിരിച്ചുവന്നു.
നിയമജ്ഞയും നയതന്ത്രജ്ഞയുമാണവര്‍. അഞ്ച് തവണ ലോക്‌സഭയില്‍ അംഗമായിട്ടുണ്ട്. ഒന്നാം യു.പി.എ ഭരണത്തില്‍ സാമൂഹ്യനീതി വകുപ്പ് കാബിനറ്റ് മന്ത്രിയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ രാംനാഥ് കോവിന്ദക്കെതിരില്‍ മീര തന്നെയാണ് പ്രതിപക്ഷത്തിന് കണ്ടെത്താനാവുന്ന ഏറ്റവും മികച്ച എതിരാളി. പതിനേഴ് പാര്‍ട്ടികളുടെ പിന്തുണ നേടാനായതാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വക നല്‍കുന്ന പ്രധാനകാര്യം. 2019ലെ തെരഞ്ഞെടുപ്പിലേക്കുള്ള മഹാസംഖ്യത്തന് ഇപ്പോഴേ വിത്തിടാന്‍ സാധിച്ചാല്‍ അത് മറ്റൊരു വിജയമായും വിലയിരുത്തപ്പെടും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസടക്കമുള്ള മുഖ്യപ്രതിപക്ഷ പാര്‍ട്ടികള്‍ ഇതൊരു പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ കാര്യം മാത്രമായി കാണുന്നില്ല.
ബീഹാറിന്റെ ഗവര്‍ണ്ണറാണെന്നതാണ് കോവിന്ദയെ പിന്തുണക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ന്യായീകരണം. അതേസമയം ബീഹാറിലെ ജനങ്ങള്‍ തെരഞ്ഞെടുത്തൊരു സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷം അവതരിപ്പിച്ചതിലൂടെ നിതീഷ് കുമാര്‍ പ്രതിരോധത്തിലായി. ‘ബീഹാര്‍ കീ ബേഠി’ ബീഹാറിന്റെ മകള്‍ എന്നാണ് മീരാകുമാര്‍ വിശേഷിപ്പിക്കപ്പെട്ടത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നത് ചരിത്ര മണ്ടത്തരമായിരിക്കുമെന്നും അതില്‍ നിന്നും നിതീഷ് കുമാറിനെ താന്‍ പിന്തിരിപ്പിക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നെങ്കിലും നിലപാടു മാറ്റം ഇല്ലെന്നു തന്നെ നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു. 1985 ലെ തെരഞ്ഞെടുപ്പില്‍ മീരാകുമാര്‍ സമ്മാനിച്ച പരാജയത്തിന്റെ കയ്പു രസത്തില്‍ നിന്ന് ഇപ്പോഴും മുക്തമാവാത്തതാവാം നിതീഷിന്റെ തീരുമാനത്തിലെ സ്വകാര്യത.
പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജാതി ചര്‍ച്ചകള്‍ കടന്നു വരുന്നത് മത്സരത്തിന്റെ ശോഭ കെടുത്തും. ദലിതര്‍ തമ്മിലുള്ള പോരാട്ടമായാണ് മത്സരത്തെ ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍, ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിതെന്ന് പത്രിക സമര്‍പ്പണത്തിനു മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മീരാകുമാര്‍ വ്യക്തമാക്കിയിരുന്നു. ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാജ്യത്തെ ഏറ്റവും പരമോന്നത സ്ഥാനമെന്ന നിലയില്‍ മനഃസാക്ഷിക്ക് അനുസൃതമായി വോട്ടുചെയ്യാന്‍ അഭ്യര്‍ഥിച്ച് ഇലക്ടറല്‍ കൊളീജിയത്തിലെ എല്ലാ അംഗങ്ങള്‍ക്കും കത്തയക്കുകയും ചെയ്യുന്നുണ്ട്. സബര്‍മതി ആശ്രമത്തില്‍ നിന്നാണ് ഈ മാസം മുപ്പതിന് പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിക്കുക. ആശയപരമായ നിലപാടുകളില്‍ ഊന്നിയാണ് തന്നെ പിന്തുണക്കുന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം. ജനാധിപത്യമൂല്യങ്ങള്‍, എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സമഗ്രസമീപനം, സാമൂഹികനീതി, മാധ്യമസ്വാത്രന്ത്യം, സുതാര്യത, ദാരിദ്ര്യനിര്‍മാര്‍ജനം, ജാതിഘടന തകര്‍ക്കല്‍ തുടങ്ങി ഉന്നതമൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ആശയപരമായ ഈ യോജിപ്പ്. ഈ ആശയങ്ങളെല്ലാം തന്റെ ഹൃദയത്തോട് ചേര്‍ന്നതാണെന്നും അവര്‍ പറഞ്ഞിരുന്നു.
രണ്ട് ദലിതര്‍ തമ്മിലുള്ള മത്സരമായി വിശേഷിപ്പിക്കുന്നതില്‍ മീരാ കുമാറിന് ഒട്ടും താല്‍പര്യമില്ല. ഒരാളും അങ്ങനെ താല്‍പര്യപ്പെടുമെന്നും കരുതുന്നില്ല. ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പോരാട്ടം. മുമ്പ് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലൊന്നും ജാതി ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ദലിതര്‍ മത്സരിക്കുമ്പോള്‍ അവരുടെ ജാതിയാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. അവരുടെ മൂല്യങ്ങളും നിലപാടുകളുമെല്ലാം പിന്നാക്കം പോകുകയാണ്. അത് സമൂഹത്തിന്റെ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ലജ്ജാകരമായ അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടമാണ് മീരാകുമാറില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്. മനഃസാക്ഷി വോട്ട് ചെയ്യാനുള്ള അവരുടെ അഭ്യര്‍ഥന രാജ്യം ഏറ്റെടുക്കുമെന്നും അവര്‍ പ്രത്യാശിക്കുന്നുണ്ട്.
ഭരണ പാടവത്തിലോ രാഷ്ട്രീയാനുഭവങ്ങളിലോ മീരാകുമാറിനൊപ്പമെത്താന്‍ കോവിന്ദക്ക് സാധിക്കില്ലെന്നത് തീര്‍ച്ചയാണ്. എന്നാല്‍ അഞ്ചു സംസ്ഥാനങ്ങിലെ നിയമസഭാ തെരഞ്ഞെടുപ്പനന്തരമുള്ള സാഹചര്യത്തില്‍ പതിനഞ്ച് ലക്ഷത്തിലധികം വോട്ടുകളുള്ള ഇലക്ടറല്‍ കോളജില്‍ കേവല ഭൂരിപക്ഷത്തിലധികം നേടാന്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിക്ക് സാധിച്ചേക്കും. 5,49,442 വോട്ടുകള്‍ എന്‍.ഡി.എ അനുകൂലമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെയായാല്‍ ബി.ജെ.പിയുടെ ഇഷ്ടത്തെയായിരിക്കും റൈസിനാ ഹില്‍സിന് സ്വാഗതം ചെയ്യേണ്ടി വരിക.

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

Trending